Saturday 27 April 2019

ഒരാൾ എടുത്തിട്ടലക്കിയ കഥ


പണ്ടുമുതലേ ശനിയാഴ്ചകളിലെ പ്രധാന പരിപാടികളിലൊന്നാണ് ഒരാഴ്ചത്തെ തുണികൾ ഒരുമിച്ച് കഴുകുക എന്നത്. കുടുംബസ്ഥനായപ്പോൾ ആ പണിയുടെ സിംഹഭാഗവും വാഷിംഗ് മെഷീൻ ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഇതൊരു ഭാരമായി തോന്നാറേയില്ല. പക്ഷേ ബാച്ച്ലർ ജീവിതകാലത്തെ ഒരു സംഭവം ഇടക്കിടക്ക് മനസ്സിൽ എത്തിനോക്കുകയും ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് മടങ്ങിപ്പോകുകയും ചെയ്യാറുണ്ട്.

ബാംഗ്ലൂർ മെയിൽ എന്ന വിഭാഗത്തിൽ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ, കോളേജിലെ സഹപാഠികളായ ചിന്തു, അംഗിരസ്, ശ്രീജിത്ത്, എന്നിവരും ഷിനോ, ഷജിത്ത് എന്നീ രണ്ടു ചേട്ടന്മാരും, ഞാനും കൂടി ചേർന്ന ഒരു 'കൊച്ചു'കുടുംബമായിരുന്നു ബാംഗ്ലൂരിൽ ഞങ്ങളുടേത്. അക്കാലത്ത് ബാംഗ്ലൂരിൽ പൊതുവേ ചൂടുകുറവായതുകൊണ്ട് നാട്ടിലെപോലെ വിയർക്കുന്ന പ്രശ്നമില്ല, പിന്നെ സ്വാഭാവികമായുള്ള മടി, അത്യാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഷർട്ടുകൾ മാറിയിടാനുള്ള സൗകര്യം ഇതെല്ലാം കാരണം  ആഴ്ചയിലൊരിക്കൽ മാത്രമാണ് അലക്കൽ എന്ന മഹാമഹം നടന്നിരുന്നത്. ആഴ്ചയിലൊരിക്കൽ തന്നെ അലക്കുന്നത് വലിയൊരപരാധമായി കാണുന്ന മറ്റു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

പഠിക്കുന്ന സമയത്ത്, പഠനം കുറവും വിശ്രമം കൂടുതലും എന്ന ലൈൻ ആയതുകൊണ്ട് ഇതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. പക്ഷെ പിന്നീട് എല്ലാവർക്കും ജോലിയും അതിൽ ചിലർക്ക് നൈറ്റ് ഷിഫ്റ്റും ഒക്കെ ആയപ്പോൾ തുണിയലക്കുക എന്നത് കഷ്ടപ്പെട്ടു ചെയ്തുതീർക്കേണ്ട ഒരു ജോലിയായി മാറി. രാത്രിമുഴുവൻ ജോലിചെയ്ത് രാവിലെ കുത്തിയിരുന്ന് തുണിയലക്കൽ എന്നത് അത്ര എളുപ്പമല്ല എന്ന് അനുഭവസ്ഥർക്കറിയാം. അതുമാത്രമല്ല, എല്ലാവർക്കും ജോലിയെല്ലാം കിട്ടി പൊതുവെയുള്ള സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിന്റെ ഫലമായി റൂമിൽ പുതിയ ചവിട്ടികൾ, കർട്ടനുകൾ, മേശവിരികൾ അങ്ങനെ പലതും ഞങ്ങൾ വാങ്ങിയിടുകയും ചെയ്തു. സ്വന്തം വസ്ത്രമലക്കാൻ തന്നെ മടി പിടിച്ചിരിക്കുന്ന അവസ്ഥയിൽ ഇതെല്ലാം ആര് അലക്കുമെന്ന ചോദ്യം ചില്ലറ തർക്കങ്ങൾക്കും വഴിവെച്ചു.

അങ്ങനെയിരിക്കുമ്പോളാണ് റൂമിലെ സീനിയറായ ഷിനോച്ചേട്ടൻ ഒരു ആശയം പറഞ്ഞത്. തുണിയലക്കാനും, വീട് തൂത്തുതുടക്കാനുമായി ആഴ്ചയിലൊരിക്കൽ ഒരാളെ ഏൽപ്പിക്കുകയും അതിനു ചിലവാകുന്ന തുക കോമൺ എക്സ്പെൻസിൽ എഴുതുകയും ചെയ്യാമെന്ന്. പുള്ളിക്കാരൻ തന്നെ പറ്റിയ ഒരാളെ കണ്ടെത്തുകയും ചെയ്തു - അവിടെ അടുത്തുതന്നെയുള്ള 'വെങ്കടേഷ് ഗൗഡ'. ഈ ഗൗഡ ഒരു നാല്പതിനോടടുത്തു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, മാതൃഭാഷയല്ലാതെ മറ്റൊന്നും സംസാരിക്കാനോ,മനസ്സിലാക്കാനോ കഴിയാത്ത ഒരു കർണ്ണാടകക്കാരൻ ആയിരുന്നു. കന്നഡ ഭാഷ ഞങ്ങൾക്ക് പിടിതരാത്ത കാലമാണ്. ആകെ ആത്മവിശ്വാസത്തോടെ പറയുന്നത് 'കന്നഡ ഗൊത്തില്ലാ' (കന്നഡ അറിയില്ല) എന്നും, ബസ്സിൽ കയറുന്നതിനു മുൻപ് കണ്ടക്ടറോട് പോകേണ്ട സ്ഥലത്തിന്റെ പേരു പറഞ്ഞ് 'ഹോഗത്താ' എന്നു ചോദിക്കുന്നതുമാണ് - ഉദാഹരണത്തിന് 'മാറത്തഹള്ളി ഹോഗത്താ?' (മാറത്തഹള്ളി പോകുമോ?). കണ്ടക്ടർ കന്നഡയിൽ പറയുന്ന മറുപടിയുടെ അർത്ഥം മനസ്സിലായില്ലെങ്കിലും അയാളുടെ മുഖഭാവം, ബോഡിലാംഗ്വേജ് എന്നിവവെച്ച് ഉത്തരം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് മനസ്സിലാക്കാൻ ഞങ്ങൾ പഠിച്ചിരുന്നു. 

