Monday 19 August 2019

മാംഗല്യം തന്തുനാനേനാം...


പഠിപ്പ്കഴിഞ്ഞ് ഒരു ജോലിയൊക്കെ ആയിക്കഴിയുമ്പോൾ വീട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം സ്ഥിരം കേൾക്കുന്നൊരു ചോദ്യമുണ്ട് "ഇനിയിപ്പോ എന്തിനാ വൈകിക്കണേ, ഒരു കല്യാണമൊക്കെ കഴിച്ചൂടേ" എന്ന്. ഈ ചോദ്യത്തിൽനിന്ന് ഏതാണ്ടൊരു 28 വയസ്സുവരെ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടുനടന്നെങ്കിലും പിന്നെത്തോന്നി എന്നാൽ അങ്ങ് കെട്ടിയേക്കാമെന്ന്. ആചാരങ്ങളൊന്നും തെറ്റിക്കേണ്ടെന്നു കരുതി തൃശൂർ പോയി ഒരു വലിയ സ്റ്റുഡിയോയിൽ കയറി. മാട്രിമോണി ഫോട്ടോ എന്നുപറഞ്ഞതും കസേരയിൽ കാലിൽ കാൽകയറ്റിവെച്ച് ഒട്ടിച്ചുവെച്ച ചിരിയോടെ ഒന്ന്, ഫുൾ ലെങ്ത്തിൽ ഷർട്ടൊക്കെ ഇൻ ചെയ്തു മറ്റൊന്ന് അങ്ങനെ രണ്ടുതരം ഫോട്ടോകൾ ആവശ്യത്തിലധികം ടച്ചപ്പൊക്കെ ചെയ്തു പെട്ടെന്നുതന്നെ റെഡിയാക്കിത്തന്നു.

ജാതകത്തിന്റെ കോപ്പിയോടൊപ്പം ഈ ഫോട്ടോയുടെ കോപ്പികൾ  ഓൺലൈൻ സൈറ്റുകൾ, കല്യാണ ബ്യുറോകൾ, ബന്ധത്തിലും, പരിചയത്തിലും പെട്ട ആളുകൾ എന്നിങ്ങനെ പലവഴികളിലൂടെ സഞ്ചരിച്ചു. എന്നിട്ടും പെട്ടെന്നൊന്നും കാര്യങ്ങൾ അങ്ങോട്ട് സെറ്റായില്ല. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാൽ ജാതകത്തിലെ ലസാഗുവും ഉസാഘയുമെല്ലാം ഉടക്കും. ഇനി ജാതകം ചേർന്നാലോ കുട്ടി അല്ലെങ്കിൽ കുടുംബം നമുക്കൊട്ടു പിടിക്കുകയുമില്ല. ബാംഗ്ലൂർ നിന്ന് ലീവിന് വരുക, ഉള്ള രണ്ടോ മൂന്നോ ദിവസം പലയിടങ്ങളിൽ പോയി ചായകുടിക്കുക എന്നതായിരുന്നു കുറച്ചുനാളേക്ക് ഒരു ഡെയിലി റൂട്ടിൻ. "ഉള്ള പലഹാരം മുഴുവൻ വന്നവൻ തിന്നുതീർത്തു  ഇല്ലെങ്കിൽ അടുത്ത ചെക്കന്റെ കൂട്ടർ വരുമ്പോൾ കൊടുക്കാമായിരുന്നു....." എന്ന പ്രാക്ക് കേൾക്കേണ്ടല്ലോ എന്നുകരുതി, ചായക്കൊപ്പം മേശയിൽ പ്രത്യക്ഷപ്പെടുന്ന മിക്സ്ചർ, അച്ചപ്പം, കുഴലപ്പം, ലഡ്ഡു ഇത്യാദികളെ പൂർണമായും അവഗണിക്കാറാണ് പതിവ്.

ആദ്യറൗണ്ട് പെണ്ണുകാണാൻ പോകുമ്പോൾ അച്ഛൻ, അമ്മ ബന്ധുക്കൾ അങ്ങനെ ആരെയുംതന്നെ കൊണ്ടുപോകുന്ന പതിവില്ലായിരുന്നു. സ്ഥിരമായി അനിയനാണ് സാരഥി. അതുകൊണ്ട് രണ്ടാണ് ഗുണം - ഒന്നാമതായി 'എത്രയെണ്ണമായി കാണുന്നു',  'അങ്ങനെ എല്ലാം തികഞ്ഞതിനെ നോക്കിയിരുന്നാൽ നടക്കുമോ', 'ഈ വർഷം നടന്നില്ലെങ്കിൽ പിന്നെ അഞ്ച് വർഷം കഴിയണം എന്നാണ് ജ്യോൽസ്യൻ പറഞ്ഞത്' എന്നുള്ള പഞ്ച് ഡയലോഗുകൾ കേട്ട് പ്രഷർ കൂട്ടണ്ട, രണ്ടാമത് എന്നെ എങ്ങനെയെങ്കിലും പെട്ടെന്ന് കല്യാണം കഴിപ്പിച്ചയക്കണം എന്ന വാശി അവനില്ലാത്തതുകൊണ്ട് സത്യസന്ധമായ ഒരഭിപ്രായം കിട്ടും.

