Tuesday 5 May 2015

വേരുകൾ...


"മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം..
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും"
                                                                                                                            ---ബാഗ്ദാദ്

ഞാനിപ്പോൾ ആലോചിക്കുന്നത് വേരുകൾ നഷ്ടപ്പെട്ടു പോകുന്നവരെക്കുറിച്ചാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ സ്വന്തം സ്വത്വത്തെ വിട്ടകന്നു പോയവരെക്കുറിച്ച്! ഏതൊരു വന്മരത്തിനും ബലം നൽകുന്നത് അതിന്റെ വേരുകളാണല്ലോ. കാറ്റിന്റെ ഹുങ്കാരങ്ങൾക്കെതിരെ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാനും മണ്ണിന്റെ ഊഷരതകൾക്കിടയിലൂടെ ഊർന്നിറങ്ങി പാറകളുടെ പ്രതിബന്ധങ്ങളെ തകർത്ത് വളർച്ചക്കാവശ്യമായ ജീവജലങ്ങളും പോഷണങ്ങളും എത്തിച്ചുകൊടുക്കാനും ഈ വേരുകൾ ഇല്ലെങ്കിൽ അങ്ങനെയൊരു മരത്തിനു നിലനിൽപ്പുണ്ടോ? ഏതാണ്ട് ഇതേപോലെതന്നെയല്ലേ മനുഷ്യന്റെ കാര്യവും? അവന്റെ വേരുകൾ അവന്റെ ഭാഷയും സംസ്കാരവുമാണെന്ന ഒറ്റ വ്യത്യാസം മാത്രം. കാലദേശാന്തരങ്ങളിലൂടെ നമ്മുടെ പ്രപ്പിതാമഹന്മാർ വളർത്തിയെടുത്ത ഒരു മഹാസംസ്കാരത്തെ അതിന്റെ വേരുകളിൽ നിന്നു അടർത്തിയെടുത്ത് തികച്ചും അപരിചിതമായ മറ്റേതോ മണ്ണിൽ പാകുമ്പോൾ നാം അതിനെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഇതു തന്നെയല്ലേ ഒന്നോർത്താൽ എല്ലാ പ്രവാസി മലയാളിയുടേയും ജീവിതത്തിൽ സംഭവിക്കുന്നത്? നാം ജനിച്ചു വളർന്ന നാട്ടിൻപുറത്തെ വിട്ട് ഏതോ മഹാനഗരത്തിന്റെ ഊഷരതകളിലേക്കു സ്വയം പറിച്ചു നടുമ്പോൾ നമ്മുടെ വേരുകൾ-അവ മണ്ണിൽ ഉറച്ചു നിൽക്കുന്നുണ്ടോ? ഏന്റെ അനുഭവം ഇല്ല എന്നു തന്നെയാണ്. ഏനിക്കിവിടെ ഒരു തുമ്പപ്പൂ കാണാനാകുന്നില്ല, ഓണപ്പാട്ടുകളോ, തിരുവാതിരക്കളിയോ ഇവിടില്ല, അമ്പു പെരുന്നാളുകളില്ല, ആനകളില്ല, മേളങ്ങളില്ല. ഒരുപക്ഷേ ഇതൊക്കെക്കൊണ്ടുതന്നെയാകാം ഞാനെന്റെ നഷ്ടപ്പെട്ടുപോയ വേരുകൾ തേടി വീണ്ടും വീണ്ടും ഇരുട്ടിൽ പരതുന്നത്.

                 ഒരു മഴ പെയ്യുന്നത് കാണുമ്പോൾ എന്റെ ഹൃദയം ആർദ്രമാകുന്നു, ഒരു തുമ്പി പാറുന്നത് കാണുമ്പോൾ നഷ്ടപ്പെട്ടുപോയ ഏതോ ഓർമകളുടെ മയിൽപ്പീലിക്കാവുകൾക്കപ്പുറെ നിന്നും ഒരോണപ്പാട്ടു കേൾക്കുന്നു. ഒരു തെങ്ങ്, അല്ലെങ്കിൽ ഒരു പച്ചപ്പാടം കാണുമ്പോൾ മറവിയുടെയും, നഷ്ടബോധങ്ങളുടെയും കട്ടപിടിച്ച അന്ധകാരത്തിൽ എവിടെയോ ഗൃഹാതുരത്വത്തിന്റെ ഒരു മിന്നാമിനുങ്ങുവെട്ടം പാറുന്നു...അതേ ഞാനറിയുന്നു എന്റെ വേരുകളുടെ വാടാത്ത എതാനും ശകലങ്ങൾ ഇപ്പോഴും പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ച ആ കേരകേദാരഭൂവിന്റെ നനഞ്ഞ മണ്ണിൽ എവിടെയോ ഉണ്ടെന്ന്!  വിശക്കുന്നവന്റെ മുന്നിൽ അപ്പമായും, വരണ്ടുണങ്ങിയ ഭൂമിയുടെ മാറിൽ മഴയായും പെയ്യുന്ന ആ കരുണ്യത്തോടു ഞാൻ അപേക്ഷിച്ചു പോകുന്നു 'എനിക്കു ചിറകുകളുണ്ടായിരുന്നെങ്കിൽ' എന്ന്! എങ്കിൽ ഞാൻ കാടുകളും മലകളും താണ്ടി അങ്ങു ദൂരേക്കു പറന്നിട്ടു എന്റെ വേരുകൾ തറഞ്ഞു നിൽക്കുന്ന ആ മണ്ണിൽ മുഖം ചേർത്തു കിടന്നാനേ!

                   ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് ഏകദേശം 6 വർഷമായി നാട്ടിൽ നിന്നു പോന്നിട്ട്, എന്നിട്ടും എന്തുകൊണ്ടാണു ഞാനിപ്പോഴും എന്നും ഉറങ്ങുന്നതിനു മുൻപു ഒരിക്കലെങ്കിലും തുമ്പപ്പൂക്കളേയും, ഓണപ്പാട്ടുകളേയും, എല്ലാത്തിനും ഉപരിയായി എന്റെ തോട്ടത്തിൽ മുടങ്ങാതെ പൂക്കാറുള്ള കുറ്റിമുല്ലയേയും ഓർത്തുപോകുന്നത് (ക്ഷമിക്കുക പൂന്തോട്ടങ്ങൾ എന്നും എനിക്കൊരു ദൌർബല്യമാണ്). ഒരു പക്ഷേ എനിക്കു മതിഭ്രമമായിരിക്കാം അല്ലെങ്കിൽ ഞാനൊരു ദിവാസ്വപ്നം കാണുകയായിരിക്കാം. പക്ഷേ ഞാനറിയുന്നു അത്തരം സ്വപ്നങ്ങളാണു എന്റെ ജീവിതം മുന്നോട്ടു നയിക്കുന്നതെന്ന്. അതേ ഞാനറിയുന്നു എന്റെ വേരുകൾ ആ മണ്ണിൽ തന്നെ തറഞ്ഞു കിടക്കുകയാണു ഇപ്പോഴും. എപ്പോഴത്തേയും പോലെ എന്റെ ഹൃദയം ഗൃഹാതുരത്വത്തിന്റെ വേരുകളിൽ കനവിന്റെ ഇത്തിരി നനവു തിരയുകയായിരിക്കാം......

പിൻകുറിപ്പ്: ഒരുപക്ഷേ വേരുകളെപ്പറ്റി ഇനിയും കുറച്ചു കൂടി പറയാനുണ്ട്. അതു മറ്റൊരു കുറിപ്പായി എഴുതാം