Thursday 18 January 2018

മെക്കാളെയുടെ ചതിയിൽ പാളിപ്പോയ ഒരു ഇന്റർവ്യൂ

വിണ്ണിലെ താരത്തെ മണ്ണിൽവെച്ചു കണ്ടതിന്റെ ആവേശമെല്ലാം കെട്ടടങ്ങി. 'ക്ലാസ്സ് മേറ്റ്‌സ്' സിനിമ നൂറുദിവസം തികച്ചോടിയ സമയം. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട് മനസിനുള്ളിൽ പലതവണ അതിലെ പൊടിമീശക്കാരനും, എന്റെ ഖൽബിലെ വെണ്ണിലാവ് നീ പാട്ടുകാരനുമൊക്കെയായി ഓർമ്മകളിൽ ഫ്ലാഷ്ബാക്കുകൾ മിന്നിച്ച് ദിവസങ്ങൾ അങ്ങനെ കടന്നുപോയി. വീട്ടിൽനിന്നയക്കുന്ന പണം മാസാദ്യം പേഴ്സിനെ ഗർഭിണിയാക്കുമെങ്കിലും പത്താം തീയതിക്കുള്ളിൽ വാടക, ഫീസ്, ബസ് പാസ്  ഇത്യാദി കാര്യങ്ങൾ കഴിയുമ്പോളേക്കും തന്നെ പ്രസവമൊഴിയും. ഒടുക്കം കാര്യംകഴിഞ്ഞപ്പോൾ കാമുകനുപേക്ഷിച്ച കാമുകിയെപ്പോലെ ഗതകാലസ്മരണകളും അയവിറക്കി അതൊരു മൂലയിൽ അങ്ങനെ കിടക്കും. മാസാദ്യം നേരിട്ടുള്ള ബസ് വരാത്ത ദിവസങ്ങളിൽ അടുത്ത ബസ്റ്റോപ് വരെ തലയൊന്നിന് പത്തുരൂപ വീതം കൊടുത്ത് ഷെയർ ആട്ടോയിൽ പോകാറാണ് പതിവ്. എന്നാൽ പത്താം തീയതിക്കുശേഷം ഒഴിഞ്ഞ പോക്കറ്റിനെനോക്കി ശക്തമായൊരു നെടുവീർപ്പിട്ടുകൊണ്ടു രണ്ടു കിലോമീറ്റർ ആഞ്ഞുനടക്കുക എന്ന വഴിയേ മുന്നിലുണ്ടാകാറുള്ളൂ. പണിയെടുത്തു ശീലമില്ലാത്തതിനാൽ ഇത്തരം നടത്തങ്ങൾ വിയർപ്പിന്റെ അസുഖത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചു. നടക്കാനുള്ള ആരോഗ്യത്തിനുവേണ്ടി രാവിലെയും, നടന്നതിന്റെ ക്ഷീണം മാറ്റാൻ ഉച്ചക്കും  കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കൂട്ടേണ്ടിവന്നതിനാൽ, ഓട്ടോചാർജിലെ ലാഭം പലചരക്കുകടക്കാരന്റെ പെട്ടിയിലേക്ക് എന്ന അവസ്ഥയാകുകയും ചെയ്തു.

മേൽപ്പറഞ്ഞ ചെറിയ പ്രശ്നങ്ങൾ ക്ഷമിക്കാമെന്നു വെച്ചെങ്കിലും ഒരു പ്രതിസന്ധി ഞങ്ങൾ നാലുപേരെയും ഗുരുതരമായി അലട്ടി - അത് മറ്റൊന്നുമല്ല - വെയിൽകൊണ്ടുള്ള നടത്തം സൗന്ദര്യത്തിനേൽപ്പിക്കുന്ന ആഘാതം! ചിന്തു എന്ന സഹമുറിയൻ സ്വന്തമായി വികസിപ്പിച്ചെടുത്ത സിദ്ധാന്തപ്രകാരം നിറമില്ലാത്തവരെയാണ് പൊതുവേ 'വെളുത്തവർ' എന്ന് സമൂഹം വിളിക്കുന്നത്. ആ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചു നോക്കിയാൽ ഞങ്ങൾ നാലുപേരും ദൈവാനുഗ്രഹത്താൽ കുറച്ച് നിറമുള്ളവരായിരുന്നു. തുടർച്ചയായുള്ള നടത്തം നിറം പിന്നേയും കൂട്ടിക്കൊണ്ടിരുന്നു; നിറം ഒരുപാടുകൂട്ടി അഹങ്കാരത്തെ വിളിച്ചുവരുത്താൻ ഞങ്ങൾക്ക് അശേഷം താല്പര്യമില്ലായിരുന്നുവെങ്കിലും.

'നമുക്ക് പണമില്ലെങ്കിലെന്താ, ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെങ്കിലെന്താ  സൗന്ദര്യം മതിയല്ലോ' എന്ന 40 വാട്‍സ് ട്യൂബ് ലൈറ്റിന്റെ പ്രഭ ചൊരിഞ്ഞിരുന്ന ആത്മവിശ്വാസം (ആത്മപ്രശംസ എന്ന് അസൂയക്കാർ പറയും) പതുക്കെ സീറോ വാട്‍സ് ബൾബിന്റെ മങ്ങിയ വെളിച്ചത്തിലേക്കു മാറിത്തുടങ്ങി. ആട്ടോക്കു പോകാനുള്ള കാശ് സംഘടിപ്പിച്ചേ പറ്റൂ, അതല്ലാതെ വേറെ നിവൃത്തിയില്ല എന്ന അവസ്ഥയായതുകൊണ്ട് ഒരു ദിവസം ഉച്ചമയക്കത്തിനുശേഷം,  അഫ്‌ഗാനിസ്ഥാനിൽ ബോംബിടണോ എന്ന് ഒബാമ ആലോചിക്കുന്നതിനേക്കാൾ ഗൗരവത്തോടെ എല്ലാവരുംകൂടി കൂലങ്കുഷമായി ചിന്തിച്ചു. ചിന്തക്ക് കരുത്തു പകരാൻ മിക്സ്ചർ, ബിസ്‌കറ്റ്, കട്ടൻകാപ്പി എന്നിവ വിശ്രമമില്ലാതെ ആമാശയത്തിലേക്കു ചാടി ആത്മഹത്യ ചെയ്യുകയും അവയുടെ ആത്മാവ് തലച്ചോറിലേക്ക് സഞ്ചരിച്ചു ആശയങ്ങളായി വായിലൂടെ പുനർജനിക്കുകയും ചെയ്തു.

'നമുക്ക് കോഴ്സ് നിർത്തി നാട്ടിൽപോയാലോ?' എന്നമട്ടിലുള്ള ഉഗ്രൻ ആശയങ്ങൾക്ക് ആദ്യം നല്ല പിന്തുണ ലഭിച്ചെങ്കിലും ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ച ഭാരതത്തിന്റെ ഭാവിവാഗ്ദാനങ്ങളായ നാലുപേരുടെ കാല് വീട്ടുകാർ ഒരേസമയത്ത് തല്ലിയൊടിച്ചു എന്ന അപൂർവ റെക്കോർഡിനുടമകളാകേണ്ട എന്ന് കരുതി ആ ആശയത്തെ തൽക്കാലത്തേക്ക് എടുത്തു പെട്ടിയിൽവെച്ചു. അല്ലെങ്കിലും ഒരു രണ്ടോ മൂന്നോ മാസം കൂടി കഴിഞ്ഞാൽ സ്ഥിരമായി  നാട്ടിലോട്ടുതന്നെയല്ലേ തിരിച്ചു പോകാനിരിക്കുന്നത് എന്ന യാഥാർത്ഥ്യം പല്ലിളിച്ചുകാട്ടി സമാധാനിപ്പിച്ചു.

"നമുക്കൊരു പാർട് ടൈം ജോലിക്കു പോയാലോ?"

പെട്ടെന്നാണ് ഉസൈൻബോൾട്ടിന്റെ ഓട്ടംപോലെ ഈയൊരു സാധ്യത മറ്റെല്ലാ സാധ്യതകളേയും ബഹുദൂരം പിന്നിലേക്കു തള്ളി ഒന്നാമനായത്. പണിക്കുപോകാനോ, അതും നമ്മൾ? എന്ന ആശങ്ക അൽപ്പം ദഹനക്കേട് സൃഷ്ടിച്ചെങ്കിലും, മൂന്നോ നാലോ മണിക്കൂർമാത്രം ജോലി ചെയ്താൽ കൈ നിറയെ പണം, വെയിൽ കൊള്ളാതെ എന്നും ഓട്ടോയിൽ പോകാനുള്ള അവസരം എന്നീ സാദ്ധ്യതകളുടെ ആകർഷണം എല്ലാവരെയും ഈ തീരുമാനത്തിൽത്തന്നെ കൊണ്ടുചെന്നെത്തിച്ചു.

തീരുമാനത്തോളം എളുപ്പമായിരുന്നില്ല മുന്നോട്ടുള്ള കാര്യങ്ങൾ. റെസ്യുമേ, സെൽഫ് ഇൻട്രൊഡക്ഷൻ അങ്ങനെ കടിച്ചാൽപൊട്ടാത്ത ഒരുപാട് കടമ്പകൾ. ഇന്റർനെറ്റ് കഫെയിൽ നിന്നുകിട്ടിയ ഫോർമാറ്റിൽ റെസ്യൂമെയും, ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർക്കാവുന്ന ഒരു സെൽഫ് ഇൻട്രൊഡക്ഷനും ഒരുവിധം ഒപ്പിച്ചു.

നാലു പേരുടെയും റെസ്യൂമെ ഒറ്റപ്രസവത്തിൽ പിറന്ന രണ്ടുജോഡി ഇരട്ടക്കുട്ടികളെപ്പോലെ തോന്നിച്ചെങ്കിലും 'കവിളിൽ മറുകുള്ളവൻ അച്ചു' എന്നുപറയുന്നപോലെ റെസ്യൂമേയുടെ തുടക്കത്തിലെ ഞങ്ങളുടെ 'പേര്' മാത്രം മാറ്റമുണ്ടായിരുന്നു. അത് ഭാഗ്യമായി ഇല്ലെങ്കിൽ റെസ്യൂമെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾക്കുതന്നെ മാറിപ്പോയേനെ.

കൂട്ടത്തിൽ ഉത്സാഹിയായ ചിന്തു ദിവസേന പത്രം അരിച്ചുപെറുക്കി ഇന്റർവ്യൂവിനു പോകാനുള്ള സ്ഥലങ്ങൾ നോക്കിവെക്കാൻ തുടങ്ങി. മണിച്ചിത്രത്താഴ്, ചിത്രം, വന്ദനം തുടങ്ങിയ നല്ല സിനിമകൾ ടി വിയിൽ ഉള്ള ദിവസം ഇന്റർവ്യൂവിന് പോകണ്ട എന്ന ശ്രീജിത്തിന്റെ സ്വകാര്യബിൽ ലോക്‌സഭ വോട്ടിനിട്ട് തള്ളി.  

ഗണപതിക്കുടച്ച തേങ്ങകളെല്ലാം കാക്കകൾ കൊണ്ടുപോയ്‌ക്കൊണ്ടിരുന്നു. ഒന്നുകിൽ കന്നഡഭാഷ അറിയാത്തതുകൊണ്ട് അല്ലെങ്കിൽ പ്രവൃത്തിപരിചയം ഇല്ലാത്തതുകൊണ്ട് അതുമല്ലെങ്കിൽ ജോലിസമയത്തിന്റെ പ്രശ്‍നംകൊണ്ട് ഇന്റർവ്യൂകളിൽ ഒന്നിൽപോലും ഞങ്ങൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചതേയില്ല. അങ്ങനെയിരിക്കുമ്പോളാണ് ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ജോലിയുടെ ഏകദേശ വിവരണം താഴെ

സംഭവം : മക്‌ഡൊണാൾഡ്‌സ് (ആഗോളകുത്തക....ഹും...പോട്ടെ )
സ്ഥലം : കോറമംഗല (കുഴപ്പമില്ല)
തസ്‌തിക : ഫ്ലോർ സൂപ്പർവൈസർ (കേൾക്കാനൊരു സ്റ്റൈലുണ്ട്)

യോഗ്യതകൾ 
1 . ഇംഗ്ലീഷ് പരിജ്ഞാനം
(ഹൗ ഫാർ ഈസ് മയാമി ബീച്ച് ഫ്രം വാഷിംഗ്‌ടൺ ഡി സി...കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്... അതല്ലേ....ഇതൊക്കെ ചെറീത്...)

2 . ആകർഷകമായ വ്യക്തിത്വം  (അതല്ലേ ഉള്ളൂ നമ്മുടെ കൈയിൽ...)

3 . ജോലി ചെയ്യാനുള്ള സന്നദ്ധത (ഒട്ടുമില്ല...പിന്നെ നിവൃത്തിയില്ലാത്തോണ്ട് ശ്രമിക്കാം..)

മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല എന്ന് തീരുമാനമായി. അതിൻപ്രകാരം ഒരുദിവസം ഉച്ചക്ക് ക്ലാസ് കഴിഞ്ഞു നേരെ കോറമംഗലക്ക് വച്ചുപിടിച്ചു. സംഭവം വിചാരിച്ചപോലല്ല, മക്‌ഡൊണാൾഡ്‌സ് കാണാൻ നല്ല ലുക്കൊക്കെയുണ്ട്. അകത്തേക്ക് കയറിയപ്പോളാകട്ടെ നല്ല 'പൊരിച്ച കോയീന്റെ മണം....'.

കൗണ്ടറിലിരുന്ന ചേച്ചി നാലാളെയും നേരെ മാനേജരുടെ മുറിയിലെത്തിച്ചു. എണ്ണയിലേക്കിടാൻ  തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജികളെപ്പോലെ, കറങ്ങുന്ന കസേരയിൽ നട്ടെല്ലുവളക്കാതെ തലയുയർത്തി നാലുപേരും മാനേജരെയും കാത്തിരിപ്പായി. ഏതാണ്ട് പത്തുനിമിഷം കഴിഞ്ഞപ്പോൾ മാനേജർ പ്രത്യക്ഷപ്പെട്ടു. ജോസ് പ്രകാശ് മുതൽ റിസബാവ വരെയുള്ള പലരേയും മാനേജർ സ്ഥാനത്ത് മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ടിരുന്നെങ്കിലും വന്നത് ഇന്ദ്രൻസിനെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതിയോടു കൂടിയ ഒരു പാവം മനുഷ്യനാണ്.

മൂന്നര മണിയോടടുത്ത ആ നേരത്ത് 'ഗുഡ് മോർണിംഗ്....സോറി....ഗുഡ് ആഫ്റ്റർനൂൺ...സോറി....ഗുഡ് ഈവനിംഗ്' എന്നിങ്ങനെ മൂന്നും ഒന്നിനുപിന്നാലെ ഒന്നായി പറഞ്ഞുകൊണ്ട് മാനേജരെ ആദ്യം തന്നെ ഒന്ന് ഞെട്ടിച്ചു. ഞെട്ടൽ പൂർണമാകുന്നതിനു മുൻപേ ആദ്യം കൊടുക്കുന്ന ആൾക്ക് സമ്മാനമുണ്ടോയെന്നു സംശയം ജനിപ്പിക്കുംവിധം തിക്കിത്തിരക്കി ഒരേപോലുള്ള നാല് റെസ്യൂമേകൾ മേശപ്പുറത്തുവച്ചു ഒന്നുകൂടി ഞെട്ടിച്ചു. ഇങ്ങനെ തുടർച്ചയായി ഞെട്ടിയാൽ ഒരുപക്ഷേ തനിക്കെന്തുകൊണ്ട് ഈ ചെറുപ്രായത്തിലേ ഹൃദയാഘാതം വന്നുവെന്നാലോചിച്ച് തന്റെ വീട്ടുകാർ ഞെട്ടേണ്ടിവരും എന്ന് മനസ്സിലാക്കിയ ആ മാനേജർ നാലാളെയും അൽപ്പം മാറ്റിയിരുത്തി.

ആദ്യമായി ജോലിയെപ്പറ്റി മാനേജർ വിശദീകരിച്ചു. അത് തർജ്ജമചെയ്താൽ ഇപ്രകാരമാണ് - ഞങ്ങൾ നിങ്ങളെ പണിയെടുപ്പിച്ചുകൊല്ലും, കണ്ടതെല്ലാം വെട്ടിവിഴുങ്ങാമെന്നു കരുതേണ്ട, തറ തുടക്കുന്നതും, മേശ വൃത്തിയാക്കുന്നതും അടക്കമുള്ള ജോലികൾ ശരിയായി ചെയ്യുന്നുണ്ടോ എന്ന് ഇടക്കിടക്ക് നോക്കണം, അഥവാ അതിന് ഉത്തരവാദിത്വപ്പെട്ടവർ അത് ശരിയായി ചെയ്തിട്ടില്ലെങ്കിൽ മുന്നിട്ടിറങ്ങി അത് ചെയ്യാൻ ഒരു മടിയും വിചാരിക്കേണ്ട, എന്തെങ്കിലും കുഴപ്പം കണ്ടാൽ ശമ്പളം കട്ട് ചെയ്യും, ചിലപ്പോൾ കടയിൽ വരുന്നവർ അച്ഛനും അമ്മക്കും വരെ വിളിക്കുമ്പോൾ ചിരിച്ചുകൊണ്ട് അതെങ്ങനെ കേൾക്കാമെന്നും എന്ത് മറുപടി പറയണമെന്നുമുള്ള കാര്യങ്ങൾ കമ്പനി പഠിപ്പിച്ചുതരും. നന്നായി ജോലി ചെയ്താൽ പ്രമോഷൻ (?) കിട്ടാൻ സാധ്യതയുണ്ട്, എന്തായാലും ഇന്റർവ്യൂ കഴിഞ്ഞേ നിങ്ങളെ എടുത്തോ ഇല്ലയോ എന്ന് പറയാനൊക്കൂ - ഇത്രയും കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ തലയിൽനിന്ന് ഒരു ഡസൻ കിളികൾ ഒരുമിച്ചു പറക്കുകയും മുറിക്കു വലിപ്പം കുറവായതിനാൽ പരസ്പരം കൂട്ടിയിടിച്ചു ഒന്നുരണ്ടെണ്ണം താഴെ വീഴുകയും ചെയ്തു.

ഇന്റർവ്യൂ അങ്ങനെ ആരംഭിച്ചു. മാനേജർ പറയുന്ന വിഷയത്തെപ്പറ്റി അഞ്ചുമിനിറ്റ് സംസാരിക്കണം ആകെ അത്രയേ ഉള്ളൂ ഇന്റർവ്യൂ.

ആദ്യത്തെ നറുക്കു വീണവന് കിട്ടിയ വിഷയം 'ഓണം' - 'ഓണം ഈസ് കേരളാസ് മെയിൻ ഫെസ്റ്റിവൽ' എന്ന് തുടങ്ങി കോമ്പോസിഷനിൽ പഠിച്ചത് മൊത്തം എടുത്തു അവൻ മിന്നിച്ചു.

അടുത്തവന് കിട്ടിയത് 'ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് ഓഫ് കേരള' - അവനും മോശമാക്കിയില്ല; കോവളത്തുനിന്നു തുടങ്ങി കുമരകം എത്തിയപ്പോളേക്കും മാനേജർ നിർബന്ധിച്ച് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യിച്ചു. ഇല്ലെങ്കിൽ അതിരപ്പിള്ളിയൊക്കെ എത്തുമ്പോളേക്കും നേരം വെളുത്തേനെ.

ഇവന്മാരുടെ പ്രകടനം കണ്ടിരുന്ന എന്റെ ഹൃദയം 100-120 വേഗതയിൽ ഇടിച്ചുകൊണ്ടിരുന്നു - വേറൊന്നുംകൊണ്ടല്ല; അറിയാവുന്ന വിഷയങ്ങളൊക്കെ ഓരോന്നായി തീർന്നുവരുന്നു. ഇനി എനിക്കെങ്ങാൻ 'ഗാട്ട് കരാറും ഇന്ത്യൻ കർഷകരും' പോലുള്ള വല്ല കടുകട്ടി വിഷയവും കിട്ടുമോ എന്നുകരുതി.

എന്തായാലും ദൈവം കരുണയുള്ളവനായിരുന്നു എനിക്ക് കിട്ടിയത് 'പ്രോഗ്രസ്സ് ഓഫ് കേരള' എന്ന വിഷയമായിരുന്നു. 100% സാക്ഷരത, ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങി അറിയാവുന്ന എല്ലാ വാക്കുകളും കൂട്ടിച്ചേർത്ത് അഞ്ചുമിനിറ്റ് മാനേജരെ പുളകം കൊള്ളിച്ചു.

പറയാൻ വിട്ടുപോയി - ഇതിനിടയിൽ നാല് ഗ്ലാസ് കൊക്കകോളയും ബണ്ണിന്റെ നടുവിൽ എന്തൊക്കെയോ കുത്തിക്കേറ്റിയ പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു സാധനവും (അതിന്റെ പേര് ബർഗർ എന്നാണെന്ന് പിന്നീട് മനസ്സിലായി) വരികയും, വന്നതിലും വേഗത്തിൽ അപ്രത്യക്ഷമാകുകയും ചെയ്തു.

അങ്ങനെ മൂന്നുപേരുടെ പ്രകടനങ്ങൾ കണ്ട് ത്രസിച്ചിരുന്ന നാലാമന്റെ ഊഴമായി. തൊണ്ട ശരിയാക്കി, കാതുകൂർപ്പിച്ചു മുന്നോട്ടാഞ്ഞിരുന്ന അദ്ദേഹത്തിന് ലഭിച്ച വിഷയം 'റിവേഴ്‌സ് ഓഫ് കേരള' - കേട്ടിരുന്ന ഞങ്ങളും ഒന്നാശ്വസിച്ചു. 44 നദികളിൽ ഒന്നോ രണ്ടോ എണ്ണത്തിനെപ്പറ്റി പറയുമ്പോളേക്കും തന്നെ അഞ്ചുമിനിറ്റ് തീർന്നോളും.

അവനും ആശ്വാസം. 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം' എന്നമട്ടിലാണ് ഇരുപ്പ്. സംസാരം കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി, പൂട്ടിപ്പോയ പല ഫാക്ടറികളിലേക്കുവരെ സഞ്ചരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയക്കാരെപ്പോലെ ബന്ധമില്ലാത്ത വിഷയങ്ങളെല്ലാം ആമുഖമായിപ്പറഞ്ഞ് പതുക്കെ 'നദി'കളിലേക്കു വരാനുള്ള ഒരു സൈക്കോളജിക്കൽ മൂവായിരിക്കും എന്നാദ്യം കരുതിയെങ്കിലും നദികളെപ്പറ്റി ഒരക്ഷരം മിണ്ടാതെ അവന്റെ സംസാരം തുടർന്നപ്പോൾ എന്തോ ഒരു വശപ്പിശക് ഫീൽ ചെയ്തു. ഇനിയൊരുപക്ഷേ ഞാൻ കേട്ടത്  തെറ്റിപ്പോയതായിരിക്കുമോ എന്ന സംശയത്തിൽ ബാക്കിയുള്ള രണ്ടുപേരെ ഞാനൊന്ന് നോക്കി; അവരെന്നെയും നോക്കി. നാൽപ്പതുപേരും ശിഷ്യന്മാരുമില്ലാത്തതുകൊണ്ടു ഞങ്ങൾ പരസ്പരം ഒന്നുകൂടിനോക്കി അഡ്ജസ്റ്റ് ചെയ്തു. മാനേജരാണെങ്കിൽ അവനെ പ്രോത്സാഹിപ്പിച്ച് കൂടുതൽ സംസാരിപ്പിക്കുന്നുമുണ്ട്. അതോടെ ഒരുകാര്യം ഉറപ്പായി. ഞങ്ങൾ മൂന്നാൾക്കും ജോലികിട്ടില്ല; നാലാമന് ജോലിയുടെ കാര്യം ഏകദേശം തീർച്ചയായി.

അരമണിക്കൂർ പുറത്ത് കാത്തിരുന്നാൽ ഫലം കൈയോടെ അറിയാം. ഞങ്ങൾ മൂന്നുപേർ എന്തായാലും ജോലി കിട്ടില്ലെന്നുറപ്പായതുകൊണ്ട് നിരാശ പുറത്തുകാട്ടാതെ  'അല്ലെങ്കിലും ഈ എച്ചിലെടുക്കുന്ന ജോലിയൊന്നും ഞങ്ങൾക്ക് പറ്റിയതല്ലെന്ന്' പ്രഖ്യാപിക്കുകയും നാലാമൻ ' 7000-8000 രൂപയൊക്കെ ഒരുമാസം കിട്ടിയാൽ അടിച്ചുപൊളിക്കാമല്ലേ എന്ന ചോദ്യത്തോടെ അതേ നിരാശയുടെ മുറിവിൽ ഒരുകിലോ മുളകുപൊടി വാരിയെറിയുകയും ചെയ്തു.

റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻവന്നവരുടെ  മേശപ്പുറത്ത് ഒരുപാട് കോഴിക്കാലുകൾ അമിതവണ്ണത്തോടെ വരുകയും, സ്ലിം ബ്യൂട്ടികളായി തിരിച്ചുപോകുകയും ചെയ്തുകൊണ്ടിരുന്നു. ഉറപ്പായും അതിലൊരു വലിയവിഭാഗം ആളുകൾ 'ആരുടെ കൊതിപറ്റിയതാണോ ആവോ' എന്ന ആത്മഗതത്തോടെ പിറ്റേദിവസം സിക്ക്‌ലീവ് എടുത്തുകാണുമെന്നുറപ്പ്.

ഒടുവിൽ ആ ശുഭമുഹൂർത്തം വന്നെത്തി; വീണ്ടും അതേ മുറിയിൽ അതേ മാനേജരുടെ മുന്നിൽ. വിധി ഇപ്രകാരം - നാലാമനൊഴികെ എല്ലാവരും ഇന്റർവ്യൂ പാസ്സായി. താല്പര്യമുണ്ടെങ്കിൽ നാളെത്തന്നെ സർട്ടിഫിക്കറ്റ് കൊണ്ടുചെന്നു ജോയിൻ ചെയ്യാം. ഞങ്ങൾ മൂന്നുപേരും തലയിൽ ലൈറ്റ് കത്തുന്ന സ്പീഡനുസരിച്ച് ഇടവിട്ടിടവിട്ട് ഞെട്ടി. നാലാമനാകട്ടെ, പവർകട്ട് സമയത്ത് കറന്റ് കമ്പിയിൽ വെറുതേ കാറ്റുകൊണ്ടിരിക്കുമ്പോ പെട്ടെന്ന് 11 KV കറന്റ് ഒന്ന് കടന്നുപോയ കാക്കയുടെ അവസ്ഥയിലും.

"എനിക്ക് അയാൾ എന്തോ കാരണംകൊണ്ട് പണി തന്നതാടാ",

"നിങ്ങളും കേട്ടതല്ലേ....സംസാരിച്ചപ്പോൾ ഞാൻ പൊരിച്ചതല്ലേ?"

"ആ പൊട്ടന് ഇംഗ്ലീഷറിയാത്തതുകൊണ്ടായിരിക്കും"

എന്നിങ്ങനെയുള്ള ഡയലോഗുകൾ കൊണ്ട് നാലാമൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ,

"ആ...സാലറിയൊക്കെ കിട്ടീട്ടു വേണം ഒരു മൊബൈലും, ബൈക്കുമൊക്കെ വാങ്ങാൻ" എന്ന കോർണർകിക്കിലൂടെ  നേരത്തെ വാങ്ങിക്കൂട്ടിയ ഗോൾ മൂവരും ചേർന്ന് തിരിച്ചടിച്ചു. അങ്ങനെ മത്സരം സമനിലയിൽ കലാശിച്ചു.

രാത്രി വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ വിഡ്ഢിത്തമാണെന്നു തോന്നിയാലും സാരമില്ല, സംശയം തീർത്തേക്കാം എന്നുകരുതി ഞങ്ങൾ നാലാമനോട് ചോദിച്ചു എന്തുകൊണ്ടാണ് വിഷയം 'റിവേഴ്‌സ് ഓഫ് കേരള' ആയിട്ട് നദികളെപ്പറ്റി സംസാരിക്കാഞ്ഞതെന്ന്.

അപ്പോളാണ് അവൻ ആ വിശ്വവിഖ്യാതമായ മറുപടി തന്നത്. റിവേഴ്‌സ് (Reverse) ഓഫ് കേരളയെപ്പറ്റി സംസാരിക്കാൻ പറഞ്ഞാൽ എന്തിനാടാ പൊട്ടന്മാരേ നദികളെ (Rivers) കുറിച്ച് സംസാരിക്കുന്നതെന്ന്!!!!

ഒരുപാട് മണിക്കൂറുകളായി അലട്ടിയ ആ സമസ്യക്ക് അങ്ങനെ പരിഹാരമായി. വെറുതെയല്ല പെരിയാറിനും ഭാരതപ്പുഴക്കുമെല്ലാം പകരം  കേരളത്തെ റിവേഴ്‌സ് ഗിയറിൽ കയറ്റിയ അനാവശ്യ രാഷ്ട്രീയവും, കമ്പനികളുടെ ലോക്ക് ഔട്ടും മുതൽ ഹർത്താൽ വരെ അവനെടുത്ത് വാരിവിതറിയത്.

എന്തായാലും ഞങ്ങൾ ഒന്നും തിരുത്താൻപോയില്ല.

ബ്രിട്ടീഷ് അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും ബാക്കിപത്രമാണ് ഇംഗ്ലീഷ് എന്ന് ഞങ്ങൾക്കറിയാം..

അല്ലെങ്കിലും രണ്ടുവാക്കുകൾ ഒരേപോലെ ഉച്ചരിക്കുന്ന ഈ വൃത്തികെട്ട ഭാഷ നമ്മളെന്തിനാണ് പഠിക്കുന്നത്....

ഇംഗ്ലീഷ് വിദ്യാഭ്യാസം നിർബന്ധമാക്കിയ മെക്കാളെ പോയി തുലയട്ടെ!

*******************************************************************************************************

പിൻകുറിപ്പ്:-

"ജോലി ....

അറിയുംതോറും അകലംകൂടുന്ന മഹാസാഗരം... പിന്നെയും അലഞ്ഞിട്ടുണ്ട് അതുതേടി.

വെറുതേ വീട്ടിലെ പായയിൽ ഈച്ചയാട്ടിക്കിടക്കുന്നവന് ഇടക്കൊരു വെളിപാടുണ്ടാകുന്നു....

എന്താ? നേരെ  ഓരോ കമ്പനികളിലേക്ക്  വെച്ച് പിടിക്കാൻ..

എന്തിനാ? പണി വല്ലതും കിട്ടുമോ എന്നന്വേഷിക്കാൻ.....

ഇന്റർവ്യൂവിനെപ്പറ്റി അറിയാൻ എല്ലായ്‌പ്പോഴും ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ.. ഉസ്താദ് HR ഖാൻ..

ആവശ്യമറിയിച്ചു - ദക്ഷിണ വെക്കാൻ പറഞ്ഞു. ജോലി തെണ്ടുന്നവന്റെ ഓട്ടകീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല....

ഇന്റർവ്യൂവിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ഗൂഗിളിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഇംഗ്ലീഷിൽ ഒരു സെൽഫ് ഇൻട്രൊഡക്ഷൻ അങ്ങട്ട് അലക്കി...

പലപ്പോളും പറഞ്ഞു മുഴുമിക്കാൻ വിട്ടില്ല....നേരെ ഇന്റർവ്യൂ നടക്കുന്ന റൂമിലേക്ക്  കയറ്റിയങ്ങുവിട്ടു .......HR ഫ്‌ളാറ്റ്.....

പിന്നെ ബാഗിൽ റെസ്യൂമെയും വായിൽ സെൽഫ് ഇൻട്രൊഡക്ഷനുമായി സമയമൊരുപാട്....

ഒടുവിൽ നിധിപോലെ കിട്ടിയ ഒരു അപ്പോയിൻമെന്റ് ലെറ്ററിൽ ഒപ്പു വാരിവലിച്ചിട്ട് ഇതേ നഗരത്തിൽക്കൂടി ഈ യാത്ര തുടരുന്നു........ഇന്നും തീരാത്ത പ്രവാസം....

അല്ലെങ്കിലും......

സഫറോം കി സിന്ദഗി ജോ കഭി നഹി ഖത്തം ഹോ ജാത്തീ ഹേ......! "

Tuesday 9 January 2018

കാന്തേ നീയുംവരൂ....തൃശ്ശൂർ കലാപൂരം കാണാൻ....

അങ്ങനെ വീണ്ടുമൊരു കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനത്ത് തിരിതെളിഞ്ഞു. പൂര നഗരി ഇനി ഉറങ്ങിയുണരാൻ  പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവം സമ്മാനിക്കുന്ന മായക്കാഴ്ചകളിലേക്കാണ്. ഇനിയേതാനുംനാൾ  ഒരു നഗരത്തിലെ ഓരോ ഹൃദയവും ചില കുഞ്ഞുപാദങ്ങളുടെ ചടുലതാളങ്ങളിൽ പ്രകമ്പനം കൊള്ളും, ലാസ്യവിസ്മയങ്ങളിൽ മതിമറന്ന മിഴികൾ ഈ കാഴ്ച തീരരുതേ എന്നാശിക്കും, കാതിനിമ്പമായി ഉള്ളൂരും,വള്ളത്തോളും മുതൽ റഫീഖ് അഹമ്മദ് വരെ കടന്നുവരും. കല എപ്പോളും അങ്ങനെയാണല്ലോ; ജീവിതനദികളിലെ ഒഴുക്കുപോലും അതു പിടിച്ചുനിർത്തും. പഞ്ചേന്ദ്രിയങ്ങളേയും അനുഭൂതികളുടെ അനുവാച്യതലങ്ങളിൽ അമ്മാനമാടിച്ച ഈ കലോത്സവം ഓരോ വർഷത്തെ പൂരവുംപോലെ ഒടുക്കം ഉപചാരംചൊല്ലി വിടപറയും. നഷ്ടപ്രണയത്തിന്റെ ഭൂതകാലങ്ങളിൽ ജീവിക്കുന്നതുപോലെ, കണ്ട കാഴ്ചകളുടെ മധുരങ്ങൾ ഓർമ്മചെപ്പിലടച്ചുവെച്ച് നാമോരോരുത്തരും ജീവിതത്തിന്റെ തിരക്കുകളിൽ അലിഞ്ഞുചേരും.

ഓരോ കലോത്സവവാർത്തകളും, ഓർമകളുടെ കുന്നിൻചെരിവുകളിലേക്കാണ് എന്നെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നത്. ഒട്ടും നിറംമങ്ങാത്ത ഓർമ്മചിത്രത്തിന്റെ ഫ്രെയിമുകളിൽ ചെറുതും വലുതുമായ പല കലോത്സവവേദികളും ദീപ്തമായി നിൽക്കുന്നു. വേദികളും നഗരങ്ങളുമേ മാറുന്നുള്ളൂ; കാഴ്ചകളിന്നും പഴയതുതന്നെ. അച്ഛനമ്മമാരുടെ, അല്ലെങ്കിൽ അവരേക്കാൾ പ്രിയപ്പെട്ട അധ്യാപകരുടെ കൈപിടിച്ച് രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നതും, അഭിമാനത്തോടെ ചെസ്റ്റ്നമ്പർ സേഫ്റ്റിപിൻ ചേർത്തുകുത്തുന്നതും, ഗ്രീൻറൂമുകളിൽ ക്ഷമയോടെ ചായമിടാൻ നിന്നുകൊടുക്കുന്നതും, വേദിക്കുപുറകിൽ തന്റെ ഊഴവുംകാത്ത് പരിശീലിച്ചുതെളിഞ്ഞതെല്ലാം ഒരിക്കൽക്കൂടി ഉരുവിട്ടുകൊണ്ട് കാത്തുനിൽക്കുന്നതും വെറുതെ ഓർത്തുപോയി. പൊങ്ങുന്ന കർട്ടനൊപ്പം ഉയരുന്ന ഹൃദയമിടിപ്പിനെ പണിപ്പെട്ടു നിയന്ത്രിച്ച് മുന്നിലിരിക്കുന്ന നൂറുകണക്കിനുപേരുടെ മുഖത്ത് തെളിയുന്നത് ആനന്ദമോ, അഭിനന്ദനമോ അതോ പുച്ഛമോ എന്ന ആശങ്കയോടെ, മാസങ്ങളായുള്ള സപര്യയുടെ പരിപൂർണ്ണമായ ആവിഷ്കാരത്തിനായി മനസ്സും ശരീരവും സമർപ്പിക്കുന്നതും, ആട്ടവും പാട്ടുമവസാനിക്കുമ്പോൾ അംഗീകാരത്തിന്റെ കരഘോഷങ്ങളുടെ അകമ്പടിയിൽ വേദിക്കുപിന്നിൽ നിന്നാരോ നീട്ടിയ തൂവാലയിൽ സന്തോഷത്തിന്റെ, ആത്മനിർവൃതിയുടെ, ആശ്വാസത്തിന്റെ വിയർപ്പുകണങ്ങൾ തുടച്ചെറിഞ്ഞത് എങ്ങനെയാണ് മറക്കുക? ഉദ്വേഗത്തോടെ മത്സരഫലം എന്താകുമെന്നറിയാൻ ഉച്ചഭാഷിണിക്ക് കാതോർത്തതും, ആദ്യം കലോത്സവവേദിയിലും പിന്നീട് സ്കൂൾ അസംബ്ലിയിലും സമ്മാനങ്ങൾ അഭിമാനത്തോടെ ഏറ്റുവാങ്ങിയതും ഇന്നലെയാണെന്ന് തോന്നിപ്പോകുന്നു. ആഹ്ലാദമധുരങ്ങളും, കണ്ണുനീരുപ്പും കലർന്നതാണ് ഭൂതകാലത്തിന്റെ ഈ കുളിരോർമ്മകൾ.

മത്സരത്തിന്റെ തീക്ഷ്ണതയിൽ വെന്തുരുകാതെ ഊഷ്മളമായ സൗഹൃദങ്ങൾ ഈ വേദികളിൽ അന്ന് തളിരിട്ടിരുന്നു. സമ്മാനമൊന്നും കിട്ടിയില്ലെന്നറിഞ്ഞു വിങ്ങിപ്പൊട്ടിയ ബാലചാപല്യങ്ങളെ ചേർത്തുപിടിച്ച് ഇതൊന്നും സാരമില്ലെന്നും, നീ ചെറുതല്ലേ ഇനിയെത്ര വേദികൾ കാത്തിരിക്കുന്നു എന്നും പറഞ്ഞത് ഒന്നാംസമ്മാനക്കാരനായിരുന്നു, കണ്ണീരുനിർത്താൻ കുഞ്ഞുമിട്ടായികൾ കൈക്കൂലിയായിത്തന്ന അദ്ധ്യാപിക എന്റെ സ്കൂളിൽ നിന്നായിരുന്നില്ല, അനന്തമായി നീളുന്ന മത്സരത്തിൽ ഊഴവും കാത്തിരുന്നു തളർന്നവന് കുടിവെള്ളം കൊണ്ടുതന്നത് കൂടെ മത്സരിക്കേണ്ടവൻ തന്നെയാണ്. ദുഃഖകരമായൊരു കാര്യം ഈ വേദികളിലെ മിന്നും താരങ്ങളായ പലരെയും പിന്നീട് കലയുമായി ബന്ധപ്പെട്ട യാതൊരു മേഖലയിലും പിന്നീട് കാണാനേ കിട്ടുന്നില്ല എന്നതാണ്. ഓരോ പോയിന്റിനും ഇഞ്ചോടിഞ്ചു പൊരുതിയ ഒരു കൂട്ടുകാരിയെ പിന്നീടൊരിക്കൽ ഒരു ചാനലിലെ ചെറിയൊരു പരിപാടിയുടെ അവതാരികയായിക്കണ്ടു. ജീവിതത്തിലിന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച നാടോടിനൃത്തത്തിന് പാദങ്ങൾ ചലിപ്പിച്ചവളെ വീണ്ടും ഇത്തരുണത്തിൽ കാണുമ്പോൾ തോന്നുന്നത് വേദനയോ സന്തോഷമോ എന്നറിയുന്നില്ല.

ഓരോദിവസവും പത്രത്തിൽവരുന്ന വാർത്തകൾ പക്ഷേ വേദനിപ്പിക്കുന്നു. അപ്പീലുകളുടെ പ്രളയംമുതൽ, വിധിനിർണയത്തിലെ കോഴകൾ വരെയാണ് ഇന്ന് അരങ്ങുവാഴുന്നത്. രക്ഷിതാക്കളേ നിങ്ങളോട് ചോദിക്കാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ് - എന്തിനാണ് ഈ കുഞ്ഞുമനസ്സുകളിൽ നിങ്ങൾ നഞ്ചുകലക്കുന്നത്? നിങ്ങളെന്താണ് ഇതിലൂടെ നേടുന്നത്? പണം നുരയുന്ന ക്ലബ്ബുകളിലെ പൊങ്ങച്ചചർച്ചകളിൽ നിങ്ങളുടെ മക്കളുടെ പേര് ഉയർന്നു കേൾപ്പിക്കാനോ? അർഹതയില്ലാത്ത അംഗീകാരങ്ങളുടെ ഭാണ്ഡവും പേറി ആരും ഒരുപാടൊന്നും മുന്നോട്ടുപോകില്ല; ജീവിതപരീക്ഷകളിൽ അവർ തോറ്റുപോകുകയേ ഉള്ളൂ. ഒരുനിമിഷം ഒന്നോർക്കുക നിങ്ങളുടെ ഇത്തരം പ്രവൃത്തികൾ ചവിട്ടിയരച്ചുകളയുന്നത് നാളെ വിടർന്നു സുഗന്ധം പരത്തേണ്ട ഏതാനും കുഞ്ഞുപൂക്കളെയാണ്. നാമെല്ലാംചേർന്ന് മുതിർന്നവരുടെ ലോകം വൃത്തികെട്ട കിടമത്സരങ്ങളുടെ വിളനിലമാക്കി. അവശേഷിക്കുന്ന പ്രതീക്ഷ ഈ കുഞ്ഞുങ്ങളാണ്. അവരെയുംകൂടി എല്ലാത്തിലും വലിച്ചിഴക്കണോ? ഭൂമിയെന്ന ഈ ആരാമത്തിൽ വിരിഞ്ഞ ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങളല്ലേ അവർ? അവരെ സ്വാഭാവികമായി വിടർന്നു സുഗന്ധംപരത്താൻ വിടൂ ദയവായി!

എത്ര സ്വയം നിഷേധിച്ചിട്ടും ഞാൻ തിരിച്ചറിയുന്നു - ഈ വേദികളിൽ മറ്റാരെയുമല്ല ഞാനെന്നെത്തന്നെയാണ് കാണുന്നത്. നഷ്ടപ്പെട്ടുപോയ ഒരു നല്ലകാലത്തിന്റെ, ആടിത്തീരാത്ത ഒരുചുവടിന്റെ, പാടാൻ വിട്ടുപോയൊരു ശീലിന്റെയൊക്കെ മയിൽപ്പീലിത്തുണ്ടുകൾ ഈ ഹൃദയത്തിന്റെ ഏതോ കോണുകളിലിരുന്നു ഓർമ്മചിത്രങ്ങൾ കോറിയിട്ടുകൊണ്ടേയിരിക്കുന്നു. ഇനിയൊരുകാലത്ത് ഓർമ്മകൾ നഷ്ടപെട്ടുപോകുന്ന രോഗത്തിനടിമയായാൽപോലും അവസാനമായി മായുന്ന ഓര്മകളിലൊന്നായ് ഈ കലോത്സവവേദികൾ നിലനിൽക്കും. അതിലത്ഭുതമില്ല; വേരുകൾ ഇപ്പോളും മണ്ണിൽത്തന്നെ തറഞ്ഞുനിൽക്കുന്നു.

നേരമൊരുപാട് വൈകിയിരിക്കുന്നു; വരൂ നമുക്കൊരുമിച്ചുപോകാം ഈ വേദികളിലേക്ക്. എന്നിട്ട് ഈ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാം, അവരുടെ വിജയങ്ങളിലും പരാജയങ്ങളിലും ഒന്നുചേരാം. അപരിചിതത്വത്തിന്റെ അതിർവരമ്പുകൾ സ്നേഹത്തിന്റെ ഊഷ്മളതകൊണ്ട് അലിയിച്ചുകളയാം.

അനുജന്മാരേ, അനുജത്തിമാരെ, നിങ്ങൾ സധൈര്യം ചുവടുപിഴക്കാതെ, കണ്ഠമിടറാതെ മുന്നോട്ടുപോകുക ഞങ്ങളുണ്ടുകൂടെ - നിങ്ങൾക്കുമുമ്പേ നടന്നിട്ടും പാതിവഴിയിൽ നിന്നുപോയവർ, കാലരഥത്തിന്റെ ചക്രങ്ങൾ പിന്നോട്ടുരുട്ടാൻ കഴിയുമെങ്കിൽ ഈ വഴി ഒരിക്കൽകൂടി നടക്കണമെന്നാഗ്രഹിക്കുന്നവർ.

നിങ്ങൾ ഞങ്ങളെപ്പോലാകാതിരിക്കുക!

നിങ്ങൾ

കലകൊണ്ടു കലഹിക്കുക...

കലകൊണ്ടു പ്രണയിക്കുക....

കലകൊണ്ടു ജീവിക്കുക.....

കാരണം വർത്തമാനകാലം അത്രമേൽ നിങ്ങളെ ആവശ്യപ്പെടുന്നു.