Wednesday 28 October 2020

'വർക്ക് ഫ്രം ഹോം' അപാരതകൾ

ഐ ടി മേഖലയിൽ ജോലിയെടുക്കുമ്പോൾ മാനസിക സമ്മർദ്ദം, രാത്രി ഷിഫ്റ്റ്, ശനിയും ഞായറും ജോലി അങ്ങനെ നൂറുകണക്കിന് കുഴപ്പങ്ങളുണ്ടെങ്കിലും ഒരനുഗ്രഹവും ഉണ്ടാകാറുണ്ട്. അതാണ് WFH എന്ന ഓമനപ്പേരിൽ ഞങ്ങൾ വിളിക്കാറുള്ള 'വർക്ക് ഫ്രം ഹോം'.  

ഇപ്പോൾ ലോകം മുഴുവനും വീട്ടിലായതുകൊണ്ട്  ഈ രീതി എല്ലാവർക്കും സുപരിചിതമായിരിക്കും. പക്ഷെ കൊറോണ വരുന്നതിനു മുൻപുള്ള കാലത്ത് അങ്ങനെയായിരുന്നില്ല. ആ സുവർണ്ണസുന്ദര കാലത്ത് 'As I will be suffering from fever and headache tomorrow.....' എന്ന മോഡലിൽ നീട്ടിവലിച്ചൊരു ഇ-മെയിലും അയച്ച്, മാനേജർ കാൺകെ ഒരു ചുമ, രണ്ടു തുമ്മൽ എന്നിവ അഭിനയിച്ച് (ഇപ്പോഴെങ്ങാനും ആയിരുന്നെങ്കിൽ മാനേജർ പേടിച്ച് ബോധം കെട്ടേനെ), ക്ലയന്റ് അയച്ച എസ്കലേഷൻസ് പുല്ലുപോലെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെ പുകഴ്ത്തി, അങ്ങനെ ഒരുപാടു കഷ്ടപ്പെട്ട് ഒപ്പിച്ചെടുക്കുന്ന ഒന്നായിരുന്നു ഈ 'വർക്ക് ഫ്രം ഹോം'. അതും വളരെ അപൂർവ്വം പ്രൊജക്ടുകളിൽ മാത്രമാണ് അനുവദനീയമായിട്ടുള്ളത്. അനുമതി കിട്ടുന്നതുവരെ പഞ്ചപുച്ഛമടക്കി നിൽക്കുമെങ്കിലും അത് കിട്ടിക്കഴിഞ്ഞാൽ ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ കെ കെ ജോസഫ് മോഡലിൽ, വർക്ക് ഫ്രം ഹോം കിട്ടാത്ത പ്രൊജക്ടുകളിലെ ഹതഭാഗ്യർക്കുനേരെ ഒരു ലോഡ് പുച്ഛവും വാരിവിതറി 'ഒരുവൻ ഒരുവൻ മുതലാളീ....' പാട്ടും മനസ്സിലോർത്ത് നെഞ്ചുവിരിച്ച് ഒരു നടപ്പുണ്ട്. അത് കാണുന്ന നിർഭാഗ്യവാന്മാർ "അല്ലെങ്കിലും വീട്ടിലൊന്നും ഇരുന്നു ജോലി ചെയ്യാൻ ഒരു സുഖമില്ല" എന്ന ഡയലോഗും കാച്ചി കാലമെത്ര കഴിഞ്ഞാലും മുന്തിരിയുടെ പുളി തെല്ലുപോലും കുറഞ്ഞില്ല എന്നോർമ്മിപ്പിക്കും.

വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും, ഞായറാഴ്ചകളിൽ തിരിച്ചും ഐലൻഡ് എക്സ്പ്രസിൽ ടിക്കറ്റ് കിട്ടുന്നത് സ്റ്റേറ്റ് ബാങ്കിന്റെ ഓ ടി പി കിട്ടുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് ഒരാഴ്ച ലീവിന് നാട്ടിൽ പോകുമ്പോൾ, മിക്കവാറും ലീവിന് മുൻപോ, ശേഷമോ ഉള്ള രണ്ടോ മൂന്നോ ദിവസം നാട്ടിലിരുന്ന് ജോലി ചെയ്യാറുണ്ട്. കാര്യം ഓഫീസിൽ കരഞ്ഞു കാലുപിടിച്ചിട്ട് ഒപ്പിക്കുന്നതാണെങ്കിലും വീട്ടിലും നാട്ടിലും കൊടുത്തിരിക്കുന്ന ബിൽഡപ്പ് അങ്ങനെയൊന്നുമല്ല. കമ്പനിയിലെ ഏറ്റവും മിടുക്കരും, വിശ്വസ്തരും,  സുമുഖരും, സുന്ദരന്മാരും പിന്നെ ഒരുപാടു സു.. സു... സു... യോഗ്യതകളുമുള്ള ജോലിക്കാർക്ക് മാത്രം കൊടുക്കുന്ന ഒരു വിശേഷ ആനുകൂല്യമാണ് ഈ സൗകര്യം, വേണമെങ്കിൽ എന്നും എനിക്കിങ്ങനെ ചെയ്യാം പക്ഷെ എന്നെ രണ്ടു ദിവസം കണ്ടില്ലെങ്കിൽ കമ്പനിയുടെ എം ഡി ക്ക് സങ്കടമാകുമല്ലോ എന്നാലോചിക്കുമ്പോൾ ഓഫീസിൽ പോകും എന്നൊക്കെ ജെസിബി വെച്ച് അങ്ങ് തള്ളി മറിക്കും.  പക്ഷേ ചില 'ബ്ലഡി പിന്തിരിപ്പൻസ്' എല്ലാ നാട്ടിലും ഉള്ളതുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും "ചെക്കന് പണിയൊന്നും ഇല്ലാന്ന് തോന്നണു. അല്ലാതെ വീട്ടിലിരുന്നൊക്കെ എങ്ങനെയാ  ജോലി ചെയ്യുക?" എന്ന്  ചോദിക്കും. പക്ഷേ നാട്ടുകാർ എന്തുപറഞ്ഞാലും വീട്ടുകാർക്ക് നമ്മൾ പറയുന്നതെല്ലാം പാമ്പൻ പാലത്തിനേക്കാൾ ഉറച്ച വിശ്വാസമാണ്. "അല്ലെങ്കിലും എന്റെ മോൻ പണ്ടേ മിടുക്കനാ... അതുകൊണ്ടല്ലേ വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന 'വലിയ' നിലയിൽ എത്തിയത്..." എന്നൊരു ഭാവം അവരുടെ മുഖങ്ങളിൽ ഇങ്ങനെ തെളിഞ്ഞുകാണാം. 

വർക്ക് ഫ്രം ഹോമിന് പാര വെക്കുന്നത് പ്രധാനമായും രണ്ടു വില്ലൻമാരാണ്. ഒന്ന് ഇന്റർനെറ്റ് - അക്കാലത്ത് വീട്ടിൽ BSNL ന്റെ ഡയൽ-അപ്പ് മോഡമാണ്‌. ബാംഗ്ളൂരിൽ നിന്ന് ട്രെയിനിൽ കയറുമ്പോൾ നാട്ടിൽ ആരോടെങ്കിലും അത് കണക്റ്റ് ചെയ്യാൻ പറഞ്ഞാൽ ട്രെയിൻ നാട്ടിലെത്തുമ്പോഴേക്കും ഭാഗ്യമുണ്ടെങ്കിൽ കണക്ഷൻ കിട്ടും. ഇതെല്ലാം കഴിഞ്ഞ് ഒരുകണക്കിന് ജോലി തുടങ്ങുമ്പോളാകും വീട്ടിലെ വൈദ്യുതി 'ഒരു ചായ കുടിച്ചിട്ട് ദിപ്പ വരാം' എന്ന മട്ടിൽ ഒരു പോക്കുപോകുന്നത്. പിന്നെ മിക്കവാറും ചായ കുടിയും, ഉച്ചയൂണും കൂടി കഴിഞ്ഞാകും കക്ഷി തിരിച്ചെത്തുന്നത്. കാര്യം പണിയൊന്നുമില്ലാതെ ഈച്ച ആട്ടി ഇരിക്കുന്ന ദിവസമാണെങ്കിൽ പോലും കറന്റ് പോയാൽ പിന്നെ ടെൻഷനോട് ടെൻഷൻ തന്നെ. എന്റെ ടെൻഷൻ കണ്ട് സഹിക്കാനാകാതെ ഉള്ള വസ്തുവെല്ലാം വിറ്റ് ഒരു ഡീസൽ വൈദ്യുതി നിലയം തുടങ്ങിയാലോ എന്നുവരെ അക്കാലത്ത് വീട്ടുകാർ ആലോചിച്ചിരുന്നു. 

'വർക്ക്' ചെയ്യാൻ നാട്ടിലെ 'ഹോം' എത്തിക്കഴിഞ്ഞാൽ, വീട്ടിലെ ഏറ്റവും സൗകര്യമുള്ള മുറി എനിക്കായി എല്ലാവരും ഒഴിഞ്ഞുതരും. പിന്നെ ജോലിയുടെ തളർച്ച മാറാൻ കൃത്യമായ ഇടവേളകളിൽ നാരങ്ങാവെള്ളം, ചായ, പലഹാരങ്ങൾ ഇത്യാദി വിഭവങ്ങൾ വന്നുകൊണ്ടേയിരിക്കും. ജോലി ചെയ്യാനിരിക്കുന്ന മുറിയിലേക്ക് ശബ്ദം വന്നാലോ എന്നുപേടിച്ച് വീട്ടിൽ ആരും  ടി വി, റേഡിയോ എന്നിവ വെക്കില്ല. എന്തിനധികം പറയുന്നു ഒന്ന് തുമ്മാൻ തോന്നിയാൽവരെ അച്ഛനും അമ്മയുമെല്ലാം വീടിന്റെ പുറത്തേക്കോടും. അങ്ങനെ ആകെ ബഹുമാനത്തിന്റെ, പരിഗണനയുടെ ആ ഒരന്തരീക്ഷം ഏതാണ്ട് ഏഷ്യാനെറ്റ് അവാർഡിന് പോയ ലാലേട്ടന്റെ പോലെ പരമാവധി ആസ്വദിച്ച് നിർവൃതി കൊള്ളുന്നതായിരുന്നു ശീലം. 

