Saturday 12 October 2019

വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും

ഈ വിഷയത്തെപ്പറ്റി പ്രവാഹിനി ബ്ലോഗർ പ്രീത നൽകിയ ചലഞ്ചിന് വേണ്ടി എഴുതിയത്
*************************************************************
'ബാംഗ്ലൂർ ഡേയ്സ്' എന്ന സിനിമയിൽ നായികയെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതിനുള്ള ഒരു ന്യായീകരണമായി നായികയുടെ അമ്മ പറയുന്നത് ' 'ഇങ്ങനത്തെ' കുട്ടികൾക്ക് വിദേശമാണ് നല്ലത് എന്ന്. ഒരു ബ്ലോഗർ സുഹൃത്ത് 'വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും' എന്ന വിഷയത്തെപ്പറ്റി ഒരു പോസ്റ്റ് ഇടാൻ പറഞ്ഞപ്പോൾ ആദ്യമായി മനസ്സിലേക്കോടി വന്നത് സിനിമയിലെ ഈ രംഗമാണ്. സിനിമയിൽ സുന്ദരിയായ നായികക്ക് തന്റെ വീൽചെയറുമായി  പുറത്തുപോകാനോ, ആളുകളുമായി ഇടപഴകാനോ, പ്രണയിക്കാനോ ഒന്നിനും യാതൊരു തടസ്സവുമില്ല. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ വീൽചെയറിൽ തളച്ചിടപ്പെട്ടവർക്ക് അതാണോ സ്ഥിതി?

യൂറോപ്പിൽ സഞ്ചരിക്കുമ്പോളൊക്കെ കണ്ടിട്ടുള്ള ഒരു കാഴ്ചയെപ്പറ്റി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഭിന്നശേഷിക്കാരും, പ്രായമായവരും യന്ത്രവൽകൃതമായ  വീൽചെയർ ഉപയോഗിക്കുക എന്നത് അവിടങ്ങളിൽ വളരെ സാധാരണമായൊരു കാര്യമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ അവർക്കു സ്വയം പുറത്തു സഞ്ചരിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് അവിടത്തെ നടപ്പാതകളുടെ (Footpath) നിർമ്മാണം. സിഗ്നലുകളിൽ റോഡ് മുറിച്ചുകടക്കാൻ നടപ്പാതയിൽനിന്ന് റോഡിലേക്കിറങ്ങാൻ പാകത്തിൽ നടപ്പാതയുടെ അരികുകൾ ചെരിച്ചു പണിതിരിക്കുന്നതും കാണാം. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പ്രത്യേകം സിഗ്നലും, സീബ്ര ക്രോസ്സിങ്ങും ഒക്കെ ഉള്ളതുകൊണ്ട് മറ്റേതൊരു ആളെയുംപോലെ വീൽചെയറുംകൊണ്ട് കൂൾ കൂളായി എങ്ങോട്ടു വേണമെങ്കിലും അവർ സഞ്ചരിക്കുകയും ചെയ്യുന്നു. വേറൊരു പ്രത്യേകത വീൽചെയറിൽ വരുന്നവർക്ക് എപ്പോളും നടപ്പാതയിലും, റോഡിലുമെല്ലാം മുൻഗണന ലഭിക്കുകയും ചെയ്യും.

ഇനി നമ്മുടെ നാട്ടിലെ സ്ഥിതി എടുത്താലോ? നടപ്പാതകൾ ഉള്ള സ്ഥലങ്ങൾ തന്നെ വളരെ കുറവ്. ഇനി ഉള്ളയിടത്താണെങ്കിലോ വഴിയോരവാണിഭക്കാരും, അനധികൃത പാർക്കിങ്ങും, ഇരുചക്രവാഹനങ്ങളുടെ ഓടിക്കലും എല്ലാം കഴിഞ്ഞ് ആളുകൾക്ക് നടക്കാൻ ഒരിഞ്ചു സ്ഥലം പോലും ബാക്കിയുണ്ടാകില്ല. അതിനിടയിൽ വീൽചെയറുമായി യാത്ര ചെയ്യുക എന്നത് ആലോചിക്കാൻപോലും സാധിക്കാത്ത ഒന്നാണ്. കൊട്ടിഘോഷിച്ച് വിദേശനിലവാരത്തിൽ കാൽനടക്കാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ട സൗകര്യങ്ങളൊരുക്കി പണിത ബാംഗ്ളൂരിലെ  'ടെൻഡർ ഷുവർ' റോഡിൻറെ ചിത്രമാണ് താഴെ. ആ ചെറിയ തൂണുകൾ പോലെ പണിതിരിക്കുന്നത്, മോട്ടോർവാഹനങ്ങൾ നടപ്പാതയിലൂടെ ഓടിക്കാതിരിക്കാനും അതേസമയം വീൽചെയറുകൾക്ക് സുഖമായി കടന്നുപോകാനും വേണ്ടിയാണ് എന്നാണ് വെപ്പ്. കോൺട്രാക്ടർ പണിതുവന്നപ്പോൾ ഇങ്ങനെയായി എന്നുമാത്രം. ആ തൂണുകളുടെ ഇടയിലൂടെ വീൽചെയർ കടത്തണമെങ്കിൽ സാക്ഷാൽ മുതുകാട് തന്നെ വിചാരിക്കേണ്ടിവരും. യാതൊരു കുറ്റബോധവുമില്ലാതെ ബൈക്ക് ഓടിച്ചുവരുന്ന ആ വ്യക്തി നാം ഓരോരുത്തരെയും തന്നെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറയാതെ വയ്യ!



