Thursday, 8 February 2018

"ആരാടാ ഈ മീശമാധവൻ?...........ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ? "


"ഒരു ടി വി വാങ്ങണം നമുക്ക്"

ഒരു ഞായറാഴ്ച - രാവിലെ പള്ളിയിലെ ഹാജർ ഒപ്പുവെച്ച്, കേരളാമെസ്സിലെ അപ്പവും മുട്ടക്കറിയും അകത്താക്കി, കൊച്ചിൻ ഹനീഫയെ തോൽപ്പിക്കുന്ന വിധത്തിലൊരു തുണിയലക്കലും കഴിഞ്ഞ്, ദിനംതോറും മികച്ച പുരോഗതി കൈവരിക്കുന്ന വയറിനെനോക്കി, എല്ലാ വർഷവും പുതുക്കുന്ന 'ഡയറ്റ് കൺട്രോൾ' പ്രതിജ്ഞയുടെ പാവനസ്മരണകൾക്ക് മുമ്പിൽ ഒരു ദീർഘനിശ്വാസംകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് ഷിനോച്ചേട്ടൻ എല്ലാവരുടെയും മുന്നിൽ ആ പ്രമേയം അവതരിപ്പിച്ചു.

"ശരിയാ ചേട്ടായീ, ശനീം ഞായറും ലാലേട്ടന്റെ പഴയ സിനിമകളൊക്കെ വരുമ്പോ കാണാലോ"

എന്നത്തെയുംപോലെ ഒരുമണിക്കൂർ നീണ്ട കുളികഴിഞ്ഞ്, മുടിയിലെ വെള്ളം ഇറ്റിറ്റു തറയിൽ വീഴിച്ചുകൊണ്ട് കുളിമുറിയുടെ വാതിൽ തുറന്നുവന്ന ഷജിത്തേട്ടൻ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. അനന്തരം അദ്ദേഹം വീടിന്റെ പുറത്തേക്കുപോകുകയും 'ഒരു പറക്കുംതളിക'യിലെ ബസ്സിനെ അനുസ്മരിപ്പിക്കുംവിധം ഓരോ ഇഞ്ച് സ്ഥലത്തും ഷിനോച്ചേട്ടന്റെ വസ്ത്രങ്ങൾ ഉണങ്ങാനിട്ടിരിക്കുകയാണെന്നു കണ്ടു വിജൃംഭിതനാകുകയും, ഒടുക്കം അവിടെ പാർക്ക് ചെയ്തുവെച്ചിരിക്കുന്ന ഏതോ നിർഭാഗ്യവാന്റെ ബൈക്കിന്റെ ഹാൻഡിലിൽ തന്റെ നനഞ്ഞ കളസം തൂക്കിയിടുകയും തോർത്ത് സീറ്റിൽ വിരിച്ചിടുകയും ചെയ്തു.

"ഇയാളെക്കൊണ്ടു തോറ്റു... എന്താ മമ്മൂട്ടീടേം ജയറാമിന്റേം ഒന്നും പടം വന്നാൽ കാണില്ലേ? ...... ബിബിസി കണ്ടിട്ടുവേണം വൊക്കാബുലറി ഒന്ന് റെഡിയാക്കാൻ. വീണ്ടും ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങണ്ടതാ"

കൂട്ടത്തിലെ ചിന്തിക്കുന്നവനും, ഒരുപാട് സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവുമായ  'ചിന്തു' ഭാവിയെക്കുറിച്ച് വാചാലനായി.

"മ്മക്ക് പൊരിക്കാം സയിത്തേട്ടാ.... പൈസ തൽക്കാലം നിങ്ങളെല്ലാരുംകൂടി ഷെയർ ചെയ്താമതി... ഇപ്പൊ ഇത്തിരി ടൈറ്റാ... ഒന്ന് സെറ്റപ്പായിക്കോട്ടെ...അതുകഴിഞ്ഞിട്ട് ഞാൻ ഷെയർ ഇടാം"

(തൃശ്ശൂരുകാർക്ക് പരിചയം കൂടിവരുമ്പോൾ 'ഷജിത്തേട്ടൻ' ആദ്യം 'സജിത്തേട്ടൻ' ആയും പിന്നീട് 'സയിത്തേട്ടൻ' ആയും രൂപാന്തരപ്പെടും എന്ന സത്യം ഓർമിപ്പിച്ചുകൊള്ളുന്നു) 

വിനോദവും വിശ്രമവുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും കലവറയില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്ന ശ്രീജിത്ത് പതിവുതെറ്റിച്ചില്ല. തീർക്കാനുള്ള ഒരുപാട് കണക്കുകളുടെ കൂട്ടത്തിൽ ഇതുകൂടി ഉൾപ്പെടുത്തേണ്ടിവരുമെന്ന കാര്യം ധനകാര്യമന്ത്രിയെ ഓർമിപ്പിക്കാനും മറന്നില്ല!

