Saturday, 12 October 2019

വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും

ഈ വിഷയത്തെപ്പറ്റി പ്രവാഹിനി ബ്ലോഗർ പ്രീത നൽകിയ ചലഞ്ചിന് വേണ്ടി എഴുതിയത്
*************************************************************
'ബാംഗ്ലൂർ ഡേയ്സ്' എന്ന സിനിമയിൽ നായികയെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതിനുള്ള ഒരു ന്യായീകരണമായി നായികയുടെ അമ്മ പറയുന്നത് ' 'ഇങ്ങനത്തെ' കുട്ടികൾക്ക് വിദേശമാണ് നല്ലത് എന്ന്. ഒരു ബ്ലോഗർ സുഹൃത്ത് 'വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും' എന്ന വിഷയത്തെപ്പറ്റി ഒരു പോസ്റ്റ് ഇടാൻ പറഞ്ഞപ്പോൾ ആദ്യമായി മനസ്സിലേക്കോടി വന്നത് സിനിമയിലെ ഈ രംഗമാണ്. സിനിമയിൽ സുന്ദരിയായ നായികക്ക് തന്റെ വീൽചെയറുമായി  പുറത്തുപോകാനോ, ആളുകളുമായി ഇടപഴകാനോ, പ്രണയിക്കാനോ ഒന്നിനും യാതൊരു തടസ്സവുമില്ല. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ വീൽചെയറിൽ തളച്ചിടപ്പെട്ടവർക്ക് അതാണോ സ്ഥിതി?

യൂറോപ്പിൽ സഞ്ചരിക്കുമ്പോളൊക്കെ കണ്ടിട്ടുള്ള ഒരു കാഴ്ചയെപ്പറ്റി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഭിന്നശേഷിക്കാരും, പ്രായമായവരും യന്ത്രവൽകൃതമായ  വീൽചെയർ ഉപയോഗിക്കുക എന്നത് അവിടങ്ങളിൽ വളരെ സാധാരണമായൊരു കാര്യമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ അവർക്കു സ്വയം പുറത്തു സഞ്ചരിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് അവിടത്തെ നടപ്പാതകളുടെ (Footpath) നിർമ്മാണം. സിഗ്നലുകളിൽ റോഡ് മുറിച്ചുകടക്കാൻ നടപ്പാതയിൽനിന്ന് റോഡിലേക്കിറങ്ങാൻ പാകത്തിൽ നടപ്പാതയുടെ അരികുകൾ ചെരിച്ചു പണിതിരിക്കുന്നതും കാണാം. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പ്രത്യേകം സിഗ്നലും, സീബ്ര ക്രോസ്സിങ്ങും ഒക്കെ ഉള്ളതുകൊണ്ട് മറ്റേതൊരു ആളെയുംപോലെ വീൽചെയറുംകൊണ്ട് കൂൾ കൂളായി എങ്ങോട്ടു വേണമെങ്കിലും അവർ സഞ്ചരിക്കുകയും ചെയ്യുന്നു. വേറൊരു പ്രത്യേകത വീൽചെയറിൽ വരുന്നവർക്ക് എപ്പോളും നടപ്പാതയിലും, റോഡിലുമെല്ലാം മുൻഗണന ലഭിക്കുകയും ചെയ്യും.

ഇനി നമ്മുടെ നാട്ടിലെ സ്ഥിതി എടുത്താലോ? നടപ്പാതകൾ ഉള്ള സ്ഥലങ്ങൾ തന്നെ വളരെ കുറവ്. ഇനി ഉള്ളയിടത്താണെങ്കിലോ വഴിയോരവാണിഭക്കാരും, അനധികൃത പാർക്കിങ്ങും, ഇരുചക്രവാഹനങ്ങളുടെ ഓടിക്കലും എല്ലാം കഴിഞ്ഞ് ആളുകൾക്ക് നടക്കാൻ ഒരിഞ്ചു സ്ഥലം പോലും ബാക്കിയുണ്ടാകില്ല. അതിനിടയിൽ വീൽചെയറുമായി യാത്ര ചെയ്യുക എന്നത് ആലോചിക്കാൻപോലും സാധിക്കാത്ത ഒന്നാണ്. കൊട്ടിഘോഷിച്ച് വിദേശനിലവാരത്തിൽ കാൽനടക്കാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ട സൗകര്യങ്ങളൊരുക്കി പണിത ബാംഗ്ളൂരിലെ  'ടെൻഡർ ഷുവർ' റോഡിൻറെ ചിത്രമാണ് താഴെ. ആ ചെറിയ തൂണുകൾ പോലെ പണിതിരിക്കുന്നത്, മോട്ടോർവാഹനങ്ങൾ നടപ്പാതയിലൂടെ ഓടിക്കാതിരിക്കാനും അതേസമയം വീൽചെയറുകൾക്ക് സുഖമായി കടന്നുപോകാനും വേണ്ടിയാണ് എന്നാണ് വെപ്പ്. കോൺട്രാക്ടർ പണിതുവന്നപ്പോൾ ഇങ്ങനെയായി എന്നുമാത്രം. ആ തൂണുകളുടെ ഇടയിലൂടെ വീൽചെയർ കടത്തണമെങ്കിൽ സാക്ഷാൽ മുതുകാട് തന്നെ വിചാരിക്കേണ്ടിവരും. യാതൊരു കുറ്റബോധവുമില്ലാതെ ബൈക്ക് ഓടിച്ചുവരുന്ന ആ വ്യക്തി നാം ഓരോരുത്തരെയും തന്നെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറയാതെ വയ്യ!ഈയടുത്തകാലംവരെ സ്ഥിരമായി ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരാളാണ് ഞാൻ. ബസ്‌സ്റ്റോപ്പും, വെയ്റ്റിംഗ് ഷെഡും ഒക്കെ ഉണ്ടെങ്കിലും കൃത്യമായി എവിടെ ബസ് നിർത്തുമെന്ന് പറയണമെങ്കിൽ കവടിനിരത്തിനോക്കേണ്ട അവസ്ഥയായിരുന്നു മിക്കപ്പോഴും. അതിനുപുറമെയാണ് സ്റ്റോപ്പിൽ ബസ് പൂർണമായി നിർത്തുമ്പോഴേക്കും ചാടിക്കയറേണ്ട അവസ്ഥ. അന്ന് ആലോചിച്ചില്ലെങ്കിലും ഇപ്പോൾ ആലോചിച്ചുപോവുകയാണ് പഠനത്തിനോ, ജോലിക്കോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോവേണ്ടി വീൽചെയറിൽ പുറത്തുപോകേണ്ടിവന്നവർ എങ്ങനെയായിരിക്കും ഈയൊരു അവസ്ഥയെ മറികടന്നിരിക്കുക? ഇത്തരം പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ആകാത്തതുമൂലം വീടിനുള്ളിൽ തളച്ചിടപ്പെട്ട ഒരുപാടുപേരുടെ നെടുവീർപ്പുകൾക്കും, കണ്ണുനീരുകൾക്കും ഞാനുംകൂടി ഉൾപ്പെടുന്ന സമൂഹം ഉത്തരവാദിയാണല്ലോ എന്നതോർക്കുമ്പോൾ അപമാനഭാരത്താൽ ശിരസ്സു കുനിയുന്നു. ഇനി എന്നാണ് നമ്മൾ അവർക്കുകൂടി വേണ്ടി വഴിയൊഴിഞ്ഞുകൊടുക്കുക?

പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട്. എത്രത്തോളം സൗഹൃദപരമാണ് നമ്മുടെ പൊതു ഇടങ്ങളിലെ ശുചിമുറികൾ? ലിഫ്റ്റ് സൗകര്യമില്ലാത്ത മുകൾനിലകളിലുള്ള സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവയിലേക്ക് ഒരു വീൽച്ചെയറുമായി അത്യാവശ്യക്കാർ എങ്ങനെ കടന്നുവരുമെന്നാണ് കരുതേണ്ടത്? നാലുചുമരുകൾക്കകത്തെ പരിമിതമായ കാഴ്ചകളിൽ തളച്ചിടപ്പെടേണ്ടവരാണ് അവരെന്ന് നമ്മുടെ സമൂഹം കരുതുന്നതിന്റെ ഫലമായാണോ നമ്മുടെ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തീയേറ്ററുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയൊന്നും ഇപ്പോഴും പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാകാത്തത്?

എങ്ങും അന്ധകാരം മാത്രമാണ് എന്നല്ല പറഞ്ഞുവരുന്നത്. അനുകരണീയമായ മാതൃകകൾ നമ്മുടെ നാട്ടിലും ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർ മൂന്നാംതീയതി (അന്താരാഷ്ട്ര ഭിന്നശേഷി ദിനം) ചെന്നൈയിലെ മറീന ബീച്ചിൽനിന്നുള്ള ഒരു ചിത്രമാണിത്. ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പോലീസിന്റെയും, കോർപ്പറേഷൻ അധികൃതരുടെയും സഹായത്തോടെ, ഒരുപക്ഷേ ജീവിതത്തിലൊരിക്കൽപോലും ഒരു ബീച്ചിൽ പോയിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ ചിരകാലാഭിലാഷം പൂവണിയിപ്പിക്കുന്ന കൺകുളിർപ്പിക്കുന്ന ഒരു കാഴ്ച!!

'Disabled' എന്ന വാക്കിനെ 'Differently Abled' എന്നാക്കുന്ന തൊലിപ്പുറത്തെ  മാറ്റങ്ങൾക്കുമപ്പുറം ഇത്തരം കാഴ്ചകൾ നമ്മുടെ കണ്ണുകൾക്കുമുന്നിൽ ഇനിയുമിനിയും വിടരട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചുപോകുന്നു.

ആർക്കും സഹതാപമല്ല വേണ്ടത്; ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നത് എല്ലാവർക്കും എല്ലാ അർത്ഥത്തിലും ലഭിക്കുന്ന തുല്യതയാണ്.സാമൂഹ്യനീതിയുടെ ആ സൗന്ദര്യത്തിലേക്ക് നാമിനിയും ഒരുപാട് നടന്നടുക്കാനുണ്ട്‌ എന്ന് തിരിച്ചറിയുന്നു.

പ്രത്യാശകളാണല്ലോ നമ്മളെ എന്നും മുന്നോട്ട് നയിക്കുന്നത്. വീൽചെയറിന്റെ രണ്ടു ചക്രങ്ങളിൽ തളക്കപ്പെടാതെ അവസാനശ്വാസംവരെ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്ത ഒരുപാട് സ്റ്റീഫൻ ഹോക്കിങുമാർ നമ്മുടെ ഇടയിലും നിന്നുയർന്നുവരട്ടെ!!!

42 comments:

 1. മനോഹരമായി പറഞ്ഞു. സത്യത്തിൽ മാറ്റങ്ങൾ ഓരോ വ്യക്തികളുടേയും വീടുകളിൽ നിന്ന് തുടങ്ങണം . നന്ദി ഈ വിഷയം തന്നപ്പോൾ എഴുതാനുള്ള മനസ്സ് കാട്ടിയതിന്

  ReplyDelete
  Replies
  1. അതെ എല്ലാ മാറ്റങ്ങളും വ്യക്തിയിൽ നിന്നാണല്ലോ തുടങ്ങേണ്ടത്. ഒരു നല്ല വിഷയം തന്നതിന് നന്ദി അങ്ങോട്ടല്ലേ പറയേണ്ടത്.... വേറൊരു തലത്തിൽനിന്ന് ഇത്തരം കാര്യങ്ങളെ നോക്കിക്കാണാൻ സഹായിച്ചു. :-)

   Delete
 2. നന്നായി എഴുതി. ഫസ്റ്റ് കൊണ്ട് പോകോ??

  ReplyDelete
  Replies
  1. ആദീ...ഇതുകണ്ടപ്പോൾ ലെ ആനന്ദക്കണ്ണീർ വരുന്നു ;-)

   സാധാരണ അവസാന സ്ഥാനത്തിനാണ് ഗോമ്പറ്റീഷൻ പതിവ് :-D

   Delete
 3. നല്ലൊരു ലേഖനം. വളരെ നന്നായി എഴുതി..നമ്മുടെ നാട് ഉള്ളവനുവേണ്ടിയുള്ളതല്ലേ എല്ലാ അർത്ഥത്തിലും എന്നോർത്ത് വിഷമിക്കാറുണ്ട് എപ്പോഴും...ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇനിയും കൂടുതലായി എഴുതണം എന്നുണ്ട്... സമയകുറവു കാരണം ഞാൻ ബ്ലോഗ്‌ മറ്റൊരു രീതിയിലാണ് എഴുതിയത്.. അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. നന്ദി ചേച്ചീ! അതെ നമ്മുടെ നാട് ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു. ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ചേച്ചിയുടെ കുറിപ്പും ഞാൻ വായിച്ചിരുന്നു നൊമ്പരപ്പെടുത്തിയ ഓർമ്മകൾകൂടി ചേർത്തിണക്കി എഴുതിയത് ശരിക്കും ഹൃദയത്തിൽ തൊട്ടു.

