ഒരു കർഷകശ്രീ ആയാലോ എന്നായി പിന്നത്തെ ചിന്ത. ചാക്കോമാഷ് പറഞ്ഞ പതിനെട്ടാംപട്ട തെങ്ങു തന്നെ ഒരെണ്ണം അങ്ങ് വെച്ചാലോ എന്നാലോചിച്ചെങ്കിലും അതിനു ഞാൻ കുഴികുത്തി വരുമ്പോളേക്കും ആ തെങ്ങിൻതൈ വളർന്നു അതിൽനിന്ന് വിത്തുതേങ്ങ കിട്ടുന്ന കാലമാകും. അതുകൊണ്ട് അതും സ്വാഹാ. ഒടുക്കം മാവ് നട്ടുപിടിപ്പിക്കാം എന്ന് തീരുമാനമായി. മാവ് നല്ലൊരു മരമാണ്. മാവിൽ പശുവിനെ കെട്ടാം, പശു നമുക്ക് പാൽ തരുന്നു, പാൽ നല്ലൊരു സമീകൃതാഹാരമാണ് അങ്ങനെ മാവിന്റെ ഗുണങ്ങളെപ്പറ്റി എഴുതാനാണെങ്കിൽ ഒരുപാടുണ്ട്. നാടൻ മാവൊക്കെ വെച്ചാൽ കായ്ക്കാൻ ഒരുപാടു കാലമെടുക്കുമല്ലോ, അതുകൊണ്ട് വെക്കുകയാണെങ്കിൽ ഒട്ടുമാവ് വെക്കുകയാണ് എന്നൊരു വിദഗ്ധോപദേശം കിട്ടി. മാവ് വെക്കുന്നു, വേണമെങ്കിൽ ഇടക്കെപ്പോഴെങ്കിലും പേരിന് ഇച്ചിരി വളമിട്ടുകൊടുക്കുന്നു, മൂന്നാം വർഷം മുതൽ വീട് മുഴുവൻ ചറപറാ മാങ്ങകൾ നിറയുന്നു, കണ്ണിമാങ്ങാ, കടുമാങ്ങ, ഉപ്പുമാങ്ങ അങ്ങനെ പലതരം അച്ചാറുകൾ, പിന്നെ മാങ്ങാത്തിര, മാംഗോ ജ്യൂസ്, ഷെയ്ക്ക്....ഹോ നമുക്കങ്ങു സുഖിക്കണം ദാസാ...
എന്റെ ശല്യം സഹിക്കാനാകാതെ അനിയൻ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് ഒട്ടുമാവിൻതൈ വാങ്ങിക്കൊണ്ടുവന്നു. അല്ല ആർക്കായാലും മനഃസമാധാനമാണല്ലോ ഏറ്റവും വലുത്. പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ; യൂട്യൂബ് നോക്കി ഒട്ടുമാവ് നടുന്നതിന്റെ ശാസ്ത്രീയ രീതികൾ പഠിക്കുന്നു, പഠിച്ച ടിപ്‌സ് വർഷങ്ങളുടെ അനുഭവജ്ഞാനമുള്ള കർഷകനെപ്പോലെ ഭാര്യയെ പറഞ്ഞുകേൾപ്പിക്കുന്നു, ഇതൊന്നും അറിയില്ലേ എന്നുപറഞ്ഞു പുച്ഛിക്കുന്നു, മാവ് നടാനുള്ള സ്ഥലം നോക്കുന്നു, സേതുരാമയ്യർ മോഡലിൽ നാലഞ്ചുവാര അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, അങ്ങനെ ആകെ ബഹളം.എന്തായാലും ശാസ്ത്രീയമായ രീതിയിൽ കുഴിയെടുത്ത്, വളമെല്ലാം ഇട്ട് ആഘോഷമായി മാവിൻതൈ നട്ടു. ഗ്രാഫ്റ്റ് ചെയ്തഭാഗം ഒടിഞ്ഞു പോകാതിരിക്കാൻ പണ്ട് വെട്ടിക്കളഞ്ഞ മാവിന്റെ കൊമ്പ് ഒരു താങ്ങായി വെച്ചു. ഇനിയിപ്പോ നമ്മുടെ നോട്ടക്കുറവ് കൊണ്ട് ഒരു കുഴപ്പവും സംഭവിക്കരുത് എന്നുകരുതി രണ്ടുനേരവും വെള്ളവുമൊഴിച്ചുകൊടുത്തു. പക്ഷെ എന്ത് ചെയ്തിട്ടും മാവിൽ പുതിയ തളിരിലകൾ ഒന്നും വരുന്നില്ല. ഇനി എങ്ങാനും അടിവളം കുറഞ്ഞുപോയതാണോ എന്നുകരുതി ഒരുമാസം കഴിഞ്ഞപ്പോൾ തെങ്ങിനിടാൻ വാങ്ങിവെച്ചിരുന്ന വളത്തിൽ കുറച്ചെടുത്തും പ്രയോഗിച്ചു. എന്നിട്ടും മാവിൻതൈ ഒരു കൂസലുമില്ലാതെ 'എന്നോടോ ബാലാ' എന്നമട്ടിലാണ് നിൽക്കുന്നത്. മഴക്കാലമൊക്കെ ആകുമ്പോൾ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്നു കരുതി; അതും ചീറ്റിപ്പോയി.
കേവലം ഒരു മാവിൻതൈയുടെ മുന്നിൽ തോറ്റുകൊടുത്താൽ മാനം കപ്പൽ കയറുമല്ലോ എന്നോർത്ത് ടെൻഷനോട് ടെൻഷൻ. അപ്പോഴാണ് എവിടെയോ വായിച്ചത് നമ്മൾ മനുഷ്യരെപ്പോലെ ചെടികൾക്കും, മരങ്ങൾക്കുമെല്ലാം ജീവനുണ്ട് അതുകൊണ്ടുതന്നെ നമ്മൾ സ്നേഹത്തോടെ പരിചരിച്ചാൽ അവരും അതിന്റെ സ്നേഹം തിരിച്ചുകാണിക്കും എന്നൊക്കെ. എന്നാപ്പിന്നെ അങ്ങന്യാക്കാം എന്നുകരുതി. ഐൻസ്റ്റീനെയും എന്നെയുംപോലുള്ള പ്രതിഭകളുടെ പല ബുദ്ധിപരമായ നീക്കങ്ങളെയും പുച്ഛം കൊണ്ട് വീട്ടുകാരും, നാട്ടുകാരുംചേർന്ന് പൂട്ടികെട്ടുന്ന അത്ര രസകരമല്ലാത്ത ഒരു ആചാരമുള്ളതുകൊണ്ട് സംഗതി രഹസ്യമാക്കിവെച്ചു. രാവിലെയും, വൈകിട്ടും മാവിൻതൈയിനോട് ഓരോ കുശലങ്ങളെല്ലാം പറഞ്ഞുതുടങ്ങി. ആദ്യത്തെ ദിവസം മാവിനോട് അൽപ്പം സ്വകാര്യം പറയാൻ മുട്ടുമടക്കി കുന്തിച്ചിരിക്കുന്നതുകണ്ടപ്പോൾ 'അയ്യേ നിനക്കു വല്ല ടോയ്‌ലെറ്റിലും പൊക്കൂടെ' എന്നമട്ടിൽ അച്ഛനൊരു നോട്ടം. മാനം നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് പിന്നെ അതല്ല ഇതാണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ അതോണ്ട് മിണ്ടാൻ പോയില്ല. ഭാര്യയാണെങ്കിൽ 'എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് നേരിട്ടു പറയൂ. എന്തിനാ ഒരു സിനിമയിലെ ഇന്നസെന്റിനെപ്പോലെ ചെടികളോടൊക്കെ പോയി ഓരോന്ന് പറയുന്നത്' എന്ന ലൈൻ. പോരാത്തതിന് ഒരുദിവസം സ്വന്തം വീട്ടിലേക്ക് വിളിച്ചപ്പോൾ 'ചേട്ടന് എന്തോ ചെറിയ പ്രശ്നമുണ്ട്. വീട്ടിൽ തന്നെ അടച്ചുപൂട്ടി ഇരുന്നു വല്ല ഡിപ്രെഷൻ ആയതാണോ..' എന്ന മട്ടിലൊരു ശബ്ദം താഴ്ത്തി സംസാരവും. സംഗതി വിചാരിച്ചിടത്ത് നിൽക്കില്ല എന്ന് തോന്നിയപ്പോൾ, ഈ പരിപാടി അങ്ങവസാനിപ്പിക്കുന്നതാകും ബുദ്ധി എന്ന് മനസ്സ് പറഞ്ഞു. ഇത്രയും ദിവസം പൊന്നേ, പുന്നാരേ എന്നുവിളിച്ചിട്ടും തിരിഞ്ഞുനോക്കാത്ത മാവിൻതൈ ആണെങ്കിലും, വിടപറയൽ വികാരനിർഭരമാക്കിയേക്കാം എന്നുകരുതി. സാക്ഷാൽ തിലകൻ മോഡൽ "ഇനിയെങ്കിലും ഒന്ന് തളിരിടെടാ... നിന്റെ അച്ഛനാടാ പറയുന്നത്..." എന്ന് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് ഒരൊറ്റ പോക്കുപോന്നു. ഒരു മാവിൻ തൈയിന് ഇത്ര അഹങ്കാരമോ? അതും ദിവസവും ക്ലയന്റ് വിളിക്കുന്ന ചീത്തകൾ ഒരു അഭിനന്ദമെന്നു കരുതി പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഒരു ഐ ടി പ്രൊഫഷണലിനോട്? എന്നാൽ ഒന്ന് കാണണമല്ലോ.
പടിയടച്ചു പിണ്ഡം വെച്ചെങ്കിലും അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ഇടയിളക്കം. എന്നാൽപ്പിന്നെ കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ഈ ആശാൻ അങ്ങ് ക്ഷമിച്ചേക്കാം എന്നുകരുതി. അങ്ങനെ വിശാലഹൃദയനായി ചെന്നപ്പോൾ കണ്ട കാഴ്ചയാണ് ദാ ഈ ഫോട്ടോയിൽ കാണുന്നത്.
ആ ഇളം പച്ച നിറത്തിൽ ഇലയുമായി പൊടിച്ചു നിൽക്കുന്നത് നമ്മുടെ ഒട്ടുമാവിൻ തൈയിന് താങ്ങുകൊടുത്ത മാവിൻ കമ്പാണ്. കഥാനായകനാണെങ്കിൽ 'താങ്ങിനു ഇല കിളിർത്താൽ അതും ഒരു തണൽ' എന്ന പോളിസിയിലും.
നട്ട മാവൊട്ട് കിളിർത്തതുമില്ല 'നിന്റെ അച്ഛനാടാ പറയുന്നത്' എന്നൊക്കെ വലിയ വായിൽ പറഞ്ഞതുകൊണ്ട് ഈ അവിഹിത മാവ് സന്തതിയുടെ ഉത്തരവാദിത്തം മിക്കവാറും എന്റെ തലയിലാകുകയും ചെയ്യും. ഒരു യുവ കർഷകശ്രീയെ ഭാരതത്തിനു നഷ്ടപ്പെട്ടു അല്ലാതെന്താ..
ഫോട്ടോയെടുപ്പും കഴിഞ്ഞു യൂട്യൂബ് ഒന്ന് തുറന്നപ്പോൾ "അയ്യയ്യോ പണി പാളീലോ..." പാട്ട് ട്രെൻഡിങ് ആയി കാണിക്കുന്നു. എനിക്ക് ഡെഡിക്കേറ്റ് ചെയ്‌തെങ്ങാനും എഴുതിയതാണോ എന്തോ...
ഹഹ ഹാഹാഹാ ഒരു യുവ കർഷകശ്രീയെ ഭാരതത്തിനു നഷ്ടപ്പെട്ടു...!
ReplyDeleteഅതെ മുരളിയേട്ടാ... രാജ്യത്തിന് ഭാഗ്യമില്ല 😛😛😛
Deleteവായിച്ചതിന്... ❤❤❤
ലോകത്തിന് തന്നെ മാതൃകയാകുമായിരുന്ന കർഷകശ്രീയെ നഷ്ടപ്പെടുത്തിയ മാവിനോട് ക്ഷമിക്കാൻ പറ്റുവോ? രസകരമായി എഴുതി :) :)
ReplyDeleteഅത് തന്നെ അങ്ങനെ ക്ഷമിക്കാൻ പറ്റൂല.. 😉😉😉
Deleteവായനക്ക് നന്ദി മുബിച്ചേച്ചീ ❤