"ഷിനോ ചേട്ടന് ബോണസ് കിട്ടാറായീന്നു തോന്നുന്നുണ്ടല്ലോ.. അല്ലെങ്കിൽ  ഇങ്ങനത്തെ ഐഡിയകളൊന്നും വരാൻ വഴിയില്ലല്ലോ?"

നിയമസഭാ സ്‌പീക്കറെപ്പോലെ ഭരണപക്ഷത്തിനൊപ്പമാണോ പ്രതിപക്ഷത്തിനൊപ്പമാണോ എന്ന് ഉറപ്പിക്കാൻ വയ്യാത്തൊരു റൂളിംഗ് നൽകി ഞാനെന്റെ കടമയും നിർവഹിച്ചു.

"വാങ്ങാണെങ്കി വേഗം വാങ്ങണം. അടുത്തമാസം തൊട്ടു ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങാ അതുകഴിഞ്ഞാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റും ഉണ്ട്...."

നാട്ടിൽനിന്നു കൊണ്ടുവന്ന 'മോഹൻലാൽ' മാഗസിനിൽ മുഴുകിയിരുന്ന അംഗിരസ് തലയുയർത്തി അർത്ഥശങ്കക്കിടയില്ലാത്തവണ്ണം നിലപാട് വ്യക്തമാക്കി മോഹൻലാലിലേക്കു തിരിച്ചുപോയി. ഇനി ഈ ബുക്കിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെപ്പറ്റി ഷജിത്തേട്ടനും ഇവനുംകൂടിയുള്ള ഒരുപാട് ചർച്ചകൾക്ക് ഈ മുറി സാക്ഷിയാകാനുള്ളതാണ് (ഉദാഹരണം: ഗ്രോസ് കളക്ഷൻ, ഹൗസ്‌ഫുൾ ഷോകളുടെ എണ്ണം, വരാനുള്ള റിലീസുകൾ, ഏട്ടന്റെ വണ്ണം, ആക്ഷൻ, പൊളിഞ്ഞ മമ്മൂട്ടിപ്പടങ്ങളുമായുള്ള താരതമ്യം)  അതുകൊണ്ട് ഒരു പോയിന്റുപോലും വായിക്കാൻ വിട്ടുപോകരുതല്ലോ !

എന്തായാലും കൂടുതൽ ചർച്ചകൂടാതെ പ്രമേയം പാസ്സാക്കി. നമ്മുടെ ധനകാര്യമന്ത്രിമാരുടെ മാതൃക പിന്തുടർന്ന് പല ഫണ്ടുകൾ വകമാറ്റി വിഭവസമാഹരണം നടത്തി.

ഒരുപാട് കടകൾ കയറിയിറങ്ങി പത്തുരൂപക്കുവരെ വിലപേശി ഒടുക്കം 'ഫിലിപ്സ്' തറവാട്ടിൽ പിറന്ന ഒരു സുന്ദരിക്കുട്ടിയെ കണ്ടു. മോഡലിംഗ് താൽപ്പര്യമുള്ള 'എൽ സി ഡി', 'എൽ ഇ ഡി' സഹോദരിമാരെപ്പോലെ സ്ലിം ആയിരുന്നില്ലെങ്കിലും കാണാൻപോയ ഞങ്ങൾ നാലാൾക്കും നന്നേ ബോധിച്ചതുകൊണ്ട് ആകെ ചോദിച്ചത് ഇത്രമാത്രം

"പോരുന്നോ ഞങ്ങളുടെ കൂടെ?"

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കല്യാണപ്പെണ്ണ് ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതുപോലെ അത്യാവശ്യം ലഗേജും കൂടെപ്പോന്നു - ഒരു സ്റ്റെബിലൈസർ, താങ്ങാനൊരു മേശ, മേശയിലിടാനൊരു കവർ, ഉപയോഗിക്കാത്തപ്പോൾ ടി വി പൊടിപിടിക്കാതെ മൂടിയിടാൻ ഒരു ടവൽ. 'കുളിയില്ലെങ്കിലും ഇന്ത്യൻ ടൈ പുരപ്പുറത്തു കാണണം' എന്ന വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു ആഘോഷമായിത്തന്നെ എല്ലാം നടന്നു.

വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ കേബിൾകാരനെ വിളിച്ചു കണക്ഷനും എടുത്തു. ആദ്യമായി ടി വി യിൽ ചിത്രം തെളിഞ്ഞപ്പോൾ പിറക്കാതെപോയ മകനെ നേരിട്ടുകണ്ട സന്തോഷമായിരുന്നു എല്ലാവർക്കും.

പുത്തനച്ചി പുരപ്പുറം തൂക്കണമെന്നാണല്ലോ പ്രമാണം. അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ വിശ്രമിക്കാനാവസരം കൊടുക്കാതെ ഞങ്ങളവളെ പണിയെടുപ്പിച്ചുകൊണ്ടേയിരുന്നു.

മംഗലശ്ശേരി നീലകണ്ഠനും, ചന്തക്കാട് വിശ്വനും, രമണനും, Mr.പോഞ്ഞിക്കരയുമെല്ലാം ഞങ്ങൾക്കൊപ്പം ഉച്ചയൂണും അത്താഴവും കഴിച്ചു. സ്വീകരണമുറിയുടെ കോർണറിൽ നിന്ന് റൊണാൾഡീഞ്ഞോ ഇലപൊഴിയും കിക്കുകൾ തൊടുത്തു, സച്ചിന്റെ സിക്സറുകൾ സ്ക്രീനും കടന്നു പുറത്തേക്കുവന്നു, ചാനലുകൾ മാറ്റുമ്പോൾ ഇടക്കു പുഞ്ചിരിക്കാറുള്ള ബിബിസിയെ ഒടുക്കം ചിന്തു മൊഴിചൊല്ലി.

ന്യൂസ് ചാനലുകൾ പ്രധാനമായും റെയിൽവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ മാത്രമാണ് കാണാറുള്ളത്. മിക്കവാറും ഒരേ വാർത്തയാണ് പതിവും.

"ഈ വർഷവും ബാംഗ്ളൂരിലേക്ക് പുതിയ ട്രെയിനൊന്നുമില്ല"

അമർത്തിവിട്ട ദീർഘനിശ്വാസത്തിലെ നീരാവി മേഘങ്ങളിലേക്കുയർന്നു ഘനീഭവിച്ച് മഴയായി താഴോട്ടു നിപതിച്ചു.

തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ടി വി കറന്റ് പോകുന്ന അപൂർവം അവസരങ്ങളിൽ ദീർഘനിശ്വാസത്തോടെ ഒന്ന് നടുനിവർത്തി ദയനീയതയോടെ നോക്കാറുണ്ടായിരുന്നു.

ഇതിനിടയിൽ ഞാനും അംഗിരസും MBA കോഴ്‌സിനു ചേർന്നിരുന്നു (വിദൂര വിദ്യാഭ്യാസം). അങ്ങനെ ആദ്യ സെമസ്റ്റർ പരീക്ഷ വരവായി. പഠന ദിനങ്ങളിൽനിന്ന് പരീക്ഷയിലേക്കുള്ള അകലം കുറഞ്ഞുവരുംതോറും പേടി കൂടിക്കൂടിവന്നു. ഡിഗ്രിക്ക്  കെമിസ്ട്രി പഠിച്ചവന്മാരെ നോക്കി അക്കൗണ്ടൻസിയും സ്റ്റാറ്റിസ്റ്റിക്‌സും കണ്ണുരുട്ടി. വലിച്ചു കയറ്റിയ വയ്യാവേലി ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് പരീക്ഷ എഴുതാൻതന്നെ തീരുമാനിച്ചു. ആദ്യപടിയായി ടി വി കാണൽ ഏതാണ്ട് കുറക്കുകയും ആ സമയം പഠനത്തിന് മാറ്റിവെക്കുകയും ചെയ്തു.