അങ്ങനെയിരിക്കുമ്പോഴാണ് ഓൺലൈനിൽ പ്രൊഫൈൽ കണ്ട് ഒരാലോചന വന്നത്. പറഞ്ഞുവരുമ്പോൾ  പെൺകുട്ടിയുടെ അച്ഛൻ എന്റെ അമ്മൂമ്മയുടെ സഹപ്രവർത്തകൻ, ഞാൻ പഠിച്ച സ്കൂളിലെ മാഷ്, പെൺകുട്ടി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു, കുട്ടിയുടെ ചേച്ചി ഭർത്താവിനൊപ്പം ബാംഗ്‌ളൂർ തന്നെ. ആകപ്പാടെ കേട്ടപ്പോൾ തന്നെ തരക്കേടില്ല എന്നുതോന്നി. കുട്ടി ലീവിന് നാട്ടിൽ പോയിരിക്കുന്ന സമയമായതുകൊണ്ട് ഒരു ചേഞ്ചിന് ആദ്യം അച്ഛനുമമ്മയും പോയി കാണട്ടെ എന്നുവെച്ചു. അതുകഴിഞ്ഞ് ഒരു ദിവസം ബാംഗ്ളൂരിൽ ചേച്ചിയുടെ വീട്ടിൽവെച്ച് ചെക്കനും പെണ്ണും തമ്മിൽകാണൽ എന്ന് തീരുമാനമായി. അതുവരെ പോയിട്ടുള്ള പെണ്ണുകാണലിന്റെ ബഹളങ്ങളൊന്നുമില്ലാതെ പെൺകുട്ടി, അച്ഛൻ, ചേച്ചി, ചേട്ടൻ എന്നിവരുടെ മാത്രം സാന്നിദ്ധ്യത്തിൽ ഒരു സിമ്പിൾ കൂടിക്കാഴ്ച. എനിക്ക് മാനസികപിന്തുണ നൽകാൻ കൂട്ടിന് ചിരകാല സുഹൃത്തായ അനൂപ്. പരസ്പരം സംസാരിച്ചപ്പോൾ ആളെക്കുറിച്ച് ഒരേകദേശരൂപം പിടികിട്ടി. ഏറ്റവും സിംപിളായി പറഞ്ഞാൽ ഞാൻ ഒരു തള്ള് അങ്ങോട്ടിട്ടാൽ തിരിച്ച് രണ്ടു തള്ള് ഇങ്ങോട്ടും തരാൻ കെൽപ്പുള്ള ആൾ. പൊതുവെ പെണ്ണുകാണൽ പലഹാരങ്ങൾ അവഗണിക്കാറാണ് പതിവെങ്കിലും പഴംപൊരികൾ എന്നും എന്റെ വീക്നെസ് ആയിരുന്നു. തണുത്തെങ്കിലും, നിർബന്ധിച്ചാൽ കഴിച്ചേക്കാം എന്നുകരുതി പ്ലേറ്റിൽ ബാക്കിവെച്ചിരുന്ന കുറച്ചു പഴംപൊരികൾ ഞാൻ സംസാരമെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോളേക്കും അപ്രത്യക്ഷമായതിൽനിന്ന് ഞങ്ങളുടെ 'കത്തി' അൽപ്പം നീണ്ടുപോയെന്നും അതുകൊണ്ടുതന്നെ അനൂപിന് അത്യാവശ്യം നന്നായി ബോറടിച്ചു എന്നും മനസ്സിലായി. എന്തായാലും പിന്നങ്ങോട്ട് കാര്യങ്ങൾ ശടപടെ ശടപടെ എന്നു മുന്നോട്ടു നീങ്ങുകയും ഏതാനും മാസങ്ങൾ കഴിഞ്ഞുള്ള ഒരു  ശുഭമുഹൂർത്തത്തിൽ 'മാംഗല്യം തന്തുനാനേനാം' സംഭവിക്കുകയും ചെയ്തു.

ഒരാഴ്ചത്തെ അലക്കൽ കഴിഞ്ഞ് തുണികൾ അലമാരിയിൽ എടുത്തുവെക്കുമ്പോൾ അതിനുള്ളിലിരിക്കുന്ന തുണികൾ മുകളിലാണോ താഴെയാണോ വെക്കേണ്ടത്, ഓൺലൈൻ ഡെലിവെറിയുടെ കൂടെ കിട്ടുന്ന പഴയ കാർഡ്ബോർഡ് പെട്ടികൾ എടുത്തുവെക്കണോ വേണ്ടയോ, എന്നിങ്ങനെയുള്ള നൂറായിരം വിഷയങ്ങളിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണമെങ്കിൽ 4.50, 4.55, 5.00 എന്നിങ്ങനെ മൂന്നു അലാറം സെറ്റ് ചെയ്യുന്ന കാര്യത്തിൽ തുടങ്ങി അടുത്ത ആഴ്ച മുതൽ പാൽ, പഞ്ചസാര, ഉപ്പ്  എന്നിവയുടെ ഉപയോഗം കുറക്കുന്നതായിരിക്കും എന്ന പ്രതിജ്ഞ എല്ലാ ആഴ്ചയും പുതുക്കുന്നതിൽവരെ പരസ്പരം കട്ട സപ്പോർട്ട് നൽകിക്കൊണ്ട് ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര 2019 ഓഗസ്റ്റ് 19നു  മഹത്തായ ആറുവർഷങ്ങൾ പിന്നിട്ടിരിക്കുന്നു എന്ന് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. അങ്ങനെ സജീവമായ അന്തർധാരയോടെ, പ്രതിക്രിയാവാതകവും കോളോണിയലിസവും തടസ്സപ്പെടുത്താനില്ലാതെ ഇനിയുമൊരുപാട് വർഷങ്ങൾ മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് മുകളിലുള്ള ആ വലിയമുതലാളിയോട് പ്രാർത്ഥിക്കുന്നു.