അങ്ങനെ ഗൗഡാജി റൂമിൽ അവതരിക്കുകയും, അതിവേഗം തന്റെ കരവിരുത് പ്രകടമാക്കുകയും ചെയ്തു. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചായ തിളപ്പിക്കാനുപയോഗിക്കുന്ന ഒരു സ്റ്റീൽ പാത്രം കാണും. കുറേനാളുകൾ കഴിയുമ്പോൾ മിക്കവാറും ഈ പാത്രത്തിന്റെ ഉൾവശത്ത് നടുവിൽ മാത്രം സ്റ്റീൽ കളർ തെളിഞ്ഞുകാണുകയും, അരികുകൾ ചായക്കറയുടെ ഫലമായി ഒരു ബ്രൗൺ നിറത്തോടെ കാണപ്പെടുകയും ചെയ്യാറുണ്ട്. ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു ഞങ്ങളുടെ കുളിമുറിയും. മുൻപ് താമസിച്ചിരുന്നവരുടെ അവധാനത കൊണ്ടോ, കുഴൽക്കിണറിലെ കട്ടികൂടിയ വെള്ളത്തിന്റെ പ്രശ്‍നംകൊണ്ടോ എന്നറിയില്ല, എത്ര കഴുകിയാലും നടുവിലെ ഒരു വട്ടമൊഴിച്ച് ബാക്കി ഭാഗത്തെ ടൈലുകളെല്ലാം കറുത്തോ, ബ്രൗൺ നിറത്തിലോ കാണപ്പെടും. ഹാർപ്പിക്, സോപ്പ്പൊടി എന്നിവ പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ടു. ആദ്യമായി വീട്ടിൽ വന്ന് ഇൻസ്പെക്ഷൻ നടത്തിയ ഉടനെ കുളിമുറി ക്ലീൻചെയ്യാൻ എന്തോ വാങ്ങണമെന്ന് പറഞ്ഞ് ഗൗഡ പണവും വാങ്ങിപ്പോവുകയും അഞ്ചു മിനിറ്റിൽ തിരിച്ചെത്തുകയും ചെയ്തു. വീടു വൃത്തിയാക്കൽ, അലക്കൽ തുടങ്ങിയ പണികൾ കഴിഞ്ഞ് താൻ വാങ്ങിക്കൊണ്ടുവന്ന ആ സാധനവുമായി നമ്മുടെ ഗൗഡാജി കുളിമുറിയിൽ കയറി വാതിലടക്കുകയും ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞു പ്രത്യക്ഷനാകുകയും ചെയ്തു. വിജയ് നായകനായ സിനിമയിൽ അദ്ദേഹത്തെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരു തെരുവിൽ ദീപാവലിയോ, മറ്റെന്തെങ്കിലും കാരണത്താലോ തുരുതുരാ പടക്കങ്ങൾ പൊട്ടുന്നു, അതവസാനിക്കുന്നതോടെ ആ പുകപടലങ്ങൾക്കിടയിലൂടെ അണ്ണനിതൊക്കെ വെറും ചീള് കേസ് എന്ന മട്ടിൽ സ്‌ലോമോഷനിൽ നടന്നോ, ബൈക്ക് ഓടിച്ചോ വിജയ് പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് ഇതേ മൂഡാണ് കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ ഞങ്ങൾക്കും തോന്നിയത്. മൊത്തം പുകയിൽനിന്ന് പതുക്കെ പതുക്കെ ഗൗഡയുടെ കൈകൾ, കാലുകൾ ബാക്കി ശരീരഭാഗങ്ങൾ എന്നിവ പ്രത്യക്ഷമായി. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട്, ഒരിക്കലും മറക്കാൻ പറ്റാത്ത ആ 'ലാബ് മണം' വന്നപ്പോൾത്തന്നെ അണ്ണൻ വാങ്ങിക്കൊണ്ടുവന്നത് എന്താണെന്ന് പെട്ടെന്ന് മനസ്സിലായി - മറ്റൊന്നുമല്ല നല്ല ഉഗ്രൻ ആസിഡ് തന്നെ (ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ് എന്നൊരു സംഭവം ഉണ്ടെന്ന് അക്കാലത്ത് അറിയില്ലായിരുന്നു). പുകയെല്ലാം മാറി കുളിമുറി കണ്ട എല്ലാവരും ഞെട്ടി - കാൽകഴുകി ചവിട്ടാൻ തോന്നുന്ന അത്രയും ഭംഗി. എന്തായാലും അതോടെ ഞങ്ങൾ ഗൗഡ അണ്ണന്റെ കട്ട ഫാൻസ്‌ ആയി മാറുകയും എല്ലാ ആഴ്ചയിലും ഏതെങ്കിലുമൊരു ദിവസം അണ്ണൻ ജോലി ചെയ്യാൻ ഞങ്ങളുടെ റൂമിൽ വരുകയും പതിവായി.

ഗൗഡയുടെ പെരുമാറ്റത്തിലെ ചില അസ്വാഭാവികതകൾ ചെറിയ മാനസികാസ്വാസ്ഥ്യം ഉള്ളതുകൊണ്ടാണെന്ന് അടുത്തുള്ള കടക്കാരനിൽ നിന്ന് പിന്നീടറിയാൻ കഴിഞ്ഞു. എന്തായാലും വാങ്ങുന്ന പണത്തിന് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആളായതുകൊണ്ടും, ഞങ്ങൾ തമ്മിലുള്ള സംസാരം ആംഗ്യഭാഷയിൽമാത്രം ആയതുകൊണ്ടും വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കടന്നുപോയി. ഒരാഴ്ച ഗൗഡ വരാമെന്നേറ്റത് ചിന്തു മാത്രം വീട്ടിലുള്ള ദിവസമാണ്. രാവിലെത്തന്നെ ഞങ്ങൾ കർട്ടനുകൾ, ചവിട്ടികൾ, പുതപ്പുകൾ, കിടക്കവിരികൾ, മേശവിരികൾ എന്നിവ സോപ്പ്പൊടിയിൽ മുക്കിവെക്കുകയും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞുവന്ന ചിന്തുവിനെ എല്ലാം പറഞ്ഞേൽപ്പിച്ച് ഓഫീസിൽ പോകുകയും ചെയ്തു. വൈകിട്ടു തിരിച്ചുവന്നപ്പോൾ കുറച്ചൊരു അസ്വാഭാവികത തോന്നി. കുളിമുറിക്കൊന്നും സാധാരണ ഉണ്ടാകാറുള്ള വൃത്തിയില്ല, തറ തുടച്ചിട്ടുണ്ടെങ്കിലും ചില മൂലകളിലെ അഴുക്കൊന്നും പോയിട്ടില്ല, കിടക്കവിരികൾ, പുതപ്പുകൾ മിക്കവയും ശരിക്ക് ഉണങ്ങിയിട്ടില്ല, ചിലതിൽ സോപ്പ്പൊടിയുടെ പാടുകൾ, പിന്നെ മിക്കതിനും ഒരുപാടുനേരം വെള്ളത്തിൽ മുക്കിവെച്ചതിന്റെ ഒരു മണവും. രാത്രിഭക്ഷണമെല്ലാം കഴിഞ്ഞ് ഞങ്ങൾ കൂട്ടംകൂടിയിരുന്ന് ഗൗഡയെ കുറ്റം പറയാൻ തുടങ്ങി. എന്തുകൊണ്ടോ ചിന്തു മാത്രം ഈ കുറ്റംപറയലിൽ പങ്കുചേരാതെ ക്ഷീണിതനായി ഇരിക്കുകയായിരുന്നു. സ്വാഭാവികമായും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞുവന്നു പകൽ ഗൗഡ വന്നതുകാരണം ഉറക്കം ശരിയാകാത്തതിന്റെ ബുദ്ധിമുട്ടായിരിക്കും എന്നുകരുതി. ഒടുക്കം കാശുംവാങ്ങി ഇങ്ങനത്തെ ഉഴപ്പുപണി എന്തുകൊണ്ടു ചെയ്തു എന്ന് എങ്ങനെയെങ്കിലും ഗൗഡയോട് ചോദിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോളാണ് ചിന്തു ആ കഥ പറഞ്ഞത്.

വരാമെന്നേറ്റ പത്തുമണിയും കഴിഞ്ഞു ഏതാണ്ട് പതിനൊന്നൊരയോടെയാണ് ഗൗഡ അന്ന് ജോലിക്ക് വന്നത്. പതിവുപോലെ ഒരു റൌണ്ട് അടിച്ചുവാരലെല്ലാം കഴിഞ്ഞ് തറ തുടക്കാൻ തുടങ്ങി. ഒരു അടിയുറച്ച കമ്യൂണിസ്റ്റുകാരനും, തൊഴിലാളികളോട്‌ വളരെ മാന്യമായി പെരുമാറുകയും ചെയ്യുന്ന ഒരാളാണ് ചിന്തു. എങ്കിലും, രാത്രി മുഴുവൻ ഉറങ്ങാതെ, ഉഗ്രൻ പ്രെഷറിൽ ജോലിചെയ്തു വന്നിട്ട്, രാവിലെ ഒന്നു മയങ്ങാമെന്നുകരുതി കണ്ണടക്കുമ്പോളേക്കും കോളിങ്ബെൽ അടിക്കുമ്പോൾ ആർക്കും തോന്നുന്ന ഒരു ദേഷ്യമില്ലേ അത് അന്ന് ചിന്തുവിനും തോന്നി. അറിയാവുന്ന കന്നഡയും ബാക്കി ആംഗ്യഭാഷയുമെല്ലാം വെച്ച് ഒരു മുതലാളിയെപ്പോലെ തറ തുടച്ചത് വൃത്തിയായില്ലെന്നും വീണ്ടും തുടക്കണമെന്നും ആവശ്യപ്പെട്ടു (അഥവാ ഗർജ്ജിച്ചു). ഗൗഡയിലും തൊഴിലാളിയുടെ അവകാശബോധങ്ങൾ കത്തിജ്വലിച്ചതുകൊണ്ടാണോ, അതോ ചിന്തു പറഞ്ഞ കന്നഡയുടെ അർത്ഥം മറ്റുവല്ലതുമായി മനസ്സിലായതുകൊണ്ടാണോ എന്നറിയില്ല, കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ വായിൽവന്ന ചീത്ത മുഴുവൻ വിളിച്ചുപറഞ്ഞ് ഗൗഡ സ്ഥലംവിട്ടു. ചിന്തുവിന്റെ തർജ്ജമപ്രകാരം 'എനിക്ക് നിങ്ങളുടെ ചീത്ത കേട്ടു ജോലിചെയ്യേണ്ട ആവശ്യമൊന്നുമില്ല, അത്ര ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾ തന്നെ ചെയ്‌തോ എല്ലാ പണിയും' എന്നായിരിക്കണം ഗൗഡ പറഞ്ഞത്.

സിനിമയിൽ, കിട്ടുണ്ണി ഇട്ടിട്ടുപോയപ്പോളും ജോലി ചെയ്യാൻ നന്ദിനി ഉണ്ടായിരുന്നതുകൊണ്ട് ജഡ്ജിയേമാൻ കാര്യമായി ബുദ്ധിമുട്ടിയില്ല. പക്ഷേ ആസിഡ് ഒഴിച്ചിട്ടിരിക്കുന്ന കുളിമുറി, നാലോ അഞ്ചോ ബക്കറ്റ് നിറയെ കട്ടികൂടിയ തുണികൾ, അത്യാവശ്യം വലുപ്പമുള്ള ഒരു വീട് എന്നിങ്ങനെ കീഴടക്കാനൊരു എവറസ്റ്റ് കൊടുമുടി തന്നെയാണ് ചിന്തുവിനെ കാത്തിരുന്നത്. എന്തായാലും വെറുമൊരു കർണാടകക്കാരന്റെ മുന്നിൽ തോറ്റുകൊടുക്കാൻ ആത്മാഭിമാനം അനുവദിക്കാത്തതുകൊണ്ടും, ജോലി കഴിഞ്ഞുവരുന്ന ഞങ്ങൾ അഞ്ചു ദുഷ്ടന്മാരുടെ ആക്രമണം സഹിക്കാൻ കഴിയാത്തതുകൊണ്ടും, അതിനേക്കാളെല്ലാമുപരി രാത്രി കിടക്കയിൽ വിരിക്കാനോ, പുതക്കാനോ ഒരു ഷീറ്റുപോലും ബാക്കിയില്ല എന്ന യാഥാർത്ഥ്യം പല്ലിളിച്ചതുകൊണ്ടും ചിന്തു ഒറ്റക്കുതന്നെ ഒരൽപ്പംപോലും ഉറങ്ങാതെ എല്ലാ പണികളും പൂർത്തിയാക്കി.

നനഞ്ഞാൽ ഒരു കരിങ്കല്ലിന്റെ ഭാരം തോന്നിപ്പിക്കുന്ന കമ്പിളി പുതപ്പുകൾ കഴുകാനും ഉണക്കാനും ഒറ്റക്കു കഷ്ടപ്പെടേണ്ടിവന്ന ചിന്തുവിനെ കുറിച്ചാലോചിക്കുമ്പോൾ ഇപ്പോൾ സഹതാപം തോന്നുന്നുണ്ടെങ്കിലും അന്നും അതുകഴിഞ്ഞുള്ള ഒരുപാടവസരങ്ങളിലും ചിരി സമ്മാനിച്ച ഒരോർമ്മയാണിത്. പിന്നീടാലോചിച്ചപ്പോളാണ് തോന്നിയത് ഇതിപ്പോ കുറച്ച് തുണിയലക്കേണ്ടിവന്നു എന്നല്ലേയുള്ളൂ, മറിച്ച് അയാൾ ദേഷ്യംകൊണ്ട് ചിന്തുവിനെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇതൊരു സങ്കടപോസ്റ്റായി എഴുതേണ്ടിവന്നേനെ. എന്തായാലും, അതിനുശേഷം ഗൗഡ സേവനം അവസാനിപ്പിക്കുകയും അലക്കൽ പൂർവ്വാധികം ശക്തിയോടെ ഞങ്ങളുടെ തലയിൽത്തന്നെ വന്നുചേരുകയും ചെയ്തു - മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ.

ഇത് വായിക്കുമ്പോൾ ഇതിത്ര വലിയ പോസ്റ്റായി ഇടാൻ മാത്രമുള്ള സംഗതി ഉണ്ടോ എന്നു സ്വാഭാവികമായും തോന്നാം. പക്ഷേ ഓർമ്മകളെപ്പറ്റി എഴുതുന്നതാണ് ഏറ്റവും ആനന്ദകരം. കാരണം ഓർമ്മകൾ പലപ്പോഴും ആർദ്രമായൊരു ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്. അല്ലെങ്കിൽ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ബുദ്ധിയുടെ പ്രായോഗികതയും തിരിച്ചുപോകണമെന്ന ഹൃദയത്തിന്റെ ചാപല്യവും തമ്മിലുള്ളൊരു ഏറ്റുമുട്ടൽ. പുറമെനിന്ന് നോക്കുമ്പോൾ ബാലിശമായി തോന്നുന്ന പലതിനെയും ഓർത്തെടുത്തു താലോലിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ പലപ്പോഴും ഇന്നിൽനിന്നുകൊണ്ട് ഇന്നലെകളിലേക്കു നോക്കാറുണ്ട്, ആ ഓർമ്മകളുടെ കൽക്കണ്ടമധുരം നുണയാറുമുണ്ട്. നടന്നുതീർത്ത വഴികളിലെവിടെയോ നിന്ന് പറ്റിപ്പിടിച്ച മണൽത്തരികളെപ്പോലെ,  നനഞ്ഞുതീർത്ത മഴ തോർന്നുകഴിഞ്ഞിട്ടും അടർന്നുവീഴാൻ മടിച്ച് ശരീരത്തിലെവിടെയോ പറ്റിപ്പിടിച്ചുനിൽക്കുന്ന നീർത്തുള്ളികളെപ്പോലെ അവ പലപ്പോഴും നമ്മെ കൊതിപ്പിച്ചു കടന്നുപോകുന്നു.

