Wednesday, 30 March 2022

സൈക്കിൾചരിതം ഒന്നാം ഖണ്ഡം

കോവിഡ് കാലത്ത് വീട്ടിലിരുപ്പായപ്പോൾ പെട്ടെന്നുണ്ടായ ഒരു വെളിപാടായിരുന്നു ഒരു സൈക്കിൾ വാങ്ങിയാലോ എന്നത്. എന്തെങ്കിലും വാങ്ങാൻ ചെറിയൊരാഗ്രഹം തോന്നിയാൽ, പിന്നെ പുറത്തിറങ്ങുമ്പോഴെല്ലാം എന്റെ കണ്ണുകൾ അതേ വസ്തുവിനെ എവിടെനിന്നെങ്കിലുമൊക്കെ തേടിപ്പിടിച്ച് വാങ്ങുന്നില്ലേ, വാങ്ങുന്നില്ലേ എന്ന് വെറുതേ ചോദിച്ചുകൊണ്ടേയിരിക്കും. ഒടുക്കം കയ്യിലെ കാശ് പോയിക്കഴിയുമ്പോൾ ആ ചോദ്യത്തിന് ഒരുത്തരമാകും. സൈക്കിൾ എന്ന ആഗ്രഹം മനസ്സിൽ കയറിയതിൽപ്പിന്നെ പുറത്തിറങ്ങുമ്പോളെല്ലാം എന്റെ മുന്നിലൂടെ ചെറുതും വലുതുമായ ഒരുപാട് സൈക്കിളുകൾ കിണികിണി നാദം മുഴക്കി കടന്നുപോയ്‌ക്കൊണ്ടേയിരുന്നു. ഈ സൈക്കിളുകളെല്ലാം ഇത്രയുംകാലം ഇവിടെത്തന്നെ ഉണ്ടായിരുന്നില്ലേ എന്നുചോദിച്ചാൽ സത്യത്തിൽ എനിക്കറിയില്ല! എന്തായാലും ഇനി ഒരു നിമിഷം പോലും കാത്തുനിൽക്കാതെ സൈക്കിൾ വാങ്ങുക എന്ന തീരുമാനത്തിലെത്തി. അപ്പോഴാണ് അടുത്ത പ്രശ്നം ഉടലെടുത്തത്. കുട്ടിക്കാലത്ത് സൈക്കിൾ വാങ്ങുമ്പോൾ BSA SLR വേണോ അതോ വലിയവർ ചവിട്ടുന്ന സൈക്കിൾ വേണോ എന്ന വളരെ ലളിതമായ ഒരു തീരുമാനം എടുത്താൽ മതിയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല - ഗിയർ ഉള്ളത്/ഇല്ലാത്തത്, വലിയത്/മീഡിയം/ഇടത്തരം വലുപ്പമുള്ള ടയർ, നേരെ ഇരുന്നു ചവിട്ടുന്നത്/കിടന്നു ചവിട്ടുന്നത് അങ്ങനെ ഏതാണ്ട് പണ്ടത്തെ കഥകളിൽ ആരുടെ കഴുത്തിൽ മാല ഇടണം എന്നറിയാതെ സ്വയംവരത്തിനു നിൽക്കുന്ന രാജകുമാരിമാരുടെ അവസ്ഥയായി എനിക്ക്. അപ്പോഴാണ് സുഹൃത്തെന്നും സഹോദരനെന്നും വിളിക്കാവുന്ന മനൂപ് സ്വന്തം സൈക്കിളുമായി നിൽക്കുന്ന ഫോട്ടോ വാട്സാപ്പിൽ കണ്ടത്. "മനൂപേ ഞാനൊരു സൈക്കിൾ വാങ്ങിയാലോ എന്നാലോചിക്കുന്നുണ്ട്" എന്ന് വെറുതേ ഒന്ന് പറഞ്ഞതേയുള്ളൂ. 'സൈക്കിൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ' എന്ന വിഷയത്തിൽ അതിഗംഭീരമായ ഒരു പ്രബന്ധം തന്നെ വോയിസ് മെസ്സേജ് ആയി അയച്ചുതന്നു. അതുമുഴുവൻ കേട്ടുകഴിഞ്ഞു ബഹുമാനംകൊണ്ട് ഞാൻ അഞ്ചുമിനിറ്റ് എഴുന്നേറ്റുനിന്നു. കാരണം ഒരു കല്യാണം കഴിക്കാൻപോലും ഇത്രയധികം കാര്യങ്ങൾ ഇത്ര ആഴത്തിൽ ഞാൻ ചിന്തിച്ചിട്ടില്ല. എന്തായാലും, ഇതെല്ലാം വിശദമായി പഠിച്ച് സൈക്കിൾ വാങ്ങണമെങ്കിൽ ഒരു സെമസ്റ്റർ വേണ്ടിവരുമെന്ന് ബോധ്യമായതിനാൽ, മനൂപിന്റെ കാറിൽ, മനൂപിനെക്കൊണ്ടു തോപ്പുംപടിവരെ  ഡ്രൈവ് ചെയ്യിച്ച്, മനൂപ് നിർദ്ദേശിച്ച ഒരു ഗിയർ സൈക്കിൾ വാങ്ങി ഞാൻ മാതൃകയായി.  എന്തായാലും അതിനുശേഷം ഒരു വിഷയത്തിൽ ഞാൻ എന്തെങ്കിലും ഉപദേശം ചോദിച്ചാൽ വളരെ ആലോചിച്ചുമാത്രമേ മനൂപ് മറുപടി തരാറുള്ളൂ. 
സൈക്കിൾ വാങ്ങി, ഇനി ഗിയർ ഇടാൻ പഠിക്കുന്നതാണ് അടുത്ത ഘട്ടം. കാറിനുപോലും അഞ്ച് അല്ലെങ്കിൽ ആറ് ഗിയർ മാത്രമേയൂള്ളൂ എന്നിരിക്കെ സൈക്കിളിന് മാത്രം ഇരുപത്തൊന്നു ഗിയറുകൾ അതും രണ്ടുകൈകൊണ്ടും മാറി മാറി ഇടേണ്ടത് എന്തിനാണ് എന്നാലോചിച്ച് എന്റെ തലയിൽ നിന്ന് ഒരുപാട് കിളികൾ പറന്നുപോയി. എന്തായാലും സൈക്കിൾ വാങ്ങിയ സ്ഥിതിക്ക് ഇനി ഇതൊന്നും പഠിക്കാതെ പറ്റില്ലല്ലോ എന്നുകരുതി യൂട്യൂബിൽ കയറി. എന്നത്തേയുംപോലെ ഹോം പേജിൽ കണ്ട 10-12 സിനിമകളുടെ ട്രൈലെർ, ഫണ്ണി വീഡിയോസ് അങ്ങനെ ആവശ്യമുള്ളതൊഴിച്ച് എല്ലാ വിഡിയോകളും കണ്ടു. അവസാനം ഉറങ്ങുന്നതിനുമുൻപ് 'ഗിയർ ഷിഫ്റ്റിംഗ് എളുപ്പത്തിൽ പഠിക്കാം' എന്ന വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഇതൊക്കെ നിസ്സാരം എന്ന എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം ഉള്ളിൽ നിറഞ്ഞു. അങ്ങനെ ഐശ്വര്യമായി പിറ്റേന്ന് രാവിലെ സൈക്കിളുമെടുത്ത്  പുറത്തിറങ്ങി. ഗിയർ ഇടുന്ന പാറ്റേൺ മറന്നുപോകാതിരിക്കാൻ കൈവെള്ളയിൽ എഴുതിയുംവെച്ചു (പണ്ട് പരീക്ഷക്ക് പോകുമ്പോൾ ഇങ്ങനെ കൈവെള്ളയിൽ എഴുതിയിട്ടിരുന്നോ എന്നൊന്നും ആരും ചോദിക്കരുത്; ഞാൻ ആ ടൈപ്പല്ല എന്ന് എല്ലാവർക്കും അറിയാമല്ലോ). തപാൽ വഴി നീന്തൽ പഠിച്ചുകഴിഞ്ഞു ആദ്യമായി കുളത്തിലോ പുഴയിലോ നീന്താൻ പോകുന്ന ആളുടെ ഒരവസ്ഥയുണ്ടല്ലോ ഏതാണ്ട് അതേ അവസ്ഥയായിരുന്നു ആദ്യത്തെ ദിവസം. ചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ വളരെ വ്യക്തമായുണ്ട്, പക്ഷെ റോഡിലെത്തി ഗിയർ മാറ്റിയതും 'ആരാടാ രാവിലെതന്നെ വീടിന്റെ മുന്നിൽ വന്നു പടക്കം പൊട്ടിക്കുന്നത്?' എന്നൊരു ചേട്ടൻ ഓടിവന്നു ചോദിച്ചതും ഒരുമിച്ചായിരുന്നു. യൂട്യൂബിൽ പഠിച്ച തിയറിയുടെ നേരെ വിപരീതമായി ഗിയർ ഇട്ടതുകൊണ്ടു സൈക്കിൾ ഉണ്ടാക്കിയ ശബ്ദകോലാഹലമാണ് ചേട്ടന് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. എന്തായാലും പിന്നെയുള്ള കുറച്ചു ദിവസങ്ങൾ തലങ്ങും വിലങ്ങും ഗിയറുകൾ ഇട്ട് അതൊരുവിധം പഠിച്ചു. സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്റെ സൈക്കിൾ ആ ദിവസങ്ങളിൽ തലതല്ലി കരഞ്ഞേനെ. 

