Thursday 12 October 2023

സ്നേഹത്തിന്റെ തുരുത്തുകൾ


സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സൈക്കിൾ കടയിൽ  കഴിഞ്ഞദിവസം വെറുതെ സംസാരിച്ചിരിക്കുമ്പോൾ കടയിലേക്ക് ഒരാൾ കയറിവന്നു. പോക്കറ്റിൽനിന്ന് പണമെടുത്ത് "രാവിലെ രണ്ടു പിള്ളേർ വന്നില്ലേ? അവർ ബാക്കി തരാനുള്ള കാശാണ്" എന്നുപറഞ്ഞു പണം ഏൽപ്പിച്ചുപോയി. എന്താണ് സംഭവം എന്നുചോദിച്ചപ്പോൾ സുഹൃത്ത് ആ കഥ പറഞ്ഞു.  

അന്നേദിവസം രാവിലെ രണ്ട് ആൺകുട്ടികൾ  "വാവയുടെ പിറന്നാളിന് സമ്മാനംകൊടുക്കാൻ ഒരു സൈക്കിൾ വേണം" എന്ന ആവശ്യവുമായി കടയിലേക്ക് വന്നു. അവരുടെ വീട്ടുവിശേഷങ്ങൾ ചോദിച്ചപ്പോൾ രണ്ടാളും  സഹോദരങ്ങളാണ്, അടുത്തുതന്നെയാണ് താമസം, അച്ഛന് കൂലിപ്പണിയാണ് എന്നെല്ലാം പറഞ്ഞു. അച്ഛൻ കൊടുക്കുന്ന പോക്കറ്റ്മണി ചേട്ടൻ ഒരു കുടുക്കയിൽ ഇട്ടുവെച്ച്, അതുനിറഞ്ഞപ്പോൾ ഏറ്റവും ഇളയ അനിയന് ഒരു സൈക്കിൾ വാങ്ങിക്കൊടുക്കണം എന്ന ഉദ്ദേശവുമായാണ് രാവിലെത്തന്നെ കടയിൽ വന്നത്. 

എന്തായാലും രണ്ടുപേരുംകൂടി കുറേനേരം തപ്പി ഇഷ്ടപ്പെട്ട സൈക്കിൾ തിരഞ്ഞെടുത്തു. ഒരു ചെറിയ ഡിസ്‌കൗണ്ട് എല്ലാം കഴിഞ്ഞ് സൈക്കിളിനു വിലവന്നത് 2250 രൂപ. ഒരു പൊതിയിൽ കെട്ടിക്കൊണ്ടുവന്ന പത്തിന്റെയും, നൂറിന്റെയും നോട്ടുകളും, ചില ചില്ലറകളും എല്ലാംകൂടി എണ്ണി നോക്കിയപ്പോൾ ആകെ 2040 രൂപയേ ഉള്ളൂ കുട്ടികളുടെ കൈയിൽ. കുട്ടികളുടെ വിഷമം കണ്ടപ്പോൾ അവരുടെ കയ്യിൽനിന്നു ഒരു റൗണ്ട് ഫിഗർ ആയി 2000 രൂപ എടുത്ത് "സാരമില്ല വാവക്ക് വേണ്ടിയല്ലേ, സൈക്കിൾ നീ കൊണ്ടുപോക്കോ. ബാക്കി 250 രൂപ പിന്നെ തന്നാൽമതി" എന്നുപറഞ്ഞ് എന്റെ സുഹൃത്ത് അവരെ യാത്രയാക്കി. ആ 250 രൂപയാണ് കുട്ടികളുടെ അച്ഛൻ കൊണ്ടുവന്നുകൊടുത്തത്. 

ആഹാ കൊള്ളാമല്ലോ, നല്ല കുട്ടികൾ എന്നൊരു അഭിപ്രായം പറഞ്ഞപ്പോൾ, ദൃശ്യം സിനിമയിലെ സായികുമാർ മോഡലിൽ ഈ കഥക്ക് ഒരു ടെയിൽഎൻഡ് കൂടി സുഹൃത്ത് പറഞ്ഞു. വാവക്കുള്ള സമ്മാനം ക്യാരിയറിൽ വെച്ചുകെട്ടി, "നീ വിഷമിക്കണ്ട, അടുത്തതവണ കുടുക്കപൊട്ടിക്കുമ്പോൾ നിനക്കും ചേട്ടനൊരു സൈക്കിൾ വാങ്ങിത്തരും" എന്ന് നിറഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞ് അനിയനെ തന്റെ പഴയ സൈക്കിളിന്റെ മുന്നിൽ കയറ്റി ആ മിടുക്കൻ പോയി. ഇന്നത്തെക്കാലത്തും ഇങ്ങനത്തെ കുട്ടികളുണ്ടല്ലേ എന്ന ആശ്ചര്യത്തോടെ ഞങ്ങളും പിരിഞ്ഞു. 

വാൽക്കഷ്ണം: ഇതൊക്കെ കാണുമ്പോഴാണ് ഒരു മിട്ടായിയുടെ പകുതിക്കുവേണ്ടിവരെ അനിയനോട് അടികൂടിയിട്ടുള്ള എന്നെയൊക്കെ  എടുത്ത് കിണറ്റിലിടാൻ തോന്നിപ്പോകുന്നത്. 

********************************************************************************** 

Updated: രാവിലെ എന്റെ പ്രൊഫൈലിൽ ഇത് വായിക്കാനിടയായ ഒരു സുഹൃത്ത് ഈ കഥയിലെ അനിയൻകുട്ടിക്ക് ഒരു സൈക്കിൾ സ്പോൺസർ ചെയ്തു എന്ന ഒരു സന്തോഷവാർത്തകൂടിയുണ്ട്. വലിയ മേന്മയൊന്നും പറയാനില്ലാത്ത നാലുവരി എഴുത്തുകൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒരു നന്മ സംഭവിക്കാൻ ഇടയായെങ്കിൽ അതിലപ്പുറം ഒന്നും ആഗ്രഹിക്കാനില്ല.

*****************************************************************************************
(വാവയുടെ സൈക്കിളുമായി നിൽക്കുന്ന മിടുക്കൻമാരാണ് ചിത്രത്തിൽ. സ്വകാര്യത മാനിച്ച് മുഖം മറച്ചിരിക്കുന്നു.)