ശ്രീ N. N. കക്കാട് സഫലമീ യാത്രയിൽ പറയുന്നതുപോലെ 

"ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം...
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം...."

*********************************************************************************

അപ്പോൾ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ ഇന്ന് ശനിയാഴ്ചയാണ്. കാര്യം വാഷിംഗ്‌മെഷീൻ ഉണ്ടെങ്കിലും എങ്ങാനും കറന്റ് പണിപറ്റിച്ചാൽ അടുത്ത ആഴ്ച നായകനെ മാറ്റി ഏകദേശം ഇതേ സബ്ജക്ട് പോസ്റ്റ് ചെയ്യേണ്ടിവരും. അതുകൊണ്ട് എല്ലാവർക്കും നല്ലൊരു വീക്കെൻഡ് ആശംസിച്ചുകൊണ്ട് ഗുഡ്ബൈ....

Monday 22 April 2019

ഗർഭിണിയുടെ വയർ


പൊതുവേ അങ്ങനെ രാഷ്ട്രീയപോസ്റ്റുകൾ വായിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല ഞാൻ. രാവിലെയും, ഉച്ചക്കും വൈകിട്ടും ഒന്നെന്ന നിലക്ക് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന ഫ്രണ്ട്ലിസ്റ്റിൽ പെട്ട കുറേപ്പേരെ സഹികെട്ട്  'അൺഫോളോ' ചെയ്തിട്ടുമുണ്ട്. വേറൊന്നുംകൊണ്ടല്ല; രാഷ്ട്രീയം ഓരോരുത്തരുടെയും സ്വകാര്യതയല്ലേ അതിങ്ങനെ ചെണ്ടകൊട്ടി വിളിച്ചുപറയേണ്ട ആവശ്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആകെ രാഷ്ട്രീയ വാർത്തകൾ മാത്രമായതുകൊണ്ട് പത്രത്തിലും, ടിവിയിലും, വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലേയും മിക്കവാറും വാർത്തകളും, വിഡിയോകളും വെറുതെ ഒന്നോടിച്ചുനോക്കാറേ പതിവുള്ളൂ. അസത്യങ്ങളും, അർദ്ധസത്യങ്ങളും വായിച്ച് രോമാഞ്ചം കൊള്ളുകയോ രോഷം കൊള്ളുകയോ ചെയ്യുന്നവരോട് പണ്ട് 'ചാക്കോമാഷ്' പറഞ്ഞതുപോലെ ആ നേരത്ത് വല്ല പതിനെട്ടാംപട്ട തെങ്ങുവെച്ചുകൂടെഎന്ന് മനസ്സിൽ പറയാറുമുണ്ട്.

കഴിഞ്ഞദിവസം ആകെ വിവാദമായ ഒരു വാർത്ത പലരും ഷെയർ ചെയ്തുകണ്ടു. മോഹൻ തോമസിന്റെ ഉച്ചിഷ്ടവും വേറെ ചില ഐറ്റംസും ഒരുനാണവുമില്ലാതെ വാരിവിഴുങ്ങിയവരെയെല്ലാം ഒരുകാലത്ത് ഇംഗ്ലീഷിൽ ചീത്ത പറഞ്ഞുവിറപ്പിച്ച, തൃശ്ശൂരിലെ സ്ഥാനാർത്ഥി ശ്രീ. സുരേഷ്‌ഗോപി ഗർഭിണിയായ ഒരു യുവതിയുടെ വയറിൽതൊട്ട് പ്രാർത്ഥിച്ചെന്നോ, അനുഗ്രഹിച്ചെന്നോ അങ്ങനെയെന്തോ വിവാദം. സുരേഷ്‌ഗോപി ചെയ്തത് തെറ്റായെന്നും ശരിയായെന്നും ആകെ ചേരി തിരിഞ്ഞു തർക്കത്തോട് തർക്കം. തർക്കത്തിൽ പക്ഷംചേരേണ്ട കാര്യമില്ലാത്തതുകൊണ്ട് ആ വാർത്ത ചുമ്മാ വായിച്ച് വിട്ടുകളഞ്ഞു. പക്ഷേ ഒരൽപ്പം നാണത്തോടെ ചിരിച്ചുനിൽക്കുന്ന ആ ഗർഭിണിയുടെ ചിത്രം ചിലതെല്ലാം ഓർമിപ്പിച്ചു.

അനിയനും ഞാനും തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും, അവൻ അമ്മയുടെ വയറ്റിലായിരിക്കുന്ന കാലമൊന്നും എന്റെ ഓർമ്മയിലില്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഗർഭിണിയുടെ വയർ ശരിക്കും അടുത്തുകാണുന്നത് ഒരുപക്ഷേ എന്റെ അമ്മായി രണ്ടാമത്തെ പ്രസവത്തിനായി തറവാട്ടിൽ വന്നു നിന്നപ്പോളായിരിക്കണം. ഞങ്ങളുടെ നാട്ടിലെ രീതിയനുസരിച്ച് സാധാരണ ഏഴാം മാസത്തിലാണ് സ്ത്രീകളെ പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു വരാറുള്ളത്. അപ്പോളേക്കും പുറമേക്ക് നന്നായി കാണാവുന്നവിധത്തിൽ വലിയ വയറൊക്കെ ആയിട്ടുണ്ടാകുമെന്നുള്ളതുകൊണ്ട് വല്ലാത്തൊരു കൗതുകമായിരുന്നു അതുകാണാൻ. വീട്ടിലേക്കു കൂട്ടികൊണ്ടു വരുന്നതിനുമുമ്പേ, കുട്ടികളായ ഞങ്ങളോട് വയറിനകത്തൊരു കുഞ്ഞുവാവയുണ്ട്, അതുകൊണ്ട് വയറിൽ ചാടാനോ, ഇടിക്കാനോ ഒന്നുംപാടില്ല കുഞ്ഞുവാവക്ക് വേദനയെടുക്കും, കുറച്ചുനാൾ കഴിയുമ്പോൾ കുഞ്ഞുവാവ പുറത്തുവന്നു നിങ്ങളുടെകൂടെ കളിക്കും എന്നൊക്കെപ്പറഞ്ഞു നേരത്തേ വീട്ടുകാർ ചട്ടംകെട്ടിയിട്ടുണ്ടാകും. എന്നിട്ടും ബെല്ലും ബ്രേക്കുമില്ലാതെ അകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നവർക്ക് കണ്ണുപൊട്ടുന്ന ചീത്തയും കിട്ടാറുണ്ട് - പ്രത്യേകിച്ച് അച്ഛച്ഛന്റെ കൈയിൽനിന്ന്.

പൊതുവേ ഈ ഗർഭകാലവും പ്രസവംകഴിഞ്ഞുള്ള ഏതാനും മാസങ്ങളും തറവാട്ടിൽ ആകെ തിരക്കുള്ള സമയങ്ങളാണ്. 'വയർ കാണാൻ' വരുന്ന ബന്ധുജനങ്ങളുടെ തിരക്ക്, വയർ കണ്ട് ഉള്ളിലുള്ളത് ആൺകുട്ടിയോ, പെൺകുട്ടിയോ എന്ന അഭിപ്രായപ്രകടനങ്ങൾ, അത് തെറ്റാണെന്നു ഉദാഹരണസമേതം സമർത്ഥിക്കുന്നവർ, ഗർഭിണിക്കുള്ള മരുന്നുകൾ, പ്രത്യേകമായി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്നിവ ഉണ്ടാക്കുന്ന തിരക്ക്, വരാൻപോകുന്ന അനുജനോ, അനുജത്തിക്കോ വേണ്ടിയുള്ള വേറെ പല ഒരുക്കങ്ങൾ അങ്ങനെപോകും ആ ലിസ്റ്റ്. 

അന്ന് തറവാട്ടിൽ ടി വി ഒന്നുമില്ലാത്ത കാലമാണ്. അതുകൊണ്ടുതന്നെ വൈകുന്നേരത്തെ മേല്കഴുകൽ, അത്താഴം എന്നിവ കഴിഞ്ഞാൽ പൊതുവെ ആണുങ്ങളെല്ലാവരും ഉമ്മറത്തിരുന്നു ഞങ്ങൾ കുട്ടികൾക്ക് മനസ്സിലാകാത്ത എന്തെങ്കിലും വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചകളായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികൾ മിക്കവാറും  വല്ലിമ്മ, അമ്മ, അമ്മായിമാർ, ചെറിയമ്മമാർ അങ്ങനെ സ്ത്രീജനങ്ങളെല്ലാവരും കൂടുന്ന മുറിയിലായിരിക്കും. ഉറക്കംവന്ന് കണ്ണടഞ്ഞുപോകുന്നതിന്റെ മുൻപുള്ള ചെറിയ ഇടവേളയിൽ ഫുട്ബോൾ പോലിരിക്കുന്ന വയറിനെപ്പറ്റിയും, അകത്തുകിടക്കുന്ന കുഞ്ഞുവാവയെപ്പറ്റിയും ഭൂലോകമണ്ടത്തരങ്ങൾ ചോദിക്കാറുള്ളത് ഒരു പതിവായിരുന്നു. അതോടൊപ്പം കുഞ്ഞുവാവ ഉറങ്ങിയോ എന്നറിയാൻ അമ്മായിയുടെ വയറിൽ തൊട്ടുനോക്കുക, ചെവിവെച്ചുനോക്കുക അങ്ങനെ ചില കലാപരിപാടികളും നടക്കും. പലപ്പോഴും അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉള്ളിൽക്കിടക്കുന്ന ആൾ ചവിട്ടുക, കുത്തിമറയുക എന്ന സൂചനകൾകൊണ്ട് അന്വേഷണം വരവുവെക്കാറുമുണ്ട്. ഞാൻ തൊട്ടപ്പോൾ കുഞ്ഞുവാവ അനങ്ങി എന്ന അഭിമാനത്തോടെ അധികംവൈകാതെ ആരുടെയെങ്കിലും മടിയിൽ കിടന്നുറങ്ങിപ്പോകും എല്ലായ്‌പ്പോഴും. 

സഹോദരിമാർ ഇല്ലാത്തതുകൊണ്ട് മുതിർന്നതിനുശേഷം അങ്ങനെ ഒരു ഗർഭകാലം മുഴുവനുമായി തൊട്ടടുത്തു കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഇല്ല. കുട്ടിക്കാലത്തെ കൗതുകങ്ങൾക്കപ്പുറം, ഗർഭം എന്ന അവസ്ഥയുടെ ആകുലതകളും, സന്തോഷങ്ങളും, ബുദ്ധിമുട്ടുകളും തൊട്ടടുത്തുനിന്ന് മനസ്സിലാക്കുന്നത് ഒരച്ഛനാകാനുള്ള തയ്യാറെടുപ്പിനിടയിലാണ്. കൈവെള്ളയിലൊതുങ്ങുന്ന ചെറിയൊരു ഉപകരണത്തിലെ രണ്ടു വരകൾ കണ്ടപ്പോളുണ്ടായ അഭിമാനമെന്നോ, സന്തോഷമെന്നോ വേർതിരിച്ചറിയാനാകാത്ത സമ്മിശ്രവികാരത്തിൽ നിന്നുതുടങ്ങി വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കൽക്കണ്ടത്തുണ്ടിനെ കൈയിലേറ്റുവാങ്ങുന്നതുവരെയുള്ള ഓരോ നിമിഷവും ഇന്നും ഒരൽപ്പംപോലും പൊടിയേൽക്കാതെ ഫ്രെയിം ബൈ ഫ്രെയിം മനസ്സിൽ അങ്ങനെ കിടക്കുന്നുണ്ട്. 

ആദ്യത്തെ സ്കാനിങ്ങിൽ മനുഷ്യരൂപം എന്നു ഉറപ്പിച്ചുപറയാൻ വയ്യാത്ത അവസ്ഥയിൽനിന്ന്, അവസാന സ്കാനിങ്ങൊക്കെ ആകുമ്പോളേക്കും കൈയും തലയുമെല്ലാം വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ കുത്തിമറിഞ്ഞു കളിക്കുന്ന ഒരു കൊച്ചുമിടുക്കനെയോ മിടുക്കിയെയോ കാണാനാകും. അതുവരെയുള്ള  ഏതാനും മാസങ്ങളുടെ ആ കാലയളവിൽ ഗർഭിണിയായ സ്ത്രീ മാത്രമല്ല അവരുടെ ഭർത്താവും കടന്നുപോകുന്ന ചില മാനസികാവസ്ഥകളുണ്ട്. തന്റെകൂടെ ജീവന്റെ ഭാഗമായ ഒരു കുഞ്ഞുജീവനെ ഉദരത്തിൽ വഹിക്കുന്നവൾ ഇഷ്ടപെട്ട ഒരു ഭക്ഷണംപോലും കഴിക്കാനാകാതെ ഛർദിച്ച് തൊണ്ടപൊട്ടി നിൽക്കുമ്പോൾ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചാഞ്ഞോ ചെരിഞ്ഞോ കിടക്കാൻപറ്റാതെ രാത്രിമുഴുവൻ ഉറക്കം നഷ്ടപ്പെട്ടു കിടക്കുമ്പോൾ, കഠിനമായ നടുവേദന കടിച്ചമർത്തുന്നതുകാണുമ്പോൾ, തൊട്ടടുത്തു കിടന്നുറങ്ങുന്ന ആളെ ഉണർത്താൻ മടിച്ച് വലിയ വയറും താങ്ങിപ്പിടിച്ച് രാത്രിയിൽ ഒരൽപ്പം ചൂടുവെള്ളമെടുക്കാൻ പോയി തിരിച്ചുവരുന്നതുകാണുമ്പോൾ, ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തിൻെറയോ, ബന്ധുവിന്റെയോ കല്യാണത്തിനുപോകാൻ സാധിക്കാതെ വീട്ടിൽവിളിച്ച് വിശേഷങ്ങൾ തിരക്കുന്നതുകാണുമ്പോൾ അങ്ങനെ ഒരുപാടൊരുപാടു സന്ദർഭങ്ങളിൽ നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നിട്ടുണ്ടാകും ഓരോ ഭർത്താവിനും. അതുകൊണ്ടൊക്കെത്തന്നെ ബാക്കിയുള്ള സമയത്ത് ഭാര്യ പറയുന്ന ആഗ്രഹങ്ങൾക്ക് വലിയ പരിഗണന കൊടുക്കാത്ത ഭർത്താക്കന്മാർക്കുപോലും, ആ സമയത്ത് ഭാര്യ എന്തെങ്കിലും ആവശ്യപ്പെട്ടാൽ എന്തു കഷ്ടപ്പാടു സഹിച്ചിട്ടായാലും അത് നടത്തിക്കൊടുക്കാൻ വല്ലാത്തൊരാവേശമായിരിക്കും. വേറൊന്നുംകൊണ്ടല്ല അവൾ കടന്നുപോകുന്ന ആ വേദനകളെ ഒരൽപ്പംപോലും ഏറ്റെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയെ അവളെ സന്തോഷിപ്പിക്കുന്നതിലൂടെ മറികടക്കാനുള്ള ഒരു വെറും ശ്രമം. 

പൊതുവേ ഗർഭകാലത്ത് സ്ത്രീകൾക്ക് പല വിചിത്രമായ ആഗ്രഹങ്ങളും തോന്നാറുണ്ട്. പല ഹോർമോണുകളുടെയും കണ്ണുപൊത്തിക്കളികളുടെ ഒരു കാലം കൂടിയായതുകൊണ്ട് അതിൽ അസ്വാഭാവികത ഒന്നുമില്ല. പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ, തൻ്റെ ഭാര്യ ഗർഭവതിയായിരിക്കുമ്പോൾ സുരേഷ്ഗോപിയെയല്ല സാക്ഷാൽ അമിതാഭ് ബച്ചനെ കാണണമെന്നുപറഞ്ഞാലും, ഇനി അവരാരെങ്കിലും തന്റെ വയറിൽ കൈവെച്ച് പ്രാർത്ഥിക്കണമെന്നോ, അനുഗ്രഹിക്കണമെന്നോ പറഞ്ഞാലും ഒരു നിവൃത്തിയുമുണ്ടെങ്കിൽ അതു നടത്തിക്കൊടുക്കാനേ ഏതു ഭർത്താവും ശ്രമിക്കൂ. അതു രാഷ്ട്രീയമോ, മതപരമോ മറ്റെന്തെങ്കിലുമോ കാരണങ്ങൾകൊണ്ടോ, സുരേഷ്‌ഗോപിക്ക് അനുഗ്രഹിക്കാനുള്ള കഴിവുള്ളതുകൊണ്ടോ, ആ അനുഗ്രഹമേറ്റാൽ ജനിക്കുന്ന കുഞ്ഞ് ഡോക്ടർ അബ്ദുൽ കലാമായി മാറുമെന്ന് കരുതിയിട്ടോ അല്ല. മറിച്ച് തന്റെ ആഗ്രഹം നിറവേറിക്കഴിയുമ്പോൾ ഭാര്യയുടെ മുഖത്ത് ഭർത്താവ് കാണുന്ന ഒരു പുഞ്ചിരിയുണ്ട് - അത് ഒരൊന്നൊന്നര പുഞ്ചിരിയാണ്. അപ്പൊ നമുക്കുതോന്നും ലോകത്ത് ഇതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ലെന്നും, ആ ഒരു പുഞ്ചിരിക്കുവേണ്ടി ഇതല്ല ഇതിലപ്പുറവും ഇനിയും ഒരു മടിയുംകൂടാതെ ചെയ്യുമെന്നും. 

ആർക്കും യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഈയൊരു ചെറിയ സംഭവം കാരണം സ്ഥാനാർത്ഥിയോ, പ്രവർത്തകയോ പോലുമല്ലാത്ത, ഒരു പരിചയവുമില്ലാത്ത പെൺകുട്ടിയെ 'പടക്കം' എന്നും 'പിഴച്ചവൾ' എന്നും യാതൊരു മടിയുമില്ലാതെ ചിലർ വിളിച്ച് പുളകം കൊള്ളുന്നതുകണ്ടപ്പോൾ ആത്മനിന്ദ തോന്നിപ്പോയി - ഞാൻകൂടി ഉൾപ്പെടുന്ന ഈ സമൂഹം ഇങ്ങനെയായിപ്പോയല്ലോ എന്നോർത്ത്. ഗർഭിണിയുടെ വയറിൽ തൊടുമ്പോൾ അന്യനായ ഒരു പുരുഷന് വികാരം പൊട്ടിയൊഴുകുമെന്നാണ് ചിലർ കരുതുന്നതെങ്കിൽ അത്തരക്കാരെ പറഞ്ഞിട്ടു കാര്യമില്ല. അത് മനസ്സിലാകണമെങ്കിൽ സെൻസും, സെൻസിബിലിറ്റിയും, സെൻസിറ്റിവിറ്റിയുമൊന്നും ഇല്ലെങ്കിലും എപ്പോളെങ്കിലും ഒരിക്കൽ ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന  സ്ത്രീയോടൊപ്പം ഒന്നിരിക്കണം, അവർക്ക് എന്താണ് ആ സമയത്ത് തോന്നുന്നതെന്ന് ചോദിക്കണം, അവർ അനുവദിക്കുമെങ്കിൽ ആ വയറിൽ കൈവെച്ചോ ചെവിയോർത്തോ ഒരനക്കം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം - എന്നിട്ട് നിങ്ങൾ പറയൂ ആ സ്പർശത്തിലൂടെ നിങ്ങളവളെ മലീമസമാക്കിയോ എന്ന്. 

ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമാണ് തിരഞ്ഞെടുപ്പുകൾ. നാമോരോരുത്തരും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനും, ആശയസംഹിതകൾക്കുംവേണ്ടി നിലകൊള്ളാൻ ഭരണഘടനാപരമായ സ്വാതന്ത്ര്യം നമുക്കുണ്ട്. ഓരോരുത്തരും അത് പൂർണമായും ഉപയോഗപ്പെടുത്തുക.  

പക്ഷേ മറന്നുപോകരുത് നമ്മുടെ ഓരോരുത്തരുടേയും സ്വാതന്ത്ര്യം മറ്റുള്ളവരുടെ മൂക്കിൻത്തുമ്പിൽ അവസാനിക്കുന്നു എന്നത്. ഇനിയും പിറന്നുവീഴാത്ത ഒരു കുഞ്ഞിനെവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന വിധത്തിലേക്ക് താഴാതെ ആശയസംഘട്ടനങ്ങൾ നടക്കട്ടെ, നല്ല ചർച്ചകൾ നടക്കട്ടെ, നല്ല സ്ഥാനാർത്ഥികൾ വിജയിക്കട്ടെ. 

എല്ലാവർക്കും വോട്ട് ദിന ആശംസകൾ! 

വാൽക്കഷ്ണം: ഫേസ്ബുക്കിലും വാട്സാപ്പിലും രാഷ്ട്രീയ പോസ്റ്റിടൽ മാത്രം നടത്തി, ജീവിതത്തിൽ ഒരിക്കലും വോട്ടുചെയ്യാൻ മെനക്കെടാത്ത ചില മഹാന്മാരും മഹതികളുമുണ്ട്. അവരെ ഒന്നുകൂടെ ഓർമ്മിപ്പിക്കട്ടെ - മണ്ണുത്തിയിലെ കാർഷിക സർവ്വകലാശാലയിൽ നല്ലയിനം തെങ്ങിൻതൈകൾ, വാഴത്തൈകൾ എന്നിവ ഇപ്പോളും ലഭ്യമാണ്;-) 


Tuesday 2 April 2019

ഒരുവട്ടംകൂടി....


അങ്ങനെ നീണ്ട പതിനാലുവർഷത്തെ ഇടവേള കഴിഞ്ഞ് ഒരിക്കൽക്കൂടി ഒത്തുകൂടി - കേരളവർമ്മയിൽ!

കളികളിൽ ചിലതു കാണാനോ കാണിച്ചുകൊടുക്കാനോ വേണ്ടിയല്ല.

വെറുതേ ആ മരത്തണലുകളിൽ ഒന്നിരിക്കാൻ, ആ വഴികളിലൂടൊന്ന് നടക്കാൻ, ക്ലാസ്റൂമിന്റെ ജനലുകളിൽ നിന്ന് കാലു പുറത്തേക്കിട്ടിരുന്നു കലപില പറഞ്ഞുകൊണ്ടിരിക്കാൻ....

ഒറ്റക്കല്ല വന്നത്. മൂന്നുവർഷം എന്തിനും ഏതിനും കൂടെ നിന്നവർക്കൊപ്പമാണ്.

ഭംഗിയുള്ള കൈപ്പടയിൽ നോട്ട്സ് എഴുതിത്തന്നവർ

റെക്കോർഡിൽ ചിത്രം വരച്ചുതന്നവർ

ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും അഞ്ചും പത്തുമായി പലതവണ കടം തന്നവർ

ക്ലാസ്സിൽ കയറാതെ ഒരുമിച്ച് മുങ്ങിയവർ

പത്തുരൂപക്ക് പെട്രോൾ അടിച്ചേക്കാമെന്നു പറഞ്ഞ് ബൈക്ക് എടുത്തുകൊണ്ടുപോയി കഷ്ടിച്ച് അടുത്ത പെട്രോൾപമ്പ് വരെ മാത്രം പോകാനുള്ള പെട്രോൾ ബാക്കിവെച്ച് യാതൊരു സങ്കോചവുമില്ലാതെ നടന്നുപോയവർ

എല്ലാകൊല്ലത്തേയും പൂരത്തിന് വീട്ടിലേക്ക് സ്നേഹം കലർന്ന നിർബന്ധത്തോടെ കൊണ്ടുപോയവർ

സിനിമ റിലീസ് ആയ ദിവസംതന്നെ ഇടികൂടി ടിക്കറ്റ് എടുത്തുതന്നവർ

കോളേജിൽ അടി നടക്കുമ്പോൾ നൂറു മൈൽ സ്പീഡിൽ കൂടെ ഓടിയവർ

ചെറിയ നേട്ടങ്ങൾക്കുപോലും നിറഞ്ഞ മനസ്സോടെ കൈയടിച്ചവർ

കറി വാങ്ങാൻ പണമില്ലാത്തതുകൊണ്ട് ഒരു പ്ലേറ്റ് പൊറോട്ട പങ്കിട്ടു സാമ്പാറിൽ മുക്കി കഴിച്ചവർ

ജോസേട്ടന്റെ കടയിലെ ഉപ്പുസോഡ പങ്കിട്ടു കുടിച്ചവർ

ഗ്രൗണ്ടിന്റെ മതിലിൽ ഒപ്പമിരുന്ന് കോളേജ് ക്രിക്കറ്റ് ടീമിനുവേണ്ടി ആർപ്പുവിളിച്ചവർ

സ്റ്റഡി ലീവ് സമയത്ത് രാവിലെ നാലുമണിക്കും, അഞ്ചുമണിക്കുമെല്ലാം അലാറമിന് പകരമായി ലാൻഡ്‌ഫോണിലേക്ക് മിസ്സ്ഡ് കോൾ അടിച്ചു ഒടുക്കം വീട്ടുകാരുടെ ചീത്ത കേൾപ്പിച്ചവർ.

ഒരു മടിയുംകൂടാതെ സ്വന്തം ചോറുപാത്രത്തിൽ കയ്യിട്ടുവാരാൻ സമ്മതിച്ചവർ

ടൂർ പോയപ്പോൾ 'എല്ലാവരും എന്നെ പറ്റിക്കുകയാണെന്ന് എനിക്കറിയാം' എന്നുപറഞ്ഞുകൊണ്ടുതന്നെ എൻട്രി ടിക്കറ്റുകൾ എടുത്തുതന്നവർ

പിരിഞ്ഞുപോകുമ്പോൾ ഓട്ടോഗ്രാഫ് ഡയറിയുടെ പേജുകൾ എഴുതിനിറച്ചവർ

അങ്ങനെ ഒരുപാടുപേർ...

കാലം ഒരുപാടു മാറ്റങ്ങൾ വരുത്തി എല്ലാവരിലും!

അവസാനവർഷ പരീക്ഷ കഴിഞ്ഞപ്പോൾ ഡിഗ്രി പാസ്സാകുമോ എന്നുവരെ സംശയമാണ് എന്നുപറഞ്ഞു ആൺകുട്ടികൾക്കൊപ്പം ആകാംക്ഷയിൽ പങ്കുചേർന്ന 'കരിങ്കാലികൾ' പലരും ഇന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ ടീച്ചർമാരാണ്.

കോളേജ് ക്യാന്റീനിൽ നിന്ന് അഞ്ചുരൂപയുടെ ചായ മേടിച്ചുതരാൻപോലും പിശുക്കു പറയാറുള്ളവരാണ് ചോദിച്ചതിൽ കൂടുതൽ പണം ഈ പരിപാടിയുടെ ഫണ്ടിലേക്കു ഒരു മടിയുംകൂടാതെ എടുത്തുതന്നത്

അന്ന് പഷ്ണിക്കോലങ്ങൾ പോലെയിരുന്നവരാണ് ഇന്ന് തടികൂടാതെ കഷ്ടപ്പെട്ടാണ് പിടിച്ചുനിൽക്കുന്നത് എന്നു പറഞ്ഞത്

ലാബിലെ ആ മടുപ്പിക്കുന്ന മണം,  ഓർമ്മകളുടെ സുഗന്ധമായാണ് തോന്നിയത്

കയ്യിൽകിട്ടിയത് എടുത്തു ധരിച്ച്, മുടിപോലും ഒതുക്കിവെക്കാൻ മെനക്കെടാതെ വരാറുള്ള എല്ലാവരും ഇന്ന് നല്ല വസ്ത്രങ്ങളിഞ്ഞ്, സുന്ദരികളും സുന്ദരന്മാരുമായാണ് വന്നത്.

ലാസ്റ്റ് പീരിയഡ് ക്ലാസ്സില്ലെങ്കിൽ വീട്ടിലേക്കോടിയിരുന്നവരാണ് ഇത്തിരിനേരംകൂടി ഇവിടെയിരുന്നിട്ടു പോയാൽപോരേ എന്നു ചോദിച്ചത്

ബസ്റ്റോപ്പിൽ നിന്നു കോളേജിലേക്കും തിരിച്ചും രണ്ടുകിലോമീറ്റർ പൊരിവെയിലത്ത് നടന്നിരുന്ന ഞാനടക്കമുള്ള എല്ലാവരുമാണ് ഓട്ടോ കിട്ടുമോ, അല്ലെങ്കിൽ കാറിൽവന്ന ആരെങ്കിലുമൊന്നു ഡ്രോപ്പ് ചെയ്യണമെന്നു പറഞ്ഞത്

ഞങ്ങൾ മാത്രമല്ല വന്നത്

നേർവഴി കാണിച്ചുതന്ന അദ്ധ്യാപകരിൽ മിക്കവരുമെത്തി

ഒരിക്കൽപ്പോലും പഠിപ്പിച്ചിട്ടില്ലെങ്കിലും, വിളിച്ചപ്പോളേക്കും ഒരു മടിയുംകൂടാതെ വന്ന സി. ഇന്ദിരടീച്ചർ

കെമിസ്ട്രിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ശോഭടീച്ചർ

ഒരൊറ്റ തവണ കേട്ടാൽത്തന്നെ എല്ലാവരുടെയും പേരുകൾ ഹൃദിസ്ഥമാക്കുന്ന വി. ഇന്ദിരടീച്ചർ

സ്വാതന്ത്ര്യത്തോടെ എന്തും തുറന്നുപറയാവുന്ന ഗീതടീച്ചർ

എപ്പോളും ചിരിച്ചുമാത്രം കണ്ടിട്ടുള്ള, നിയുക്ത പ്രിൻസിപ്പൽ കൂടിയായ ഈശ്വരിടീച്ചർ

ഒരിക്കൽപോലും ഞങ്ങളോട് ദേഷ്യപ്പെടാത്ത രാധാകൃഷ്ണൻ സാർ

എല്ലാ തല്ലുകൊള്ളിത്തരങ്ങളേയും സഹിച്ച് ഞങ്ങളെ ഫൈനലിയറിൽ മേച്ചുനടന്ന, ഞങ്ങൾക്കൊപ്പം കുടുംബസമേതം ടൂർ വന്ന ഞങ്ങളുടെ സ്വന്തം ശിവദാസ് സാർ

പിന്നെ ഒരു സർപ്രൈസ് ആയി വന്നത് ഞങ്ങളെ ഒരിക്കൽപോലും കണ്ടിട്ടുപോലുമില്ലാത്ത ദിവ്യടീച്ചർ

വന്ന അദ്ധ്യാപകരിൽ ഞങ്ങളെ വഴക്കുപറഞ്ഞവരുണ്ട്, മുങ്ങിയതിന് കയ്യോടെ പൊക്കിയവരുണ്ട്, ക്ലാസ്സിൽ നിന്ന് പുറത്താക്കിയവരുണ്ട്, വലതുകൈ കൊടുത്തത് ഇടതുകൈ അറിയാതെ സഹായിച്ചവരുണ്ട്.

പക്ഷേ അന്ന് ഞങ്ങളെക്കാൾ സന്തോഷം അവർക്കാണെന്നു തോന്നി.

ആരും ടീച്ചർമാരെ കാണുമ്പോൾ പണ്ടത്തെപ്പോലെ പലവഴി ചിതറി ഓടിയില്ല; മറിച്ച് അവരുടെ മുന്നിൽ ചെന്നുപെടാൻ മത്സരമായിരുന്നു - 'എന്നെ ഓർക്കുന്നോ' എന്നൊന്നു ചോദിക്കാൻ, ടീച്ചർമാർ പേരു മറന്നിട്ടില്ലെന്നറിയുമ്പോൾ അഭിമാനത്തോടെ ഒന്നു തലയുയർത്തിപ്പിടിക്കാൻ.

പിന്നെ നീണ്ട താടിയുള്ള വിജയേട്ടനുണ്ടായിരുന്നു. കോളേജിൽ എപ്പോൾ പോയാലും ആദ്യം ഓടിക്കേറുന്നത് വിജയേട്ടന്റെ റൂമിലായിരുന്നു. വിജയേട്ടനും ഇത് വിരമിക്കൽ വർഷമാണ്. പക്ഷേ വിജയേട്ടനില്ലാത്ത കെമിസ്ട്രി ലാബിനെപ്പറ്റി ഓർക്കാൻപോലും കഴിയില്ല.

ഞങ്ങൾ ഞങ്ങളെപ്പറ്റി സംസാരിച്ചു; കുറെ ചിരിച്ചു, ചിലരുടെ കണ്ഠമിടറി, കണ്ണുനിറഞ്ഞു, പഴയകാര്യങ്ങൾ ഓർമിപ്പിച്ചു പരസ്പരം കളിയാക്കി സായൂജ്യമടഞ്ഞു.

ടീച്ചർമാരും, വിജയേട്ടനുമെല്ലാം ഞങ്ങളെപ്പറ്റി നല്ലതുമാത്രം പറഞ്ഞു. അതവരുടെ സ്നേഹം കൊണ്ടാണെന്നും അത്രയൊന്നും ഞങ്ങൾ അർഹിക്കുന്നില്ലെന്നും ഞങ്ങൾക്കറിയാം. പക്ഷെ സന്തോഷത്തോടെ ആ നല്ലവാക്കുകൾ ഞങ്ങൾ സ്വീകരിച്ചു.

കുറേ ഫോട്ടോകളുമെടുത്തു. പക്ഷെ ഏറ്റവും നല്ല ചിത്രങ്ങൾ മനസ്സിലാണ് പതിഞ്ഞത് എന്നുപറയാതെ വയ്യ.

എല്ലാ നല്ലകാര്യങ്ങൾക്കും ഒരവസാനമുണ്ടല്ലോ.... വെയിലാറും മുൻപേതന്നെ എല്ലാവരും കൂടണയാൻ പോയി.

ഒരു ദുഃഖം മാത്രം ബാക്കിയായി....

എല്ലാത്തിനും ഒരുമിച്ച് കൂടെനിന്നിട്ടും, ഞങ്ങളെ തനിച്ചാക്കി വേദനകളില്ലാത്ത വേറൊരു ലോകത്തേക്ക് യാത്രയായ ശ്രീജിത്ത് എന്ന കൂട്ടുകാരൻ.

എനിക്കുറപ്പുണ്ട് അദൃശ്യനായി അവന്റെ ആത്മാവ് ഓരോ നിമിഷവും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു - എന്നത്തേയുംപോലെ ഓരോ കഥകൾ പറഞ്ഞുകൊണ്ട്, പൊട്ടിച്ചിരിച്ചുകൊണ്ട്.

****************************************************************************************************
പെട്ടെന്നൊരാവേശത്തിൽ തട്ടിക്കൂട്ടിയ പരിപാടിയാണ്. പക്ഷേ അതു വിചാരിച്ചതിലും മനോഹരമായി പര്യവസാനിച്ചു

പക്ഷേ മനസ്സിപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്

മഴപെയ്തു തോർന്നിട്ടും മരം പെയ്യുന്നതുപോലെ!

അത്യാഗ്രഹമാണ് ഇപ്പോൾ തോന്നുന്നത്

ഈ ഒറ്റത്തവണകൊണ്ട് ഇതവസാനിക്കരുത്

നമുക്കിനിയും വരണം ഇതുപോലെ; ഇത്തവണ വരാൻ പറ്റാത്ത മറ്റുള്ളവരേയും കൂട്ടിക്കൊണ്ട്

കാരണം അവർകൂടിയില്ലാതെ നമ്മുടെ ഓർമ്മകൾ പൂർണ്ണമാകുന്നില്ലല്ലോ


ജയന്തൻ എപ്പോഴും പാടാറുള്ള പാട്ടിലെ വരികൾ ഓർമ്മവരുന്നു

"വിടപറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നൂ

മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ..."

ഈ ഓർമ്മകൾ ശരിക്കും ഒരു മയിൽപ്പീലിയാണ്.

എന്നെങ്കിലും പെരുകുമെന്ന പ്രതീക്ഷയോടെ മനസ്സിന്റെ  പുസ്തകത്താളുകളിലെവിടെയോ രഹസ്യമായി നമുക്കോരോരുത്തർക്കും അതു സൂക്ഷിച്ചുവെക്കാം.