അക്കൗണ്ടൻസി പരീക്ഷയുടെ തലേന്ന് റൂമിൽ ചെറിയൊരു 'ആഘോഷം' ഉണ്ടായിരുന്നു. ഇത്തരം ആഘോഷങ്ങളിൽ എന്റെയും അംഗിരസ്സിന്റെയും റോൾ മറ്റുള്ള നാലുപേരുടേതിൽനിന്നു വ്യത്യസ്തമാണ്. കൂർക്കയിട്ടു വെച്ച പോർക്ക് അല്ലെങ്കിൽ കായയിട്ടുവെച്ച ബീഫ് എന്നിവ അതിവേഗം ബഹുദൂരം തിന്നുതീർക്കുക, എരിവ് മാറ്റാനായി 'സ്പ്രൈറ്റ്' ഇടക്കിടക്ക് കുടിച്ചുകൊണ്ടിരിക്കുക, കപ്പലണ്ടി വേഗം വേഗം വായിലേക്കിടുക എന്നീ കലാപരിപാടികളിലാണ് ഞങ്ങൾ ഡോക്ടറേറ്റ് എടുത്തിരുന്നത്. ഒടുക്കം വെറും വെള്ളമൊഴിച്ച് ഗ്ളാസ്സിന്റെ പകുതി നിറക്കേണ്ടി വരികയും, വിശപ്പടക്കാൻ ബാക്കിയുള്ള ബ്രഡ് വെറുതെ തിന്നേണ്ടിവരുകയും ചെയ്യുന്ന നാല് ആത്മാക്കളുടെ ശാപം എന്നും ഞങ്ങളുടെ തലക്കുമുകളിൽ തങ്ങിനിൽക്കാറുണ്ട്. പിറ്റേന്നുരാവിലെ തെറ്റ് ആവർത്തിക്കില്ലെന്ന് ആണയിട്ടു പറയുകയും അടുത്ത ആഘോഷംവരെ മാത്രം ആ വാക്കുപാലിക്കുകയും ചെയ്യാറുണ്ട് രണ്ടുപേരും. ഞങ്ങളും മനുഷ്യരല്ലേ!

"ഫുഡ് ഒരുപാട് ലോഡായാൽ പെട്ടെന്ന് ഉറക്കംവരും. ഇത്തവണ നിങ്ങൾ തകർക്ക്"

പിറ്റേന്ന് പരീക്ഷയായതുകൊണ്ട് പതിവിൽനിന്നു വ്യത്യസ്തരായി ഞങ്ങളിരുവരും വേഗം രംഗത്തുനിന്ന് വിടവാങ്ങി പഠനത്തിലേക്ക് ഊളിയിട്ടു.

"ഇത്രയും നാളായിട്ട് ആദ്യമായിട്ടാ തിന്നാനുള്ളത് തീർന്നു പോകുമെന്ന ടെൻഷനില്ലാതെ ഇവിടെ ഇരിക്കാൻ പറ്റുന്നത്. ഇടക്കിടക്ക് ഓരോ പരീക്ഷ വന്നിരുന്നെങ്കിൽ നമ്മൾ രക്ഷപ്പെട്ടാനേ അല്ലേടാ ചിന്തു? "

പണ്ടത്തെ MBA ക്കാരൻ കൂടിയായ ഷിനോച്ചേട്ടൻ ഞങ്ങളെ പുച്ഛിച്ചതാണ്. സാരമില്ല അടുത്ത തവണ പകരംവീട്ടാം എന്നുറപ്പിച്ച് അവഗണിച്ചു.

എന്തായാലും അക്കൗണ്ടൻസി കുറച്ചു വായിച്ചപ്പോളേക്കും കിളികൾ പറന്നതിനാൽ ഇനി നാളെരാവിലെ നേരത്തെ എഴുന്നേറ്റിട്ടാകാം പഠനം എന്ന തീരുമാനം എടുത്തതും ഉറങ്ങി താഴെവീണതും ഏതാണ്ട് ഒരുമിച്ചായിരുന്നു.

ഉറക്കത്തിലേക്കു പൂർണമായും വഴുതിവീഴുന്നതിനു മുൻപ് ചിന്തു പതിവുപോലെ വെല്ലുവിളിക്കുന്നത് കേൾക്കാമായിരുന്നു. തൊട്ടുമുൻപ് 'മീശമാധവൻ' സിനിമ കണ്ടതിന്റെ ആവേശം മുഴുവനുമുണ്ട് ആ ശബ്ദത്തിൽ.

"ആരാടാ ഈ മീശമാധവൻ?

ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ?

ഈ ചിന്തു ഇവിടുള്ളപ്പോ ഒരുത്തനും ഈ പടികടന്നു വരില്ല..."

ഇത്തരം ചില സന്ദർഭങ്ങളിൽ ആവേശത്തിന്റെയും ധൈര്യത്തിന്റെയും ആൾരൂപമാകുന്നത് ചിന്തുവിന്റെ പതിവാണ്. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചില്ല.

