Saturday, 31 January 2026

സ്ലീപ്പർ

കുട്ടികളൊക്കെ ആയതിനുശേഷം പൊതുവെ കാറിലാണ് ബാംഗ്ലൂരിൽനിന്നു നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ. നാട്ടിൽനിന്നു വരുമ്പോൾ ചക്ക, മാങ്ങ, തേങ്ങ, വെളിച്ചെണ്ണ ഇത്യാദികൾ കുത്തിനിറച്ചാണ് വരവ്. 'ഞാനൊരു പിക്കപ്പ് വാനല്ല എന്ന സത്യം മുതലാളി മറക്കുന്നു' എന്ന് കാർ ഇടക്കിടക്ക് എന്നെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും 'അതുപിന്നെ ചക്ക, മാങ്ങ, അച്ചാറുകൾ, പലഹാരങ്ങൾ..... ഞാനും ഒരു മനുഷ്യനല്ലേ..' എന്ന് ഇന്നസെന്റ് മോഡലിൽ കാറിനെ സമാധാനിപ്പിക്കാറാണ് പതിവ്. 

എനിക്ക് ഏറ്റവുമിഷ്ടം ട്രെയിൻ യാത്രകളാണ്. അടുത്തിരിക്കുന്നവരെ പരിചയപ്പെട്ട് കുറച്ചുനേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നു, മുകളിലെ ബർത്തിൽ  വലിഞ്ഞുകയറി നീണ്ടുനിവർന്നുകിടക്കുമ്പോളുള്ള ഒരു സുഖം പറഞ്ഞറിയിക്കാനാകില്ല. പിന്നെ പാതിമയക്കത്തിൽ 'പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന അനൗൺസ്‌മെന്റ് കേൾക്കുമ്പോളും, ജനലിനപ്പുറം ഓടിമറയുന്ന പച്ചപുതച്ച നെൽപ്പാടങ്ങൾ കാണുമ്പോഴും, മഴപെയ്തു കുതിർന്നുകിടക്കുന്ന  നാടുകാണുമ്പോഴും ഉള്ളിന്റെയുള്ളിൽ നിന്നുവരുന്ന വല്ലാത്തൊരു നൊസ്റ്റാൾജിയ യാത്രയുടെ ബോണസാണ്. 

ബാച്‌ലർ ആയിരുന്നപ്പോൾ തമിഴ്നാട് സർക്കാരിന്റെ  ലോക്കൽബസ്സിൽ കയറി സേലത്തിറങ്ങി, അവിടുന്ന് കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിങ്ങനെ പല ബസ്സുകൾ മാറിക്കയറിയൊക്കെ വീട്ടിൽ പോകാറുണ്ട്. ആ യാത്രകൾ ബഹുരസമായിരുന്നു. ബസ്സിൽ രണ്ടുവശത്തും ടീവിയൊക്കെ വെച്ച് സത്യരാജിന്റെയും, വിജയകാന്തിന്റെയുമെല്ലാം പഴയ സിനിമകൾ ഫുൾ ശബ്ദത്തിൽവെച്ച് ഒരു കാരണവശാലും നമ്മളെ ഉറങ്ങാൻ സമ്മതിക്കാതെ അങ്ങെത്തിക്കും. 

ഇപ്പോഴും കാറിലും, ട്രെയിനിലും പോകാൻപറ്റാത്ത അപൂർവ്വം അവസരങ്ങളിൽ സ്ലീപ്പർ ബസ്സുകളെ ആശ്രയിക്കാറുണ്ട്. സ്ലീപ്പറിലെ യാത്ര- പ്രത്യേകിച്ചും അപ്പർ ബർത്താണെങ്കിൽ - എനിക്ക് വല്ലാത്ത വെല്ലുവിളിയാണ്. സീറ്റിൽ ചാരിയിരുന്നു ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നാൽ കുറച്ചുകഴിയുമ്പോൾ എന്തൊക്കെയോ ഒരസ്വസ്ഥതതോന്നും. കൂടുതൽ ആലോചിച്ച് ബസ്സിൽ 'വാൾ'പ്രയോഗം നടത്തേണ്ടല്ലോ എന്നുകരുതി വേഗം കിടക്കും. 

കിടന്നുകഴിഞ്ഞാലാണ് കൂടുതൽ രസം. ബസ് വളയുമ്പോഴും, തിരിയുമ്പോഴുമെല്ലാം ഞാനിപ്പോൾ ഉരുണ്ടു താഴെവീഴുമോ എന്ന സംശയമായിരിക്കും മനസ്സുമുഴുവൻ. സൈഡിലെ കമ്പിയിൽ തട്ടി തടഞ്ഞുനിന്നോളും എന്ന് ബുദ്ധി ഉപദേശിക്കുമ്പോൾ സമാധാനമാകും. കൂടുതൽ ചിന്തിച്ചു മെനക്കെടേണ്ട എന്നുകരുതി കുറച്ചുനേരത്തെ പരിശ്രമത്തിനുശേഷം ഒന്നുറങ്ങും. 

ഉറക്കംപിടിച്ചാൽ, ബസ്സിലെ ഒരു സാദാ യാത്രക്കാരൻ എന്ന ലെവലിൽനിന്ന് തലച്ചോർ എന്നെ വേറെ എവിടെയൊക്കെയോ എത്തിക്കും. കൊക്കകളോട് ചേരുന്ന വീതിയില്ലാത്ത കൊടുംവളവുകളിൽ വീശിയൊടിച്ചുപോകുന്ന ജീപ്പുകളിലോ, വില്ലൻവെച്ച ബോംബ് പൊട്ടാതിരിക്കാൻ നായകൻ അതിവേഗതയിലോടിക്കുന്ന 'സ്‌പീഡ്‌' സിനിമയിലെ ബസ്സിന്റെ ഉള്ളിലോ, റേസിംഗ് ട്രാക്കുകളിൽ ഷുമാക്കറും, ഹാമിൽട്ടണുമോടിക്കുന്ന കാറുകളിലെ സഹയാത്രികനായോ ഒക്കെ എന്നെയങ്ങു പ്രതിഷ്ഠിക്കും. പിന്നെ ഈ അപകടങ്ങളെയെല്ലാം 'താമരശ്ശേരി ചുരമിറങ്ങി വരുമ്പോളുണ്ടല്ലോ എന്റെ മുത്തശ്ശീ...' മോഡലിൽ തരണംചെയ്തു ഞെട്ടിയെഴുന്നേൽക്കും. ഉണർന്നുകഴിഞ്ഞാൽ ശേ ഞാൻ അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലായിരുന്നു എന്നൊരു കുറ്റബോധമാണ് കുറെനേരത്തേക്ക്. 

ഈ വെല്ലുവിളികളെല്ലാം മറികടന്നു വീണ്ടും ഒരുവിധത്തിൽ ഉറക്കംപിടിക്കുമ്പോഴാകും ക്ലീനറുടെ "സാർ ടീ, കോഫി, വാഷ്‌റൂം..." എന്ന അനൗൺസ്‌മെന്റ്. വഴിയിൽവെച്ച് ശങ്കയൊന്നും തോന്നാതിരിക്കാൻ ദാഹിച്ചാൽപ്പോലും വെള്ളംകുടിക്കാതെയാണ് യാത്രയെങ്കിലും, വാഷ്‌റൂം എന്ന് കേൾക്കുമ്പോൾ മനസ്സ്  ഒന്നവിടംവരെ പോയിവരൂ എന്ന് നിർബന്ധിക്കും. അതോടെ ഉറക്കത്തിന്റെ കാര്യം ഒരു തീരുമാനമാകും. പലപ്പോഴും അവന്റെ അമ്മയുടെ വീടിന്റെ തൊട്ടടുത്താ എന്റെ വീട്. എന്നിട്ടും അവനെന്തിനാ എന്നെയിങ്ങനെ വിളിച്ചുണർത്തുന്നത്.... എന്ന് മനസ്സിൽപറഞ്ഞുപോകാറുണ്ട്. 

ഉത്സവസമയത്തെ കമ്പനികളുടെ ഫ്രീ ഓഫറുകൾപോലെ ചില യാത്രകളിൽ ഫ്രീയായി കിട്ടുന്ന ഒന്നുണ്ട് - അതാണ് ഭംഗിയായി കൂർക്കം വലിക്കാൻ കഴിയുന്ന ഒരാളെ തൊട്ടടുത്ത ബർത്തിൽ കിട്ടുക എന്നത്. അങ്ങനെയൊരു സൗഭാഗ്യംകൂടി ലഭിച്ചാൽ യാത്ര വളരെയധികം ആവേശകരമാകും. പക്ഷേ ഒരു ഗുണമുണ്ട്; വേണ്ടാത്ത ചിന്തകളിലേക്കു മനസ്സ് കടക്കുമ്പോൾ തൊട്ടടുത്തുള്ള ആ സംഗീതത്തിൽ മനസ്സിനെ കേന്ദ്രീകരിക്കാം. ഹൈ പിച്ചിലും, ലോ പിച്ചിലും അതിനിടയിലുള്ള പലതരം പിച്ചുകളിലും മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം തന്റെ ശ്വാസത്തെ കടത്തിവിട്ട് ഒരു സംഗീതധാര കാതിനോട് ചേർന്നൊഴുകുമ്പോൾ മനസ്സിലുണ്ടാകുന്ന പരമാനന്ദസുഖത്തെ പറവതിലെളുതാമോ... 

ഇതെല്ലാംകഴിഞ്ഞു ഉറക്കംതൂങ്ങുന്ന കണ്ണുകളുമായി വീട്ടിലെത്തുമ്പോൾ രാത്രിമുഴുവൻ ബസ്സിൽ കിടന്നുറങ്ങിയിട്ട് എന്താ ഇത്ര വലിയ ഉറക്കക്ഷീണം എന്ന വീട്ടുകാരുടെ ചോദ്യംകേൾക്കുമ്പോഴാണ് ഞാൻ പൂർണ്ണമായും തകർന്നുപോകുന്നത്. 

ചുരുക്കിപ്പറഞ്ഞാൽ, ഉറങ്ങാതിരിക്കാനായി 'സ്ലീപ്പർ' ബസ്സിൽ ടിക്കറ്റെടുക്കുന്ന അപൂർവ്വം യാത്രക്കാരനായിരിക്കും ഞാൻ എന്നാണ് എന്റെ ഒരു ഇത്..

പക്ഷെ അതിനൊരു മറുവശമുണ്ട്.... 

സ്ലീപ്പറിൽ കയറി ഉറങ്ങാനൊക്കെ എല്ലാവർക്കുംപറ്റും. പക്ഷേ ഉറങ്ങാനുള്ള എല്ലാ സൗകര്യവുമുണ്ടായിട്ടും ഉറങ്ങാതെ പിടിച്ചുനിൽക്കുന്നവനാണ് യഥാർത്ഥ ഹീറോ...

ഷമ്മി ഹീറോയാടാ........ ഹീറോ..


ഹല്ലപിന്നെ !!



















0 Please Share a Your Opinion.: