Thursday 27 August 2020

ലോക്‌ഡൗൺ കർഷകശ്രീ

ലോക്ക്ഡൗണും വീട്ടിലിരിക്കലും ഒക്കെ ആയപ്പോൾ എന്തെങ്കിലും ചെയ്യണം എന്ന് ബല്ലാത്ത ഒരാഗ്രഹം. ആദ്യം കരുതി ഇപ്പോളത്തെ ട്രെൻഡ് അനുസരിച്ച് യൂട്യൂബ് ചാനൽ ഒരെണ്ണം തുടങ്ങാമെന്ന്. കാര്യം ഞാൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടാൽ കോവിഡ് വാക്സിന് വളന്റിയേഴ്സിനെ കിട്ടുന്നതിലും കഷ്ടമാണ് ലൈക്കോ, കമന്റോ കിട്ടാൻ എന്ന അവസ്ഥയാണെങ്കിലും, ഇനിയിപ്പോ വീഡിയോ വല്ലതും വൈറൽ ആയാൽ പിന്നെ ആരാധകരായി, ഇന്റർവ്യൂ ആയി, പ്രശസ്തിയായി, സാംസ്‌കാരിക നായക പദവിയായി, പ്രസ്താവനകളായി, അവാർഡ് നിരസിക്കലായി അങ്ങനെ ആകെ കോംപ്ലിക്കേഷൻസ് ഓഫ് കോംപ്ലിക്കേഷൻസ് ആകും. അടിസ്‌ഥാനപരമായി വിനയത്തിന്റെ അസുഖമുള്ളതുകൊണ്ട് ഇത്രയും പ്രശസ്തിയൊന്നും താങ്ങാൻ പറ്റില്ല. അതുകൊണ്ട് (അതുകൊണ്ടുമാത്രം) ആ പരിപാടി വേണ്ടെന്നുവെച്ചു.  

ഒരു കർഷകശ്രീ ആയാലോ എന്നായി പിന്നത്തെ ചിന്ത. ചാക്കോമാഷ് പറഞ്ഞ പതിനെട്ടാംപട്ട തെങ്ങു തന്നെ ഒരെണ്ണം അങ്ങ് വെച്ചാലോ എന്നാലോചിച്ചെങ്കിലും അതിനു ഞാൻ കുഴികുത്തി വരുമ്പോളേക്കും ആ തെങ്ങിൻതൈ വളർന്നു അതിൽനിന്ന് വിത്തുതേങ്ങ കിട്ടുന്ന കാലമാകും. അതുകൊണ്ട് അതും സ്വാഹാ.  ഒടുക്കം മാവ് നട്ടുപിടിപ്പിക്കാം എന്ന് തീരുമാനമായി. മാവ് നല്ലൊരു മരമാണ്. മാവിൽ പശുവിനെ കെട്ടാം, പശു നമുക്ക് പാൽ തരുന്നു, പാൽ നല്ലൊരു സമീകൃതാഹാരമാണ് അങ്ങനെ മാവിന്റെ ഗുണങ്ങളെപ്പറ്റി എഴുതാനാണെങ്കിൽ ഒരുപാടുണ്ട്. നാടൻ മാവൊക്കെ വെച്ചാൽ കായ്ക്കാൻ ഒരുപാടു കാലമെടുക്കുമല്ലോ, അതുകൊണ്ട് വെക്കുകയാണെങ്കിൽ ഒട്ടുമാവ് വെക്കുകയാണ് എന്നൊരു വിദഗ്ധോപദേശം കിട്ടി. മാവ് വെക്കുന്നു, വേണമെങ്കിൽ ഇടക്കെപ്പോഴെങ്കിലും പേരിന് ഇച്ചിരി വളമിട്ടുകൊടുക്കുന്നു, മൂന്നാം വർഷം മുതൽ വീട് മുഴുവൻ ചറപറാ മാങ്ങകൾ നിറയുന്നു, കണ്ണിമാങ്ങാ, കടുമാങ്ങ, ഉപ്പുമാങ്ങ അങ്ങനെ പലതരം അച്ചാറുകൾ, പിന്നെ മാങ്ങാത്തിര, മാംഗോ ജ്യൂസ്, ഷെയ്ക്ക്....ഹോ നമുക്കങ്ങു സുഖിക്കണം ദാസാ... 

എന്റെ ശല്യം സഹിക്കാനാകാതെ അനിയൻ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് ഒട്ടുമാവിൻതൈ വാങ്ങിക്കൊണ്ടുവന്നു. അല്ല ആർക്കായാലും മനഃസമാധാനമാണല്ലോ ഏറ്റവും വലുത്. പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ; യൂട്യൂബ് നോക്കി ഒട്ടുമാവ് നടുന്നതിന്റെ ശാസ്ത്രീയ രീതികൾ പഠിക്കുന്നു, പഠിച്ച ടിപ്‌സ് വർഷങ്ങളുടെ അനുഭവജ്ഞാനമുള്ള കർഷകനെപ്പോലെ ഭാര്യയെ പറഞ്ഞുകേൾപ്പിക്കുന്നു, ഇതൊന്നും അറിയില്ലേ എന്നുപറഞ്ഞു പുച്ഛിക്കുന്നു, മാവ് നടാനുള്ള സ്ഥലം നോക്കുന്നു, സേതുരാമയ്യർ മോഡലിൽ നാലഞ്ചുവാര അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, അങ്ങനെ ആകെ ബഹളം.എന്തായാലും ശാസ്ത്രീയമായ രീതിയിൽ കുഴിയെടുത്ത്, വളമെല്ലാം ഇട്ട് ആഘോഷമായി മാവിൻതൈ നട്ടു. ഗ്രാഫ്റ്റ് ചെയ്തഭാഗം ഒടിഞ്ഞു പോകാതിരിക്കാൻ പണ്ട് വെട്ടിക്കളഞ്ഞ മാവിന്റെ കൊമ്പ് ഒരു താങ്ങായി വെച്ചു. ഇനിയിപ്പോ നമ്മുടെ നോട്ടക്കുറവ് കൊണ്ട് ഒരു കുഴപ്പവും സംഭവിക്കരുത് എന്നുകരുതി രണ്ടുനേരവും വെള്ളവുമൊഴിച്ചുകൊടുത്തു. പക്ഷെ എന്ത് ചെയ്തിട്ടും മാവിൽ പുതിയ തളിരിലകൾ ഒന്നും വരുന്നില്ല. ഇനി എങ്ങാനും അടിവളം കുറഞ്ഞുപോയതാണോ എന്നുകരുതി ഒരുമാസം കഴിഞ്ഞപ്പോൾ തെങ്ങിനിടാൻ വാങ്ങിവെച്ചിരുന്ന വളത്തിൽ കുറച്ചെടുത്തും പ്രയോഗിച്ചു. എന്നിട്ടും മാവിൻതൈ ഒരു കൂസലുമില്ലാതെ 'എന്നോടോ ബാലാ' എന്നമട്ടിലാണ് നിൽക്കുന്നത്. മഴക്കാലമൊക്കെ ആകുമ്പോൾ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്നു കരുതി; അതും ചീറ്റിപ്പോയി. 

കേവലം ഒരു മാവിൻതൈയുടെ മുന്നിൽ തോറ്റുകൊടുത്താൽ മാനം കപ്പൽ കയറുമല്ലോ എന്നോർത്ത് ടെൻഷനോട് ടെൻഷൻ. അപ്പോഴാണ് എവിടെയോ വായിച്ചത് നമ്മൾ മനുഷ്യരെപ്പോലെ ചെടികൾക്കും, മരങ്ങൾക്കുമെല്ലാം ജീവനുണ്ട് അതുകൊണ്ടുതന്നെ നമ്മൾ സ്നേഹത്തോടെ പരിചരിച്ചാൽ അവരും അതിന്റെ സ്നേഹം തിരിച്ചുകാണിക്കും എന്നൊക്കെ. എന്നാപ്പിന്നെ അങ്ങന്യാക്കാം എന്നുകരുതി.  ഐൻസ്റ്റീനെയും എന്നെയുംപോലുള്ള പ്രതിഭകളുടെ പല ബുദ്ധിപരമായ നീക്കങ്ങളെയും പുച്ഛം കൊണ്ട് വീട്ടുകാരും, നാട്ടുകാരുംചേർന്ന് പൂട്ടികെട്ടുന്ന അത്ര രസകരമല്ലാത്ത  ഒരു ആചാരമുള്ളതുകൊണ്ട് സംഗതി രഹസ്യമാക്കിവെച്ചു. രാവിലെയും, വൈകിട്ടും മാവിൻതൈയിനോട് ഓരോ കുശലങ്ങളെല്ലാം പറഞ്ഞുതുടങ്ങി. ആദ്യത്തെ ദിവസം മാവിനോട് അൽപ്പം സ്വകാര്യം പറയാൻ മുട്ടുമടക്കി കുന്തിച്ചിരിക്കുന്നതുകണ്ടപ്പോൾ 'അയ്യേ നിനക്കു വല്ല ടോയ്‌ലെറ്റിലും പൊക്കൂടെ' എന്നമട്ടിൽ അച്ഛനൊരു നോട്ടം. മാനം നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് പിന്നെ അതല്ല ഇതാണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ അതോണ്ട് മിണ്ടാൻ പോയില്ല. ഭാര്യയാണെങ്കിൽ 'എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് നേരിട്ടു പറയൂ. എന്തിനാ ഒരു സിനിമയിലെ ഇന്നസെന്റിനെപ്പോലെ ചെടികളോടൊക്കെ പോയി ഓരോന്ന് പറയുന്നത്' എന്ന ലൈൻ. പോരാത്തതിന് ഒരുദിവസം സ്വന്തം വീട്ടിലേക്ക് വിളിച്ചപ്പോൾ 'ചേട്ടന് എന്തോ ചെറിയ പ്രശ്നമുണ്ട്. വീട്ടിൽ തന്നെ അടച്ചുപൂട്ടി ഇരുന്നു വല്ല ഡിപ്രെഷൻ ആയതാണോ..' എന്ന മട്ടിലൊരു ശബ്ദം താഴ്ത്തി സംസാരവും.  സംഗതി വിചാരിച്ചിടത്ത് നിൽക്കില്ല എന്ന് തോന്നിയപ്പോൾ, ഈ പരിപാടി അങ്ങവസാനിപ്പിക്കുന്നതാകും ബുദ്ധി എന്ന് മനസ്സ് പറഞ്ഞു. ഇത്രയും ദിവസം പൊന്നേ, പുന്നാരേ എന്നുവിളിച്ചിട്ടും തിരിഞ്ഞുനോക്കാത്ത മാവിൻതൈ ആണെങ്കിലും, വിടപറയൽ വികാരനിർഭരമാക്കിയേക്കാം എന്നുകരുതി. സാക്ഷാൽ തിലകൻ മോഡൽ "ഇനിയെങ്കിലും ഒന്ന് തളിരിടെടാ... നിന്റെ അച്ഛനാടാ പറയുന്നത്..." എന്ന് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് ഒരൊറ്റ പോക്കുപോന്നു. ഒരു മാവിൻ തൈയിന് ഇത്ര അഹങ്കാരമോ? അതും ദിവസവും ക്ലയന്റ് വിളിക്കുന്ന ചീത്തകൾ ഒരു അഭിനന്ദമെന്നു കരുതി പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഒരു ഐ ടി പ്രൊഫഷണലിനോട്? എന്നാൽ ഒന്ന് കാണണമല്ലോ. 

പടിയടച്ചു പിണ്ഡം വെച്ചെങ്കിലും അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ഇടയിളക്കം. എന്നാൽപ്പിന്നെ കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ഈ ആശാൻ അങ്ങ് ക്ഷമിച്ചേക്കാം എന്നുകരുതി. അങ്ങനെ വിശാലഹൃദയനായി ചെന്നപ്പോൾ കണ്ട കാഴ്ചയാണ് ദാ ഈ ഫോട്ടോയിൽ കാണുന്നത്. 


ആ ഇളം പച്ച നിറത്തിൽ ഇലയുമായി പൊടിച്ചു നിൽക്കുന്നത് നമ്മുടെ ഒട്ടുമാവിൻ തൈയിന് താങ്ങുകൊടുത്ത മാവിൻ കമ്പാണ്. കഥാനായകനാണെങ്കിൽ 'താങ്ങിനു ഇല കിളിർത്താൽ അതും ഒരു തണൽ' എന്ന പോളിസിയിലും. 

