പാതിവഴിയിൽ ഉപേക്ഷിച്ച തൂലിക മഷിയുണങ്ങി പണിമുടക്കി കിടക്കുന്നു, ബുദ്ധിയിലും, ഭാവനയിലും കട്ടപിടിച്ച ഇരുട്ടും. ഇതിൽ നിന്നെല്ലാം ഒരു ഒളിച്ചോട്ടമാണീ ബ്ലോഗ്. അതുമല്ലെങ്കിൽ, മറവിയുടെ കട്ടപിടിച്ച ഇരുട്ടിനുള്ളിൽ ഓർമകളുടെ മിന്നാമിനുങ്ങുവെട്ടം തിരയുന്നതുപോലൊരു സുഖം! തീക്ഷ്ണമായ വികാരങ്ങളാണ് പിന്നീടൊരു സാഹിത്യസൃഷ്ടിയായി പിറക്കുന്നതെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. അത്തരം സ്വാംശീകരണത്തിനുള്ള സിദ്ധി എനിക്കില്ലാത്തതുകൊണ്ട് ഇതൊരു മഹാസൃഷ്ടിക്കുള്ള ശ്രമമല്ല എന്ന് മുൻപേ പറയട്ടെ.
എന്തിനാണ് എഴുതുന്നത് എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. പക്ഷെ ഇന്നും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ അവശേഷിക്കുന്നു. ഒന്നുമാത്രമറിയാം - എഴുത്ത് ഒരനുഭവമാണ്, ലഹരിയാണ്, മനസ്സിന്റെ വിങ്ങലാണ്, ഇതിനെല്ലാമുപരി കോടിക്കണക്കായ നാഡീവ്യൂഹങ്ങളിൽ എവിടെയോ മയങ്ങിക്കിടക്കുന്ന സർഗ്ഗചേതനയുടെ കുഞ്ഞു വിസ്ഫോടനങ്ങളാണ്, എല്ലാത്തിനുമുപരി അതൊരു അനിവാച്യമായ അനുഭൂതിയാണ്.
ആരെങ്കിലും എന്നെങ്കിലും ഇത് വായിക്കുമോ എന്നെനിക്കറിയില്ല. എങ്കിലും ഉറക്കെ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ച കാര്യങ്ങൾ, എന്റെ സന്തോഷങ്ങൾ, സങ്കടങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം ഇവിടെ കോറിയിടാൻ ഞാനാഗ്രഹിക്കുന്നു. ഒരു ക്യാൻവാസിൽ പലതരം ചായങ്ങൾ കോരിയൊഴിച്ചതുപോലെ അത് അങ്ങിങ്ങു ചിതറി അടുക്കും ചിട്ടയുമില്ലാതെ കിടന്നേക്കാം. അതങ്ങനെവരാനേ തരമുള്ളൂ; കാരണം സമരസപ്പെടാൻ സമ്മതിക്കാത്ത ഒരു മനസ്സിന്റെ സംഘട്ടനങ്ങളാണ് ഈ കുറിപ്പുകൾ. അവ ചിലപ്പോൾ ഹൃദയത്തിനുള്ളിൽ കയറിനിന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു, മറ്റു ചിലപ്പോൾ എന്നെ പരിഹസിച്ചു, എന്നോട് കലഹിച്ചു അല്ലെങ്കിൽ എന്നെ വേദനിപ്പിച്ചു.
ഇന്നും തുടരുന്ന യാത്രയുടെ ഏതോ ഒരു കോണിൽ വെച്ചു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഈ 'വഴിയോരക്കാഴ്ചകൾ' എന്റെ കണ്ണീരും, വിയർപ്പും രക്തവുമായിരുന്നുവെന്ന്.
പാഥേയം എന്ന കവിതയിൽ ശ്രീ ഒഎൻവി എഴുതിയപോലെ,
"ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും
ഒരുനാൾ കവർന്നു പറന്നുപോവാൻ
നിഴലായി, നിദ്രയായ് പിൻതുടർന്നെത്തുന്ന
മരണമേ! നീ മാറിനിൽക്കൂ!
അതിനു മുമ്പതിനുമുമ്പൊന്നു ഞാൻ പാടട്ടെ
അതിലെന്റെ ജീവനുരുകട്ടെ!
അതിലെന്റെ മണ്ണു കുതിരട്ടേ , പിളർക്കട്ടെ,
അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ!"