ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയെല്ലാം കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതുകൊണ്ട് ഇടക്കിടക്ക് കോളേജിൽ പോകാറുണ്ട്. കൂട്ടുകാർക്കൊപ്പം വെറുതേ വാചകമടിച്ചിരിക്കുക, സിനിമക്കു പോകുക അങ്ങനെ സമയം കളഞ്ഞ് വൈകിട്ടോടെ വീട്ടിലെത്തുക എന്നതായിരുന്നു പല ദിവസങ്ങളിലേയും പ്രധാന കാര്യപരിപാടി. പോസ്റ്റ് ഗ്രാജുവേഷന് പെൺകുട്ടികൾ കുത്തകയാക്കിവെച്ചിരിക്കുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒന്നുപോലും കിട്ടില്ല എന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഒന്നുകിൽ തമിഴ്‌നാട്ടിലേയോ, കർണാടകയിലേയോ ഏതെങ്കിലും സ്വാശ്രയകോളേജുകളിൽ ചേരുക, അല്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് PSC/ബാങ്ക് കോച്ചിങ്ങിനു ചേരുക, ഏതെങ്കിലുമൊരു സർക്കാർ സഹികെട്ട് ഒരു ജോലി തരുന്നതുവരെ എല്ലാ പരീക്ഷകളും എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു പ്ലാനിലാണ് ഞാൻ നടന്നിരുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത അന്യസംസ്ഥാന കോളേജുകളെയും കോഴ്സുകളെയും കുറിച്ചുള്ള പത്രപരസ്യങ്ങളും, 'മത്സരവിജയി' പോലുള്ള പ്രസിദ്ധീകരണങ്ങളും 'പ്രയോറിറ്റി ലിസ്റ്റിൽ' ഇടം പിടിക്കുകയും ചെയ്തു.
അങ്ങനെയുള്ള ഒരു ദിവസം വെറുതേ മരത്തണലിൽ അംഗിരസ്, ചിന്തു, ശ്രീജിത്ത് എന്നിവർക്കൊപ്പം ഇരിക്കുമ്പോളാണ് ഇനിയെന്തു ചെയ്യണം എന്ന വളരെ സീരിയസായ ഒരു ചോദ്യം ചർച്ചയായത്. അപ്പോഴാണ് അംഗിരസ്സും, ശ്രീജിത്തും ബാംഗ്ലൂർ പോകാനാണ് പ്ലാൻ എന്നറിഞ്ഞത്. ബാംഗ്ലൂർ പോകുക, അവിടെ ചെന്ന് ആറുമാസം നീളുന്ന ഒരു കോഴ്‌സ് ചെയ്യുക, കോഴ്‌സ് കഴിഞ്ഞാൽ പഠിപ്പിക്കുന്ന സ്ഥാപനം തന്നെ നമുക്ക് എവിടെയെങ്കിലും ഒരു ജോലിയും ശരിയാക്കിത്തരും. കോഴ്സ് ഫീ അത്ര വലുത് എന്ന് പറയാനൊക്കില്ല, താമസത്തിനാണെങ്കിൽ അംഗിരസ്സിന്റെ പരിചയത്തിലുള്ള ഒരു ചേട്ടന്റെ റൂം ഉണ്ടുതാനും. കേട്ടപ്പോൾത്തന്നെ ആകെ പുളകിതനായിപ്പോയി. ഞാനാണെങ്കിൽ അക്കാലംവരെ തൃശ്ശൂരിനു പുറത്ത് ഒറ്റക്കെവിടേയും താമസിച്ചിട്ടില്ല, അതുകൊണ്ടുതന്നെ സിനിമയിലൊക്കെ കണ്ടുകൊതിച്ചിട്ടുള്ള ബാംഗ്ലൂർ പോലൊരു വലിയ സിറ്റിയിൽപ്പോയി താമസിക്കുക - അതും അടുത്ത കൂട്ടുകാർക്കൊപ്പം, വെറും ആറുമാസംകൊണ്ട് ജോലിക്കാരനാകുക, ജോലി കിട്ടി രണ്ടോ മൂന്നോ മാസത്തെ ശമ്പളംകൊണ്ടുതന്നെ കൊടുത്ത ഫീസ് മുതലാക്കുക അങ്ങനെ ആലോചിച്ചപ്പോൾ മൊത്തം പോസിറ്റീവായ കാര്യങ്ങൾ മാത്രം. കൂടുതലൊന്നും ആലോചിക്കാതെ വീട്ടിൽനിന്ന് അനുവാദംവാങ്ങി ഞാനും കൂടാം എന്നുറപ്പുകൊടുത്താണ് അന്ന് പിരിഞ്ഞത്. വീട്ടിലേക്കുള്ള മടക്കയാത്രയിൽ മുഴുവൻ "എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നേ" എന്ന അശരീരിയായിരുന്നു മനസ്സുമുഴുവൻ.
ആദ്യമായി ബാംഗ്ലൂരെത്തിയതും, കോഴ്സ് തീരുന്നതുവരെ എല്ലാവരുമൊരുമിച്ചുള്ള ഒരുപാടു തമാശകളും, മണ്ടത്തരങ്ങളുമെല്ലാം എഴുതാൻ ഒരുപാടുണ്ട്. അതുകൊണ്ട് തൽക്കാലം അതിനു മുതിരുന്നില്ല. എന്തായാലും കോഴ്സ് തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾത്തന്നെ ആദ്യം വിചാരിച്ചതുപോലല്ല, ജോലി വേണമെങ്കിൽ സ്വയം കണ്ടുപിടിക്കേണ്ടിവരും എന്ന് മനസ്സിലായി. പഠിച്ചത് മുഴുവൻ മലയാളം മീഡിയത്തിൽ ആയതുകൊണ്ട് സ്വാഭാവികമായും ഇംഗ്ലീഷിൽ എന്തെങ്കിലും കുറച്ചു സംസാരിക്കാൻതന്നെ പേടിയുള്ള കാലം. ഒരു ഇന്റർവ്യൂ മുഴുവനായി ഇംഗ്ലീഷിൽ അറ്റൻഡ് ചെയ്യുന്നത് ആലോചിക്കുന്നതിനും അപ്പുറമായിരുന്നു. ദിവസവും ഇംഗ്ലീഷ് പത്രം വായിച്ചാൽമതി, ബിബിസി പോലുള്ള ഇംഗ്ലീഷ് ചാനലുകൾ കണ്ടാൽമതി എന്നിങ്ങനെയുള്ള പല ഉപദേശങ്ങളും പിന്തുടരാൻ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. കൂടെ പഠിക്കുന്നവർ അന്യസംസ്ഥാനക്കാരായതുകൊണ്ടും, ഹിന്ദിയും, കന്നഡയും, തെലുങ്കുമൊന്നും അൽപ്പംപോലും വശമില്ലാത്തതുകൊണ്ടും തീരെ നിവൃത്തിയില്ലാതെ തട്ടിയും മുട്ടിയും കുറച്ചൊക്കെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചുതുടങ്ങി.
എന്തായാലും ഇന്റർവ്യൂ പേടി മാറാനുള്ള ഏകവഴി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക എന്നതുമാത്രമാണ് എന്ന് മനസ്സിലായി. അതിനുള്ള ആദ്യ കടമ്പ നല്ലൊരു റെസ്യൂമെ ഉണ്ടാക്കുക എന്നതായിരുന്നു. ഭാഗ്യത്തിന് അടുത്തുള്ള ഇന്റർനെറ്റ് കഫെയിലെ കംപ്യൂട്ടറിൽനിന്ന് ആരുടെയോ ഒരു റെസ്യുമെയുടെ കോപ്പി കിട്ടി. ആവശ്യമായ വെട്ടിത്തിരുത്തലുകൾ നടത്തി അങ്ങനെ നാലുപേരും റെസ്യൂമെ ഉണ്ടാക്കി. 'ഒൻപതുപേരവർ കൽപ്പണിക്കാർ..... ഓരമ്മപെറ്റവരായിരുന്നു' എന്നുപറഞ്ഞതുപോലെ, നാലു റെസ്യൂമേകളും ഒരേപോലെ തോന്നിച്ചു. അന്ന് ആകെ ശ്രീജിത്തിനുമാത്രമാണ് മൊബൈൽഫോൺ ഉള്ളത്. അതുകൊണ്ട്, കോണ്ടാക്ട് നമ്പർപോലും റെസ്യൂമേകളിൽ മാറ്റമില്ലായിരുന്നു.
കൂട്ടത്തിലെ ഏറ്റവും ഉത്സാഹിയായ ചിന്തു എന്നും രാവിലെ പത്രത്തിൽനിന്ന് അന്ന് പോകാനുള്ള ഇന്റർവ്യൂ ലിസ്റ്റ് ഉണ്ടാക്കും. കമ്പനി ചെറുതോ, വലുതോ എന്നുനോക്കാതെ കാണുന്ന എല്ലാ ഇന്റർവ്യൂവും അറ്റൻഡ് ചെയ്യുക എന്നതായിരുന്നു അന്നത്തെ ഒരു ലൈൻ. ജോലിക്കെടുത്തില്ലെങ്കിലും ആളുകളെ ഫേസ് ചെയ്യുക, ഇംഗ്ലീഷിൽ സംസാരിക്കുക, എന്തുതരം ചോദ്യങ്ങളാണ് ചോദിക്കുക എന്നു മനസ്സിലാക്കുക ഇതൊക്കെയായിരുന്നു ഉദ്ദേശം. ആദ്യമാദ്യം കിട്ടിയതെല്ലാം തീരെ ചെറിയ കമ്പനികളിലെ ഇന്റർവ്യൂകൾ ആയിരുന്നു. അതിൽ മിക്കവാറും എണ്ണം കന്നഡ അറിയില്ല എന്ന് പറഞ്ഞപ്പോൾത്തന്നെ സമയം കളയേണ്ട സ്ഥലം വിട്ടോളൂ എന്നുപറഞ്ഞു. വേറെ ചിലതൊക്കെ ആദ്യംതന്നെ കൺസൾട്ടൻസിക്ക് പണംകൊടുക്കണം എന്നുപറഞ്ഞപ്പോൾ ഞങ്ങളും വേണ്ടെന്നുവെച്ചു.
അങ്ങനെ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ ഇരിക്കുമ്പോളാണ് ബുധനാഴ്ചയിലെ പത്രപരസ്യത്തിൽ ഒരു BPO ഇന്റർവ്യൂവിന്റെ പരസ്യം കണ്ടത്. ഐ ടി കമ്പനിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു 'വോയിസ് പ്രോസസ്സ്' ആണ്. എന്നുവെച്ചാൽ അമേരിക്കയിലുള്ള സായിപ്പ് ഫോണിൽവിളിച്ച് പറയുന്ന ചീത്ത മുഴുവൻ യാതൊരു ഉളുപ്പുമില്ലാതെ കേട്ട്, ഇംഗ്ലീഷിൽ മണിമണിയായി താങ്കൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു (പണ്ടു ദൂരദർശനിൽ ചിത്രഗീതം കണ്ടുകൊണ്ടിരിക്കുമ്പോൾ 'രുക്കാവത്ത് കേ ലിയേ ഖേദ് ഹേ' എന്നെഴുതിക്കാണിക്കുന്നപോലെ) എങ്ങനെയാണ് ഞങ്ങൾക്ക് താങ്കളെ സഹായിക്കാൻ കഴിയുക എന്നു ചോദിച്ച് സായിപ്പിന്റെ ഉള്ള ടെമ്പർ കൂടി തെറ്റിച്ച് ബാക്കിയുള്ള ചീത്തകൂടി വാങ്ങിക്കൂട്ടുക, ഒടുക്കം സഹികെട്ട് എന്താണ് വേണ്ടതെന്ന് സായിപ്പ് പറഞ്ഞുകഴിയുമ്പോൾ അല്ലയോ മഹാനുഭാവാ താങ്കളെ (ഇതുപോലെ) തുടർന്നും സഹായിക്കുന്നതിന് ആദ്യമായി ക്രെഡിറ്റ് കാർഡ് നമ്പർ തന്നാലും എന്നുപറഞ്ഞ് അതും വാങ്ങിയെടുത്ത് സംസാരിച്ച ഓരോ മിനുറ്റിനും നല്ലൊരു ബില്ലടിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് പണി.