നട്ട മാവൊട്ട്‌ കിളിർത്തതുമില്ല  'നിന്റെ അച്ഛനാടാ പറയുന്നത്' എന്നൊക്കെ വലിയ വായിൽ പറഞ്ഞതുകൊണ്ട് ഈ അവിഹിത മാവ് സന്തതിയുടെ ഉത്തരവാദിത്തം മിക്കവാറും എന്റെ തലയിലാകുകയും ചെയ്യും. ഒരു യുവ കർഷകശ്രീയെ ഭാരതത്തിനു നഷ്ടപ്പെട്ടു അല്ലാതെന്താ.. 

ഫോട്ടോയെടുപ്പും കഴിഞ്ഞു യൂട്യൂബ് ഒന്ന് തുറന്നപ്പോൾ "അയ്യയ്യോ പണി പാളീലോ..." പാട്ട് ട്രെൻഡിങ് ആയി കാണിക്കുന്നു. എനിക്ക് ഡെഡിക്കേറ്റ് ചെയ്‌തെങ്ങാനും എഴുതിയതാണോ എന്തോ...  

Sunday 9 August 2020

ഒട്ടക മസാല

വലിയ കാര്യങ്ങളെക്കുറിച്ചോർത്തു പുകക്കാൻ മാത്രം ആൾത്താമസം തലയിൽ ഇല്ലാതിരുന്നതുകൊണ്ട് ആദ്യമായി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയപ്പോൾ രണ്ടേ രണ്ടു കാര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാന ആശങ്ക - ഒന്ന് - നൊസ്റ്റാൾജിയ, രണ്ട് - ഭക്ഷണം. ഇവിടെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും നൊസ്റ്റുവിന്റെ ആ കുത്തൽ കുറഞ്ഞു. എന്നാലും അതിങ്ങനെ ഇടക്കിടക്ക് തലപൊക്കി നോക്കും. ഉദാഹരണത്തിന്, ആരെങ്കിലും നല്ല സ്റ്റൈലൻ നാരങ്ങാ സോഡാ കുടിക്കുന്നതുകണ്ടാൽ എന്റെ നൊസ്റ്റാൾജിയ അതിന്റെ പാരമ്യത്തിലെത്തും. ഒടുക്കം പരീക്കുട്ടിയെ കണ്ട കറുത്തമ്മയുടെ മുഖഭാവത്തിൽ "ഹെന്റെ നാരങ്ങാസോഡ... ഹെന്റെ നാരങ്ങാസോഡ..." എന്നുപറഞ്ഞ് ഒരെണ്ണം വാങ്ങിക്കുടിച്ച് അങ്ങട് തൃപ്തിപ്പെടും.

നൊസ്റ്റാൾജിയയെ 'കടക്ക് പുറത്ത്' എന്നുപറഞ്ഞു മാറ്റി നിർത്തിയാലും,  മൂന്നുനേരമുള്ള ഭക്ഷണം ആർക്കായാലും ഒരു പ്രശ്നം തന്നെയാണ്. ബാച്ചിലർ ആയി, ഭാഷ പോലും അറിയാത്ത ഒരു നാട്ടിൽ നിൽക്കേണ്ടി വരുകയാണെങ്കിൽ പ്രത്യേകിച്ചും. തുടർച്ചയായി ഹോട്ടലുകളിൽ നിന്ന് കഴിച്ച് നാവ് മരവിക്കുകയും, വയർ പണിമുടക്കുകയും ചെയ്തു തുടങ്ങുമ്പോഴാണ് വീട്ടിലായിരുന്നപ്പോൾ വേണ്ടെന്നു പറഞ്ഞ് തള്ളിക്കളയാറുള്ള കൂട്ടാനുകളും, ഉപ്പേരികളും, പലഹാരങ്ങളുമെല്ലാം എത്ര സ്വാദിഷ്ടമായിരുന്നു എന്ന ബൾബ് നമ്മുടെ തലയിൽ കത്തുക. 

