Sunday 31 December 2017

പ്രിയസുഹൃത്ത് 2017 വായിച്ചറിയാൻ...


പ്രിയ കൂട്ടുകാരാ,
                       ഏതാനും മണിക്കൂറുകൾക്കുള്ളിൽ നീയെന്നോട് വിടപറഞ്ഞ് വിസ്‌മൃതിയുടെ കൂടാരത്തിലെ കൊച്ചുമുറിയിൽ അനിവാര്യമായ മയക്കത്തിലേക്ക് പോകുമല്ലോ. അതിനുമുമ്പായി നാമൊരുമിച്ച് ചിലവഴിച്ച ചുരുക്കം ചില നിമിഷങ്ങളെ ഒന്നോർത്തെടുക്കാൻ ശ്രമിക്കട്ടെ! ഓർമ്മകൾ കടലുപോലെയാണല്ലോ; എവിടെത്തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയില്ല. മനഃപൂർവ്വമല്ലാതെ എന്തെങ്കിലും ഞാൻ വിട്ടുപോയാൽ നീ സാദരം ക്ഷമിക്കുമല്ലോ!

പുതുവത്സരാഘോഷങ്ങളുടെ ചൂടാറുംമുമ്പ് രണ്ടു ദശാബ്ദങ്ങളിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയോടെ കാശ്മീരിലും, മകരസംക്രാന്തിക്കിടയിലെ ബോട്ടപകടമായി ഗംഗാനദിയിലും ഒരുപാടുപേരുടെ മരണമെന്ന വാർത്ത എന്തിനാണ് ഈ വർഷത്തിന്റെ തുടക്കം തന്നെ നീ തന്നത്? അല്ലെങ്കിലും  ഭൂമിയിലെ സ്വർഗ്ഗത്തിൽ കുറേനാളുകളായി അശാന്തി മാത്രമാണ് വിളയുന്നത്. കൂടെ നടക്കുന്നവൻപോലും തന്റെ ശത്രുവാണെന്നും നാളെയൊരിക്കൽ അവന്റെ നിറതോക്ക് നീളാൻപോകുന്നത് തന്റെ നെഞ്ചിനുനേരെയാണെന്നും വിശ്വസിക്കേണ്ട ഗതികേടിൽപെട്ടുപോയി അവിടത്തെ ജനത. ഒരു വരക്കിരുപുറം നിന്നുകൊണ്ട് ഒരമ്മപെറ്റമക്കൾ മരണത്തിന്റെ കണക്കുപുസ്തകത്തിൽ പുതിയപേരുകൾഎഴുതിച്ചേർക്കുന്നു. മനുഷ്യത്വത്തിന്റെ കണ്ണുകൾമൂടുന്ന ചോരയുടെ കട്ടപിടിച്ച ഇരുട്ടിനുമപ്പുറം ആയുധവ്യാപാരത്തിന്റെ കഴുകൻകണ്ണുകൾ 'ആന്ദ്രേ കലാഷ്നിക്കോവിന്' സ്തുതിപാടുന്നു. നീ വിടപറഞ്ഞകലുമ്പോൾ ഞാനിവിടെ ഒരു മൂലയിൽ ഭയപ്പാടോടെ നിൽക്കുകയാണ് സുഹൃത്തേ...ഡോക്‌ലയിലും, കാശ്മീരിലും തുടങ്ങി ഉത്തരകൊറിയവരെ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത് ഇനിയും പെയ്തുതോർന്നിട്ടില്ല. ഓരോ യുദ്ധത്തിലും മരിച്ചുവീണത് ഏതോ ഒരമ്മ തേനും വയമ്പും കൊടുത്ത്, നെയ്യൊഴിച്ച് ചോറുകൊടുത്ത്, താരാട്ടുപാടി ഉറക്കിയ മക്കളല്ലേ? ഇനിയൊരു യുദ്ധമുണ്ടായാൽ 'അറേബ്യയിലെ എല്ലാ സുഗന്ധ'വും പോരാതെവരും ആ ചോരമണം മായാൻ. 

പ്രതീക്ഷ കൈവിടരുത് എന്നോർമിപ്പിച്ചാണ് പ്രിയകൂട്ടുകാരാ നീ കടന്നുപോകുന്നത്. ഏതാനും നാളുകൾമുമ്പ് നമ്മുടെയും അയൽക്കാരുടെയും സൈന്യങ്ങൾ മുഖാമുഖം നിന്നപ്പോൾ, മിടിപ്പുനിർത്താൻ മടിച്ച ഏതാനും ഹൃദയങ്ങൾ കനിവിന്റെ ഇത്തിരിവെളിച്ചത്തിനായി കൈനീട്ടി. അതിർത്തിക്കിപ്പുറെനിന്ന് നമ്മുടെ ദേശം ആ വിളികേട്ടു; ആ കുഞ്ഞുഹൃദയങ്ങൾക്കായി മാറുചുരന്നു. 'മെഡിക്കൽവിസ' എന്ന മേഘസന്ദേശത്തിന്റെ പിൻബലത്തിൽ അതിർത്തിക്കിപ്പുറം വന്നവരുടെ താളംതെറ്റിയ ആ മിടിപ്പുകൾ ചരകന്റെയും ശുശ്രുതന്റെയും പിന്മുറക്കാർ ഒരു ബീഥോവൻ സിംഫണിയായി മാറ്റി. ഇപ്പോൾ അവരുടെ ഹൃദയങ്ങൾ നമുക്കായിക്കൂടെയാകും മിടിക്കുന്നത്! അല്ലെങ്കിലും സ്നേഹത്തിന്റെ ചൂടിൽ വെണ്ണപോലുരുകിയ ചരിത്രമേ ഇന്നുവരെ മനുഷ്യൻ തീർത്ത അതിർവരമ്പുകൾക്കുള്ളൂ! രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങൾക്കുമപ്പുറം ഒരു ജനതക്ക് ഒരു ഭരണാധികാരിയെ സ്നേഹിക്കാൻ കഴിയുമെന്ന് 'സൂഷമ സ്വരാജ്' എന്ന പേര് പലവട്ടം ഓർമിപ്പിച്ചു. അമ്മയുടെ വാത്സല്യത്തെ ദൗർബല്യമായി കരുതിയവർ  ഐക്യരാഷ്ട്രസഭയിൽ 'ഈനാം ഗംഭീർ' എന്ന സിംഹിണിയുടെ ഗർജ്ജനം കേട്ട് നടുങ്ങിയതും നീ ഞങ്ങൾക്ക് കാണിച്ചുതന്നു.

രസം രസകരം ...
'എന്റെ മകനെ ഞാൻ സ്നേഹിച്ചിരുന്നു - അവൻ കണ്ണുതുറന്ന നിമിഷം മുതൽ നീ അതടച്ച നിമിഷം വരെ' (I loved my boy from the moment he opened his eyes till the moment you closed them), 'യുദ്ധമെന്നാൽ ചെറുപ്പക്കാർ മരിക്കുന്നതും വൃദ്ധർ സംസാരിക്കുന്നതു'മാണ് (War is young men dying and old men talking) എന്ന വാചകങ്ങളിലൂടെയെല്ലാം നമ്മെ ഒരുപാട് കാലം രസിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത അഭ്രപാളിയിലെ വിസ്മയമായിരുന്നു 'ട്രോയ്' എന്ന ചലച്ചിത്രം. എന്നാൽ തലപ്പൊക്കമൊട്ടും കുറയാതെ, അമരേന്ദ്രനും മഹേന്ദ്രനുമായി ബാഹുബലി എന്ന പോരാളി ആ ശ്രേണിയിലേക്ക് നിന്റെ കൈപിടിച്ച് എത്രവേഗമാണ് ഓടിക്കയറിയത്. അപ്പൻ കട്ടോണ്ടുപോയ 'ജിമിക്കികമ്മൽ' കടലേഴുംകടന്നു തരംഗമായി. കലിപ്പടക്കി കപ്പടിക്കാൻ നമ്മുടെ ചുണക്കുട്ടികൾ ഇപ്പോളും മൈതാനത്തുണ്ട്. അടിയോടടി പൊടിപൂരമായി രോഹിത് ശർമയും, വിജയങ്ങളോടെ 'വിരാട്'പുരുഷനും ഞങ്ങളെ ത്രസിപ്പിച്ചു. ഏട്ടനാണെങ്കിലോ മീശയെല്ലാം കളഞ്ഞു ഒടിയന്റെ മായക്കളികൾക്ക് ഞങ്ങളെ ക്ഷണിച്ചു.

പക്ഷേ ലണ്ടനിലെ ലോക പാരാഅത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ സുന്ദർസിംഗ് ഗുർജാർ എന്ന പോരാളിയുടെ പുഞ്ചിരിയോളം സുന്ദരമായിരുന്നില്ല ഈ കാഴ്ചകളൊന്നുംതന്നെ.

രാഷ്ട്രീയം  മഹാശ്ചര്യം...
നോട്ട്നിരോധനത്തിൽ കാലിടറുമെന്ന് കരുതിയവർക്കിടയിലേക്ക് ഉത്തർപ്രദേശിനെ തൂത്തുവാരി ബഹുദൂരം മുന്നേറിയ വർഷാദ്യത്തിൽ നിന്ന്, മോടി കാര്യമായി കുറയാത്തൊരു ജയത്തോടെ ഒരാൾ ഗുജറാത്തിലും  പിടിച്ചുനിൽക്കുന്നതാണ് നീ വിടപറയുമ്പോൾ കാണുന്നത്. പക്ഷേ ഇതുവരെകണ്ടതൊന്നുമല്ല യഥാർത്ഥ കളിയെന്ന് കാണിച്ചുകൊടുക്കാൻ മഹാറാണിയിൽനിന്ന്  മുത്തശ്ശിപ്പാർട്ടിയുടെ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി യുവരാജനും ഒരുങ്ങിക്കഴിഞ്ഞു.

കേരളത്തിലേക്ക് നോക്കിയാൽ, എല്ലാമൊന്നും ശരിയാക്കിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ ശരിയാക്കാൻ നോക്കുന്നു പടനായകൻ - ഇടയ്ക്കു ചില വിക്കറ്റുകൾ തെറിച്ചെങ്കിലും. കാവിയും ചുകപ്പും കൊടികൾ പിടിച്ചവരുടെ അനുയായികൾ രക്തസാക്ഷികളുടെ സ്കോർബോർഡിൽ  സമനില പാലിച്ചു. ഇതിനിടയിൽ 2G എന്നൊരു സംഭവം അനിക്സ്പ്രേയുടെ പരസ്യംപോലെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ'  എന്നപോൽപോയി . അയല്പക്കത്താണെങ്കിലോ അമ്മയുടെ ഓർമ്മകളിൽനിന്ന് R K നഗറിൽ ഒരു ദിനകരോദയം! ഉലകനായകനും, സ്റ്റൈൽമന്നനും കൂടി കളത്തിലിറങ്ങിയാൽ ബലേഭേഷ്!

ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്തെ 'രണ്ടില' ഇളംകാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ഇപ്പോളും ആടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണല്ലോ   എന്റെ സുഹൃത്തേ പോകുമ്പോളും നീ ബാക്കിവെക്കുന്നത്!

വാക്കുകൾ...വാക്കുകൾ 
തടിച്ച നിഘണ്ടുകളിൽ പഠിച്ച വാക്കുകളെയെല്ലാം തോൽപ്പിച്ച് 'യുവഭൂകമ്പം (youthquake)' 2017ന്റെ വാക്കായി. പക്ഷെ ഇതിനെപ്പറ്റി ആരെങ്കിലും കൂടുതലെന്തെങ്കിലും ചോദിച്ചാൽ ഞങ്ങൾ മലയാളികൾ പറയും OMKV. ഇത്രയുമാളുകൾക്ക് ഓടാൻപാകത്തിൽ കണ്ടം നമ്മുടെ നാട്ടിലിനി ബാക്കിയുണ്ടോ ആവോ? ഇതുകേട്ട് മടുത്തിട്ടാണോ എന്തോ; വെടിയുണ്ടകണക്കെ ഓടി നമ്മളെ വിസ്മയിപ്പിച്ച ഉസൈൻബോൾട്ട് എന്നൊരാൾ ഓട്ടം നിർത്തിയേക്കാം എന്ന് തീരുമാനിച്ചു.

കണ്ണീരോർമ്മകൾ..... 
നിന്റെ മുൻഗാമി 'സുനാമി' എന്ന ഓമനപ്പേരിൽ ഒരു ക്രിസ്മസിന് വിളിക്കാതെ കയറിവന്നു. നീയാണെങ്കിലോ 'ഓഖി' എന്ന പേരിൽ മറക്കാനാകാത്ത ഒരുപാടു മുറിവുകൾ സമ്മാനിച്ച് മടങ്ങാൻ തിരക്കുകൂട്ടുന്നു. എന്തിനായിരുന്നു ഒരുപാട് കുടുംബങ്ങളുടെ ചുമരുകളിൽ കണ്ണീരോർമ്മകൾകൊണ്ടണിയിച്ച ഹാരവും പേറിയ ചിത്രങ്ങളെ പ്രതിഷ്ഠിക്കാൻ നീ ഇടവരുത്തിയത്? നിനക്കറിയാമല്ലോ എപ്പോഴും പേരുകൾ മാത്രമേ മായുന്നുള്ളൂ.. ഓർമ്മകൾ മായുന്നേയില്ല.

ബാക്കിയാകുന്ന ആകാംഷകൾ.... 
ഒരാൺകുട്ടിയും പെൺകുട്ടിയും അഭിനന്ദനസൂചകമായി പരസ്പരം ആശ്ലേഷിച്ചതിന് അച്ചടക്കനടപടി നേരിട്ടുവെന്ന വാർത്ത നടുക്കത്തോടെയാണ് കേട്ടത്. നമ്മൾ ഇതേതു യുഗത്തിലേക്കാണ് പോകുന്നത്? അഭിനന്ദനത്തെ ആശ്ലേഷംകൊണ്ട് രേഖപ്പെടുത്തുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. കുറച്ചുകാലം മുൻപേ ജനിച്ചത് ഭാഗ്യമായെന്ന് തോന്നിപ്പോകുന്നു. അല്ലെങ്കിൽ എന്റെ കൊച്ചുസന്തോഷങ്ങളിൽ പങ്കുചേരുകയും, പെണ്ണുടലിന്റെ അപരിചിതത്വമേതുമില്ലാതെ, സൗഹൃദമെന്ന ഊഷ്മളതയുടെ കംബളമണിഞ്ഞ് എന്തിനുമേതിനും കൂടെനിന്ന പെൺസുഹൃത്തുക്കളേ - നിങ്ങളെ ഞാനൊരിക്കലും ഓർത്തുവെക്കുകപോലുമില്ലായിരുന്നു!  

മെർസലും, എസ് ദുർഗയും മുതൽ പദ്മാവതിവരെ കത്രികക്കിരയായി. തന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻതുമ്പത്ത് അവസാനിക്കുന്നു എന്ന് കലാകാരന്മാരെയും, വെട്ടിയെറിയാവുന്നതല്ല അഭിപ്രായങ്ങളെന്നു ദന്തഗോപുരവാസികളെയും മനസ്സിലാക്കിക്കുന്നതിൽ  സുഹൃത്തേ നീ പരാജയപ്പെട്ടു.  കത്രികപ്രയോഗം മുന്നിൽനിന്ന് നയിച്ചൊരാൾ സ്ഥാനമൊഴിഞ്ഞതിനുശേഷം, ഭാരതസംസ്കാരം ഉച്ചൈസ്തരം വിളംബരംചെയ്യുന്നൊരു ചലച്ചിത്രത്തിലൂടെ, ആദർശമെന്നത്  സൗകര്യംപോലെ എടുത്തണിയാനും ഊരിമാറ്റാനുമുള്ള ഒരു മേൽവസ്ത്രമാണെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു.

 ബ്ലോഗറുടെ സന്തോഷങ്ങൾ.. 
കാറ്റോ വെളിച്ചമോ കടക്കാതെ കിടന്നിരുന്ന 'വഴിയോരക്കാഴ്ചകൾ' എന്നൊരു ബ്ലോഗുണ്ടായിരുന്നു. വെറുംവെറുതെ എഴുതുന്ന പ്രജിത്തെന്ന കൂട്ടുകാരൻ തന്ന ബലത്തിൽ പിന്നെയും എന്തൊക്കെയോ ഞാൻ കുത്തിക്കുറിക്കാൻ ശ്രമിച്ചു. വിടപറയുംമുൻപേ നീയെനിക്കു തന്ന ഏറ്റവുംനല്ല സമ്മാനം ഇതിലെ പോസ്റ്റുകൾ ബ്ലോഗ്‌ലോകത്ത് പയറ്റിത്തെളിഞ്ഞ രണ്ടുപേർ വായിച്ചുവെന്നതാണ് - 'കോളാമ്പി'യുടെ  കഥാകാരൻ ശ്രീ. സുധി അറയ്ക്കലും, ഒരേയൊരു ശിവനന്ദ ചേച്ചിയും. ഈ പൊട്ടക്കുറിപ്പുകൾ ക്ഷമയോടെ വായിച്ച് നല്ലവാക്കുകൾ കോരിയിട്ടു സുധി; ശിവച്ചേച്ചിയോ കമന്റുകളിൽ കവിതയുടെ മായികവശ്യത നിറച്ചു. ജീവനും ശ്വാസവും എഴുത്ത് തന്നെയായ ഇവരെപ്പോലുള്ളവരുടെ വാക്കുകൾ പിച്ചവെച്ചുനടക്കാൻ പഠിക്കുന്നവന് നൽകുന്ന ആത്മവിശ്വാസം പറവതിലെളുതല്ല നിശ്ചയം!

ആകെ ഒരു പേടിയേ ശേഷിക്കുന്നുള്ളൂ - ഇനി 'അറക്കൽ ബീവി' ആരാണെന്നു ആരെങ്കിലും എന്നോട് ചോദിച്ചാൽ അറിയാതെ 'അത് മ്മ്‌ടെ സുധീടെ കെട്ട്യോളായിരിക്കും' എന്നെങ്ങാൻ പറഞ്ഞുപോകുമോയെന്ന്. ഇനി അങ്ങനെയെങ്ങാൻ സംഭവിച്ചാൽ ഹൃദയകല്ലോലിനി ക്ഷമിക്കുമെന്നു കരുതട്ടെ (എന്താണ് ഹൃദയകല്ലോലിനിക്കിവിടെ കാര്യമെന്ന് സംശയിക്കുന്നവർ നേരിട്ട് കോളാമ്പിയിൽ പോയി സംശയനിവൃത്തി വരുത്താനപേക്ഷ)

ബാക്കിവെച്ച ആ ചോദ്യം.... 
കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നതടക്കം ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നല്കിയിട്ടാണ് നീ വിടപറയുന്നത്. പുതിയ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. പക്ഷെ ഒരേ ഒരുചോദ്യം ഉത്തരംകിട്ടാതെ ഇപ്പോളും ചെവിയിൽ മുഴങ്ങുന്നു. അത് മറ്റൊന്നുമല്ല......

"നീ എന്തിനാടാ ചക്കരേ അച്ചൻപട്ടത്തിന് പോയത്?" 


ഒടുവിൽ വിട.... 
ഇനിയുമൊരുപാട് കാര്യങ്ങൾ നിന്നോട് പറയണമെന്നുണ്ട്. പക്ഷേ ഇതെല്ലാം വായിക്കാൻ നിനക്ക് സമയംതികയുമോ എന്ന് സംശയമുള്ളതുകൊണ്ട് കത്ത് ചുരുക്കുന്നു.

നീയിപ്പോൾ അങ്ങുദൂരെ പടിഞ്ഞാറൻ ചക്രവാളത്തിൽ ദേഹി ദേഹത്തെ വേർപെടുന്നതിനു മുൻപായുള്ള  സമുദ്രസ്നാനത്തിലായിരിക്കും. നന്ദി കൂട്ടുകാരാ, നിറമുള്ള ഒരുപാടോർമ്മകൾക്ക്.

ഇനി നീ സുഖമായുറങ്ങുക.... ശുഭയാത്ര നേരുന്നു.

സസ്നേഹം 
വഴിയോരക്കാഴ്ചകൾ 
(ഒപ്പ്)

Thursday 21 December 2017

പടവലങ്ങയുടേതും ഒരു വളർച്ചയല്ലേ?

പടവലങ്ങയുടേതും ഒരു വളർച്ചയല്ലേ?
കഴിഞ്ഞദിവസം യാദൃശ്ചികമായി കവി ശ്രീ. പാലായെപ്പറ്റി  ഒരു ലേഖനത്തിൽ പരാമർശിച്ചത് വായിക്കാനിടയായി. നാമെല്ലാം അദ്ദേഹത്തെ ഓർക്കുന്നത് പ്രസിദ്ധമായ  'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍' എന്ന വരികളിലൂടെയാണല്ലോ! വരികളുടെ ഇഴനാരിടകീറി അർത്ഥം വ്യാഖാനിക്കാനറിയാത്തൊരാളെന്ന നിലക്ക് അത്തരമൊരു സാഹസത്തിന് മുതിരുന്നില്ല. പക്ഷേ കേരളത്തിൽ ജനിച്ചു വളരുകയും, ഉപജീവനാർത്ഥം അന്യദേശത്തുവന്നിട്ടും ദിവസത്തിൽ പലവട്ടം കേരളത്തിൽ പോയിവരുകയും ചെയ്യുന്ന (മനസ്സിന്റെ യാത്രയാണ് ഉദ്ദേശിച്ചത്)  ഒരാളെന്ന നിലക്ക് കേരളത്തിന്റെ വളർച്ചയെ സ്വന്തം കണ്ണുകൊണ്ട് ഒന്ന് കാണാൻ ശ്രമിക്കുകയാണ്.

ഓർമയുടെ ചിറകിലേറി പിന്നോട്ടുപറക്കാൻ ശ്രമിക്കുമ്പോൾ
തിരശീല നീക്കി വ്യക്തമായ ഫ്രെയിമിൽ എത്തിനോക്കുന്നത് വീടിനോടു ചേർന്നുള്ള പറമ്പുകളിലും, അമ്പലത്തോടു ചേർന്നുമെല്ലാം ഉണ്ടായിരുന്ന വലിയ 'കുള'ങ്ങളാണ്. അവയിലാണ്  ബാല്യത്തിൽ ആശങ്കകളേതുമില്ലാതെ   അവധിക്കാലം മുഴുവൻ തിമിർത്തുകുളിച്ചത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകിയപ്പോൾ കൗതുകത്തോടെ നോക്കിനിന്നതും, കളികളുടെയും, കൊച്ചുകൊച്ചു അടിപിടികളുടെയും ബാക്കിത്തുകകളായ പരുക്കുകൾ മീൻ കൊത്താൻ പാകത്തിൽ കഴുത്തറ്റം വെള്ളത്തിൽനിന്നതും, എത്രയൊക്കെ കള്ളംപറഞ്ഞാലും ചുവന്നുകലങ്ങിയ കണ്ണുകൾ പറഞ്ഞ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ, വാങ്ങിക്കൂട്ടിയ അടികളും, ഇന്നലെയെന്നതുപോലെ ഓർമയിൽ പച്ചപിടിച്ചുകിടക്കുന്നു. കേരളത്തിന്റെ വളർച്ചക്കൊപ്പം ആ കുളങ്ങൾ നികന്നെങ്കിലെന്താ പായലിന്റെ പച്ചപ്പിനു പകരം മനോഹരമായ ടൈൽ വിരിച്ച നീന്തൽക്കുളങ്ങൾ പകരം വന്നല്ലോ! വെളിച്ചെണ്ണയുടെയും സോപ്പിന്റെയും പിന്നെ എന്തെല്ലാമിന്റെയോ ഒക്കെ മണമായിരുന്നു കുളത്തിലെ വെള്ളത്തിന്; ഇപ്പോൾ അതിന് ബദലായി ക്ലോറിൻ സുഗന്ധം മാത്രം പരത്തുന്ന വെള്ളം ടാങ്കറിൽകൊണ്ടു നിറക്കുന്നുണ്ട്.

ഇടക്കിടക്ക് വന്നുപോകുന്ന ജലദോഷമാണ്  വെള്ളത്തിൽക്കളികളുടെ ഓർമ്മകൾ പുതുക്കാറുള്ളത്. അന്ന് അമൃതാഞ്ജന്റെ മണമുള്ള പുട്ടുകുറ്റിയിൽ നിന്നുയരുന്ന ആവിയിൽ  മുഖംചേർത്ത് കരിമ്പടത്തിന്റെ അകമ്പടിയോടെ ഇരുപ്പുറപ്പിച്ചാണ് ഈ അതിഥിയെ വന്നവഴി തിരിച്ചയക്കാറുള്ളത്. ഇപ്പോൾ മൂന്നുമുതൽ അഞ്ചുദിവസംവരെ നീളുന്ന ആന്റിബയോട്ടിക് പ്രയോഗമാണ് പഥ്യം. വെട്ടുമ്പോൾ കടുംവെട്ടുതന്നെ ആകട്ടേന്നുവെച്ചു!