   Delete
 4. പുതിയ കെട്ടിടങ്ങളും പൊതുഗതാഗതവുമെങ്കിലും wheelchair friendly ആയിരുന്നെങ്കിൽ..

  ReplyDelete
  Replies
  1. അല്ല ഇതാരാ ഇത്...വഴിയോരക്കാഴ്ചകളിലും അങ്ങനെ ഇത്തിരി കൽകണ്ടമധുരം അല്ലേ :-) ഒരുപാട് സന്തോഷം അനൂ ഈ വഴി വന്നതിൽ.

   പതുക്കെയാണെങ്കിലും മാറ്റങ്ങൾ വന്നുതുടങ്ങുന്നുണ്ട് അതാണൊരു ആശ്വാസം. നമ്മ ബെംഗളൂരുവിലൊക്കെ ഇപ്പോ റാമ്പ് ഒക്കെ ആയിത്തുടങ്ങിയില്ലേ മാളുകളിൽ ഒക്കെ..സമൂഹത്തിന്റെ കാഴ്ചപ്പാടുകളും കൂടി അതോടൊപ്പം മാറണമെന്നുമാത്രം.

   Delete
 5. നല്ല പോസ്റ്റ്.
  അപൂർവം ചില ഇടങ്ങളിൽ വീൽ ചെയർfriendly ആയി കാണാറുണ്ട്

  ReplyDelete
  Replies
  1. ഉവ്വ് ചേച്ചീ...എവിടെയൊക്കെയോ കുറച്ചു പ്രകാശരേഖകൾ കണ്ടുതുടങ്ങുന്നുണ്ട്. അതൊരു പ്രകാശഗോപുരമായി മാറട്ടെ എന്ന് പ്രതീക്ഷിക്കാം..

   ഒരുപാട് സന്തോഷം, സ്നേഹം ഈ വഴി വന്നതിൽ :-)

   Delete
 6. നല്ല പോസ്റ്റ്.
  അപൂർവം ചില ഇടങ്ങളിൽ വീൽ ചെയർfriendly ആയി കാണാറുണ്ട്

  ReplyDelete
 7. നല്ല ഒരു വിവരണം..... കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു..

  ReplyDelete
  Replies
  1. കുറേനാളത്തെ ഇടവേളക്കുശേഷം ഡോക്ടറുടെ ബ്ലോഗ് വീണ്ടും ആക്റ്റീവ് ആക്കി എന്നറിഞ്ഞപ്പോൾ സന്തോഷം. ഇവിടെ വന്നു വായിച്ചു എന്നറിഞ്ഞപ്പോൾ ഡബിൾ സന്തോഷം :-) ഇനിയും വരുമല്ലോ!!!

   Delete
 8. Nalla ezhuthu..valare nannayi ezhuthi. Kooduthal mattangal undavatte.
  Ashamsakal

  ReplyDelete
  Replies
  1. അതെ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷകളാണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്!

   നന്ദി ചേച്ചീ... എന്നും തുടരുന്ന പ്രോത്സാഹനത്തിന്.

   Delete
 9. നല്ല ലേഖനം.... വിദേശ രാജ്യങ്ങളിൽ വീൽചെയർ ഫ്രണ്ട്ലി ആയ ഇടങ്ങൾ ആണ് ഒട്ടു മിക്കതും. റോഡ് പാർക്കിംഗ് മുതൽ മാളുകളിൽ എസ്കലേറ്ററിന് പകരം ട്രാവലേറ്റർ എന്ന സംവിധാനം പോലും പിടിപ്പിച്ചിരിക്കുന്നത് വീൽചെയർ ട്രാവലേഴ്സിനെ ഉദ്ദേശിച്ചാണ്. നമ്മുടെ നാട്ടിലും ഇതൊക്കെ വരും എന്ന് പ്രതീക്ഷിക്കാം....