ഭാഗ്യവശാൽ, എനിക്ക് ഭക്ഷണകാര്യത്തിൽ അങ്ങനത്തെ ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നില്ല. കാരണം വലതുകാൽ വെച്ച് ചെന്നുകയറിയത് മൂന്നുനേരവും ഭക്ഷണം വെച്ച് കഴിക്കുന്ന നല്ല 'തറവാടി' ബാച്‌ലർ റൂമിൽ ആയിരുന്നു. പാചകം വശമില്ലാത്തതിനാൽ ആദ്യമൊക്കെ വിറകുവെട്ടലും, വെള്ളംകോരലും (അതായത് ഗ്ലാമർ കുറഞ്ഞ പാത്രം കഴുകൽ, അരി കഴുകൽ തുടങ്ങിയ പണികൾ) ആയിരുന്നെങ്കിലും പതിയെപ്പതിയെ പാചകകലയുടെ ലസാഗു(=ഓംലെറ്റ്), ഉസാഘ(=മോരുകറി)യുമൊക്കെ പഠിച്ച് വേണമെങ്കിൽ സാക്ഷാൽ അമ്പിസ്വാമിയെ തൊഴിൽരഹിതനാക്കാം എന്ന ആത്മവിശ്വാസത്തിലെത്തി (ചുമ്മാ ഒരു പഞ്ചിന് കിടക്കട്ടെന്നേ🙃). പിന്നീടങ്ങോട്ട് പച്ചക്കറികൾക്കു പുറമെ ജാതകവശാൽ ദീർഘായുസ്സില്ലാത്ത മീനുകൾ, കോഴികൾ, ആടുകൾ എന്നിവ പല രൂപങ്ങളിലും, ഭാവങ്ങളിലും  ഞങ്ങളുടെ തീന്മേശകളെയും ആമാശയങ്ങളെയും ധന്യരാക്കിക്കൊണ്ടിരുന്നു.  

കഷ്ടിച്ച് ലാംബി സ്‌കൂട്ടർ ഓടിക്കാൻ പഠിച്ചുകഴിഞ്ഞാൽ, ഇനി പൾസർ എടുത്തു ഒരു റൌണ്ട് അടിക്കണം എന്നൊരു മോഹം നമുക്ക് തോന്നാറില്ലേ? ഏതാണ്ട് അതുപോലെ സഹമുറിയനായ ഒരാൾക്ക് ഒരാഗ്രഹം - ഒട്ടകഇറച്ചി ഒന്ന് കഴിച്ചുനോക്കണം; അതും വീട്ടിൽ പാചകം ചെയ്ത്.  അക്കാലത്ത് (ഒരുപക്ഷേ ഇപ്പോഴും) ശിവാജി നഗർ എന്ന സ്ഥലത്ത് ഇറച്ചി വാങ്ങാൻ കിട്ടും. ആദ്യം കേട്ടപ്പോൾ അയ്യേ എന്ന് തോന്നിയെങ്കിലും, ഒരാളുടെ ആഗ്രഹമല്ലേ ശരിയാക്കാം എന്ന് ഞങ്ങളും സമ്മതിച്ചു. പുള്ളി പാചകത്തിൽ അൽപ്പം പുറകോട്ടായതുകൊണ്ട്, ഇറച്ചിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള പണം ചെലവാക്കിയാൽ മതി; പാചകം ഞങ്ങൾ ചെയ്യാമെന്നും ധാരണയായി. 

അങ്ങനെ ആ ചരിത്രദിനം വന്നെത്തി. നമ്മുടെ കഥാനായകൻ ജോലി കഴിഞ്ഞു രാത്രി പത്തുമണിയോടെയാണ് റൂമിലെത്തുക. ഒരു കുളിയും കഴിഞ്ഞു, ടി വിയും കണ്ടു ഭക്ഷണം കഴിക്കുമ്പോഴേക്കും ഞങ്ങൾ മിക്കവാറും ഉറങ്ങാറാണ് പതിവ്. എന്നാൽ ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതപ്പെടേണ്ട ദിവസമായതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിനായി കാത്തിരുന്നു. ഒരു സ്പോൺസറോട് തോന്നുന്ന ആ 'പ്രത്യേക' സ്നേഹം എന്നും വേണമെങ്കിൽ പറയാം. എന്തായാലും നായകനെത്തി സ്നേഹത്തോടെ ഞങ്ങൾ ചോറും, ഒട്ടക മസാലയും വിളമ്പി. രുചിച്ചുനോക്കിയതിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണങ്ങളും, ഞങ്ങളുടെ മറുപടികളും ഏകദേശം ഇപ്രകാരമായിരുന്നു.

"ഇതിങ്ങനെ ചെറിയ പീസ് ആയി വാങ്ങിയതാണോ? അതോ നിങ്ങൾ ചെറുതാക്കിയതോ?"

"കറി-കട്ട് എന്ന് പറഞ്ഞ് ഇങ്ങനെ വരുന്നതാ...."

"എല്ലൊന്നും ഇല്ലല്ലോ?"

"ബോൺലെസ്സ് വാങ്ങിയാൽ പിന്നെ എല്ലുണ്ടാകുമോ?"

"ഇത് ചിക്കന്റെയും, മട്ടണിന്റെയും പോലല്ല വേറൊരു തരം ടേസ്റ്റ് അല്ലേ?"

"അതുപിന്നെ ഓരോ ഇറച്ചിക്ക് ഓരോ ടേസ്റ്റ് അല്ലേടാ?"

"ചവക്കുമ്പോൾ ഒരുമാതിരി സ്പോഞ്ച് പോലെ. സത്യത്തിൽ അത്ര ടേസ്റ്റ് പോരാ"

"ഈ അറബികൾ തിന്നുന്നതല്ലേ.. അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി"

"ചിലപ്പോൾ നമുക്ക് വെച്ച് പരിചയമില്ലാത്തതുകൊണ്ടാകും അല്ലെ?"

"അതും ആവാം."

"ആ കാശ് പോയാലും ഒരാഗ്രഹം നടന്നു... അതുമതി"

"നീ ഇത്ര ചെറിയ ഒരാഗ്രഹം പറഞ്ഞിട്ട് അത് നടത്തിത്തന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ കൂട്ടുകാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം?"

അനന്തരം ആ പ്ളേറ്റ് കാലിയാകുകയും, കഥാനായകനും, സഹമുറിയന്മാരും നിദ്രയെ പുൽകുകയും ചെയ്തു. 
**********************************************************************************
വാൽക്കഷ്ണം: 'മീൽമേക്കർ' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന 'സോയ' ഒരിക്കൽ ദൈവസന്നിധിയിൽ പരാതിയുമായെത്തി. പ്രത്യേകിച്ച് മണമോ രുചിയോ ഒന്നുമില്ലാത്ത തന്നെ ആരും വലിയ വില കൽപ്പിക്കുന്നില്ല. ഒരിക്കലെങ്കിലും ഒരു തീൻമേശയിൽ ആളുകളുടെ പുച്ഛത്തിനു ഇരയാകാതെ അന്തസ്സോടെ ഇരിക്കാൻ തന്നെ അനുഗ്രഹിക്കണം. 

ദൈവം തുടർന്ന് ഇപ്രകാരം അരുളിച്ചെയ്തു 

"തഥാസ്തു!

മറ്റൊന്നിൻ ധർമ്മയോഗത്താൽ അതുതാനല്ലയോ ഇത് എന്ന് ആശങ്കയുളവാക്കും വിധം, ബാംഗ്ലൂരിലെ ഒരു തീന്മേശയിൽ ഒരു രാത്രി നീ അവതരിക്കും. നീ ആരെന്നോ എന്തെന്നോ  അറിയാത്ത ഒരു മനുഷ്യൻ ആവശ്യത്തിലധികം ബഹുമാനം നൽകി നിന്നെ ആഹാരമാക്കി സംതൃപ്തിയടയും" 

"പക്ഷെ പ്രഭോ ഇതൊന്നും ആരും അറിയുന്നില്ലെങ്കിൽ പിന്നെന്താ കാര്യം?"

"ഡോണ്ട് വറി. ഒരുപാടു വർഷങ്ങൾക്കുശേഷം ഈ ചതിക്കു കൂട്ടുനിന്നവരിൽ ഒരാൾ നിന്റെ വീരചരിതം ബ്ലോഗിൽ രേഖപ്പെടുത്തും ✋✋✋"

(ഇനി വേണമെങ്കിൽ പോസ്റ്റിന്റെ അവസാനഭാഗത്തുള്ള, നായകൻറെ ആ ഡയലോഗുകൾ ഒന്നുകൂടി വായിച്ചു നോക്കാവുന്നതാണ് 😉)