കറ്റമെതിക്കൽ, നെല്ലുണക്കൽ, പുഴുങ്ങൽ, അത് മില്ലിൽ കൊണ്ടുപോയി കുത്തൽ, അരി തരംതിരിച്ച് മരപ്പെട്ടിയിലിട്ടുവെക്കൽ തുടങ്ങി വീട്ടിലുള്ള മുതിർന്നവരുടെ ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങളുടെ ഈ തലമുറ 'റെഡിമെയ്‌ഡ്' അരി എന്ന സൂത്രംകൊണ്ട് ഒഴിവാക്കിക്കൊടുത്തു. വെറുതെ തരിശ്ശിടേണ്ടല്ലോ എന്നുകരുതി ആ പാടത്ത് അപ്പുറത്തെ കുന്നിടിച്ച കുറച്ചു മണ്കുകൊണ്ടിട്ടു നിരപ്പാക്കി, നിരപ്പായ തറക്കൊരു അലങ്കാരമായി ഒരു വലിയ കെട്ടിടവും വെച്ചു. ആ കെട്ടിടത്തിന്റെ താഴെനിലയിലുള്ള മെഡിക്കൽസ്റ്റോറിൽനിന്നാണ് അദ്ധ്വാനമില്ലാതെ 'ഫ്രീ' ആയി ഇരിക്കുന്ന വീട്ടിലെ മുതിർന്നവർക്കുള്ള ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ മരുന്ന് ഞങ്ങൾ വാങ്ങിക്കൊടുക്കാറ്.

ബ്ളാക്ക് ഓക്‌സൈഡ് തേച്ചുമിനുക്കിയ തറയിൽനിന്ന് ഗ്രാനൈറ്റിന്റെ തറയിലേക്കുമാറിയപ്പോൾ ബോണസ്സായി ഒരു കാൽവേദന കൂടെക്കിട്ടി. ചെരുപ്പിടാതെ മണ്ണിൽ ചവിട്ടി കുറച്ചുനടന്നുനോക്കാൻ തല നരച്ചവർ ഉപദേശിച്ചെങ്കിലും, തറയിലും, പ്ലേറ്റിലും മുതൽ മറ്റൊരാൾ ഉപയോഗിച്ച സോപ്പിലുംവരെ ബാക്ടീരിയയുണ്ടെന്ന് ടി.വി.യിൽ നിന്ന് മനസ്സിലാക്കിയതുകൊണ്ട് ഹാൻഡ് വാഷും ലെഗ് വാഷുമെല്ലാം ഇട്ടു കൈകാലുകൾ നന്നായൊന്നുകഴുകി അനങ്ങാതിരുന്നു. ആ വെള്ളം മണ്ണിലൂടെ  ഊർന്നിറങ്ങി അതിലടങ്ങിയിരിക്കുന്നതെല്ലാം നാളെ എന്റെ തീൻമേശയിലെ വിഭവങ്ങളിലൂടെ എനിക്കുതന്നെ തിരിച്ചുകിട്ടും. എൻഡോസൾഫാൻ എന്നുകേട്ടിട്ടു പേടിക്കാത്ത നമ്മളോടാണോ കളി അല്ലേ?

ഈ തലമുറ കിലോമീറ്ററുകൾ നടന്നുകൂട്ടിയ കഥകൾ മക്കളോട് പറയാറില്ല. കാരണം നടക്കാൻ ഞങ്ങൾ മറന്നുപോയിരിക്കുന്നു. 'ഹോം ഡെലിവെറി' തുടങ്ങിയതിൽപ്പിന്നെ കടയിൽപ്പോയി ഭാരം ചുമന്ന് തളരാറില്ല. അടുത്തെവിടെയെങ്കിലും പോകണമെങ്കിലും വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന ഇരുചക്ര/നാലുചക്ര വാഹനത്തിലേക്കാണ് നോട്ടം പോകാറുള്ളത്. അല്ലെങ്കിലും എന്തു ചൂടാണ്? പത്തടി വെക്കുമ്പോളേക്കും തളർന്നുപോകുന്നു. ചൂട് ക്രമാതീതമായി കൂടാൻകാരണം 'ആഗോളതാപന'മാണെന്നും വാഹനപ്പെരുപ്പം അതിനൊരു കാരണമാണെന്നുമൊക്കെ ഇടയ്ക്കു പാത്രത്തിൽ വായിക്കാറുണ്ട്. 'ഹരിതഗൃഹപ്രഭാവം' എന്ന വിഷയമൊക്കെ ഇപ്പോളും കുട്ടികൾ ഇമ്പോസിഷൻ എഴുതാറുണ്ടോ ആവോ! നടത്തം കുറച്ചു കുറവാണെങ്കിലും ഓട്ടത്തിൽ പിന്നോക്കം നിൽക്കാറില്ല - അതു ജിംനേഷ്യത്തിലെ ട്രെഡ്മില്ലിൽ ആയത് ഒരു കുറവായിക്കാണേണ്ട ആവശ്യമുണ്ടോ?

നാട്ടിലെ പലരേയും പരിചയപ്പെട്ടത് ആൽത്തറയിലെ സായാഹ്നചർച്ചകളിലും, യൂത്ത് ക്ലബ്ബിലെ  മത്സരങ്ങൾക്കിടയിലും, അമ്പലത്തിലെ ഉത്സവത്തിനും, അമ്പുപെരുന്നാളിനുമൊക്കെയായിരുന്നു. അങ്ങനെ പരിചയപ്പെട്ടവരിൽ പലരുമാണ് പഞ്ചായത്ത് ലൈബ്രറിയിലെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തുതന്നത്. വിവാഹമോ, മരണമോ  പാലുകാച്ചലോ, പേരിടലോ എന്തുമായിക്കോട്ടെ, കസേര പിടിച്ചിടലും, സദ്യ വിളമ്പലും തുടങ്ങി പന്തൽപൊളിച്ച് വണ്ടിയിൽ കയറ്റുന്നതുവരെയുള്ള ഉത്തരവാദിത്തം നമ്മൾ നാട്ടുകാർക്കാണ് എന്ന് പഠിപ്പിച്ചതും വേറാരുമല്ല. ജോലികഴിഞ്ഞു വൈകിവന്ന സഹോദരിമാരെ ഇരുട്ടത്ത് വീടുവരെ ഒറ്റക്കുപോകാൻവിട്ടിട്ട് എന്തെങ്കിലും അപകടം സംഭവിച്ചാൽ പിന്നെ നാട്ടുകാരെന്നുപറഞ്ഞു ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നോർമ്മിപ്പിച്ചതും അവരിലാരോക്കെയോ ആയിരുന്നു. ഇന്നും സൗഹൃദകൂട്ടായ്മകൾ സജീവമായുണ്ട്, അത്തരം കൂട്ടായ്മകളിൽ ഞങ്ങൾ കാര്യങ്ങൾ 'ഷെയർ' ചെയ്യാറുണ്ട്, ഇഷ്ടപ്പെട്ടാൽ 'ലൈക്ക്' അടിക്കാറുണ്ട്, എല്ലാത്തിനുമുപരി ക്യാമറയുടെ ഒളിച്ചുനോട്ടത്തിൽ കിട്ടിയ സ്വന്തം സഹോദരിയുടെ കുളി മുതൽ മനുഷ്യനെ പച്ചക്കു കത്തിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ 'വൈറൽ' ആക്കാറുമുണ്ട്. എല്ലാത്തിനുംമുമ്പ് ഒരു # കൊണ്ട് മുദ്രണം ചെയ്യുന്നതത്രെ ഇന്നിന്റെ ശരി!

44 നദികൾ നൽകുന്ന ജലസമൃദ്ധിയിൽ അഹങ്കരിച്ചിരുന്ന ഒരു യൗവ്വനകാലം കേരളത്തിനുണ്ടായിരുന്നു. ഇന്ന് കുടിവെള്ളടാങ്കറുകൾ തലങ്ങും വിലങ്ങും പായുന്ന അവസ്ഥയിലേക്ക് നമ്മുടെ നഗരങ്ങൾ മാറിയെങ്കിലും, വെള്ളവുമായി ബന്ധപ്പെട്ട മറ്റൊരു മേഖലയിൽ നമ്മൾ അതിവേഗം വളർന്നുകൊണ്ടേ ഇരിക്കുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ചില പ്രത്യേക വിശേഷാവസരങ്ങളിൽമാത്രം - അതും കുട്ടികൾ കാണാതെ - ചിലപ്പോൾ തലയിൽ മുണ്ടിട്ട്, അല്ലെങ്കിൽ രഹസ്യകേന്ദ്രത്തിൽ ഒത്തുകൂടി മാത്രം കഴിച്ചിരുന്ന ഒന്നായ മദ്യം ഇന്ന് സാമൂഹികമായ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് എല്ലാ ചടങ്ങുകളിലേയും വിശിഷ്ടാതിഥിയായി മാറിക്കഴിഞ്ഞു. മദ്യത്തിന്റെ സാമ്പത്തികശാസ്ത്രം നന്നായറിയുന്ന എല്ലാ സർക്കാരുകളും ഈ അതിഥിക്ക് പട്ടുപരവതാനി വിരിക്കുകയും ചെയ്യുന്നു. സ്കൂളിൽനിന്ന് തുടങ്ങി, ആശുപത്രികിടക്കയിലോ ഡീ-അഡിക്ഷൻ സെന്ററിലോ ആണ് ഈ ശീലം ചെന്നവസാനിക്കുന്നത്. ചിലർ 'അതുക്കും മേലെ' ഒരുനുള്ള് പൊടിയിലോ ഒരു പുകയിലോ ഭ്രാന്തമായ, ചരടുകളില്ലാത്ത ആനന്ദത്തെ പുൽകുന്നു. ഉയരുന്ന ഇത്തരം ആസക്തികളും, കെട്ടുപൊട്ടുന്ന കുടുംബബന്ധങ്ങളും തമ്മിലൊരു ഏണിയും പാമ്പും കളി തുടങ്ങിയിട്ടൊരുപാടുനാളായി. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികമാർ വരെ കാമഭ്രാന്തിനിരയാക്കപ്പെടുന്ന സമൂഹത്തെനോക്കി ഉയരുന്ന  പുകച്ചുരുളുകൾക്കപ്പുറം ഒരുകൂട്ടം ചെറുപ്പക്കാർ ചിരിച്ചുകൊണ്ടേ ഇരിക്കുന്നു. മുൻ തലമുറ അവരെ ഹിപ്പികളെന്നു വിളിച്ചു. ഇന്നിന്റെ വിളിപ്പേര് എന്താണോ എന്തോ?

ജനങ്ങളുടെ പ്രതികരണശേഷി എന്നത് ആരോഗ്യമുള്ളൊരു സമൂഹത്തിന്റെ അളവുകോലാണ്. ഇന്നലെയുടെ പ്രതികരണശേഷി സ്കൂളിൽ നിന്നു മുങ്ങി സിനിമക്കുകയറിയ കുട്ടികളെ തിരിച്ചു ഹെഡ്മാഷുടെ അടുത്തെത്തിച്ചതിലും, കൈക്കൂലി വാങ്ങിച്ച ഓഫീസറെ ചെരുപ്പുമാല അണിയിച്ചതിലും, കുളിക്കടവിൽ ഒളിഞ്ഞുനോക്കിയവനെ കൈകാര്യം ചെയ്തതിലും ഒതുങ്ങിയെങ്കിൽ, ഇന്നിന്റെ യുവത്വം അതിന്റെ പതിന്മടങ്ങു ശേഷിയോടെയാണ് പ്രതികരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്നുപറഞ്ഞ മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് ആക്രമിക്കാനും, പാർവതി-കസബ-ജൂഡ് പോലുള്ള അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടാനും, ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയുമെല്ലാം തിരഞ്ഞെടുപ്പുവിഷയങ്ങളിൽ ആധികാരികതയോടെ പ്രതികരിക്കാനും വേണ്ടി സൈബർലോകം ഒരു പോർമുറിയാക്കി മാറ്റുകയാണ്. അതിരില്ലാത്ത അവകാശങ്ങൾക്കായി നടുറോട്ടിൽ ചുംബനസമരം നടത്തി ഭരണകൂടങ്ങളെ പ്രകമ്പനം കൊള്ളിക്കുവാനും കഴിഞ്ഞു. ഇത്രയും വലിയ വിഷയങ്ങളിൽ ഇടപെടുന്ന തിരക്കിൽ  ജിഷ,സൗമ്യ, നിർഭയ തുടങ്ങിയ മുഖമില്ലാത്ത ചില പേരുകൾ മറന്നുപോകുന്നത് തികച്ചും സ്വാഭാവികം മാത്രം.