  ReplyDelete
  Replies
  1. വളരെ ശരിയാണ്, വിദേശ രാജ്യങ്ങളിൽ അവരാരെയും പാർശ്വവൽക്കരിച്ചു മാറ്റിനിർത്തുന്നില്ല. എല്ലാം വിദേശത്തുനിന്ന് പകർത്തുന്ന നമ്മുടെ നാട്ടിലും ഒരുപക്ഷേ അധികം വൈകാതെ ഇത്തരം നല്ല കാര്യങ്ങളും അനുകരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.

   വളരെ നന്ദി ചേട്ടാ വായനക്കും ഈ അഭിപ്രായത്തിനും! ഇനിയും കാണാം!

   Delete
 10. വളരെ നല്ല നിരീക്ഷണവും വിവരണവും. വഴിയോരങ്ങളിൽ പാത മുറിച്ചു കടക്കാൻ വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്. കാണാനും കേൾക്കാനും പറയാനും കഴിയുന്നവർ അവരെ ശ്രദ്ധിക്കാതെ പോകുന്ന കാഴ്ച സങ്കടം തന്നെ !
  നല്ല ഭാഷയിൽ ഇതേപോലെ ഇനിയും വഴിയോരക്കാഴ്ച്ചകളിൽ പ്രതീക്ഷിക്കുന്നു.
  അനിൽ നമ്പൂതിരിപ്പാട്.

  ReplyDelete
  Replies
  1. അങ്ങനെ അവഗണിച്ചുപോകുന്നവരുടെ ശരീരത്തിന് യാതൊരു വൈകല്യവും ഇല്ലായിരിക്കാം. പക്ഷെ അവരുടെ മനസ്സിനാണ് വൈകല്യം മുഴുവൻ.

   വളരെ നന്ദി മാഷേ ഈ വായനക്കും അഭിപ്രായത്തിനും! അധ്യാപകരുടെ നല്ല വാക്കുകൾ ഇപ്പോഴും സ്പെഷ്യൽ ആണല്ലോ ;-) ഇനിയും കാണാം!

   Delete
 11. നല്ല കാഴച്ചപ്പാടുകള്‍.. നന്നായി പറഞ്ഞു. ഇഷ്ടം മഹി.. കണ്ണ്‍ തുറപ്പിയ്ക്കുന്ന ലേഖനം. :)

  ReplyDelete
  Replies
  1. എല്ലാവരെയും വിവേചനമില്ലാതെ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ നമുക്ക് കാണാൻ ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം..

   തിരിച്ചങ്ങോട്ടും ഒരുപാടു സ്നേഹം ശിവേച്ചീ...:-)

   Delete
 12. മഹേഷ്‌ പറഞ്ഞതത്രയും പരമാർത്ഥം.സമൂഹം മാറേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. ശിവനന്ദച്ചേച്ചിയുടെ ബ്ലോഗ്‌ എവിടെപ്പോയി?!?!??!

   Delete
  2. നന്ദി സുധീ... മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം!!!

   Delete
 13. പറയേണ്ട കാര്യങ്ങൾ നന്നായി പറഞ്ഞു, പക്ഷെ കുറച്ചു കൂടി വലിയ വേദികളിൽ ഇത് പറഞ്ഞാൽ ഒരു പക്ഷെ കൂടുതൽ പ്രയോജനം കിട്ടിയേനെ. ആരുമില്ലാത്തവരുടെ രോദനങ്ങൾ എന്നും പതിക്കുന്നത് നമ്മുടെയൊക്കെ ബധിരകർണ്ണങ്ങളിൽ ആണല്ലോ, ഇനിയെങ്കിലും ഒരു മാറ്റം വരട്ടെ..

  ReplyDelete
  Replies
  1. നമ്മൾ മുഖവും ശബ്ദവുമൊന്നും ഇല്ലാത്തവരാണല്ലോ.. അതുകൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞ് നെടുവീർപ്പിടാനേ കഴിയൂ...

   Delete
 14. വഴിയോരകാഴ്ച്ചയിൽ ചക്രകസേര കയറിയത് അൽപ്പം ചിന്തിപ്പിച്ചു. ശരിയാണ് നമ്മൾ അവരെക്കുറിച്ച് ഓർക്കാറില്ല. നമ്മുടെ ഇല്ലായ്മകളെ താലോലിച്ചു സമയം കളയാനാണ് നമുക്കിഷ്ടം

  ReplyDelete
  Replies
  1. ശരിയാണ് നാം നമ്മിലേക്ക്‌ മാത്രമൊതുങ്ങുന്ന കെട്ട കാലത്താണ് ജീവിക്കുന്നത്!

   ഒരുപാട് സന്തോഷം മധൂ, ഈ വഴി വന്നതിൽ..

   Delete
 15. വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു.
  നമ്മുടെ നാട്ടിലെ കാര്യം പറയാനുണ്ടോ?! ഒട്ടകത്തിനു ടെൻ്റിനുള്ളിൽ തലച്ചായ്ക്കാൻ ഇടംക്കൊടുത്ത് അറബിയുടെ ഓർമ്മയാണു വരിക.കയ്യൂക്കുള്ളവൻ കാര്യക്കാരൻ...ആശംസകൾ

  ReplyDelete
  Replies
  1. നമ്മുടെ നാട്ടിലും എന്നെങ്കിലും മാറ്റങ്ങൾ വരുമെന്ന് കരുതാം. ശുഭപ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.

   തങ്കപ്പൻസാർ ഒരുപാട് സ്നേഹം, സന്തോഷം ഈ വഴി വന്നതിൽ. സത്യം പറഞ്ഞാൽ ഇത്രപെട്ടെന്ന് പ്രതീക്ഷിച്ചില്ല

   Delete
 16. പറഞ്ഞത് മുഴുവൻ സത്യം.. ഇവിടത്തെ നടപ്പാതകൾ പൊളിഞ്ഞു പാളീസായതാണ്.. നല്ലവ വെച്ചു വാണിഭക്കാരുടെ നിയന്ത്രണത്തിലും ആണ്.. നല്ല രണ്ട് കാലും കണ്ണും ശ്രദ്ധയും വെച്ചിട്ട് തന്നെ നടപ്പാതകൽ പൊളിഞ്ഞ് ഡ്രയിനേജിലേക്ക് വീണ് എത്ര അപകടം നൽകുന്നു. മാത്രമല്ല പറയുന്നത് പോലെ മാനസികമായി നമ്മളത്ര സഹിഷ്ണുത ഉള്ളവർ ആണെന്ന് എനിക്ക് തോന്നാറില്ല..ക്യൂ നിൽക്കുന്നിടത്ത്, ബസ്സിൽ കയറാൻ നോക്കുന്നിടത്ത് ഒക്കെ കുത്തി കയറുന്നത് ഒരു ശീലമാണ്.. എല്ലാവരെക്കാൾ മുൻപേ എത്താനുള്ള തിടുക്കം എപ്പോഴും കാണാറുണ്ട്.. പുറത്ത് പോയി വന്ന ശേഷമാണ് ഇതൊക്കെ പണ്ട് ഞാനും കാണിച്ചിരുന്നു എന്ന് തിരിച്ചറിയുന്നത് .അതു കൊണ്ട് വെൽചെയ്ക്ർ കീവിതം ഉള്ളവർക്ക് വേണ്ടി അനേകം മാറ്റങ്ങൾ ആവശ്യമായ സമൂഹമാണ് നമ്മുടേത്

  ReplyDelete
  Replies
  1. ആരോട് പറയാൻ? ആര് കേൾക്കാൻ? എന്നുപറഞ്ഞ് നെടുവീർപ്പിടുകയേ തൽക്കാലം നിവൃത്തിയുള്ളൂ... അതോടൊപ്പം നമ്മളും മാറേണ്ടിയിരിക്കുന്നു എന്ന യാഥാർഥ്യവും നിലനിൽക്കുന്നു.

   ഒരുപാട് സന്തോഷം കേട്ടോ ഗൗരീ ഈ വഴി വന്നതിൽ.. :-)

   Delete
 17. വളരെ നിസാരമെന്നു തോന്നിയേക്കാവുന്ന കാര്യം.. ഇങ്ങനൊരു വിഭാഗം നമ്മുടെ നാട്ടിലെ റോഡുകളിൽ കാണുന്നില്ല.. അതോടെ നമ്മുടെ മനസും അത് പഠിച്ചു.. അങ്ങനെ ആരുമില്ല.. അവരൊക്കെ വീട്ടിൽ ഇരിക്കേണ്ടവരാണെന്നു... disabled... differnetly abled ആക്കിയത് അവരെ disabled ആക്കി ഇരുത്താൻ വേണ്ടി ആണെന്ന് തത്വമികമായി പറയാം..
  നല്ല എഴുത്ത്.. ഞാനും എഴുതുന്നുണ്ട്

  ReplyDelete
  Replies
  1. ഒരുപക്ഷെ നമ്മുടെ വരുംതലമുറയിലെങ്കിലും മാറ്റങ്ങൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കാം.. വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം ആനന്ദേ... :-)

   തീർച്ചയായും എഴുതൂ.. വായിക്കാൻ ഞങ്ങൾ എപ്പോഴേ തയ്യാർ ;-)

   Delete
 18. ആദ്യമാണ് ഇവിടെ.വക്രതയില്ലാത്ത എഴുത്ത്.
  നമുക്ക് മാറാൻ കഴിയുന്നതിന് സമാന്തരമായി രാഷ്ട്രീയവും,അവിടിന്നിങ്ങോട്ട് താഴെ കരാറുകാരന്റെ പണിക്കാർ വരെ നീളുന്ന ചങ്ങലയും മാറാതെ ഇവിടെയൊക്കെ ഇന്ന് വിളിച്ചം വീഴുമെന്നറിയില്ല.
  മറീന ബീച്ചിലെ വെളിച്ചത്തിന്റെ തുണ്ട് സന്തോഷിപ്പിച്ചു.

  ReplyDelete
  Replies
  1. അതെ മാറ്റം അവസാന ചങ്ങലക്കണ്ണി വരെ എത്താതെ പൂർണ്ണമാകില്ല എന്നറിയാം. എന്നാലും പ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ടു നയിക്കുന്നത്..

   വഴിയോരക്കാഴ്ചകളിൽ വഴിമരങ്ങൾ പ്രകാശം ചൊരിഞ്ഞത് കാണുമ്പോൾ ഒരുപാടു സന്തോഷം :-) ഇനിയും വരുമല്ലോ?

   Delete
 19. Medical Equipment's വിൽക്കുന്ന കടയിലേക്ക് പോകേണ്ടുന്ന ഒരാവശ്യമുണ്ടായി നാട്ടിൽ പോയപ്പോൾ. ചാടിയും മറിഞ്ഞും അവിടേക്കു എത്തിപ്പെടാൻ തന്നെ ബുദ്ധിമുട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പല വിധത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളുമായി അവരവർക്ക് വേണ്ടുന്ന സാധനങ്ങൾ തിരഞ്ഞെടുക്കാൻ  വരുന്നവർക്ക് എന്തു പ്രയാസമാണ്... ഇവിടെയാണെങ്കിൽ നേരെ തിരിച്ചും! എന്നാലും ഇപ്പോൾ ചില സ്ഥലങ്ങളിൽ കാണുന്ന മാറ്റങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. നന്നായി എഴുതി. അഭിനന്ദനങ്ങൾ  

  ReplyDelete
  Replies
  1. ആരാലും പാർശ്വവൽക്കരിക്കപ്പെടാതെ ഭിന്നശേഷിക്കാർക്കും സ്വന്തം ആവശ്യങ്ങൾ പരസഹായമില്ലാതെ നടത്താനാകുന്ന വിധത്തിൽ നമ്മുടെ സമൂഹം സൗഹാർദപരമാകട്ടെ എന്ന് ആശിക്കുന്നു. ഒരുപാടു സ്നേഹം, സന്തോഷം വീണ്ടും വന്നതിൽ

   Delete
 20. എഴുതാൻ കരുതിയിരുന്ന കാര്യങ്ങൾ ആണ് മഹേഷേ... ഇവിടെ ജീവിക്കുമ്പോൾ ഏറ്റവും അതിശയിക്കേണ്ടിവരുന്ന കാര്യങ്ങളിൽ ഒന്നാണിത്. നാട്ടിൽ പരിമിതികളുണ്ട് - പക്ഷെ പുതുതായി വരുന്ന സംരംഭം എങ്കിലും ഇത്തരം കാര്യങ്ങൾ ചിന്തിച്ചെങ്കിൽ നന്നായിരുന്നു!

  നന്നായി എഴുതി കേട്ടോ...

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ...

   Delete