പരസ്യം കണ്ടപ്പോൾ ആദ്യം മടിയാണ് തോന്നിയത്. ഒന്നാമത് കാൾ സെന്റർ, BPO പോലുള്ള ജോലികൾ ചെയ്യാൻ ഞങ്ങൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല (അല്ലാതെ ഇത്തരം കമ്പനികൾ ഞങ്ങളെ ജോലിക്ക് എടുക്കാത്തതുകൊണ്ടല്ല), പിന്നെ ഇന്റർവ്യൂ നടക്കുന്ന സ്ഥലം ഒരുപാടു ദൂരെയുമാണ്. എന്തായാലും ആദ്യമായി ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഇന്റർവ്യൂ കിട്ടുന്നതാണ് അത് വേണ്ടെന്നുവെച്ചാൽ അഹങ്കാരമായിപ്പോകില്ലേ എന്നൊരു ശങ്കയും, വരുന്നതുവരട്ടെ നമുക്ക് പോയിനോക്കാമെന്ന ആത്മവിശ്വാസവും ചേർന്നപ്പോൾ പോകാമെന്ന് തീരുമാനമായി. രാവിലെ കയ്യിൽകിട്ടിയ ഷർട്ടും പാന്റ്സും എടുത്തിട്ട് കോളേജിൽ പോകാറുള്ളതുപോലെയല്ല; ഒരു ഇന്റർവ്യൂ ആകുമ്പോൾ അതിന്റേതായ സ്റ്റൈലിൽവേണം പോകാൻ എന്നാണല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും ഇസ്തിരിയിട്ടു കുട്ടപ്പനാക്കിയ ഷർട്ടും, പാന്റ്സും പളപളാ തിളങ്ങുന്ന മട്ടിൽ പോളിഷ് ചെയ്ത ഷൂസും, ശിവാജിനഗറിൽനിന്ന് ഒന്നെടുത്താൽ രണ്ട്, രണ്ടെടുത്താൽ മൂന്ന് എന്ന ഓഫറിൽ വാങ്ങിയ ബെൽറ്റും വലിച്ചുകയറ്റി റെസ്യൂമേയുടെയും, സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോകോപ്പികൾ, പാസ്പോർട്ട്സൈസ് ഫോട്ടോകൾ, പേന, ഐഡന്റിറ്റി പ്രൂഫ് എന്നിവ ഒരു ബാഗിലും എടുത്ത് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.
കമ്പനിയുടെ ഗേറ്റ് കടന്നപ്പോൾത്തന്നെ ധൈര്യം ആവിയായി. പല നിലകളുള്ള, കണ്ണാടിക്കൂടാരം പോലെയുള്ള ഒരു ഗമണ്ടൻ ഓഫീസ്, ഒരു ഫുട്ബോൾ കളിക്കാൻ വലുപ്പമുള്ള റിസപ്ഷൻ, വിലകൂടിയ കസേരകൾ, ശബ്ദമില്ലാതെ വെച്ചിരിക്കുന്ന ടി വി, എന്നിങ്ങനെ ആകപ്പാടെ പണ്ടെപ്പോഴോ കാസിനോ ഹോട്ടലിൽ കയറിയപ്പോൾ തോന്നിയ അതേ ഫീൽ. ബോംബ് വെക്കാൻ വേഷംമാറിവന്ന ബിൻലാദനോ മറ്റോ ആണോ എന്ന സംശയമുള്ളതുകൊണ്ടാണോ എന്നറിയില്ല, അടിമുടി പരിശോധനയെല്ലാം കഴിഞ്ഞാണ് അകത്തേക്ക് കടത്തിവിട്ടത്. പതിവനുസരിച്ച് അകത്തുകയറിയ ഉടനെ ആദ്യം കണ്ട ആളുടെനേരെ റെസ്യുമെ എടുത്തു നീട്ടിയെങ്കിലും തൽക്കാലം അതെല്ലാം കൈയിൽത്തന്നെ വെച്ചിട്ട്, വന്നകാലിൽ നിൽക്കാതെ അകത്തെ മുറിയിൽ കയറിയിരിക്കാൻ പറഞ്ഞു. അകത്തുകയറിയപ്പോളാകട്ടെ ഒരു പൂരത്തിനുള്ള ആളുണ്ട്. ഉള്ള കസേരകൾ നിറഞ്ഞതുകൊണ്ട് പുതിയ കസേരകൾകൊണ്ടിട്ടു. കിട്ടിയ ഗ്യാപ്പിൽ ഭാഗ്യത്തിന് ഞങ്ങളും സീറ്റ് ഒപ്പിച്ചു. അതും നിറഞ്ഞതുകൊണ്ട് പിന്നീട് വന്നവരോട് തല്ക്കാലം വേറൊരു റൂമിൽ പോയിരിക്കാനും ഈ ഇരിക്കുന്നവരുടെ കാര്യം ഒരു തീരുമാനമാക്കിയതിനു ശേഷം നിങ്ങളെ വിളിക്കാമെന്നും ആരോ പറയുന്നത് കേട്ടു. അതോടെ രണ്ടു കാര്യങ്ങൾ ബോധ്യമായി. ഒന്ന് ഇന്ത്യയിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്നും, രണ്ട് നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന - അറ്റ് ലീസ്റ്റ് അങ്ങനെ വിശ്വസിക്കുകയെങ്കിലും ചെയ്യുന്ന - ഒരുപാടാളുകൾ ബാംഗ്ലൂർ ഉണ്ടെന്നും.