ജീവിതത്തിൽ അതുവരെകണ്ട പ്രഭാതങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആ പ്രഭാതം - ആദ്യമായി MBA പരീക്ഷ എഴുതാൻ പോകുന്ന ദിവസം. നേരം നാലുമണിയായി എന്നറിയിച്ച അലാം ക്ലോക്കിന്റെ തലക്കുതട്ടി എണീറ്റുവന്നു ഹാളിലെ ലൈറ്റിട്ടു. പെട്ടെന്ന് വെളിച്ചം കണ്ണിലടിച്ചതുകൊണ്ട് കാഴ്ച്ചക്കൊരു മങ്ങൽപോലെ. ടി വി ഇരുന്നയിടത്തേക്കു നോക്കിയപ്പോൾ സ്വന്തം പേഴ്സിന്റെ അവസ്ഥ പോലെ - ആകെയൊരു ശൂന്യത .

കണ്ണുകൾ കണ്ടത് അപ്പാടെ പോയി തലച്ചോറിൽ റിപ്പോർട്ട് ചെയ്തു. പക്ഷേ കേട്ടത് വിശ്വസിക്കാനാകാതെ തലച്ചോർ "ഒന്നുകൂടി മര്യാദക്കുപോയി നോക്കീട്ടുവാടാ" എന്നുപറഞ്ഞു വന്ന സ്പീഡിൽ കണ്ണിനെ തിരിച്ചയച്ചു.

ഓൺ ചെയ്ത് കുറേനേരത്തെ പൊട്ടലിനും ചീറ്റലിനും ശേഷം മാത്രം
"ആകാശവാണി..... വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ" എന്ന് ക്ലിയറായി പറയുന്ന പഴയ റേഡിയോ പോലെ, ബുദ്ധിക്കും കുറച്ചു പതുക്കെയാണെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി.

ആദ്യം കരുതിയത് ഓവർടൈം പണിയെടുപ്പിച്ചതിന്റെ പ്രഷർ താങ്ങാനാകാതെ ഉള്ള ജീവൻ രക്ഷിക്കാൻ ടി വി എങ്ങോട്ടെങ്കിലും ഒളിച്ചോടിയതാണെന്നാണ്. എന്നും പൊടിതുടച്ചു മൂടിയിടും എന്ന് വാഗ്ദാനം ചെയ്തു അതിനുവേണ്ടി വാങ്ങിയ ടവൽ മേശയുടെ ഒരു മൂലയിൽ ആദ്യദിനം മുതൽ സമാധിയിരുന്നു പൊടിയടിച്ച് വാല്മീകി മോഡൽ ആയിട്ടുണ്ടായിരുന്നു. ആരുടേയും മനസ്സ് തകരാൻ ഇതുതന്നെ ധാരാളമല്ലേ. എന്തായാലും വാത്മീകി സ്വസ്ഥാനത്ത് അങ്ങനെതന്നെ ഇരിക്കുന്നുണ്ട് കൊണ്ടുപോകാൻ ആരുമില്ലാതെ!

"എടാ അംഗീ നമ്മുടെ ടി വി കാണാനില്ല"

"പിന്നേ പരീക്ഷേടെ അന്ന് രാവിലെ ടി വി കാണാത്തതിനെ ഒരു കൊറവേ ഉള്ളൂ"

ഇതുംപറഞ്ഞ് കണ്ണുംതിരുമ്മി കോട്ടുവായിട്ടുകൊണ്ടുവന്ന അംഗിരസ് ആ വായ അടക്കാൻ മറന്നു അങ്ങനെ നിന്നുപോയി.

എന്തായാലും സമാധാനം എന്റെ കണ്ണിനു കുഴപ്പമൊന്നുമില്ല എന്നുറപ്പായി.

"ഇനീപ്പോ എന്തുചെയ്യും?"

"എന്തായാലും അവരെക്കൂടി എഴുന്നേൽപ്പിക്കാം"

രണ്ടുവിളിയും രണ്ടുതൊഴിയും കിട്ടിയപ്പോൾ എല്ലാവരും ഉണർന്നു. കാര്യം പറഞ്ഞു.

"അടിച്ചത് നമ്മളാണെങ്കിലും പറ്റായത് ഇവന്മാരാണല്ലോ"

"പഠിച്ച് പഠിച്ച് രണ്ടെണ്ണത്തിനും വട്ടായെന്നാ തോന്നുന്നേ"

"ഓരോ സ്വപ്നങ്ങളും കണ്ടു എണീറ്റുവന്നോളും രാവിലെതന്നെ"

ഇങ്ങനെയുള്ള ഗോളുകൾ അടിച്ചുകൊണ്ട് എല്ലാവരും എണീറ്റു വന്നു, കണ്ടു കീഴടങ്ങി.

