Thursday 5 May 2016

സഹോദരിക്ക് ഒരു അശ്രുപൂജ...


"പേടിച്ചരണ്ട നിൻ കണ്ണുകൾ രാപ്പകൽ
തേടുന്നതാരെയെന്നറിവൂ ഞാൻ:
മാരനെയല്ല മണാളനെയല്ല, നിൻ
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവൻ
കുതികുതിച്ചെത്തുന്നതെന്നാവോ !"
(ഒ.എൻ.വി.യുടെ കോതമ്പുമണികളിൽ നിന്ന്) 

ഒരുപാടു വർഷങ്ങൾക്കു മുൻപ് മഹാകവി എഴുതിയ ഈ വരികൾ ഇപ്പോൾ ഓർക്കാൻ കാരണം പെരുമ്പാവൂരിലെ ജിഷ  എന്ന സഹോദരിക്കുണ്ടായ ദാരുണമായ മരണത്തിന്റെ വാർത്തയാണ്.

ഒരു മനുഷ്യനു സഹിക്കാവുന്നതിൽ എത്രയോ അധികം വേദന തിന്നു  ഈ ലോകത്തോട്‌ എന്നെന്നേക്കുമായി വിട പറഞ്ഞു പോയ പ്രിയപ്പെട്ട സഹോദരീ, നിന്നോടു മാപ്പു ചോദിക്കാൻ  വേണ്ടി പോലും, അപമാനഭാരത്താൽ കുനിഞ്ഞ ഈ ശിരസ്സ്  ഉയർത്താൻ തോന്നുന്നില്ല. രാഷ്ട്രീയ നപുംസകങ്ങൾ നിന്റെ ചോരയുടെ അവകാശത്തിനു വേണ്ടി ചെന്നായ്ക്കളെപ്പോലെ കടി കൂടുന്നതും കണ്ടു ഞങ്ങൾ രസിക്കുകയാണ്. വാർത്താ ചാനലുകളിലെ ചൂടേറിയ ചർച്ചകളിൽ വിദഗ്ദ്ധന്മാർ തങ്ങളുടെ അഭിപ്രായങ്ങൾ തട്ടി മൂളിക്കുമ്പോൾ ഞങ്ങളുടെ സ്വീകരണമുറിയുടെ ആർഭാടങ്ങളിൽ ഫാനിന്റേയൊ എ സി യുടെയോ ശീതളിമയിൽ നനുത്ത സോഫയുടെ സുഖത്തിൽ ഞങ്ങൾ ഒന്നുകൂടെ ചുരുണ്ടു കൂടട്ടെ - മനുഷ്യത്വത്തിന്റെ പട്ടടയുടെ ചാരത്തിൽ കിടക്കുന്ന ഒരു ശുനകനെപ്പോലെ.

 നിന്റെ മരണത്തിന് ആരാണ് ഉത്തരവാദി? രേഖാചിത്രത്തിന്റെ സഹായത്തോടെ പോലീസ് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന 'ആ ഒരാൾ' മാത്രമാണോ? അല്ല ഒരിക്കലുമല്ല; പുരുഷനെന്നു അഭിമാനിക്കുന്ന ഞങ്ങൾ ഓരോരുത്തരുമാണ്. സ്വന്തം വസ്ത്രത്തിൽ ഒരു ക്യാമറയുമായി ജീവിക്കേണ്ട ദുരവസ്ഥയിലേക്ക് നിന്നെ തള്ളിയിട്ട ഞങ്ങളാണ് യഥാർത്ഥ കൊലപാതകികൾ. സൂര്യനു കീഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തിരക്കിൽ ഞങ്ങളോർത്തില്ല സഹോദരീ നിനക്ക് ആത്മരക്ഷക്കു കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടു പോലും ഇല്ലെന്ന്. അല്ലെങ്കിലും വിപണിയിൽ പുതുതായി ഇറങ്ങിയ സ്മാർട്ട് ഫോൺ എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള ഓട്ടത്തിനിടയിൽ ഞങ്ങൾക്ക് ഇതൊക്കെ കാണാൻ എവിടെ നേരം? 'കേരളം ഒരു ഭ്രാന്താലയമാണെ'ന്ന സ്വാമി വിവേകാനന്ദന്റെ നിരീക്ഷണത്തെ കാലോചിതമായി പരിഷ്കരിച്ചാൽ 'കേരളം ഒരു കാമഭ്രാന്താലയമാണെ'ന്നു പറയേണ്ടിവരുന്ന അവസ്ഥയിലാണ് ഇന്നു നമ്മുടെ നാട്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധകൾ വരെ ദിവസേന എന്ന കണക്കിലാണ് പുരുഷന്റെ വീരസ്യത്തിന്റെ ഇരയാകുന്നത്.