ഈയടുത്തകാലംവരെ സ്ഥിരമായി ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരാളാണ് ഞാൻ. ബസ്‌സ്റ്റോപ്പും, വെയ്റ്റിംഗ് ഷെഡും ഒക്കെ ഉണ്ടെങ്കിലും കൃത്യമായി എവിടെ ബസ് നിർത്തുമെന്ന് പറയണമെങ്കിൽ കവടിനിരത്തിനോക്കേണ്ട അവസ്ഥയായിരുന്നു മിക്കപ്പോഴും. അതിനുപുറമെയാണ് സ്റ്റോപ്പിൽ ബസ് പൂർണമായി നിർത്തുമ്പോഴേക്കും ചാടിക്കയറേണ്ട അവസ്ഥ. അന്ന് ആലോചിച്ചില്ലെങ്കിലും ഇപ്പോൾ ആലോചിച്ചുപോവുകയാണ് പഠനത്തിനോ, ജോലിക്കോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോവേണ്ടി വീൽചെയറിൽ പുറത്തുപോകേണ്ടിവന്നവർ എങ്ങനെയായിരിക്കും ഈയൊരു അവസ്ഥയെ മറികടന്നിരിക്കുക? ഇത്തരം പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ആകാത്തതുമൂലം വീടിനുള്ളിൽ തളച്ചിടപ്പെട്ട ഒരുപാടുപേരുടെ നെടുവീർപ്പുകൾക്കും, കണ്ണുനീരുകൾക്കും ഞാനുംകൂടി ഉൾപ്പെടുന്ന സമൂഹം ഉത്തരവാദിയാണല്ലോ എന്നതോർക്കുമ്പോൾ അപമാനഭാരത്താൽ ശിരസ്സു കുനിയുന്നു. ഇനി എന്നാണ് നമ്മൾ അവർക്കുകൂടി വേണ്ടി വഴിയൊഴിഞ്ഞുകൊടുക്കുക?

പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട്. എത്രത്തോളം സൗഹൃദപരമാണ് നമ്മുടെ പൊതു ഇടങ്ങളിലെ ശുചിമുറികൾ? ലിഫ്റ്റ് സൗകര്യമില്ലാത്ത മുകൾനിലകളിലുള്ള സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവയിലേക്ക് ഒരു വീൽച്ചെയറുമായി അത്യാവശ്യക്കാർ എങ്ങനെ കടന്നുവരുമെന്നാണ് കരുതേണ്ടത്? നാലുചുമരുകൾക്കകത്തെ പരിമിതമായ കാഴ്ചകളിൽ തളച്ചിടപ്പെടേണ്ടവരാണ് അവരെന്ന് നമ്മുടെ സമൂഹം കരുതുന്നതിന്റെ ഫലമായാണോ നമ്മുടെ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തീയേറ്ററുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയൊന്നും ഇപ്പോഴും പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാകാത്തത്?

എങ്ങും അന്ധകാരം മാത്രമാണ് എന്നല്ല പറഞ്ഞുവരുന്നത്. അനുകരണീയമായ മാതൃകകൾ നമ്മുടെ നാട്ടിലും ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർ മൂന്നാംതീയതി (അന്താരാഷ്ട്ര ഭിന്നശേഷി ദിനം) ചെന്നൈയിലെ മറീന ബീച്ചിൽനിന്നുള്ള ഒരു ചിത്രമാണിത്. ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പോലീസിന്റെയും, കോർപ്പറേഷൻ അധികൃതരുടെയും സഹായത്തോടെ, ഒരുപക്ഷേ ജീവിതത്തിലൊരിക്കൽപോലും ഒരു ബീച്ചിൽ പോയിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ ചിരകാലാഭിലാഷം പൂവണിയിപ്പിക്കുന്ന കൺകുളിർപ്പിക്കുന്ന ഒരു കാഴ്ച!!

'Disabled' എന്ന വാക്കിനെ 'Differently Abled' എന്നാക്കുന്ന തൊലിപ്പുറത്തെ  മാറ്റങ്ങൾക്കുമപ്പുറം ഇത്തരം കാഴ്ചകൾ നമ്മുടെ കണ്ണുകൾക്കുമുന്നിൽ ഇനിയുമിനിയും വിടരട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചുപോകുന്നു.

ആർക്കും സഹതാപമല്ല വേണ്ടത്; ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നത് എല്ലാവർക്കും എല്ലാ അർത്ഥത്തിലും ലഭിക്കുന്ന തുല്യതയാണ്.സാമൂഹ്യനീതിയുടെ ആ സൗന്ദര്യത്തിലേക്ക് നാമിനിയും ഒരുപാട് നടന്നടുക്കാനുണ്ട്‌ എന്ന് തിരിച്ചറിയുന്നു.

പ്രത്യാശകളാണല്ലോ നമ്മളെ എന്നും മുന്നോട്ട് നയിക്കുന്നത്. വീൽചെയറിന്റെ രണ്ടു ചക്രങ്ങളിൽ തളക്കപ്പെടാതെ അവസാനശ്വാസംവരെ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്ത ഒരുപാട് സ്റ്റീഫൻ ഹോക്കിങുമാർ നമ്മുടെ ഇടയിലും നിന്നുയർന്നുവരട്ടെ!!!