അങ്ങനെ ധൃതംഗപുളകിതനും, വിജൃംഭിതനും ആയി ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഈ കൊറോണ വന്നുപെട്ടതും, മെസ്സിയുടെ തൊഴിയേറ്റ ഫുട്ബോൾ പോലെ ഞങ്ങൾ ബാംഗ്ളൂരിൽ നിന്ന് നേരെ നാട്ടിൽ വന്നു ലാൻഡ് ചെയ്തതും. അതോടൊപ്പം ഒരുകാലത്ത് അമൂല്യമെന്നു കരുതിയ ഈ വർക്ക് ഫ്രം ഹോം സർക്കാരിന്റെ കിറ്റ് പോലെ എല്ലാ വീട്ടിലും എത്തുകയും ചെയ്തു. 'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും' എന്ന് പറയുന്നത് ഇക്കാര്യത്തിൽ അച്ചട്ടായി. വീട്ടിൽ ഭാര്യ, അമ്മ, അനിയൻ, ഞാൻ അങ്ങനെ നാലുപേർ ഒരേസമയം വർക്ക് ഫ്രം ഹോം. അതോടെ പണ്ടത്തെ രാജകീയ പരിഗണനക്ക് കുറച്ചു മങ്ങലേറ്റു. പതിയെപ്പതിയെ പണ്ടുണ്ടാക്കിവെച്ച ബിൽഡപ്പെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത് പോട്ടെ എന്നുവെച്ചു. "അല്ല നീ പണ്ട് പറഞ്ഞത് കമ്പനിയിലെ മിടുക്കന്മാർക്ക് മാത്രം കൊടുക്കുന്നതാണ് ഈ സൗകര്യം എന്നല്ലേ, ഒരു കൊറോണ വന്നപ്പോൾ എന്തുപെട്ടെന്നാ എല്ലാവരും മിടുക്കന്മാരായത് അല്ലേ.." എന്ന മോഡൽ ഗൂഗ്ലികൾ വീട്ടുകാരിൽ നിന്നു വന്നതോടെ പകച്ചുപോയി എന്റെ ബാല്യം. ഇപ്പോൾ സ്വന്തമായൊരു റൂം പോയിട്ട് സ്വന്തമായൊരു കസേര പോലും ഇല്ലാത്ത അവസ്ഥയാണ് വീട്ടിൽ. കിടപ്പുമുറിയിൽ നിന്ന് ഡ്രോയിങ് റൂമിലേക്കും, അവിടെ നിന്ന് സിറ്റ് ഔട്ടിലേക്കും കുടിയൊഴിക്കപ്പെട്ട ഞാൻ  ലാപ്ടോപ്പും ചാർജറും ഹെഡ്സെറ്റുമായി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം ഒരു ഭ്രാന്തനെപ്പോലെ ഇരിക്കാനൊരിടം തേടി എന്നും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം കേന്ദ്രസർക്കാരിന്റെ പരസ്യംപോലെ എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയം...സോറി...വർക്ക് ഫ്രം ഹോം എന്നമട്ടിൽ വെറുമൊരു തലയിണയോ, ഒഴിഞ്ഞ കടലാസ് പെട്ടിയോ വരെ വർക്കിംഗ് ടേബിൾ ആക്കിക്കൊണ്ട് ആർക്കും തോൽപ്പിക്കാനാകാത്ത ചന്തുവിനെപ്പോലെ പോരാട്ടവും തുടരുന്നു. അല്ലെങ്കിലും, നിലക്കാത്ത പോരാട്ടങ്ങളാണല്ലോ ഓരോ തൊഴിലാളിയുടെയും ജീവിതം അല്ലേ?  

അടിക്കുറിപ്പ്:- 

'ഗോ കൊറോണ ഗോ' എന്നലറി വിളിച്ചുകൊണ്ട് ഈയിടെയായി പലപ്പോഴും ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ടെന്ന അപവാദത്തെ പൂർണ്ണമായും തള്ളിക്കളയുന്നു! 

Sunday 18 October 2020

ഓർമ്മകളുടെ യാത്രകൾ


സ്വപ്നത്തിൽ ഞാനൊരു യാത്രപോയി - പണ്ടെങ്ങോ നടന്നുതീർത്ത വഴികളിലൂടെ.
പച്ചപ്പായൽ അരഞ്ഞാണം ചാർത്തിയ കുളത്തിൽ മുങ്ങാംകുഴിയിട്ട് ഒരു പൊടിമീനെ കൈക്കുമ്പിളിലെടുത്തോമനിച്ചാണ് യാത്ര തുടങ്ങിയത്. അവിടെനിന്നും നനഞ്ഞ കാലടികൾ അമർത്തി നടന്ന മൺവഴികളുടെ ചാരെ ചോരനിറമാർന്ന മഞ്ചാടിക്കുരുക്കളും, കണ്ണെഴുതി സുന്ദരിമാരായ കുന്നിക്കുരുക്കളും വീണു കിടന്നിരുന്നു. കൊതിതീരുംവരെ കുപ്പായക്കീശകളിൽ അതെല്ലാം വാരിനിറച്ച്, ചേമ്പിലയിൽ ഒരു മഞ്ഞുതുള്ളി തീർത്ത വൈഡൂര്യശോഭയിൽ മനം മയങ്ങി, വാനിൽ പാറിയ അപ്പൂപ്പൻതാടികളുടെ പിന്നാലെയോടുമ്പോൾ ലാങ്കിയുടെയും, ചെമ്പകപ്പൂവിന്റെയും ഗന്ധത്തിൽ മനം മയങ്ങിപ്പോയി. 

വേനൽവെയിലിന്റെ ചുംബനമേറ്റു തുടുത്ത കിളിച്ചുണ്ടൻ മാങ്ങയൊരെണ്ണം കല്ലെറിഞ്ഞു വീഴ്ത്തി, 'അണ്ണാറക്കണ്ണാ, തൊണ്ണൂറുമൂക്കാ' എന്ന് കൂട്ടുകാർക്കൊപ്പം ആർത്തുവിളിച്ച്, മാവിൽ വലിഞ്ഞു കയറി തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് പുതിയൊരു ലോകത്തെ കണ്ടു. പിന്നെ പുല്ലിൽ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൊണ്ടു കണ്ണെഴുതി, മണ്ണിരയെ കോർത്തൊരു ചൂണ്ടയിട്ട് മീൻപിടിച്ച് തിരികെ നടക്കുമ്പോഴാണ് വേനൽമഴ പെയ്തത്. പുതുമഴയിൽ തരളിതയായ മണ്ണിന്റെ മാദകഗന്ധം നുകർന്ന്, കൊതി തീരുംവരെ ആ മഴ നനഞ്ഞ്, മഴ തോർന്നു കഴിഞ്ഞപ്പോൾ മരം പെയ്തതും കൂടി നനഞ്ഞു നടന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു കുങ്കുമച്ചെപ്പു തട്ടിമറിഞ്ഞപ്പോൾ ചെളിമണം പേറുന്ന കാറ്റിനൊപ്പം തവളകളുടെ കച്ചേരി കേട്ടിരുന്നു. പിന്നീട്  കരിമ്പടച്ചൂടിൽ  അമൃതാഞ്ജൻ മണമുള്ള പുട്ടിൻകുടത്തിൽ നിന്നുയർന്ന ആവിയിൽ മുഖംപൂഴ്ത്തി വിരുന്നുവരാൻ ശ്രമിച്ച ജലദോഷത്തെ കുടഞ്ഞെറിഞ്ഞു. ഒടുവിൽ ആയിരം കാന്താരികൾ പൂത്തിറങ്ങിയ രാവിൽ അമ്മൂമ്മച്ചൂടിൽ ഉറക്കത്തിലേക്ക് വഴുതിവീണു. 'ഇരുട്ടുകണ്ണിയും മക്കളും' പേടിപ്പിക്കാതിരിക്കാനായിരിക്കണം എന്റെ ജനൽപ്പാളികളുടെ ഇത്തിരി വിടവിലൂടെ അകത്തുകടന്ന  മിന്നാമിന്നികൾ വെളിച്ചത്തിന്റെ ഒരായിരം സ്വർണത്തരികൾ തെളിച്ചത്.  

