Sunday, 31 December 2017

പ്രിയസുഹൃത്ത് 2017 വായിച്ചറിയാൻ...


പ്രിയ കൂട്ടുകാരാ,
                       ഏതാനും മണിക്കൂറുകൾക്കുള്ളിൽ നീയെന്നോട് വിടപറഞ്ഞ് വിസ്‌മൃതിയുടെ കൂടാരത്തിലെ കൊച്ചുമുറിയിൽ അനിവാര്യമായ മയക്കത്തിലേക്ക് പോകുമല്ലോ. അതിനുമുമ്പായി നാമൊരുമിച്ച് ചിലവഴിച്ച ചുരുക്കം ചില നിമിഷങ്ങളെ ഒന്നോർത്തെടുക്കാൻ ശ്രമിക്കട്ടെ! ഓർമ്മകൾ കടലുപോലെയാണല്ലോ; എവിടെത്തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയില്ല. മനഃപൂർവ്വമല്ലാതെ എന്തെങ്കിലും ഞാൻ വിട്ടുപോയാൽ നീ സാദരം ക്ഷമിക്കുമല്ലോ!

പുതുവത്സരാഘോഷങ്ങളുടെ ചൂടാറുംമുമ്പ് രണ്ടു ദശാബ്ദങ്ങളിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയോടെ കാശ്മീരിലും, മകരസംക്രാന്തിക്കിടയിലെ ബോട്ടപകടമായി ഗംഗാനദിയിലും ഒരുപാടുപേരുടെ മരണമെന്ന വാർത്ത എന്തിനാണ് ഈ വർഷത്തിന്റെ തുടക്കം തന്നെ നീ തന്നത്? അല്ലെങ്കിലും  ഭൂമിയിലെ സ്വർഗ്ഗത്തിൽ കുറേനാളുകളായി അശാന്തി മാത്രമാണ് വിളയുന്നത്. കൂടെ നടക്കുന്നവൻപോലും തന്റെ ശത്രുവാണെന്നും നാളെയൊരിക്കൽ അവന്റെ നിറതോക്ക് നീളാൻപോകുന്നത് തന്റെ നെഞ്ചിനുനേരെയാണെന്നും വിശ്വസിക്കേണ്ട ഗതികേടിൽപെട്ടുപോയി അവിടത്തെ ജനത. ഒരു വരക്കിരുപുറം നിന്നുകൊണ്ട് ഒരമ്മപെറ്റമക്കൾ മരണത്തിന്റെ കണക്കുപുസ്തകത്തിൽ പുതിയപേരുകൾഎഴുതിച്ചേർക്കുന്നു. മനുഷ്യത്വത്തിന്റെ കണ്ണുകൾമൂടുന്ന ചോരയുടെ കട്ടപിടിച്ച ഇരുട്ടിനുമപ്പുറം ആയുധവ്യാപാരത്തിന്റെ കഴുകൻകണ്ണുകൾ 'ആന്ദ്രേ കലാഷ്നിക്കോവിന്' സ്തുതിപാടുന്നു. നീ വിടപറഞ്ഞകലുമ്പോൾ ഞാനിവിടെ ഒരു മൂലയിൽ ഭയപ്പാടോടെ നിൽക്കുകയാണ് സുഹൃത്തേ...ഡോക്‌ലയിലും, കാശ്മീരിലും തുടങ്ങി ഉത്തരകൊറിയവരെ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത് ഇനിയും പെയ്തുതോർന്നിട്ടില്ല. ഓരോ യുദ്ധത്തിലും മരിച്ചുവീണത് ഏതോ ഒരമ്മ തേനും വയമ്പും കൊടുത്ത്, നെയ്യൊഴിച്ച് ചോറുകൊടുത്ത്, താരാട്ടുപാടി ഉറക്കിയ മക്കളല്ലേ? ഇനിയൊരു യുദ്ധമുണ്ടായാൽ 'അറേബ്യയിലെ എല്ലാ സുഗന്ധ'വും പോരാതെവരും ആ ചോരമണം മായാൻ. 

പ്രതീക്ഷ കൈവിടരുത് എന്നോർമിപ്പിച്ചാണ് പ്രിയകൂട്ടുകാരാ നീ കടന്നുപോകുന്നത്. ഏതാനും നാളുകൾമുമ്പ് നമ്മുടെയും അയൽക്കാരുടെയും സൈന്യങ്ങൾ മുഖാമുഖം നിന്നപ്പോൾ, മിടിപ്പുനിർത്താൻ മടിച്ച ഏതാനും ഹൃദയങ്ങൾ കനിവിന്റെ ഇത്തിരിവെളിച്ചത്തിനായി കൈനീട്ടി. അതിർത്തിക്കിപ്പുറെനിന്ന് നമ്മുടെ ദേശം ആ വിളികേട്ടു; ആ കുഞ്ഞുഹൃദയങ്ങൾക്കായി മാറുചുരന്നു. 'മെഡിക്കൽവിസ' എന്ന മേഘസന്ദേശത്തിന്റെ പിൻബലത്തിൽ അതിർത്തിക്കിപ്പുറം വന്നവരുടെ താളംതെറ്റിയ ആ മിടിപ്പുകൾ ചരകന്റെയും ശുശ്രുതന്റെയും പിന്മുറക്കാർ ഒരു ബീഥോവൻ സിംഫണിയായി മാറ്റി. ഇപ്പോൾ അവരുടെ ഹൃദയങ്ങൾ നമുക്കായിക്കൂടെയാകും മിടിക്കുന്നത്! അല്ലെങ്കിലും സ്നേഹത്തിന്റെ ചൂടിൽ വെണ്ണപോലുരുകിയ ചരിത്രമേ ഇന്നുവരെ മനുഷ്യൻ തീർത്ത അതിർവരമ്പുകൾക്കുള്ളൂ! രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങൾക്കുമപ്പുറം ഒരു ജനതക്ക് ഒരു ഭരണാധികാരിയെ സ്നേഹിക്കാൻ കഴിയുമെന്ന് 'സൂഷമ സ്വരാജ്' എന്ന പേര് പലവട്ടം ഓർമിപ്പിച്ചു. അമ്മയുടെ വാത്സല്യത്തെ ദൗർബല്യമായി കരുതിയവർ  ഐക്യരാഷ്ട്രസഭയിൽ 'ഈനാം ഗംഭീർ' എന്ന സിംഹിണിയുടെ ഗർജ്ജനം കേട്ട് നടുങ്ങിയതും നീ ഞങ്ങൾക്ക് കാണിച്ചുതന്നു.

രസം രസകരം ...
'എന്റെ മകനെ ഞാൻ സ്നേഹിച്ചിരുന്നു - അവൻ കണ്ണുതുറന്ന നിമിഷം മുതൽ നീ അതടച്ച നിമിഷം വരെ' (I loved my boy from the moment he opened his eyes till the moment you closed them), 'യുദ്ധമെന്നാൽ ചെറുപ്പക്കാർ മരിക്കുന്നതും വൃദ്ധർ സംസാരിക്കുന്നതു'മാണ് (War is young men dying and old men talking) എന്ന വാചകങ്ങളിലൂടെയെല്ലാം നമ്മെ ഒരുപാട് കാലം രസിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത അഭ്രപാളിയിലെ വിസ്മയമായിരുന്നു 'ട്രോയ്' എന്ന ചലച്ചിത്രം. എന്നാൽ തലപ്പൊക്കമൊട്ടും കുറയാതെ, അമരേന്ദ്രനും മഹേന്ദ്രനുമായി ബാഹുബലി എന്ന പോരാളി ആ ശ്രേണിയിലേക്ക് നിന്റെ കൈപിടിച്ച് എത്രവേഗമാണ് ഓടിക്കയറിയത്. അപ്പൻ കട്ടോണ്ടുപോയ 'ജിമിക്കികമ്മൽ' കടലേഴുംകടന്നു തരംഗമായി. കലിപ്പടക്കി കപ്പടിക്കാൻ നമ്മുടെ ചുണക്കുട്ടികൾ ഇപ്പോളും മൈതാനത്തുണ്ട്. അടിയോടടി പൊടിപൂരമായി രോഹിത് ശർമയും, വിജയങ്ങളോടെ 'വിരാട്'പുരുഷനും ഞങ്ങളെ ത്രസിപ്പിച്ചു. ഏട്ടനാണെങ്കിലോ മീശയെല്ലാം കളഞ്ഞു ഒടിയന്റെ മായക്കളികൾക്ക് ഞങ്ങളെ ക്ഷണിച്ചു.

പക്ഷേ ലണ്ടനിലെ ലോക പാരാഅത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ സുന്ദർസിംഗ് ഗുർജാർ എന്ന പോരാളിയുടെ പുഞ്ചിരിയോളം സുന്ദരമായിരുന്നില്ല ഈ കാഴ്ചകളൊന്നുംതന്നെ.

രാഷ്ട്രീയം  മഹാശ്ചര്യം...
നോട്ട്നിരോധനത്തിൽ കാലിടറുമെന്ന് കരുതിയവർക്കിടയിലേക്ക് ഉത്തർപ്രദേശിനെ തൂത്തുവാരി ബഹുദൂരം മുന്നേറിയ വർഷാദ്യത്തിൽ നിന്ന്, മോടി കാര്യമായി കുറയാത്തൊരു ജയത്തോടെ ഒരാൾ ഗുജറാത്തിലും  പിടിച്ചുനിൽക്കുന്നതാണ് നീ വിടപറയുമ്പോൾ കാണുന്നത്. പക്ഷേ ഇതുവരെകണ്ടതൊന്നുമല്ല യഥാർത്ഥ കളിയെന്ന് കാണിച്ചുകൊടുക്കാൻ മഹാറാണിയിൽനിന്ന്  മുത്തശ്ശിപ്പാർട്ടിയുടെ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി യുവരാജനും ഒരുങ്ങിക്കഴിഞ്ഞു.

കേരളത്തിലേക്ക് നോക്കിയാൽ, എല്ലാമൊന്നും ശരിയാക്കിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ ശരിയാക്കാൻ നോക്കുന്നു പടനായകൻ - ഇടയ്ക്കു ചില വിക്കറ്റുകൾ തെറിച്ചെങ്കിലും. കാവിയും ചുകപ്പും കൊടികൾ പിടിച്ചവരുടെ അനുയായികൾ രക്തസാക്ഷികളുടെ സ്കോർബോർഡിൽ  സമനില പാലിച്ചു. ഇതിനിടയിൽ 2G എന്നൊരു സംഭവം അനിക്സ്പ്രേയുടെ പരസ്യംപോലെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ'  എന്നപോൽപോയി . അയല്പക്കത്താണെങ്കിലോ അമ്മയുടെ ഓർമ്മകളിൽനിന്ന് R K നഗറിൽ ഒരു ദിനകരോദയം! ഉലകനായകനും, സ്റ്റൈൽമന്നനും കൂടി കളത്തിലിറങ്ങിയാൽ ബലേഭേഷ്!

ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്തെ 'രണ്ടില' ഇളംകാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ഇപ്പോളും ആടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണല്ലോ   എന്റെ സുഹൃത്തേ പോകുമ്പോളും നീ ബാക്കിവെക്കുന്നത്!

വാക്കുകൾ...വാക്കുകൾ 
തടിച്ച നിഘണ്ടുകളിൽ പഠിച്ച വാക്കുകളെയെല്ലാം തോൽപ്പിച്ച് 'യുവഭൂകമ്പം (youthquake)' 2017ന്റെ വാക്കായി. പക്ഷെ ഇതിനെപ്പറ്റി ആരെങ്കിലും കൂടുതലെന്തെങ്കിലും ചോദിച്ചാൽ ഞങ്ങൾ മലയാളികൾ പറയും OMKV. ഇത്രയുമാളുകൾക്ക് ഓടാൻപാകത്തിൽ കണ്ടം നമ്മുടെ നാട്ടിലിനി ബാക്കിയുണ്ടോ ആവോ? ഇതുകേട്ട് മടുത്തിട്ടാണോ എന്തോ; വെടിയുണ്ടകണക്കെ ഓടി നമ്മളെ വിസ്മയിപ്പിച്ച ഉസൈൻബോൾട്ട് എന്നൊരാൾ ഓട്ടം നിർത്തിയേക്കാം എന്ന് തീരുമാനിച്ചു.

കണ്ണീരോർമ്മകൾ..... 
നിന്റെ മുൻഗാമി 'സുനാമി' എന്ന ഓമനപ്പേരിൽ ഒരു ക്രിസ്മസിന് വിളിക്കാതെ കയറിവന്നു. നീയാണെങ്കിലോ 'ഓഖി' എന്ന പേരിൽ മറക്കാനാകാത്ത ഒരുപാടു മുറിവുകൾ സമ്മാനിച്ച് മടങ്ങാൻ തിരക്കുകൂട്ടുന്നു. എന്തിനായിരുന്നു ഒരുപാട് കുടുംബങ്ങളുടെ ചുമരുകളിൽ കണ്ണീരോർമ്മകൾകൊണ്ടണിയിച്ച ഹാരവും പേറിയ ചിത്രങ്ങളെ പ്രതിഷ്ഠിക്കാൻ നീ ഇടവരുത്തിയത്? നിനക്കറിയാമല്ലോ എപ്പോഴും പേരുകൾ മാത്രമേ മായുന്നുള്ളൂ.. ഓർമ്മകൾ മായുന്നേയില്ല.

ബാക്കിയാകുന്ന ആകാംഷകൾ.... 
ഒരാൺകുട്ടിയും പെൺകുട്ടിയും അഭിനന്ദനസൂചകമായി പരസ്പരം ആശ്ലേഷിച്ചതിന് അച്ചടക്കനടപടി നേരിട്ടുവെന്ന വാർത്ത നടുക്കത്തോടെയാണ് കേട്ടത്. നമ്മൾ ഇതേതു യുഗത്തിലേക്കാണ് പോകുന്നത്? അഭിനന്ദനത്തെ ആശ്ലേഷംകൊണ്ട് രേഖപ്പെടുത്തുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. കുറച്ചുകാലം മുൻപേ ജനിച്ചത് ഭാഗ്യമായെന്ന് തോന്നിപ്പോകുന്നു. അല്ലെങ്കിൽ എന്റെ കൊച്ചുസന്തോഷങ്ങളിൽ പങ്കുചേരുകയും, പെണ്ണുടലിന്റെ അപരിചിതത്വമേതുമില്ലാതെ, സൗഹൃദമെന്ന ഊഷ്മളതയുടെ കംബളമണിഞ്ഞ് എന്തിനുമേതിനും കൂടെനിന്ന പെൺസുഹൃത്തുക്കളേ - നിങ്ങളെ ഞാനൊരിക്കലും ഓർത്തുവെക്കുകപോലുമില്ലായിരുന്നു!  

മെർസലും, എസ് ദുർഗയും മുതൽ പദ്മാവതിവരെ കത്രികക്കിരയായി. തന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻതുമ്പത്ത് അവസാനിക്കുന്നു എന്ന് കലാകാരന്മാരെയും, വെട്ടിയെറിയാവുന്നതല്ല അഭിപ്രായങ്ങളെന്നു ദന്തഗോപുരവാസികളെയും മനസ്സിലാക്കിക്കുന്നതിൽ  സുഹൃത്തേ നീ പരാജയപ്പെട്ടു.  കത്രികപ്രയോഗം മുന്നിൽനിന്ന് നയിച്ചൊരാൾ സ്ഥാനമൊഴിഞ്ഞതിനുശേഷം, ഭാരതസംസ്കാരം ഉച്ചൈസ്തരം വിളംബരംചെയ്യുന്നൊരു ചലച്ചിത്രത്തിലൂടെ, ആദർശമെന്നത്  സൗകര്യംപോലെ എടുത്തണിയാനും ഊരിമാറ്റാനുമുള്ള ഒരു മേൽവസ്ത്രമാണെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു.

 ബ്ലോഗറുടെ സന്തോഷങ്ങൾ.. 
കാറ്റോ വെളിച്ചമോ കടക്കാതെ കിടന്നിരുന്ന 'വഴിയോരക്കാഴ്ചകൾ' എന്നൊരു ബ്ലോഗുണ്ടായിരുന്നു. വെറുംവെറുതെ എഴുതുന്ന പ്രജിത്തെന്ന കൂട്ടുകാരൻ തന്ന ബലത്തിൽ പിന്നെയും എന്തൊക്കെയോ ഞാൻ കുത്തിക്കുറിക്കാൻ ശ്രമിച്ചു. വിടപറയുംമുൻപേ നീയെനിക്കു തന്ന ഏറ്റവുംനല്ല സമ്മാനം ഇതിലെ പോസ്റ്റുകൾ ബ്ലോഗ്‌ലോകത്ത് പയറ്റിത്തെളിഞ്ഞ രണ്ടുപേർ വായിച്ചുവെന്നതാണ് - 'കോളാമ്പി'യുടെ  കഥാകാരൻ ശ്രീ. സുധി അറയ്ക്കലും, ഒരേയൊരു ശിവനന്ദ ചേച്ചിയും. ഈ പൊട്ടക്കുറിപ്പുകൾ ക്ഷമയോടെ വായിച്ച് നല്ലവാക്കുകൾ കോരിയിട്ടു സുധി; ശിവച്ചേച്ചിയോ കമന്റുകളിൽ കവിതയുടെ മായികവശ്യത നിറച്ചു. ജീവനും ശ്വാസവും എഴുത്ത് തന്നെയായ ഇവരെപ്പോലുള്ളവരുടെ വാക്കുകൾ പിച്ചവെച്ചുനടക്കാൻ പഠിക്കുന്നവന് നൽകുന്ന ആത്മവിശ്വാസം പറവതിലെളുതല്ല നിശ്ചയം!

ആകെ ഒരു പേടിയേ ശേഷിക്കുന്നുള്ളൂ - ഇനി 'അറക്കൽ ബീവി' ആരാണെന്നു ആരെങ്കിലും എന്നോട് ചോദിച്ചാൽ അറിയാതെ 'അത് മ്മ്‌ടെ സുധീടെ കെട്ട്യോളായിരിക്കും' എന്നെങ്ങാൻ പറഞ്ഞുപോകുമോയെന്ന്. ഇനി അങ്ങനെയെങ്ങാൻ സംഭവിച്ചാൽ ഹൃദയകല്ലോലിനി ക്ഷമിക്കുമെന്നു കരുതട്ടെ (എന്താണ് ഹൃദയകല്ലോലിനിക്കിവിടെ കാര്യമെന്ന് സംശയിക്കുന്നവർ നേരിട്ട് കോളാമ്പിയിൽ പോയി സംശയനിവൃത്തി വരുത്താനപേക്ഷ)

ബാക്കിവെച്ച ആ ചോദ്യം.... 
കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നതടക്കം ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നല്കിയിട്ടാണ് നീ വിടപറയുന്നത്. പുതിയ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. പക്ഷെ ഒരേ ഒരുചോദ്യം ഉത്തരംകിട്ടാതെ ഇപ്പോളും ചെവിയിൽ മുഴങ്ങുന്നു. അത് മറ്റൊന്നുമല്ല......

"നീ എന്തിനാടാ ചക്കരേ അച്ചൻപട്ടത്തിന് പോയത്?" 


ഒടുവിൽ വിട.... 
ഇനിയുമൊരുപാട് കാര്യങ്ങൾ നിന്നോട് പറയണമെന്നുണ്ട്. പക്ഷേ ഇതെല്ലാം വായിക്കാൻ നിനക്ക് സമയംതികയുമോ എന്ന് സംശയമുള്ളതുകൊണ്ട് കത്ത് ചുരുക്കുന്നു.

നീയിപ്പോൾ അങ്ങുദൂരെ പടിഞ്ഞാറൻ ചക്രവാളത്തിൽ ദേഹി ദേഹത്തെ വേർപെടുന്നതിനു മുൻപായുള്ള  സമുദ്രസ്നാനത്തിലായിരിക്കും. നന്ദി കൂട്ടുകാരാ, നിറമുള്ള ഒരുപാടോർമ്മകൾക്ക്.

ഇനി നീ സുഖമായുറങ്ങുക.... ശുഭയാത്ര നേരുന്നു.

സസ്നേഹം 
വഴിയോരക്കാഴ്ചകൾ 
(ഒപ്പ്)

2 comments:

  1. അസ്സലായിരിക്കുന്നു ...
    വിടപറഞ്ഞുപോകും മുമ്പ് 2017നു നൽകുവാൻ
    ഇതിലും നല്ല ബാഷ്പാഞ്ജലികൾ ഇല്ല കേട്ടോ മഹേഷ് .

    ReplyDelete
  2. സ്നേഹം മുരളിയേട്ടാ പൊടിപിടിച്ചുകിടക്കുന്ന പഴയതെല്ലാം ഒന്നെത്തിനോക്കുന്നതിന്...

    ReplyDelete