രണ്ടുപേർ കുത്തനെ നിന്നും, ക്ഷീണമുള്ള മൂന്നുപേർ ചുമരിൽ ചാരിയും, തീരെ വയ്യാത്തൊരാൾ വെറുംനിലത്തിരുന്നും ഹരിച്ചും ഗുണിച്ചും നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു.

"ടി വി മോഷണം പോയിരിക്കുന്നു! ഇന്നലെ വാതിലടക്കാൻ മറന്നുകാണും"

അപ്പോ സംഗതി ഒളിച്ചോട്ടമല്ല, കിഡ്‌നാപ്പിംഗാണ്.

ഷെർലക്ക്ഹോംസും, സേതുരാമയ്യരുമൊക്കെയായി എല്ലാവരും തിടുക്കത്തിൽ വീടാകെ ഒന്നുപരതി. സന്തോഷമായി; ടി വി ഒറ്റക്കുപോകുമ്പോ ബോറടിക്കണ്ട ഇനി വല്ല വെള്ളമോ ചായയോ കുടിക്കാൻ സഹായം വേണ്ടിവന്നാലോ എന്നുകരുതി ഒരു കമ്പനിക്കുവേണ്ടി മൂന്നു പേഴ്‌സുകളും കൂടെപ്പോയിട്ടുണ്ട്. എന്തായാലും മാസാവസാനമായതുകൊണ്ട് അതൊരു വിഷയമായി തോന്നിയതേയില്ല.

വാതിൽ തുറന്ന് നോക്കാമെന്നു തീരുമാനിച്ചു.

"ഇനി കള്ളൻ പുറത്തെങ്ങാനും നിൽക്കുന്നുണ്ടെങ്കിലോ?"

ആദ്യത്തെ ആത്മവിശ്വാസത്തിനു തെല്ലിടിവ് സംഭവിച്ചെങ്കിലും വേണ്ടിവന്നാൽ ഒരാക്രമണം നേരിടാൻ തയ്യാറായി കൈയ്യിൽകിട്ടിയ മാരകായുധങ്ങളായ ചൂൽ, ചപ്പാത്തിക്കോൽ, വെള്ളംനിറച്ച കുപ്പി എന്നിവയുമായി അഞ്ചുപേർ വാതിലിനിരുവശവുമായി നിൽക്കുകയും ഒരാൾ വാതിൽ തുറക്കാൻ പോകുകയും ചെയ്തു.

ഒന്നാമൻ വാതിലിന്റെ പിടിയിൽ ആഞ്ഞ് വലിച്ചു വാതിൽ തുറക്കുന്നതോടെ പിന്നോട്ടുമാറുകയും, ആ ഗ്യാപ്പിൽ ഞങ്ങൾ അഞ്ചുപേർ ഒറ്റയടിക്ക് ആയുധങ്ങളുമായി മുന്നോട്ട് കുതിച്ച് കള്ളനെ അടിക്കുകയും ചെയ്യുക അതാണ് മാസ്റ്റർപ്ലാൻ.

"ഡാ തുറക്കുമ്പോ മുഖത്തേക്ക് വല്ല മുളക് സ്പ്രേ അടിക്കാണ്ട് ശ്രദ്ധിച്ചോട്ടാ"

മുന്നറിയിപ്പ് കേട്ട് വാതിൽ തുറക്കാൻപോയ ആൾ ഒന്ന് ഞെട്ടി ഒരടി പിന്നോട്ടുചാടി, ചമ്മൽ മറക്കാൻ രണ്ടടി മുന്നോട്ടും ചാടി. ചാട്ടം പിഴച്ചതിനാൽ വാതിലിന്റെ പിടിയിൽചെന്ന് തലയിടിച്ച് സത്യനെപ്പോലെ 'അമ്മേ' എന്ന് വിളിച്ചു പിന്നോട്ടുവീഴുകയും അടിക്കാൻ തയ്യാറായിനിന്ന ഐവർസംഘം 'അയ്യോ കള്ളൻ' എന്ന് പറഞ്ഞു  മാർഗംകളി മോഡലിൽ പല സ്റ്റെപ്പുകൾ വെക്കുകയും ചെയ്തു.

എല്ലാവരും 'ബാക്ക് ടു പൊസിഷൻ' ആയി വീണ്ടും.

