കോളേജിൽ പഠിക്കുമ്പോൾ നിത്യയാത്ര പ്രൈവറ്റ് ബസ്സിലായിരുന്നു. ഞങ്ങളുടെ റൂട്ടിലോടുന്ന എല്ലാ ബസ്സിലെയും സൂപ്പർമാൻ 'കിളി' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ക്ലീനർ ആണ്. ആളുകളുടെ ഭാരം കാരണം ഒരുവശത്തേക്ക് ചെരിഞ്ഞ്, അകത്തേക്ക് കയറാൻ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെയാണ് ബസ്സുകൾ വരുക. ഈ ബസിൽ എന്തായാലും കയറാൻ പറ്റില്ല എന്നുറപ്പിച്ച് മനസ്സു മടുത്തു നിൽക്കുമ്പോഴാണ് ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ മോട്ടിവേഷണൽ സ്പീക്കറായി കിളി അവതരിക്കുക. ഒറ്റക്കൈ കൊണ്ട് വാതിലിന്റെ ഹാൻഡിലിൽ പിടിച്ച്, മറുകൈ നീട്ടി ഏതാണ്ട് 'ദിൽവാലെ ദുൽഹനിയാ ലെ ജായേങ്കെ'യിൽ ഷാരൂഖ് ഖാൻ കാജലിനെ ട്രെയിനിലേക്ക് വിളിക്കുന്ന പോസിൽ ഉള്ള വരവ് കാണുമ്പോൾതന്നെ നമുക്കൊരു ഉന്മേഷം തോന്നും. അതിനൊപ്പം ബസ്സിന്റെ ഒരു വശത്തു തട്ടി "വേഗാവട്ടെ, വേഗാവട്ടെ... ഒരു പത്താൾക്കുകൂടി കേറാലോ" എന്ന പറച്ചിലും, ചറപറാ വിസിലടിയും കൂടി സൃഷ്ടിക്കുന്ന ആ ഒരു അഡ്രിനാലിൻ കിക്കിന്റെ ആവേശത്തിൽ അറിയാതെ തന്നെ നമ്മൾ ബസ്സിലേക്ക് ചാടിക്കയറിപ്പോകും. ഇനി ബസ്സിലേക്ക് ചാടിക്കയറാൻ ആവതില്ലാത്ത ഏതെങ്കിലും അപ്പൂപ്പൻമാരും, അമ്മൂമ്മമാരും നിൽക്കുന്നുണ്ടെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപേ അവരെ പുഷ്‌പംപോലെ കോരി ബസ്സിന്റെ അകത്തിട്ടിരിക്കും. ഒരിക്കൽ മകന്റെയൊപ്പം പലചരക്ക് വാങ്ങാൻ വന്ന ഒരപ്പൂപ്പൻ, കടയിൽ തിരക്കായതുകൊണ്ട് ബസ്സ്റ്റോപ്പിലേക്ക് ഇറങ്ങിനിന്നതുകണ്ട് 'സ്റ്റോപ്പിൽ നിൽക്കും ജനമെല്ലാം നമ്മുടെതാകും പൈങ്കിളിയേ....' എന്ന പാട്ടുംപാടി അപ്പൂപ്പനെ എടുത്തകത്തിട്ട്, രണ്ടു സ്റ്റോപ്പ് അകലെ ഇറക്കി തിരിച്ചു പോരാനുള്ള ടിക്കറ്റ് കാശും കൊടുത്തുവിട്ട ചരിത്രവുമുണ്ട്. മകൻ പലചരക്കും വാങ്ങി അപ്പനെ കാണാതെ തിരിഞ്ഞു നോക്കുമ്പോളുണ്ട് അപ്പൻ എതിർദിശയിൽ ബസ്സിറങ്ങി 'എന്നാലും എന്റെ ഭാഗത്തും തെറ്റുണ്ട്. ബസ് വരുമ്പോൾ ഞാൻ മാറി നിൽക്കേണ്ടതായിരുന്നു' എന്ന ചിന്താഭാരവുമായി വരുന്നു.
Monday, 11 October 2021
Wednesday, 3 March 2021
മഴമരം പറഞ്ഞ കഥ
നിങ്ങൾക്ക് കഥകൾ കേൾക്കാനിഷ്ടമാണോ?
'കുഞ്ഞേടത്തി'യെപ്പോലെ മടിയിലിരുത്തീട്ടു മാറോട് ചേർത്തിട്ടു മണി മണി പോലെ, ആനേടെ മയിലിന്റെ ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥ പറയാനൊന്നും എനിക്കറിയില്ല. പക്ഷേ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ 'പച്ച' എന്ന ഗ്രാമത്തിൽ നടന്നൊരു കഥയുണ്ട്. അന്നാട്ടുകാരനായ സുഹൃത്ത് എന്നോട് പറഞ്ഞ ആ കഥ ഞാനിന്നു നിങ്ങളോടും പറയാം.
നമ്മൾ കേട്ടിട്ടുള്ള എല്ലാ കഥകളേയും പോലെ ഈ കഥയും തുടങ്ങുന്നത് പണ്ട് പണ്ട് പണ്ടാണ്. ഏതാണ്ടൊരു ഒന്നേകാൽ നൂറ്റാണ്ടു മുൻപ്, പച്ച എന്ന ഗ്രാമത്തിൽ ഒരു LP സ്കൂൾ സ്ഥാപിതമായി. അവിടെ കിന്നാരം ചൊല്ലി, കൂട്ടുകൂടി, കുറുമ്പുകാട്ടി ഒരുപാടു കുട്ടികൾ വന്നു. അവരുടെ കൊഞ്ചലുകളും, കുസൃതികളും കണ്ടുരസിച്ച്, പച്ചയും, പച്ചയിലെ സ്കൂളും, അവിടത്തെ ആളുകളും അങ്ങനെ കാലത്തിന്റെ ഒഴുക്കിൽ അലിഞ്ഞുചേർന്നു. ഒരിക്കൽ ആ നാടിനോടും, കുട്ടികളോടും കൂട്ടുകൂടാൻ ഒരാൾകൂടി വന്നു - കാറ്റിൽ പാറിയോ, മഴയിൽ ഒലിച്ചോ വന്ന ഒരു വിത്ത്. പച്ചയുടെ മണ്ണും, മഴത്തുള്ളികളും ചേർന്ന് ആ വിത്തിൽ ഒരു ജീവന്റെ തുടിപ്പുനൽകി. മാറിവന്ന ഋതുക്കൾ ആ കുഞ്ഞുജീവനെ മാനത്തോളം ഉയരമുള്ള ഒരു വൻമരമാക്കി. പച്ചിലകൾ തോരണം ചാർത്തി ആയിരം കൈകൾ വിടർത്തിനിൽക്കുന്ന ആ തണൽമരത്തെ എല്ലാവരും സ്നേഹത്തോടെ 'മഴമരം' എന്നുവിളിച്ചു. പിന്നെ ആ ചില്ലകളിൽ ചേക്കേറാൻ പാട്ടുകാരായ ഒരായിരം കിളികൾ വന്നു. അങ്ങനെ മഴമരം ഒരു കിളിവീടായി, ആ വീടുകളിൽ ഒരുപാട് കിളിക്കുഞ്ഞുങ്ങൾ പിറന്നു. അവരെ പേടിപ്പിക്കാൻ വെയിലും മഴയും, കാറ്റും വന്നു. പക്ഷേ പൊതിഞ്ഞുപിടിച്ച മഴമരത്തിന്റെ മുത്തശ്ശിച്ചൂടിൽ അവർ ശാന്തമായുറങ്ങി. ചിറകു മുളച്ചവർ പുതിയ ആകാശങ്ങൾ തേടിപ്പറന്നെങ്കിലും മഴമരത്തിൽ എന്നും പുതിയ അതിഥികൾ വന്നുകൊണ്ടേയിരുന്നു.
താഴെ ഭൂമിയിൽ ആ മഴമരത്തണലിൽ പച്ചയിലെ കുട്ടികൾ കണ്ണുപൊത്തിക്കളിച്ചു, മുതിർന്നവർ ആ ശീതളിമയിൽ ചൂടുള്ള ചർച്ചകൾ നടത്തി, ആരോരുമറിയാതെ ചില പ്രണയങ്ങൾ അവിടെ മൊട്ടിട്ടു, മറ്റു ചിലതു കരിഞ്ഞു, തെരുവിന്റെ മക്കൾ മഴമരത്തിന്റെ മടിയിൽ തല ചായ്ച്ചുറങ്ങി. പയ്യെപ്പയ്യെ മഴമരം, പച്ചയുടെ ആത്മാവായി. ഒരുപാടു വേനലുകൾ വന്നു, വസന്തങ്ങൾ വന്നു, ശിശിരങ്ങൾ വന്നു. പിന്നീടൊരിക്കൽ ആകാശം ഭ്രാന്തമായി പെയ്തു. ആ മഴപ്പെയ്ത്തിൽ നാടും, നഗരവും മുങ്ങി. അപ്പോഴും തന്റെ ചില്ലകളിൽ ചേക്കേറിയവരെ നെഞ്ചോട് ചേർത്തുകൊണ്ട് മഴമരം തലയുയർത്തി നിന്നു.
ഒരിക്കൽ ആ നാട്ടിൽ ഒരു രാജാവ് വന്നു - കിരീടവും ചെങ്കോലും ഇല്ലാതെ. പക്ഷേ ആ രാജാവിന്റെ നിലവറ നിറയെ പണമുണ്ടായിരുന്നു - ആരെയും വാങ്ങാൻ കെൽപ്പുള്ള പുത്തൻപണം. പച്ചയെ തന്റെ രാജധാനിയാക്കാൻ രാജാവ് തീരുമാനിച്ചു. ആദ്യമായി ഒരു കൊട്ടാരം പണിതു, മഴമരത്തിനോട് ചേർന്ന് വ്യാപാരസ്ഥാപനങ്ങളും പണിതു. മഴമരം ചിരിച്ചു; തണലിന്റെ കുടനിവർത്തി എല്ലാവർക്കും സ്വാഗതമേകി. രാജാവ് പരിവാരങ്ങളുമായി എഴുന്നള്ളുമ്പോൾ മഴമരത്തെ കണ്ടു. മരം ഇലകൾ പൊഴിച്ചത് രാജാവിനെ കോപിപ്പിച്ചു. കിളികളുടെ പാട്ട് രാജാവിന് അരോചകമായിത്തോന്നി. രാജാവ് കൽപ്പിച്ചു
"ഈ മരം അപകടമാണ്. അതിനാൽ മുറിച്ചുതള്ളുക"
രാജാവിന്റെ വിദൂഷകവൃന്ദം അതേറ്റുപാടി;
"രാജശാസനം കല്ലേപ്പിളർക്കും എന്നറിയില്ലേ? എത്രയും വേഗം കട ചേർത്തു വെട്ടിയരിയുക. പച്ചയിൽ ഈ മഴമരം ഇനി വേണ്ട".
മഴമരത്തിന്റെ കുറ്റങ്ങൾ പാണന്മാരെക്കൊണ്ട് നാടൊട്ടുക്ക് പാടിച്ചു. പാണന്റെ പാട്ടിൽ പച്ചക്കള്ളങ്ങൾ അർദ്ധസത്യങ്ങളായി, അർദ്ധസത്യങ്ങൾ പൂർണ്ണസത്യങ്ങളായി. പ്രജകളും പറഞ്ഞു - "ശരിയാണ് മഴമരം മുറിക്കാതെ വേറെ വഴിയില്ല". രാജശാസനം നടപ്പാക്കാൻ എഴുത്തുകുത്തുകളുമായി വിദൂഷകർ കച്ചകെട്ടിയിറങ്ങി.
പക്ഷേ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാൻ മഴമരത്തെ സ്നേഹിക്കുന്ന ബുദ്ധി നശിക്കാത്ത കുറച്ചു പ്രജകൾ മുന്നോട്ടുവന്നു. അതിൽ ആണും, പെണ്ണും, കുഞ്ഞുങ്ങളും, വൃദ്ധരും ഉണ്ടായിരുന്നു, അവർ പല ജാതിയിൽ പെട്ടവരായിരുന്നു, പല രാഷ്ട്രീയങ്ങളിൽ വിശ്വസിക്കുന്നവരായിരുന്നു; പക്ഷെ തങ്ങളുടെ ഓർമ്മകളിൽ തണൽ വിരിച്ച ആ മരത്തിന്റെ മരണം കാണാൻ ത്രാണിയില്ലാത്തവരായിരുന്നു. അവരൊരു കാലാൾപ്പടയായി രാജാവിന്റെ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു. മുട്ടാവുന്ന വാതിലുകളിൽ മുഴുവൻ മുട്ടിനോക്കി. മന്ത്രിയും, കളക്ടറും അടക്കമുള്ളവരുടെ പക്കൽ നിവേദനങ്ങളുമായി അവരെത്തി. അവരെ അധികാരികൾ അനുകമ്പയോടെ കേട്ടു. ഓരോ ദിവസവും മഴമരത്തിന്റെ ആയുസ്സു കൂട്ടി കിട്ടുന്നതിൽ അവർ അകംനിറഞ്ഞ് സന്തോഷിച്ചു.
പക്ഷേ രാജാവിന്റെ കൈകളുടെ നീളം കാലാൾപ്പടയുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. രാജാവ് നേരിട്ടിറങ്ങി, രാജാവിന് കൂട്ടായി പണം ഇറങ്ങി, അധികാരം ഇറങ്ങി, രാജാവിന്റെ പടയിൽ ആളുകൂടി. രാജാവിന്റെ പണത്തിന്റെയും, പകിട്ടിന്റെയും ശോഭയിൽ മയങ്ങിയവർ പലരും ചേരി മാറി. അപ്പോഴും മനസ്സിലെ നന്മയുടെ ചാലിൽ ഉറവ വറ്റാത്ത ചിലർ തോൽക്കുമെന്നുറപ്പായിട്ടും ആ മഴമരത്തെ തങ്ങളുടെ നെഞ്ചോട് ചേർത്തുപിടിച്ച് നിർത്താതെ പടപൊരുതി. ഒടുവിൽ ആ ദിവസം വന്നെത്തി; രാജാവിന്റെ പതിനെട്ട് അക്ഷൗഹിണിപ്പടയും ഒരുമിച്ച് പടക്കിറങ്ങി. അവർ തീർത്ത ചക്രവ്യൂഹം ഭേദിക്കാനാകാതെ ശേഷിച്ച കാലാൾപ്പടയും പരാജയം ഏറ്റുവാങ്ങി.
പിന്നീട് കുറ്റവിചാരണയായിരുന്നു. മഴമരം ചെയ്ത കുറ്റങ്ങൾ ന്യായാധിപർ അക്കമിട്ടുനിരത്തി - കിളികൾക്കു കൂടൊരുക്കി, ഭൂമിക്കു കുടയൊരുക്കി, മണ്ണിനു കവചമൊരുക്കി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തെറ്റുകുറ്റങ്ങൾ ആ തണലിൽ നിന്നുകൊണ്ട് തന്നെ അവർ പറഞ്ഞു. മഴമരം എല്ലാം കേട്ടു മൂകമായി നിന്നു. രാജാവിന്റെ ആരാച്ചാർ വാളുമായെത്തി. വാളിന്റെ മുരൾച്ച കേട്ട കിളികൾ കൂടുവിട്ട് എങ്ങോട്ടെന്നറിയാതെ പറന്നുപോയി. പാട്ടുനിലച്ച കിളിവീട്, മരണവീട് പോലായി. ഒടുവിൽ തലമുറകൾ നീണ്ട ഒരുപാടു കാഴ്ചകളുടെ കർമ്മസാക്ഷിയായി നിന്ന ആ മഴമരം കഴിഞ്ഞ ആഴ്ച ഞെട്ടറ്റ പുഷ്പംപോലെ തന്റെ അമ്മയുടെ മടിയിൽ മരിച്ചുവീണു. മകന്റെ മരണം കണ്ട ഭൂമി തലതല്ലിക്കരഞ്ഞു. തന്നെ ഇപ്പോഴും 'പച്ച' എന്നുവിളിക്കുന്ന നാട്ടുകാരെ ആ ഗ്രാമത്തിന്റെ ആത്മാവ് തെല്ലു പുച്ഛത്തോടെ നോക്കി.
![]() |
| പച്ചയുടെ മഴമരം |
![]() |
| അന്ത്യവിധിയും കാത്ത് |
![]() |
| മഴമരമില്ലാത്ത പച്ച '😢 |
സ്കൂൾ തുറക്കുമ്പോൾ പച്ച LP സ്കൂളിലെ കുട്ടികളോട് എന്താണ് നാം പറയുക? മഴമരത്തിനു ചുറ്റും ഓടിക്കളിച്ച ഓർമ്മകളെ നിങ്ങൾ ആഴത്തിൽ ഒരു കുഴിയെടുത്തു അതിൽ മൂടണമെന്നോ? അതോ 'മരം ഒരു വരം'എന്ന് പഠിപ്പിച്ചതെല്ലാം വെറും കള്ളമായിരുന്നുവെന്നോ? ഒരുപക്ഷെ അങ്ങനെയെല്ലാം വിശ്വസിക്കാൻ കഴിഞ്ഞാൽ അവർക്ക് സന്തോഷമായിരിക്കാം അല്ലേ?
അവർക്കതിനു കഴിഞ്ഞില്ലെങ്കിലോ?
അപ്പോൾ ആ കുട്ടികൾ നമ്മളെപ്പോലാകും. മഴമരം വീണപ്പോൾ നമ്മളാരും കരഞ്ഞില്ലല്ലോ; കാരണം നമ്മൾ അതിനുമുൻപേ മരിച്ചിരുന്നു. ഇനി നമുക്കൊന്നും ചെയ്യാനില്ല. വേണമെങ്കിൽ ഈ കുട്ടികളോട് നമ്മുടെ കുഴിമാടങ്ങളിൽ ഹൃദയഭാഗത്തായി ഒരു തൈ നടാൻ പറയാം. മരവിച്ചുപോയ നമ്മുടെ ഹൃദയങ്ങളിൽ വേരാഴ്ത്തി ആ തൈ ഒരു മരമായി വളരും, ആ മരങ്ങൾ ഒരിക്കൽ ഭ്രാന്തമായി പൂക്കും, അതിലെ ഓരോ പൂവിലും നമ്മുടെ പുഞ്ചിരി അവർ കാണും.
Saturday, 21 November 2020
വസന്തം ചെറിമരങ്ങളോട് ചെയ്തത്...

Wednesday, 28 October 2020
'വർക്ക് ഫ്രം ഹോം' അപാരതകൾ
വർക്ക് ഫ്രം ഹോമിന് പാര വെക്കുന്നത് പ്രധാനമായും രണ്ടു വില്ലൻമാരാണ്. ഒന്ന് ഇന്റർനെറ്റ് - അക്കാലത്ത് വീട്ടിൽ BSNL ന്റെ ഡയൽ-അപ്പ് മോഡമാണ്. ബാംഗ്ളൂരിൽ നിന്ന് ട്രെയിനിൽ കയറുമ്പോൾ നാട്ടിൽ ആരോടെങ്കിലും അത് കണക്റ്റ് ചെയ്യാൻ പറഞ്ഞാൽ ട്രെയിൻ നാട്ടിലെത്തുമ്പോഴേക്കും ഭാഗ്യമുണ്ടെങ്കിൽ കണക്ഷൻ കിട്ടും. ഇതെല്ലാം കഴിഞ്ഞ് ഒരുകണക്കിന് ജോലി തുടങ്ങുമ്പോളാകും വീട്ടിലെ വൈദ്യുതി 'ഒരു ചായ കുടിച്ചിട്ട് ദിപ്പ വരാം' എന്ന മട്ടിൽ ഒരു പോക്കുപോകുന്നത്. പിന്നെ മിക്കവാറും ചായ കുടിയും, ഉച്ചയൂണും കൂടി കഴിഞ്ഞാകും കക്ഷി തിരിച്ചെത്തുന്നത്. കാര്യം പണിയൊന്നുമില്ലാതെ ഈച്ച ആട്ടി ഇരിക്കുന്ന ദിവസമാണെങ്കിൽ പോലും കറന്റ് പോയാൽ പിന്നെ ടെൻഷനോട് ടെൻഷൻ തന്നെ. എന്റെ ടെൻഷൻ കണ്ട് സഹിക്കാനാകാതെ ഉള്ള വസ്തുവെല്ലാം വിറ്റ് ഒരു ഡീസൽ വൈദ്യുതി നിലയം തുടങ്ങിയാലോ എന്നുവരെ അക്കാലത്ത് വീട്ടുകാർ ആലോചിച്ചിരുന്നു.
'വർക്ക്' ചെയ്യാൻ നാട്ടിലെ 'ഹോം' എത്തിക്കഴിഞ്ഞാൽ, വീട്ടിലെ ഏറ്റവും സൗകര്യമുള്ള മുറി എനിക്കായി എല്ലാവരും ഒഴിഞ്ഞുതരും. പിന്നെ ജോലിയുടെ തളർച്ച മാറാൻ കൃത്യമായ ഇടവേളകളിൽ നാരങ്ങാവെള്ളം, ചായ, പലഹാരങ്ങൾ ഇത്യാദി വിഭവങ്ങൾ വന്നുകൊണ്ടേയിരിക്കും. ജോലി ചെയ്യാനിരിക്കുന്ന മുറിയിലേക്ക് ശബ്ദം വന്നാലോ എന്നുപേടിച്ച് വീട്ടിൽ ആരും ടി വി, റേഡിയോ എന്നിവ വെക്കില്ല. എന്തിനധികം പറയുന്നു ഒന്ന് തുമ്മാൻ തോന്നിയാൽവരെ അച്ഛനും അമ്മയുമെല്ലാം വീടിന്റെ പുറത്തേക്കോടും. അങ്ങനെ ആകെ ബഹുമാനത്തിന്റെ, പരിഗണനയുടെ ആ ഒരന്തരീക്ഷം ഏതാണ്ട് ഏഷ്യാനെറ്റ് അവാർഡിന് പോയ ലാലേട്ടന്റെ പോലെ പരമാവധി ആസ്വദിച്ച് നിർവൃതി കൊള്ളുന്നതായിരുന്നു ശീലം.
അങ്ങനെ ധൃതംഗപുളകിതനും, വിജൃംഭിതനും ആയി ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഈ കൊറോണ വന്നുപെട്ടതും, മെസ്സിയുടെ തൊഴിയേറ്റ ഫുട്ബോൾ പോലെ ഞങ്ങൾ ബാംഗ്ളൂരിൽ നിന്ന് നേരെ നാട്ടിൽ വന്നു ലാൻഡ് ചെയ്തതും. അതോടൊപ്പം ഒരുകാലത്ത് അമൂല്യമെന്നു കരുതിയ ഈ വർക്ക് ഫ്രം ഹോം സർക്കാരിന്റെ കിറ്റ് പോലെ എല്ലാ വീട്ടിലും എത്തുകയും ചെയ്തു. 'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും' എന്ന് പറയുന്നത് ഇക്കാര്യത്തിൽ അച്ചട്ടായി. വീട്ടിൽ ഭാര്യ, അമ്മ, അനിയൻ, ഞാൻ അങ്ങനെ നാലുപേർ ഒരേസമയം വർക്ക് ഫ്രം ഹോം. അതോടെ പണ്ടത്തെ രാജകീയ പരിഗണനക്ക് കുറച്ചു മങ്ങലേറ്റു. പതിയെപ്പതിയെ പണ്ടുണ്ടാക്കിവെച്ച ബിൽഡപ്പെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത് പോട്ടെ എന്നുവെച്ചു. "അല്ല നീ പണ്ട് പറഞ്ഞത് കമ്പനിയിലെ മിടുക്കന്മാർക്ക് മാത്രം കൊടുക്കുന്നതാണ് ഈ സൗകര്യം എന്നല്ലേ, ഒരു കൊറോണ വന്നപ്പോൾ എന്തുപെട്ടെന്നാ എല്ലാവരും മിടുക്കന്മാരായത് അല്ലേ.." എന്ന മോഡൽ ഗൂഗ്ലികൾ വീട്ടുകാരിൽ നിന്നു വന്നതോടെ പകച്ചുപോയി എന്റെ ബാല്യം. ഇപ്പോൾ സ്വന്തമായൊരു റൂം പോയിട്ട് സ്വന്തമായൊരു കസേര പോലും ഇല്ലാത്ത അവസ്ഥയാണ് വീട്ടിൽ. കിടപ്പുമുറിയിൽ നിന്ന് ഡ്രോയിങ് റൂമിലേക്കും, അവിടെ നിന്ന് സിറ്റ് ഔട്ടിലേക്കും കുടിയൊഴിക്കപ്പെട്ട ഞാൻ ലാപ്ടോപ്പും ചാർജറും ഹെഡ്സെറ്റുമായി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം ഒരു ഭ്രാന്തനെപ്പോലെ ഇരിക്കാനൊരിടം തേടി എന്നും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം കേന്ദ്രസർക്കാരിന്റെ പരസ്യംപോലെ എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയം...സോറി...വർക്ക് ഫ്രം ഹോം എന്നമട്ടിൽ വെറുമൊരു തലയിണയോ, ഒഴിഞ്ഞ കടലാസ് പെട്ടിയോ വരെ വർക്കിംഗ് ടേബിൾ ആക്കിക്കൊണ്ട് ആർക്കും തോൽപ്പിക്കാനാകാത്ത ചന്തുവിനെപ്പോലെ പോരാട്ടവും തുടരുന്നു. അല്ലെങ്കിലും, നിലക്കാത്ത പോരാട്ടങ്ങളാണല്ലോ ഓരോ തൊഴിലാളിയുടെയും ജീവിതം അല്ലേ?
അടിക്കുറിപ്പ്:-
'ഗോ കൊറോണ ഗോ' എന്നലറി വിളിച്ചുകൊണ്ട് ഈയിടെയായി പലപ്പോഴും ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ടെന്ന അപവാദത്തെ പൂർണ്ണമായും തള്ളിക്കളയുന്നു!
Sunday, 18 October 2020
ഓർമ്മകളുടെ യാത്രകൾ
Thursday, 27 August 2020
ലോക്‌ഡൗൺ കർഷകശ്രീ
Sunday, 9 August 2020
ഒട്ടക മസാല
നൊസ്റ്റാൾജിയയെ 'കടക്ക് പുറത്ത്' എന്നുപറഞ്ഞു മാറ്റി നിർത്തിയാലും, മൂന്നുനേരമുള്ള ഭക്ഷണം ആർക്കായാലും ഒരു പ്രശ്നം തന്നെയാണ്. ബാച്ചിലർ ആയി, ഭാഷ പോലും അറിയാത്ത ഒരു നാട്ടിൽ നിൽക്കേണ്ടി വരുകയാണെങ്കിൽ പ്രത്യേകിച്ചും. തുടർച്ചയായി ഹോട്ടലുകളിൽ നിന്ന് കഴിച്ച് നാവ് മരവിക്കുകയും, വയർ പണിമുടക്കുകയും ചെയ്തു തുടങ്ങുമ്പോഴാണ് വീട്ടിലായിരുന്നപ്പോൾ വേണ്ടെന്നു പറഞ്ഞ് തള്ളിക്കളയാറുള്ള കൂട്ടാനുകളും, ഉപ്പേരികളും, പലഹാരങ്ങളുമെല്ലാം എത്ര സ്വാദിഷ്ടമായിരുന്നു എന്ന ബൾബ് നമ്മുടെ തലയിൽ കത്തുക.
കഷ്ടിച്ച് ലാംബി സ്‌കൂട്ടർ ഓടിക്കാൻ പഠിച്ചുകഴിഞ്ഞാൽ, ഇനി പൾസർ എടുത്തു ഒരു റൌണ്ട് അടിക്കണം എന്നൊരു മോഹം നമുക്ക് തോന്നാറില്ലേ? ഏതാണ്ട് അതുപോലെ സഹമുറിയനായ ഒരാൾക്ക് ഒരാഗ്രഹം - ഒട്ടകഇറച്ചി ഒന്ന് കഴിച്ചുനോക്കണം; അതും വീട്ടിൽ പാചകം ചെയ്ത്. അക്കാലത്ത് (ഒരുപക്ഷേ ഇപ്പോഴും) ശിവാജി നഗർ എന്ന സ്ഥലത്ത് ഇറച്ചി വാങ്ങാൻ കിട്ടും. ആദ്യം കേട്ടപ്പോൾ അയ്യേ എന്ന് തോന്നിയെങ്കിലും, ഒരാളുടെ ആഗ്രഹമല്ലേ ശരിയാക്കാം എന്ന് ഞങ്ങളും സമ്മതിച്ചു. പുള്ളി പാചകത്തിൽ അൽപ്പം പുറകോട്ടായതുകൊണ്ട്, ഇറച്ചിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള പണം ചെലവാക്കിയാൽ മതി; പാചകം ഞങ്ങൾ ചെയ്യാമെന്നും ധാരണയായി.
അങ്ങനെ ആ ചരിത്രദിനം വന്നെത്തി. നമ്മുടെ കഥാനായകൻ ജോലി കഴിഞ്ഞു രാത്രി പത്തുമണിയോടെയാണ് റൂമിലെത്തുക. ഒരു കുളിയും കഴിഞ്ഞു, ടി വിയും കണ്ടു ഭക്ഷണം കഴിക്കുമ്പോഴേക്കും ഞങ്ങൾ മിക്കവാറും ഉറങ്ങാറാണ് പതിവ്. എന്നാൽ ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതപ്പെടേണ്ട ദിവസമായതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിനായി കാത്തിരുന്നു. ഒരു സ്പോൺസറോട് തോന്നുന്ന ആ 'പ്രത്യേക' സ്നേഹം എന്നും വേണമെങ്കിൽ പറയാം. എന്തായാലും നായകനെത്തി സ്നേഹത്തോടെ ഞങ്ങൾ ചോറും, ഒട്ടക മസാലയും വിളമ്പി. രുചിച്ചുനോക്കിയതിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണങ്ങളും, ഞങ്ങളുടെ മറുപടികളും ഏകദേശം ഇപ്രകാരമായിരുന്നു.
"നീ ഇത്ര ചെറിയ ഒരാഗ്രഹം പറഞ്ഞിട്ട് അത് നടത്തിത്തന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ കൂട്ടുകാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം?"
**********************************************************************************
"പക്ഷെ പ്രഭോ ഇതൊന്നും ആരും അറിയുന്നില്ലെങ്കിൽ പിന്നെന്താ കാര്യം?"
"ഡോണ്ട് വറി. ഒരുപാടു വർഷങ്ങൾക്കുശേഷം ഈ ചതിക്കു കൂട്ടുനിന്നവരിൽ ഒരാൾ നിന്റെ വീരചരിതം ബ്ലോഗിൽ രേഖപ്പെടുത്തും ✋✋✋"
(ഇനി വേണമെങ്കിൽ പോസ്റ്റിന്റെ അവസാനഭാഗത്തുള്ള, നായകൻറെ ആ ഡയലോഗുകൾ ഒന്നുകൂടി വായിച്ചു നോക്കാവുന്നതാണ് 😉)
Tuesday, 28 April 2020
നഷ്ടപ്പെട്ടുപോകുന്ന ആകാശങ്ങൾ
ലോക്ക്ഡൌൺ കാലത്തു കേട്ട ഒരു നല്ലവാർത്ത ലോകത്തെ ഏറ്റവുമധികം വായുമലിനീകരണം ഉള്ള നഗരം എന്ന് കുപ്രസിദ്ധി നേടിയ ഡൽഹിയുടെ ആകാശം എത്രയോ കാലങ്ങൾക്കുശേഷം ഒന്ന് തെളിഞ്ഞുകണ്ടു എന്നതാണ്. ഇത് വായിച്ചപ്പോൾ ഞാൻ എപ്പോഴാണ് തെളിഞ്ഞുനിൽക്കുന്ന ആകാശത്തെ അവസാനം കണ്ടതെന്ന് വെറുതെ ഒന്നാലോചിച്ചുനോക്കി. ടീവിയുടെയും, ലാപ്ടോപ്പിന്റെയും, മൊബൈലിന്റേയുമെല്ലാം ഇത്തിരിവട്ടങ്ങളിൽ ഒതുങ്ങിപ്പോയതിനുശേഷം ആകാശത്തെ മാത്രമല്ല മഴയെയും, നക്ഷത്രങ്ങളേയും ഒന്നും കണ്ട നാളുകൾ ഓർത്തെടുക്കാനാകുന്നില്ല.
ബാംഗ്ളൂരിൽ (ഒരുപക്ഷേ ഒരു നഗരത്തിലും) ആകാശം എന്നൊന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ആകെ ഉള്ളത് ഒരുപാട് ചുമരുകളാണ്. വീടിനകത്തെ നാലു ചുമരുകൾക്കുള്ളിൽ നമ്മുടെ സന്തോഷങ്ങളെയും, സങ്കടങ്ങളെയും, ആഗ്രഹങ്ങളെയും, പ്രതീക്ഷകളെയും, നിരാശകളേയും കെട്ടിയിടുന്നു. ഒന്നാഞ്ഞു കൈയെത്തിച്ചാൽ തൊടാവുന്ന അകലമേ കാണൂ അടുത്ത കെട്ടിടത്തിലേക്ക്. ആ കെട്ടിടങ്ങളുടെ പുറംചുമരുകൾക്കിടയിലെ ഇത്തിരി അകലത്തിലൂടെയാണ് മഴയും, മഞ്ഞും, സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഞങ്ങളുടെ വീടുകളിൽ വിരുന്നെത്തുന്നതും, കണ്ടു കൊതിതീരും മുൻപേ യാത്ര പറഞ്ഞുപോകുന്നതും.
ചെന്നൈയിൽ ജീവിച്ചിരുന്നപ്പോൾ, കണ്ണുകളിൽ നിന്ന് വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന ഉറക്കത്തെ നിർദാക്ഷിണ്യം ഓടിച്ച് അതിരാവിലെതന്നെ വിളിച്ചുണർത്തുന്ന ചങ്ങാതിയായിരുന്നു സൂര്യൻ. അതുകൊണ്ടുതന്നെ സൂര്യനെ മറയ്ക്കുന്ന കറുത്ത മഴക്കാറുകളെ ഇത്രകണ്ട് സ്നേഹിച്ച ഒരു കാലമുണ്ടായിട്ടില്ല ജീവിതത്തിൽ. അവിടത്തെ ജീവിതത്തിലെ ആദ്യ ദീപാവലിപ്പിറ്റേന്ന് ഉറക്കത്തിൽനിന്നു പുലരിയിലേക്ക് കൺതുറന്നപ്പോൾ പുതിയൊരു ആകാശമാണ് വരവേൽക്കുന്നത് എന്നുതോന്നിപ്പോയി. അതിതീക്ഷ്ണമായ പ്രകാശം വെളിച്ചത്തിന്റെ ധാരാളിത്തം നിറക്കാറുള്ള എന്റെ മുറിയിൽ അന്ന് 'പണ്ടത്തെ ബാംഗ്ളൂരിലെ' മഞ്ഞുകാല പുലരികളെ ഓർമ്മിപ്പിച്ചുകൊണ്ട് ജനൽച്ചില്ലിലൂടെ വെളിച്ചം ഒളിച്ചുകളിക്കുന്നു. മുറിക്കുള്ളിൽ ചൂടിന് വലിയ കുറവില്ലെങ്കിലും പുറംകാഴ്ചകൾ അവ്യക്തമാക്കുംവിധം മൂടൽമഞ്ഞു തങ്ങിനിൽക്കുന്നു. കാണുന്നത് സ്വപ്നമല്ലല്ലോ എന്ന് സ്വയം ചോദിച്ചുകൊണ്ട്
അമ്പരപ്പോടെ വാതിൽ തുറന്നൊന്നു പുറത്തിറങ്ങി. മണ്ണിലിറങ്ങിയ മേഘമോ, മൂടൽമഞ്ഞോ തീർത്ത വികൃതിയല്ല ഇതെന്ന് മൂക്കിനെ എരിച്ചുകൊണ്ടു ശ്വാസകോശത്തിലേക്ക് കയറിയ വെടിമരുന്നുകളുടെ ഗന്ധം ഓർമ്മിപ്പിച്ചു. ദീപാവലി ആഘോഷിക്കാൻ തലേരാത്രി പൊട്ടിച്ചുതീർത്തതിന്റെയെല്ലാം പുക കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻകഴിയാതെ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നതാണ്. അതായത് വലിയൊരാകാശത്തിനു കീഴിൽ നമ്മൾ തീർത്ത അഹങ്കാരത്തിന്റെ മറ്റൊരാകാശം കൂടി.
കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തിൽ പോകുമ്പോളെല്ലാം കുടജാദ്രിയിലും കൂടി പോകുക എന്നൊരു പതിവുണ്ട്. കൊല്ലൂരിൽനിന്ന് ഏതാനും കിലോമീറ്ററുകൾ നീളുന്ന ഒരു ജീപ്പ് യാത്രവേണം കുടജാദ്രിയിലെത്താൻ. പാറയും പൊടിമണ്ണും നിറഞ്ഞ വഴിയിലൂടെ ശരീരത്തിലെ എല്ലാ സന്ധികളും ഇളക്കിവിടുന്ന ആ യാത്ര അവസാനിക്കുന്ന ഇടത്തുനിന്നും സർവജ്ഞപീഠത്തിലേക്ക് കാൽനടയായിമാത്രം നടന്നുകയറാവുന്ന ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം വരുന്ന ഒരു കയറ്റമുണ്ട്. നടപ്പാതയുടെ ഒരുവശം കൊക്കയാണെങ്കിലും സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതിനാൽ മലകളെ പിരിയാൻ മടിച്ചുനിൽക്കയാണോ എന്ന് തോന്നുംവിധം വെളുത്ത പുകപോലെ മഞ്ഞ് എപ്പോഴും അവിടെയെല്ലാം തങ്ങിനിൽക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ കൊക്കയുടെ ഭീകരതയൊന്നും ഒരിക്കലും അനുഭവപ്പെടാറില്ല. മറിച്ച് മുന്നോട്ടുവെക്കുന്ന ഓരോ പടിയിലും ഒരു പുതിയ ഊർജ്ജമാണ് തോന്നാറുള്ളത്. ചാറ്റൽമഴയുടെ അകമ്പടിയോടെ അത്തരമൊരു സർവജ്ഞപീഠം യാത്രയിലാണ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ചുറ്റും മൂടൽമഞ്ഞ് (അതോ മേഘം തന്നെയോ) പരന്നത്. കുട്ടികൾ, ചെറുപ്പക്കാർ, ഒരു സഹായത്തിന് ഊന്നുവടി കുത്തിയവർ, കാഷായവസ്ത്രധാരികൾ അങ്ങനെ മുന്നിലും പിന്നിലുമായി ഒരുപാടുപേർ നടന്നിരുന്ന ആ നീണ്ട വഴിയിൽ ഒരു നിമിഷാർദ്ധം കൊണ്ട് തൊട്ടുമുന്നിൽ നടന്നിരുന്ന ആളെപ്പോലും കാണാനാകാത്ത അവസ്ഥയായി. സ്വപ്നത്തിൽ നിന്നു കേൾക്കുന്നപോലെ അവിടവിടെ കേൾക്കുന്ന കുട്ടികളുടെ ശബ്ദവും, കാറ്റിന്റെ ചൂളംവിളിയും മാത്രം കൂട്ടിനുവന്നു. മുന്നോട്ടുപോകണോ, തിരിച്ചിറങ്ങണോ എന്നറിയില്ല, കാലൊന്നു തെറ്റിയാലോ, കയറുകയോ, ഇറങ്ങുകയോ ചെയ്യാൻ ശ്രമിക്കുന്ന ആരെങ്കിലും ശരീരത്തിൽ അറിയാതെ തട്ടിയാലോ ഒരുപക്ഷേ കൊക്കയിലേക്ക്. ശരിക്കും ജീവന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നൂൽപ്പാലത്തിൽ നിൽക്കുന്ന അവസ്ഥ. അതേസമയംതന്നെ ലോകത്തെ ഏറ്റവും നനുത്ത, ഏറ്റവും നിർമലമായ തണുത്ത വായുവിൽ ശരീരം അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നപോലൊരു തോന്നൽ. ആകാശം ഭൂമിയിലിറങ്ങി വന്നതാണോ അതോ ഒരു അപ്പൂപ്പൻതാടി പോലെ പൊങ്ങിപ്പൊങ്ങി എല്ലാവരും ആകാശത്തെത്തിയോ എന്നുപോലും തോന്നിപ്പോയി. എന്തായാലും അധികം വൈകാതെ തന്നെ ആകാശം തെളിഞ്ഞു. മഞ്ഞിന്റെ മറനീക്കി മെല്ലെമെല്ലെ നീലാകാശം കണ്ണിനുമുന്നിൽ തെളിഞ്ഞുവരുന്ന ഒരു കാഴ്ചയുണ്ട് - പിറന്നുവീണ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നമ്മൾ നോക്കിനിന്നുപോകുന്ന ആ കാഴ്ചയുടെ ഭംഗി എഴുതി ഫലിപ്പിക്കാൻ എനിക്ക് സാധിക്കില്ല. പക്ഷേ, ഇനിയൊരിക്കൽകൂടി ജീവിതത്തിൽ വന്നുചേർന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഇത് തീർച്ചയായും ഉണ്ടാകുമെന്നുറപ്പ്.
ഒരു പുഴയിലും നമ്മൾ രണ്ടുതവണ ഇറങ്ങുന്നില്ല എന്ന് പറയാറുണ്ട്; കാരണം പുഴ ഒഴുകിക്കൊണ്ടേ ഇരിക്കുകയാണല്ലോ. അതുപോലെ ഒരാകാശവും ഒരുപക്ഷെ നമ്മൾ രണ്ടുതവണ കാണുന്നുണ്ടാകില്ല. സത്യത്തിൽ നമ്മുടെ ആകാശങ്ങളെ നമ്മൾതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ലോക്ക്ഡൌൺ കാലം വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രകൃതിയുടെ ഒരു തിരിച്ചുപോക്കുകൂടിയാണ്. അതുകൊണ്ട് മനഃപൂർവം സമയമുണ്ടാക്കി ആകാശവും, നക്ഷത്രവും, സൂര്യോദയവുമൊക്കെ വെറുതെ ഒന്ന് കാണുക. വേറൊന്നിനുമല്ല എത്ര നല്ല കാഴ്ചകൾ നമുക്ക് നഷ്ടപ്പെട്ടുപോകുന്നുണ്ട് എന്ന് തിരിച്ചറിയാൻവേണ്ടി....
പിന്നെ..... നേട്ടങ്ങൾ വെട്ടിപ്പിടിക്കാനായി ഓടുന്ന ചലിക്കുന്ന യന്ത്രങ്ങൾ മാത്രമല്ല, ജീവനുള്ള മനുഷ്യർ കൂടിയാണ് നമ്മൾ എന്ന് നമ്മളെത്തന്നെ ഒന്നോർമ്മിപ്പിക്കാൻ വേണ്ടി....
Wednesday, 22 April 2020
അൽ പെണ്ണുകാണൽ...അൽ പോസ്റ്റിടൽ (ഒരു ബ്ലോഗ്ഗറുടെ ധർമ്മസങ്കടക്കഥ)
ബ്രേക്കിംഗ് ന്യൂസ്: മലയാളത്തിലെ ഒരു പ്രമുഖ ബ്ലോഗറുടെ വീട്ടിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ വഴിയോരകാഴ്ചകൾ എക്സ്ക്ലൂസീവായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ ബ്ലോഗ്ഗർ ആര്, ഈ സംഭാഷണ സമയത്ത് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചിരുന്നോ എന്ന കാര്യങ്ങൾ വിശദമായി അന്വേഷിച്ചറിയാൻ സർക്കാർ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
പോസ്റ്റ് ഓഫ് ദി ഡേ - സീസൺ ത്രീയിൽ പങ്കെടുക്കാം എന്ന് സമ്മതിച്ചതാണെങ്കിലും അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ എനിക്ക് പങ്കെടുക്കാൻ സാധിക്കുകയില്ല എന്ന് ദുഖത്തോടെ അറിയിക്കുന്നു. മറ്റൊരവസരത്തിൽ കാണും വരെ ചെറിയ ഒരു ഇടവേള എടുക്കുന്നു.
*******************************************************************************************
"എന്താ ഇപ്പൊ ഇങ്ങനെയൊരു മെസ്സേജ് അയക്കാൻ പോണേ?"
ഭാര്യയുടേതാണ് ചോദ്യം.
"അല്ല ഒരു മൂഡ് കിട്ടിയില്ല എഴുതാൻ. അതാ..."
"എന്തായിരുന്നു വിഷയം?"
"ഓ... ഒന്നുമില്ല. അതൊക്കെ ഇനി പറഞ്ഞിട്ടെന്തിനാ? "
"എന്നാലും പറയെന്നേ..."
"പെണ്ണുകാണൽ.."
"..........." (മൗനം)
"എന്തേ മിണ്ടാതായത്..."
"ഓഹോ വെറുതെയല്ല മൂഡ് വരാഞ്ഞത്... ഇപ്പൊ എല്ലാം മനസ്സിലായി"
"എന്ത് മനസ്സിലായെന്ന്?"
"വല്ല പഴയ പൊളിഞ്ഞ പ്രേമകഥയെപ്പറ്റി ആണെങ്കിൽ ആദ്യം തന്നെ ചാടിപ്പിടിച്ച് എഴുതിയേനെ..."
"എന്റെ പൊന്നോ എന്തൊക്കെയാണ് ഈ പറഞ്ഞു വരുന്നത്...?"
"ഇനി പൊന്നൂ, ചക്കരെ എന്നൊന്നും വിളിക്കണ്ട. ഇതൊക്കെ ഞാൻ കുറെ കാലമായിട്ട് കാണുന്നതാ..."
"അല്ല അത് പിന്നെ ഞാൻ.....മാത്രമല്ല...അവരും കൂടെ ഉണ്ടായിരുന്നു"
"എന്ത്?..."
"ഒന്നുമില്ല... ഞാൻ വെറുതെ എന്തോ പറഞ്ഞുപോയതാ.."
"വിഷയം മാറ്റാൻ പണ്ടേ മിടുക്കനാണല്ലോ...."
"അല്ല ഇതൊക്കെ പറയാൻ മാത്രം എന്തുണ്ടായി?"
"ഒന്നും പറയണ്ട... എന്നെപ്പറ്റി നല്ല വാക്ക് എഴുതാൻ മടി. അതങ്ങു തുറന്നു സമ്മതിച്ചാമതി. ശരി ഞാനിനി ഒന്നും ചോദിക്കുന്നില്ല... ഇങ്ങട് വാടാ ചെക്കാ ഒരു കാര്യം എത്രതവണ പറയണം നിന്നോട്....."
(അടികിട്ടിയ പുത്രന്റെ കരച്ചിൽ പശ്ചാത്തലത്തിൽ)
"അല്ല എന്താ ഇപ്പൊ നിന്റെ പ്രശ്നം?"
"എനിക്കൊരു പ്രശ്നവുമില്ല.. ഭാവന വരാത്തതുകൊണ്ട് എഴുതാൻ പറ്റാത്ത പ്രശ്നമൊക്കെ വേറെ ചിലർക്കല്ലേ..."
"അയ്യോ ഏതുനേരത്താണോ സുധിക്കും, ദിവ്യക്കും ഈ വിഷയം തെരഞ്ഞെടുക്കാൻ തോന്നിയത്...."
"ഓഹോ ഇപ്പൊ അവരുടെ കുഴപ്പമായി അല്ലേ.."
"ശരി ശരി ഇപ്പൊ എന്താ വേണ്ടത്? നിന്നെ പെണ്ണുകണ്ടതിനെപ്പറ്റി എഴുതണം അത്രയല്ലേ വേണ്ടൂ?"
"എനിക്കുവേണ്ടി ആരും ഒന്നും എഴുതണ്ട..."
"ശരി ആർക്കുംവേണ്ടിയല്ല എനിക്കുവേണ്ടി എഴുതാമല്ലോ..."
"....." (മൗനം)
"ഇതൊന്നു വായിച്ചു നോക്കൂ. തുടക്കം ഇങ്ങനെ ആയാലോ?
"ഓ വേണ്ട... എഴുതണില്ല എന്നുപറഞ്ഞ ആളല്ലേ...."
"എന്നാൽ ഞാനതൊന്നു വായിക്കാം. കേട്ടിട്ട് എങ്ങനെ ഉണ്ടെന്നു പറ
വാതിലിന്റെ പിന്നിൽ പാതിമറഞ്ഞ് ഒളികണ്ണാലെ എന്നെ നോക്കിയ ആ പച്ചച്ചുരിദാറിട്ട പെൺകുട്ടിയുടെ വിടർന്ന കണ്ണുകളിൽ ഒരായുസ്സു മുഴുവൻ കുടിച്ചുവറ്റിച്ചാലും തീരാത്ത സ്നേഹം അലയടിക്കുന്നതായി എനിക്കു തോന്നി...
ഇങ്ങനെ തുടങ്ങിയാലോ എന്നാ ആലോചന.... കൊള്ളാമോ?"
"ഇത് കൊഞ്ചം ഓവർ അല്ലെ? എന്നാലും ഞാൻ അന്ന് പച്ചച്ചുരിദാർ ആണ് ഇട്ടത് എന്നൊക്കെ ഇപ്പോഴും ഓർമ്മയുണ്ടല്ലേ?"
"പിന്നെ അതൊക്കെ മറക്കാൻ പറ്റുമോ?"
"വേറെന്തൊക്കെ ഓർമ്മയുണ്ട്? കേൾക്കട്ടെ"
"അന്നുതന്നെ ഓറഞ്ച് ജ്യൂസിൽ മധുരം കുറവായിരുന്നു. പിന്നെ പഴംപൊരി വല്ലാതെ തണുത്തുപോയി...പിന്നെ..."
"മതി മതി തൃപ്തിയായി..."
"ഞാനൊരു തമാശ അടിക്കാൻ നോക്കിയതല്ലേ. സീരിയസ് ആയി പറഞ്ഞാൽ ആ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികൾ ഓർമ്മയുണ്ട്, സ്കൂളിൽ പഠിക്കുമ്പോൾ കലാപ്രതിഭ ആയിട്ടുണ്ട് എന്നുപറഞ്ഞത് ഓർമ്മയുണ്ട്, പാട്ടു പാടുമെന്ന് പറഞ്ഞത് ഓർമ്മയുണ്ട്, രണ്ടു ദിവസം ലീവ് കിട്ടിയാൽ അപ്പൊ നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞത് ഓർമ്മയുണ്ട്.. അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ..."
"ശോ.. ഇത്രയും ഓർമ്മയുണ്ടായിട്ടാണ് ഇതൊന്നും എഴുതാത്തത് അല്ലേ..."
"അതുപിന്നെ നീയിങ്ങനെ അടുത്തിന്നിരുന്നാലല്ലേ എന്റെ ഭാവന വിടരൂ.... "
"കാര്യം നുണയാണെങ്കിലും കേൾക്കാൻ നല്ല രസം"
"നുണയോ.. കളരി പരമ്പര ദൈവങ്ങളാണേ, ലോകനാർക്കാവിലമ്മയാണേ...."
"മതി മതി ഓവർ ആക്കണ്ട.. വല്ലതും എഴുതി പോസ്റ്റ് ചെയ്യാൻ നോക്ക്. എന്തായാലും ഇത്രയൊക്കെ സുഖിപ്പിച്ചതിനു നാളെ ഞാനൊരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കി തരുന്നുണ്ട്. റെസിപ്പി ഒക്കെ നോക്കിവെച്ചിട്ടുണ്ട്"
"ബിരിയാണി എങ്ങാനും ആണോ?"
"ഏയ് ഇത് അതുക്കും മേലെ.."
"അതെന്താ?....സസ്പെൻസ് ഇടാതെ പറ പറ പറ.. ഡാൽഗോണ കാപ്പി? "
"അല്ല..."
"എന്നാൽ ഞാൻ തോറ്റു"
"ചക്കക്കുരു കട്ട്ലറ്റ്"
"എന്റെ 'വായു'ഭഗവാനേ........"
# Blog_Post_of_the_day
#Season_3
#പെണ്ണുകാണൽ