പരസ്യമായി ചുംബിക്കാനുള്ള അവകാശത്തിനും, അതിരുകളില്ലാത്ത ലൈംഗിക സ്വാതന്ത്ര്യത്തിനും, നാളെ ഒരുപക്ഷേ നഗ്നരായി റോഡിലൂടെ നടക്കാനുള്ള അവകാശത്തിനു വേണ്ടിയുമൊക്കെ ഞങ്ങൾ സമരങ്ങളും, ജാഥകളും നടത്തുമായിരിക്കും; പക്ഷേ നിന്നെപ്പോലെ ഒരു സഹോദരിയുടെ മാനത്തിനു വേണ്ടി ഞങ്ങൾ തെരുവിലിറങ്ങാറില്ല എന്നു നിനക്കു നന്നായി അറിയാമല്ലോ. പരമാവധി ഞങ്ങളെക്കൊണ്ട് സാധിക്കുന്നത്, ഒരിറ്റു കനിവിനും അർഹിക്കുന്ന നീതിക്കും വേണ്ടി എല്ലാവരുടെയും മുൻപിൽ കൈ നീട്ടി കരഞ്ഞു തളർന്നു ശ്വാസം കഴിക്കാൻ പോലും ആവതില്ലാതെ ജീവഛവമായി കിടക്കുന്ന നിന്റെ അമ്മയെ പശ്ചാത്തലത്തിൽ നിർത്തി ഒരു 'സെൽഫി' എടുക്കുക എന്നതു  മാത്രമാണ്.

ഇതിനു അനുബന്ധമായി പത്രത്തിൽ വായിക്കാൻ കഴിഞ്ഞു - ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാൻ വാഹനം കാത്തു നിന്ന ഒരു യുവതിയെ ഒരു ടാക്സി ഡ്രൈവർ മറ്റുള്ളവർ കാൺകെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന്. ചുറ്റുപാടും നിന്നവർ ഈ കാഴ്ച നിസ്സംഗതയോടെ നോക്കി നിൽക്കുകയായിരുന്നുവത്രേ! ക്ഷമിക്കുക സഹോദരീ, മനുഷ്യത്വത്തിന്റെ അരുവികളിൽ ഉറവ വറ്റിയിരിക്കുന്നു. സൂര്യനെല്ലിയും, നിർഭയയും, സൗമ്യയേയും എല്ലാം ഞങ്ങൾ മറന്നു കഴിഞ്ഞിരിക്കുന്നു.

മരണത്തിന്റെ കരാളഹസ്തങ്ങൾക്കു കീഴടങ്ങുന്നതിന്റെ അവസാന നിമിഷം വരെ നീയും ഒരുപക്ഷേ വൃഥാ ആശിച്ചിരിക്കില്ലേ കുതിരപ്പുറത്തു തന്നുടവാളുമായി  ഏതെങ്കിലും ഒരു പൊന്നാങ്ങള കുതികുതിച്ചെത്തുമെന്ന്? ഇല്ല സഹോദരീ അത്തരം ആങ്ങളമാർ എന്നേ മരിച്ചുകഴിഞ്ഞു.  ഞങ്ങൾ പഠിച്ച പുതിയ പാഠങ്ങളിൽ സ്ത്രീ എന്നത് വെറും ശരീരവും അവയുടെ ഉപയോഗം പുരുഷന്റെ കാമപൂരണവും മാത്രമാണ്. ഒരു കളിപ്പാട്ടം തട്ടിപ്പറിക്കുന്ന ലാഘവത്തോടെ അത് ഞങ്ങൾ വേണ്ടപ്പോൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. വേദനകളുടെ ലോകത്തു നിന്ന് വിടപറഞ്ഞ നിന്റെ ആത്മാവ് ഇപ്പോൾ സർവേശ്വരന്റെ സന്നിധിയിൽ ആത്യന്തികമായ ശാന്തിയുടെ ആനന്ദം അനുഭവിക്കുകയായിരിക്കും എന്നു കരുതുന്നു. ദൈവമെന്ന ഒരു ശക്തിയെ നീ കണ്ടുമുട്ടുകയാണെങ്കിൽ പറയണം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപ്പോൾ ചെകുത്താന്റെ നിയമമാണ് വേദവാക്യമെന്ന്. മധുരാപുരി ചുട്ടെരിച്ചത് കണ്ണകിയുടെ കണ്ണുനീരാണെങ്കിൽ, ഞങ്ങളെ സംഹരിക്കാൻ പോകുന്നത് നിന്റെ 38 മുറിവുകളിൽ നിന്നൊഴുകിയ ചോരയായിരിക്കും.

കണ്ണെഴുതിച്ചും, പൊട്ടു കുത്തിയും, കൈ വളരുന്നോ കാൽ വളരുന്നോ എന്നുനോക്കിയും, താരാട്ടു പാടി ഉറക്കിയും ഒരുപാടു പ്രതീക്ഷകളോടെ വളർത്തിയ നിന്റെ അമ്മയുടെ കണ്ണിൽ നിന്ന് ചോര പൊടിയുന്നതു നിസ്സഹായനായി നോക്കിനില്ക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ എന്ന വേദനയോടെ.....ഇനിയും ജിഷമാർ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ....നന്മയുടെ മരങ്ങളിൽ മനുഷ്യത്വത്തിന്റെ പുതുനാമ്പുകൾ വിരിയുമെന്ന ശുഭപ്രതീക്ഷയോടെ...വിട.