ഇത്രയും ആളുകളുള്ളതുകൊണ്ട് ജോലി കിട്ടില്ല എന്ന് ഏകദേശം ഉറപ്പായി. പോയ ആത്മവിശ്വാസം അതോടെ തിരിച്ചുവന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എന്ത് ടെൻഷൻ? എന്തായാലും ഫസ്റ്റ്റൗണ്ട് ഇന്റർവ്യൂ എടുക്കാതെ വിടില്ലല്ലോ, അപ്പോൾ അത് അടിപൊളിയാക്കുക, ചോദ്യങ്ങൾ മനസ്സിലാക്കുക, എന്നിട്ടു ഹാപ്പിയായി തിരിച്ചുപോകുക, ഈ അനുഭവം വെച്ച് അടുത്ത ഇന്റർവ്യൂവിന് കുറച്ചുകൂടി നന്നായി തയ്യാറെടുക്കുക എന്ന് മനസ്സിലുറപ്പിച്ചു. അധികസമയം കാത്തിരിക്കേണ്ടിവന്നില്ല, രണ്ടു ചെറുപ്പക്കാരികൾ വരികയും ഉപവിഷ്ടരാകുകയും ചെയ്തു. ഇംഗ്ലീഷ് സിനിമകളിൽ സ്ഥിരം കാണാറുള്ള ഒരു രംഗമുണ്ട്. കടിച്ചാൽ പൊട്ടാത്ത എന്തൊക്കെയോ ഡയലോഗ് ചറപറാ ഒറ്റശ്വാസത്തിൽ പറഞ്ഞതിനുശേഷം ഒരു സെക്കന്റിന്റെ ഗ്യാപ് ഇട്ടിട്ട് നായകൻ 'ഫയർ' എന്ന് അലറുന്നത്. അതുവരെ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും, ആ 'ഫയർ' കേട്ടാൽ ഇനിയങ്ങോട്ട് ടമാർ പടാർ ആയിരിക്കുമെന്നറിയാം. അത് കഴിഞ്ഞുള്ള അഞ്ചോ പത്തോ മിനുട്ട് ആണ് സിനിമ ശരിക്കും ആസ്വദിക്കുന്നത്. ഏതാണ്ട് അതേ മോഡലിൽ വന്ന രണ്ടുപേരും വായ നിറയെ അമേരിക്കൻ ആക്‌സെന്റ് ഇട്ടുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. എന്തായാലും 'ഓക്കേ സ്റ്റാർട്ട്' എന്ന് പറയുന്നതും, ഒരുത്തൻ ചാടിയെഴുന്നേറ്റ് അവനെപ്പറ്റി എന്തൊക്കെയോ വച്ചുകാച്ചുന്നതും കണ്ടു. അപ്പോളാണ് മനസ്സിലായത് സംഗതി സെൽഫ് ഇൻട്രൊഡക്ഷൻ അഥവാ സ്വയം പരിചയപ്പെടുത്തൽ (ആത്മപ്രശംസ എന്നും വേണമെങ്കിൽ പറയാം) ആണെന്ന്. കാര്യം സിംപിളാണ് - പണ്ട് കുതിരവട്ടം പപ്പു പറഞ്ഞതുപോലെ, താനാരാണെന്നു തനിക്കറിയാൻ മേലാത്തതുകൊണ്ടു നമ്മൾ പറഞ്ഞുകൊടുക്കണം ഞാനാരാണെന്നും, താനാരാണെന്നും. അതുകഴിഞ്ഞാൽ അവർ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് കൊണ്ടുപോകും.
എന്തായാലും കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ ഊഴവുമെത്തി. "മൈ നെയിം ഈസ് ......., അയാം ഫ്രം കേരള..." എന്നുതുടങ്ങി ജാതകമടക്കമുള്ള എല്ലാകാര്യങ്ങളും ഉണർത്തിച്ചു. ഇത്രവലിയൊരു കമ്പനി, ഇത്രയധികം ആളുകൾ, അവരുടെ മുന്നിൽവെച്ച് ആത്മവിശ്വാസത്തോടെ നമ്മളെപ്പറ്റി പറയുക അതുകഴിഞ്ഞ് കസേരയിലിരിക്കുമ്പോൾ തോന്നുന്ന ഒരു ഫീൽ ഉണ്ട്. ഒരുപക്ഷേ കഷ്ടപ്പെട്ട് ഒരു പാറയുരുട്ടി മലയുടെ മുകളിലെത്തിച്ചുകഴിഞ്ഞ് അതു താഴേക്കിട്ടു കഴിയുമ്പോൾ നാറാണത്തുഭ്രാന്തനു തോന്നിയിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു ആശ്വാസമില്ലേ ഏതാണ്ട് അതിനു തുല്ല്യം എന്നുവേണമെങ്കിൽ പറയാം. എല്ലാവരുടേയും ഊഴം കഴിഞ്ഞപ്പോൾ 'ആഷ്‌പോഷ്' ഇംഗ്ലീഷ് പാർട്ടികൾ എല്ലാവരോടും കാത്തിരിക്കാൻ പറഞ്ഞ് സ്ഥലംവിട്ടു. പിന്നെ കുറേനേരം ഒരു കാത്തിരിപ്പായിരുന്നു - ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് വരാനുള്ള വിളിയും കാത്തുള്ള ഇരിപ്പ്. കോഴ്സിൽനിന്നു പഠിച്ചതും, ഇന്റർനെറ്റിൽ നിന്ന് കിട്ടിയതും എല്ലാം ഒരുവട്ടംകൂടി മനസ്സിൽ ഉരുവിട്ടുനോക്കി. എന്തുവന്നാലും ഫസ്റ്റ് റൗണ്ടിൽ ദയനീയപരാജയം അടയരുത് എന്നുള്ള നിശ്ചയദാർഢ്യം അങ്ങനെ തിളച്ചുനിൽക്കുകയാണ്. അപ്പോളാണ് വാതിൽതുറന്ന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി അവർ വീണ്ടുമെത്തിയത്. വന്ന ഉടനെ ഒരു പേപ്പർ കൈയിലെടുത്ത് കുറച്ചു പേരുകൾ വായിക്കാൻ തുടങ്ങി; അതിൽ ഞങ്ങളുടേതും ഉണ്ടായിരുന്നു. ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ആദ്യബാച്ച് പേരുകാർ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ, സഹതാപത്തിന്റെ ഒരു നേർത്ത ലാഞ്ഛനപോലും തോന്നിപ്പിക്കാതെ അവർ പറഞ്ഞു ഈ പറഞ്ഞ പേരുകാർക്ക് വീട്ടിൽ പോകാമെന്ന്. അതിന്റെ അർത്ഥം ദഹിക്കാൻ കുറച്ചു സമയമെടുത്തു. സ്കൂളും, കോളേജുമെല്ലാം ഒരുവിധം മോശമല്ലാത്ത മാർക്കോടെയാണ് പാസ്സായത് എന്ന ആത്മവിശ്വാസം എന്നും കൈമുതലായി കൊണ്ടുനടക്കാറുള്ള ഞങ്ങൾ, ഒരു കമ്പനിയുടെ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിനുപോലും യോഗ്യരല്ലാത്തവിധം ദയനീയമായി പുറത്താക്കപ്പെട്ടിരിക്കുന്നു. ചുളിയാതെയും, ചെളി പുരളാതെയും ഫയലിൽ സൂക്ഷിച്ചുകൊണ്ടുവന്ന റെസ്യൂമെ പോലും പുച്ഛത്തോടെ ചിരിക്കുന്നതുപോലെ തോന്നി. തല താഴ്ത്തിപ്പിടിച്ചാണ് പുറത്തുകടന്നത്. പുറമേക്കു കാണിച്ചില്ലെങ്കിലും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് ജോലി കിട്ടാത്തതിൽ വിഷമമില്ല. ഇതുപക്ഷേ ഇന്റർവ്യൂവിനുപോലും യോഗ്യനല്ലാതെ മടങ്ങേണ്ടിവരുന്ന അനുഭവം ആദ്യമായിരുന്നു .
ഗുരുത്വം കൊണ്ടോ, ദൈവാനുഗ്രഹംകൊണ്ടോ എന്നറിയില്ല പിന്നീട് ഇതിലും വലിയ കമ്പനിയിൽ അഞ്ചു റൗണ്ട് നീണ്ട ഇന്റർവ്യൂ പാസ്സായിട്ടാണ് ആദ്യത്തെ ജോലി കിട്ടുന്നതും, 'ശ്രീപത്മനാഭന്റെ ചക്രം' കൈയിൽ വന്നുതുടങ്ങുന്നതും. വർഷങ്ങളൊരുപാട് കഴിഞ്ഞെങ്കിലും അന്നു മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നുപഠിച്ച ഒരുപാട് പാഠങ്ങളോ, സർട്ടിഫിക്കറ്റുകളിലെ മാർക്കുകളോ മാത്രം ആരെയും എവിടെയും എത്തിക്കുകയില്ല. കാരണം പലപ്പോഴും എഴുതി ജയിച്ച പരീക്ഷകളേക്കാൾ വലിയ പരീക്ഷണങ്ങൾ ജീവിതത്തിൽ കാത്തിരിക്കുന്നതേയുണ്ടാവുകയുള്ളൂ....
അതുപോലെ ഒരിക്കൽ പരാജയപ്പെടുന്നത് ഒന്നിന്റേയും അവസാനമല്ല. മറിച്ച് അതൊരു തുടക്കം മാത്രമാകാം.... വരാനിരിക്കുന്ന മധുരമേറിയ ഒരുപാടു വിജയങ്ങളുടെ തുടക്കം.
എസ് എസ് എൽ സി, പ്ലസ് ടു ഫലങ്ങൾ വന്നുകഴിഞ്ഞു. മുഴുവൻ എ+ വാങ്ങിയവർ ആഘോഷിക്കപ്പെടുകയാണ്. അവരുടെ നേട്ടങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു; അവരെ അഭിനന്ദിക്കുന്നു. പക്ഷേ താൻ ചെയ്തതൊരു മഹാപരാധമാണെന്ന ചിന്തയോടെ, ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഒഴിഞ്ഞുമാറി, അപകർഷതാബോധത്താൽ കുനിഞ്ഞ തലയുമായി നടക്കുന്ന ഒരുപാട് കുഞ്ഞനുജന്മാരും, അനുജത്തിമാരുമുണ്ട്. എന്റെ മനസ്സും പ്രാർത്ഥനകളും അവർക്കൊപ്പംകൂടിയാണ്.
ഹെൻറി ഫോർഡിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ; "പരാജയമെന്നത് നിങ്ങൾക്ക് കരുത്തോടെ തിരിച്ചുവരാനുള്ള അവസരമാണ്"
അതുകൊണ്ടുതന്നെ ഈ പരീക്ഷകളിലെ പരാജയങ്ങൾ അവസാനമെന്നു കരുതാതിരിക്കുക
മറിച്ച് അവ ഭാവിയിലെ വിജയങ്ങളിലേക്ക് പടപൊരുതാനുള്ള രാസത്വരകങ്ങളാകട്ടെ....
പരാജയങ്ങളെ മഹത്വവൽക്കരിക്കുകയല്ല.. പക്ഷേ നടന്നുതീർക്കാനുള്ള വഴികളും നനഞ്ഞുതീരാനുള്ള മഴകളും ഇനിയുമൊരുപാടുണ്ടെന്ന് ഒന്നോർമ്മിപ്പിക്കുന്നു എന്നുമാത്രം....