" റെഡി വൺ...ടൂ...ത്രീ.. പിടിച്ചോ"

ഒന്നാമൻ പ്ലാൻപ്രകാരം വാതിൽ ആഞ്ഞുവലിച്ചു, മറ്റുള്ളവർ കള്ളനെ ലാക്കാക്കി ഒരുമിച്ച് താളത്തിൽ ആഞ്ഞടിച്ചു.

"എടാ *$#*$#**##$.... എന്നെ കൊന്നേനെ നിങ്ങൾ"

ഒരു നിമിഷത്തെ മന്ദിപ്പിനു ശേഷമാണ് മനസ്സിലായത്. ഞങ്ങൾ തലേദിവസം മറന്നൊരു കാര്യം കള്ളൻ മറന്നില്ലെന്ന് - വാതിൽ കുറ്റിയിട്ടിരിക്കുന്നു - പുറത്തുനിന്നാണെന്നൊരു വ്യത്യാസം മാത്രം. ആഞ്ഞുവലിച്ചവന് വാതിൽ തുറക്കാൻ പറ്റിയില്ല. അപ്പോൾ ഞങ്ങളുടെ അടികൊണ്ടത്????

മുകളിൽ താമസിക്കുന്ന മലയാളിയെ മൊബൈലിൽ വിളിച്ചു. ചില ഡയലോഗുകളുടെ ആവർത്തനത്തിനുശേഷം അദ്ദേഹം വന്നു വാതിൽ തുറന്നുതന്നു. ഉപേക്ഷിച്ചനിലയിൽ പേഴ്‌സുകൾ അവിടെ കിടന്നുകിട്ടി. അധികം അകലെയല്ലാതെ ATM കാർഡുകളും. നന്നായി; ആ കാർഡുകൾ എങ്ങാനും കൊണ്ടുപോയെങ്കിൽ കള്ളനു വെറുതെ ചീത്തപ്പേരുമാത്രം ബാക്കിയായേനെ! ആട് കിടന്നിടത്തു പൂടപോലുമില്ല എന്ന് പറഞ്ഞതുപോലെ ടി വി കിടന്നിടത്ത് ഒരു സീരിയൽ പോലുമില്ലായിരുന്നു!

"നീ വാതിൽ ലോക്ക് ചെയ്തിരുന്നില്ലേ?"

നാലുപേർ പരസ്പരം ഈ ചോദ്യം ചോദിച്ചു. നോട്ടങ്ങൾ കൂട്ടിമുട്ടി എങ്ങും തീപ്പൊരിചിതറി.

"പോകാനുള്ളത് പോയി. എന്തായാലും ഒരു കട്ടൻ കുടിച്ചാൽ ഒരുഷാർ കിട്ടും"

കട്ടൻ കാപ്പിയുടെ ചൂടിൽ തലേദിവസത്തെ സംഭവങ്ങൾ ഓർത്തെടുക്കാൻ അവർ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും പണ്ട് VCR ൽ കാസെറ്റ് ഇടുമ്പോൾ വരാറുള്ളതുപോലെ രാത്രി പതിനൊന്നുമണിക്കു ശേഷമുള്ള ഓർമ്മ എല്ലാവർക്കും മൊത്തം ഗ്രെയിൻസ് പിടിച്ചപോലാണ് അനുഭവപ്പെട്ടതത്രേ.

"എന്തായാലും ആരെയും കള്ളൻ ഉപദ്രവിച്ചില്ലല്ലോ എന്ന് സമാധാനിക്ക്. അല്ലെങ്കിലും അവന് പേടി കാണും "

ചിന്തു ഒരു സിക്സറിലൂടെ റൺറേറ്റ് ഉയർത്താൻനോക്കി.

"ബുദ്ധിയില്ലാത്ത രണ്ടെണ്ണം ഒരു മുറിയിലും ബോധമില്ലാത്ത നാലെണ്ണം മറ്റേ മുറിയിലും കിടക്കുന്നതുകണ്ടപ്പോ പാവം തോന്നി ഒന്നും ചെയ്യാതെ വിട്ടതാകും"

വാതിൽ തുറന്നുതന്ന സുഹൃത്ത് ബൗണ്ടറിക്ക് തൊട്ടരികിൽവെച്ച് ക്യാച്ചെടുത്തു ആ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. കൂടുതൽ അവസരംകൊടുത്താൽ മാൻ ഓഫ് ദി മാച്ച് സമ്മാനം അടിച്ചെടുത്താലോ എന്നുകരുതി അദ്ദേഹത്തെ ഞങ്ങൾ വേഗം പറഞ്ഞയച്ചു.

ഒരുപാടുകാലം ജീവിതത്തിന്റെ ഒരു ഭാഗമായി ഉണ്ടായിരുന്ന ആ ടി വി ഇപ്പോളെവിടെയോ സമാധാനത്തോടെ അധികം ജോലിയെടുക്കാതെ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് കരുതുന്നു.

ഭഗവദ് ഗീതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

"ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമമാണ്"

അതുകൊണ്ടു ഇതൊന്നും അത്ര കാര്യമാക്കേണ്ട എന്നുകരുതി മറന്നുകളഞ്ഞു. പോലീസ് സ്റ്റേഷൻ, പരാതി, കൈക്കൂലി, കള്ളൻ, ഇടി എന്നീ വാക്കുകൾ ഏതാനും ദിവസം അന്തരീക്ഷത്തിൽ തങ്ങിനിന്നു പിന്നെ ടാറ്റാ പറഞ്ഞ് എങ്ങോട്ടോ പോയിമറഞ്ഞു.

എന്നാലും ഒരു സങ്കടം ബാക്കിനിൽക്കുന്നു. ആ കള്ളൻ എന്തിനാണാവോ അക്കൗണ്ടൻസി പരീക്ഷയുടെ അന്നുതന്നെ അവിടെ കയറിയത്? അതുകൊണ്ടല്ലേ - അതുകൊണ്ടു മാത്രമല്ലേ - ആ പരീക്ഷ ആദ്യ ശ്രമത്തിൽ ഞങ്ങൾ രണ്ടാളും തോറ്റുപോയത്? റാങ്ക് വാങ്ങേണ്ട രണ്ടു വിദ്യാർത്ഥികളുടെ ശാപം കള്ളൻ എന്നെങ്കിലും തല മൊട്ടയടിക്കുമ്പോൾ കല്ലുമഴയായി പെയ്യാതിരിക്കില്ല.

വാൽകഷ്ണം: ഈ സംഭവാനന്തരം ഞങ്ങൾ ഒരു അന്വേഷണകമ്മീഷനെ നിയമിക്കുകയും 'വാതിൽ കുറ്റിയിട്ടില്ല' എന്ന കുറ്റത്തിന് നാലുപേരും ഒരുപോലെ അപരാധികളാണെങ്കിലും 'അനാവശ്യമായി കള്ളനെ വെല്ലുവിളിച്ചു' എന്ന പ്രേരണാകുറ്റം കൂടുതലായി ചെയ്തതുകൊണ്ട് ചിന്തുവിനെ ഒന്നാം പ്രതിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും അതിനുശേഷം ആ വീട്ടിലെ എന്തുതന്നെ കാണാതായാലും അതെല്ലാം ചിന്തുവിന്റെ അശ്രദ്ധമൂലമാണ് എന്ന ആരോപണം സഹിക്കാൻവയ്യാതെ ചിന്തു ബാംഗ്ളൂർ വിടുകയും, മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ച് ഒടുക്കം കേരളത്തിലെ പ്രശസ്തമായൊരു നിയമ കലാലയത്തിൽ LLBക്കു ചേർന്ന് പഠനം തുടരുകയും ചെയ്യുന്നു. സംഭവിച്ചതൊന്നും താൻ കാരണമല്ല എന്ന് വാദിച്ചു തെളിയിക്കാൻ പോലീസിന്റെ ഇന്ററഗേഷനും വക്കീലിന്റെ സ്പെക്കുലേഷനും കൊണ്ട് കറുത്ത കോട്ടുമിട്ട് അവൻ ഒരിക്കൽകൂടി ബാംഗ്ളൂർ വന്നുകൂടായ്കയില്ല!

എന്തായാലും 'ചിന്തുവിന്റെ വെല്ലുവിളിപോലെ' എന്ന പ്രയോഗം ഞങ്ങൾ കൂട്ടുകാർക്കിടയിൽ സമ്മാനിക്കാൻ ഈ സംഭവം നിമിത്തമായി എന്ന് ഈയവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.

അകാലത്തിൽ ഞങ്ങളെ വേർപിരിഞ്ഞുപോയ ടി വി എന്ന സുഹൃത്തിന് റിയാലിറ്റിഷോകൾ കൊണ്ടുണ്ടാക്കിയ ഒരു റീത്തും സമർപ്പിക്കുന്നു.

ഗുണപാഠം: അക്കൗണ്ടൻസി നന്നായി പഠിച്ചെങ്കിൽ മാത്രമേ പാസ്സാകൂ!

0 Please Share a Your Opinion.: