Monday 5 March 2018

കടലും കാപ്പിയും പിന്നെ പ്രണയവും (ചെറുകഥ)ബീച്ചിനോട് മുഖാമുഖം നിൽക്കുന്ന, കഷ്ടിച്ചു ഇരുപതുപേർക്കിരിക്കാവുന്ന ഈ കൊച്ചു റെസ്റ്റോറന്റിൽ വന്നിട്ട് അരമണിക്കൂറോളമായി. സമയം നാലരയാകുന്നതേയുള്ളൂ, അതുകൊണ്ടുതന്നെ ബീച്ചും പരിസരവും ഏകദേശം വിജനമാണ്. കാലപ്പഴക്കത്തിൽ നിറം മങ്ങിയെങ്കിലും, ചുറ്റുമുള്ള അംബരചുംബികൾക്കിടയിൽ ഒരു കരടുപോലെ തോന്നിക്കുമെങ്കിലും എന്തുകൊണ്ടോ ഈ റെസ്റ്റോറന്റിനോടുള്ള പ്രണയം വർഷങ്ങളേറെക്കഴിഞ്ഞിട്ടും കൂടിയിട്ടേയുള്ളൂ. ഒരുപക്ഷേ പഴമയുടെ പൊടിമണം പേറുന്ന, ഉപ്പുരസമുള്ള ഈ വായുവിൽ അടുക്കും ചിട്ടയുമില്ലാത്ത എന്തൊക്കെയോ ഓർമ്മകൾ മോക്ഷം കിട്ടാതെ അലഞ്ഞുനടക്കുന്നതുകൊണ്ടാകും.

"ഒരു സ്പെഷ്യൽ കാപ്പി"

ഓർഡർ കൊടുത്തു.

ജീവിതമെന്ന ഓട്ടത്തിനിടയിൽ ഏതെല്ലാം ദേശങ്ങളിലെ എന്തെല്ലാം രുചികൾ നാവിലൂടെ കയറിയിറങ്ങിപ്പോയി. എന്നിട്ടും ഇപ്പോഴും, ഇവിടത്തെ ആവിപറക്കുന്ന ഈ കാപ്പിക്കപ്പ് മുഖത്തോടു ചേർത്തുയർത്തി അതിൽനിന്നുയരുന്ന നറുമണത്തെ കണ്ണുകളടച്ചാസ്വദിച്ച്, ആദ്യചുംബനം പോലെ മൃദുലമായി ചുണ്ടുകൾ കപ്പോട് ചേർത്ത് ഒരിറക്കു നുകരുമ്പോൾ കിട്ടുന്ന അനുഭൂതിക്ക് പകരംവെക്കാനാകില്ല ഒന്നുംതന്നെ!

******************************************************************************************************
മൂന്നുദിവസം മുൻപാണ് ആ ഫോൺവിളി വന്നത്

"രഘൂ...ഇത് ഞാനാണ്.....എന്റെ ശബ്ദം മറന്നിട്ടില്ലെന്നു കരുതുന്നു......എനിക്കൊന്നു നേരിൽ കാണണമെന്നുണ്ട്.
ഫ്രീയാണെങ്കിൽ ശനിയാഴ്ച ബീച്ചിൽ വരാമോ..... എന്നോടു വെറുപ്പില്ലെങ്കിൽ......വെറുപ്പില്ലെങ്കിൽ മാത്രം"

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ തരിച്ചുനിൽക്കുന്നതിനിടയിൽ ഫോൺ കട്ടായി.

ആ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു.
ഒരിക്കൽ എല്ലാമായിരുന്നവൾ, മനസ്സിന്റെ ക്യാൻവാസിൽ ഒരുപാട് വർണചിത്രങ്ങൾ വരഞ്ഞിട്ടവൾ. എട്ടുവർഷം മുൻപേ കണ്ണിനുമുന്നിൽ നിന്നകന്നുപോയിട്ടും ഇന്നും ഓരോ മിടിപ്പിലും ഹൃദയം ഓർമിപ്പിക്കുന്ന ആ ഒരാൾ.

ഒടുവിൽ പോകാൻതന്നെ തീരുമാനിച്ചു. ഹൃദയത്തിന്റെ മൃദുതന്ത്രികളിൽ ഒരുപാടുകാലം സഹാന രാഗം മീട്ടിയവളെ ഒരിക്കൽക്കൂടി കാണാനുള്ള അദമ്യമായ ആഗ്രഹത്തെ പിടിച്ചുനിർത്താനായില്ല എന്നതാണ് സത്യം.

ഇവിടെ വന്നപ്പോൾ, വേർതിരിച്ചറിയാനാവാത്ത എന്തെല്ലാമോ വികാരങ്ങളുടെ വേലിയേറ്റം. കണ്ണുകൾ ഇറുക്കിയടച്ച് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.

"കാത്തിരുന്നു മുഷിഞ്ഞപ്പോൾ ഉറങ്ങിപ്പോയോ?"

ഇണചേർന്ന് ഒന്നായിരുന്ന കൺപീലികൾ, സുഖമുള്ള മയക്കത്തിന്റെ കെട്ടുപൊട്ടിച്ച് ഇരുതീരങ്ങളിലേക്ക് സാവധാനം ഒഴുകിമാറി. പതിയെ പതിയെ ആ കണ്ണുകൾക്കുമുന്നിൽ സുന്ദരമായ ഒരു രൂപം തെളിഞ്ഞുവന്നു; മൂടൽമഞ്ഞിന്റെ മുഖപടം മാറ്റി ജാലകവാതിലിനപ്പുറെ തെളിഞ്ഞുവരുന്ന പുലരൊളിപോലെ.

അത് അവളായിരുന്നു - ആഭ

"സോറിട്ടോ... ഇങ്ങോട്ട് ഇറങ്ങാൻ നിന്നപ്പോളാണ് പ്രതീക്ഷിക്കാതെ രണ്ട് പേർ വീട്ടിൽവന്നത്..അവരെ പാക്കപ്പ് ചെയ്തപ്പോളേക്കും ഈ നേരമായി"

മുഖമുയർത്തുന്നതിനു മുൻപേ കണ്ണിൽപ്പെട്ടത് എന്റെ കൈപ്പടത്തിനു മുകളിൽ വെച്ചിരിക്കുന്ന വെളുത്തുനീണ്ട  ആ വിരലുകളാണ് - 'ചിത്രകാരിയുടെ വിരലുകൾ' എന്നു പലവട്ടം വിളിച്ച, ചേർത്തുപിടിച്ചുകൊണ്ടു ഒരുപാടു കാതം ഒരുമിച്ചുനടക്കണം എന്നാഗ്രഹിച്ച മൃദുലമായ അതേ വിരലുകൾ.....

"എത്ര നാളു കൂടീട്ടു കാണുന്നതാ.....അപ്പൊ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നോക്കിയിരിക്കുന്നത്? ഞാൻ വൈകിയതിന്റെ ദേഷ്യമാണോ?"

വിടർന്ന കണ്ണുകളിൽ പരിഭവഛവി പടരുന്നത് കൗതുകത്തോടെ നോക്കിയിരിക്കാൻ തോന്നി. ആഭക്ക് യാതൊരു മാറ്റവുമില്ല ഇപ്പോളും.

"നമുക്കൊന്നു ചുമ്മാ നടന്നാലോ?"

"പിന്നെന്താ ആവാമല്ലോ"

ചെരുപ്പ് അഴിച്ചുവെച്ചു പാന്റ്‌സ് മുട്ടറ്റം മടക്കിവെച്ച് നനഞ്ഞ മണ്ണിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. ഇടക്ക് കുഞ്ഞു തിരകൾ വന്നു കാലുകളിൽ മുത്തം വെക്കുന്നു, എന്തൊക്കെയോ പറയണമെന്നാഗ്രഹമുണ്ടെങ്കിലും വാക്കുകൾ ഹൃദയത്തിലുടക്കി നിൽക്കുകയാണ്. കാറ്റിൽ ആഭയുടെ മുടിയിഴകൾ മുഖത്തുവന്നു തഴുകിയപ്പോൾ അറിയാതെ മനസ്സ് തരളിതമായി.

"രഘൂന് സുഖമാണോ?"

"സുഖം തന്നെ......ഒരു കെട്ടുപൊട്ടിയ പട്ടംപോലെ അങ്ങനെ പാറിനടക്കുന്നു"

"എന്നും ഇങ്ങനെ പാറിനടന്നാൽ മതിയോ? എവിടെയെങ്കിലും ഒന്നുറച്ചു നിൽക്കണ്ടേ?"