ഒടുവിൽ സ്വപ്നത്തിന്റെ ആ മഴവില്ല്  മാഞ്ഞുപോയി. പക്ഷെ എനിക്കിനിയും കൊതി തീർന്നിരുന്നില്ല. ഒരു ഉന്മാദിയായി നടന്നുതീർക്കാൻ വഴികളൊരുപാട് ബാക്കിയായിരുന്നു. ഉത്സവപ്പറമ്പിലെ തിരക്കിലൂടെ കപ്പലണ്ടി കൊറിച്ചുകൊണ്ട് ആൾക്കൂട്ടത്തിൽ ആരുമല്ലാതെ അലിഞ്ഞലിഞ്ഞ് പോകണം. ചാക്കിൽ നിറച്ചുവെച്ചിരിക്കുന്ന പൊരിയും ഈന്തപ്പഴവും വാങ്ങണം, തോക്കിലിട്ടു പൊട്ടാസ് പൊട്ടിക്കണം, മത്തങ്ങാ ബലൂണും, കുരങ്ങൻ ബലൂണും വാങ്ങണം, ദീപാരാധന തൊഴണം, നടയടച്ച് കഴിഞ്ഞിട്ടും കൽവിളക്കിൽ കെടാതെ കത്തുന്ന തിരികൾ ഊതിക്കെടുത്തി ആ മണം മൂക്കിൽ വലിച്ചുകയറ്റണം. രാത്രിയാകുമ്പോൾ വെറും മണലിൽ കുത്തിയിരുന്ന് ബാലെയും, നാടകവും കാണണം, ചില്ലുഗ്ലാസ്സിൽ പകർന്ന കട്ടൻകാപ്പികളിൽ ഉറക്കത്തെ ഒരു പടിക്കപ്പുറെ നിർത്താൻ ശ്രമിച്ച് പരാജയപ്പെട്ട് ആ മണലിൽ തന്നെ കിടന്നുറങ്ങണം. പൂരം കഴിഞ്ഞു പോകാൻ നിൽക്കുന്ന പാപ്പാനോട് ആനവാൽ ഒരെണ്ണം തരുമോ എന്ന്  കെഞ്ചണം. ഉറക്കംതൂങ്ങുന്ന കണ്ണുകളോടെ പിറ്റേന്ന് സ്കൂളിൽ പോകണം. ഒളിച്ചുകൊണ്ടുപോയ ലെൻസ് കൊണ്ടൊരു പേപ്പർ കത്തിക്കണം, എണ്ണമയമില്ലാത്ത തലമുടിയിൽ തെരുതെരെ സ്കെയിൽ ഉരച്ച് ഒരു പേപ്പർതുണ്ടിനെ നൃത്തം വെപ്പിച്ച് കൂട്ടുകാർക്കിടയിൽ വലിയ ആളാകണം, ഇടവേളകളിൽ ഗോലി കളിക്കണം, പല്ലൊട്ടിയും 'ബോംബെ പൂട'യും തിന്നണം. വാട്ടിയ ഇലയിൽ കെട്ടിക്കൊണ്ടുപോയ ചമ്മന്തിയും, മുട്ട പൊരിച്ചതും ചോറും ചേർത്ത് ഊണുകഴിക്കണം, വൈകുന്നേരങ്ങളിൽ പട്ടമടൽ ബാറ്റുകൊണ്ടു ക്രിക്കറ്റ് കളിക്കണം, കുയിലിന്റെ പാട്ടു കേൾക്കണം, കറന്റ് പോകുന്ന സന്ധ്യകളിൽ എല്ലാവരും ചേർന്ന് വട്ടമിട്ടിരുന്ന് അന്താക്ഷരി കളിക്കണം, ട്രാൻസ്‌പോർട്ട് ബസിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചുനിന്നു യാത്ര ചെയ്യണം, രാധാകൃഷ്ണയിൽ നിന്നൊരു മസാല ദോശയും, സഫയറിൽ നിന്നൊരു ബിരിയാണിയും കഴിക്കണം, ജോസേട്ടന്റെ കടയിലെ ഉപ്പുസോഡ കുടിക്കണം. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളുടെ വഴികൾ പരന്നുകിടക്കുന്നു പിന്നെയും. 

ഒടുവിൽ ആളൊഴിഞ്ഞ ബീച്ചിൽ കൈപ്പടം തലയണയാക്കിക്കിടന്ന് മനസ്സിനെ കെട്ടഴിച്ചു മേയാൻ വിടണം. എന്നിട്ട് സുഖമുള്ള ഈ ഓർമ്മകളുടെ  മയിൽപ്പീലിത്തുണ്ടുകൾ പെറുക്കിയെടുത്ത് ഒരു മണിച്ചെപ്പിൽ അടച്ചുവെക്കണം. 

എന്തിനെന്നോ? 

ആരും കാണാതെ ഇതുപോലെ ഇടക്കെടുത്തോമനിക്കാൻ.