പണ്ട് പഠിച്ച പൊട്ടൻഷ്യൽ എനർജി, കൈനെറ്റിക്ക് എനർജി ഇവയൊക്കെ സൈക്കിൾ ചവിട്ടുമ്പോൾ ശരിക്കും ഓർമ്മവരും. സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മൾ ഉള്ള ശക്തി മുഴുവനെടുത്ത് ആഞ്ഞുചവിട്ടിയാൽ മാത്രമേ മുന്നോട്ട് നീങ്ങൂ എന്നതാണ്. അതാകട്ടെ ഫേസ്ബുക്കിൽ തള്ളുന്നപോലെ എളുപ്പമല്ല എന്ന സത്യം ആദ്യ ദിവസങ്ങളിൽ തന്നെ ശരിക്കും മനസ്സിലായി. എന്റെ വീടിനടുത്തുള്ള മെയിൻ റോഡിൽ നിന്ന് വലത്തോട്ടുപോയാലും, ഇടത്തോട്ടുപോയാലും കയറ്റങ്ങളാണ്. ഈ കയറ്റങ്ങൾ നോക്കി നെടുവീർപ്പിട്ട് 'കമോൺ ഡ്രാ മഹേഷേ.... യു ആർ ദി ബെസ്റ്റ്' എന്നൊക്കെ സ്വയം പറഞ്ഞു കഷ്ടപ്പെട്ട് ചവിട്ടിക്കയറുമ്പോഴായിരിക്കും അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികൾ ഡബിൾസും, ട്രിപ്പിൾസും വെച്ച് ഒരു ഗിയർ പോലുമില്ലാത്ത സൈക്കിൾ പാട്ടുംപാടി ഓടിച്ചുകൊണ്ടുപോകുന്നത്. പോകുന്നപോക്കിൽ നമ്മുടെ കഷ്ടപ്പാട് കണ്ടു ഒന്ന് ചിരിച്ചിട്ടും പോകും. എന്തായാലും എല്ലാവരെയും ഞാൻ നോട്ട് ചെയ്തുവെച്ചിട്ടുണ്ട്. കുറച്ചുകാലത്തെ സൈക്ലിംഗ് പരിശീലനംകൂടി കഴിഞ്ഞിട്ടുവേണം മിസ്റ്റർ പോഞ്ഞിക്കര മോഡലിൽ അമ്പതുപൈസക്ക് ബെറ്റ് വെച്ച് പിള്ളേരെ റേസ് നടത്തി തോൽപ്പിക്കാൻ.

"ഞാനൊരരക്കവിയാമോ" എന്ന് കുഞ്ഞുണ്ണിമാഷ് സംശയിച്ചപോലെ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് ഞാനൊരു അര സൈക്ലിസ്റ്റ് എങ്കിലും ആയിക്കാണില്ലേ എന്ന സംശയം ഇടക്കൊക്കെ എനിക്കും തോന്നാറുണ്ട്. എന്തായാലും കുറേനാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. അതുകൊണ്ട് പെട്ടെന്ന് മനസ്സിൽവന്നത് അതേപടി കുറിച്ചിട്ടു എന്നേയുള്ളൂ! സൈക്ലിങ്ങിനിടയിലെ സുഹൃദ്ബന്ധങ്ങൾ, കണ്ട കാഴ്ചകൾ, രസകരമായ യാത്രകൾ, അനുഭവങ്ങൾ അതിനെപ്പറ്റിയൊക്കെ വഴിയേ എഴുതാം

Monday, 11 October 2021

ഒരു യമണ്ടൻ ബസ്സ്‌കഥ

കോളേജിൽ പഠിക്കുമ്പോൾ നിത്യയാത്ര പ്രൈവറ്റ് ബസ്സിലായിരുന്നു. ഞങ്ങളുടെ റൂട്ടിലോടുന്ന എല്ലാ ബസ്സിലെയും സൂപ്പർമാൻ 'കിളി' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ക്ലീനർ ആണ്. ആളുകളുടെ ഭാരം കാരണം ഒരുവശത്തേക്ക് ചെരിഞ്ഞ്, അകത്തേക്ക് കയറാൻ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെയാണ് ബസ്സുകൾ വരുക. ഈ ബസിൽ എന്തായാലും കയറാൻ പറ്റില്ല എന്നുറപ്പിച്ച് മനസ്സു മടുത്തു നിൽക്കുമ്പോഴാണ് ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ മോട്ടിവേഷണൽ സ്പീക്കറായി കിളി അവതരിക്കുക. ഒറ്റക്കൈ കൊണ്ട് വാതിലിന്റെ ഹാൻഡിലിൽ പിടിച്ച്, മറുകൈ നീട്ടി ഏതാണ്ട് 'ദിൽവാലെ ദുൽഹനിയാ ലെ ജായേങ്കെ'യിൽ ഷാരൂഖ് ഖാൻ കാജലിനെ ട്രെയിനിലേക്ക് വിളിക്കുന്ന പോസിൽ ഉള്ള വരവ് കാണുമ്പോൾതന്നെ നമുക്കൊരു ഉന്മേഷം തോന്നും. അതിനൊപ്പം ബസ്സിന്റെ ഒരു വശത്തു തട്ടി "വേഗാവട്ടെ, വേഗാവട്ടെ... ഒരു പത്താൾക്കുകൂടി കേറാലോ" എന്ന പറച്ചിലും, ചറപറാ വിസിലടിയും കൂടി സൃഷ്ടിക്കുന്ന ആ ഒരു അഡ്രിനാലിൻ കിക്കിന്റെ ആവേശത്തിൽ അറിയാതെ തന്നെ നമ്മൾ ബസ്സിലേക്ക് ചാടിക്കയറിപ്പോകും. ഇനി ബസ്സിലേക്ക് ചാടിക്കയറാൻ ആവതില്ലാത്ത ഏതെങ്കിലും അപ്പൂപ്പൻമാരും, അമ്മൂമ്മമാരും നിൽക്കുന്നുണ്ടെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപേ അവരെ പുഷ്‌പംപോലെ കോരി ബസ്സിന്റെ അകത്തിട്ടിരിക്കും. ഒരിക്കൽ മകന്റെയൊപ്പം പലചരക്ക് വാങ്ങാൻ വന്ന ഒരപ്പൂപ്പൻ, കടയിൽ തിരക്കായതുകൊണ്ട് ബസ്സ്റ്റോപ്പിലേക്ക് ഇറങ്ങിനിന്നതുകണ്ട്‌ 'സ്റ്റോപ്പിൽ നിൽക്കും ജനമെല്ലാം നമ്മുടെതാകും പൈങ്കിളിയേ....' എന്ന പാട്ടുംപാടി അപ്പൂപ്പനെ എടുത്തകത്തിട്ട്, രണ്ടു സ്റ്റോപ്പ് അകലെ ഇറക്കി തിരിച്ചു പോരാനുള്ള ടിക്കറ്റ് കാശും കൊടുത്തുവിട്ട ചരിത്രവുമുണ്ട്. മകൻ പലചരക്കും വാങ്ങി അപ്പനെ കാണാതെ തിരിഞ്ഞു നോക്കുമ്പോളുണ്ട് അപ്പൻ എതിർദിശയിൽ ബസ്സിറങ്ങി 'എന്നാലും എന്റെ ഭാഗത്തും തെറ്റുണ്ട്. ബസ് വരുമ്പോൾ ഞാൻ മാറി നിൽക്കേണ്ടതായിരുന്നു' എന്ന ചിന്താഭാരവുമായി വരുന്നു.

എനിക്ക് പക്ഷേ എപ്പോഴും അസൂയകലർന്ന ആരാധന തോന്നിയിട്ടുള്ളത് ഞാൻ നിത്യവും കോളേജിൽ പോകുന്ന ബസ്സിലെ ഡ്രൈവറോടാണ്. കളർ ഷർട്ടും അതിനുമുകളിൽ എല്ലാ ബട്ടൻസും തുറന്നിട്ട കാക്കി ഷർട്ടുമിട്ട്, റേയ്ബാൻ കൂളിംഗ് ഗ്ലാസ്സും വെച്ച് ആളുകളെ കുത്തിനിറച്ച ബസ് പുല്ലുപോലെ ഓടിക്കുന്ന ആ ചേട്ടനോട്, ബൈക്ക് കഷ്ടിച്ച് ഓടിക്കാൻ പഠിച്ച ഒരു കൗമാരക്കാരന് ആരാധന തോന്നുന്നത് തികച്ചും സ്വാഭാവികം. ചാലക്കുടിയിൽ നിന്ന് വരുന്ന ബസ്സുകളും, ഞങ്ങളുടെ റൂട്ടിലോടുന്ന ബസ്സുകളും ആളൂർ എന്ന സ്ഥലത്തുവെച്ച് കണ്ടുമുട്ടി ഇരിഞ്ഞാലക്കുട വരെ മത്സരിച്ചാണ് യാത്ര ചെയ്യുക. വെള്ളിക്കുളങ്ങര, കൊടകര ഭാഗത്തുനിന്ന് വരുന്ന ഓരോ വിദ്യാർത്ഥികളുടെയും അഭിമാനപ്രശ്നമാണ് ചാലക്കുടി-ഇരിഞ്ഞാലക്കുട ബസ്സുകളെ തോൽപ്പിക്കുക എന്നത്. ജയിച്ച ബസ്സിലെ കുട്ടികൾ, തോറ്റ ബസ്സിലെ കുട്ടികളെ കളിയാക്കുന്നതും, പലപ്പോഴും അത് തർക്കത്തിലും, അടിപിടിയിലും വരെ ചെന്നെത്തുന്നതും നിത്യസംഭവവമായിരുന്നു. ഓരോ ദിവസവും ഞങ്ങളുടെ അഭിമാനത്തെ വാനോളമുയർത്തി, ഒരു ഫോർമുല വൺ റേസിനെ നാണിപ്പിക്കുന്ന വിധത്തിൽ ബസ്സിനെ നിലംതൊടാതെ പറപ്പിച്ച്, വളവുകൾ വീശിയൊടിച്ച് അണ്ണന് ഇതൊക്കെ എത്ര നിസ്സാരം എന്ന മട്ടിൽ കോളർ ഒന്ന് മുകളിലേക്കാക്കി, മുൻവശത്ത് നിൽക്കുന്ന പെൺകുട്ടികളെ നോക്കി ഒരു ചിരിയും ചിരിച്ച് എന്നും സമയത്തിന് ഒരുപാട് മുൻപേ കോളേജിൽ എത്തിക്കാറുള്ള പേരറിയാത്ത ആ ചേട്ടനാണ്, ഒരുപാടുകാലം ഹീറോയായി മനസ്സിൽ നിറഞ്ഞുനിന്നത്. വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഞാൻ കണ്ട ഏറ്റവും ലക്ഷണമൊത്ത ഡ്രൈവിംഗ് ആരുടേതെന്നു ചോദിച്ചാൽ പേരറിയാത്ത ആ ചേട്ടന്റേത് എന്നേ ഇപ്പോഴും ഞാൻ പറയൂ.
താമസം കേരളത്തിനു വെളിയിൽ ആയിരുന്നതുകൊണ്ട് ആ ബസ്സിൽ പിന്നീട് അപൂർവമായേ കയറിയിട്ടുള്ളൂ. പക്ഷേ എപ്പോൾ യാത്ര ചെയ്താലും കോളേജ് കാലത്തിന്റെ ഓർമ്മകൾ ഉണർത്തി ഒരു പടക്കുതിരയെപ്പോലെ പാഞ്ഞുപോകുന്ന പതിവിന് ഒരു മാറ്റവും ഉണ്ടാകാറില്ല. ഒരുപാട് കാലത്തിനുശേഷം യാദൃശ്ചികമായി ഇന്ന് അതേ ബസ്സ് വഴിയിൽ കാണാനിടയായി. സീറ്റുകൾ പോലും നിറയാതെ, വഴിയിൽ ആരെങ്കിലും കയറാനുണ്ടോ എന്നുനോക്കി റോഡിലൂടെ നിരങ്ങി നിരങ്ങി നീങ്ങുന്നു. ഡ്രൈവർ സീറ്റിൽ ആ ചേട്ടൻ ആയിരുന്നോ എന്തോ? നോക്കാൻ തോന്നിയില്ല.
.
ഒരു നിമിഷം പെരിങ്ങോടനെപ്പോലെ മനസ്സിൽ പറഞ്ഞുപോയി.
.
"വയ്യ അങ്ങട് നോക്കി ആ ഇരുപ്പ് കാണാൻ എനിക്ക് വയ്യ. മനസ്സിൽ ദൈവങ്ങൾക്കൊപ്പം കൊണ്ടുനടക്കണ ഒരു ചിത്രമുണ്ട്. അതങ്ങനെ തന്നെ നിന്നോട്ടെ....."
.
കോവിഡ് കവർന്ന കാഴ്ചകളിലേക്ക് ഒന്നുകൂടി.......

Wednesday, 3 March 2021

മഴമരം പറഞ്ഞ കഥ

നിങ്ങൾക്ക് കഥകൾ കേൾക്കാനിഷ്ടമാണോ? 

'കുഞ്ഞേടത്തി'യെപ്പോലെ മടിയിലിരുത്തീട്ടു മാറോട് ചേർത്തിട്ടു മണി മണി പോലെ, ആനേടെ മയിലിന്റെ ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥ പറയാനൊന്നും എനിക്കറിയില്ല. പക്ഷേ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ 'പച്ച' എന്ന ഗ്രാമത്തിൽ നടന്നൊരു കഥയുണ്ട്. അന്നാട്ടുകാരനായ സുഹൃത്ത് എന്നോട് പറഞ്ഞ ആ കഥ ഞാനിന്നു നിങ്ങളോടും പറയാം.  

നമ്മൾ കേട്ടിട്ടുള്ള എല്ലാ കഥകളേയും പോലെ ഈ കഥയും തുടങ്ങുന്നത് പണ്ട് പണ്ട് പണ്ടാണ്. ഏതാണ്ടൊരു ഒന്നേകാൽ നൂറ്റാണ്ടു മുൻപ്, പച്ച എന്ന ഗ്രാമത്തിൽ ഒരു LP സ്കൂൾ സ്ഥാപിതമായി. അവിടെ കിന്നാരം ചൊല്ലി, കൂട്ടുകൂടി, കുറുമ്പുകാട്ടി ഒരുപാടു കുട്ടികൾ വന്നു. അവരുടെ കൊഞ്ചലുകളും, കുസൃതികളും കണ്ടുരസിച്ച്, പച്ചയും, പച്ചയിലെ സ്കൂളും, അവിടത്തെ ആളുകളും അങ്ങനെ കാലത്തിന്റെ ഒഴുക്കിൽ അലിഞ്ഞുചേർന്നു. ഒരിക്കൽ ആ നാടിനോടും, കുട്ടികളോടും കൂട്ടുകൂടാൻ ഒരാൾകൂടി വന്നു - കാറ്റിൽ പാറിയോ, മഴയിൽ ഒലിച്ചോ വന്ന ഒരു വിത്ത്. പച്ചയുടെ മണ്ണും, മഴത്തുള്ളികളും ചേർന്ന് ആ വിത്തിൽ ഒരു ജീവന്റെ തുടിപ്പുനൽകി. മാറിവന്ന ഋതുക്കൾ ആ കുഞ്ഞുജീവനെ മാനത്തോളം ഉയരമുള്ള ഒരു വൻമരമാക്കി. പച്ചിലകൾ തോരണം ചാർത്തി ആയിരം കൈകൾ വിടർത്തിനിൽക്കുന്ന ആ തണൽമരത്തെ എല്ലാവരും സ്നേഹത്തോടെ 'മഴമരം' എന്നുവിളിച്ചു. പിന്നെ ആ ചില്ലകളിൽ ചേക്കേറാൻ പാട്ടുകാരായ ഒരായിരം കിളികൾ വന്നു. അങ്ങനെ മഴമരം ഒരു കിളിവീടായി, ആ വീടുകളിൽ ഒരുപാട് കിളിക്കുഞ്ഞുങ്ങൾ പിറന്നു. അവരെ പേടിപ്പിക്കാൻ വെയിലും മഴയും, കാറ്റും വന്നു. പക്ഷേ പൊതിഞ്ഞുപിടിച്ച മഴമരത്തിന്റെ മുത്തശ്ശിച്ചൂടിൽ അവർ ശാന്തമായുറങ്ങി. ചിറകു മുളച്ചവർ പുതിയ ആകാശങ്ങൾ തേടിപ്പറന്നെങ്കിലും മഴമരത്തിൽ എന്നും പുതിയ അതിഥികൾ വന്നുകൊണ്ടേയിരുന്നു. 

താഴെ ഭൂമിയിൽ ആ മഴമരത്തണലിൽ പച്ചയിലെ കുട്ടികൾ കണ്ണുപൊത്തിക്കളിച്ചു, മുതിർന്നവർ ആ ശീതളിമയിൽ ചൂടുള്ള ചർച്ചകൾ നടത്തി, ആരോരുമറിയാതെ ചില പ്രണയങ്ങൾ അവിടെ മൊട്ടിട്ടു, മറ്റു ചിലതു കരിഞ്ഞു, തെരുവിന്റെ മക്കൾ മഴമരത്തിന്റെ മടിയിൽ തല ചായ്ച്ചുറങ്ങി. പയ്യെപ്പയ്യെ മഴമരം, പച്ചയുടെ ആത്മാവായി. ഒരുപാടു വേനലുകൾ വന്നു, വസന്തങ്ങൾ വന്നു, ശിശിരങ്ങൾ വന്നു. പിന്നീടൊരിക്കൽ ആകാശം ഭ്രാന്തമായി പെയ്തു. ആ മഴപ്പെയ്ത്തിൽ നാടും, നഗരവും മുങ്ങി. അപ്പോഴും തന്റെ ചില്ലകളിൽ ചേക്കേറിയവരെ നെഞ്ചോട് ചേർത്തുകൊണ്ട് മഴമരം തലയുയർത്തി നിന്നു.  

ഒരിക്കൽ ആ നാട്ടിൽ ഒരു രാജാവ് വന്നു - കിരീടവും ചെങ്കോലും ഇല്ലാതെ. പക്ഷേ ആ രാജാവിന്റെ നിലവറ നിറയെ പണമുണ്ടായിരുന്നു - ആരെയും വാങ്ങാൻ കെൽപ്പുള്ള പുത്തൻപണം. പച്ചയെ തന്റെ രാജധാനിയാക്കാൻ രാജാവ് തീരുമാനിച്ചു. ആദ്യമായി ഒരു കൊട്ടാരം പണിതു, മഴമരത്തിനോട് ചേർന്ന് വ്യാപാരസ്ഥാപനങ്ങളും പണിതു. മഴമരം ചിരിച്ചു; തണലിന്റെ കുടനിവർത്തി എല്ലാവർക്കും സ്വാഗതമേകി. രാജാവ് പരിവാരങ്ങളുമായി എഴുന്നള്ളുമ്പോൾ മഴമരത്തെ കണ്ടു. മരം ഇലകൾ പൊഴിച്ചത് രാജാവിനെ കോപിപ്പിച്ചു. കിളികളുടെ പാട്ട് രാജാവിന് അരോചകമായിത്തോന്നി. രാജാവ് കൽപ്പിച്ചു 

"ഈ മരം അപകടമാണ്. അതിനാൽ മുറിച്ചുതള്ളുക" 

രാജാവിന്റെ വിദൂഷകവൃന്ദം അതേറ്റുപാടി; 

"രാജശാസനം കല്ലേപ്പിളർക്കും എന്നറിയില്ലേ? എത്രയും വേഗം കട ചേർത്തു വെട്ടിയരിയുക. പച്ചയിൽ ഈ മഴമരം ഇനി വേണ്ട".  

മഴമരത്തിന്റെ കുറ്റങ്ങൾ പാണന്മാരെക്കൊണ്ട് നാടൊട്ടുക്ക് പാടിച്ചു. പാണന്റെ പാട്ടിൽ പച്ചക്കള്ളങ്ങൾ അർദ്ധസത്യങ്ങളായി, അർദ്ധസത്യങ്ങൾ പൂർണ്ണസത്യങ്ങളായി. പ്രജകളും പറഞ്ഞു - "ശരിയാണ് മഴമരം മുറിക്കാതെ വേറെ വഴിയില്ല".  രാജശാസനം നടപ്പാക്കാൻ എഴുത്തുകുത്തുകളുമായി  വിദൂഷകർ കച്ചകെട്ടിയിറങ്ങി. 

പക്ഷേ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാൻ മഴമരത്തെ സ്നേഹിക്കുന്ന ബുദ്ധി നശിക്കാത്ത കുറച്ചു പ്രജകൾ മുന്നോട്ടുവന്നു. അതിൽ ആണും, പെണ്ണും, കുഞ്ഞുങ്ങളും, വൃദ്ധരും ഉണ്ടായിരുന്നു, അവർ പല ജാതിയിൽ പെട്ടവരായിരുന്നു, പല രാഷ്ട്രീയങ്ങളിൽ വിശ്വസിക്കുന്നവരായിരുന്നു; പക്ഷെ തങ്ങളുടെ ഓർമ്മകളിൽ തണൽ വിരിച്ച ആ മരത്തിന്റെ മരണം കാണാൻ ത്രാണിയില്ലാത്തവരായിരുന്നു. അവരൊരു കാലാൾപ്പടയായി രാജാവിന്റെ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു. മുട്ടാവുന്ന വാതിലുകളിൽ മുഴുവൻ മുട്ടിനോക്കി. മന്ത്രിയും, കളക്ടറും അടക്കമുള്ളവരുടെ പക്കൽ നിവേദനങ്ങളുമായി അവരെത്തി. അവരെ അധികാരികൾ അനുകമ്പയോടെ കേട്ടു. ഓരോ ദിവസവും മഴമരത്തിന്റെ ആയുസ്സു കൂട്ടി കിട്ടുന്നതിൽ അവർ അകംനിറഞ്ഞ് സന്തോഷിച്ചു. 

പക്ഷേ രാജാവിന്റെ കൈകളുടെ നീളം കാലാൾപ്പടയുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. രാജാവ് നേരിട്ടിറങ്ങി, രാജാവിന് കൂട്ടായി പണം ഇറങ്ങി, അധികാരം ഇറങ്ങി, രാജാവിന്റെ പടയിൽ ആളുകൂടി. രാജാവിന്റെ പണത്തിന്റെയും, പകിട്ടിന്റെയും ശോഭയിൽ മയങ്ങിയവർ പലരും ചേരി മാറി. അപ്പോഴും മനസ്സിലെ നന്മയുടെ ചാലിൽ ഉറവ വറ്റാത്ത ചിലർ തോൽക്കുമെന്നുറപ്പായിട്ടും ആ മഴമരത്തെ തങ്ങളുടെ നെഞ്ചോട് ചേർത്തുപിടിച്ച് നിർത്താതെ പടപൊരുതി. ഒടുവിൽ ആ ദിവസം വന്നെത്തി; രാജാവിന്റെ പതിനെട്ട് അക്ഷൗഹിണിപ്പടയും ഒരുമിച്ച് പടക്കിറങ്ങി. അവർ തീർത്ത ചക്രവ്യൂഹം ഭേദിക്കാനാകാതെ ശേഷിച്ച കാലാൾപ്പടയും പരാജയം ഏറ്റുവാങ്ങി. 

പിന്നീട് കുറ്റവിചാരണയായിരുന്നു. മഴമരം ചെയ്ത കുറ്റങ്ങൾ ന്യായാധിപർ അക്കമിട്ടുനിരത്തി - കിളികൾക്കു കൂടൊരുക്കി, ഭൂമിക്കു കുടയൊരുക്കി, മണ്ണിനു കവചമൊരുക്കി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തെറ്റുകുറ്റങ്ങൾ ആ തണലിൽ നിന്നുകൊണ്ട് തന്നെ അവർ പറഞ്ഞു. മഴമരം എല്ലാം കേട്ടു മൂകമായി നിന്നു. രാജാവിന്റെ ആരാച്ചാർ വാളുമായെത്തി.  വാളിന്റെ മുരൾച്ച കേട്ട കിളികൾ കൂടുവിട്ട് എങ്ങോട്ടെന്നറിയാതെ പറന്നുപോയി. പാട്ടുനിലച്ച കിളിവീട്, മരണവീട് പോലായി.  ഒടുവിൽ തലമുറകൾ നീണ്ട ഒരുപാടു കാഴ്ചകളുടെ കർമ്മസാക്ഷിയായി നിന്ന ആ മഴമരം കഴിഞ്ഞ ആഴ്ച ഞെട്ടറ്റ പുഷ്പംപോലെ തന്റെ അമ്മയുടെ മടിയിൽ മരിച്ചുവീണു. മകന്റെ മരണം കണ്ട ഭൂമി തലതല്ലിക്കരഞ്ഞു. തന്നെ ഇപ്പോഴും 'പച്ച' എന്നുവിളിക്കുന്ന നാട്ടുകാരെ  ആ ഗ്രാമത്തിന്റെ ആത്മാവ് തെല്ലു പുച്ഛത്തോടെ നോക്കി. 

പച്ചയുടെ മഴമരം

അന്ത്യവിധിയും കാത്ത്

മഴമരമില്ലാത്ത പച്ച '😢

സ്കൂൾ തുറക്കുമ്പോൾ പച്ച LP സ്കൂളിലെ കുട്ടികളോട് എന്താണ് നാം പറയുക? മഴമരത്തിനു ചുറ്റും ഓടിക്കളിച്ച ഓർമ്മകളെ നിങ്ങൾ ആഴത്തിൽ ഒരു കുഴിയെടുത്തു അതിൽ മൂടണമെന്നോ? അതോ 'മരം ഒരു വരം'എന്ന് പഠിപ്പിച്ചതെല്ലാം വെറും കള്ളമായിരുന്നുവെന്നോ? ഒരുപക്ഷെ അങ്ങനെയെല്ലാം വിശ്വസിക്കാൻ കഴിഞ്ഞാൽ അവർക്ക് സന്തോഷമായിരിക്കാം അല്ലേ? 

അവർക്കതിനു കഴിഞ്ഞില്ലെങ്കിലോ?

അപ്പോൾ ആ കുട്ടികൾ നമ്മളെപ്പോലാകും. മഴമരം വീണപ്പോൾ നമ്മളാരും കരഞ്ഞില്ലല്ലോ; കാരണം നമ്മൾ അതിനുമുൻപേ മരിച്ചിരുന്നു. ഇനി നമുക്കൊന്നും ചെയ്യാനില്ല. വേണമെങ്കിൽ ഈ കുട്ടികളോട് നമ്മുടെ കുഴിമാടങ്ങളിൽ ഹൃദയഭാഗത്തായി ഒരു തൈ നടാൻ പറയാം. മരവിച്ചുപോയ നമ്മുടെ ഹൃദയങ്ങളിൽ വേരാഴ്ത്തി ആ തൈ ഒരു മരമായി വളരും, ആ മരങ്ങൾ ഒരിക്കൽ ഭ്രാന്തമായി പൂക്കും, അതിലെ ഓരോ പൂവിലും നമ്മുടെ പുഞ്ചിരി അവർ കാണും. 

കഥ ഇവിടെ അവസാനിക്കുകയാണ്. 

രാജാവ് ഇപ്പോഴും ഉറക്കെ ചിരിക്കുന്നുണ്ടാകും........