"അങ്ങനെ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു.... പക്ഷേ....ഇനി......ഇനി ഇങ്ങനെയൊക്കെ അങ്ങുപോകട്ടെ....ഒടുവിൽ എവിടെയെങ്കിലും വീണടിയുന്നതു വരെ"

"എന്നെ കരയിപ്പിക്കുന്നത് ഒരു രസമാണല്ലേ?"

"ഒരിക്കലുമല്ല..... നീ കരയാതിരിക്കാനല്ലേ ഞാൻ വഴിമാറിത്തന്നത്?"

മറുപടിയില്ല. തല അൽപ്പം ചെരിച്ചു നോക്കി. ആഭയുടെ കണ്ണുകളിൽ മുത്തുമണികൾ ഉരുണ്ടുകൂടുകയും അവ ഇടതടവില്ലാതെ താഴേക്കു നിപതിക്കുകയും ചെയ്യുന്നു.

ഒന്നും വേണ്ടായിരുന്നു.. നല്ലൊരു സായാഹ്നം നശിപ്പിച്ചു.

"ആഭാ നമുക്കു കുറച്ചുനേരം ഇവിടെയിരുന്നാലോ?"

വീണ്ടും നിശബ്ദത. കണ്ണുകളിൽ മഴ പെയ്തു തോർന്നിട്ടില്ലെന്നു തോന്നുന്നു.

ഒരുപാട് നേരമായി ഈ നടപ്പു തുടങ്ങിയിട്ട്. ഏകദേശം ബീച്ചിന്റെ ഒരറ്റമെത്തിയിരിക്കുന്നു. അസ്തമയം കാണാൻ വരുന്നവരുടെ തിരക്ക് കൂടിവരുന്നു. ആവശ്യം കഴിഞ്ഞ് കരയിൽ കയറ്റിയിട്ടിരിക്കുന്ന ഒരു വഞ്ചിയുടെ തണലിൽ അടുത്തടുത്തിരുന്നു.......എന്നത്തേയുംപോലെ.

"ആഭേ"

മൗനം

"ആഭേ.."

"ഹും..."

ഭാഗ്യം മഞ്ഞുരുകിത്തുടങ്ങിയെന്നു തോന്നുന്നു.

"നമ്മൾ ഇതിനുമുമ്പ് ഒരുമിച്ചിവിടെയിരുന്നത് എന്നാണെന്നോർമ്മയുണ്ടോ?"

വീണ്ടും കുറച്ചുനേരത്തെ മൗനം പിന്നെ ഒരു നെടുവീർപ്പും. എന്തോ പറയാൻ ബുദ്ധിമുട്ടുന്നതുപോലെ.

"അതങ്ങനെ മറക്കാൻ പറ്റുമോ രഘൂ?"

ശരിയാണ് എങ്ങനെ മറക്കാനാണ്? കാലം ഏറ്റവും വലിയ മുറിവുണക്കൽ വിദഗ്ദ്ധനാണെന്നു പറയുമെങ്കിലും ചില മുറിവുകൾ അതങ്ങനെ നീറി നീറി കിടക്കും...കനൽമൂടിയ ചാരംപോലെ. ഒരു ശബ്ദം, ഒരു നോട്ടം എന്തിന് ഒരു നിശ്വാസം മതി അതിനെ ജ്വലിപ്പിക്കാൻ.

ഹൃദയത്തിലെ വ്രണങ്ങൾ നൊന്തു... ഇപ്പോൾ പൊട്ടുമെന്ന നിലയിൽ അതിങ്ങനെ ശക്തിയായി മിടിച്ചുകൊണ്ടിരിക്കുന്നു. ധൈര്യം നടിക്കണമെന്നാഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ശ്വാസത്തിന് വേഗമേറുന്നത് നിയന്ത്രിക്കാനാകുന്നില്ല.

ആഭയുടെ അടുത്തേക്ക് അൽപ്പംകൂടി നീങ്ങിയിരുന്നു. അടക്കാനാകാത്ത എന്തോ ഒരു ഉൾപ്രേരണയിൽ അവളുടെ മൃദുവായ ഇടതുകൈപ്പടം എടുത്തു പരുക്കനായ ഈ വലതു കൈവെള്ളയിൽ വെച്ചു. ആദ്യം ചെറുതായൊന്നു ഞെട്ടി അവളാ കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പിന്നെ ആ ഉദ്യമം ഉപേക്ഷിച്ചു.

കുറച്ചകലെ കുട്ടികൾ കടൽത്തീരത്തടിഞ്ഞ കൊച്ചു ചിപ്പികൾ പറക്കാൻ മത്സരിക്കുകയാണ്. ഒരുമിച്ചുകണ്ട സ്വപ്നങ്ങളിലെവിടെയോ ഒരു കൊച്ചു ആഭയും കൊച്ചു രഘുവും ഇതുപോലെ ഈ തീരത്തെവിടെയോ ഉണ്ടായിരുന്നല്ലോ എന്നോർത്തപ്പോൾ വേദനയും കൗതുകവും തോന്നി.

അതും ഇതുപോലൊരു സായാഹ്നമായിരുന്നു. എന്തോ പറയാനുണ്ടെന്നും അത്യാവശ്യമായൊന്നു കാണണമെന്നും പറഞ്ഞാണ് ആഭ ഫോൺ വെച്ചത്. അവളുടെ ശബ്ദത്തിലെ പതിവില്ലാത്തൊരു വിങ്ങൽ എന്തോ ദുസ്സൂചന നൽകിയതാണ് അപ്പോൾത്തന്നെ!

നീലയിൽ ചെറിയ മഞ്ഞപൂക്കളുള്ള ചുരിദാറിൽ ആഭ വളരെ സുന്ദരിയായിരുന്നു....ചുവന്നു കലങ്ങിയ കണ്ണുകൾ അതിനൊരപവാദമായിരുന്നെങ്കിലും!

ബീച്ചിലെ തിരക്കുകുറഞ്ഞ ഒരറ്റത്തേക്കു ഞങ്ങൾ നടന്നു. പതിവിനു വിപരീതമായി, ഇരുവരുടെയും ഇടയിൽ  നിശബ്ദത തളംകെട്ടിനിന്നു. അരുതാത്തതെന്തോ നടക്കാൻപോകുന്നു എന്ന് ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു.

"രഘൂ എനിക്കുവേഗം തിരിച്ചുപോകണം. നമുക്കിവിടെ എവിടെയെങ്കിലും ഇരിക്കാം"

ഇരുന്നപ്പോളാണ് ശ്രദ്ധിച്ചത്. മുഖത്തേക്കുനോക്കാതെ ചുരിദാർ ഷാളിന്റെ അഗ്രം ചെറുവിരലിൽ വട്ടം ചുറ്റുകയും അഴിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ആഭ. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട് അല്ലാതെ ഇത്ര ടെൻഷനായി ഇതിനുമുമ്പ് കണ്ടിട്ടില്ല.

"രഘൂ.....സ്വന്തം അച്ഛൻ ഒരുമുഴം കയറിൽ തൂങ്ങിയാടുന്നത് എപ്പോഴെങ്കിലും  സങ്കൽപ്പിച്ചുനോക്കിയിട്ടുണ്ടോ"

"ഈ ഭ്രാന്തു പറയാനാണോ എന്നെ..."

മുഴുമിക്കാൻ അനുവദിച്ചില്ല.

"ഞാൻ സങ്കൽപ്പിച്ചുനോക്കി. വളരെ ഭീകരമായ ഒരനുഭവമായിരുന്നു അത്. അങ്ങനെയൊരു കാഴ്ച കാണാതിരിക്കാൻ മറ്റെന്തും സഹിക്കാൻ ഞാൻ തയ്യാറാണ്"

"ആഭ എന്താ പറഞ്ഞുവരുന്നത്? ബിസിനസിലെ പ്രശ്നങ്ങളെല്ലാം തീർന്നെന്നും ഏതോ അകന്ന ബന്ധത്തിലുള്ള കസിൻ സഹായിച്ചെന്നുമൊക്കെ പറഞ്ഞിട്ട്, ഇപ്പൊ എന്താ പുതിയ ഇഷ്യൂ?"

"ബിസിനസ്സ് നടത്തി പരിചയമുള്ളവർ ഒന്നും കാണാതെ പണമെറിയില്ല എന്നെന്റെ പാവം അച്ഛൻ മനസിലാക്കിയില്ല. അവനിപ്പോൾ ആവശ്യം എന്നെ കല്യാണം കഴിക്കുക എന്നതാണ്. ഇല്ലെങ്കിൽ ലക്ഷങ്ങളുടെ ബാധ്യത അച്ഛൻ ഉടനെ തിരിച്ചുകൊടുക്കണമെന്നാണ് ഡിമാൻഡ്. ഡോക്ടർ എന്ന എന്റെ ലേബൽ അവരുടെ തറവാട്ടുമഹിമ ഉയർത്തുമത്രേ"

"നീ പറഞ്ഞുവരുന്നത്?"