അതെ നമ്മൾ വളരുകയാണ്; 'ആറുകളൊഴുക്കു തിരയുകയും, ആവണികൾ കുളിരുതിരയുക'യും ചെയ്യുന്ന ഒരു കറുത്ത കാലത്തിലേക്ക്!  സഹ്യന്റെ ശിഖരം തകർത്തും, ഭൂമിയുടെ മാറുപിളർന്നും, നിളയെ മണലാരണ്യവും, പെരിയാറിനെ കാളിന്ദിയുമാക്കിയും പടവലങ്ങയെപ്പോലെ നേരെ കീഴോട്ട്. ഇരുട്ടിൽനിന്നും കൂരിരുട്ടിലേക്കുള്ള ഈ വളർച്ചയുടെ വേഗം നമ്മളെ ഭ്രാന്തുപിടിപ്പിക്കാതിരിക്കട്ടെ! നാളെയുടെ തലമുറ നമ്മെ ശപിക്കാതിരിക്കട്ടെ.

പിൻകുറിപ്പ്: ബ്ലോഗിന്റെ കാണാമറയത്തിരുന്ന്  ആശങ്കകൾ വെർച്വൽ ലോകത്ത് പങ്കുവെക്കുന്ന ലേഖകനും ഈ പറഞ്ഞ വളർച്ചയുടെ ഉപോല്പന്നംതന്നെ എന്നത് നിഷേധിക്കുന്നില്ല!

Thursday 14 December 2017

ലക്ഷണത്തെ ചികിൽസിച്ചു. പക്ഷേ രോഗം ഇല്ലാതായോ?


ഏകദേശം ഒന്നര വർഷം മുൻപ് ജിഷ എന്ന സഹോദരിയെ മനുഷ്യത്വത്തിന്റെ കണികപോലുമില്ലാതെ പിച്ചിച്ചീന്തിയ അമീറുൽ ഇസ്ലാം എന്ന പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞു; ഇനി ശിക്ഷ വിധിക്കലിന്റെ സാങ്കേതികതകൾ മാത്രം ബാക്കി (മേൽക്കോടതികളിൽ അപ്പീൽ എന്ന പഴുത് ബാക്കിയുണ്ടെന്ന് വിസ്മരിക്കുന്നില്ല). തീർച്ചയായും നല്ല കാര്യം!
പക്ഷേ ഈ സംഭവത്തിൽനിന്ന് ഒരു സമൂഹമെന്ന നിലയിൽ നാമെന്തെങ്കിലും പഠിച്ചോ എന്ന സംശയം ഇനിയും ബാക്കി.  'സഹോദരിക്ക് ഒരു അശ്രുപൂജ' എന്ന കുറിപ്പിൽ മുൻപ് പങ്കുവെച്ച ആശങ്കകളും ആത്മനിന്ദയും ഇപ്പോഴും നിലനിൽക്കുന്നു എന്ന് വേദനയോടെ തിരിച്ചറിയുന്നു.

അതെ....വ്യക്തികൾ മാറുന്നു. വ്യവസ്ഥിതികൾ മാറുന്നതേയില്ല!

Tuesday 12 December 2017

ചില 'സ്വച്ഛ്ഭാരത്' ആശങ്കൾ


അടുത്തിടെ ഒരു ടിവി ചർച്ചയിൽ ഒരു നേതാവ് ആവേശത്തോടെ പറയുന്നതുകണ്ടു 'സ്വച്ഛ്ഭാരത്' പദ്ധതി സമ്പൂർണപരാജയമാണെന്ന്. പദ്ധതി പ്രഖ്യാപിച്ചവരുടെയോ, അതിനെ എതിർക്കുന്നവരുടെയോ  രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യാനല്ല വഴിയോരക്കാഴ്ചകൾ ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത് എന്നാദ്യമേ പറയട്ടെ.  മറിച്ച് ഈ രാജ്യത്തെ ഒരു പൗരൻ എന്ന നിലയിലെ ആശങ്കകൾ പങ്കുവെക്കുകയാണ്.

പൗരബോധമില്ലാത്ത ഒരു ജനതയും, അഴിമതിയിൽ കുളിച്ച ഒരു രാഷ്ട്രീയ/ഉദ്യോഗസ്ഥ സംവിധാനവുമുള്ള ഈ രാജ്യത്ത്, ഒരുപാട് പദ്ധതികളുടെ പരാജയങ്ങൾ നമ്മലെല്ലാവരും കണ്ടുമടുത്തതാണ്. പക്ഷേ വൃത്തിയുള്ള ഭാരതം എന്നത് ഒരു പദ്ധതിക്കപ്പുറം - മത, രാഷ്ട്രീയ, ആശയ ഭിന്നതകൾ മാറ്റിനിർത്തി ചിന്തിച്ചാൽ  - നമ്മുടെയെല്ലാം സ്വപ്നവും, അവകാശവും, പ്രതീക്ഷയുമൊക്കെയല്ലേ? അങ്ങനെയെങ്കിൽ ഈ പദ്ധതി പരാജയപ്പെട്ടു എന്ന് സന്തോഷത്തോടെ ഉദ്‌ഘോഷിക്കുന്നവരുടെയുംകൂടി സ്വപ്നങ്ങളല്ലേ കരിഞ്ഞുപോകുന്നത്? സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കുമപ്പുറം, മൂക്കുപൊത്താതെ നടന്നുപോകാൻ കഴിയാത്ത ഒരു തെരുവുപോലും നമ്മുടെ നഗരങ്ങളിലില്ലെന്നത് ലജ്ജയാൽ താഴ്ന്ന ശിരസ്സുമായേ നമുക്കാലോചിക്കാൻ കഴിയൂ.

എന്തുകൊണ്ടാണ് നമുക്കുമാത്രം ഇത് സാധിക്കാത്തതെന്ന് വഴിയോരക്കാഴ്ചകൾ അല്പം ഉറക്കെ ചിന്തിച്ചുനോക്കി. ആ ചിന്തയുടെ കെട്ടുപൊട്ടിച്ചുകൊണ്ട് അതാ പറന്നുവരുന്നു ഒരു പ്ലാസ്റ്റിക്ബാഗ് - ഒരു ബൈക്ക് യാത്രികൻ നല്ല ഉന്നമെടുത്ത് ഒരു മാലിന്യക്കൂമ്പാരം ലക്ഷ്യമാക്കി ആഞ്ഞെറിഞ്ഞതാണ്. ആ ബാഗ് നിറയെ ഖരവും, ദ്രാവകവും മുതൽ ഇ-മാലിന്യങ്ങൾ വരെ അടങ്ങിയിരിക്കും. കുട്ടിക്കാലത്ത് കേട്ട ഒരു കഥയാണ് ഓർമവന്നത്. ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിമാരെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അതിൻപ്രകാരം എല്ലാ മന്ത്രിമാരോടും, കൊട്ടാരത്തിലെ ഒരു ഇരുട്ടുമുറിയിൽ വെച്ചിരിക്കുന്ന ഒഴിഞ്ഞ ഭരണിയിൽ ഒരു പാത്രം നിറയെ പാൽ കൊണ്ടൊഴിക്കാൻ ആവശ്യപ്പെട്ടു.  'രാജശാസന കല്ലേപ്പിളർക്കും'  എന്നാണല്ലോ ചൊല്ല്! മറിച്ചൊരു വാക്കുപോലും ഉരിയാടാതെ മന്ത്രിമാർ രാജശാസന ശിരസ്സാവഹിച്ചു. തന്റെ ഉത്തരവിന്റെ ഫലപ്രാപ്തി നേരിട്ടറിയാൻ പിറ്റേന്ന് രാവിലെ ഭരണി തുറന്ന രാജാവിന് കാണാൻകഴിഞ്ഞത് വെറും പച്ചവെള്ളം മാത്രം! എന്തായാലും മറ്റെല്ലാവരും പാൽ ഒഴിക്കുമ്പോൾ ഞാനൊരാൾ മാത്രം ഒരു പാത്രം വെള്ളമൊഴിച്ചാൽ രാജാവെങ്ങനെ അറിയാനാ എന്ന് ഓരോ മന്ത്രിയും ചിന്തിച്ചു. ഇതുതന്നെയല്ലേ നമ്മുടെ അടിസ്ഥാനപരമായ പ്രശ്നവും? നാമോരോരുത്തരും ഇതുപോലെ മാലിന്യസംസ്കരണമെന്നത് നമ്മുടെയൊഴിച്ച് ബാക്കിയെല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കരുതുന്നു. മറ്റുള്ളവരുടെ ആ ഉത്തരവാദിത്തത്തിലേക്ക് നമ്മുടെ ഒരു കൂട മാലിന്യംകൂടെ വന്നാൽ എന്തുണ്ടാകാനാ അല്ലെ?

ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും മുതൽ അമ്മയുടെ മുലപ്പാൽവരെ വിഷമയമായ ഈ അവസ്ഥയെ പാടെ വിസ്മരിച്ചുകൊണ്ട് നമ്മൾ മതത്തെയും, രാഷ്ട്രീയത്തെയും, അന്യന്റെ അപഥസഞ്ചാരത്തേയും കുറിച്ചു ചർച്ചചെയ്തു, ഫ്രീ ഡാറ്റാ പാക്കിനുവേണ്ടി ക്യൂ നിന്നു, സെൽഫികൾ തുരുതുരാ എടുത്തുകൂട്ടി. കടയിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൈയിൽ കരുതുന്നതും, പാർസൽ വാങ്ങാനൊരു പാത്രം കൊണ്ടുപോകുന്നതും അന്തസ്സിനു മോശമായി കണ്ടുതുടങ്ങിയ നമ്മുടെ തലമുറയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.  ഓർക്കുക; നമ്മളൊരുപാട് വൈകിക്കഴിഞ്ഞു ഇപ്പോൾത്തന്നെ. ഒരു 'ഓഖി' ഒന്ന് കടന്നുപോയപ്പോൾ കടലിൽനിന്ന് കരയിലേക്ക് കൊണ്ടുവന്നിട്ടത് 'വെറും' എൺപതുടൺ  മാലിന്യമാണ്, പൂർണമായി നിർമാർജ്ജനം ചെയ്തെന്നു കരുതിയ രോഗങ്ങൾ പലതും തലപൊക്കുന്നു, ഒരു ചുമ വന്നാൽപോലും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ആന്റിബയോട്ടിക് പ്രയോഗം മാത്രമേ അത് ശമിപ്പിക്കുന്നുള്ളൂ. ദൃഷ്ടാന്തങ്ങൾ വ്യക്തമാണ്; അതിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടകളിലായിരിക്കും. മറക്കരുത് ഈ ഭൂമി നമ്മുടെ വരുംതലമുറകൾക്കുകൂടി അവകാശപ്പെട്ടതാണ്!

സ്വച്ഛഭാരതം സത്യത്തിൽ തുടങ്ങേണ്ടത് നമ്മുടെ തെരുവുകളിൽനിന്നല്ല നാം ഓരോരുത്തരുടെയും മനസ്സുകളിൽനിന്നാണ്. വലിച്ചെറിയുന്ന മാലിന്യത്തിനൊപ്പം നാം വലിച്ചെറിയുന്നത് സമൂഹത്തോടുള്ള നമ്മുടെ കടമകൾ കൂടിയാണ് എന്ന് തിരിച്ചറിയുക. നാം വലിച്ചെറിയുന്ന ഈ മാലിന്യങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന അസുഖങ്ങൾ നമ്മുടെ വീട്ടിലേക്കുതന്നെയാണ് ക്ഷണംകൂടാതെ കടന്നുവരുന്നത്. ഈ മാലിന്യങ്ങൾ തിന്നുകൊഴുത്ത തെരുവുനായ്ക്കളാണ് നമ്മുടെ പിഞ്ചോമനകളെ കടിച്ചുകീറുന്നത്, എല്ലാത്തിലുമുപരി, ആവശ്യമില്ലാത്തതെന്തും വലിച്ചെറിയണമെന്ന ചിന്ത തന്നെയല്ലേ കൂണുപോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങൾ നമ്മോടു പറയുന്നത്? ഡെങ്കുവും, മലേറിയയും മുതൽ പന്നിപ്പനി വരെയുള്ള പുതിയതും പഴയതുമായ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആഗോളഭീമന്മാരുടെ പുതിയ മരുന്നുകൾ പരീക്ഷിക്കപെടുന്നത് നമ്മുടെ ഓരോരുത്തരുടെയും ദേഹത്തുതന്നെയാണെന്ന് നാമെന്തേ മറന്നുപോകുന്നു?

ഞാൻമൂലം ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്വം എനിക്കാണെന്നും, മറ്റെല്ലാ അവകാശങ്ങളെയുംപോലെ ശുചിത്വമുള്ള പരിസരം എന്റെ അവകാശമാണെന്നും, മറ്റുള്ളവർക്ക് ശുചിത്വമുള്ള പരിസരം ഉണ്ടാക്കികൊടുക്കേണ്ടത് എന്റെ കടമയാണെന്നും ഉറച്ചുവിശ്വസിക്കുന്ന ഒരു സംസ്കാരം ഇവിടെ പൈജാതമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിലേക്കുള്ള ചെറിയ ചുവടുകൾ നമുക്കൊരുമിച്ചു വെക്കാം. മലിനീകരണത്തിന്റെ കെട്ടുപാടുകളിൽനിന്ന്, വൃത്തിയുടെ സ്വതന്ത്രമായ ആകാശത്തിലേക്ക് ഉയർന്നുപറക്കാൻ നമ്മുടെ ചിറകുകൾക്ക് കരുത്തുണ്ടാകട്ടെ!


Thursday 7 December 2017

ഒരു ബസ്റ്റോപ് പുരാണം


'പഠനം അഥവാ ഉഴപ്പ്' എന്ന പോസ്റ്റിൽ പറഞ്ഞതുപോലുള്ള ഒരുപാടു ദിവസങ്ങൾ ബസ് പിടിച്ച് കടന്നുപോയി. ഭക്ഷണവും ഉറക്കവും മാത്രം ശരിക്കു നടക്കുന്നുണ്ട്.  സഹമുറിയൻ (പേര് വെളിപ്പെടുത്തുന്നില്ല) രാവിലത്തെ മല്പിടിത്തത്തിലൂടെ പ്രാതൽ ഇനി ഒരു തരിപോലും അകത്തേക്ക് കയറാത്ത വിധത്തിൽ തൊണ്ടവരെ അടിച്ചുകയറ്റിയാണ് ഞങ്ങൾക്കൊപ്പം ക്ളാസ്സിനു വരുന്നത്. ബസ് ഒരു ഗട്ടർ ചാടിയാൽ ഇതെല്ലാംകൂടെ പുറത്തേക്കു വരുമോ എന്നു ഞങ്ങൾ എന്നും ടെൻഷനാകാറുണ്ട്. ഇത്രയുമൊക്കെ ബുദ്ധിമുട്ടിയതിന്റെ അഹങ്കാരം ലവലേശമില്ലാതെ ക്ലാസ്സിൽ കയറുന്നതിനു മുൻപായി 'ലൈറ്റ്' ആയി രണ്ട് ഉഴുന്നുവട കൂടി അകത്താക്കി, അത് ആമാശയത്തിൽ എത്തുമെന്നുറപ്പാക്കാൻ ഒരു കാപ്പി കൊണ്ട് കുതിർക്കുക എന്നത് അദ്ദേഹം ഒരു ദിനചര്യയാക്കി മാറ്റി. ഇപ്രകാരം തൊഴിൽ നിയമങ്ങൾ എല്ലാംതന്നെ കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തം വയറിനെ വിശ്രമിയ്ക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കുന്ന ആ പ്രകടനം കാണുന്ന ഞങ്ങളാകട്ടെ, LED ടിവിയെപ്പോലും നാണിപ്പിക്കുംവിധം 'ഫ്ലാറ്റ്' ആയ സ്വന്തം വയറിലേക്കുനോക്കി നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരുന്നു.  അല്ലെങ്കിലും ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ!

ഫീസ് കൊടുത്ത കാശാണെങ്കിൽ  ഭണ്ഡാരത്തിൽ ഇട്ടതുപോലെ - ഒരു രൂപ പോലും തിരിച്ചെടുക്കാൻ ഓപ്ഷൻ നഹി ഹേ. അങ്ങനെ ആകെമൊത്തംടോട്ടൽ ബോറടിച്ച്, കൈയിൽ കാശുമില്ലാതെ ബാംഗ്ലൂരിന് ഭാരമായി നടക്കുന്ന കാലം. ഒരു ദിവസം ക്ലാസ് കഴിഞ്ഞ്, 'മിനിമം ബാലൻസ്' നിയമം എങ്ങാനും ബാങ്ക് പരിഷ്കരിച്ചിരിക്കുമോ, ആരെങ്കിലും തെറ്റായി നമ്മുടെ അക്കൗണ്ടിൽ കാശ് ഇട്ടുകാണുമോ എന്നെല്ലാം അറിയാമെന്നു കരുതി, ഞാൻ നേരെ ATM കൗണ്ടറിലേക്കു പോയി. സഹമുറിയർ മൂന്നുപേരും ആസ് യൂഷ്വൽ പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ബസ്റ്റോപ്പിലെ ഗ്രാനൈറ്റ് ബെഞ്ചിലും പുറകിലുള്ള അരമതിലിലുമായി ഉപവിഷ്ടരായി.

അക്കൗണ്ടിൽ പണമില്ലാത്തവന് ATM കാർഡിട്ടാൽ പണം ലഭിക്കില്ല എന്ന കൊളോണിയൽ രീതികളെ തച്ചുടക്കാൻ ഒരു നക്സലൈറ്റായി മാറണോ, അതോ വല്ല പാർട്ടൈം ജോലിക്കുപോയി ഈ നവലിബറൽ ആശയങ്ങളോട് സമരസപ്പെടണോ എന്നുള്ള ചിന്താഭാരവുമായി ATM കൗണ്ടറിൽനിന്ന് തിരിച്ചു നടന്നുകൊണ്ടിരുന്ന എന്റെ കണ്ണ് അകലെനിന്നേ ബസ്റ്റോപ്പിലെ ഒരു കാഴ്ചയിലുടക്കി - മറ്റൊന്നുമല്ല ഒരു സുന്ദരമായ മുഖം. അമ്പെയ്യാൻ പോകുമ്പോൾ പക്ഷിയുടെ കണ്ണുമാത്രം കണ്ട അർജുനനെ വരെ തോൽപ്പിക്കുന്ന ഏകാഗ്രതയോടെ ആ മുഖം മാത്രം ലക്ഷ്യമാക്കി നടത്തിന് വേഗം കൂട്ടി. സ്റ്റോപ്പ് എത്തിയപ്പോളാണ് ശ്രദ്ധിച്ചത് കൂട്ടുകാർ മൂന്നുപേർ പിന്നിലെ മതിലിൽ തന്നെ ഇരിക്കുന്നുണ്ടെന്നും അവരുടെ കണ്ണുകൾ മറ്റെങ്ങുമല്ലെന്നും. അത് അവളായിരുന്നു - 'നമ്മൾ' സിനിമയിലെ നായിക രേണുക മേനോൻ! പണ്ട് 'നിറം' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഞാൻ പഠിച്ച കോളേജിൽ വെച്ച് ശാലിനിയെ നേരിൽ കണ്ടതിൽപിന്നെ ഒരു നടിയെപ്പോലും ഇത്ര അടുത്ത് കണ്ടിട്ടില്ല. ആശ്ചര്യത്താൽ (ആക്രാന്തം എന്ന വാക്ക് അന്ന് നിഘണ്ടുവിൽ ഇല്ല) തുറന്ന വായ, വീടില്ലാത്ത ഈച്ചകൾ ഹൗസിംഗ് കോളനി കെട്ടാനുള്ള സ്ഥലമായി തെറ്റിദ്ധരിക്കണ്ട എന്ന് കരുതി അടച്ചുവെച്ചു.

'വാടാ നമുക്കുപോയി പരിചയപ്പെടാം' എന്നു പറഞ്ഞിട്ട് മൂന്നുപേർക്കും ഒരു താല്പര്യവും ഇല്ലാത്തപോലെ. ആകെ വരുന്ന മറുപടി 'അവൾക്കു ഭയങ്കര പോസാ നമ്മൾ നാണം കെടാൻ നിൽക്കണ്ട' എന്നാണ്. ഈ പറഞ്ഞ നാണം എന്ന സാധനം മരുന്നിനുപോലും കൈയിൽ ഇല്ലാത്തതുകൊണ്ട് വരുന്നതുവരട്ടെ എന്തായാലും ഒന്നു ശ്രമിച്ചുനോക്കാം എന്ന് ഞാനും കരുതി. ഇനി അഥവാ സംഗതി ഏറ്റില്ലെങ്കിലും ഉള്ള ചീത്തപ്പേര് പോകാതെ സൂക്ഷിച്ചു എന്ന് അഭിമാനിക്കാമല്ലോ!

അർജുനൻ, ഫൽഗുനൻ, പാർത്ഥൻ എന്നീ ബ്രദേഴ്സിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, പെണ്ണുകാണാൻ വന്ന ചെക്കനോട് വീട്ടുകാരുടെ നിർബന്ധം സഹിക്കാതെ പെൺകുട്ടി എന്തെങ്കിലും ചോദിക്കുന്നപോലെ ഞാനും ചോദിച്ചു ഒരു സിമ്പിളായ ചോദ്യം - "രേണുകാമേനോൻ അല്ലേ?". ഉത്തരമൊന്നും വരാത്തതുകൊണ്ട് ആ ചോദ്യം ആവർത്തിച്ചത് കൂടാതെ, ഗുണ്ടിനു പിന്നാലെ മാലപ്പടക്കം എന്ന കണക്കിൽ കുറച്ചു ഉപചോദ്യങ്ങളുംഫിറ്റ് ചെയ്തു. രേണുക നിശബ്ദയായിരിക്കുന്ന ഓരോ സെക്കന്റിലും, 5 കശ്‌മലർ ചേർന്ന് എന്നെ കളിയാക്കികൊല്ലുന്ന ആക്ഷൻ സിനിമ മനസ്സിന്റെ 70mm സ്‌ക്രീനിൽ ഓടിക്കൊണ്ടിരുന്നു. ഒടുക്കം, തലക്കുചുറ്റും തുടർച്ചയായി മൂളിപ്പറന്ന കൊതുകിനെ എങ്ങനെയെങ്കിലും ഓടിക്കണമല്ലോ എന്ന ഭാവത്തെ അനുസ്മരിപ്പിക്കുംവിധം ഉത്തരം വന്നു "അതെ". സൂചി കയറ്റാൻ ഇടം നോക്കിയിരുന്നവന് ആനന്ദലബ്ധിക്കിനിയെന്തുവേണം? 'എവിടേക്കാ, എന്താ ഇവിടെ, ഷൂട്ടിങ്ങാണോ, എത്രനാൾ ഉണ്ടാകും, പുതിയ പടം ഏതാണ്' എന്നിങ്ങനെ തുരുതുരാ ചോദ്യങ്ങളുമായി കളം നിറഞ്ഞു കളിയ്ക്കാൻ തുടങ്ങി.

ഇതേസമയം രേണുക മേനോൻ ഒരു ചോദ്യം തിരിച്ചു ഇങ്ങോട്ടും ഇട്ടു. "സിനിമാനടി ആയതുകൊണ്ടു മാത്രമല്ലേ നിങ്ങൾ ഇങ്ങനെ കളിയാക്കുന്നത്?". ഞാൻ ഇതുവരെ ചോദിച്ച ഏതു ചോദ്യമാണാവോ കളിയാക്കലായിത്തോന്നിയത് എന്നറിയാതെ, മഗ്രാത്തിന്റെ ബൗൺസർ കൊണ്ട നെഹ്‌റയെപ്പോലെ ഒരു നിമിഷം നിന്നെങ്കിലും, Mr. നിഷ്കളങ്കു ആയി 'ഞാനെപ്പോളാ കളിയാക്കിയത്' എന്ന പോയിന്റിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു. രേണുകയുടെ ചൂണ്ടിയ വിരലിന്റെ തുമ്പത്ത് നോക്കിയപ്പോളാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്! 'നിങ്ങൾ' എന്നത് ബഹുമാനത്തോടെ എന്നെ വിളിച്ചതല്ല, മറിച്ച് എന്റെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചിട്ടുള്ള - അഭിമാനം വിട്ടു കളിക്കരുതെന്ന്  എന്നെ ഉപദേശിച്ച - എന്റെ കൂട്ടുക്കാരെയാണ്  ഉദ്ദേശിച്ചതെന്ന്. അപ്പോൾ അതാണ് കാര്യം, ഞാൻ ഇല്ലാത്ത സമയത്ത് ഇവന്മാർ രേണുകയെ എന്തോ പറഞ്ഞു കളിയാക്കി. വെറുതെയല്ല ഒരുത്തരം കിട്ടാൻ ഞാൻ നിന്ന് വിയർക്കേണ്ടിവന്നത്. ദുഷ്ടന്മാർ! മനസ്സിനുള്ളിൽ ഞാൻ ഒരു 'ഹൾക്' ആയി മാറുകയും രേണുകാമേനോനു വേണ്ടി ഈ അല്പപ്രാണികളെ പലവട്ടം പപ്പടംപോലെ പൊടിക്കുകയും ചെയ്തു. നാക്കിന്റെ ശക്തി അപാരം തന്നെ - ഏതാനും നിമിഷങ്ങളിലെ സംഭാഷണംകൊണ്ടു മലപോലെ വന്നത് എലിപോലെ പോയി. തുടർന്ന് ബസ് വരുന്നതുവരെ ഒരു സിനിമാനടി എന്ന ജാഡ ഒന്നുമില്ലാതെ വളരെ സൗഹൃദത്തോടെ രേണുകാമേനോൻ സംസാരിച്ചു. 'കലാപക്കാതലൻ' എന്ന പുതിയ റിലീസ് എല്ലാവരും കാണണം എന്ന് പറഞ്ഞപ്പോൾ 'ഫ്രീ ടിക്കറ്റ് തരുമോ' എന്ന 100 കോടി വിലയുള്ള ചോദ്യം ചോദിച്ച് ഒരുത്തൻ ഞങ്ങളുടെ നിലവാരത്തിന്റെ അടിത്തറ രേണുകാമേനോന്റെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു.

ആ സംഭവം നടന്നതിന് ശേഷം കുറേദിവസം ജീവിതത്തിൽ ഒരിക്കൽപോലും ഫോണിൽ വിളിക്കാത്ത കൂട്ടുകാരെവരെ വിളിക്കുകയും സംഭാഷണത്തിൽ തികച്ചും യാദൃശ്ചികമായി 'രേണുകാമേനോൻ കഥ'  പറഞ്ഞുപോവുകയും ചെയ്തു. പിന്നീട് എപ്പോളൊക്കെ ഡോംളൂർ വഴി പോകേണ്ടിവന്നപ്പോളും അറിയാതെ നോട്ടം ആ ഗ്രാനൈറ്റ് ബെഞ്ചിലേക്ക് നീളാറുണ്ട്.

വാൽകഷ്ണം: തിരിച്ചു റൂമിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തുവന്നു. തങ്ങൾ ചിരിച്ചപ്പോൾ രേണുകാമേനോൻ തിരിച്ചു ചിരിക്കാത്തതുകൊണ്ടു, പിന്നിലിരുന്നു കളിയാക്കി പ്രതികാരം ചെയ്യുകയായിരുന്നത്രെ നമ്മുടെ നായകർ. കളിയാക്കലിന്റെ ചില സാംപിൾസ് ഇങ്ങനെ - 'ഇവൾക്ക് ഓട്ടോ പിടിച്ചുപോകാൻ കാശില്ലാത്തതുകൊണ്ടാണ് ബസ്റ്റോപ്പിൽ വന്നിരിക്കുന്നത്', 'പാവം ഒരു കന്നഡക്കാരൻ പോലും ഇവളെ തിരിച്ചറിയുന്നില്ല', 'സിനിമ ഒന്നുമില്ലാത്ത നാണക്കേട് നാട്ടിലറിയണ്ട എന്നുകരുതി ബാംഗ്ളൂർ വന്നു നിൽക്കുകയാണ്' - രേണുകയുടെ കയ്യും ഞങ്ങളുടെ കവിളുകളും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടാകാഞ്ഞതിന് ദൈവത്തിനു നന്ദി പറഞ്ഞുപോയി.

Tuesday 5 December 2017

പഠനം അഥവാ ഉഴപ്പ്


ഡോംലൂർ  - HP, IBM മുതൽ  മൈക്രോസോഫ്ട് വരെ ഓഫീസ് തുറന്നു വെച്ചിട്ടുള്ള സ്ഥലം. അവിടെയാണ് ഒടുക്കം ഞങ്ങൾ നാൽവർ സംഘം എത്തിപ്പെട്ടത്. ഇവിടെ ആകപ്പാടെ സെറ്റപ്പ് തരക്കേടില്ല - ആകെ 10 മണി മുതൽ 12 മണി വരെ മാത്രമേ ക്ലാസ്സുള്ളൂ. രാവിലെ 9 മണിയുടെ നേരിട്ടുള്ള ബസ് പിടിച്ചാൽ 9. 45 ആകുമ്പോളേക്കും അങ്ങെത്താം. 15 മിനുറ്റ്  വായ്നോട്ടവും കഴിഞ്ഞു നേരെ ക്ലാസ്സിൽ കയറാം. ക്ലാസ് കഴിഞ്ഞു ബസ്റ്റോപ്പിൽ ഇരുന്നു നേരം കളഞ്ഞു ആടിപ്പാടി എത്തിയാലും 2 മണിക്കുള്ളിൽ വീട്ടിലെത്താം. ഊണ് കഴിഞ്ഞു സുഖമായി ഉച്ചമയക്കവും നടത്താൻ തടസ്സമില്ല. കാര്യങ്ങളുടെ കിടപ്പു ഇങ്ങനെ ആയതുകൊണ്ട്  കൂടുതൽ ആലോചിച്ചില്ല അഡ്മിഷനും എടുത്തു, കാശും കൊടുത്തു.

ദിവസങ്ങൾ പലതു കഴിഞ്ഞു. ഇസ്തിരിയിട്ട വസ്ത്രങ്ങൾ ധരിച്ചു, പോളിഷ് ചെയ്തു മിനുക്കിയ ഡിസ്‌കൗണ്ട് ഷൂവും (മനസ്സിലായില്ലേ? മജെസ്റ്റിക്കിലെ വില തുച്ഛം ഗുണം മെച്ചം സാധനം തന്നെ) ഇട്ടു, ഒരേപോലത്തെ ബാഗും തൂക്കി 4 പേർ 'അച്ഛൻ പറഞ്ഞു കൊച്ചിക്കു പോകാൻ ഏറ്റത്തിനു അങ്ങോട്ട് ഇറക്കത്തിന് ഇങ്ങോട്ടു' മോഡലിൽ പോയി വരുന്നു എന്നല്ലാതെ, എന്താണ് പഠിപ്പിക്കുന്നത് എന്ന് ഒരൽപ്പംപോലും മനസ്സിലാകുന്നില്ല. ക്ലാസ്സിൽ ആകെ ചെയ്യുന്നത് ഓരോ 5 മിനിട്ടിലും കോട്ടുവായ ഇട്ടു ശ്വാസകോശത്തിൽ ആവശ്യത്തിന് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നു എന്നതാണ്. പലപ്പോളും കോട്ടുവാ മറച്ചുപിടിക്കാൻ ശ്രമിച്ചു മുഖം ജഗതി ശ്രീകുമാർ കാണിച്ചപോലെ പുതിയ രസങ്ങൾ പ്രതിഫലിപ്പിക്കുന്നുമുണ്ട്. മരുന്നിനു പോലും ഒരു പെൺതരി ക്ലാസ്സിൽ ഇല്ല എന്നത് ഉറങ്ങാനുള്ള മറ്റൊരു പ്രചോദനം. എന്തായാലും ഡിഗ്രി കഴിഞ്ഞാൽ പിന്നെ എന്ത് പഠിക്കാൻ പോയാലും അത് വളരെ സീരിയസ് ആയിപഠിക്കും എന്ന പ്രതിജ്ഞയുടെ സ്റ്റാർട്ടിങ് തീയതി ഒരു കൊല്ലംകൂടെ മുന്നോട്ടു നീക്കാൻ തീരുമാനിച്ചു.

പിന്നെ ആകെ ഒരാശ്വാസം രാവിലത്തെ ബസ് യാത്രയാണ്. ദൊഡ്ഡനെകുണ്ടി ഭൂമിയുടെ അറ്റം ആയതുകൊണ്ട് ബസിന്റെ സ്റ്റാർട്ടിങ് പോയിന്റ് നമ്മുടെ സ്റ്റോപ്പ് ആണ്. ബസ് നിർത്തുന്നതിനു മുൻപ് ചാടിക്കയറുക, സ്ത്രീകളുടെ റിസെർവ്‌ഡ്‌ സീറ്റിന്റെ അവസാന വരിയുടെ തൊട്ടുപിന്നിലുള്ള ജനറൽ സീറ്റ് കയ്യടക്കുക, നമുക്ക് ശേഷം ബസിൽ കയറുന്നവരെ പുച്ഛത്തോടെ നോക്കുക, ബാഗിന്റെ ഭാരം കൊണ്ടു വിഷമിക്കുന്ന ചെറുപ്പക്കാരികളുടെ ബാഗ് വാങ്ങിപ്പിടിച്ചു സഹായിക്കുക തുടങ്ങിയ കാൽപ്പനിക കലാരൂപങ്ങളിൽ, നാട്ടിൽനിന്ന് തന്നെ 'ഗപ്പ്‌' വാങ്ങിയിട്ടുള്ളതുകൊണ്ട് ഇവിടെയും മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞു. ഇത്തരം പ്രകടനങ്ങൾ ഇമേജ് വർധിപ്പിക്കുകയും, തൽഫലമായി 'പ്രായം ചെറുപ്പം, ചാപല്യം സഹജം' വകുപ്പിൽപ്പെട്ട ചില കരിമിഴികൾ പതിവുള്ള അപരിചിതഭാവം മാറ്റി പാതി വിരിഞ്ഞ ചില പുഞ്ചിരികളും, ശബ്ദം പുറത്തുവരാതെ ചുണ്ടു മാത്രം അനക്കി ചില 'ഹായ് ' എന്നിവ നൽകുകയും, ബസിൽ കയറിയാൽ കൃത്യമായി നമ്മുടെ സീറ്റിന്റെ മുന്നിലെ സീറ്റിൽ തന്നെ വന്നിരിക്കുകയും ഒക്കെ ചെയ്യാൻ തുടങ്ങി.

ആന്റിക്ലൈമാക്സ്: ഏറ്റവും നന്നായി ചിരിച്ചവൾ സ്ഥലത്തെ പ്രമുഖ റെഡ്‌ഡിയുടെ മകളാണെന്നും അയാളുടെ ശിങ്കിടികളുടെ കൈയിലെ മസിലിന്റെ വലിപ്പം പോലും നമ്മുടെ വിരിഞ്ഞ നെഞ്ചിനു ഇല്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ ബസ്സിലെ സാഹസങ്ങൾ ഒഴിവാക്കുകയും നമ്രശിരസ്കനായി പിന്നിലെ സീറ്റിലേക്ക് മാറുകയും ചെയ്തു. 'പെൺമണിമാരുടെ കരിമിഴി കണ്ടാൽ നെഞ്ചിനകത്തൊരു തരികിടതാളം' എന്ന ലൈനിൽ നിന്ന് 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം' എന്നത് ആസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തി. 

Thursday 30 November 2017

ഇൻ ജയനഗർ

ഇൻ  ജയനഗർ
അങ്ങനെ ബാംഗ്ലൂർ വന്നെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞു. ആദ്യത്തെ ആശങ്കൾക്കു വിരാമമായി. നല്ല കാലാവസ്ഥ, ഞങ്ങൾ തന്നെ ഉണ്ടാക്കുന്ന സുഖഭക്ഷണം, വിശാലമായ ഉറക്കം, രാവിലെ നേരത്തെ ഉണരുന്ന ശീലം ഉപേക്ഷിച്ചതിനാൽ  'കണി' ഒന്നും കാണേണ്ട എന്ന സൗകര്യം - സർവോപരി, മേലനങ്ങി വിയർപ്പിന്റെ അസുഖം കൂട്ടണ്ട എന്ന അവസ്ഥ!
കാര്യങ്ങൾ ഇങ്ങനെ വെടിപ്പായി മുന്നോട്ടു പോകുമ്പോളാണ് വന്ന കാര്യം ഒന്നുമായില്ല എന്ന്  ഇതിനോടകംതന്നെ സോമാലിയൻ ബ്യൂട്ടി ആയിമാറിയ പേഴ്സ് ഓർമിപ്പിച്ചത്. ബാംഗ്ലൂർ വന്നു Jetking എന്ന ഇൻസ്റ്റിട്യൂട്ടിൽ MCSE/CCNA എന്ന കോഴ്സ് പഠിച്ചാൽ ഉടനെ കമ്പനികൾ വന്നു കൊത്തികൊണ്ടു പോകുമെന്നും, ഇനി അഥവാ ഇല്ലെങ്കിത്തന്നെ Jetkingന്റെ ആളുകൾ നമ്മളെ പലയിടത്തും പ്ളേസ് ചെയ്യുമെന്നും ഒക്കെ വീട്ടിൽ ധരിപ്പിച്ചിട്ടാണല്ലോ ഇങ്ങോട്ടു കെട്ടുകെട്ടിയത്. ഒടുക്കം Jetking  പോയി സംസാരിക്കാമെന്ന് തീരുമാനിച്ചു. ഒരു ദിവസം രാവിലെ 4 പേർ  വെടിപ്പായി ഭക്ഷണം കഴിച്ച് , ഇസ്തിരിയിട്ട ഷർട്ടൊക്കെയിട്ട്  ജയനഗറിലെ Jetking സെന്ററിൽ പോകാൻ പുറപ്പെട്ടു.
ബസ്സുകൾ പലതു മാറിക്കയറി ലക്ഷ്യസ്ഥാനത്തെത്തി. മുത്തശ്ശി മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന നല്ല മനോഹരമായ സ്ഥലം! ഇന്സ്ടിട്യൂട്ടിൽ കയറിയപ്പോളൊ അവിടെയും കൺകുളിർക്കുന്ന കാഴ്ചകൾ തന്നെ. റിസപ്ഷനിലെ സുന്ദരി ഞങ്ങളെ സെന്ററിന്റെ MD യുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ തങ്കപ്പെട്ട മനുഷ്യൻ നാല് മീൻ ഒരുമിച്ച് കണ്ട ഒരു പൂച്ചയുടെ ഭാവത്തോടെ സ്നേഹമായി സംസാരിച്ചു. പഠിപ്പിക്കുകയും ജോലി വാങ്ങിത്തരുകയും മാത്രമല്ല വേണ്ടി വന്നാൽ ആദ്യത്തെ കുറച്ചു ദിവസം താമസസൗകര്യം വരെ ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്തു. ഇംഗ്ലീഷിലെ പണ്ഡിതന്മാർ ആയതുകൊണ്ട് കൂടുതൽ സംസാരിക്കാതെ യെസ്, നോ, ഹും , ബട്ട്, ഓക്കേ എന്നീ വാക്കുകൾ കൊണ്ട് അദ്ദേഹത്തിന് പ്രതീക്ഷകൾ നൽകി ഞങ്ങൾ തിരിച്ചു പൊന്നു.

തിരിച്ചെത്തി ഒരു കലം ചോറിന്റെയും രണ്ടു പാക്കറ്റ് തൈരിന്റെയും അടിത്തറയിൽ നിന്ന് ആലോചിച്ചപ്പോൾ ഉച്ച ഉറക്കത്തിന് ഭംഗം വരുന്ന കാര്യമായതുകൊണ്ട്  ജയനഗർ  തീരെ ശരിയാവില്ല എന്ന് തീരുമാനിച്ചു. പഠിക്കാൻ കഴിവുള്ളവർക്ക് എവിടായാലെന്താ എന്ന ആത്മഗതത്തോടെ നിദ്രാദേവിക്ക് സ്വയം സമർപ്പിച്ചു.

Monday 30 October 2017

അങ്ങനെ ഉദ്യാനനഗരത്തിൽ

'മധുരമനോജ്ഞ ബാംഗ്ലൂർ' - അതെ ആദ്യമായി ചൈനയിലെത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ  മാനസികാവസ്ഥയിലായിരുന്നു മജെസ്റ്റിക്കിൽ ശ്രീജിത്തിനോടൊപ്പം ആദ്യമായി വന്നിറങ്ങിയപ്പോൾ. 'ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോയി' എന്നു പറഞ്ഞ പോലെ KSRTC സ്റ്റാന്റിൽ നിന്നും BMTC സ്റ്റാന്റിലേക്കു കടക്കാനുള്ള വഴി തെറ്റി പുറത്തു കിടന്നു ഞങ്ങൾ നല്ലവണ്ണം കറങ്ങി. ട്രോളി പോലും ഇല്ലാത്ത ആ പെട്ടിയും താങ്ങിപിടിച്ചുകൊണ്ടു നടന്ന നടത്തം ഒളിമ്പിക്സിൽ നടന്നിരുന്നെങ്കിൽ ഭാരോധ്വഹനതിനും നടത്തത്തിനും ഉള്ള രണ്ടു മെഡലുകൾ ഒരുമിച്ച് കിട്ടിയേനെ! ഇന്ത്യയുടെ നഷ്ടം എന്നല്ലാതെ എന്തു പറയാൻ!  ഒടുക്കം പലരോടും ചോദിച്ച് -ഏതു ഭാഷയിൽ എന്ന് മാത്രം ചോദിക്കരുത്. മലയാളവും തമിഴും ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കൂട്ടി കലർത്തിയ ഒരു ദേശീയ ഐക്യ ഭാഷ എന്ന് വേണമെങ്കിൽ പറയാം BMTC സ്റ്റാന്റിലെ 17 നമ്പർ പ്ലാറ്റുഫോമിൽ  നിന്ന് 333 നമ്പർ ബസ്സിൽ കയറി. പോകുന്ന വഴിയിലെല്ലാം ഉയരത്തിലുള്ള കണ്ണാടി കെട്ടിടങ്ങൾ. IBM എന്ന പേരു  മാത്രമേ എനിക്കു പരിചിതമായി തോന്നിയുള്ളൂ.

ഭാഗ്യത്തിനു ബസ്സിൽ ഒരു മലയാളിയെ കണ്ടു പിടിച്ചു (അതിനു നമ്മൾ മിടുക്കന്മാരാണല്ലോ!). അദ്ദേഹത്തിന്റെ സഹായത്തോടെ ബോർവെൽ  സ്റ്റോപ്പിൽ കൃത്യമായി ഇറങ്ങാൻ സാധിച്ചു. അവിടെ നിന്നുതന്നെ നേരിട്ടു ഓട്ടോ കിട്ടുമെന്ന മുൻ വിവരത്തിന്റെ ആത്മവിശ്വാസത്തിൽ ആദ്യം കണ്ട ഓട്ടോയിൽ കയറി 'ദൊഡ്ഡനക്കുണ്ടി' പോകാൻ പറഞ്ഞു. ഈ സ്ഥലപ്പേര് ഇനി പലവട്ടം കേട്ടെന്നു വരും. എന്താ ഈ സ്ഥലപേരിന്റെ അർത്ഥം എന്ന് ചോദിക്കാൻ  സ്വാഭാവികമായും നിങ്ങൾക്കൊരു പ്രേരണ ഉണ്ടാകുമെന്ന് എനിക്കറിയാം. നിങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട്‌ ഞാൻ പറയട്ടെ ഇതിനങ്ങനെ പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ല. ചില അലവലാതിസ് പറയുന്നു 'ദൊഡ്ഡന' എന്നു വെച്ചാൽ 'വലിയ ആന' എന്നും അതുകൊണ്ടുതന്നെ 'ദൊഡ്ഡനക്കുണ്ടി' എന്നാൽ 'വലിയ ആനയുടെ  - -' എന്നാണ് അർത്ഥം എന്നും.  കൺട്രി  ഫെല്ലോസ്!

ഓട്ടോ കുറച്ചു ദൂരം നീങ്ങിയതിനു ശേഷം, ഭൂമിയിൽ ഇപ്പോൾ ജനിച്ചു വീണ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഈ സ്ഥലം തനിക്കു കൃത്യമായി അറിയില്ലെന്നു ആ നല്ലവനായ ഓട്ടോക്കാരൻ മൊഴിഞ്ഞു. ഭാഷ അറിയില്ലെങ്കിൽ ഓട്ടോയിൽ കയറിയാൽ മിണ്ടാതിരിക്കണം എന്ന പാഠം അന്ന് പഠിച്ചു. കൊളംബസ്സിന്റെയും വാസ്കോ-ഡി-ഗാമായുടെയും ഒക്കെ പിന്മുറക്കാരനായ ആ നല്ല മനുഷ്യൻ ('നികൃഷ്ടജീവി' എന്ന പദം അൺപാർലിമെന്ററി  ആയതു കൊണ്ട് ഉപയോഗിക്കുന്നില്ല) ഒരുപാട് സ്ഥലങ്ങൾ കറങ്ങി ഒടുക്കം ഞങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

ഗട്ടർ ഉള്ള വഴി ആയിരുന്നു എന്നു പറയാൻ പറ്റില്ല. കാരണം ഒരൽപ്പമെങ്കിലും റോഡ്‌ ഉണ്ടെങ്കിലല്ലേ ഗട്ടർ എന്ന് പറയുന്നതിനു അർത്ഥമുള്ളൂ.  റോഡിന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നതുകൊണ്ട്, കാറും കോളുമുള്ള വേലിയേറ്റ സമയത്ത് തോണിയിൽ യാത്ര ചെയ്ത ഒരു ഇമ്പാക്റ്റ്‌ കിട്ടി. ചെമ്പൻകുഞ്ഞും കറുത്തമ്മയും എല്ലാം പശ്ചാത്തലത്തിലെ ഫ്രെയിമിൽ ഒന്ന് എത്തിനോക്കിപ്പോയോ എന്നൊരു സംശയം. ഒരു കിലോ പൊടി സ്പോഞ്ചു പോലെയുള്ള ശ്വാസകോശത്തിലും പിന്നെ ഒരു അഞ്ചാറു കിലോ ശരീരത്തിലും വലിച്ചു കയറ്റി ഒടുക്കം തൃപ്പാദങ്ങൾ മണ്ണിൽ കുത്തി. വലതുകാൽ വെച്ച് ഇറങ്ങണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും തലകുത്തി താഴെ വീണു നാട്ടുക്കാർക്കു കന്നടയിൽ ചിരിക്കാൻ (മലയാളത്തിൽ ചിരിച്ചാൽ പിന്നേം ഞാൻ പോട്ടെന്നു വെച്ചാനെ) അവസരം കൊടുക്കേണ്ടെന്നു കരുതി ഇടതു കാൽ കുത്തി തന്നെ ഇറങ്ങി.

നകുന്തി എത്തിയപ്പോൾ അതാ ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ടു നാലുപേർ - അംഗിരസ്, ചിന്തു, ഷിനോച്ചേട്ടൻ, ഷജിത്തേട്ടൻ . സത്യം പറഞ്ഞാൽ ഓട്ടോക്കാരൻ പറ്റിച്ച വിഷമം വരെ മറന്നു പോയി. ഈ രണ്ടു ചേട്ടന്മാരുടെയും രൂപസവിശേഷതകൾ രസകരമാണ്. ഒരാൾ കറുത്ത് തടിച്ചു നല്ല പൊക്കത്തിൽ മറ്റൊരാൾ വെളുത്തു മെലിഞ്ഞു പൊക്കം കുറഞ്ഞും. എന്തെങ്കിലും വികടസരസ്വതി എഴുന്നള്ളിക്കണോ എന്ന് ആലോചിച്ചെങ്കിലും നിലനില്പ്പിന്റെ കാര്യമായതുകൊണ്ട് വേണ്ടെന്നു വെച്ചു. അവർ രണ്ടു പേരും ഓഫീസിലേക്ക് പോവുകയാണ്‌. അതുകൊണ്ട്  കൂട്ടുകാരുടെ  കൂടെ നേരെ വീട്ടിലേക്കു വെച്ച് പിടിച്ചു. രാവിലത്തെ വ്യായാമത്തിന്റെ ഗുണം കൊണ്ടാകണം കുടൽ കരിയുന്ന ഒരു ചെറിയ മണം പോലെ!

അധികം നടക്കാനില്ലെങ്കിലും - ഹും രാവിലത്തെ നടത്തം വെച്ച് നോക്കുമ്പോ ഇതൊകെ ചെറീത് - ഏതാണ്ട് ഭൂമിയുടെ അറ്റത്തെത്തിയ പ്രതീതി ആണ് ഉളവായത്. ഒരു ഇടവഴിയുടെ അറ്റത്തെ 4 നില കെട്ടിടം, ആ കെട്ടിടത്തിലെ താഴത്തെ നിലയിൽ അങ്ങേ അറ്റത്ത് ഞങ്ങളുടെ അപ്പാർട്ട്മെന്റ്. ഈ കെട്ടിടത്തോട് ചേർന്ന് ഒരു ഫുട്ബോൾ ഗ്രൌണ്ടിന്റെ വലുപ്പമുള്ള, ആർക്കും ഉപകാരമില്ലാതെ കാട് പിടിച്ചു കിടക്കുന്ന സ്ഥലം. ആർക്കും ഉപകാരമില്ലെന്നു അപ്പൊ തോന്നിയെങ്കിലും, പിന്നീടാണ്‌ അത് ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന സ്ഥലമാണെന്ന് മനസ്സിലായത്. എല്ലാ പ്രായത്തിലും പെട്ട ഒരുപാട് പേർ ഒറ്റക്കും കൂട്ടമായും വന്നു, കൊച്ചു വർത്തമാനങ്ങളും, പരദൂഷണങ്ങളും ഒക്കെ പറഞ്ഞു ഹാപ്പി ആയി പ്രഭാതകർമങ്ങൾ ചെയ്തു അനുഗ്രഹിക്കുന്ന പുണ്ണ്യഭൂമിയത്രേ ഇത്. രാവിലെ നേരത്തെ എങ്ങാനും ഉണർന്നു അറിയാതെ പുറത്തു നോക്കിപ്പോയാൽ പണ്ട് ജഗതി ശ്രീകുമാർ കണ്ടതിനേക്കാൾ ഗംഭീരമായ കണി കാണേണ്ടി വരും. ദൊഡ്ഡനക്കുണ്ടി എന്ന പേര് വരാൻ ഇതെങ്ങാനും ആണോ കാരണം. എന്തായാലും ഓണത്തിനും ക്രിസ്തുമസിനും ഒന്നും പോയില്ലെങ്കിലും എല്ലാ കൊല്ലവും വിഷുവിനു കൃത്യമായി നാട്ടിൽ പോകണം എന്ന ശപഥം  എടുക്കാൻ ഇതൊരു കാരണമായി എന്ന സത്യം ഞാൻ മറച്ചുവെക്കുന്നില്ല.

ഗ്രൌണ്ട് അവസാനിക്കുന്നിടത്ത് ഒരു റെയിൽവേ ലൈൻ ആണ് - ഇനി ഇതാണോ റെയിൽവേ കോളനി അല്ലെങ്കിൽ ചേരി എന്നൊക്കെ പറയുന്ന സ്ഥലം? 'കുട്ടിമാമ ഞാൻ ഞെട്ടി മാമ' മുഖഭാവം അറിയാതെ വന്നോ എനിക്ക് ?

വീടിനകത്ത് കയറിയപ്പോളാകട്ടെ, കുളിമുറിപ്പടിയുടെ വിടവിലൂടെ കുറച്ചു വെള്ളം സ്വീകരണമുറിയിലേക്ക്‌ ഒലിച്ചിറങ്ങുന്നു. മനസ്സിൽ ലഡ്ഡു പൊട്ടി പൊടിഞ്ഞു തകർന്നു. ഇനി ഇത് പൊതുകക്കൂസ്സോ മറ്റോ ആയിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി വെറും നിലത്ത് ഇരുന്നുപോയി.

സിനിമകളിൽ കണ്ടിട്ടുള്ളതുപോലെ  എങ്ങും പൂമരങ്ങൾ തണൽ വിരിക്കുന്ന, ഉദ്യാനങ്ങൾ നിറഞ്ഞ, അന്തരീക്ഷത്തിൽ പ്രണയത്തിന്റെ സുഗന്ധം പേറി നിൽക്കുന്ന (ഹും..പ്രണയം പോലും.....ചില സമയത്ത് ഇവിടെ എന്തിന്റെ സുഗന്ധമാണ് എന്ന് ഞാൻ പറയുന്നില്ല...) മധുരസുന്ദര ബാംഗ്ലൂർ എന്ന സ്വപ്നം എന്തായാലും അതോടെ ഒരു സോപ്പുകുമിള പോലെ പൊട്ടി...ഠിം ....

പ്രയാണം

അങ്ങനെ ആ ദിവസം വന്നെത്തി. ഒരുപാടു ആലോചനകൾക്കും, ചർച്ചകൾക്കും, ആശങ്കകൾക്കും ഒടുവിൽ ബാംഗ്ലൂരിലേക്കു പോകുക എന്ന ആഗ്രഹം സാക്ഷാൽക്കരിക്കപ്പെടുന്ന ദിവസം. ആദ്യ സീൻ ആരംഭിക്കുന്നത് തൃശ്ശൂരിലെ KSRTC സ്റ്റാൻഡിൽ നിന്നാണ്. ഇപ്പോൾ ഞാൻ അച്ഛനോടൊപ്പം ഒരു ഗമണ്ടൻ പെട്ടിയുമായി അവിടെ നില്ക്കുകയാണ്. അച്ഛന്റെ മുഖത്ത് ആശങ്കയോ വിഷമമോ എന്നു വേർതിരിച്ചറിയാൻ ആകുന്നില്ല. പക്ഷേ എന്റെ മുഖഭാവം വളരെ വ്യക്തം - പുറമേക്ക് ഞാൻ ഇതെത്ര കണ്ടതാ എന്നാ ധൈര്യം, അകത്ത് ഉദ്യാനങ്ങളുടേയും, സുന്ദരികളുടേയും നാട്ടിലേക്കു പോകുന്നതിന്റെ ആവേശം, ഇംഗ്ലീഷ് കാര്യമായി സംസാരിക്കാനറിയാതെ അവിടെ പിടിച്ചു നിൽക്കാനാകുമോ എന്ന ആശങ്ക, ഒന്നുമില്ലെങ്കിലും ഒരു കൊല്ലം കഴിഞ്ഞു തിരിച്ചു വരാമെന്ന ആത്മവിശ്വാസം. പശ്ചാത്തലത്തിൽ കൂട്ടിനുള്ളത് ശ്രീജിത്ത്‌ - സ്വതവേ ധൈര്യവാനായ, ബാംഗ്ലൂർ മുൻപ് വന്നു പരിചയമുള്ള, സദ്യകൾക്കു പാചകം ചെയ്തു നല്ല അനുഭവജ്ഞാനമുള്ള - കഴിഞ്ഞ 3 വർഷങ്ങൾ കലാലയത്തിൽ ഒരുമിച്ച് പഠിച്ച ഒരു ത്രിശ്ശൂർക്കാരൻ നമ്പൂതിരി.

അംഗിരസ്സും ചിന്തുവും (മറ്റു രണ്ടു സഹപാഠികൾ) ബാംഗ്ലൂരിൽ രണ്ടു ദിവസം മുൻപേ തന്നെ എത്തി. അതുകൊണ്ടു തന്നെ ഞങ്ങൾക്കു പോകാൻ ആത്മവിശ്വാസം കൂടുതലാണ്. അവരുടെ രണ്ടു പേരുടെ കൈയിലും മൊബൈൽ ഇല്ലാത്തതു കൊണ്ട് 'ഷിനോ' എന്ന ചേട്ടന്റെ നമ്പർ ആണ് എഴുതി വെച്ചിരിക്കുന്നത്. ഒന്നുകൂടി തപ്പി നോക്കി - വഴിയും നമ്പറും എഴുതി വെച്ച കടലാസ് പേഴ്സിൽ ഭദ്രമായുണ്ട്. അതാ വെളുത്ത നിറമുള്ള ഒരു ബസ്‌ വരുന്നു - ഞങ്ങൾക്ക് പോകാൻ സമയമായി എന്ന് പശ്ചാത്തലത്തിലെ അറിയിപ്പ് ഓർമിപ്പിച്ചു. ഇത് സാധാരണ ഞാൻ കയറാറുള്ള പാട്ട വണ്ടി അല്ല - പുഷ് ബാക്ക് സീറ്റ്‌ ഉണ്ടത്രേ, നല്ല വേഗത്തിൽ പോകുമത്രേ, ബാംഗ്ലൂരിൽ മജെസ്റ്റിക് എന്ന സ്ഥലത്ത് നിർത്തുമത്രെ - ഇങ്ങനത്തെ ഒരുപാട് 'അത്രേ'കൾ മനസ്സിൽ ഓർത്തുകൊണ്ട്‌ ഞങ്ങൾ പെട്ടി സാമാനങ്ങൾ ബസ്സിൽ കയറ്റി, എല്ലാവരോടും യാത്രയും പറഞ്ഞു. അതെ എല്ലാ സിനിമകളിലും കാണാറുള്ള പോലെ കുറച്ചു വികാരനിർഭരമായ രംഗങ്ങൾ പശ്ചാത്തലത്തിൽ അരങ്ങേറാതിരുന്നില്ല! ഐതിഹ്യമാലയിൽ പറയുന്ന പോലെ 'വിസ്താരഭയം മൂലം ചുരുക്കുന്നു'.

അങ്ങനെ ബസ്‌ പുറപ്പെടുകയായി. അപ്പുറത്തെ സീറ്റിലെ ആളുകൾ ചെയ്യുന്നത് അനുകരിച്ച് സീറ്റ്‌ നല്ലപോലെ പുറകോട്ടാക്കി ഇരുപ്പു സുഖമാക്കി. തുറന്ന ജാലകത്തിലൂടെ ഇടയ്ക്കിടയ്ക്ക് വഴിവിളക്കുകളുടെ പ്രകാശം മുഖത്തേക്ക് വീഴുന്നതൊഴിച്ചാൽ ബാക്കി എല്ലാം സുഖം. നാളെ നേരം പുലരുമ്പോൾ  ഉദ്യാന നഗരിയിൽ. തണുത്ത കാറ്റ് മുഖത്ത് തഴുകുമ്പോൾ കണ്ണുകൾ താനേ അടഞ്ഞു പോകുന്നു. ഉണർവിൽ നിന്ന് ഉറക്കത്തിലേക്കു വഴുതി വീഴുന്ന ഇടവേളയിൽ എപ്പോഴോ ഒരു പാതി പുഞ്ചിരി മുഖത്ത് തത്തി കളിച്ചിരുന്നുവോ....

പ്രയാണം ഇവിടെ തുടങ്ങുന്നു......

ചില ഓർമ്മപെടുത്തലുകൾ..

ചില ഓർമ്മപെടുത്തലുകൾ..
മനസ്സ് ആകെ ശൂന്യമായിരിക്കുന്നത് പോലെ.....ഒരു മഴക്കും വേറൊരു മഴക്കും ഇടയിലെ മഴക്കാരിന്റെ വിങ്ങിപ്പൊട്ടൽ പോലെ ഒരു അവസ്ഥ... എന്തെങ്കിലും എഴുതണമെന്ന ആഗ്രഹത്തോടെ ഇരുന്നതാണ് പക്ഷെ മനസ്സ് ചിറകു പൊട്ടിയ പട്ടം പോലെ പാറി കളിക്കുന്നു . ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ശ്രമമായതുകൊണ്ടുള്ള പ്രശ്നമാണോ എന്നറിയില്ല. ഒരുപാട് വിഷയങ്ങൾ പണ്ടെങ്ങോ പരിചയപ്പെട്ട ആളുകളെപ്പോലെ മനസ്സിൽ ഒരു തിരനോട്ടം നടത്തി പിൻവാങ്ങുന്നു.  ഞാനിന്ന് എന്തിനെപ്പറ്റി ഉറക്കെ സംസാരിക്കും?

ഒന്ന് തിരിഞ്ഞു നോക്കിയാലോ? വർഷങ്ങൾ ഒരുപാടു കഴിഞ്ഞിരിക്കുന്നു ഈ വഴിയോരക്കാഴ്ചകൾ തുറന്നിട്ട്‌. ഇതുവരെ ആത്മസംതൃപ്തി നൽകുന്ന വിധത്തിൽ ഇതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. സമയമില്ലായ്മ എന്ന ഒഴിവുകഴിവ് പറയാൻ എനിക്ക് തന്നെ ലജ്ജ തോന്നുന്നു. തീർച്ചയായും അതല്ല പ്രശ്നം - എഴുതുക എന്ന ശീലത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വരുത്തി വെച്ച ഒരു മാനസിക അകൽച്ചയാണ്. ഒന്നും മിണ്ടാത്ത ഞാൻ ആത്മാവ് നഷ്ടപെട്ട ശരീരത്തെ പോലെയാണ്. അതുകൊണ്ട് എനിക്ക് കൊതിയാകുന്നു സർഗാത്മകതയുടെ അനിർഗളധാര ഒഴുകിയിരുന്ന ആ ഭൂതകാലത്തേക്ക് തിരിച്ചു പോകാൻ, അവിടെ ഒരു തുമ്പിയായി പാറാൻ, മഴയായ് പെയ്യാൻ, മണ്ണിനോട് മുഖം ചേർത്ത് പുതുമണം നുകർന്ന് കിടക്കാൻ, ഒടുവിൽ ജീവിതമെന്ന കളിയാട്ടത്തിന്റെ പകർന്നാട്ടങ്ങൾ കഴിഞ്ഞു വേദിയുടെ പുറകിൽ ചെന്ന് വേഷകളും ഭൂഷകളും അഴിച്ചു കളഞ്ഞു, മുഖത്തെ ചായം വടിച്ചു കളഞ്ഞു ആത്മാവിന്റെ വ്രണങ്ങളിൽ ഒരൽപം സ്നേഹം ലേപം ചെയ്യാൻ..

കഴിഞ്ഞു പോയത് ഒരു 'ഇലപൊഴിയും കാലം' ആയിരുന്നു. ഇനി ഇവിടെയൊക്കെത്തന്നെ ഉണ്ടാകും എന്ന ഉറപ്പോടെ വിട...