പൊതുവേ അങ്ങനെ രാഷ്ട്രീയപോസ്റ്റുകൾ വായിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല ഞാൻ. രാവിലെയും, ഉച്ചക്കും വൈകിട്ടും ഒന്നെന്ന നിലക്ക് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന ഫ്രണ്ട്ലിസ്റ്റിൽ പെട്ട കുറേപ്പേരെ സഹികെട്ട് 'അൺഫോളോ' ചെയ്തിട്ടുമുണ്ട്. വേറൊന്നുംകൊണ്ടല്ല; രാഷ്ട്രീയം ഓരോരുത്തരുടെയും സ്വകാര്യതയല്ലേ അതിങ്ങനെ ചെണ്ടകൊട്ടി വിളിച്ചുപറയേണ്ട ആവശ്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആകെ രാഷ്ട്രീയ വാർത്തകൾ മാത്രമായതുകൊണ്ട് പത്രത്തിലും, ടിവിയിലും, വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലേയും മിക്കവാറും വാർത്തകളും, വിഡിയോകളും വെറുതെ ഒന്നോടിച്ചുനോക്കാറേ പതിവുള്ളൂ. അസത്യങ്ങളും, അർദ്ധസത്യങ്ങളും വായിച്ച് രോമാഞ്ചം കൊള്ളുകയോ രോഷം കൊള്ളുകയോ ചെയ്യുന്നവരോട് പണ്ട് 'ചാക്കോമാഷ്' പറഞ്ഞതുപോലെ ആ നേരത്ത് വല്ല പതിനെട്ടാംപട്ട തെങ്ങുവെച്ചുകൂടെഎന്ന് മനസ്സിൽ പറയാറുമുണ്ട്.
കഴിഞ്ഞദിവസം ആകെ വിവാദമായ ഒരു വാർത്ത പലരും ഷെയർ ചെയ്തുകണ്ടു. മോഹൻ തോമസിന്റെ ഉച്ചിഷ്ടവും വേറെ ചില ഐറ്റംസും ഒരുനാണവുമില്ലാതെ വാരിവിഴുങ്ങിയവരെയെല്ലാം ഒരുകാലത്ത് ഇംഗ്ലീഷിൽ ചീത്ത പറഞ്ഞുവിറപ്പിച്ച, തൃശ്ശൂരിലെ സ്ഥാനാർത്ഥി ശ്രീ. സുരേഷ്‌ഗോപി ഗർഭിണിയായ ഒരു യുവതിയുടെ വയറിൽതൊട്ട് പ്രാർത്ഥിച്ചെന്നോ, അനുഗ്രഹിച്ചെന്നോ അങ്ങനെയെന്തോ വിവാദം. സുരേഷ്‌ഗോപി ചെയ്തത് തെറ്റായെന്നും ശരിയായെന്നും ആകെ ചേരി തിരിഞ്ഞു തർക്കത്തോട് തർക്കം. തർക്കത്തിൽ പക്ഷംചേരേണ്ട കാര്യമില്ലാത്തതുകൊണ്ട് ആ വാർത്ത ചുമ്മാ വായിച്ച് വിട്ടുകളഞ്ഞു. പക്ഷേ ഒരൽപ്പം നാണത്തോടെ ചിരിച്ചുനിൽക്കുന്ന ആ ഗർഭിണിയുടെ ചിത്രം ചിലതെല്ലാം ഓർമിപ്പിച്ചു.
അനിയനും ഞാനും തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും, അവൻ അമ്മയുടെ വയറ്റിലായിരിക്കുന്ന കാലമൊന്നും എന്റെ ഓർമ്മയിലില്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഗർഭിണിയുടെ വയർ ശരിക്കും അടുത്തുകാണുന്നത് ഒരുപക്ഷേ എന്റെ അമ്മായി രണ്ടാമത്തെ പ്രസവത്തിനായി തറവാട്ടിൽ വന്നു നിന്നപ്പോളായിരിക്കണം. ഞങ്ങളുടെ നാട്ടിലെ രീതിയനുസരിച്ച് സാധാരണ ഏഴാം മാസത്തിലാണ് സ്ത്രീകളെ പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു വരാറുള്ളത്. അപ്പോളേക്കും പുറമേക്ക് നന്നായി കാണാവുന്നവിധത്തിൽ വലിയ വയറൊക്കെ ആയിട്ടുണ്ടാകുമെന്നുള്ളതുകൊണ്ട് വല്ലാത്തൊരു കൗതുകമായിരുന്നു അതുകാണാൻ. വീട്ടിലേക്കു കൂട്ടികൊണ്ടു വരുന്നതിനുമുമ്പേ, കുട്ടികളായ ഞങ്ങളോട് വയറിനകത്തൊരു കുഞ്ഞുവാവയുണ്ട്, അതുകൊണ്ട് വയറിൽ ചാടാനോ, ഇടിക്കാനോ ഒന്നുംപാടില്ല കുഞ്ഞുവാവക്ക് വേദനയെടുക്കും, കുറച്ചുനാൾ കഴിയുമ്പോൾ കുഞ്ഞുവാവ പുറത്തുവന്നു നിങ്ങളുടെകൂടെ കളിക്കും എന്നൊക്കെപ്പറഞ്ഞു നേരത്തേ വീട്ടുകാർ ചട്ടംകെട്ടിയിട്ടുണ്ടാകും. എന്നിട്ടും ബെല്ലും ബ്രേക്കുമില്ലാതെ അകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നവർക്ക് കണ്ണുപൊട്ടുന്ന ചീത്തയും കിട്ടാറുണ്ട് - പ്രത്യേകിച്ച് അച്ഛച്ഛന്റെ കൈയിൽനിന്ന്.
പൊതുവേ ഈ ഗർഭകാലവും പ്രസവംകഴിഞ്ഞുള്ള ഏതാനും മാസങ്ങളും തറവാട്ടിൽ ആകെ തിരക്കുള്ള സമയങ്ങളാണ്. 'വയർ കാണാൻ' വരുന്ന ബന്ധുജനങ്ങളുടെ തിരക്ക്, വയർ കണ്ട് ഉള്ളിലുള്ളത് ആൺകുട്ടിയോ, പെൺകുട്ടിയോ എന്ന അഭിപ്രായപ്രകടനങ്ങൾ, അത് തെറ്റാണെന്നു ഉദാഹരണസമേതം സമർത്ഥിക്കുന്നവർ, ഗർഭിണിക്കുള്ള മരുന്നുകൾ, പ്രത്യേകമായി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്നിവ ഉണ്ടാക്കുന്ന തിരക്ക്, വരാൻപോകുന്ന അനുജനോ, അനുജത്തിക്കോ വേണ്ടിയുള്ള വേറെ പല ഒരുക്കങ്ങൾ അങ്ങനെപോകും ആ ലിസ്റ്റ്.
അന്ന് തറവാട്ടിൽ ടി വി ഒന്നുമില്ലാത്ത കാലമാണ്. അതുകൊണ്ടുതന്നെ വൈകുന്നേരത്തെ മേല്കഴുകൽ, അത്താഴം എന്നിവ കഴിഞ്ഞാൽ പൊതുവെ ആണുങ്ങളെല്ലാവരും ഉമ്മറത്തിരുന്നു ഞങ്ങൾ കുട്ടികൾക്ക് മനസ്സിലാകാത്ത എന്തെങ്കിലും വിഷയങ്ങളെപ്പറ്റിയുള്ള ചർച്ചകളായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികൾ മിക്കവാറും വല്ലിമ്മ, അമ്മ, അമ്മായിമാർ, ചെറിയമ്മമാർ അങ്ങനെ സ്ത്രീജനങ്ങളെല്ലാവരും കൂടുന്ന മുറിയിലായിരിക്കും. ഉറക്കംവന്ന് കണ്ണടഞ്ഞുപോകുന്നതിന്റെ മുൻപുള്ള ചെറിയ ഇടവേളയിൽ ഫുട്ബോൾ പോലിരിക്കുന്ന വയറിനെപ്പറ്റിയും, അകത്തുകിടക്കുന്ന കുഞ്ഞുവാവയെപ്പറ്റിയും ഭൂലോകമണ്ടത്തരങ്ങൾ ചോദിക്കാറുള്ളത് ഒരു പതിവായിരുന്നു. അതോടൊപ്പം കുഞ്ഞുവാവ ഉറങ്ങിയോ എന്നറിയാൻ അമ്മായിയുടെ വയറിൽ തൊട്ടുനോക്കുക, ചെവിവെച്ചുനോക്കുക അങ്ങനെ ചില കലാപരിപാടികളും നടക്കും. പലപ്പോഴും അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉള്ളിൽക്കിടക്കുന്ന ആൾ ചവിട്ടുക, കുത്തിമറയുക എന്ന സൂചനകൾകൊണ്ട് അന്വേഷണം വരവുവെക്കാറുമുണ്ട്. ഞാൻ തൊട്ടപ്പോൾ കുഞ്ഞുവാവ അനങ്ങി എന്ന അഭിമാനത്തോടെ അധികംവൈകാതെ ആരുടെയെങ്കിലും മടിയിൽ കിടന്നുറങ്ങിപ്പോകും എല്ലായ്‌പ്പോഴും.
സഹോദരിമാർ ഇല്ലാത്തതുകൊണ്ട് മുതിർന്നതിനുശേഷം അങ്ങനെ ഒരു ഗർഭകാലം മുഴുവനുമായി തൊട്ടടുത്തു കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഇല്ല. കുട്ടിക്കാലത്തെ കൗതുകങ്ങൾക്കപ്പുറം, ഗർഭം എന്ന അവസ്ഥയുടെ ആകുലതകളും, സന്തോഷങ്ങളും, ബുദ്ധിമുട്ടുകളും തൊട്ടടുത്തുനിന്ന് മനസ്സിലാക്കുന്നത് ഒരച്ഛനാകാനുള്ള തയ്യാറെടുപ്പിനിടയിലാണ്. കൈവെള്ളയിലൊതുങ്ങുന്ന ചെറിയൊരു ഉപകരണത്തിലെ രണ്ടു വരകൾ കണ്ടപ്പോളുണ്ടായ അഭിമാനമെന്നോ, സന്തോഷമെന്നോ വേർതിരിച്ചറിയാനാകാത്ത സമ്മിശ്രവികാരത്തിൽ നിന്നുതുടങ്ങി വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കൽക്കണ്ടത്തുണ്ടിനെ കൈയിലേറ്റുവാങ്ങുന്നതുവരെയുള്ള ഓരോ നിമിഷവും ഇന്നും ഒരൽപ്പംപോലും പൊടിയേൽക്കാതെ ഫ്രെയിം ബൈ ഫ്രെയിം മനസ്സിൽ അങ്ങനെ കിടക്കുന്നുണ്ട്.
ആദ്യത്തെ സ്കാനിങ്ങിൽ മനുഷ്യരൂപം എന്നു ഉറപ്പിച്ചുപറയാൻ വയ്യാത്ത അവസ്ഥയിൽനിന്ന്, അവസാന സ്കാനിങ്ങൊക്കെ ആകുമ്പോളേക്കും കൈയും തലയുമെല്ലാം വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ കുത്തിമറിഞ്ഞു കളിക്കുന്ന ഒരു കൊച്ചുമിടുക്കനെയോ മിടുക്കിയെയോ കാണാനാകും. അതുവരെയുള്ള ഏതാനും മാസങ്ങളുടെ ആ കാലയളവിൽ ഗർഭിണിയായ സ്ത്രീ മാത്രമല്ല അവരുടെ ഭർത്താവും കടന്നുപോകുന്ന ചില മാനസികാവസ്ഥകളുണ്ട്. തന്റെകൂടെ ജീവന്റെ ഭാഗമായ ഒരു കുഞ്ഞുജീവനെ ഉദരത്തിൽ വഹിക്കുന്നവൾ ഇഷ്ടപെട്ട ഒരു ഭക്ഷണംപോലും കഴിക്കാനാകാതെ ഛർദിച്ച് തൊണ്ടപൊട്ടി നിൽക്കുമ്പോൾ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചാഞ്ഞോ ചെരിഞ്ഞോ കിടക്കാൻപറ്റാതെ രാത്രിമുഴുവൻ ഉറക്കം നഷ്ടപ്പെട്ടു കിടക്കുമ്പോൾ, കഠിനമായ നടുവേദന കടിച്ചമർത്തുന്നതുകാണുമ്പോൾ, തൊട്ടടുത്തു കിടന്നുറങ്ങുന്ന ആളെ ഉണർത്താൻ മടിച്ച് വലിയ വയറും താങ്ങിപ്പിടിച്ച് രാത്രിയിൽ ഒരൽപ്പം ചൂടുവെള്ളമെടുക്കാൻ പോയി തിരിച്ചുവരുന്നതുകാണുമ്പോൾ, ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തിൻെറയോ, ബന്ധുവിന്റെയോ കല്യാണത്തിനുപോകാൻ സാധിക്കാതെ വീട്ടിൽവിളിച്ച് വിശേഷങ്ങൾ തിരക്കുന്നതുകാണുമ്പോൾ അങ്ങനെ ഒരുപാടൊരുപാടു സന്ദർഭങ്ങളിൽ നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നിട്ടുണ്ടാകും ഓരോ ഭർത്താവിനും. അതുകൊണ്ടൊക്കെത്തന്നെ ബാക്കിയുള്ള സമയത്ത് ഭാര്യ പറയുന്ന ആഗ്രഹങ്ങൾക്ക് വലിയ പരിഗണന കൊടുക്കാത്ത ഭർത്താക്കന്മാർക്കുപോലും, ആ സമയത്ത് ഭാര്യ എന്തെങ്കിലും ആവശ്യപ്പെട്ടാൽ എന്തു കഷ്ടപ്പാടു സഹിച്ചിട്ടായാലും അത് നടത്തിക്കൊടുക്കാൻ വല്ലാത്തൊരാവേശമായിരിക്കും. വേറൊന്നുംകൊണ്ടല്ല അവൾ കടന്നുപോകുന്ന ആ വേദനകളെ ഒരൽപ്പംപോലും ഏറ്റെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയെ അവളെ സന്തോഷിപ്പിക്കുന്നതിലൂടെ മറികടക്കാനുള്ള ഒരു വെറും ശ്രമം.
പൊതുവേ ഗർഭകാലത്ത് സ്ത്രീകൾക്ക് പല വിചിത്രമായ ആഗ്രഹങ്ങളും തോന്നാറുണ്ട്. പല ഹോർമോണുകളുടെയും കണ്ണുപൊത്തിക്കളികളുടെ ഒരു കാലം കൂടിയായതുകൊണ്ട് അതിൽ അസ്വാഭാവികത ഒന്നുമില്ല. പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ, തൻ്റെ ഭാര്യ ഗർഭവതിയായിരിക്കുമ്പോൾ സുരേഷ്ഗോപിയെയല്ല സാക്ഷാൽ അമിതാഭ് ബച്ചനെ കാണണമെന്നുപറഞ്ഞാലും, ഇനി അവരാരെങ്കിലും തന്റെ വയറിൽ കൈവെച്ച് പ്രാർത്ഥിക്കണമെന്നോ, അനുഗ്രഹിക്കണമെന്നോ പറഞ്ഞാലും ഒരു നിവൃത്തിയുമുണ്ടെങ്കിൽ അതു നടത്തിക്കൊടുക്കാനേ ഏതു ഭർത്താവും ശ്രമിക്കൂ. അതു രാഷ്ട്രീയമോ, മതപരമോ മറ്റെന്തെങ്കിലുമോ കാരണങ്ങൾകൊണ്ടോ, സുരേഷ്‌ഗോപിക്ക് അനുഗ്രഹിക്കാനുള്ള കഴിവുള്ളതുകൊണ്ടോ, ആ അനുഗ്രഹമേറ്റാൽ ജനിക്കുന്ന കുഞ്ഞ് ഡോക്ടർ അബ്ദുൽ കലാമായി മാറുമെന്ന് കരുതിയിട്ടോ അല്ല. മറിച്ച് തന്റെ ആഗ്രഹം നിറവേറിക്കഴിയുമ്പോൾ ഭാര്യയുടെ മുഖത്ത് ഭർത്താവ് കാണുന്ന ഒരു പുഞ്ചിരിയുണ്ട് - അത് ഒരൊന്നൊന്നര പുഞ്ചിരിയാണ്. അപ്പൊ നമുക്കുതോന്നും ലോകത്ത് ഇതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ലെന്നും, ആ ഒരു പുഞ്ചിരിക്കുവേണ്ടി ഇതല്ല ഇതിലപ്പുറവും ഇനിയും ഒരു മടിയുംകൂടാതെ ചെയ്യുമെന്നും.
ആർക്കും യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഈയൊരു ചെറിയ സംഭവം കാരണം സ്ഥാനാർത്ഥിയോ, പ്രവർത്തകയോ പോലുമല്ലാത്ത, ഒരു പരിചയവുമില്ലാത്ത പെൺകുട്ടിയെ 'പടക്കം' എന്നും 'പിഴച്ചവൾ' എന്നും യാതൊരു മടിയുമില്ലാതെ ചിലർ വിളിച്ച് പുളകം കൊള്ളുന്നതുകണ്ടപ്പോൾ ആത്മനിന്ദ തോന്നിപ്പോയി - ഞാൻകൂടി ഉൾപ്പെടുന്ന ഈ സമൂഹം ഇങ്ങനെയായിപ്പോയല്ലോ എന്നോർത്ത്. ഗർഭിണിയുടെ വയറിൽ തൊടുമ്പോൾ അന്യനായ ഒരു പുരുഷന് വികാരം പൊട്ടിയൊഴുകുമെന്നാണ് ചിലർ കരുതുന്നതെങ്കിൽ അത്തരക്കാരെ പറഞ്ഞിട്ടു കാര്യമില്ല. അത് മനസ്സിലാകണമെങ്കിൽ സെൻസും, സെൻസിബിലിറ്റിയും, സെൻസിറ്റിവിറ്റിയുമൊന്നും ഇല്ലെങ്കിലും എപ്പോളെങ്കിലും ഒരിക്കൽ ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന സ്ത്രീയോടൊപ്പം ഒന്നിരിക്കണം, അവർക്ക് എന്താണ് ആ സമയത്ത് തോന്നുന്നതെന്ന് ചോദിക്കണം, അവർ അനുവദിക്കുമെങ്കിൽ ആ വയറിൽ കൈവെച്ചോ ചെവിയോർത്തോ ഒരനക്കം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം - എന്നിട്ട് നിങ്ങൾ പറയൂ ആ സ്പർശത്തിലൂടെ നിങ്ങളവളെ മലീമസമാക്കിയോ എന്ന്.
ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമാണ് തിരഞ്ഞെടുപ്പുകൾ. നാമോരോരുത്തരും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനും, ആശയസംഹിതകൾക്കുംവേണ്ടി നിലകൊള്ളാൻ ഭരണഘടനാപരമായ സ്വാതന്ത്ര്യം നമുക്കുണ്ട്. ഓരോരുത്തരും അത് പൂർണമായും ഉപയോഗപ്പെടുത്തുക.
പക്ഷേ മറന്നുപോകരുത് നമ്മുടെ ഓരോരുത്തരുടേയും സ്വാതന്ത്ര്യം മറ്റുള്ളവരുടെ മൂക്കിൻത്തുമ്പിൽ അവസാനിക്കുന്നു എന്നത്. ഇനിയും പിറന്നുവീഴാത്ത ഒരു കുഞ്ഞിനെവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന വിധത്തിലേക്ക് താഴാതെ ആശയസംഘട്ടനങ്ങൾ നടക്കട്ടെ, നല്ല ചർച്ചകൾ നടക്കട്ടെ, നല്ല സ്ഥാനാർത്ഥികൾ വിജയിക്കട്ടെ.
എല്ലാവർക്കും വോട്ട് ദിന ആശംസകൾ!
വാൽക്കഷ്ണം: ഫേസ്ബുക്കിലും വാട്സാപ്പിലും രാഷ്ട്രീയ പോസ്റ്റിടൽ മാത്രം നടത്തി, ജീവിതത്തിൽ ഒരിക്കലും വോട്ടുചെയ്യാൻ മെനക്കെടാത്ത ചില മഹാന്മാരും മഹതികളുമുണ്ട്. അവരെ ഒന്നുകൂടെ ഓർമ്മിപ്പിക്കട്ടെ - മണ്ണുത്തിയിലെ കാർഷിക സർവ്വകലാശാലയിൽ നല്ലയിനം തെങ്ങിൻതൈകൾ, വാഴത്തൈകൾ എന്നിവ ഇപ്പോളും ലഭ്യമാണ്;-)
ഫേസ്ബുക്കിൽ കമെന്റുകളുടെ ഘോഷയാത്ര ഉള്ളതുകൊണ്ട് ഇവിടെ ആരും ...
ReplyDeleteബ്ലോഗിലെ കമെന്റിനോളം പ്രിയപ്പെട്ട മറ്റൊന്നുമില്ല. പിന്നെ ബ്ലോഗുകൾക്ക് പൊതുവെ കാറ്റുവീഴ്ചക്കാലമായതുകൊണ്ട് ആരെങ്കിലും വായിക്കട്ടെ എന്നുകരുതി ഫേസ്ബുക്കിൽ എടുത്തു പോസ്റ്റുന്നു എന്നുമാത്രം :-)
Deleteപക്ഷേ മറന്നുപോകരുത് നമ്മുടെ ഓരോരുത്തരുടേയും സ്വാതന്ത്ര്യം മറ്റുള്ളവരുടെ മൂക്കിൻത്തുമ്പിൽ അവസാനിക്കുന്നു എന്നത്. ഇനിയും പിറന്നുവീഴാത്ത ഒരു കുഞ്ഞിനെവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന വിധത്തിലേക്ക് താഴാതെ ആശയസംഘട്ടനങ്ങൾ നടക്കട്ടെ, നല്ല ചർച്ചകൾ നടക്കട്ടെ...
ReplyDeleteവായനക്ക് നന്ദി ഭായ്... കഷ്ടമെന്നേ പറയേണ്ടൂ ആശയസംഘട്ടനങ്ങളല്ല സങ്കുചിത അജണ്ടകളുടെ സംഘട്ടനമാണ് ഇന്ന് നടക്കുന്നത് :-(
Deleteഈ വിഷയത്തിൽ ഇത്ര വ്യക്തമായ ഒരു നിലപാടും പോസ്റ്റും വേറെ എങ്ങും വായിച്ചില്ല മഹേഷ്.. സുരേഷ് ഗോപി ഒരുപാട് നന്മകൾ ഉള്ള വ്യക്തി ആണ്..ഈ കാര്യത്തിൽ ഒരു തെറ്റും അദ്ദേഹം ചെയ്തില്ല.. നല്ല പോസ്റ്റ്.. ആശംസകൾ
ReplyDeleteനന്ദി ചേട്ടാ.. ശരിക്കും വല്ലാത്ത അമർഷവും സങ്കടവുമെല്ലാം തോന്നി ഈ വാർത്തയും അതിനെച്ചുറ്റിയുള്ള വിവാദങ്ങളും കണ്ടപ്പോൾ. സുരേഷ്‌ഗോപിയെ എന്തുവേണമെങ്കിലും പറയട്ടെ, ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ എതിർപ്പുകൾ ഒഴിവാക്കാനാകില്ല, ഇതുപോലെ പലതും കണ്ടും കേട്ടും സുരേഷ്‌ഗോപിയുടെ മനസ്സ് പക്വതയാർജ്ജിച്ചുകാണുകയും ചെയ്യും. പക്ഷേ ജീവിതത്തിൽ ഏറ്റവും സന്തോഷമായിരിക്കേണ്ട സമയത്ത് ഇത്രയും മാനസികപീഡനങ്ങൾ ഏറ്റുവാങ്ങത്തക്ക ഒരു തെറ്റും ആ പെൺകുട്ടി ചെയ്തിട്ടില്ല എന്നതാണ് സങ്കടം.
ReplyDeleteഇഷ്ടം മഹി ഈ പോസ്റ്റ്.. ഗര്‍ഭിണിയായൊരു സ്ത്രീയുടെ നിറവയറില്‍ സ്പര്ശിയ്ക്കുന്ന ഒരാള്‍ ആ സമയത്ത് മനുഷ്യനല്ല, ദൈവമാണ്. ദൈവത്തിന്റെ മനസ്സോടെയല്ലാതെ അത് ചെയ്യാന്‍ ഒരു മനുഷ്യനും കഴിയില്ല. ഇതിലും കൂടുതല്‍ എനിയ്ക്കിത് പറയാന്‍ അറിയില്ല മഹി.. ഞാന്‍ ഇതിന്റെ മറ്റൊരു വേര്‍ഷന്‍ എഴുതിയിട്ടുണ്ട്.ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ നിഷ്ക്കളങ്കയാവുന്നത് എപ്പോഴാണ് എന്നറിയാമോ എന്ന് തുടങ്ങുന്നൊരു പോസ്റ്റ്. സമയം പോലെ മഹി അതൊന്നു നോക്കൂ..
ReplyDeleteശരിയാണ് ശിവേച്ചീ, മനുഷ്യൻ ദൈവമായി മാറുന്ന അപൂർവ്വം അവസരങ്ങളിൽ ഒന്നാണത്. അതിനെപ്പോലും വികലമായ മനസ്സോടെ കാണുന്ന അവസ്ഥയിലേക്ക് ചിലർ അധപതിച്ചു എന്നുവെച്ചാൽ......
Deleteശിവേച്ചിയുടെ പോസ്റ്റ് ഞാൻ അന്നേ വായിച്ചതാണ്... ചേച്ചിയുടെ ബ്ലോഗിൽ ഞാൻ വായിക്കാത്ത ഒരു പോസ്റ്റ് ഉണ്ടാകാൻ തീരെ സാധ്യതയില്ല ;-)
'സ്പര്‍ശം ' എന്ന പേരില്‍ 2019 ജൂലൈ 19 ഇല്‍ ഞാന്‍ എഴുതിയ ആ ബ്ലോഗ് തുടങ്ങുന്നത് ഇങ്ങനെയാണ്... // ഒരു സ്ത്രീ ഏറ്റവുമധികം നിഷ്ക്കളങ്കയാകുന്നത് എപ്പോഴാണെന്ന് അറിയാമോ? പ്രസവവേദന കൊണ്ട് പുളഞ്ഞ് ലേബര്‍ റൂമില് കിടക്കുമ്പോള്‍.. ആ സമയം അവളൊരു പിഞ്ചു കുഞ്ഞിനെപ്പോലെ നിസഹായയും നിഷ്ക്കളങ്കയുമായിരിയ്ക്കും. പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന അവള്‍ക്ക് തന്റെ നഗ്നതയെക്കുറിച്ച് വേവലാതിയുണ്ടാവില്ല. തന്റെ അരികില്‍ നില്‍ക്കുന്ന ഡോക്ടര്‍ ആണായാലും പെണ്ണായാലും ആ നിമിഷങ്ങളില്‍ അവള്‍ക്ക് ലിംഗബോധമില്ല. ജീവന്‍ പറിഞ്ഞുപോകുന്ന വേദനയില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ അവള്‍ക്ക് മനുഷ്യനല്ല , ദൈവമാണ്. ദൈവത്തിന്റെ മുന്നില്‍ കിടക്കുന്ന ശിശുവിനെപ്പോലെ... വേദനിയ്ക്കുമ്പോ കരയാന്‍ മാത്രമറിയുന്ന നിഷ്ക്കളങ്കയായൊരു ശിശുവിനെപ്പോലെ...//
ReplyDeleteഒഹ് സോറി മഹി.. :) മഹിയത് വായിച്ചിട്ടുണ്ട് . കമന്റും ഇട്ടിട്ടുണ്ട്. ഇപ്പോഴാ ഓര്‍ത്തത്
ReplyDelete