"ഇതിലും വ്യക്തമായി എങ്ങനെ പറയണമെന്ന് എനിക്കറിയില്ല....... രഘൂ ഇറ്റ്‌സ് ഓവർ.....നമുക്ക്... "

ഒരു ഗദ്‌ഗദം തൊണ്ടയിൽ കുടുങ്ങിയതുകൊണ്ട് ആഭക്ക് മുഴുമിക്കാനൊത്തില്ല. നിറഞ്ഞ രണ്ടു കണ്ണുകൾ ഒരു തൂവാലയുടെ സംരക്ഷണത്തിൽ ഒളിച്ചു.

യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഒരു നിമിഷമെടുത്തു. അത് മനസ്സിലാക്കിയപ്പോൾ ഭൂമി നെടുകെ പിളരുന്നതായും, അതിനുള്ളിലെ ഒരഗ്നിഗോളത്തിലേക്ക് എടുത്തെറിയപ്പെടുന്നതായും തോന്നി.

വിട്ടുമാറാത്തൊരു കാൽവേദനയുമായി ഒരാശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ റൗണ്ട്സിനു വന്ന സ്വന്തം നാട്ടുകാരിയായ ഹൗസ് സർജൻസിക്കാരിയോട് തോന്നിയ ഒരു കൗതുകത്തിൽ തുടങ്ങി ഒരുമിച്ച്  ഇതേ ബീച്ചിൽ കൈകോർത്തിരുന്ന് ഹൃദയം ഹൃദയത്തോട് പറഞ്ഞ സ്വകാര്യങ്ങൾ വരെ ജീവിതത്തെ ജ്വലിപ്പിച്ചുനിർത്തിയ ഒരുപാടൊരുപാട് നിമിഷങ്ങൾ കണ്ണിനുമുന്നിൽ മിന്നിമാഞ്ഞു.

ഇനി അതെല്ലാം വെറും ഓർമ്മകൾ മാത്രമാകാൻ പോകുന്നു. ഇത്രകാലമുണ്ടായിരുന്ന ഈ മരീചിക മായുമ്പോൾ മണലാരണ്യത്തിൽ ഞാൻ തനിച്ചാകാൻ പോകുന്നു.......ഭൂമി ഈ നിമിഷം നിലച്ചുപോയെങ്കിൽ, അല്ലെങ്കിൽ ഒരു പേമാരിയോ, പ്രളയമോ വന്നെങ്കിൽ എന്നാശിച്ചു. ദൈവമേ...എല്ലാം ഇതോടെ തീർന്നെങ്കിൽ എത്ര നന്നായിരുന്നു!!!

യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നു. ഉറക്കത്തിനും ഉണർവിനുമിടയിലെ നൂൽപ്പാലത്തിൽ വെച്ചുകണ്ട ഒരു സ്വപ്നം മാഞ്ഞുപോയിരിക്കുന്നു എന്നുമാത്രം മനസ്സിലായി. ഇനി ബാക്കിയുള്ളത് മുന്നോട്ട് നീണ്ടുപരന്നുകിടക്കുന്ന ശൂന്യത മാത്രം.

ഒരുപൊട്ടുപോലെ ദൂരെ അവൾ നടന്നുപോകുന്നത് കാണാമായിരുന്നു.

"ആഭേ....ആഭേ"

ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങി.

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വേച്ചുപോയി. ചുറ്റുമുള്ള ഭൂമി അതിവേഗം കറങ്ങുന്നതായും ഒരു കരിയിലപോലെ ആ ചുഴലിയിൽ ലക്ഷ്യമില്ലാതെ എങ്ങോ പാറിപ്പോകുന്നതായും തോന്നി. ഹൃദയത്തിന്റെ കോണിൽ ഒരു തീപ്പൊരി ഉടലെടുക്കുകയും അതൊരു കാട്ടുതീയായി എന്നെ വിഴുങ്ങുകയും ചെയ്തു.

ആഭ അമ്മയായതും, വിദേശത്തു സ്ഥിരതാമസമായതും എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കൽപ്പോലും പിന്നീട് വിളിക്കാനോ സംസാരിക്കാനോ ശ്രമിച്ചില്ല. മറിച്ച് സ്വയം സൃഷ്‌ടിച്ച ഒരു കൊക്കൂണിൽ ജീവിതത്തെ ഒതുക്കിക്കളഞ്ഞു.  ചിലപ്പോൾ ഉള്ളിലെ മുറിവുകളിൽ സ്വയം കുത്തിനോവിച്ചു, മറ്റു ചിലപ്പോൾ മറക്കാനും നിസ്സംഗനായിരിക്കാനും ശ്രമിച്ചു പരാജയപ്പെട്ടു.

ആഭ എന്ന പേര് മാഞ്ഞുപോയത് ജീവിതത്തിലെ പ്രകാശമെല്ലാം കെടുത്തിക്കൊണ്ടായിരുന്നു. പാഥേയം നഷ്ടപ്പെട്ട പഥികനെപ്പോലെ ഒരുപാടുകാലമലഞ്ഞു. ഒടുവിൽ മനസ്സിന്റെ കെട്ട് പൊട്ടിപ്പോകുമെന്നു തോന്നിയൊരു സന്ദർഭത്തിൽ ആരോടും ഒന്നും പറയാതെ ഒരു യാത്രപോയി. കുന്നിറങ്ങി, മലയിറങ്ങി, കാടിറങ്ങി, ലക്ഷ്യമില്ലാത്ത സഞ്ചാരിയെപ്പോലെ ചൂളംവിളിച്ച് നഗരത്തിന്റെ ഊടുവഴികളിലൂടെ കറങ്ങി അങ്ങനെ കുറേനാൾ.... എന്തായാലും മനസ്സിലെ തീച്ചൂളയുടെ ചൂട് കുറച്ചെങ്കിലും കുറക്കാനതു സഹായിച്ചു.

"സാർ കടല വേണോ കടല?"

ഓർമ്മകളുടെ മോചനമില്ലാത്ത തടവറയിൽനിന്ന് വർത്തമാനകാലത്തേക്ക് മനസ്സ് തിരിച്ചെത്തി. സൂര്യൻ അസ്തമനത്തിന് തിരക്കുകൂട്ടുന്നു, ബീച്ചിന്റെ തിരക്കുകുറഞ്ഞ ഓരോ മുക്കിലും മൂലയിലും കമിതാക്കൾ അവരുടേതായ ലോകത്തിൽ മുഴുകിയിരിക്കുന്നു. അതിൽ എത്രയോ ആഭമാർ, എത്രയോ രഘുമാർ....ഒന്നാലോചിച്ചാൽ എന്നും പുഷ്‌പിക്കുന്നൊരു പനിനീർച്ചെടിപോലെയാണ് പ്രണയം... ചിലരെ അതിന്റെ മുള്ളുകൾ  നൊമ്പരപ്പെടുത്താറുണ്ടെങ്കിലും.

ഒരു ദീർഘനിശ്വാസം. ആഭ എന്തോ പറയാൻ തയ്യാറെടുക്കുകയാണ്.

"രഘൂ ഭൂതകാലത്തിന്റെ പട്ടടയിൽ ജീവിക്കുമ്പോളല്ല  മറിച്ച് ചിലതു മറക്കാൻകൂടി പഠിക്കുമ്പോളാണ് നമ്മുടെ ജീവിതം പൂർണമാകുന്നത്.

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്താണ് പ്രണയത്തിന്റെ സാക്ഷാൽക്കാരമെന്ന്? അത് വിവാഹമാണോ? അതോ വിരഹമോ? എനിക്കു തോന്നിയിട്ടുള്ളത് ഇത് രണ്ടുമല്ലെന്നാണ്...മറിച്ച് ആ സാക്ഷാൽക്കാരം പ്രണയം തന്നെയാണ്....

നൗ പ്ളീസ് ചിയർ അപ്പ്.... മരിക്കുംവരെ എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്ന സ്ഥാനത്തു മറ്റൊരു പേരുണ്ടാകില്ല....ബാക്കിയെല്ലാം ഹൃദയത്തിൽ മറ്റാരും കാണാത്ത ഒരു സ്ഥലത്തു ഞാൻ തന്നെ കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. എന്തിനാണെന്നോ? ഒറ്റക്കാണെന്നു തോന്നുമ്പോൾ എനിക്കുതന്നെ എടുത്തൊന്നു നോക്കി ഓമനിക്കാൻ.

ജീവിതത്തിൽ ഞാൻ ഒരുപാടു കരഞ്ഞതാണ്. ഇനിയെന്നെ കരയിക്കരുത്. എനിക്ക് തിരിച്ചുപോകാൻ നേരമായി......ഐ തിങ്ക് യൂ മസ്റ്റ് ആൾസോ മൂവ് ഓൺ.... "

പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു പകൽ കൂടി വിടപറയുന്നു. കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല, കാഴ്ചകൾ വ്യക്തമാകുന്നില്ല.

ഉടുപ്പിലെ മണൽ തട്ടിക്കുടഞ്ഞ് ആഭ നടന്നുതുടങ്ങി.

സ്വപ്നമെന്നോ യാഥാർഥ്യമെന്നോ വേർതിരിച്ചറിയാനാകാത്ത ഏതാനും നിമിഷങ്ങളുടെ മധുരം മനസ്സിലാവാഹിച്ച്, പിണച്ചുവെച്ച കൈകളിൽ തല വെച്ച് ഓർമ്മകളുടെ ആ തീരത്ത് കണ്ണുകളടച്ച് മലർന്നുകിടന്നു.

ഒരു തിരവന്നു കാലിൽ തഴുകി...ആഭയുടെ ഓർമ്മകളെപ്പോലെ ...മൃദുലമായി...

******************************************************************************************************

"ബാലൂ, എത്രനേരമായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു. ഇതുവരെ എഴുതിക്കഴിഞ്ഞില്ലേ? മനോമി അച്ഛനെ കാണണമെന്നു പറഞ്ഞു ബഹളം തുടങ്ങി"

വേണിയാണ്. ഇനി അവളെ പ്രകോപിപ്പിക്കുന്നത് ശരിയല്ല.

"ദാ കഴിഞ്ഞു. വേണി നടന്നോളൂ ഞാൻ ഇതൊന്നു കാറിൽവെച്ചിട്ടു വേഗം വന്നേക്കാം"

'സ്പെഷ്യൽ കാപ്പി'യുടെ അവസാന തുള്ളിയും അകത്താക്കി കപ്പ് നീക്കിവെച്ചിട്ട് എഴുതിക്കൊണ്ടിരുന്ന പേനയും പേപ്പറുമെല്ലാം എടുത്തു ബാഗിൽ തള്ളി. സോവനീറിലേക്കൊരു കഥ വേണമെന്ന് കുറേനാളായി അജയ് സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞു വേണിയെയും മോളെയും നിരാശപ്പെടുത്താൻ തുടങ്ങിയിട്ടും കുറച്ചായി. രണ്ടിനും കൂടി പറ്റിയൊരു സ്ഥലം എന്ന നിലക്കാണ് ഇവിടെ വന്നത്.

ബീച്ചിലേക്കു തിരിഞ്ഞു നടക്കുന്നതിനിടയിൽ എന്തോ ഓർത്തതുപോലെ വേണി തിരിഞ്ഞുനോക്കി മെല്ലെ പുഞ്ചിരിച്ചു. പ്രണയം തുറന്നുപറഞ്ഞ ആ സായാഹ്നത്തിൽ ആഭയുടെ മുഖത്തു രഘു കണ്ട  അതേ പുഞ്ചിരി.

ആ കാലുവേദന പിന്നീടൊരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല...

അതുപോലെ......

കഥയിൽ എന്തെഴുതിയാലും, ജീവിതത്തിൽ കടലും, കാപ്പിയും, പ്രണയവും എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടുമില്ല!!

16 comments:

 1. ഈ കഥ വല്ലാതെയങ്ങു ഇഷ്ട്ടപ്പെട്ടു കേട്ടോ ഭായ്

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിന് നന്ദി... ഒരാഗ്രഹത്തിന്റെ പേരിലുള്ള ശ്രമമായിരുന്നു ;-)

   Delete
 2. ആത്മകഥാംശം ആണോയെന്ന സംശയം ഉള്ളിലുണ്ടാക്കിയ മനോഹരമായൊരു വായന.

  ആശംസകൾ മഹേഷ്‌.

  ReplyDelete
 3. ആത്മകഥാംശം ഒട്ടുമില്ല. എല്ലാം വെറും ഭാവനയാണ് സുധീ ;-)

  ReplyDelete
 4. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്. ഇഷ്ടപ്പെട്ടു.കാലം ഏറ്റവും വലിയ മുറിവുണക്കൽ വിദഗ്ദ്ധനാണെന്നു പറയുമെങ്കിലും ചില മുറിവുകൾ അതങ്ങനെ നീറി നീറി കിടക്കും.

  ReplyDelete
  Replies
  1. ഈ വരവിനും വായനക്കും, അഭിപ്രായത്തിനുമെല്ലാം പെരുത്തു നന്ദി :-)

   Delete
 5. സുധിയേട്ടൻ ഇത് ആത്മകഥാംശം ആണോ എന്ന് ചോദിച്ചാൽ കണ്ടു.. അതേ ഈ ആത്മാവ് തൊട്ടറിഞ്ഞ കഥകരന്മാർ സ്വന്തം കഥ തന്നെ എഴുതാണമെന്നില്ല ,അവർ കഥയെഴുതിയാൽ അത് ആരുടെയെങ്കിലും കഥയാകും.. എന്നെ നിങ്ങൾക്ക് അറിയില്ല എങ്കിലും ഇതിലെ രഘു ഞാൻ ആയിരുന്നു, ഈ കഥയുടെ മൊത്തം സന്ദേശം എന്റേതാണ്.. പക്ഷെ ആഭയുടെ പിന്മാറ്റത്തിന്റേത് മാത്രം എന്നെ അറിയുന്നതല്ല.. ആ തീരവും പൊടിമണലിൽ കൈപിടിച്ചിരുന്നതും ഞാൻ തന്നെയായിരുന്നു. ആ ദിവസം ഒരു അവധി ദിനം പോലെ ഹൃദയത്തിൽ ചുവന്നു നിൽക്കുന്നു... എന്നെ ആ ഓര്മയിലേക്ക് എത്തിച്ചു.. അത്ര ആഴത്തിലുള്ള എഴുതാണിത്.. ഞാൻ എഴുതണം എന്നു കരുതിയിരുന്ന എന്റെ കഥ.. മഹേഷേട്ടൻ സൂപ്പറാ..

  ReplyDelete
  Replies
  1. അതുശരി എന്റെ ഭാവനയിലെ രഘു ആനന്ദ് ആണല്ലേ;-) നമ്മൾ എഴുതിയ എന്തെങ്കിലും വായിക്കുന്ന ഒരാളുടെ ജീവിതവുമായി സംവദിച്ചു എന്നുകേൾക്കുമ്പോൾ വല്ലാത്തൊരു ആത്മഹർഷമാണ്. എഴുത്തുകാരന്റെ കഴിവോ എഴുത്തിന്റെ ഗുണമോ അല്ല, ചിലപ്പോൾ ആ കഥയുടെ ഭാഗ്യമായിരിക്കും. ഒരുപാട് സന്തോഷം, സ്നേഹം ആനന്ദ് :-)

   Delete
 6. നല്ല കഥ. സീനുകൾ കട്ടാകുന്നത് ആസ്വദിച്ചു. കഥയുടെ മൂഡ്, പ്ലോട്ട് എന്നിവ നല്ലഇഷ്ടമായി.

  ReplyDelete
  Replies
  1. വായനക്ക് നന്ദി രാജ് <3

   Delete
 7. കാപ്പിയും പ്രണയവും കടലും പ്രതീക്ഷകൾ തന്നെ.. കൊള്ളാം വായിച്ചു.. നല്ല പേരുകൾ.. ആഭ, വേണി, മനോമി..

  ReplyDelete
  Replies
  1. പേരിനൊക്കെ പേറ്റന്റ് ഉള്ളതാ ശാരിച്ചേച്ചി... :-D

   Delete
 8. കടലും കാപ്പിയും പിന്നെ പ്രണയവും ഭാവനാ വിരുതോടെ ഭംഗിയായി അവതരിപ്പിച്ചു.കഥ ഇഷ്ടപ്പെട്ടു.
  ആശംസകൾ

  ReplyDelete
  Replies
  1. വായനക്കും, പ്രോത്സാഹനത്തിനും നന്ദി തങ്കപ്പൻ സാർ <3

   Delete
 9. ഇതായിരുന്നോ blog post of the day? ഇത് നന്നായിട്ടുണ്ട് ട്ടൊ. പറഞ്ഞപോലെ ആ ഒരു mood ആ പേരുകൾ ഒക്കെ നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. ഇതായിരുന്നില്ല പോസ്റ്റ് ഓഫ് ദി ഡേ. എന്നാലും ഇത് വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം :-) അന്ന് ഒരു മൂഡ് തോന്നിയപ്പോൾ എഴുതിയതാണ് ആ മൂഡ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം, സ്നേഹം <3

   Delete