ബർത്ത്‌ഡേ ഗിഫ്റ്റായും, റിട്ടേൺ ഗിഫ്റ്റായുമെല്ലാം കുട്ടികൾക്ക് മിക്കപ്പോഴും കിട്ടുന്നത് പേന, പെൻസിൽ ഇത്യാദികളാണ്. അതുകൊണ്ടുതന്നെ 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം കൂർത്ത പെൻസിലുകൾ മാത്രം' എന്ന അവസ്ഥയാണ് വീട്ടിൽ. 'കിടക്കയിലാണോടാ പെൻസിലിടുന്നത്? സോഫയിലാണോടാ പെൻസിലിടുന്നത്?' എന്നൊക്കെ ദുർബലമായി ഞാൻ അലറാറുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. ഒരു സെക്കന്റിന്റെ അശ്രദ്ധമൂലം മറവത്തൂർ കനവിലെ ശ്രീനിവാസന്റെ അവസ്ഥയാകേണ്ടല്ലോ എന്നോർത്ത് ഈയിടെയായി ഇരിക്കുന്നതിനും, കിടക്കുന്നതിനും മുൻപ് പരിസരം സുരക്ഷിതമാണെന്ന് ഞാൻ ഉറപ്പുവരുത്താറുണ്ട്.
"നിന്റെയൊക്കെ പ്രായത്തിൽ ഞങ്ങൾക്ക്..." എന്നമട്ടിൽ ഒരുപദേശമൊക്കെ കൊടുക്കാമെന്നാലോചിക്കും. പിന്നെ നമ്മളൊരു പഴഞ്ചനാകേണ്ടല്ലോ എന്നുകരുതി വേണ്ടെന്നുവെക്കും. പക്ഷെ ഇടക്കൊക്കെ ഞാൻ എന്റെ കുട്ടിക്കാലം ആലോചിച്ചുപോകാറുണ്ട്.
നാലാംക്ലാസ്സ് വരെ സ്ലേറ്റ് മാത്രമായിരുന്നു ആശ്രയം. പുതിയ സ്ലേറ്റ് പെൻസിൽ ഗമയിൽ ക്ലാസ്സിലേക്ക് കൊണ്ടുപോകുമെങ്കിലും വൈകിട്ട് വരുമ്പോളേക്കും അത് രണ്ടോ മൂന്നോ കഷണങ്ങളായിട്ടുണ്ടാകും. പിന്നീട് കൈയിൽ പിടിക്കാൻ പറ്റാത്തത്രയും ചെറുതാകുംവരെ അതുവെച്ചാണ് എഴുത്തുമുഴുവനും. അതിനിടയിൽ എപ്പോഴോ ചോക്ക് പെൻസിൽ രംഗപ്രവേശം ചെയ്തു. അത് കയ്യിലുള്ളവനായിരുന്നു അക്കാലത്ത് ക്ലാസ്സിലെ ഹീറോ. തീർന്നുപോയാൽ പുതിയത് കിട്ടാനെളുപ്പമല്ലാത്തതുകൊണ്ട് ഒന്നുരണ്ടു ചോക്ക് പെൻസിലുകൾ ഒരിക്കൽപ്പോലുമെഴുതാതെ ഞാൻ ബോക്സിൽത്തന്നെ സൂക്ഷിച്ചുവെക്കാറുണ്ട്.
അഞ്ചാംക്ലാസ്സിലാണ് ആദ്യമായി നടരാജിന്റെയോ, ക്യാമലിന്റെയോ മറ്റോ ഒരു 'ബ്രാൻഡഡ്' പെൻസിലും, വേണമെങ്കിൽ പട്ടിയെ എറിയാൻ ഉപയോഗിക്കാവുന്നത്രയും കട്ടിയുള്ള റബ്ബറും സ്വന്തമാകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ പെൻസിലിന്റെ തലയിലും ഒരു കുഞ്ഞു റബ്ബർ ഫിറ്റ് ചെയ്തിട്ടുണ്ടാകും. ക്ലാസ്സിലെ ചില വിരുതന്മാർ ബോറടി മാറ്റാൻ അതിനെ അത്യാവശ്യം സ്നാക്ക്‌സ് പോലെ കടിച്ചുതിന്നാറുമുണ്ട്.
ഒരു വിരലിന്റെപോലും നീളമില്ലാത്ത അവസ്ഥ എത്തിയാലേ പുതിയൊരു പെൻസിൽ വാങ്ങുന്നതിനെപ്പറ്റി ആലോചിക്കാൻപോലും പറ്റൂ എന്നതുകൊണ്ട് പെൻസിൽ ഒരു നിധിപോലെയാണ് എപ്പോഴും കൊണ്ടുനടക്കാറുള്ളത്.
ആ സമയത്താണ് കൂട്ടുകാരന്റെ അച്ഛൻ ഗൾഫിൽനിന്നു അവനൊരു വെളുത്തനിറമുള്ള, മൃദുവായ റബ്ബർ കൊണ്ടുകൊടുത്തത്. പിറ്റേദിവസംമുതൽ ക്ലാസ്സിൽ എല്ലാവർക്കും അവന്റെ റബ്ബർ കടംവാങ്ങലായി പരിപാടി. അങ്ങനെ ഒരാഴ്ചകൊണ്ട് ആ റബ്ബർ മുഴുവൻ മായ്ച്ചുതീർത്ത് കട്ടിയുള്ള റബ്ബറിന്റെ 'സമത്വം' ഞങ്ങൾ പുനഃസ്ഥാപിച്ചു.
പിന്നെയും മുതിർന്ന ക്ലാസ്സിലെത്തിയപ്പോഴാണ് പേന ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചത്. പച്ചയും, നീലയും, ചുവപ്പുമടക്കമുള്ള കടുംനിറവും, മഞ്ഞനിറത്തിലുള്ള ഞെക്കുന്ന സ്വിച്ചും ചേർന്ന Stic Eazy ആയിരുന്നു ആദ്യത്തെ പേന. റീഫിൽ തീരാറാകുമ്പോളേക്കും മഷിയുടെ കട്ടികൂടിവരുന്ന ആ പേനയിൽനിന്ന് പതുക്കെ ഞാൻ Reynolds-ന്റെ ലോകത്തേക്ക് മാറി. എത്രയെഴുതിയാലും ഒരു പരിധിയിൽകൂടുതൽ തെളിച്ചം വരാത്ത 045, നല്ല തെളിച്ചമുള്ള 040 അങ്ങനെ രണ്ടു മോഡലുകളാണ് ഒരുപാടുകാലം എന്റെ സന്തതസഹചാരികളായിരുന്നത്.
പിന്നീടെപ്പോഴോ 'ലിഖ്തേ ലിഖ്തേ ലവ് ഹോ ജായെ' എന്നുപറഞ്ഞുകൊണ്ടു രവീണ ടാണ്ടൻ വന്നു. എന്നാപ്പിന്നെ കുറച്ചു ലവ് ആയിക്കോട്ടെ എന്നുകരുതി 'Rotomac'-ലേക്ക് ചാടി. കൈയക്ഷരം നന്നാകാൻ മഷിപ്പേന അത്യുത്തമം എന്ന ഉപദേശം സ്വീകരിച്ച് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല ശശിയെ...എന്നുപറഞ്ഞ് ബാൾപേനകളോട് വിടചൊല്ലി, സ്വർണ്ണനിറത്തിലുള്ള നിബ്ബുള്ള ഒരു മഷിപ്പേനയെ സ്വന്തമാക്കി.
Brilliant എന്ന വാക്കിനെ ഒളിപ്പിച്ചുവെച്ച Bril എന്ന പേരിലും, Chellaram കുടുംബവും Parker കമ്പനിയും ചേർന്നുനിർമ്മിച്ച Chelpark എന്ന പേരിലുമുള്ള രണ്ടു മഷിക്കുപ്പികളായിരുന്നു ഈ പേനകൾക്കാവശ്യമായ ഇന്ധനം നൽകിയിരുന്നത്. സ്റ്റൈലിൽ പോക്കറ്റിൽ കുത്തിക്കൊണ്ടുപോകുകയും, എന്നാൽ സ്കൂളെത്തുംമുൻപേ ഷർട്ടിലാകെ മഷിപടർന്നു നാണക്കേടാകുകയും ചെയ്തുതുടങ്ങിയതോടെ ആ പേന ഞാനുപേക്ഷിച്ചു. അപ്പോഴേക്കും നനുത്ത ശരീരമുള്ള സുന്ദരിയായ ഹീറോ പേന എന്റെ മനം കവർന്നിരുന്നു എന്നതും സത്യം.
പിന്നീടൊരുപാടുകാലം ഹീറോ പേനയായിരുന്നു എന്റെ ജീവിതത്തിലെ ഹീറോ. ഒരു ഹീറോ പേനയുമായി പ്രണയത്തിലായാൽ പിന്നീടൊരിക്കലും അതിൽനിന്നൊരു മോചനമില്ല എന്ന യാഥാർത്ഥ്യത്തെ അക്കാലത്താണ് ഞാൻ തിരിച്ചറിഞ്ഞത്. ഒരിക്കൽപ്പോലും ഷർട്ടിൽ ഒരു തുള്ളി മഷിക്കറ പുരളാതെ അഭിമാനത്തോടെ ഒരുപാടുകാലം പോക്കറ്റിൽ കുത്തിക്കൊണ്ടുനടന്നിരുന്നു. മഷിക്കു പകരം ഉജാല നിറച്ചും, മഷിയും, ഉജാലയും പല അളവിൽ ചേർത്ത് പുതിയ നിറക്കൂട്ടുകളുണ്ടാക്കിയും വർണ്ണാഭമായ ഒരുകാലത്തെ മനസ്സിന്റെ ക്യാൻവാസിൽ എഴുതിച്ചേർത്തു.
എഴുത്തിന്റെ പാതിവഴികളിലെവിടെയോ ഒരു പേനത്തുമ്പിൽനിന്നും മറ്റൊരു പേനത്തുമ്പിലേക്ക് പകർന്നുനൽകിയ മഷിത്തുള്ളികളുടെ ഇനിയും വീട്ടിയിട്ടില്ലാത്ത കടങ്ങൾ ബാക്കിയുള്ളവരായിരിക്കും നമ്മളിൽ പലരും. സ്നേഹവും, സൗഹൃദവുംനിറഞ്ഞ അത്തരം കൊടുക്കൽ വാങ്ങലുകൾ വിദൂരതകളിലെവിടെയോ കണ്ടൊരു സ്വപ്നംപോലെയാണ് ഇപ്പോൾ തോന്നാറുള്ളത്.
പിന്നീട് കാലം അതിവേഗമോടി. പഠനമെല്ലാംകഴിഞ്ഞു ജോലിയിലേക്കു പ്രവേശിച്ചതോടെ കീബോർഡിന്റെ താളത്തിൽ കമ്പ്യൂട്ടറിന്റെ ഹൃദയത്തിലേക്കായി എഴുത്തുകൾ മുഴുവൻ. അതോടെ പേന എന്നത് അത്യാവശ്യമില്ലാത്ത ഒരു വസ്തുവായി.
പക്ഷേ എന്റെ ഷെൽഫിൽ ഇപ്പോഴുമുണ്ട് മഷിവറ്റിയതും, എഴുത്തുനിലച്ചതുമായ ഒരുപാട് പേനകൾ...
ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾപോലെ......
****************************************************
എന്തും ആവശ്യത്തിലധികമായിക്കിട്ടുന്ന ഇക്കാലത്ത്, ഇത്തരം സെന്റിമെന്റ്സ് പുതുതലമുറയ്ക്ക് ചിരിക്കാനുള്ള വക മാത്രമാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷേ കടലാസിൽ നിബ്ബ് ഉരയുന്നതിന്റെ പരുത്ത ശബ്ദം ആസ്വദിച്ചിരുന്ന, ഡെസ്കിൽ വീണ ഒരുതുള്ളി മഷിയെ പേനയുടെ നിബ്ബ് വലിച്ചെടുക്കുന്നത് കൗതുകത്തോടെ നോക്കിനിന്നിരുന്ന, മഷിതീർന്നുപോയ പേനയിലേക്ക് സൗഹൃദത്തോടെ ഇറ്റിച്ചുതന്ന ഒരു തുള്ളിമഷിയിൽ പരീക്ഷയുടെ അവസാനചോദ്യത്തിന്റെ ഉത്തരമെഴുതിത്തീർത്ത ഒരുകാലം മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചുകിടപ്പുണ്ട്.....
ഒരു കവിതയിലെ വരികളാണ് ഓർമ്മവരുന്നത്
അക്കാലമാണു ഞാനുണ്ടായിരുന്നതെ-
ന്നിക്കാലമത്രേ തിരിച്ചറിയൂ…
നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…
അല്ലെങ്കിലും ഓർമ്മകളാണല്ലോ നമ്മളെ നമ്മളാക്കുന്നത് അല്ലേ...?
0 Please Share a Your Opinion.: