Thursday 29 November 2018

തെറ്റിനെ തെറ്റുകൊണ്ടു ശരിയാക്കുമ്പോൾ...


കോപ്പിയടിച്ചുവെന്ന ആരോപണത്തെ തുടർന്ന് കൊല്ലം ഫാത്തിമ കോളേജിലെ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന വാർത്ത വായിച്ചു.

സംശയാതീതമായി തെളിഞ്ഞ ഒരു കുറ്റത്തിന്റെ പേരിലല്ല ഈ ആത്മഹത്യ

ശിക്ഷാനടപടികൾ നേരിട്ട് ഏതെങ്കിലും തരത്തിലുള്ള ധനനഷ്ടമോ, മാനഹാനിയോ സംഭവിച്ചിട്ടുമില്ല

പത്രത്തിലോ ടി വിയിലോ പടവും വാർത്തയും വന്ന് സമൂഹമദ്ധ്യത്തിൽ അപമാനിതയായതിനുമല്ല

എന്നിട്ടും ഭൂമിയിൽ പ്രഭചൊരിയേണ്ട ഒരു പുഷ്പം വിടരുംമുമ്പേ ഞെട്ടറ്റുവീണുപോയി

എവിടേക്കാണ് നാം നമ്മെ നയിക്കുന്നത് എന്നോർത്ത്അത്ഭുതം തോന്നുന്നു. കോപ്പി അടിച്ചത് എന്നുമുതലാണ് സ്വയം വധശിക്ഷ വിധിക്കേണ്ട കുറ്റമായി മാറിയത്?

'കോപ്പി'  എന്ന ആംഗലേയ പദത്തിന്റെ മലയാളം വ്യാഖ്യാനം തിരഞ്ഞാൽ  'പകർത്തൽ' അല്ലെങ്കിൽ 'അനുകരണം' എന്നാണ് കിട്ടുക.

ജീവിതത്തിൽ ഒരിക്കലെങ്കിലും കോപ്പി അടിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ?

നമ്മുടെയൊക്കെ ജീവിതം കോപ്പിയടികളുടെ ഒരു ആകെത്തുകയല്ലേ?

മറ്റുള്ളവരെ കോപ്പി ചെയ്തല്ലേ കുഞ്ഞായിരുന്ന നമ്മൾ നടക്കാനും, ചിരിക്കാനും, സംസാരിക്കാനും പഠിച്ചത്?

ഏറ്റവും ഇഷ്ടപെട്ടതും ഒട്ടും ഇഷ്ടപ്പെടാത്തതുമായ ടീച്ചർമാരുടെ സംസാരവും, നടത്തവും എന്തിന് ചില മാനറിസങ്ങൾ പോലും കോപ്പി ചെയ്തവരാണ് നമ്മൾ.

സച്ചിനെ, ഗാംഗുലിയെ, മറഡോണയെ, റൊണാൾഡോയെ എല്ലാം നമ്മൾ കോപ്പി ചെയ്തിട്ടുണ്ട്.

അപ്പാച്ചെ ഇന്ത്യനെപ്പോലെ മുടി വെട്ടിയവരുണ്ട്, ലാലേട്ടനെപ്പോലെ മീശ പിരിച്ചവരുണ്ട്, ധോണിയെപ്പോലെ മുടി നീട്ടിയവരുണ്ട്, യേശുദാസിനെപ്പോലെ പാടാൻ ശ്രമിച്ചവരുണ്ട്

നമുക്കിഷ്ടപ്പെട്ടവരെ അല്ലെങ്കിൽ ആരാധിക്കുന്നവരെ നമ്മൾ കോപ്പി ചെയ്തുകൊണ്ടേ ഇരിക്കുകയല്ലേ ഓരോ നിമിഷവും.

ചില പകർത്തിയെഴുത്തുകളും അനുകരണങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിന്റെ ഗതിതന്നെ മറ്റൊന്നായേനേ

പക്ഷെ

മറ്റൊരാൾ കഷ്ടപ്പെട്ടു പഠിച്ചത് യാതൊരു കുറ്റബോധവുമില്ലാതെ നോക്കിയെഴുതി ഉയർന്ന മാർക്ക് വാങ്ങുന്നത് നീതികരിക്കാവുന്ന ഒന്നാണ് എന്നല്ല പറഞ്ഞു വന്നത്.

അത് തെറ്റ് തന്നെയാണ്. പക്ഷെ തിരുത്താനുള്ള വഴി ഇതല്ല എന്നുമാത്രം.

കാരണം

നീ നിന്നെ മാത്രമല്ലല്ലോ കൊന്നത്... അതിനോടൊപ്പം നിന്നെ സ്നേഹിച്ച ഒരുപാടുപേരെക്കൂടിയല്ലേ?

ആത്മഹത്യ എന്നത് താൽക്കാലികമായൊരു പ്രശ്നത്തിന്റെ സ്ഥിരമായൊരു പരിഹാരമല്ല.

പ്രശ്നം നിന്റേതു മാത്രമല്ല.. ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും, സാമൂഹ്യ വ്യവസ്ഥിതിയുടെയും കൂടിയാണ്

പ്രായോഗിക ജീവിതത്തിൽ വലിയ സ്വാധീനമൊന്നും ചെലുത്താൻ സാധിക്കാത്ത പാഠപുസ്തകങ്ങൾ മാത്രം വായിക്കുന്ന പുസ്തകപ്പുഴുക്കളായാണ് നിങ്ങളെ വളർത്തുന്നത്

മറിച്ച് നിങ്ങൾക്കു വായിക്കാൻ കയ്യിൽ തരേണ്ടിയിരുന്നത് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളായിരുന്നു

കിരൺ മജൂംദാർ ഷായുടെയും, അരുന്ധതി ഭട്ടാചാര്യയെയുടെയും, സുധ മൂർത്തിയുടെയും പോലുള്ള ഒരുപാടാളുകളുടെ ജീവചരിത്രങ്ങളായിരുന്നു നിങ്ങൾ പഠിക്കേണ്ടിയിരുന്നത്

പരാജയപ്പെടുമ്പോളെല്ലാം ആത്മഹത്യ എന്ന എളുപ്പവഴി അവരുടെ മുന്നിലും ഉണ്ടായിരുന്നു

അതു തിരഞ്ഞെടുക്കാതെ മുന്നോട്ടുപോയതിനാണ് അവരെ നാം എപ്പോഴും ആദരവോടെ നോക്കുന്നത്

ഓർക്കുക

ചരിത്രം വിജയിക്കുന്നവരുടേതു മാത്രമാണ്!!

ഭീരുത്വം നിറഞ്ഞ ഓരോ പ്രവൃത്തിയും കാലത്തിന്റെ ചവറ്റുകുട്ടകളിലാണ് സ്ഥാനം പിടിക്കുക.

നിന്റെ മരണവാർത്ത പത്രത്തിന്റെ ഉൾപ്പേജിലെവിടെയോ ഒതുങ്ങിക്കഴിഞ്ഞു.

ഇതെഴുതിയ ഞാനും ഇത് വായിച്ചവരും നിന്നെ വേഗം മറന്നുപോകും.

പക്ഷേ

നിന്റെ മാതാപിതാക്കൾ ഇനിയും തോരാത്ത മിഴികൾകൊണ്ട്  കണ്ണീരുപ്പുചേർത്ത് നിന്റെ ഓർമകൾക്ക് തർപ്പണം ചെയ്തുകൊണ്ടേ ഇരിക്കും കാലാകാലത്തോളം..

അതെങ്കിലും നീ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു!

Thursday 18 October 2018

കേരളാ മോഡൽ

കേരളാ മോഡൽ
വിചിത്രമാണ് നമ്മുടെ നാടിന്റെ കാര്യം

വിരോധാഭാസങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്

ഒരു പ്രളയത്തിൽ സർവ്വസ്വവും മുങ്ങിയപ്പോൾ ഒരുമിച്ച് കൈകോർത്തു നിന്ന് അതിജീവിച്ചവരാണ് വെള്ളമിറങ്ങിയപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നത്.

അടിഞ്ഞുകൂടിയ മാലിന്യം കളയാനൊരു വഴിയില്ലാതെ വിഷമിക്കുമ്പോഴാണ് ദുബായ് ഭരണാധികാരിക്ക് നന്ദി പറഞ്ഞു നാടെങ്ങും ഫ്ലക്സ് അടിച്ചതും പിന്നീട് അതുകീറി താഴെയിട്ടതും

തന്റെ സ്ഥാപനത്തിനുള്ളിൽ വെച്ചൊരു കുട്ടി പീഡിപ്പിക്കപ്പെട്ടത് പുറത്തു പറഞ്ഞ തീയേറ്ററുടമ കേസ് നടപടികൾ നേരിടേണ്ടിവന്നു

കേരളം പിറന്നിട്ട് അറുപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു സർക്കാരിനും, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വെച്ചുകൊടുക്കാൻ സാധിക്കാത്ത വീടിന്  അഭിമന്യു എന്ന കൊച്ചുപയ്യൻ നമ്മെ വിട്ടുപോയി അറുപതു ദിവസം തികയുന്നതിനു മുൻപേ തറക്കല്ലിട്ടു കഴിഞ്ഞു

'അവൾ'ക്കൊപ്പം നിന്നുകൊണ്ട് 'അവനൊ'ന്നും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു മഹാനടൻ

വിശ്വാസികളായ സ്ത്രീഭക്തർ കാത്തിരിക്കാൻ തയ്യാറാകുമ്പോൾ അവിശ്വാസികളായവർ കോടതി വഴി ശബരിമല പ്രവേശിക്കാൻ കോപ്പു കൂട്ടുന്നു

 'ഹാദിയ' ഒരു വലിയ ശരിയാകുകയും 'ഷഹാന' നരകത്തിലെ വിറകുകൊള്ളിയാകുകയും ചെയ്യുന്നു

മഴകൊള്ളാതെ സുഖമായിവീട്ടിലിരുന്നവർ അവധിയുണ്ടോയെന്നറിയാൻ നിരന്തരം കളക്ടറേറ്റിലേക്ക് വിളിച്ചു; പ്രാണനും സ്വത്തും കൈവിട്ടുപോകുന്നവരുടെ അവസാന പ്രതീക്ഷയായ ഫോൺകാളുകളെ നിരന്തരം ക്യൂവിൽ നിർത്തിക്കൊണ്ട്

ജനങ്ങളുടെ പ്രതിനിധിമാരായ മന്ത്രിമാരും, മറ്റു സാമാജികരും കോട്ടും തൊപ്പിയും കാലുറകളും ഇട്ടുകൊണ്ടും അല്ലെങ്കിൽ വിമാനത്തിൽ പറന്നുകൊണ്ടും മാത്രം പോകുന്ന ഇടങ്ങളിൽ, മുട്ടറ്റം വെള്ളത്തിലൂടെ ഒരു സാധാരണ സാരിയുമുടുത്തു ജനങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേട്ടത് ബ്യൂറോക്രസിയുടെ പ്രതിനിധിയായ ഒരു കളക്ടർ.

തന്റെ പെങ്ങളെ സ്നേഹിച്ചുപോയെന്ന കുറ്റത്തിന് കെവിൻ എന്ന ചെറുപ്പക്കാരനെ കൊന്നുകളഞ്ഞ ആങ്ങളയുള്ള നാട്ടിൽ, പാതിരാത്രിയിൽ ഒറ്റയ്ക്ക് നടുറോഡിൽ ഇറക്കിവിട്ട പെൺകുട്ടിക്ക് കാവലാളായി നിന്ന് ഒരു 'ആനവണ്ടി' സ്നേഹത്തിന്റെ 'ആങ്ങളവണ്ടി' ആയി മാറുന്നതും നമ്മൾ കണ്ടു.

സ്ത്രീവിരുദ്ധതയുടെ 'മീശ' പിരിക്കുന്നവരെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കഞ്ചുകം പുതപ്പിക്കാൻ തിരക്കുകൂട്ടുന്ന അതേയാളുകൾ 'ഞങ്ങൾ അവൾക്കൊപ്പ'മെന്ന് തൊണ്ടകീറി ആക്രോശിക്കുന്നു.

ഒരു കണ്ണിറുക്കിയവളെ നമ്മൾ കോടീശ്വരിയാക്കിയപ്പോൾ, രണ്ടുകണ്ണിനും കാഴ്ചയില്ലാത്ത 'വേലായുധൻ'മാർ ഇപ്പോളും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ലോട്ടറിടിക്കറ്റ് വിൽക്കുന്നു

ഗുജറാത്തിലെയും, രാജസ്ഥാനിലേയും, മധ്യപ്രദേശിലേയും ആൾക്കൂട്ടക്കൊലകളെ അപലപിച്ചതിന്റെ ചൂടു മാറും മുമ്പേയാണ് നമ്മൾ ആദ്യം 'മധു'വിനേയും പിന്നീട് 'മണിക്ക് റോയ്' എന്ന ബംഗാളി യുവാവിനെയും അടിച്ചുകൊന്നത്.

റോഡരികിൽ രക്തം വാർന്നു കിടക്കുന്നവന് നേരെ നീട്ടാൻ മടിച്ച കൈകൾകൊണ്ടാണ് പാർവ്വതി എന്ന നടിയുടെയും, അവരഭിനയിച്ച സിനിമയുടെയും നേർക്ക് അസഭ്യങ്ങൾ ഓൺലൈനിൽ എഴുതിത്തകർത്തത്.

ഭൂപരിഷ്കരണനിയമം കൊണ്ടുവന്നവരുടെ പിന്മുറക്കാരാണ് നെൽവയൽ നികത്താനുള്ള നിയമത്തിൽ തുല്യം ചാർത്തിയത്

മലയാളസംഗീതത്തെ ലോകമെങ്ങും കേൾപ്പിച്ച യേശുദാസിനെയാണ്, അനുവാദമില്ലാതൊരു സെൽഫിയെടുക്കുന്നത് തടഞ്ഞതിന് കൂട്ടം ചേർന്ന് അധിക്ഷേപിച്ചത്

ടി പി ശ്രീനിവാസന്റെ ചെകിടത്തടിച്ച നമ്മളാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള അക്രമത്തെ അപലപിക്കുന്നത്

ഗോവധ നിരോധനത്തെ എതിർക്കാനായി ഒരു കാലിയെ നടുറോഡിൽ കോല ചെയ്യാൻ കൈവിറക്കാത്തവരാണ് നമ്മൾ

ടോൾഗേറ്റ് അടിച്ചുതകർത്ത ജനപ്രതിനിധിയെ ആരാധിക്കുന്നവരാണ് നമ്മൾ

നമ്മൾ ഇങ്ങനെയൊക്കെയായിരുന്നു

ഇങ്ങനെയൊക്കെയാണ്

ഇങ്ങനെയൊക്കെയായിരിക്കുകയും ചെയ്യും

കാരണം അതാണ് കേരളമോഡൽ

കേരളമോഡൽ ശരിക്കും കൊലമാസ്സാണ് !!!


Wednesday 1 August 2018

'ഗുരു'തരമായ ചില ലഘുവർത്തമാനങ്ങൾ


"മാതാ പിതാ ഗുരു ദൈവം"

ആദ്യാക്ഷരം പഠിച്ച നാൾ മുതൽക്കേ പലകുറി ആവർത്തിച്ചുകേട്ട ആപ്തവാക്യം. ദേവാലയത്തിൽ പോയി കൃത്യമായ അകലം പാലിച്ച് ഭയഭക്തി ബഹുമാനങ്ങളോടെ കുമ്പിട്ടു വണങ്ങുന്ന ദൈവത്തിനും മുകളിലാണ് ഗുരുവിന്റെ സ്ഥാനം എന്ന അറിവ് സത്യത്തിൽ ആദ്യമൊരു അമ്പരപ്പാണ് ഉളവാക്കിയത്. എന്നാൽ പിന്നീടങ്ങോട്ട് ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള അദ്ധ്യാപകർ  അതെന്തുകൊണ്ടാണ് അങ്ങനെ എന്നു ശരിക്കും മനസ്സിലാക്കിത്തന്നു.

ഇപ്പോൾ ഇതോർക്കാൻ ഒരു കാരണമുണ്ട്. കുറച്ചുദിവസം മുൻപേ യാദൃശ്ചികമായി ഒരു വാർത്ത വായിക്കാൻ ഇടയായി. തൃശ്ശൂർ ജില്ലയിലെ ഒരു വിദ്യാലയത്തിൽ ഗുരുപൂജ നടത്തി എന്ന 'കുറ്റത്തിന്'  അധ്യാപകർക്കെതിരെ ചില രക്ഷിതാക്കൾ കേസ് കൊടുക്കാൻ പോവുകയാണത്രേ! ഗുരുവിന്റെ പാദങ്ങൾ ശിഷ്യർ സ്പർശിച്ചതോടെ മതേതരത്വം ആകെ തകർന്നടിഞ്ഞുപോയതാണ് കാരണം. അതിലും അതിശയകരമായി തോന്നിയത് ഈ വാർത്ത ഒരു 'പ്രമുഖ' അദ്ധ്യാപിക പങ്കുവെക്കുകയും ഇതെല്ലാം 'തെറ്റായ' കീഴ്വഴക്കങ്ങളാണെന്ന് ചരിത്രത്തിലെ ചില ഉദാഹരണങ്ങൾ നിരത്തി സമർത്ഥിക്കുകയും ചെയ്തതാണ്.

ഗുരുവിനെ പൂജിക്കുന്നത് നിന്ദ്യമായി മാറിയൊരു കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നു.

യാഥാസ്ഥിതികനായതുകൊണ്ടാകാം; അധ്യാപകരോട് എന്നും ആദരവുകലർന്ന സ്നേഹം മാത്രമേ ഉണ്ടായിട്ടുള്ളൂ ഇതുവരെ.

അദ്ധ്യാപകർക്കൊപ്പം തോളിൽ കൈയിട്ടുനടക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടുമില്ല; അത്തരം സ്വാതന്ത്ര്യങ്ങൾ അവർ അനുവദിച്ചുതന്നിട്ടുമില്ല.

അദ്ധ്യാപനം കേവലം ശമ്പളത്തിനുവേണ്ടി മാത്രം ചെയ്യുന്ന മറ്റേതൊരു തൊഴിലുംപോലെയാണ് എന്നൊരിക്കലും തോന്നിയിട്ടില്ല അല്ലെങ്കിൽ അങ്ങനെ തോന്നിക്കാനുള്ള അവസരം ഇതുവരെക്കണ്ട അദ്ധ്യാപകർ ആരുംതന്നെ ഉണ്ടാക്കിയിട്ടില്ല

സ്കൂളിൽ നല്ല ചൂരൽക്കഷായം കിട്ടിയപ്പോളെല്ലാം സങ്കടവും, ദേഷ്യവും അപമാനവും തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കലും വെറുപ്പിന്റെ ഒരു കണികപോലും തോന്നിയിട്ടില്ല.

ഇതൊക്കെ കാണുമ്പോൾ തോന്നുന്നു പുണ്യം ചെയ്തവരായിരുന്നു ഞങ്ങളുടെ തലമുറ എന്ന്

പാഠം വായിച്ചുതീർക്കുക എന്നതിലും പ്രധാനം അറിവ് പകരുക എന്നതാണ് എന്നു വിശ്വസിച്ചിരുന്ന അദ്ധ്യാപകരുടെ മുന്നിലിരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്

വായിക്കാൻ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു തന്നവരുണ്ട്

വീട്ടിൽ പോകാനിറങ്ങുമ്പോളും സംശയങ്ങളുമായി വന്നവരോട് കാലുഷ്യം അൽപ്പംപോലും കലരാതെ ക്ഷമയോടെ വീണ്ടും വീണ്ടും ഒരേ ഭാഗങ്ങൾ പറഞ്ഞുതന്നവരുണ്ട്

പലപ്പോളും സ്വന്തം കൈയിൽനിന്നു പണമെടുത്ത് ഭക്ഷണം വാങ്ങിത്തന്നവരുണ്ട്

ചെറുതായെന്തെങ്കിലും കുത്തിക്കുറിച്ചത് മുഴുവനായി വായിച്ച് തെറ്റുതിരുത്തി തന്നു ഇനിയുമെഴുതണമെന്ന് പ്രോത്സാഹിപ്പിച്ചവരുണ്ട്

അങ്ങനെ ഒരുപാടൊരുപാട് ദീപ്തമായ ഓർമ്മകൾ സമ്മാനിച്ചവർ

ഇതൊക്കെയാണെങ്കിലും ഉത്തരം പറയാത്തവരുടെ ചെവി പൊന്നാക്കാൻ അവരാരെയും ഭയപ്പെട്ടില്ല

ചൂരലെടുത്ത് രണ്ടുകൊടുക്കാൻ അവരാരോടും ചോദിച്ചിരുന്നില്ല

(സ്കൂളിൽനിന്ന് സമ്മാനമായിക്കിട്ടിയ ചൂരൽപ്പാടുകണ്ട്‌ എന്തു കുരുത്തക്കേടാണ് ഒപ്പിച്ചതെന്നു ചോദിച്ചു വീട്ടിൽനിന്നു ബോണസായി അടി വാങ്ങിയവർ നിരവധി)

അവരെ മഹത്വവൽക്കരിക്കാനല്ല ശ്രമിക്കുന്നത്

സത്യമാണ്, അവർ എല്ലാം തികഞ്ഞവരായിരുന്നില്ല

ഫേസ്ബുക്കിൽ നെടുനീളൻ ലേഖനങ്ങൾ എഴുതാനും, വാട്സാപ്പിൽ തമാശകൾ അയക്കാനും,  അവർക്കറിയില്ലായിരുന്നു

ഏതിനെയും രാഷ്ട്രീയക്കണ്ണോടെ കാണാൻ അവർക്കറിയില്ലായിരുന്നു

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കാൻ അവർക്കു മടിയായിരുന്നു

പക്ഷേ

എപ്പോളെങ്കിലും കാണുമ്പോൾ 'സുഖമാണോ' എന്ന് ആത്മാർത്ഥതയോടെ ചോദിക്കാൻ അവർ മറക്കാറില്ല

ജോലി കിട്ടിയെന്നും സുഖമായിരിക്കുന്നെന്നും പറയുമ്പോൾ ആ കണ്ണുകളിൽ കണ്ട സംതൃപ്തിയുടെ തിളക്കത്തോളം തീക്ഷ്ണമായി മറ്റൊന്നും കണ്ടിട്ടില്ല

ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടി എന്ന് തോന്നുന്ന അപൂർവം നിമിഷങ്ങളാണ് അവയൊക്കെ

വിറയാർന്ന ആ വിരലുകളിൽ പിടിക്കുമ്പോൾ ഇപ്പോളുമൊരു കൊച്ചുകുട്ടിയാണെന്നു തോന്നാറുണ്ട്

വിജയം ഉറപ്പില്ലാത്ത എന്തെങ്കിലും ചെയ്യാൻ തുടങ്ങുംമുൻപേ 'ഗുരു'കാരണവന്മാരേ രക്ഷിക്കണേ എന്നാണ് എപ്പോഴും പ്രാർത്ഥിക്കാറുള്ളത്.

പഠിപ്പിച്ച അധ്യാപകരെ കാണുമ്പോൾ മുണ്ട് മടക്കിക്കുത്തിയത് അഴിച്ചിടാതെ എഴുന്നേറ്റുനിൽക്കാൻ ഇന്നും വളർന്നിട്ടില്ല

ഇനിയുമെത്ര ഉയരം കൂടിയാലും അധ്യാപകരെ കാണുമ്പോൾ നട്ടെല്ല് ഒരൽപം വളഞ്ഞു തന്നെയേ നിൽക്കൂ.

മാതാവിന്റെയും പിതാവിന്റെയും ദൈവത്തിന്റേയും കാൽതൊട്ടുവന്ദിക്കാൻ ഒരിക്കലും മടി തോന്നിയിട്ടില്ല

അതുകൊണ്ടുതന്നെ ഗുരുക്കൻമാരുടെ പാദത്തിൽ സാഷ്ടാംഗം വീഴാൻ അഭിമാനമേയുള്ളൂ.

അത് വിധേയത്വത്തിന്റെ അപകർഷതകൊണ്ടല്ല; ഇരുളിൽനിന്ന് വെളിച്ചത്തിലേക്കുള്ള നേർവഴി കാണിച്ചുതന്നവരോടുള്ള ആദരവിന്റെ ആർദ്രതകൊണ്ടാണ്.

പിന്തിരിപ്പനെന്നു മുദ്ര കുത്തപ്പെടുന്നതിൽ വിരോധമില്ല

പുതിയലോകം വിഭാവനം ചെയ്യുന്ന പുരോഗതിക്കൊപ്പം പോകാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് മനഃപൂർവം മാറിനിൽക്കുന്നത്

അധ്യാപകരെപ്പറ്റി മോശമായി എന്തെങ്കിലും പറയുകയോ, അവരോടു തർക്കുത്തരം പറയുകയോ ചെയ്താൽ മാപ്പു പറയുംവരെ ശിക്ഷിച്ചിരുന്ന രക്ഷിതാക്കൾ വളർത്തിയ തലമുറയുടെ പ്രതിനിധിയാണ്

കണ്ണടച്ച് ഇരുട്ടാക്കുന്നില്ല.... നാട് പുരോഗമിക്കുന്നത് അറിയാതിരിക്കുന്നുമില്ല

നിങ്ങളാഗ്രഹിക്കുന്ന പുതിയലോകത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി

അദ്ധ്യാപകരുടെ കാൽതൊട്ട് വന്ദിക്കരുതെന്നു  നിങ്ങളിനിയും പറയണം

തെറ്റുകൾക്ക് ശിക്ഷിച്ചാൽ കേസ് കൊടുക്കാൻ പഠിപ്പിക്കണം

ക്ലാസ്സിൽ കയറിയില്ലെങ്കിലും ഫേസ്ബുക്കിൽ ലൈക്കടിപ്പിക്കാൻ മറക്കരുത്

എതിരഭിപ്രായം പറയുന്നവൻ ശത്രുവാണെന്ന് ആവർത്തിച്ചുറപ്പിക്കണം

അല്ലെങ്കിൽ

നാളെയൊരിക്കൽ പ്രധാനാദ്ധ്യാപികക്ക് ശവമഞ്ചമൊരുക്കുമ്പോൾ അവരുടെ കൈ ചിലപ്പോൾ വിറച്ചേക്കും

ഒരു സരസ്വതീക്ഷേത്രത്തിൽ സരസ്വതിയെ നഗ്നയായി വരക്കുമ്പോൾ അപമാനഭാരത്താൽ മുഖം താഴ്ന്നുപോയേക്കാം

'ബീഫ് ഫെസ്റ്റ്' നടത്തുമ്പോൾ ആളു കുറഞ്ഞുപോയേക്കാം

മറുവശത്ത് നിങ്ങൾ സൃഷ്ടിക്കുന്നതോ ?

കൊച്ചുകുട്ടിയെ പട്ടിക്കൂട്ടിലടക്കുന്നവരെയും

ജിഷ്ണു പ്രണോയിമാരുടെ ചോര കുടിക്കുന്നവരെയും

എന്തുവേണമെങ്കിലും ആയിക്കോളൂ

പക്ഷേ കുറച്ചുകഴിഞ്ഞ് ഒന്നു തിരിഞ്ഞുനോക്കാൻ മറക്കരുത്

വേറൊന്നിനുമല്ല

തിരക്കുപിടിച്ച് നിങ്ങൾ എല്ലാവരേയും ഓടിച്ചത് മുന്നിലേക്കാണോ പിന്നിലേക്കാണോ എന്നറിയാൻവേണ്ടി മാത്രം.


Friday 6 July 2018

മാ..നിഷാദാ...


ഒരു അഭിമന്യുവിനെപ്പറ്റി നമ്മൾ വായിച്ചിട്ടുണ്ട് ....

അർജുനന്റെയും, സുഭദ്രയുടേയും പ്രിയപുത്രൻ...

വിടരുംമുൻപേ കൊഴിഞ്ഞു വീണ പുഷ്പം...

എന്നാൽ ഈ കുറിപ്പ് ആ അഭിമന്യുവിനെപ്പറ്റിയല്ല.

ഇത് വേറൊരു അഭിമന്യുവാണ്.

ഇവൻ രാജകുടുംബത്തിൽ ജനിച്ചവനായിരുന്നില്ല, യുദ്ധവീരനായിരുന്നില്ല.

മറിച്ച് അത്താഴപട്ടിണിക്കാരനായിരുന്നു

ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയായിരുന്നു

അവനു പഠനം തുടരാനായി സ്വന്തം സഹോദരൻ പഠിപ്പു നിർത്തിയത് നിസ്സഹായതയോടെ കണ്ടു നിന്നവനാണ്

കോളേജിൽ പോകാൻ പണമില്ലാത്തതുകൊണ്ട്‌ അന്യന്റെ എച്ചിൽപ്പാത്രം കഴുകേണ്ടി വന്നവനാണ്

ഒടുവിൽ വിധിയോട് പടപൊരുതി മഹാരാജാസ് കോളേജിൽ പ്രവേശനം നേടി.

ഒരു ശാസ്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ചു

പത്തൊൻപതു വയസ്സേ ഉണ്ടായിരുന്നുള്ളൂ

എന്നിട്ടും അവരവനെ കൊന്നുകളഞ്ഞു....ഒരൊറ്റക്കുത്തിന്...

അവന്റെ പിടച്ചിൽ അവർ കണ്ടില്ല

അവന്റെ നിലവിളി അവർ കേട്ടില്ല

ചുറ്റും പരന്നൊഴുകി കട്ടപിടിക്കുന്ന ചോരയുടെ ഗന്ധം അവർക്ക്  മനംപുരട്ടൽ ഉണ്ടാക്കിയില്ല

കാരണം അവർ കൊന്ന് അറപ്പുതീർന്നവരായിരുന്നു

അഭിമന്യുവിനെ കുറിച്ചോർത്തു സങ്കടപ്പെടുന്ന ഓരോ വിദ്യാർത്ഥിയോടും ഒരു ചോദ്യം.

കേവലമൊരു പോസ്റ്ററിന്റെ പേരിലാണ് അവന്റെ പച്ചമാംസത്തിൽ അവർ കത്തി കയറ്റിയത് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

പോസ്റ്ററുകളുടെ ഭംഗി കണ്ടു വോട്ട് ചെയ്യാൻമാത്രം പ്രബുദ്ധതയില്ലാത്തവരാണോ കേരളത്തിലെ വിദ്യാർത്ഥികൾ?

ഇത് വെറുമൊരു രാഷ്ട്രീയകൊലപാതകമാണെന്ന നുണ അവർ  ആരെയാണ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്?

എന്തായാലും ഒരു വിദ്യാർത്ഥിയുടെ മരണം എന്നതിലപ്പുറമുള്ള വിശാലമായ ലക്ഷ്യം അവർ നിറവേറ്റി.

ഇനി ഇതിനു തിരിച്ചടിയായി ക്യാമ്പസുകൾ കത്തും, ഒരുപക്ഷേ ഇനിയും ജീവനുകൾ പൊലിയും.

ഈയൊരു സംഭവത്തിന്റെ പേരിൽ കലാലയരാഷ്ട്രീയം പാടേ നിരോധിക്കണമെന്ന് ആവശ്യങ്ങളുയരും, കോടതിയിൽ ഹർജികൾ വരും,

ഒടുവിൽ ഒരുപക്ഷേ കലാലയരാഷ്ട്രീയം പൂർണമായും നിരോധിക്കപ്പെട്ടേക്കാം.

പിന്നെ അവരുടെ കാലമാണ്.

അപ്പോൾ കൺസഷൻ ചാർജ് കൊടുത്തതിന്റെ പേരിൽ ബസ്സിൽ നിന്ന് നമ്മുടെ സഹോദരിമാരെ ഇറക്കിവിടാം....

'കിളി'കളുടെ സ്പർശനസുഖങ്ങൾക്ക് ഇരയായവരെ മൂകകളാക്കാം.

റാഗിങ്ങ് എന്ന ഓമനപ്പേരിൽ ആരെയും ഉപദ്രവിക്കാം

ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ച് മാറ്റിനിർത്താം

പണമില്ലാത്തതിന്റെ പേരിൽ അർഹതപ്പെട്ട അവസരങ്ങൾ തട്ടിയെറിയാം

അംഗപരിമിതരായവരെയും, ശബ്ദമുയർത്താനറിയാത്തവരെയും പാർശ്വവൽക്കരിക്കാം

ഒടുവിൽ അവരാഗ്രഹിച്ചതുപോലെ മതമൗലികവാദത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വിദ്യാർത്ഥികളെ വേർതിരിക്കാം

ലഹരിവ്യാപാരത്തിന്റെ അനന്തസാധ്യതകൾ തുറക്കാം

കലാലയങ്ങൾ പിടിച്ചടക്കുക എന്നതിനർത്ഥം ഒരു ജനതയുടെ ഭാവിയിലെ ബൗദ്ധികസമ്പത്ത് കൈപ്പിടിയിലൊതുക്കുക എന്നതാണ്.

അത് നടന്നുകഴിഞ്ഞാൽ വിദ്യാർത്ഥികളെക്കൊണ്ട് അവർക്ക് ഇഷ്ടംപോലെ ചുടുചോറു വാരിച്ചു രസിക്കാം.

കാരണം, ഇതൊന്നും ചോദ്യം ചെയ്യാൻ ആരും ഉണ്ടാകില്ലെന്നതുതന്നെ!

അന്നും ഇന്നത്തെപ്പോലെ അവർ സുരക്ഷിതരായിരിക്കും.

അവരുടെ കൂലിയെഴുത്തുകാർ വേട്ടക്കാരനെ ഇരയായിമാറ്റുന്ന മാദ്ധ്യമവാർത്തകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും, അവരുടെ (മാത്രം) മനുഷ്യാവകാശങ്ങൾക്കായി ശബ്ദങ്ങളുയരും, അവർ വീരന്മാരും ആരാധനാപാത്രങ്ങളുമാകുന്ന കഥകൾ എഴുതപ്പെടും.

നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ അന്നും എല്ലാത്തിനെയും ഒറ്റപ്പെട്ട സംഭവങ്ങളായി മുദ്രകുത്തി നിസ്സാരവൽക്കരിക്കും.

ഇടതും, വലതും, നടുക്കും നിന്നുകൊണ്ട് ലാഭത്തിന്റെ കണക്കുകൾ കൂട്ടും.

സാംസ്കാരിക സിംഹങ്ങൾ വാൽചുരുട്ടി മാളത്തിലൊളിക്കും

ഒടുവിൽ അഭിമന്യുമാർ തുടർക്കഥയാകും

അതാണോ നമുക്ക് വേണ്ടത്?

ഉപരിപ്ലവമായി വിദ്യാർത്ഥിരാഷ്ട്രീയത്തെ മാത്രം പഴിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല

അങ്ങനെയെങ്കിൽ രോഗഗ്രസ്തമല്ലാത്ത ഏതു സാമൂഹിക വ്യവസ്ഥിതിയാണ് ഈ നാട്ടിലുള്ളത്?

പുഴുക്കുത്തുകൾ ഇല്ലെന്നു പറയുന്നില്ല.

പുഴുക്കുത്തു മാറ്റാൻ മരം കടക്കുവെച്ചു വെട്ടരുതെന്നേ പറഞ്ഞുള്ളൂ.

കണ്ണടച്ച് ഇരുട്ടാക്കി, കാണേണ്ട കാഴ്ചകൾ കാണാതിരിക്കരുത്.

കാരണം ഈ കൃത്യം ചെയ്തവർ ആഗ്രഹിക്കുന്നത് അതാണ്.

അവർക്കു വേണ്ടത് നമ്മൾ നമ്മുടെ വേലിക്കെട്ടുകൾക്കകത്തിരിക്കുക എന്നതാണ്

ചോദ്യങ്ങൾ ഉയരാതിരിക്കുന്നിടത്തോളം അവർ സുരക്ഷിതരാണ്

ഒരു പുനർവിചിന്തനത്തിനു സമയമായി.

ബൗദ്ധിക നിലവാരത്തിലും, മതേതര മൂല്യങ്ങളിലും മുന്നിൽ നിൽക്കുന്നു എന്നഹങ്കരിക്കുന്ന നമ്മുടെ ചെകിടടച്ചാണ് അടി കിട്ടിയിരിക്കുന്നത്.

പ്രത്യയശാസ്ത്രത്തിന്റെയും, കൊടിയുടെ നിറത്തിന്റെയും പേരിൽ പരസ്പരം തല്ലുകൂടാൻ നമുക്കിനിയും അവസരങ്ങളുണ്ട്.

ഇത് അതിനുള്ള സമയമല്ല.

മറിച്ച് നമ്മുടെ സമൂഹത്തെ ഒന്നടങ്കം തകർക്കാനൊരുങ്ങുന്നവർക്കെതിരെ ഒരുമിച്ച് പടപൊരുതേണ്ട സമയമാണ്.

രോഗ ലക്ഷണങ്ങൾ നാം അവഗണിച്ചു.. ഇപ്പോൾ രോഗം നമ്മളെ കാർന്നുതിന്നു തുടങ്ങി.

ഈ വേദനകൾ മറികടന്നേ പറ്റൂ..

ചോദ്യങ്ങൾ ചോദിക്കേണ്ട സമയമാണിത്... നട്ടെല്ലു വളയാതെ നിവർന്നു നിൽക്കേണ്ട സമയം..

വർഷങ്ങളുടെ പോരാട്ടങ്ങൾകൊണ്ട് നമ്മുടെ സമൂഹം നേടിയെടുത്തത് അവധാനതകൊണ്ട് നശിപ്പിച്ചുകളയരുത്

ആയുധങ്ങൾ വലിച്ചെറിഞ്ഞു ആശയങ്ങൾകൊണ്ടു പോരാടേണ്ട സമയമാണിത്.

അല്ലെങ്കിൽ നാളെയുടെ സമൂഹം നിങ്ങളോരോരുത്തരെയും കുറ്റവാളികൾ എന്നുവിളിക്കും.

ഓർക്കുക

പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്നവരേയും, ശവമഞ്ചമൊരുക്കുന്നവരെയുമല്ല ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്നത്.

ഒരുപാട് അനിയന്മാരും, അനിയത്തിമാരും ഇനിയും കലാലയങ്ങളിൽ വരാനുള്ളതാണ്. അവർക്ക് സുരക്ഷിതകവചമൊരുക്കാൻ വർത്തമാനകാലം നിങ്ങളോടാവശ്യപ്പെടുന്നു.

അഭിമന്യുവിനെ ഒരുപക്ഷെ നമ്മൾ മറന്നുപോകും.

പക്ഷേ ദേഹി വിട്ടകന്ന ദേഹത്തെ കെട്ടിപ്പിടിച്ചുറക്കെ കരയുന്ന, ഈ വർഷമത്രയും അവൻ  അച്ഛനെന്നും അമ്മയെന്നും വിളിച്ച ഒരു പുരുഷന്റേയും സ്ത്രീയുടെയും ചിത്രം ഇനിയുമൊരുപാടുകാലം മനസ്സിലൊരു നൊമ്പരമായി നിലനിൽക്കും.

സത്യത്തിൽ ഒന്നല്ല മൂന്നു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത് - അഭിമന്യുവിന്റെയും, അവന്റെ മാതാപിതാക്കളുടെ സ്വപ്നങ്ങളുടേയും.

രക്തസാക്ഷികളുടെ കണക്കുപുസ്തകത്തിൽ ഏറ്റവും പുതുതായി അഭിമന്യുവിന്റെ പേരും എഴുതിച്ചേർത്തിരിക്കുന്നു....

പക്ഷെ അവസാനപേര് ഇതാകാൻ വഴിയില്ല. ഭൂമിയിൽ കണക്കുകൂട്ടലുകൾ നടക്കുന്നതേയുള്ളൂ; പേരുകൾ ഇനിയും വരും.

ഈ പുസ്തകം എന്നെന്നേക്കുമായി അടച്ചുവെപ്പിക്കാൻ നിങ്ങൾ വിചാരിച്ചാലേ കഴിയൂ

കണ്ണിനു പകരം കണ്ണെടുക്കാൻ നിന്നാൽ ഈ ലോകം മുഴുവൻ അന്ധരെക്കൊണ്ട് നിറയുകയേ ഉള്ളൂ

ആരും കാംക്ഷിക്കുന്നത് അന്ധതയല്ല മറിച്ച് ആശയങ്ങളുടെ തെളിച്ചമാണ്‌.... അറിവിന്റെ പ്രകാശമാണ്....

അതിനു വേണ്ടി നിങ്ങൾ പോരാട്ടം തുടരുമോ?

എങ്കിൽ ഒരുപാടുപേരുണ്ടാകും നിങ്ങളുടെ പിന്നിൽ


പിൻകുറിപ്പ്:- 

ഒരു പഴമൊഴിയുണ്ട്...

"ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും... നാമതിൽനിന്നൊരു പാഠം പഠിക്കുന്നതുവരെ"

പഠിക്കാൻ ഒരുപാടുവൈകി ഇപ്പോൾത്തന്നെ.....

Thursday 14 June 2018

മഴയോർമ്മ.. ഒരു സ്കൂൾ ഓർമ്മ!



അവധി കഴിഞ്ഞു സ്കൂൾ തുറന്നല്ലോ!

അറിയാതെ മനസ്സ് പുറകോട്ടോടുന്നു.

നടന്നുതീർത്ത ചില വഴികളിലേക്ക്...

ഓർമ്മകളുടെ ബാല്യകാലത്തേക്ക്....

എല്ലാവരും പറയും 'ഇന്നത്തെ കാലമല്ല പണ്ടത്തെ കാലമാണ് രസകര'മെന്ന്.

ഇത് അതുപോലൊരു പറച്ചിലല്ല.

അന്ന്  ഞങ്ങൾ 'കുട്ടിത്തമുള്ള' കുട്ടികളായിരുന്നു....

രണ്ടുമാസത്തെ അവധിക്ക് കാണാൻ കൊച്ചു ടി വി ചാനൽ ഉണ്ടായിരുന്നില്ല

കളിക്കുന്ന 'ഗെയിം' പാടത്തോ പറമ്പിലോ മാത്രമായിരുന്നു

തോട്ടിലേയും കുളത്തിലേയും വെള്ളവും, കമ്മ്യൂണിസ്റ്റുപച്ചയും ആയിരുന്നു മുറിവുണക്കുന്ന ഏറ്റവും വലിയ 'ആന്റിസെപ്റ്റിക് ലിക്വിഡ്'

പന്തിനു വേണ്ടിയും ആദ്യം ബാറ്റുചെയ്യാൻ വേണ്ടിയും ഞങ്ങൾ തല്ലു കൂടാറുണ്ട്. പക്ഷെ വൈകിട്ട് ഒരുമിച്ച് തോളിൽ കൈയിട്ടാണ് വീട്ടിൽ പോകാറുള്ളത്.

ചക്കയോ മാങ്ങയോ ചാമ്പക്കയോ അങ്ങനെ കൈയിലുള്ള എന്തും പങ്കിട്ടേ കഴിക്കാറുള്ളൂ.

മിക്കവാറും മുത്തശ്ശന്റെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു അവധിക്കാലം മുഴുവൻ.

അവർ ഞങ്ങൾക്കായി സൂക്ഷിച്ചു വെച്ച 'മാങ്ങാത്തിര'കളുടെ ഓർമ്മ ഇപ്പോളും നാവിൽ മധുരം കിനിക്കുന്നു.

ഉറങ്ങാൻ നേരം അവരുടെ കഥകളിൽ പഞ്ചതന്ത്രവും, ഈസോപ്പും, ജാതക കഥകളും കയറി വന്നിരുന്നു. അങ്ങനെ ഞങ്ങളറിയാതെ അവർ ഞങ്ങളിൽ സാമൂഹ്യബോധത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വിത്തുകൾ വിതച്ചു.

അപൂർവമായി കിട്ടുന്ന പോക്കറ്റ് മണി കൂട്ടിവെച്ച് വാങ്ങിയ ബാലരമയും പൂമ്പാറ്റയുമായിരുന്നു ഞങ്ങളെ വായനയുടെ ലോകത്തേക്ക് പിച്ചവെപ്പിച്ചത്.

ഒടുവിൽ വേനലവധി കഴിഞ്ഞു കൂട്ടിക്കൊണ്ടുപോകാൻ അച്ഛനുമമ്മയും വരുന്ന ദിവസമാകും.

പോകുന്ന നേരം ചേർത്തുപിടിച്ചു നെറുകയിൽ കിട്ടിയിരുന്ന ഒരു മുത്തമുണ്ട്. എല്ലാ നിയന്ത്രണവും വിട്ട് 'തിരിച്ചുപോകേണ്ട' എന്നുറക്കെ കരഞ്ഞുപോകുന്ന ആ നിമിഷം.

പിന്നെ സ്കൂൾ തുറക്കുന്ന ദിവസമെത്തും.....

നീല വള്ളികളുള്ള വെളുത്ത ലൂണാർ/പാരഗൺ റബ്ബർ ചെരുപ്പു തലേന്നുതന്നെ കഴുകി ഉണക്കി വെച്ചിട്ടുണ്ടാകും.

എല്ലാ വർഷവും സ്കൂളുകാർ യൂണിഫോം മാറ്റുന്ന രീതിയില്ലാതിരുന്നതുകൊണ്ട് ഒരു ജോഡി മാത്രമേ പുതിയത് വാങ്ങാറുള്ളൂ. ആ ജോഡി ഇസ്തിരിയിട്ടു വടിപോലെ ഉണ്ടാകും.

ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പുതുമണം മാറാത്ത പുസ്തകങ്ങളുണ്ടാകും

ആവി പറക്കുന്ന ചോറും മെഴുക്കുപുരട്ടിയും പകർത്തിയ സ്റ്റീൽ ചോറുപാത്രമുണ്ടാകും.

ഒരു പേന, ഒരു പെൻസിൽ, റബ്ബർ ഇത്രയുമുണ്ടാകും പെൻസിൽബോക്സിൽ.

തലേന്ന് പറ്റെ വെട്ടിയ തലമുടിയിൽ കുളിച്ചിട്ടും പോകാതെ ബാക്കിയായ ഒരു കുടം വെളിച്ചെണ്ണയുണ്ടാകും.

മുടി ഒരു വശത്തേക്ക് വകഞ്ഞു വെച്ചിട്ടുണ്ടാകും

ഹൈ സ്കൂൾ ആകുന്നതു വരെ ട്രൗസറാണ് മിക്കവർക്കും. അത് കഴിഞ്ഞാൽ നേരെ മുണ്ടിലേക്ക് പ്രൊമോഷൻ. പാന്റ്സ് ഒരു അപൂർവ്വതയായിരുന്നു.

അവധിക്കാല കളികളുടെ ബാക്കിയായ ഏതാനും അടയാളങ്ങൾ കാൽമുട്ടിൽ ബാക്കിയുണ്ടാകും.

പഴയ കൂട്ടുകാരോട് പറയാൻ കുളത്തിൽ കുളിച്ചതിന്റെയും, മൃഗശാലയിൽ പോയതിന്റെയും, മാവിൽ കയറിയതിന്റെയും, ചുവന്ന ടെന്നീസ് ബോൾ വെച്ച് ക്രിക്കറ്റ് കളിച്ചതിന്റെയുമെല്ലാം കഥകൾ  ഹൃദയത്തിൽ നിറച്ചുവെച്ചിട്ടുണ്ടാകും.

ശീല നരച്ചു തുടങ്ങിയ ഒരു കറുത്ത കുടയുണ്ടാകും കൈയിൽ.

വീട്ടിൽനിന്നു പുറത്തേക്ക് ഒരു കാലെടുത്തുവെക്കുമ്പോളേക്കും തുള്ളിക്കൊരുകുടം മഴയെത്തും.

അമ്മയുടെ കണ്ണിൽ നിന്ന് മറയുന്നതുവരെ ഒറ്റയടിവെച്ച് വെള്ളത്തിൽ ചവിട്ടാതെ നടക്കും.

പിന്നെയങ്ങോട്ട് ഒരോട്ടമാണ്...

പറന്നുപോകാൻ ശ്രമിക്കുന്ന കുടയെ ഒറ്റക്കയ്യിൽ പിടിച്ചുകൊണ്ട് ചെളിവെള്ളത്തിലൂടെ....

ഓട്ടത്തിന്റെ ബാക്കി ചെറിയ പുള്ളിക്കുത്തുകളായി ഷർട്ടിൽ  ബാക്കിയുണ്ടാകും.

'നീയെന്താ പുലികളിക്ക് പോയിരുന്നോ?' എന്ന് സ്നേഹത്തോടെ ശാസിച്ചിരുന്ന ടീച്ചർമാർ ഉണ്ടായിരുന്നു.

അടുത്ത ക്ലാസ്സിലേക്ക് ജയിച്ചവരുടെ പേരുകൾ ഉറക്കെ വിളിക്കും

കൊല്ലപ്പരീക്ഷയിൽ തോറ്റവരോട് ഇന്റർവെൽ ആകുമ്പോ കാണാം എന്ന് പറഞ്ഞു അവർ യാത്ര ചൊല്ലി പിരിയും

ടീച്ചറുടെ ക്ലാസ് വിട്ടു പോകണമല്ലോ എന്നോർത്ത് പലരും കരഞ്ഞിട്ടുണ്ട്.

പുതിയ ക്ലാസ്സിന്റെ ചാർജ് അധികം ചൂരൽപ്രയോഗമില്ലാത്ത ഏതെങ്കിലും മാഷിന്/ടീച്ചർക്ക് ആകണേ എന്ന ഒറ്റ പ്രാർത്ഥനയേ ഉണ്ടാകാറുള്ളൂ.

സ്കൂൾ തുറക്കുന്ന ദിവസം നേരത്തെ വീട്ടിൽപോരാം.

പിന്നീടുള്ള ദിവസങ്ങളാണ് കൂടുതൽ രസം.

ക്ലാസ് ലീഡറെ തിരഞ്ഞെടുക്കണം, ക്ലാസ്സ്മുറി അടിച്ചു വാരാൻ ചൂൽ വാങ്ങണം, കുടിവെള്ളം കൊണ്ടുവെക്കാൻ കുടം വാങ്ങണം, ബോർഡിൽ മഷിയിടണം, ഡസ്റ്റർ ഇടക്കിടക്ക് പുറത്തുകൊണ്ടുപോയി ചോക്കുപൊടി കളഞ്ഞു വെക്കണം... അങ്ങനെ നൂറ് ഉത്തരവാദിത്തങ്ങൾ ഓരോരുത്തർക്കും.

ചോദ്യം ചോദിക്കൽ കഴിഞ്ഞുള്ള ചൂരൽക്കഷായം മിക്കവാറും ഹോൾസെയിൽ ആയി ക്ലാസ്സിലെ 'സീനിയേഴ്സ്' ഏറ്റെടുക്കും.

ഉച്ചയൂണ് എല്ലാവരും ഒരുമിച്ചേ കഴിക്കാറുള്ളൂ.

സ്റ്റീൽ ചോറുപാത്രം ഡെസ്കിന്റെ അരികിൽ മുട്ടി തുറക്കുന്ന ഒരു വിദ്യയുണ്ട്.

ചിലർ വാട്ടിയ വാഴയിലയിലാണ് ചോറ് കൊണ്ടുവരുക. അത്  തുറക്കുമ്പോൾ ഒരു സുഗന്ധമുണ്ട്.. ഇലയടക്കം തിന്നാൻ തോന്നിപ്പോകും.

ഊണു കഴിഞ്ഞുള്ള ബാക്കി സമയത്താണ് പുതിയ ക്ലാസ്സിലെ ഡെസ്കിനു മുകളിൽ ബ്ലേഡ് കൊണ്ട് ചുരണ്ടി സ്വന്തം പേരെഴുതി വെക്കാറുള്ളത്.

അവസാന പീരീഡ് കഴിയാൻ അഞ്ചു നിമിഷമുള്ളപ്പോൾ ഒരു ഒറ്റബെൽ മുഴങ്ങും. ഉടനെ അറ്റെൻഷനായി നിൽക്കണം കാരണം ദേശീയഗാനം ഉടൻ തുടങ്ങും.

എങ്കിലും ടീച്ചറുടെ കണ്ണുവെട്ടിച്ച് പതുക്കെ പുസ്തകങ്ങൾ ബാഗിലാക്കും.

കൂട്ടമണി അടിക്കുമ്പോൾ ആദ്യം ഓടി ഗേറ്റിനടുത്ത് എത്തുന്നവനാണ് യഥാർത്ഥ ജേതാവ്.

സ്കൂൾ പിരിയുമ്പോൾ നാളെത്തൊട്ട് ഇനി പഠിക്കണമല്ലോ എന്ന വേവലാതി ഉണ്ടെങ്കിലും, അത് വീട്ടിലെത്തി ബാഗ് ഒരു മൂലയിലേക്കിടുന്നത് വരെയേ നീണ്ടു നിൽക്കാറുള്ളൂ.

അന്ന് സ്കൂൾ ബസ്സുകൾ ഇല്ലായിരുന്നു. സൈക്കിളിൽ ഡബിൾസും ട്രിപ്പിൾസും വെക്കാനും, കൈവിട്ടു ഓടിക്കാനും പഠിച്ചത് ഇത്തരം സ്കൂൾ യാത്രകളിലായിരുന്നു.

പറയാനാണെങ്കിൽ ഇനിയുമേറെയുണ്ട്.

പക്ഷേ എല്ലാ ഓർമ്മകളും അങ്ങനെ പറയാനുള്ളതല്ലല്ലോ

ചിലതൊക്കെ അങ്ങനെ ഉള്ളിൽത്തന്നെ കിടക്കണം

പുസ്തകത്താളുകളിൽ വെച്ച ചില മയിൽ‌പ്പീലികൾ പോലെ...

മറ്റൊന്നിനുമല്ല.......

ഇടക്ക് ആരും കാണാതെ ഒന്നെടുത്തു നോക്കാൻ...

ഒരു വ്യത്യാസം മാത്രം

മയിൽപ്പീലികൾ കാലം കഴിയുമ്പോൾ ദ്രവിച്ചുപോകും

ഓർമകൾക്ക് ചെറുപ്പം കൂടുകയേ ഉള്ളൂ....


Monday 5 March 2018

കടലും കാപ്പിയും പിന്നെ പ്രണയവും (ചെറുകഥ)



ബീച്ചിനോട് മുഖാമുഖം നിൽക്കുന്ന, കഷ്ടിച്ചു ഇരുപതുപേർക്കിരിക്കാവുന്ന ഈ കൊച്ചു റെസ്റ്റോറന്റിൽ വന്നിട്ട് അരമണിക്കൂറോളമായി. സമയം നാലരയാകുന്നതേയുള്ളൂ, അതുകൊണ്ടുതന്നെ ബീച്ചും പരിസരവും ഏകദേശം വിജനമാണ്. കാലപ്പഴക്കത്തിൽ നിറം മങ്ങിയെങ്കിലും, ചുറ്റുമുള്ള അംബരചുംബികൾക്കിടയിൽ ഒരു കരടുപോലെ തോന്നിക്കുമെങ്കിലും എന്തുകൊണ്ടോ ഈ റെസ്റ്റോറന്റിനോടുള്ള പ്രണയം വർഷങ്ങളേറെക്കഴിഞ്ഞിട്ടും കൂടിയിട്ടേയുള്ളൂ. ഒരുപക്ഷേ പഴമയുടെ പൊടിമണം പേറുന്ന, ഉപ്പുരസമുള്ള ഈ വായുവിൽ അടുക്കും ചിട്ടയുമില്ലാത്ത എന്തൊക്കെയോ ഓർമ്മകൾ മോക്ഷം കിട്ടാതെ അലഞ്ഞുനടക്കുന്നതുകൊണ്ടാകും.

"ഒരു സ്പെഷ്യൽ കാപ്പി"

ഓർഡർ കൊടുത്തു.

ജീവിതമെന്ന ഓട്ടത്തിനിടയിൽ ഏതെല്ലാം ദേശങ്ങളിലെ എന്തെല്ലാം രുചികൾ നാവിലൂടെ കയറിയിറങ്ങിപ്പോയി. എന്നിട്ടും ഇപ്പോഴും, ഇവിടത്തെ ആവിപറക്കുന്ന ഈ കാപ്പിക്കപ്പ് മുഖത്തോടു ചേർത്തുയർത്തി അതിൽനിന്നുയരുന്ന നറുമണത്തെ കണ്ണുകളടച്ചാസ്വദിച്ച്, ആദ്യചുംബനം പോലെ മൃദുലമായി ചുണ്ടുകൾ കപ്പോട് ചേർത്ത് ഒരിറക്കു നുകരുമ്പോൾ കിട്ടുന്ന അനുഭൂതിക്ക് പകരംവെക്കാനാകില്ല ഒന്നുംതന്നെ!

******************************************************************************************************
മൂന്നുദിവസം മുൻപാണ് ആ ഫോൺവിളി വന്നത്

"രഘൂ...ഇത് ഞാനാണ്.....എന്റെ ശബ്ദം മറന്നിട്ടില്ലെന്നു കരുതുന്നു......എനിക്കൊന്നു നേരിൽ കാണണമെന്നുണ്ട്.
ഫ്രീയാണെങ്കിൽ ശനിയാഴ്ച ബീച്ചിൽ വരാമോ..... എന്നോടു വെറുപ്പില്ലെങ്കിൽ......വെറുപ്പില്ലെങ്കിൽ മാത്രം"

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ തരിച്ചുനിൽക്കുന്നതിനിടയിൽ ഫോൺ കട്ടായി.

ആ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു.
ഒരിക്കൽ എല്ലാമായിരുന്നവൾ, മനസ്സിന്റെ ക്യാൻവാസിൽ ഒരുപാട് വർണചിത്രങ്ങൾ വരഞ്ഞിട്ടവൾ. എട്ടുവർഷം മുൻപേ കണ്ണിനുമുന്നിൽ നിന്നകന്നുപോയിട്ടും ഇന്നും ഓരോ മിടിപ്പിലും ഹൃദയം ഓർമിപ്പിക്കുന്ന ആ ഒരാൾ.

ഒടുവിൽ പോകാൻതന്നെ തീരുമാനിച്ചു. ഹൃദയത്തിന്റെ മൃദുതന്ത്രികളിൽ ഒരുപാടുകാലം സഹാന രാഗം മീട്ടിയവളെ ഒരിക്കൽക്കൂടി കാണാനുള്ള അദമ്യമായ ആഗ്രഹത്തെ പിടിച്ചുനിർത്താനായില്ല എന്നതാണ് സത്യം.

ഇവിടെ വന്നപ്പോൾ, വേർതിരിച്ചറിയാനാവാത്ത എന്തെല്ലാമോ വികാരങ്ങളുടെ വേലിയേറ്റം. കണ്ണുകൾ ഇറുക്കിയടച്ച് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.

"കാത്തിരുന്നു മുഷിഞ്ഞപ്പോൾ ഉറങ്ങിപ്പോയോ?"

ഇണചേർന്ന് ഒന്നായിരുന്ന കൺപീലികൾ, സുഖമുള്ള മയക്കത്തിന്റെ കെട്ടുപൊട്ടിച്ച് ഇരുതീരങ്ങളിലേക്ക് സാവധാനം ഒഴുകിമാറി. പതിയെ പതിയെ ആ കണ്ണുകൾക്കുമുന്നിൽ സുന്ദരമായ ഒരു രൂപം തെളിഞ്ഞുവന്നു; മൂടൽമഞ്ഞിന്റെ മുഖപടം മാറ്റി ജാലകവാതിലിനപ്പുറെ തെളിഞ്ഞുവരുന്ന പുലരൊളിപോലെ.

അത് അവളായിരുന്നു - ആഭ

"സോറിട്ടോ... ഇങ്ങോട്ട് ഇറങ്ങാൻ നിന്നപ്പോളാണ് പ്രതീക്ഷിക്കാതെ രണ്ട് പേർ വീട്ടിൽവന്നത്..അവരെ പാക്കപ്പ് ചെയ്തപ്പോളേക്കും ഈ നേരമായി"

മുഖമുയർത്തുന്നതിനു മുൻപേ കണ്ണിൽപ്പെട്ടത് എന്റെ കൈപ്പടത്തിനു മുകളിൽ വെച്ചിരിക്കുന്ന വെളുത്തുനീണ്ട  ആ വിരലുകളാണ് - 'ചിത്രകാരിയുടെ വിരലുകൾ' എന്നു പലവട്ടം വിളിച്ച, ചേർത്തുപിടിച്ചുകൊണ്ടു ഒരുപാടു കാതം ഒരുമിച്ചുനടക്കണം എന്നാഗ്രഹിച്ച മൃദുലമായ അതേ വിരലുകൾ.....

"എത്ര നാളു കൂടീട്ടു കാണുന്നതാ.....അപ്പൊ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നോക്കിയിരിക്കുന്നത്? ഞാൻ വൈകിയതിന്റെ ദേഷ്യമാണോ?"

വിടർന്ന കണ്ണുകളിൽ പരിഭവഛവി പടരുന്നത് കൗതുകത്തോടെ നോക്കിയിരിക്കാൻ തോന്നി. ആഭക്ക് യാതൊരു മാറ്റവുമില്ല ഇപ്പോളും.

"നമുക്കൊന്നു ചുമ്മാ നടന്നാലോ?"

"പിന്നെന്താ ആവാമല്ലോ"

ചെരുപ്പ് അഴിച്ചുവെച്ചു പാന്റ്‌സ് മുട്ടറ്റം മടക്കിവെച്ച് നനഞ്ഞ മണ്ണിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. ഇടക്ക് കുഞ്ഞു തിരകൾ വന്നു കാലുകളിൽ മുത്തം വെക്കുന്നു, എന്തൊക്കെയോ പറയണമെന്നാഗ്രഹമുണ്ടെങ്കിലും വാക്കുകൾ ഹൃദയത്തിലുടക്കി നിൽക്കുകയാണ്. കാറ്റിൽ ആഭയുടെ മുടിയിഴകൾ മുഖത്തുവന്നു തഴുകിയപ്പോൾ അറിയാതെ മനസ്സ് തരളിതമായി.

"രഘൂന് സുഖമാണോ?"

"സുഖം തന്നെ......ഒരു കെട്ടുപൊട്ടിയ പട്ടംപോലെ അങ്ങനെ പാറിനടക്കുന്നു"

"എന്നും ഇങ്ങനെ പാറിനടന്നാൽ മതിയോ? എവിടെയെങ്കിലും ഒന്നുറച്ചു നിൽക്കണ്ടേ?"

"അങ്ങനെ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു.... പക്ഷേ....ഇനി......ഇനി ഇങ്ങനെയൊക്കെ അങ്ങുപോകട്ടെ....ഒടുവിൽ എവിടെയെങ്കിലും വീണടിയുന്നതു വരെ"

"എന്നെ കരയിപ്പിക്കുന്നത് ഒരു രസമാണല്ലേ?"

"ഒരിക്കലുമല്ല..... നീ കരയാതിരിക്കാനല്ലേ ഞാൻ വഴിമാറിത്തന്നത്?"

മറുപടിയില്ല. തല അൽപ്പം ചെരിച്ചു നോക്കി. ആഭയുടെ കണ്ണുകളിൽ മുത്തുമണികൾ ഉരുണ്ടുകൂടുകയും അവ ഇടതടവില്ലാതെ താഴേക്കു നിപതിക്കുകയും ചെയ്യുന്നു.

ഒന്നും വേണ്ടായിരുന്നു.. നല്ലൊരു സായാഹ്നം നശിപ്പിച്ചു.

"ആഭാ നമുക്കു കുറച്ചുനേരം ഇവിടെയിരുന്നാലോ?"

വീണ്ടും നിശബ്ദത. കണ്ണുകളിൽ മഴ പെയ്തു തോർന്നിട്ടില്ലെന്നു തോന്നുന്നു.

ഒരുപാട് നേരമായി ഈ നടപ്പു തുടങ്ങിയിട്ട്. ഏകദേശം ബീച്ചിന്റെ ഒരറ്റമെത്തിയിരിക്കുന്നു. അസ്തമയം കാണാൻ വരുന്നവരുടെ തിരക്ക് കൂടിവരുന്നു. ആവശ്യം കഴിഞ്ഞ് കരയിൽ കയറ്റിയിട്ടിരിക്കുന്ന ഒരു വഞ്ചിയുടെ തണലിൽ അടുത്തടുത്തിരുന്നു.......എന്നത്തേയുംപോലെ.

"ആഭേ"

മൗനം

"ആഭേ.."

"ഹും..."

ഭാഗ്യം മഞ്ഞുരുകിത്തുടങ്ങിയെന്നു തോന്നുന്നു.

"നമ്മൾ ഇതിനുമുമ്പ് ഒരുമിച്ചിവിടെയിരുന്നത് എന്നാണെന്നോർമ്മയുണ്ടോ?"

വീണ്ടും കുറച്ചുനേരത്തെ മൗനം പിന്നെ ഒരു നെടുവീർപ്പും. എന്തോ പറയാൻ ബുദ്ധിമുട്ടുന്നതുപോലെ.

"അതങ്ങനെ മറക്കാൻ പറ്റുമോ രഘൂ?"

ശരിയാണ് എങ്ങനെ മറക്കാനാണ്? കാലം ഏറ്റവും വലിയ മുറിവുണക്കൽ വിദഗ്ദ്ധനാണെന്നു പറയുമെങ്കിലും ചില മുറിവുകൾ അതങ്ങനെ നീറി നീറി കിടക്കും...കനൽമൂടിയ ചാരംപോലെ. ഒരു ശബ്ദം, ഒരു നോട്ടം എന്തിന് ഒരു നിശ്വാസം മതി അതിനെ ജ്വലിപ്പിക്കാൻ.

ഹൃദയത്തിലെ വ്രണങ്ങൾ നൊന്തു... ഇപ്പോൾ പൊട്ടുമെന്ന നിലയിൽ അതിങ്ങനെ ശക്തിയായി മിടിച്ചുകൊണ്ടിരിക്കുന്നു. ധൈര്യം നടിക്കണമെന്നാഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ശ്വാസത്തിന് വേഗമേറുന്നത് നിയന്ത്രിക്കാനാകുന്നില്ല.

ആഭയുടെ അടുത്തേക്ക് അൽപ്പംകൂടി നീങ്ങിയിരുന്നു. അടക്കാനാകാത്ത എന്തോ ഒരു ഉൾപ്രേരണയിൽ അവളുടെ മൃദുവായ ഇടതുകൈപ്പടം എടുത്തു പരുക്കനായ ഈ വലതു കൈവെള്ളയിൽ വെച്ചു. ആദ്യം ചെറുതായൊന്നു ഞെട്ടി അവളാ കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പിന്നെ ആ ഉദ്യമം ഉപേക്ഷിച്ചു.

കുറച്ചകലെ കുട്ടികൾ കടൽത്തീരത്തടിഞ്ഞ കൊച്ചു ചിപ്പികൾ പറക്കാൻ മത്സരിക്കുകയാണ്. ഒരുമിച്ചുകണ്ട സ്വപ്നങ്ങളിലെവിടെയോ ഒരു കൊച്ചു ആഭയും കൊച്ചു രഘുവും ഇതുപോലെ ഈ തീരത്തെവിടെയോ ഉണ്ടായിരുന്നല്ലോ എന്നോർത്തപ്പോൾ വേദനയും കൗതുകവും തോന്നി.

അതും ഇതുപോലൊരു സായാഹ്നമായിരുന്നു. എന്തോ പറയാനുണ്ടെന്നും അത്യാവശ്യമായൊന്നു കാണണമെന്നും പറഞ്ഞാണ് ആഭ ഫോൺ വെച്ചത്. അവളുടെ ശബ്ദത്തിലെ പതിവില്ലാത്തൊരു വിങ്ങൽ എന്തോ ദുസ്സൂചന നൽകിയതാണ് അപ്പോൾത്തന്നെ!

നീലയിൽ ചെറിയ മഞ്ഞപൂക്കളുള്ള ചുരിദാറിൽ ആഭ വളരെ സുന്ദരിയായിരുന്നു....ചുവന്നു കലങ്ങിയ കണ്ണുകൾ അതിനൊരപവാദമായിരുന്നെങ്കിലും!

ബീച്ചിലെ തിരക്കുകുറഞ്ഞ ഒരറ്റത്തേക്കു ഞങ്ങൾ നടന്നു. പതിവിനു വിപരീതമായി, ഇരുവരുടെയും ഇടയിൽ  നിശബ്ദത തളംകെട്ടിനിന്നു. അരുതാത്തതെന്തോ നടക്കാൻപോകുന്നു എന്ന് ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു.

"രഘൂ എനിക്കുവേഗം തിരിച്ചുപോകണം. നമുക്കിവിടെ എവിടെയെങ്കിലും ഇരിക്കാം"

ഇരുന്നപ്പോളാണ് ശ്രദ്ധിച്ചത്. മുഖത്തേക്കുനോക്കാതെ ചുരിദാർ ഷാളിന്റെ അഗ്രം ചെറുവിരലിൽ വട്ടം ചുറ്റുകയും അഴിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ആഭ. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട് അല്ലാതെ ഇത്ര ടെൻഷനായി ഇതിനുമുമ്പ് കണ്ടിട്ടില്ല.

"രഘൂ.....സ്വന്തം അച്ഛൻ ഒരുമുഴം കയറിൽ തൂങ്ങിയാടുന്നത് എപ്പോഴെങ്കിലും  സങ്കൽപ്പിച്ചുനോക്കിയിട്ടുണ്ടോ"

"ഈ ഭ്രാന്തു പറയാനാണോ എന്നെ..."

മുഴുമിക്കാൻ അനുവദിച്ചില്ല.

"ഞാൻ സങ്കൽപ്പിച്ചുനോക്കി. വളരെ ഭീകരമായ ഒരനുഭവമായിരുന്നു അത്. അങ്ങനെയൊരു കാഴ്ച കാണാതിരിക്കാൻ മറ്റെന്തും സഹിക്കാൻ ഞാൻ തയ്യാറാണ്"

"ആഭ എന്താ പറഞ്ഞുവരുന്നത്? ബിസിനസിലെ പ്രശ്നങ്ങളെല്ലാം തീർന്നെന്നും ഏതോ അകന്ന ബന്ധത്തിലുള്ള കസിൻ സഹായിച്ചെന്നുമൊക്കെ പറഞ്ഞിട്ട്, ഇപ്പൊ എന്താ പുതിയ ഇഷ്യൂ?"

"ബിസിനസ്സ് നടത്തി പരിചയമുള്ളവർ ഒന്നും കാണാതെ പണമെറിയില്ല എന്നെന്റെ പാവം അച്ഛൻ മനസിലാക്കിയില്ല. അവനിപ്പോൾ ആവശ്യം എന്നെ കല്യാണം കഴിക്കുക എന്നതാണ്. ഇല്ലെങ്കിൽ ലക്ഷങ്ങളുടെ ബാധ്യത അച്ഛൻ ഉടനെ തിരിച്ചുകൊടുക്കണമെന്നാണ് ഡിമാൻഡ്. ഡോക്ടർ എന്ന എന്റെ ലേബൽ അവരുടെ തറവാട്ടുമഹിമ ഉയർത്തുമത്രേ"

"നീ പറഞ്ഞുവരുന്നത്?"

"ഇതിലും വ്യക്തമായി എങ്ങനെ പറയണമെന്ന് എനിക്കറിയില്ല....... രഘൂ ഇറ്റ്‌സ് ഓവർ.....നമുക്ക്... "

ഒരു ഗദ്‌ഗദം തൊണ്ടയിൽ കുടുങ്ങിയതുകൊണ്ട് ആഭക്ക് മുഴുമിക്കാനൊത്തില്ല. നിറഞ്ഞ രണ്ടു കണ്ണുകൾ ഒരു തൂവാലയുടെ സംരക്ഷണത്തിൽ ഒളിച്ചു.

യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഒരു നിമിഷമെടുത്തു. അത് മനസ്സിലാക്കിയപ്പോൾ ഭൂമി നെടുകെ പിളരുന്നതായും, അതിനുള്ളിലെ ഒരഗ്നിഗോളത്തിലേക്ക് എടുത്തെറിയപ്പെടുന്നതായും തോന്നി.

വിട്ടുമാറാത്തൊരു കാൽവേദനയുമായി ഒരാശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ റൗണ്ട്സിനു വന്ന സ്വന്തം നാട്ടുകാരിയായ ഹൗസ് സർജൻസിക്കാരിയോട് തോന്നിയ ഒരു കൗതുകത്തിൽ തുടങ്ങി ഒരുമിച്ച്  ഇതേ ബീച്ചിൽ കൈകോർത്തിരുന്ന് ഹൃദയം ഹൃദയത്തോട് പറഞ്ഞ സ്വകാര്യങ്ങൾ വരെ ജീവിതത്തെ ജ്വലിപ്പിച്ചുനിർത്തിയ ഒരുപാടൊരുപാട് നിമിഷങ്ങൾ കണ്ണിനുമുന്നിൽ മിന്നിമാഞ്ഞു.

ഇനി അതെല്ലാം വെറും ഓർമ്മകൾ മാത്രമാകാൻ പോകുന്നു. ഇത്രകാലമുണ്ടായിരുന്ന ഈ മരീചിക മായുമ്പോൾ മണലാരണ്യത്തിൽ ഞാൻ തനിച്ചാകാൻ പോകുന്നു.......ഭൂമി ഈ നിമിഷം നിലച്ചുപോയെങ്കിൽ, അല്ലെങ്കിൽ ഒരു പേമാരിയോ, പ്രളയമോ വന്നെങ്കിൽ എന്നാശിച്ചു. ദൈവമേ...എല്ലാം ഇതോടെ തീർന്നെങ്കിൽ എത്ര നന്നായിരുന്നു!!!

യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നു. ഉറക്കത്തിനും ഉണർവിനുമിടയിലെ നൂൽപ്പാലത്തിൽ വെച്ചുകണ്ട ഒരു സ്വപ്നം മാഞ്ഞുപോയിരിക്കുന്നു എന്നുമാത്രം മനസ്സിലായി. ഇനി ബാക്കിയുള്ളത് മുന്നോട്ട് നീണ്ടുപരന്നുകിടക്കുന്ന ശൂന്യത മാത്രം.

ഒരുപൊട്ടുപോലെ ദൂരെ അവൾ നടന്നുപോകുന്നത് കാണാമായിരുന്നു.

"ആഭേ....ആഭേ"

ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങി.

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വേച്ചുപോയി. ചുറ്റുമുള്ള ഭൂമി അതിവേഗം കറങ്ങുന്നതായും ഒരു കരിയിലപോലെ ആ ചുഴലിയിൽ ലക്ഷ്യമില്ലാതെ എങ്ങോ പാറിപ്പോകുന്നതായും തോന്നി. ഹൃദയത്തിന്റെ കോണിൽ ഒരു തീപ്പൊരി ഉടലെടുക്കുകയും അതൊരു കാട്ടുതീയായി എന്നെ വിഴുങ്ങുകയും ചെയ്തു.

ആഭ അമ്മയായതും, വിദേശത്തു സ്ഥിരതാമസമായതും എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കൽപ്പോലും പിന്നീട് വിളിക്കാനോ സംസാരിക്കാനോ ശ്രമിച്ചില്ല. മറിച്ച് സ്വയം സൃഷ്‌ടിച്ച ഒരു കൊക്കൂണിൽ ജീവിതത്തെ ഒതുക്കിക്കളഞ്ഞു.  ചിലപ്പോൾ ഉള്ളിലെ മുറിവുകളിൽ സ്വയം കുത്തിനോവിച്ചു, മറ്റു ചിലപ്പോൾ മറക്കാനും നിസ്സംഗനായിരിക്കാനും ശ്രമിച്ചു പരാജയപ്പെട്ടു.

ആഭ എന്ന പേര് മാഞ്ഞുപോയത് ജീവിതത്തിലെ പ്രകാശമെല്ലാം കെടുത്തിക്കൊണ്ടായിരുന്നു. പാഥേയം നഷ്ടപ്പെട്ട പഥികനെപ്പോലെ ഒരുപാടുകാലമലഞ്ഞു. ഒടുവിൽ മനസ്സിന്റെ കെട്ട് പൊട്ടിപ്പോകുമെന്നു തോന്നിയൊരു സന്ദർഭത്തിൽ ആരോടും ഒന്നും പറയാതെ ഒരു യാത്രപോയി. കുന്നിറങ്ങി, മലയിറങ്ങി, കാടിറങ്ങി, ലക്ഷ്യമില്ലാത്ത സഞ്ചാരിയെപ്പോലെ ചൂളംവിളിച്ച് നഗരത്തിന്റെ ഊടുവഴികളിലൂടെ കറങ്ങി അങ്ങനെ കുറേനാൾ.... എന്തായാലും മനസ്സിലെ തീച്ചൂളയുടെ ചൂട് കുറച്ചെങ്കിലും കുറക്കാനതു സഹായിച്ചു.

"സാർ കടല വേണോ കടല?"

ഓർമ്മകളുടെ മോചനമില്ലാത്ത തടവറയിൽനിന്ന് വർത്തമാനകാലത്തേക്ക് മനസ്സ് തിരിച്ചെത്തി. സൂര്യൻ അസ്തമനത്തിന് തിരക്കുകൂട്ടുന്നു, ബീച്ചിന്റെ തിരക്കുകുറഞ്ഞ ഓരോ മുക്കിലും മൂലയിലും കമിതാക്കൾ അവരുടേതായ ലോകത്തിൽ മുഴുകിയിരിക്കുന്നു. അതിൽ എത്രയോ ആഭമാർ, എത്രയോ രഘുമാർ....ഒന്നാലോചിച്ചാൽ എന്നും പുഷ്‌പിക്കുന്നൊരു പനിനീർച്ചെടിപോലെയാണ് പ്രണയം... ചിലരെ അതിന്റെ മുള്ളുകൾ  നൊമ്പരപ്പെടുത്താറുണ്ടെങ്കിലും.

ഒരു ദീർഘനിശ്വാസം. ആഭ എന്തോ പറയാൻ തയ്യാറെടുക്കുകയാണ്.

"രഘൂ ഭൂതകാലത്തിന്റെ പട്ടടയിൽ ജീവിക്കുമ്പോളല്ല  മറിച്ച് ചിലതു മറക്കാൻകൂടി പഠിക്കുമ്പോളാണ് നമ്മുടെ ജീവിതം പൂർണമാകുന്നത്.

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്താണ് പ്രണയത്തിന്റെ സാക്ഷാൽക്കാരമെന്ന്? അത് വിവാഹമാണോ? അതോ വിരഹമോ? എനിക്കു തോന്നിയിട്ടുള്ളത് ഇത് രണ്ടുമല്ലെന്നാണ്...മറിച്ച് ആ സാക്ഷാൽക്കാരം പ്രണയം തന്നെയാണ്....

നൗ പ്ളീസ് ചിയർ അപ്പ്.... മരിക്കുംവരെ എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്ന സ്ഥാനത്തു മറ്റൊരു പേരുണ്ടാകില്ല....ബാക്കിയെല്ലാം ഹൃദയത്തിൽ മറ്റാരും കാണാത്ത ഒരു സ്ഥലത്തു ഞാൻ തന്നെ കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. എന്തിനാണെന്നോ? ഒറ്റക്കാണെന്നു തോന്നുമ്പോൾ എനിക്കുതന്നെ എടുത്തൊന്നു നോക്കി ഓമനിക്കാൻ.

ജീവിതത്തിൽ ഞാൻ ഒരുപാടു കരഞ്ഞതാണ്. ഇനിയെന്നെ കരയിക്കരുത്. എനിക്ക് തിരിച്ചുപോകാൻ നേരമായി......ഐ തിങ്ക് യൂ മസ്റ്റ് ആൾസോ മൂവ് ഓൺ.... "

പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു പകൽ കൂടി വിടപറയുന്നു. കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല, കാഴ്ചകൾ വ്യക്തമാകുന്നില്ല.

ഉടുപ്പിലെ മണൽ തട്ടിക്കുടഞ്ഞ് ആഭ നടന്നുതുടങ്ങി.

സ്വപ്നമെന്നോ യാഥാർഥ്യമെന്നോ വേർതിരിച്ചറിയാനാകാത്ത ഏതാനും നിമിഷങ്ങളുടെ മധുരം മനസ്സിലാവാഹിച്ച്, പിണച്ചുവെച്ച കൈകളിൽ തല വെച്ച് ഓർമ്മകളുടെ ആ തീരത്ത് കണ്ണുകളടച്ച് മലർന്നുകിടന്നു.

ഒരു തിരവന്നു കാലിൽ തഴുകി...ആഭയുടെ ഓർമ്മകളെപ്പോലെ ...മൃദുലമായി...

******************************************************************************************************

"ബാലൂ, എത്രനേരമായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു. ഇതുവരെ എഴുതിക്കഴിഞ്ഞില്ലേ? മനോമി അച്ഛനെ കാണണമെന്നു പറഞ്ഞു ബഹളം തുടങ്ങി"

വേണിയാണ്. ഇനി അവളെ പ്രകോപിപ്പിക്കുന്നത് ശരിയല്ല.

"ദാ കഴിഞ്ഞു. വേണി നടന്നോളൂ ഞാൻ ഇതൊന്നു കാറിൽവെച്ചിട്ടു വേഗം വന്നേക്കാം"

'സ്പെഷ്യൽ കാപ്പി'യുടെ അവസാന തുള്ളിയും അകത്താക്കി കപ്പ് നീക്കിവെച്ചിട്ട് എഴുതിക്കൊണ്ടിരുന്ന പേനയും പേപ്പറുമെല്ലാം എടുത്തു ബാഗിൽ തള്ളി. സോവനീറിലേക്കൊരു കഥ വേണമെന്ന് കുറേനാളായി അജയ് സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞു വേണിയെയും മോളെയും നിരാശപ്പെടുത്താൻ തുടങ്ങിയിട്ടും കുറച്ചായി. രണ്ടിനും കൂടി പറ്റിയൊരു സ്ഥലം എന്ന നിലക്കാണ് ഇവിടെ വന്നത്.

ബീച്ചിലേക്കു തിരിഞ്ഞു നടക്കുന്നതിനിടയിൽ എന്തോ ഓർത്തതുപോലെ വേണി തിരിഞ്ഞുനോക്കി മെല്ലെ പുഞ്ചിരിച്ചു. പ്രണയം തുറന്നുപറഞ്ഞ ആ സായാഹ്നത്തിൽ ആഭയുടെ മുഖത്തു രഘു കണ്ട  അതേ പുഞ്ചിരി.

ആ കാലുവേദന പിന്നീടൊരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല...

അതുപോലെ......

കഥയിൽ എന്തെഴുതിയാലും, ജീവിതത്തിൽ കടലും, കാപ്പിയും, പ്രണയവും എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടുമില്ല!!

Thursday 8 February 2018

"ആരാടാ ഈ മീശമാധവൻ?...........ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ? "


"ഒരു ടി വി വാങ്ങണം നമുക്ക്"

ഒരു ഞായറാഴ്ച - രാവിലെ പള്ളിയിലെ ഹാജർ ഒപ്പുവെച്ച്, കേരളാമെസ്സിലെ അപ്പവും മുട്ടക്കറിയും അകത്താക്കി, കൊച്ചിൻ ഹനീഫയെ തോൽപ്പിക്കുന്ന വിധത്തിലൊരു തുണിയലക്കലും കഴിഞ്ഞ്, ദിനംതോറും മികച്ച പുരോഗതി കൈവരിക്കുന്ന വയറിനെനോക്കി, എല്ലാ വർഷവും പുതുക്കുന്ന 'ഡയറ്റ് കൺട്രോൾ' പ്രതിജ്ഞയുടെ പാവനസ്മരണകൾക്ക് മുമ്പിൽ ഒരു ദീർഘനിശ്വാസംകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് ഷിനോച്ചേട്ടൻ എല്ലാവരുടെയും മുന്നിൽ ആ പ്രമേയം അവതരിപ്പിച്ചു.

"ശരിയാ ചേട്ടായീ, ശനീം ഞായറും ലാലേട്ടന്റെ പഴയ സിനിമകളൊക്കെ വരുമ്പോ കാണാലോ"

എന്നത്തെയുംപോലെ ഒരുമണിക്കൂർ നീണ്ട കുളികഴിഞ്ഞ്, മുടിയിലെ വെള്ളം ഇറ്റിറ്റു തറയിൽ വീഴിച്ചുകൊണ്ട് കുളിമുറിയുടെ വാതിൽ തുറന്നുവന്ന ഷജിത്തേട്ടൻ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. അനന്തരം അദ്ദേഹം വീടിന്റെ പുറത്തേക്കുപോകുകയും 'ഒരു പറക്കുംതളിക'യിലെ ബസ്സിനെ അനുസ്മരിപ്പിക്കുംവിധം ഓരോ ഇഞ്ച് സ്ഥലത്തും ഷിനോച്ചേട്ടന്റെ വസ്ത്രങ്ങൾ ഉണങ്ങാനിട്ടിരിക്കുകയാണെന്നു കണ്ടു വിജൃംഭിതനാകുകയും, ഒടുക്കം അവിടെ പാർക്ക് ചെയ്തുവെച്ചിരിക്കുന്ന ഏതോ നിർഭാഗ്യവാന്റെ ബൈക്കിന്റെ ഹാൻഡിലിൽ തന്റെ നനഞ്ഞ കളസം തൂക്കിയിടുകയും തോർത്ത് സീറ്റിൽ വിരിച്ചിടുകയും ചെയ്തു.

"ഇയാളെക്കൊണ്ടു തോറ്റു... എന്താ മമ്മൂട്ടീടേം ജയറാമിന്റേം ഒന്നും പടം വന്നാൽ കാണില്ലേ? ...... ബിബിസി കണ്ടിട്ടുവേണം വൊക്കാബുലറി ഒന്ന് റെഡിയാക്കാൻ. വീണ്ടും ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങണ്ടതാ"

കൂട്ടത്തിലെ ചിന്തിക്കുന്നവനും, ഒരുപാട് സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവുമായ  'ചിന്തു' ഭാവിയെക്കുറിച്ച് വാചാലനായി.

"മ്മക്ക് പൊരിക്കാം സയിത്തേട്ടാ.... പൈസ തൽക്കാലം നിങ്ങളെല്ലാരുംകൂടി ഷെയർ ചെയ്താമതി... ഇപ്പൊ ഇത്തിരി ടൈറ്റാ... ഒന്ന് സെറ്റപ്പായിക്കോട്ടെ...അതുകഴിഞ്ഞിട്ട് ഞാൻ ഷെയർ ഇടാം"

(തൃശ്ശൂരുകാർക്ക് പരിചയം കൂടിവരുമ്പോൾ 'ഷജിത്തേട്ടൻ' ആദ്യം 'സജിത്തേട്ടൻ' ആയും പിന്നീട് 'സയിത്തേട്ടൻ' ആയും രൂപാന്തരപ്പെടും എന്ന സത്യം ഓർമിപ്പിച്ചുകൊള്ളുന്നു) 

വിനോദവും വിശ്രമവുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും കലവറയില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്ന ശ്രീജിത്ത് പതിവുതെറ്റിച്ചില്ല. തീർക്കാനുള്ള ഒരുപാട് കണക്കുകളുടെ കൂട്ടത്തിൽ ഇതുകൂടി ഉൾപ്പെടുത്തേണ്ടിവരുമെന്ന കാര്യം ധനകാര്യമന്ത്രിയെ ഓർമിപ്പിക്കാനും മറന്നില്ല!

"ഷിനോ ചേട്ടന് ബോണസ് കിട്ടാറായീന്നു തോന്നുന്നുണ്ടല്ലോ.. അല്ലെങ്കിൽ  ഇങ്ങനത്തെ ഐഡിയകളൊന്നും വരാൻ വഴിയില്ലല്ലോ?"

നിയമസഭാ സ്‌പീക്കറെപ്പോലെ ഭരണപക്ഷത്തിനൊപ്പമാണോ പ്രതിപക്ഷത്തിനൊപ്പമാണോ എന്ന് ഉറപ്പിക്കാൻ വയ്യാത്തൊരു റൂളിംഗ് നൽകി ഞാനെന്റെ കടമയും നിർവഹിച്ചു.

"വാങ്ങാണെങ്കി വേഗം വാങ്ങണം. അടുത്തമാസം തൊട്ടു ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങാ അതുകഴിഞ്ഞാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റും ഉണ്ട്...."

നാട്ടിൽനിന്നു കൊണ്ടുവന്ന 'മോഹൻലാൽ' മാഗസിനിൽ മുഴുകിയിരുന്ന അംഗിരസ് തലയുയർത്തി അർത്ഥശങ്കക്കിടയില്ലാത്തവണ്ണം നിലപാട് വ്യക്തമാക്കി മോഹൻലാലിലേക്കു തിരിച്ചുപോയി. ഇനി ഈ ബുക്കിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെപ്പറ്റി ഷജിത്തേട്ടനും ഇവനുംകൂടിയുള്ള ഒരുപാട് ചർച്ചകൾക്ക് ഈ മുറി സാക്ഷിയാകാനുള്ളതാണ് (ഉദാഹരണം: ഗ്രോസ് കളക്ഷൻ, ഹൗസ്‌ഫുൾ ഷോകളുടെ എണ്ണം, വരാനുള്ള റിലീസുകൾ, ഏട്ടന്റെ വണ്ണം, ആക്ഷൻ, പൊളിഞ്ഞ മമ്മൂട്ടിപ്പടങ്ങളുമായുള്ള താരതമ്യം)  അതുകൊണ്ട് ഒരു പോയിന്റുപോലും വായിക്കാൻ വിട്ടുപോകരുതല്ലോ !

എന്തായാലും കൂടുതൽ ചർച്ചകൂടാതെ പ്രമേയം പാസ്സാക്കി. നമ്മുടെ ധനകാര്യമന്ത്രിമാരുടെ മാതൃക പിന്തുടർന്ന് പല ഫണ്ടുകൾ വകമാറ്റി വിഭവസമാഹരണം നടത്തി.

ഒരുപാട് കടകൾ കയറിയിറങ്ങി പത്തുരൂപക്കുവരെ വിലപേശി ഒടുക്കം 'ഫിലിപ്സ്' തറവാട്ടിൽ പിറന്ന ഒരു സുന്ദരിക്കുട്ടിയെ കണ്ടു. മോഡലിംഗ് താൽപ്പര്യമുള്ള 'എൽ സി ഡി', 'എൽ ഇ ഡി' സഹോദരിമാരെപ്പോലെ സ്ലിം ആയിരുന്നില്ലെങ്കിലും കാണാൻപോയ ഞങ്ങൾ നാലാൾക്കും നന്നേ ബോധിച്ചതുകൊണ്ട് ആകെ ചോദിച്ചത് ഇത്രമാത്രം

"പോരുന്നോ ഞങ്ങളുടെ കൂടെ?"

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കല്യാണപ്പെണ്ണ് ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതുപോലെ അത്യാവശ്യം ലഗേജും കൂടെപ്പോന്നു - ഒരു സ്റ്റെബിലൈസർ, താങ്ങാനൊരു മേശ, മേശയിലിടാനൊരു കവർ, ഉപയോഗിക്കാത്തപ്പോൾ ടി വി പൊടിപിടിക്കാതെ മൂടിയിടാൻ ഒരു ടവൽ. 'കുളിയില്ലെങ്കിലും ഇന്ത്യൻ ടൈ പുരപ്പുറത്തു കാണണം' എന്ന വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു ആഘോഷമായിത്തന്നെ എല്ലാം നടന്നു.

വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ കേബിൾകാരനെ വിളിച്ചു കണക്ഷനും എടുത്തു. ആദ്യമായി ടി വി യിൽ ചിത്രം തെളിഞ്ഞപ്പോൾ പിറക്കാതെപോയ മകനെ നേരിട്ടുകണ്ട സന്തോഷമായിരുന്നു എല്ലാവർക്കും.

പുത്തനച്ചി പുരപ്പുറം തൂക്കണമെന്നാണല്ലോ പ്രമാണം. അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ വിശ്രമിക്കാനാവസരം കൊടുക്കാതെ ഞങ്ങളവളെ പണിയെടുപ്പിച്ചുകൊണ്ടേയിരുന്നു.

മംഗലശ്ശേരി നീലകണ്ഠനും, ചന്തക്കാട് വിശ്വനും, രമണനും, Mr.പോഞ്ഞിക്കരയുമെല്ലാം ഞങ്ങൾക്കൊപ്പം ഉച്ചയൂണും അത്താഴവും കഴിച്ചു. സ്വീകരണമുറിയുടെ കോർണറിൽ നിന്ന് റൊണാൾഡീഞ്ഞോ ഇലപൊഴിയും കിക്കുകൾ തൊടുത്തു, സച്ചിന്റെ സിക്സറുകൾ സ്ക്രീനും കടന്നു പുറത്തേക്കുവന്നു, ചാനലുകൾ മാറ്റുമ്പോൾ ഇടക്കു പുഞ്ചിരിക്കാറുള്ള ബിബിസിയെ ഒടുക്കം ചിന്തു മൊഴിചൊല്ലി.

ന്യൂസ് ചാനലുകൾ പ്രധാനമായും റെയിൽവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ മാത്രമാണ് കാണാറുള്ളത്. മിക്കവാറും ഒരേ വാർത്തയാണ് പതിവും.

"ഈ വർഷവും ബാംഗ്ളൂരിലേക്ക് പുതിയ ട്രെയിനൊന്നുമില്ല"

അമർത്തിവിട്ട ദീർഘനിശ്വാസത്തിലെ നീരാവി മേഘങ്ങളിലേക്കുയർന്നു ഘനീഭവിച്ച് മഴയായി താഴോട്ടു നിപതിച്ചു.

തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ടി വി കറന്റ് പോകുന്ന അപൂർവം അവസരങ്ങളിൽ ദീർഘനിശ്വാസത്തോടെ ഒന്ന് നടുനിവർത്തി ദയനീയതയോടെ നോക്കാറുണ്ടായിരുന്നു.

ഇതിനിടയിൽ ഞാനും അംഗിരസും MBA കോഴ്‌സിനു ചേർന്നിരുന്നു (വിദൂര വിദ്യാഭ്യാസം). അങ്ങനെ ആദ്യ സെമസ്റ്റർ പരീക്ഷ വരവായി. പഠന ദിനങ്ങളിൽനിന്ന് പരീക്ഷയിലേക്കുള്ള അകലം കുറഞ്ഞുവരുംതോറും പേടി കൂടിക്കൂടിവന്നു. ഡിഗ്രിക്ക്  കെമിസ്ട്രി പഠിച്ചവന്മാരെ നോക്കി അക്കൗണ്ടൻസിയും സ്റ്റാറ്റിസ്റ്റിക്‌സും കണ്ണുരുട്ടി. വലിച്ചു കയറ്റിയ വയ്യാവേലി ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് പരീക്ഷ എഴുതാൻതന്നെ തീരുമാനിച്ചു. ആദ്യപടിയായി ടി വി കാണൽ ഏതാണ്ട് കുറക്കുകയും ആ സമയം പഠനത്തിന് മാറ്റിവെക്കുകയും ചെയ്തു.

അക്കൗണ്ടൻസി പരീക്ഷയുടെ തലേന്ന് റൂമിൽ ചെറിയൊരു 'ആഘോഷം' ഉണ്ടായിരുന്നു. ഇത്തരം ആഘോഷങ്ങളിൽ എന്റെയും അംഗിരസ്സിന്റെയും റോൾ മറ്റുള്ള നാലുപേരുടേതിൽനിന്നു വ്യത്യസ്തമാണ്. കൂർക്കയിട്ടു വെച്ച പോർക്ക് അല്ലെങ്കിൽ കായയിട്ടുവെച്ച ബീഫ് എന്നിവ അതിവേഗം ബഹുദൂരം തിന്നുതീർക്കുക, എരിവ് മാറ്റാനായി 'സ്പ്രൈറ്റ്' ഇടക്കിടക്ക് കുടിച്ചുകൊണ്ടിരിക്കുക, കപ്പലണ്ടി വേഗം വേഗം വായിലേക്കിടുക എന്നീ കലാപരിപാടികളിലാണ് ഞങ്ങൾ ഡോക്ടറേറ്റ് എടുത്തിരുന്നത്. ഒടുക്കം വെറും വെള്ളമൊഴിച്ച് ഗ്ളാസ്സിന്റെ പകുതി നിറക്കേണ്ടി വരികയും, വിശപ്പടക്കാൻ ബാക്കിയുള്ള ബ്രഡ് വെറുതെ തിന്നേണ്ടിവരുകയും ചെയ്യുന്ന നാല് ആത്മാക്കളുടെ ശാപം എന്നും ഞങ്ങളുടെ തലക്കുമുകളിൽ തങ്ങിനിൽക്കാറുണ്ട്. പിറ്റേന്നുരാവിലെ തെറ്റ് ആവർത്തിക്കില്ലെന്ന് ആണയിട്ടു പറയുകയും അടുത്ത ആഘോഷംവരെ മാത്രം ആ വാക്കുപാലിക്കുകയും ചെയ്യാറുണ്ട് രണ്ടുപേരും. ഞങ്ങളും മനുഷ്യരല്ലേ!

"ഫുഡ് ഒരുപാട് ലോഡായാൽ പെട്ടെന്ന് ഉറക്കംവരും. ഇത്തവണ നിങ്ങൾ തകർക്ക്"

പിറ്റേന്ന് പരീക്ഷയായതുകൊണ്ട് പതിവിൽനിന്നു വ്യത്യസ്തരായി ഞങ്ങളിരുവരും വേഗം രംഗത്തുനിന്ന് വിടവാങ്ങി പഠനത്തിലേക്ക് ഊളിയിട്ടു.

"ഇത്രയും നാളായിട്ട് ആദ്യമായിട്ടാ തിന്നാനുള്ളത് തീർന്നു പോകുമെന്ന ടെൻഷനില്ലാതെ ഇവിടെ ഇരിക്കാൻ പറ്റുന്നത്. ഇടക്കിടക്ക് ഓരോ പരീക്ഷ വന്നിരുന്നെങ്കിൽ നമ്മൾ രക്ഷപ്പെട്ടാനേ അല്ലേടാ ചിന്തു? "

പണ്ടത്തെ MBA ക്കാരൻ കൂടിയായ ഷിനോച്ചേട്ടൻ ഞങ്ങളെ പുച്ഛിച്ചതാണ്. സാരമില്ല അടുത്ത തവണ പകരംവീട്ടാം എന്നുറപ്പിച്ച് അവഗണിച്ചു.

എന്തായാലും അക്കൗണ്ടൻസി കുറച്ചു വായിച്ചപ്പോളേക്കും കിളികൾ പറന്നതിനാൽ ഇനി നാളെരാവിലെ നേരത്തെ എഴുന്നേറ്റിട്ടാകാം പഠനം എന്ന തീരുമാനം എടുത്തതും ഉറങ്ങി താഴെവീണതും ഏതാണ്ട് ഒരുമിച്ചായിരുന്നു.

ഉറക്കത്തിലേക്കു പൂർണമായും വഴുതിവീഴുന്നതിനു മുൻപ് ചിന്തു പതിവുപോലെ വെല്ലുവിളിക്കുന്നത് കേൾക്കാമായിരുന്നു. തൊട്ടുമുൻപ് 'മീശമാധവൻ' സിനിമ കണ്ടതിന്റെ ആവേശം മുഴുവനുമുണ്ട് ആ ശബ്ദത്തിൽ.

"ആരാടാ ഈ മീശമാധവൻ?

ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ?

ഈ ചിന്തു ഇവിടുള്ളപ്പോ ഒരുത്തനും ഈ പടികടന്നു വരില്ല..."

ഇത്തരം ചില സന്ദർഭങ്ങളിൽ ആവേശത്തിന്റെയും ധൈര്യത്തിന്റെയും ആൾരൂപമാകുന്നത് ചിന്തുവിന്റെ പതിവാണ്. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചില്ല.

ജീവിതത്തിൽ അതുവരെകണ്ട പ്രഭാതങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആ പ്രഭാതം - ആദ്യമായി MBA പരീക്ഷ എഴുതാൻ പോകുന്ന ദിവസം. നേരം നാലുമണിയായി എന്നറിയിച്ച അലാം ക്ലോക്കിന്റെ തലക്കുതട്ടി എണീറ്റുവന്നു ഹാളിലെ ലൈറ്റിട്ടു. പെട്ടെന്ന് വെളിച്ചം കണ്ണിലടിച്ചതുകൊണ്ട് കാഴ്ച്ചക്കൊരു മങ്ങൽപോലെ. ടി വി ഇരുന്നയിടത്തേക്കു നോക്കിയപ്പോൾ സ്വന്തം പേഴ്സിന്റെ അവസ്ഥ പോലെ - ആകെയൊരു ശൂന്യത .

കണ്ണുകൾ കണ്ടത് അപ്പാടെ പോയി തലച്ചോറിൽ റിപ്പോർട്ട് ചെയ്തു. പക്ഷേ കേട്ടത് വിശ്വസിക്കാനാകാതെ തലച്ചോർ "ഒന്നുകൂടി മര്യാദക്കുപോയി നോക്കീട്ടുവാടാ" എന്നുപറഞ്ഞു വന്ന സ്പീഡിൽ കണ്ണിനെ തിരിച്ചയച്ചു.

ഓൺ ചെയ്ത് കുറേനേരത്തെ പൊട്ടലിനും ചീറ്റലിനും ശേഷം മാത്രം
"ആകാശവാണി..... വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ" എന്ന് ക്ലിയറായി പറയുന്ന പഴയ റേഡിയോ പോലെ, ബുദ്ധിക്കും കുറച്ചു പതുക്കെയാണെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി.

ആദ്യം കരുതിയത് ഓവർടൈം പണിയെടുപ്പിച്ചതിന്റെ പ്രഷർ താങ്ങാനാകാതെ ഉള്ള ജീവൻ രക്ഷിക്കാൻ ടി വി എങ്ങോട്ടെങ്കിലും ഒളിച്ചോടിയതാണെന്നാണ്. എന്നും പൊടിതുടച്ചു മൂടിയിടും എന്ന് വാഗ്ദാനം ചെയ്തു അതിനുവേണ്ടി വാങ്ങിയ ടവൽ മേശയുടെ ഒരു മൂലയിൽ ആദ്യദിനം മുതൽ സമാധിയിരുന്നു പൊടിയടിച്ച് വാല്മീകി മോഡൽ ആയിട്ടുണ്ടായിരുന്നു. ആരുടേയും മനസ്സ് തകരാൻ ഇതുതന്നെ ധാരാളമല്ലേ. എന്തായാലും വാത്മീകി സ്വസ്ഥാനത്ത് അങ്ങനെതന്നെ ഇരിക്കുന്നുണ്ട് കൊണ്ടുപോകാൻ ആരുമില്ലാതെ!

"എടാ അംഗീ നമ്മുടെ ടി വി കാണാനില്ല"

"പിന്നേ പരീക്ഷേടെ അന്ന് രാവിലെ ടി വി കാണാത്തതിനെ ഒരു കൊറവേ ഉള്ളൂ"

ഇതുംപറഞ്ഞ് കണ്ണുംതിരുമ്മി കോട്ടുവായിട്ടുകൊണ്ടുവന്ന അംഗിരസ് ആ വായ അടക്കാൻ മറന്നു അങ്ങനെ നിന്നുപോയി.

എന്തായാലും സമാധാനം എന്റെ കണ്ണിനു കുഴപ്പമൊന്നുമില്ല എന്നുറപ്പായി.

"ഇനീപ്പോ എന്തുചെയ്യും?"

"എന്തായാലും അവരെക്കൂടി എഴുന്നേൽപ്പിക്കാം"

രണ്ടുവിളിയും രണ്ടുതൊഴിയും കിട്ടിയപ്പോൾ എല്ലാവരും ഉണർന്നു. കാര്യം പറഞ്ഞു.

"അടിച്ചത് നമ്മളാണെങ്കിലും പറ്റായത് ഇവന്മാരാണല്ലോ"

"പഠിച്ച് പഠിച്ച് രണ്ടെണ്ണത്തിനും വട്ടായെന്നാ തോന്നുന്നേ"

"ഓരോ സ്വപ്നങ്ങളും കണ്ടു എണീറ്റുവന്നോളും രാവിലെതന്നെ"

ഇങ്ങനെയുള്ള ഗോളുകൾ അടിച്ചുകൊണ്ട് എല്ലാവരും എണീറ്റു വന്നു, കണ്ടു കീഴടങ്ങി.

രണ്ടുപേർ കുത്തനെ നിന്നും, ക്ഷീണമുള്ള മൂന്നുപേർ ചുമരിൽ ചാരിയും, തീരെ വയ്യാത്തൊരാൾ വെറുംനിലത്തിരുന്നും ഹരിച്ചും ഗുണിച്ചും നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു.

"ടി വി മോഷണം പോയിരിക്കുന്നു! ഇന്നലെ വാതിലടക്കാൻ മറന്നുകാണും"

അപ്പോ സംഗതി ഒളിച്ചോട്ടമല്ല, കിഡ്‌നാപ്പിംഗാണ്.

ഷെർലക്ക്ഹോംസും, സേതുരാമയ്യരുമൊക്കെയായി എല്ലാവരും തിടുക്കത്തിൽ വീടാകെ ഒന്നുപരതി. സന്തോഷമായി; ടി വി ഒറ്റക്കുപോകുമ്പോ ബോറടിക്കണ്ട ഇനി വല്ല വെള്ളമോ ചായയോ കുടിക്കാൻ സഹായം വേണ്ടിവന്നാലോ എന്നുകരുതി ഒരു കമ്പനിക്കുവേണ്ടി മൂന്നു പേഴ്‌സുകളും കൂടെപ്പോയിട്ടുണ്ട്. എന്തായാലും മാസാവസാനമായതുകൊണ്ട് അതൊരു വിഷയമായി തോന്നിയതേയില്ല.

വാതിൽ തുറന്ന് നോക്കാമെന്നു തീരുമാനിച്ചു.

"ഇനി കള്ളൻ പുറത്തെങ്ങാനും നിൽക്കുന്നുണ്ടെങ്കിലോ?"

ആദ്യത്തെ ആത്മവിശ്വാസത്തിനു തെല്ലിടിവ് സംഭവിച്ചെങ്കിലും വേണ്ടിവന്നാൽ ഒരാക്രമണം നേരിടാൻ തയ്യാറായി കൈയ്യിൽകിട്ടിയ മാരകായുധങ്ങളായ ചൂൽ, ചപ്പാത്തിക്കോൽ, വെള്ളംനിറച്ച കുപ്പി എന്നിവയുമായി അഞ്ചുപേർ വാതിലിനിരുവശവുമായി നിൽക്കുകയും ഒരാൾ വാതിൽ തുറക്കാൻ പോകുകയും ചെയ്തു.

ഒന്നാമൻ വാതിലിന്റെ പിടിയിൽ ആഞ്ഞ് വലിച്ചു വാതിൽ തുറക്കുന്നതോടെ പിന്നോട്ടുമാറുകയും, ആ ഗ്യാപ്പിൽ ഞങ്ങൾ അഞ്ചുപേർ ഒറ്റയടിക്ക് ആയുധങ്ങളുമായി മുന്നോട്ട് കുതിച്ച് കള്ളനെ അടിക്കുകയും ചെയ്യുക അതാണ് മാസ്റ്റർപ്ലാൻ.

"ഡാ തുറക്കുമ്പോ മുഖത്തേക്ക് വല്ല മുളക് സ്പ്രേ അടിക്കാണ്ട് ശ്രദ്ധിച്ചോട്ടാ"

മുന്നറിയിപ്പ് കേട്ട് വാതിൽ തുറക്കാൻപോയ ആൾ ഒന്ന് ഞെട്ടി ഒരടി പിന്നോട്ടുചാടി, ചമ്മൽ മറക്കാൻ രണ്ടടി മുന്നോട്ടും ചാടി. ചാട്ടം പിഴച്ചതിനാൽ വാതിലിന്റെ പിടിയിൽചെന്ന് തലയിടിച്ച് സത്യനെപ്പോലെ 'അമ്മേ' എന്ന് വിളിച്ചു പിന്നോട്ടുവീഴുകയും അടിക്കാൻ തയ്യാറായിനിന്ന ഐവർസംഘം 'അയ്യോ കള്ളൻ' എന്ന് പറഞ്ഞു  മാർഗംകളി മോഡലിൽ പല സ്റ്റെപ്പുകൾ വെക്കുകയും ചെയ്തു.

എല്ലാവരും 'ബാക്ക് ടു പൊസിഷൻ' ആയി വീണ്ടും.

" റെഡി വൺ...ടൂ...ത്രീ.. പിടിച്ചോ"

ഒന്നാമൻ പ്ലാൻപ്രകാരം വാതിൽ ആഞ്ഞുവലിച്ചു, മറ്റുള്ളവർ കള്ളനെ ലാക്കാക്കി ഒരുമിച്ച് താളത്തിൽ ആഞ്ഞടിച്ചു.

"എടാ *$#*$#**##$.... എന്നെ കൊന്നേനെ നിങ്ങൾ"

ഒരു നിമിഷത്തെ മന്ദിപ്പിനു ശേഷമാണ് മനസ്സിലായത്. ഞങ്ങൾ തലേദിവസം മറന്നൊരു കാര്യം കള്ളൻ മറന്നില്ലെന്ന് - വാതിൽ കുറ്റിയിട്ടിരിക്കുന്നു - പുറത്തുനിന്നാണെന്നൊരു വ്യത്യാസം മാത്രം. ആഞ്ഞുവലിച്ചവന് വാതിൽ തുറക്കാൻ പറ്റിയില്ല. അപ്പോൾ ഞങ്ങളുടെ അടികൊണ്ടത്????

മുകളിൽ താമസിക്കുന്ന മലയാളിയെ മൊബൈലിൽ വിളിച്ചു. ചില ഡയലോഗുകളുടെ ആവർത്തനത്തിനുശേഷം അദ്ദേഹം വന്നു വാതിൽ തുറന്നുതന്നു. ഉപേക്ഷിച്ചനിലയിൽ പേഴ്‌സുകൾ അവിടെ കിടന്നുകിട്ടി. അധികം അകലെയല്ലാതെ ATM കാർഡുകളും. നന്നായി; ആ കാർഡുകൾ എങ്ങാനും കൊണ്ടുപോയെങ്കിൽ കള്ളനു വെറുതെ ചീത്തപ്പേരുമാത്രം ബാക്കിയായേനെ! ആട് കിടന്നിടത്തു പൂടപോലുമില്ല എന്ന് പറഞ്ഞതുപോലെ ടി വി കിടന്നിടത്ത് ഒരു സീരിയൽ പോലുമില്ലായിരുന്നു!

"നീ വാതിൽ ലോക്ക് ചെയ്തിരുന്നില്ലേ?"

നാലുപേർ പരസ്പരം ഈ ചോദ്യം ചോദിച്ചു. നോട്ടങ്ങൾ കൂട്ടിമുട്ടി എങ്ങും തീപ്പൊരിചിതറി.

"പോകാനുള്ളത് പോയി. എന്തായാലും ഒരു കട്ടൻ കുടിച്ചാൽ ഒരുഷാർ കിട്ടും"

കട്ടൻ കാപ്പിയുടെ ചൂടിൽ തലേദിവസത്തെ സംഭവങ്ങൾ ഓർത്തെടുക്കാൻ അവർ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും പണ്ട് VCR ൽ കാസെറ്റ് ഇടുമ്പോൾ വരാറുള്ളതുപോലെ രാത്രി പതിനൊന്നുമണിക്കു ശേഷമുള്ള ഓർമ്മ എല്ലാവർക്കും മൊത്തം ഗ്രെയിൻസ് പിടിച്ചപോലാണ് അനുഭവപ്പെട്ടതത്രേ.

"എന്തായാലും ആരെയും കള്ളൻ ഉപദ്രവിച്ചില്ലല്ലോ എന്ന് സമാധാനിക്ക്. അല്ലെങ്കിലും അവന് പേടി കാണും "

ചിന്തു ഒരു സിക്സറിലൂടെ റൺറേറ്റ് ഉയർത്താൻനോക്കി.

"ബുദ്ധിയില്ലാത്ത രണ്ടെണ്ണം ഒരു മുറിയിലും ബോധമില്ലാത്ത നാലെണ്ണം മറ്റേ മുറിയിലും കിടക്കുന്നതുകണ്ടപ്പോ പാവം തോന്നി ഒന്നും ചെയ്യാതെ വിട്ടതാകും"

വാതിൽ തുറന്നുതന്ന സുഹൃത്ത് ബൗണ്ടറിക്ക് തൊട്ടരികിൽവെച്ച് ക്യാച്ചെടുത്തു ആ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. കൂടുതൽ അവസരംകൊടുത്താൽ മാൻ ഓഫ് ദി മാച്ച് സമ്മാനം അടിച്ചെടുത്താലോ എന്നുകരുതി അദ്ദേഹത്തെ ഞങ്ങൾ വേഗം പറഞ്ഞയച്ചു.

ഒരുപാടുകാലം ജീവിതത്തിന്റെ ഒരു ഭാഗമായി ഉണ്ടായിരുന്ന ആ ടി വി ഇപ്പോളെവിടെയോ സമാധാനത്തോടെ അധികം ജോലിയെടുക്കാതെ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് കരുതുന്നു.

ഭഗവദ് ഗീതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

"ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമമാണ്"

അതുകൊണ്ടു ഇതൊന്നും അത്ര കാര്യമാക്കേണ്ട എന്നുകരുതി മറന്നുകളഞ്ഞു. പോലീസ് സ്റ്റേഷൻ, പരാതി, കൈക്കൂലി, കള്ളൻ, ഇടി എന്നീ വാക്കുകൾ ഏതാനും ദിവസം അന്തരീക്ഷത്തിൽ തങ്ങിനിന്നു പിന്നെ ടാറ്റാ പറഞ്ഞ് എങ്ങോട്ടോ പോയിമറഞ്ഞു.

എന്നാലും ഒരു സങ്കടം ബാക്കിനിൽക്കുന്നു. ആ കള്ളൻ എന്തിനാണാവോ അക്കൗണ്ടൻസി പരീക്ഷയുടെ അന്നുതന്നെ അവിടെ കയറിയത്? അതുകൊണ്ടല്ലേ - അതുകൊണ്ടു മാത്രമല്ലേ - ആ പരീക്ഷ ആദ്യ ശ്രമത്തിൽ ഞങ്ങൾ രണ്ടാളും തോറ്റുപോയത്? റാങ്ക് വാങ്ങേണ്ട രണ്ടു വിദ്യാർത്ഥികളുടെ ശാപം കള്ളൻ എന്നെങ്കിലും തല മൊട്ടയടിക്കുമ്പോൾ കല്ലുമഴയായി പെയ്യാതിരിക്കില്ല.

വാൽകഷ്ണം: ഈ സംഭവാനന്തരം ഞങ്ങൾ ഒരു അന്വേഷണകമ്മീഷനെ നിയമിക്കുകയും 'വാതിൽ കുറ്റിയിട്ടില്ല' എന്ന കുറ്റത്തിന് നാലുപേരും ഒരുപോലെ അപരാധികളാണെങ്കിലും 'അനാവശ്യമായി കള്ളനെ വെല്ലുവിളിച്ചു' എന്ന പ്രേരണാകുറ്റം കൂടുതലായി ചെയ്തതുകൊണ്ട് ചിന്തുവിനെ ഒന്നാം പ്രതിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും അതിനുശേഷം ആ വീട്ടിലെ എന്തുതന്നെ കാണാതായാലും അതെല്ലാം ചിന്തുവിന്റെ അശ്രദ്ധമൂലമാണ് എന്ന ആരോപണം സഹിക്കാൻവയ്യാതെ ചിന്തു ബാംഗ്ളൂർ വിടുകയും, മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ച് ഒടുക്കം കേരളത്തിലെ പ്രശസ്തമായൊരു നിയമ കലാലയത്തിൽ LLBക്കു ചേർന്ന് പഠനം തുടരുകയും ചെയ്യുന്നു. സംഭവിച്ചതൊന്നും താൻ കാരണമല്ല എന്ന് വാദിച്ചു തെളിയിക്കാൻ പോലീസിന്റെ ഇന്ററഗേഷനും വക്കീലിന്റെ സ്പെക്കുലേഷനും കൊണ്ട് കറുത്ത കോട്ടുമിട്ട് അവൻ ഒരിക്കൽകൂടി ബാംഗ്ളൂർ വന്നുകൂടായ്കയില്ല!

എന്തായാലും 'ചിന്തുവിന്റെ വെല്ലുവിളിപോലെ' എന്ന പ്രയോഗം ഞങ്ങൾ കൂട്ടുകാർക്കിടയിൽ സമ്മാനിക്കാൻ ഈ സംഭവം നിമിത്തമായി എന്ന് ഈയവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.

അകാലത്തിൽ ഞങ്ങളെ വേർപിരിഞ്ഞുപോയ ടി വി എന്ന സുഹൃത്തിന് റിയാലിറ്റിഷോകൾ കൊണ്ടുണ്ടാക്കിയ ഒരു റീത്തും സമർപ്പിക്കുന്നു.

ഗുണപാഠം: അക്കൗണ്ടൻസി നന്നായി പഠിച്ചെങ്കിൽ മാത്രമേ പാസ്സാകൂ!

Thursday 1 February 2018

ഓർമ്മകൾ പൂക്കുമ്പോൾ (ചെറുകഥ)


"ഹോ ഇനി ഈ നശിച്ച ട്രാഫിക്കിൽപെട്ട് വീടെത്തുമ്പോൾ  പാതിരയാകും"

വേണിയുടെ ഈ പരിവേദനമാണ് ഓർമ്മകളുടെ ലോകത്ത് സ്വൈര്യവിഹാരം നടത്തിയിരുന്ന എന്നെ തിരിച്ചുകൊണ്ടുവന്നത്. അല്ലെങ്കിലും ഈയിടെയായി വെറുതെയിരുന്ന് സ്വപ്നംകാണൽ ഇത്തിരി കൂടുതലാണ്. വേണിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയുടെ മകന്റെ ഒന്നാം പിറന്നാൾ കൂടാനാണ് നഗരത്തിൽ നിന്നകലെയുള്ള ഈ ആഡംബരഹോട്ടലിലെത്തിയത്. ഇത്തരം പൊങ്ങച്ചവിളംബരങ്ങളോട് പണ്ടും തീരെ താല്പര്യം തോന്നിയിട്ടില്ല; ഒരു ആഭ്യന്തരകലഹത്തിന് വഴിമരുന്നിടേണ്ട എന്നുകരുതി എല്ലാത്തിലും പങ്കെടുക്കുന്നുവെന്നു മാത്രം. പാർട്ടികഴിഞ്ഞു ആളുകൾ പോയിത്തുടങ്ങിയിരിക്കുന്നു. പാർക്കിങ് ഏരിയയിലെ നൂറിലധികം കാറുകൾക്ക് പുറത്തേക്കുപോകാൻ ഒരേയൊരു ഗേറ്റ് മാത്രമാണുള്ളത്. കാറുകളുടെ നീണ്ട ക്യൂവിൽ നേരത്തെ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. തീവണ്ടിപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന അന്തമില്ലാത്ത ഈ വരിയിൽ ഞാനും കഴിഞ്ഞ പത്തുമിനിറ്റായി ക്ഷമയോടെ കാറുമായി കാത്തുനിൽക്കുന്നു.

ഒടുക്കം എങ്ങനെയെല്ലാമോ കാറെടുത്ത് റോഡിലെത്തി. നേരം പാതിര കഴിഞ്ഞിട്ടും ഹൈവേയിലെ തിരക്കിന് യാതൊരു കുറവുമില്ല. തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തിനപ്പുറം കടമുറികളുടെ ഇരുട്ടിന്റെ മറയിൽ തെരുവിന്റെ മക്കൾ ഉറങ്ങാൻ കിടക്കുന്നു, നിറഞ്ഞൊഴുകുന്ന കുപ്പത്തൊട്ടിക്കുചുറ്റും നായകളുടെ കടിപിടി - അല്ലെങ്കിലും ഈയിടെയായി നായശല്യം വളരെ കൂടുതലാണ് - പ്രത്യേകിച്ചും രാത്രിയിൽ. കഴിഞ്ഞയാഴ്ചയാണ് ഷിഫ്റ്റ് കഴിഞ്ഞുവരുമ്പോൾ ബൈക്കിനുപിന്നാലെ ഓടിയ ഒരുകൂട്ടം നായകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെങ്കട്ടിന്റെ ബൈക്ക് സ്കിഡ് ആയതും, കാലിൽ അഞ്ചു തുന്നൽ ഇടേണ്ടിവന്നതും.

വിദൂരതയിലെവിടെയോ ഒരു കുഴൽക്കിണർകൂടി ജന്മമെടുക്കുന്നതിന്റെ മുരൾച്ച കേൾക്കാം. ഇങ്ങനെപോയാൽ ഇതെവിടെച്ചെന്നു നിൽക്കുമെന്നറിയില്ല. ഇപ്പോൾത്തന്നെ ഫ്ളാറ്റിലെ ആവശ്യത്തിന് ടാങ്കറിൽ വെള്ളമടിക്കുകയാണ്. മാസാമാസമുള്ള മെയിന്റനൻസ് ബില്ലും ലോണിന്റെ അടവും കൂടിനോക്കുമ്പോൾ വാടകക്ക് താമസിക്കുകയാണ് ഭേദമെന്നു തോന്നാറുണ്ട് പലപ്പോളും. ഇതിനെല്ലാം പുറമെയാണ് വർഷാവർഷം കൂടിവരുന്ന സ്കൂൾഫീസ്. ചിലപ്പോൾതോന്നും എല്ലാം വലിച്ചെറിഞ്ഞു നാട്ടിൽപ്പോയാലോ എന്ന്. പക്ഷേ അവിടെപ്പോയെന്തു ചെയ്യാൻ എന്ന ചോദ്യം പിന്നോട്ടുവലിക്കുന്നു എപ്പോളും.

"ഞാൻ പറയുന്നതെന്തെങ്കിലും ബാലു കേൾക്കുന്നുണ്ടോ?"

അൽപ്പം ഈർഷ്യയോടെയാണ് വേണി അത് ചോദിച്ചത്. അവളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല കാറെടുത്തപ്പോൾ മുതൽ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു - സിജുവിന്റെ കല്യാണനിശ്ചയം മുതൽ വൈശാലിയുടെ 'വിശേഷം' വരെ എന്തൊക്കെയോ വിഷയങ്ങൾ അവളുടെ സംസാരത്തിൽ കടന്നുവന്നു. ആദ്യമെല്ലാം വെറുതെ മൂളിക്കൊണ്ടിരുന്നു. പിന്നീടെപ്പോളോ ചിന്തകൾ പൂർണമായും കൈവിട്ടുപോയി. പാവം, കല്യാണം കഴിഞ്ഞു അഞ്ചുവർഷമായിട്ടും അവൾക്കിപ്പോളും യാതൊരു മാറ്റവുമില്ല. ചെറിയ കാര്യത്തിന് പിണങ്ങുകയും, സന്തോഷിക്കുകയും ചെയ്യുന്ന പൊട്ടിപ്പെണ്ണ്. പരിഭവംകൊണ്ടോ, രാവേറിയതിന്റെ ക്ഷീണംകൊണ്ടോ എന്നറിയില്ല അവൾ കണ്ണുകളടച്ചു സീറ്റിൽ ചാരികിടക്കുകയാണ്. ഒരു പഞ്ഞിക്കെട്ടുപോലെ നാലുവയസ്സുകാരി 'മനോമി' അമ്മയുടെ മേൽ പറ്റിപ്പിടിച്ചുകിടക്കുന്നു.

മനോമി എന്ന ഈ പേരുപോലും എത്രയോ തർക്കങ്ങൾക്കുശേഷമാണ് വേണിയെക്കൊണ്ട് അംഗീകരിപ്പിച്ചത്. ആരെങ്കിലും ഇങ്ങനൊരു പേരിടുമോ എന്നായിരുന്നു ചോദ്യം. അതിരുകളില്ലാത്ത സ്നേഹത്തിന്റെ കഥപറഞ്ഞ മാധവിക്കുട്ടിയുടെ മനോമിയോട് എനിക്കുള്ള സ്നേഹം ഇങ്ങനെയല്ലാതെങ്ങനെ പ്രകടിപ്പിക്കാൻ കഴിയും. വേണി ഇപ്പോൾ ശരിക്കും ഉറങ്ങിക്കഴിഞ്ഞു - പാതിതുറന്ന ആ ചുണ്ടുകൾ സാക്ഷി. എന്തായാലും ഇനി വേണിയുടെ പിണക്കം മാറ്റാൻ വീടെത്തുംവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മനോമി ഇടക്ക് ഉറക്കത്തിൽ ഞെട്ടുന്നുണ്ട്, കണ്ണുതുറക്കാതെതന്നെ അമ്മ കൈകൊണ്ട് മെല്ലെമെല്ലെ തട്ടികൊടുക്കുമ്പോൾ അവൾ വീണ്ടും ഉറങ്ങിപ്പോകുന്നു.

എ സി ഓഫ് ചെയ്തു കാറിന്റെ ചില്ലൊരൽപ്പം താഴ്ത്തിവെച്ചു. തണുത്തകാറ്റുവന്നു മുഖത്തു തഴുകുമ്പോൾ വല്ലാത്തൊരു സുഖം. ഡിസംബർ മാസമായിട്ടും പകലെല്ലാം പൊള്ളുന്ന വെയിലാണ്. രാത്രി വൈകുമ്പോളാണ് കുറച്ചാശ്വാസം കിട്ടുന്നത്. ആദ്യമെല്ലാം എ സി യിൽ കുറച്ചുനേരമിരിക്കുമ്പോൾ വല്ലാത്ത മനംപിരട്ടൽ അനുഭവപ്പെടാറുണ്ട്. പിന്നെപ്പിന്നെ അതങ്ങു ശീലമായി. മീനച്ചൂടിൽ  വെന്തുരുകുമ്പോൾ കോലായിലെ വെറുംനിലത്ത് പായവിരിച്ചു കിടന്നു ശീലിച്ചവന് നഗരത്തിലെ എ സിയുടെ കുളിര് എങ്ങനെ പരിചയമുണ്ടാകാനാണ്?

ടോൾഗേറ്റിലെ നിലക്കാത്ത ക്യൂ കഴിഞ്ഞിട്ടും വണ്ടികൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. നിരത്തിനു താങ്ങാനാവുന്നതിനേക്കാൾ അധികമായിരിക്കുന്നു വാഹനങ്ങൾ. ഒരു റിക്ഷപോലും ആർഭാടമെന്നു കരുതിയ എന്റെ കുട്ടിക്കാലത്തുനിന്ന്, ഒരുപക്ഷേ ജീവിതത്തിലൊരിക്കലും ബസിൽ കയറാൻ സാധ്യതയില്ലാത്ത മനോമിയിലേക്കുള്ള ദൂരം സമ്മാനിച്ച അനിവാര്യതയാണിത്.

ദൂരയാത്രകളിൽ പതിവുള്ളതുപോലെ ഡ്രൈവർസീറ്റ് കുറച്ചുകൂടി സൗകര്യപ്രദമായ രീതിയിൽ അഡ്ജസ്റ്റ് ചെയ്തു ചാരിയിരുന്നു.  കാർ സ്റ്റീരിയോ ഓൺ ചെയ്ത്, പെൻഡ്രൈവിലെ 'മെലഡീസ്' എന്ന പ്രിയഗാനങ്ങളുടെ ഫോൾഡർ തിരഞ്ഞെടുത്തു.

ഗാനഗന്ധർവന്റെ അമൃതധാര മനസ്സിനേയും കുളുർപ്പിക്കുന്നു. ശബ്ദമൊരൽപ്പം കുറച്ചുവെച്ചു; ഇനി മനോമി ഉണരേണ്ട. എപ്പോഴത്തെയുംപോലെ മനസ്സിനെ കെട്ടഴിച്ചു മേയാൻവിട്ടു.

എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും മനസ്സിപ്പോളും ചെന്നിടിച്ചു നില്കുന്നത് ഒരേ സ്ഥലത്താണ്. ഇന്നത്തെ പാർട്ടിക്കിടയിൽ തിരക്കൊഴിഞ്ഞ നേരംനോക്കി പ്ലേറ്റിൽ എന്തെല്ലാമോ കോരിനിറച്ച് ഹാളിന്റെ ഒരു മൂലയിൽ ഇരിക്കാനൊരു കസേരകിട്ടുമോ എന്ന് തപ്പുകയായിരുന്നു ഞാൻ. വേണി അവളുടെ കൂട്ടുകാരികൾക്കൊപ്പം കൊണ്ടുപിടിച്ച ചർച്ചയിലാണ്; മോളാണെങ്കിൽ മറ്റുകുട്ടികൾക്കൊപ്പം കളിച്ചുരസിക്കുകയും.

കസേര തിരയുന്ന കൂട്ടത്തിൽ അലസമായൊന്ന് ചുറ്റും കണ്ണോടിച്ചു. ഒരു മൂക്കുത്തിയുടെ തിളക്കമാണ് ആദ്യം കണ്ണിൽപ്പെട്ടത്. കൈയിൽ ഒരു ഭക്ഷണപ്ലേറ്റും പിടിച്ച് കൂട്ടത്തിലാരോ പറഞ്ഞ തമാശ കേട്ട് ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരുവൾ. ഒരുവശത്തേക്ക് ചെരിഞ്ഞുനിൽക്കുന്നതിനാൽ മുഖം പാതിയേ കാണാനാകുന്നുള്ളൂ. ദീപാലങ്കാരങ്ങളാൽ കുളിച്ച മുറിയിലും വജ്രം പതിച്ച ആ മൂക്കുത്തി സൂര്യപ്രകാശമേറ്റ മഞ്ഞുതുള്ളി കണക്കെ തിളങ്ങുന്നുണ്ടായിരുന്നു. കടുംചുവപ്പു പട്ടുസാരിയിൽ തലക്കുമുകളിൽ നിറഞ്ഞുകത്തുന്ന ലൈറ്റിന്റെ പ്രഭയിൽ അവളൊരു സിന്ദൂരപ്പൊട്ടിനെ ഓർമിപ്പിച്ചു. എവിടെയോ കണ്ടുമറന്നൊരു മുഖച്ഛായ; ഒരുപക്ഷേ വേണിയുടെ കൂട്ടുകാരിയുടെ ബന്ധുവോ, സുഹൃത്തുക്കളിൽ ആരെങ്കിലുമോ ആയിരിക്കും. എന്തുകൊണ്ടോ ഒരു നൈമിഷികകൗതുകത്തിനപ്പുറം അവഗണിക്കാൻ പറ്റാത്തൊരു നീറ്റൽ ഉള്ളിലുടക്കിയതുപോലെ തോന്നി. തിരിഞ്ഞുനോക്കാനുള്ള ത്വരയെ അവഗണിച്ച് ഹാളിന്റെ ആളൊഴിഞ്ഞൊരു മൂലയിൽ സൗകര്യത്തിനൊരു സീറ്റ് തരപ്പെടുത്തി.

സാധാരണ ഇത്തരം കൗതുകങ്ങളെ അവഗണിക്കാറാണ് പതിവ്. സ്വതവേയുള്ള ലജ്‌ജാശീലവും അന്തർമുഖത്വവും അതിനു കാരണമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ എന്തുകൊണ്ടോ ഈ മുഖം ഒരിക്കൽക്കൂടി ശരിക്കൊന്നു കാണണമെന്നൊരു തോന്നൽ. എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചെന്നുവരുത്തി കൈകഴുകാൻ നടന്നു. അറിയാതെ നോട്ടം ഹാളിന്റെ നാലു കോണുകളിലേക്കും പാറുന്നുണ്ടായിരുന്നു. എ സി യുടെ കുളിരിലും ചെറുതായി വിയർക്കുന്നതും ഹൃദയം ശക്തമായി മിടിക്കുന്നതും മാത്രമറിഞ്ഞു. കുട്ടിക്കാലത്ത് എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിച്ചിട്ടു വീട്ടിൽവരുമ്പോൾ തോന്നാറുള്ളതുപോലെ.

"ബാലൂ ആ വിൻഡോ ഒന്നടക്കൂ എന്റെ മുടിയാകെ പാറുന്നു"

വേണിയാണ്. ഓർമയിൽ ലയിച്ചിരുന്നതുകൊണ്ടു ചെറുതായൊന്നു ഞെട്ടി. അവൾ വീണ്ടും മയക്കത്തിലേക്കു വീണുകഴിഞ്ഞു. ഉറങ്ങുമ്പോൾ വേണിയുടെ മുഖം ഒരു കൊച്ചുകുട്ടിയെ ഓർമിപ്പിക്കും. ഇനി കാറ്റുകൊണ്ടു വണ്ടിയോടിക്കൽ നടക്കില്ല. അല്ലെങ്കിലും പുറത്തു തണുപ്പ് കൂടിയിരിക്കുന്നു. ഹൈവേയിലെ തിരക്കുകുറഞ്ഞ ഭാഗത്തുകൂടിയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഒരു മണിക്കൂറിൽ വീട്ടിലെത്താം.

ഗന്ധർവനിൽ നിന്ന് വാനമ്പാടിയിലേക്ക് സംഗീതം ഒഴുകുന്നു..... മനോമിയുടെ ഇഷ്ടഗാനമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ ഒഴുകുന്നത്.

ചില ഓർമ്മകൾ ബൂമറാങ് പോലെയാണ് - മനസ്സ് വീണ്ടും പാർട്ടിഹാളിലേക്കു തിരിച്ചുപോയി. എത്രയൊക്കെ തിരഞ്ഞിട്ടും ആ പെൺകുട്ടിയെ പിന്നീട് കാണാനൊത്തില്ല. വേണിയാണെങ്കിൽ കൂട്ടുകാരികൾക്കൊപ്പമുള്ള കത്തിവെക്കൽ ഇപ്പോളൊന്നും നിർത്തുന്നമട്ടില്ല. തെല്ലൊരു നിരാശയോടെ ഹാളിന് പുറത്തെ പുൽത്തകിടിയിലെ സിമെന്റ്‌ബെഞ്ചിൽ വന്നിരുന്നു.

പെട്ടെന്നാണാ ചിന്ത ഒരു കൊള്ളിയാൻപോലെ നെഞ്ചിലൂടെ പാഞ്ഞത്. ദൈവമേ അത് അവളായിരുന്നോ - ദീപ്തി?

ഓർമ്മകൾ കുറച്ചുവർഷം പിന്നിലേക്ക് അതിവേഗമോടി. കണക്കിന് മോശമല്ലാത്തതുകൊണ്ട് B. Sc.ക്ക് ഗണിതം ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു. കലാലയജീവിതത്തിലെ രണ്ടാംവർഷം - സ്വതവേ അന്തർമുഖനെങ്കിലും കലോത്സവങ്ങളിലെ നിത്യസാന്നിധ്യം. ബാലഗോപാലൻ എന്ന പഴഞ്ചൻപേരിനെ 'ബാലു' എന്ന് പരിഷ്കരിച്ച് കോളേജ് മാഗസിനുകളിലും ചില ചെറിയ പ്രസിദ്ധീകരണങ്ങളിലുമൊക്കെ കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്ന കാലം. ആ വർഷത്തെ യൂത്ത് ഫെസ്റ്റിവലിന്റെ മലയാളം ഉപന്യാസമത്സരത്തിന് ഊഴവും കാത്തു പുറത്തു നിൽക്കുകയായിരുന്നു.

"കഴിഞ്ഞകൊല്ലത്തെ മാഗസിനിലെ കഥയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ ചേട്ടന് ബാലഗോപാലൻ എന്ന പേരുതന്നെ വെക്കാമായിരുന്നു..സൂപ്പർ പേരല്ലേ"

ഇങ്ങനെ പറഞ്ഞ് പൊട്ടിച്ചിരിച്ച് കടന്നുപോയ B.Sc. ഫിസിക്സിലെ ഒന്നാംവർഷക്കാരി. അന്നവളെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയതെങ്കിലും പിന്നീട് പലപ്പോളായുള്ള സംസാരങ്ങളിൽ നല്ലൊരു സുഹൃത്തിനെ കണ്ടെത്തി. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന, നന്നായി കവിതചൊല്ലുന്ന, നിർത്താതെ സംസാരിക്കുന്ന ഒരു കിലുക്കാംപെട്ടി. ചങ്ങാത്തങ്ങൾ ഒരുപാടില്ലാത്തതുകൊണ്ട് ഉള്ളവയെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കാറാണ് പതിവ്. മുറുകിയ വീണക്കമ്പിയിൽ നിന്നൊഴുകിയിറങ്ങുന്ന സംഗീതംപോലെ ശ്രുതിയും ലയവും ചേർന്നതായിരുന്നു ആ സൗഹൃദം .

അത്ഭുതമെന്നോ നിമിത്തമെന്നോ വിളിക്കേണ്ടതെന്നറിയില്ല. ഒരു പ്രസ്ഥാനത്തിലെയും അംഗമോ, പ്രവർത്തകനോ അതുമല്ലെങ്കിൽ മികച്ച വാഗ്‌ധോരണിയുടെ ഉടമയോ ഒന്നുമല്ലാത്ത എന്നെ, ആ വർഷത്തെ 'മാഗസിൻ എഡിറ്റർ' സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഒരു പ്രമുഖ വിദ്യാർഥിസംഘടന തീരുമാനിച്ചു. പലരുടെയും കാലുപിടിച്ചുനോക്കി ഒന്നൊഴിവാക്കിക്കിട്ടാൻ. ഒടുക്കം സ്നേഹവും ഭീഷണിയും കലർന്ന ചില നിർബന്ധങ്ങളുടെ സമ്മർദ്ദത്തിലും ദീപ്തിയെപ്പോലുള്ളവരുടെ പിന്തുണപകർന്ന ധൈര്യത്തിലും മത്സരിക്കാൻ തീരുമാനിച്ചു. മത്സരം കടുപ്പമായിരുന്നില്ല; സംഘടനയുടെ ഫുൾപാനൽ തന്നെ വിജയിച്ചു. ഇലക്ഷൻ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി ഞങ്ങൾക്ക് ഒന്നിച്ചിടപഴകാനുള്ള അവസരങ്ങൾ ഒരുപാടുണ്ടായി.

തിരഞ്ഞെടുപ്പിന്റെയും വിജയത്തിന്റെയും ആഹ്ലാദങ്ങൾക്കിടയിലും, ഹൃദയം മഴക്കാറുകണ്ട മയിലിനെപ്പോലെ നൃത്തം വെച്ചുകൊണ്ടിരുന്നു. പഴയതുപോലെ എഴുതാനാകുന്നില്ല, നോട്ടങ്ങൾ പുതിയ അർത്ഥതലങ്ങൾ തേടുന്നു, മുൻപെങ്ങുമില്ലാത്തവിധം രാത്രിക്കു നീളംകൂടിയതുപോലൊരു തോന്നൽ, അവളോട് സംസാരിക്കുമ്പോൾ കണ്ണുകൾ പിടക്കുന്നു, ഉള്ളംകൈ വിയർക്കുന്നു. മെല്ലെമെല്ലെ ഞാനറിഞ്ഞു ആദ്യാനുരാഗം അതിന്റെ വിത്തുകൾ എന്നിലും പാകിയിരിക്കുന്നെന്ന്. തുറന്നുപറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ, ഈ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടോ മോഹങ്ങൾ എന്റെയുള്ളിൽത്തന്നെ തൽക്കാലത്തേക്ക്  കുഴികുത്തിമൂടി. രണ്ടുവർഷം അടുത്തുകാണുകയും ഇടപഴകുകയും ചെയ്യാമല്ലോ, എപ്പോളെങ്കിലും അവൾക്കെന്നോടും ഇതേവികാരം തോന്നാതിരിക്കില്ല, അങ്ങനെ ഒരുറപ്പായതിനുശേഷം എല്ലാം സാവകാശം പറയാം എന്ന ധൈര്യമായിരുന്നു മനസ്സുനിറയെ.

"ക് ടിം"

"ബാലു വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപ്പോയോ?"

ആ ശബ്ദവും വേണിയുടെ ചോദ്യവും ഒരുമിച്ചുവന്നതുപോലെ തോന്നി. മുന്നിൽപ്പോയ മണ്ണുലോറിയിൽ നിന്നൊരു കുഞ്ഞുകല്ലു തെറിച്ചുവന്നു കാറിന്റെ ചില്ലിൽ അടിച്ചതാണ്. മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നതിനാൽ അറിയാതെ ബ്രേക്കിൽ കുറച്ചധികം കാലമർന്നു; അതാണ് വേണിയെ ഞെട്ടിച്ചത്. കാർ റോഡരികിൽ ഒന്നൊതുക്കിയിട്ട് പുറത്തിറങ്ങി നോക്കി. ഭാഗ്യത്തിന് ചില്ല് പൊട്ടിയിട്ടില്ല. ടയർ കരിഞ്ഞ മണമാണ് വായുവിലെങ്ങും. കാറിൽ കയറി എയർ ഫ്രഷ്‌നെർ തുറന്നുവെച്ചപ്പോൾ ഏതോ പൂക്കളുടെ ഹൃദ്യമായ സുഗന്ധം പരന്നു.

"കുറച്ചുനേരത്തിൽ വീടെത്തും. സുഖമായി ഒന്നുകൂടി മയങ്ങിക്കോളൂ"

വേണിയെ സമാധാനിപ്പിച്ചു വണ്ടി മുന്നോട്ടെടുത്തു.

കാലമെന്ന കളിക്കാരൻ ചതുരംഗപ്പലകയിലെ ഞെട്ടിക്കുന്ന ചില നീക്കങ്ങളിലൂടെ നമ്മുടെ ജീവിതം കീഴ്മേൽ മറിക്കും. കൊടിമരം നശിപ്പിച്ചു എന്ന സ്ഥിരം പ്രശ്നത്തിൽ തുടങ്ങിയ ചെറിയ കശപിശ വൻ സംഘട്ടനത്തിലും, അതേത്തുടർന്ന് കോളേജിന്റെ അനിശ്ചിതകാലത്തേക്കുള്ള അടച്ചിടലിലുമാണ് സമാപിച്ചത്. കുട്ടികളുടെ സമരം മുതിർന്നവർ ഏറ്റെടുത്തു കാര്യങ്ങൾ കൂടുതൽ വഷളാക്കി. നേരിട്ട് സംഘട്ടനവുമായി ബന്ധമില്ലെങ്കിൽപ്പോലും യൂണിയൻ ഭാരവാഹി എന്നനിലയിൽ മറ്റുള്ളവർക്കൊപ്പം ഞാനും സസ്‌പെൻഡ് ചെയ്യപ്പെട്ടു.

സമരം പതുക്കെ ഒരു ക്രമസമാധാന പ്രശ്നമായി മാറിക്കൊണ്ടിരുന്നു. മാനേജ്‌മെന്റും വിദ്യാർത്ഥി യൂണിയനും കടുകിട വിട്ടുകൊടുത്തുമില്ല. സമാധാനചർച്ചകൾ പലതും കൈയാങ്കളിയിലാണ് അവസാനിച്ചത്. കാര്യങ്ങൾ പിടിവിട്ടുപോകുന്നുവെന്നു തോന്നിയതുകൊണ്ട് ഒടുക്കം കളക്ടർ നേരിട്ട് പ്രശ്നത്തിലിടപെട്ട് ഒരു ഒത്തുതീർപ്പുവ്യവസ്ഥവെച്ചു. അതുപ്രകാരം കോളേജ് യൂണിയൻ ഭാരവാഹികളെ ആ വർഷത്തെ പരീക്ഷ എഴുതാൻ മാനേജ്‌മന്റ് അനുവദിക്കും, അവരുടെ കോണ്ടാക്ട് സർട്ടിഫിക്കറ്റിൽ യാതൊരു നെഗറ്റീവ് റിമാർക്സ് ഉണ്ടാവുകയുമില്ല, കോളേജിലെ ഉപകരണങ്ങൾക്കു സംഭവിച്ച നഷ്ടം മാനേജ്‌മന്റ് തന്നെ നികത്തും, വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ പോലീസ് കേസും പിൻവലിക്കും. പക്ഷെ ഇതിനെല്ലാം പകരമായി യൂണിയൻ ഭാരവാഹികൾ ഈ അദ്ധ്യയനവർഷത്തിനപ്പുറം കോളേജിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് മാനേജ്‌മെന്റ് ആവശ്യം. ഭാരവാഹികളിലധികവും അവസാനവർഷക്കാരായതുകൊണ്ടു ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. അമ്മയുടെ കണ്ണീരിന്റെയും അച്ഛന്റെ ഭീഷണികളുടെയും മുന്നിൽ നിരുപാധികം കീഴടങ്ങിയ ഞാൻ കോളേജ് തുറന്നപ്പോളും ക്ലാസ്സിൽ പോയില്ല. അല്ലെങ്കിലും സ്റ്റഡിലീവിന്‌ വേണ്ടി കോളേജടക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

പരീക്ഷയെഴുതാൻ വന്ന ഓരോ ദിവസവും കണ്ണുകൾ ദീപ്തിയെ തിരഞ്ഞുകൊണ്ടിരുന്നു; ആദ്യവർഷക്കാരുടെ പരീക്ഷകൾ വേറെ ദിവസമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും!

ഇതുവരെ സംഭവിച്ചതിന്റെ നടുക്കം മാറാത്തതുകൊണ്ട് ഓരോ ദിവസവും അച്ഛൻ കൂടെവന്നു പരീക്ഷ കഴിയുംവരെ കാത്തിരുന്നു, ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. ടി സി എന്ന ഔപചാരികതയിൽ ആ കലാലയത്തിലെ പഠനമവസാനിപ്പിച്ചു മറ്റൊരിടത്തു ചേക്കേറി. പിന്നീടറിഞ്ഞു - പുതുക്കിയ എൻട്രൻസ് റാങ്ക്‌ലിസ്റ്റിൽ പേര് ഇടംപിടിച്ചതിനെത്തുടർന്ന് അവൾ പരീക്ഷകൾപോലും മുഴുമിപ്പിക്കാൻ നിൽക്കാതെ കോളേജ് വിട്ടുപോയെന്ന്.

പൂക്കുന്നതിനുമുമ്പേ കരിഞ്ഞുപോയ ആദ്യാനുരാഗത്തിന്റെ അലകൾ ഒരുപാടുകാലം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു പിന്നീടും. ചൂടുവെള്ളത്തിൽ ഒരിക്കൽ വീണതുകൊണ്ട് അവസാനവർഷവും തുടർന്ന് P G യും മനസ്സിരുത്തി പഠിച്ചു, പാസാകുമ്പോളേക്കും നല്ലൊരു ജോലിയും തേടിവന്നു. ഇടക്കിടക്ക് പഴയ ഡയറിത്താളുകൾ മറിച്ചുനോക്കുമ്പോൾ ഈ പേര് എവിടെയൊക്കെയോ കുഞ്ഞുനൊമ്പരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ജീവിതമെന്ന വലിയ പുസ്തകത്തിൽ വേണി എന്ന നാമം മറ്റെല്ലാപേരുകളെയും മായ്ച്ചുകളഞ്ഞു. ഇപ്പോഴാകട്ടെ ജീവിതം മനോമിക്കുചുറ്റും കിടന്നു കറങ്ങുകയാണ്.

"സലാം സാബ്"

ഫ്ളാറ്റിലെ സെക്യൂരിറ്റിയാണ്. ഉറക്കച്ചടവുള്ള കണ്ണോടെ അവൻ ഗേറ്റ് തുറന്നുതന്നു.

"വേണീ നമ്മൾ വീടെത്തി"

മെല്ലെ സീറ്റ്ബെൽറ്റ് അഴിച്ചുമാറ്റി വേണിയും ഇറങ്ങാൻ തയ്യാറായി. കാർ പാർക്കിങ് കുറച്ചകലെയാണ് അതുകൊണ്ട് അവരെ ലിഫ്റ്റിനരികെ ഇറക്കി. ഉറക്കത്തിനു ഭംഗം വന്നതുകൊണ്ടാകും മനോമി ചെറുതായി ചിണുങ്ങുന്നുണ്ട്.

"ബാലൂ ഞാൻ ഡോർ ലോക്ക് ചെയ്യാതെ ചാരിയിട്ടേക്കാം. ഈ പെണ്ണിനെ വേഗം ഉറക്കിയില്ലെങ്കിൽ അവൾ ഇന്ന് വീട് തലകീഴാക്കും"

ഫ്ലാറ്റിന്റെ താക്കോൽ കൈയിലെടുത്ത് മനോമിയെ തോളിലിട്ട് വേണി ലിഫ്റ്റ് കയറിപ്പോയി.

രണ്ടു കാറുകൾക്കിടയിൽ കഷ്ടപ്പെട്ട് നേർരേഖയിൽ കാർ പാർക്ക് ചെയ്യുമ്പോളും, കാറിൽ അങ്ങിങ്ങു ചിതറിക്കിടന്ന മനോമിയുടെ കളിപ്പാട്ടങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും ഓരോന്നായി പെറുക്കിയെടുക്കുമ്പോളും ചിന്തിച്ചിരുന്നത് ഇതായിരുന്നു - ഒരുപക്ഷേ അത് ദീപ്തിയായിരുന്നെങ്കിൽ അവളെന്നോട് എന്താകും ചോദിക്കുക? ഒരുപക്ഷേ ആ കലാലയസംഘട്ടനം നടന്നില്ലായിരുന്നെങ്കിൽ? ഒരുപക്ഷേ എനിക്കൊരൽപ്പംകൂടി ധൈര്യമുണ്ടായിരുന്നെങ്കിൽ?

ഓർത്തപ്പോൾ ചിരിവന്നു. അല്ലെങ്കിലും ഒരുപാട് 'ഒരുപക്ഷേ'കളുടെ  ആകെത്തുകയാണല്ലോ ഈ ജീവിതമെന്നു പറയുന്നത്.
അതങ്ങനെ സ്വച്ഛമായൊഴുകട്ടെ. നടന്നവഴികളിൽ ഇനിയൊരു തിരിച്ചുപോക്കില്ല. ഓർമകളുടെ നനഞ്ഞ മണ്ണിലെ കാലടികളെ കാലത്തിന്റെ കടൽത്തിരകൾ മായ്ച്ചുകഴിഞ്ഞിരിക്കുന്നു...
"ഒരുകൊച്ചു രാപ്പാടി കരയുമ്പൊഴും.. 
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പൊഴും...  
കനിവിലൊരു കല്ലു കണിമധുരമാകുമ്പോഴും... 
കാലമിടറുമ്പോഴും.... 
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നൂ... 
നിന്നിലഭയം തിരഞ്ഞുപോകുന്നൂ...."
ഓഫ് ചെയ്യാൻ മറന്ന കാർ സ്റ്റീരിയോയിൽനിന്ന് സംഗീതം അപ്പോഴും   ഒഴുകുന്നുണ്ടായിരുന്നു....ഓളങ്ങളില്ലാത്തൊരു പുഴപോലെ...

ഒരുനിമിഷംകൂടി ആ നാദധാരക്ക് കാതോർത്തതിനുശേഷം സ്റ്റീരിയോ ഓഫാക്കി കാർ കീ വലിച്ചൂരിയെടുത്തു.

സമയമില്ല..... മനോമി കാത്തിരിക്കുകയാകും അവളുടെ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങാൻ....


Thursday 18 January 2018

മെക്കാളെയുടെ ചതിയിൽ പാളിപ്പോയ ഒരു ഇന്റർവ്യൂ

വിണ്ണിലെ താരത്തെ മണ്ണിൽവെച്ചു കണ്ടതിന്റെ ആവേശമെല്ലാം കെട്ടടങ്ങി. 'ക്ലാസ്സ് മേറ്റ്‌സ്' സിനിമ നൂറുദിവസം തികച്ചോടിയ സമയം. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട് മനസിനുള്ളിൽ പലതവണ അതിലെ പൊടിമീശക്കാരനും, എന്റെ ഖൽബിലെ വെണ്ണിലാവ് നീ പാട്ടുകാരനുമൊക്കെയായി ഓർമ്മകളിൽ ഫ്ലാഷ്ബാക്കുകൾ മിന്നിച്ച് ദിവസങ്ങൾ അങ്ങനെ കടന്നുപോയി. വീട്ടിൽനിന്നയക്കുന്ന പണം മാസാദ്യം പേഴ്സിനെ ഗർഭിണിയാക്കുമെങ്കിലും പത്താം തീയതിക്കുള്ളിൽ വാടക, ഫീസ്, ബസ് പാസ്  ഇത്യാദി കാര്യങ്ങൾ കഴിയുമ്പോളേക്കും തന്നെ പ്രസവമൊഴിയും. ഒടുക്കം കാര്യംകഴിഞ്ഞപ്പോൾ കാമുകനുപേക്ഷിച്ച കാമുകിയെപ്പോലെ ഗതകാലസ്മരണകളും അയവിറക്കി അതൊരു മൂലയിൽ അങ്ങനെ കിടക്കും. മാസാദ്യം നേരിട്ടുള്ള ബസ് വരാത്ത ദിവസങ്ങളിൽ അടുത്ത ബസ്റ്റോപ് വരെ തലയൊന്നിന് പത്തുരൂപ വീതം കൊടുത്ത് ഷെയർ ആട്ടോയിൽ പോകാറാണ് പതിവ്. എന്നാൽ പത്താം തീയതിക്കുശേഷം ഒഴിഞ്ഞ പോക്കറ്റിനെനോക്കി ശക്തമായൊരു നെടുവീർപ്പിട്ടുകൊണ്ടു രണ്ടു കിലോമീറ്റർ ആഞ്ഞുനടക്കുക എന്ന വഴിയേ മുന്നിലുണ്ടാകാറുള്ളൂ. പണിയെടുത്തു ശീലമില്ലാത്തതിനാൽ ഇത്തരം നടത്തങ്ങൾ വിയർപ്പിന്റെ അസുഖത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചു. നടക്കാനുള്ള ആരോഗ്യത്തിനുവേണ്ടി രാവിലെയും, നടന്നതിന്റെ ക്ഷീണം മാറ്റാൻ ഉച്ചക്കും  കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കൂട്ടേണ്ടിവന്നതിനാൽ, ഓട്ടോചാർജിലെ ലാഭം പലചരക്കുകടക്കാരന്റെ പെട്ടിയിലേക്ക് എന്ന അവസ്ഥയാകുകയും ചെയ്തു.

മേൽപ്പറഞ്ഞ ചെറിയ പ്രശ്നങ്ങൾ ക്ഷമിക്കാമെന്നു വെച്ചെങ്കിലും ഒരു പ്രതിസന്ധി ഞങ്ങൾ നാലുപേരെയും ഗുരുതരമായി അലട്ടി - അത് മറ്റൊന്നുമല്ല - വെയിൽകൊണ്ടുള്ള നടത്തം സൗന്ദര്യത്തിനേൽപ്പിക്കുന്ന ആഘാതം! ചിന്തു എന്ന സഹമുറിയൻ സ്വന്തമായി വികസിപ്പിച്ചെടുത്ത സിദ്ധാന്തപ്രകാരം നിറമില്ലാത്തവരെയാണ് പൊതുവേ 'വെളുത്തവർ' എന്ന് സമൂഹം വിളിക്കുന്നത്. ആ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചു നോക്കിയാൽ ഞങ്ങൾ നാലുപേരും ദൈവാനുഗ്രഹത്താൽ കുറച്ച് നിറമുള്ളവരായിരുന്നു. തുടർച്ചയായുള്ള നടത്തം നിറം പിന്നേയും കൂട്ടിക്കൊണ്ടിരുന്നു; നിറം ഒരുപാടുകൂട്ടി അഹങ്കാരത്തെ വിളിച്ചുവരുത്താൻ ഞങ്ങൾക്ക് അശേഷം താല്പര്യമില്ലായിരുന്നുവെങ്കിലും.

'നമുക്ക് പണമില്ലെങ്കിലെന്താ, ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെങ്കിലെന്താ  സൗന്ദര്യം മതിയല്ലോ' എന്ന 40 വാട്‍സ് ട്യൂബ് ലൈറ്റിന്റെ പ്രഭ ചൊരിഞ്ഞിരുന്ന ആത്മവിശ്വാസം (ആത്മപ്രശംസ എന്ന് അസൂയക്കാർ പറയും) പതുക്കെ സീറോ വാട്‍സ് ബൾബിന്റെ മങ്ങിയ വെളിച്ചത്തിലേക്കു മാറിത്തുടങ്ങി. ആട്ടോക്കു പോകാനുള്ള കാശ് സംഘടിപ്പിച്ചേ പറ്റൂ, അതല്ലാതെ വേറെ നിവൃത്തിയില്ല എന്ന അവസ്ഥയായതുകൊണ്ട് ഒരു ദിവസം ഉച്ചമയക്കത്തിനുശേഷം,  അഫ്‌ഗാനിസ്ഥാനിൽ ബോംബിടണോ എന്ന് ഒബാമ ആലോചിക്കുന്നതിനേക്കാൾ ഗൗരവത്തോടെ എല്ലാവരുംകൂടി കൂലങ്കുഷമായി ചിന്തിച്ചു. ചിന്തക്ക് കരുത്തു പകരാൻ മിക്സ്ചർ, ബിസ്‌കറ്റ്, കട്ടൻകാപ്പി എന്നിവ വിശ്രമമില്ലാതെ ആമാശയത്തിലേക്കു ചാടി ആത്മഹത്യ ചെയ്യുകയും അവയുടെ ആത്മാവ് തലച്ചോറിലേക്ക് സഞ്ചരിച്ചു ആശയങ്ങളായി വായിലൂടെ പുനർജനിക്കുകയും ചെയ്തു.

'നമുക്ക് കോഴ്സ് നിർത്തി നാട്ടിൽപോയാലോ?' എന്നമട്ടിലുള്ള ഉഗ്രൻ ആശയങ്ങൾക്ക് ആദ്യം നല്ല പിന്തുണ ലഭിച്ചെങ്കിലും ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ച ഭാരതത്തിന്റെ ഭാവിവാഗ്ദാനങ്ങളായ നാലുപേരുടെ കാല് വീട്ടുകാർ ഒരേസമയത്ത് തല്ലിയൊടിച്ചു എന്ന അപൂർവ റെക്കോർഡിനുടമകളാകേണ്ട എന്ന് കരുതി ആ ആശയത്തെ തൽക്കാലത്തേക്ക് എടുത്തു പെട്ടിയിൽവെച്ചു. അല്ലെങ്കിലും ഒരു രണ്ടോ മൂന്നോ മാസം കൂടി കഴിഞ്ഞാൽ സ്ഥിരമായി  നാട്ടിലോട്ടുതന്നെയല്ലേ തിരിച്ചു പോകാനിരിക്കുന്നത് എന്ന യാഥാർത്ഥ്യം പല്ലിളിച്ചുകാട്ടി സമാധാനിപ്പിച്ചു.

"നമുക്കൊരു പാർട് ടൈം ജോലിക്കു പോയാലോ?"

പെട്ടെന്നാണ് ഉസൈൻബോൾട്ടിന്റെ ഓട്ടംപോലെ ഈയൊരു സാധ്യത മറ്റെല്ലാ സാധ്യതകളേയും ബഹുദൂരം പിന്നിലേക്കു തള്ളി ഒന്നാമനായത്. പണിക്കുപോകാനോ, അതും നമ്മൾ? എന്ന ആശങ്ക അൽപ്പം ദഹനക്കേട് സൃഷ്ടിച്ചെങ്കിലും, മൂന്നോ നാലോ മണിക്കൂർമാത്രം ജോലി ചെയ്താൽ കൈ നിറയെ പണം, വെയിൽ കൊള്ളാതെ എന്നും ഓട്ടോയിൽ പോകാനുള്ള അവസരം എന്നീ സാദ്ധ്യതകളുടെ ആകർഷണം എല്ലാവരെയും ഈ തീരുമാനത്തിൽത്തന്നെ കൊണ്ടുചെന്നെത്തിച്ചു.

തീരുമാനത്തോളം എളുപ്പമായിരുന്നില്ല മുന്നോട്ടുള്ള കാര്യങ്ങൾ. റെസ്യുമേ, സെൽഫ് ഇൻട്രൊഡക്ഷൻ അങ്ങനെ കടിച്ചാൽപൊട്ടാത്ത ഒരുപാട് കടമ്പകൾ. ഇന്റർനെറ്റ് കഫെയിൽ നിന്നുകിട്ടിയ ഫോർമാറ്റിൽ റെസ്യൂമെയും, ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർക്കാവുന്ന ഒരു സെൽഫ് ഇൻട്രൊഡക്ഷനും ഒരുവിധം ഒപ്പിച്ചു.

നാലു പേരുടെയും റെസ്യൂമെ ഒറ്റപ്രസവത്തിൽ പിറന്ന രണ്ടുജോഡി ഇരട്ടക്കുട്ടികളെപ്പോലെ തോന്നിച്ചെങ്കിലും 'കവിളിൽ മറുകുള്ളവൻ അച്ചു' എന്നുപറയുന്നപോലെ റെസ്യൂമേയുടെ തുടക്കത്തിലെ ഞങ്ങളുടെ 'പേര്' മാത്രം മാറ്റമുണ്ടായിരുന്നു. അത് ഭാഗ്യമായി ഇല്ലെങ്കിൽ റെസ്യൂമെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾക്കുതന്നെ മാറിപ്പോയേനെ.

കൂട്ടത്തിൽ ഉത്സാഹിയായ ചിന്തു ദിവസേന പത്രം അരിച്ചുപെറുക്കി ഇന്റർവ്യൂവിനു പോകാനുള്ള സ്ഥലങ്ങൾ നോക്കിവെക്കാൻ തുടങ്ങി. മണിച്ചിത്രത്താഴ്, ചിത്രം, വന്ദനം തുടങ്ങിയ നല്ല സിനിമകൾ ടി വിയിൽ ഉള്ള ദിവസം ഇന്റർവ്യൂവിന് പോകണ്ട എന്ന ശ്രീജിത്തിന്റെ സ്വകാര്യബിൽ ലോക്‌സഭ വോട്ടിനിട്ട് തള്ളി.  

ഗണപതിക്കുടച്ച തേങ്ങകളെല്ലാം കാക്കകൾ കൊണ്ടുപോയ്‌ക്കൊണ്ടിരുന്നു. ഒന്നുകിൽ കന്നഡഭാഷ അറിയാത്തതുകൊണ്ട് അല്ലെങ്കിൽ പ്രവൃത്തിപരിചയം ഇല്ലാത്തതുകൊണ്ട് അതുമല്ലെങ്കിൽ ജോലിസമയത്തിന്റെ പ്രശ്‍നംകൊണ്ട് ഇന്റർവ്യൂകളിൽ ഒന്നിൽപോലും ഞങ്ങൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചതേയില്ല. അങ്ങനെയിരിക്കുമ്പോളാണ് ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ജോലിയുടെ ഏകദേശ വിവരണം താഴെ

സംഭവം : മക്‌ഡൊണാൾഡ്‌സ് (ആഗോളകുത്തക....ഹും...പോട്ടെ )
സ്ഥലം : കോറമംഗല (കുഴപ്പമില്ല)
തസ്‌തിക : ഫ്ലോർ സൂപ്പർവൈസർ (കേൾക്കാനൊരു സ്റ്റൈലുണ്ട്)

യോഗ്യതകൾ 
1 . ഇംഗ്ലീഷ് പരിജ്ഞാനം
(ഹൗ ഫാർ ഈസ് മയാമി ബീച്ച് ഫ്രം വാഷിംഗ്‌ടൺ ഡി സി...കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്... അതല്ലേ....ഇതൊക്കെ ചെറീത്...)

2 . ആകർഷകമായ വ്യക്തിത്വം  (അതല്ലേ ഉള്ളൂ നമ്മുടെ കൈയിൽ...)

3 . ജോലി ചെയ്യാനുള്ള സന്നദ്ധത (ഒട്ടുമില്ല...പിന്നെ നിവൃത്തിയില്ലാത്തോണ്ട് ശ്രമിക്കാം..)

മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല എന്ന് തീരുമാനമായി. അതിൻപ്രകാരം ഒരുദിവസം ഉച്ചക്ക് ക്ലാസ് കഴിഞ്ഞു നേരെ കോറമംഗലക്ക് വച്ചുപിടിച്ചു. സംഭവം വിചാരിച്ചപോലല്ല, മക്‌ഡൊണാൾഡ്‌സ് കാണാൻ നല്ല ലുക്കൊക്കെയുണ്ട്. അകത്തേക്ക് കയറിയപ്പോളാകട്ടെ നല്ല 'പൊരിച്ച കോയീന്റെ മണം....'.

കൗണ്ടറിലിരുന്ന ചേച്ചി നാലാളെയും നേരെ മാനേജരുടെ മുറിയിലെത്തിച്ചു. എണ്ണയിലേക്കിടാൻ  തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജികളെപ്പോലെ, കറങ്ങുന്ന കസേരയിൽ നട്ടെല്ലുവളക്കാതെ തലയുയർത്തി നാലുപേരും മാനേജരെയും കാത്തിരിപ്പായി. ഏതാണ്ട് പത്തുനിമിഷം കഴിഞ്ഞപ്പോൾ മാനേജർ പ്രത്യക്ഷപ്പെട്ടു. ജോസ് പ്രകാശ് മുതൽ റിസബാവ വരെയുള്ള പലരേയും മാനേജർ സ്ഥാനത്ത് മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ടിരുന്നെങ്കിലും വന്നത് ഇന്ദ്രൻസിനെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതിയോടു കൂടിയ ഒരു പാവം മനുഷ്യനാണ്.

മൂന്നര മണിയോടടുത്ത ആ നേരത്ത് 'ഗുഡ് മോർണിംഗ്....സോറി....ഗുഡ് ആഫ്റ്റർനൂൺ...സോറി....ഗുഡ് ഈവനിംഗ്' എന്നിങ്ങനെ മൂന്നും ഒന്നിനുപിന്നാലെ ഒന്നായി പറഞ്ഞുകൊണ്ട് മാനേജരെ ആദ്യം തന്നെ ഒന്ന് ഞെട്ടിച്ചു. ഞെട്ടൽ പൂർണമാകുന്നതിനു മുൻപേ ആദ്യം കൊടുക്കുന്ന ആൾക്ക് സമ്മാനമുണ്ടോയെന്നു സംശയം ജനിപ്പിക്കുംവിധം തിക്കിത്തിരക്കി ഒരേപോലുള്ള നാല് റെസ്യൂമേകൾ മേശപ്പുറത്തുവച്ചു ഒന്നുകൂടി ഞെട്ടിച്ചു. ഇങ്ങനെ തുടർച്ചയായി ഞെട്ടിയാൽ ഒരുപക്ഷേ തനിക്കെന്തുകൊണ്ട് ഈ ചെറുപ്രായത്തിലേ ഹൃദയാഘാതം വന്നുവെന്നാലോചിച്ച് തന്റെ വീട്ടുകാർ ഞെട്ടേണ്ടിവരും എന്ന് മനസ്സിലാക്കിയ ആ മാനേജർ നാലാളെയും അൽപ്പം മാറ്റിയിരുത്തി.

ആദ്യമായി ജോലിയെപ്പറ്റി മാനേജർ വിശദീകരിച്ചു. അത് തർജ്ജമചെയ്താൽ ഇപ്രകാരമാണ് - ഞങ്ങൾ നിങ്ങളെ പണിയെടുപ്പിച്ചുകൊല്ലും, കണ്ടതെല്ലാം വെട്ടിവിഴുങ്ങാമെന്നു കരുതേണ്ട, തറ തുടക്കുന്നതും, മേശ വൃത്തിയാക്കുന്നതും അടക്കമുള്ള ജോലികൾ ശരിയായി ചെയ്യുന്നുണ്ടോ എന്ന് ഇടക്കിടക്ക് നോക്കണം, അഥവാ അതിന് ഉത്തരവാദിത്വപ്പെട്ടവർ അത് ശരിയായി ചെയ്തിട്ടില്ലെങ്കിൽ മുന്നിട്ടിറങ്ങി അത് ചെയ്യാൻ ഒരു മടിയും വിചാരിക്കേണ്ട, എന്തെങ്കിലും കുഴപ്പം കണ്ടാൽ ശമ്പളം കട്ട് ചെയ്യും, ചിലപ്പോൾ കടയിൽ വരുന്നവർ അച്ഛനും അമ്മക്കും വരെ വിളിക്കുമ്പോൾ ചിരിച്ചുകൊണ്ട് അതെങ്ങനെ കേൾക്കാമെന്നും എന്ത് മറുപടി പറയണമെന്നുമുള്ള കാര്യങ്ങൾ കമ്പനി പഠിപ്പിച്ചുതരും. നന്നായി ജോലി ചെയ്താൽ പ്രമോഷൻ (?) കിട്ടാൻ സാധ്യതയുണ്ട്, എന്തായാലും ഇന്റർവ്യൂ കഴിഞ്ഞേ നിങ്ങളെ എടുത്തോ ഇല്ലയോ എന്ന് പറയാനൊക്കൂ - ഇത്രയും കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ തലയിൽനിന്ന് ഒരു ഡസൻ കിളികൾ ഒരുമിച്ചു പറക്കുകയും മുറിക്കു വലിപ്പം കുറവായതിനാൽ പരസ്പരം കൂട്ടിയിടിച്ചു ഒന്നുരണ്ടെണ്ണം താഴെ വീഴുകയും ചെയ്തു.

ഇന്റർവ്യൂ അങ്ങനെ ആരംഭിച്ചു. മാനേജർ പറയുന്ന വിഷയത്തെപ്പറ്റി അഞ്ചുമിനിറ്റ് സംസാരിക്കണം ആകെ അത്രയേ ഉള്ളൂ ഇന്റർവ്യൂ.

ആദ്യത്തെ നറുക്കു വീണവന് കിട്ടിയ വിഷയം 'ഓണം' - 'ഓണം ഈസ് കേരളാസ് മെയിൻ ഫെസ്റ്റിവൽ' എന്ന് തുടങ്ങി കോമ്പോസിഷനിൽ പഠിച്ചത് മൊത്തം എടുത്തു അവൻ മിന്നിച്ചു.

അടുത്തവന് കിട്ടിയത് 'ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് ഓഫ് കേരള' - അവനും മോശമാക്കിയില്ല; കോവളത്തുനിന്നു തുടങ്ങി കുമരകം എത്തിയപ്പോളേക്കും മാനേജർ നിർബന്ധിച്ച് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യിച്ചു. ഇല്ലെങ്കിൽ അതിരപ്പിള്ളിയൊക്കെ എത്തുമ്പോളേക്കും നേരം വെളുത്തേനെ.

ഇവന്മാരുടെ പ്രകടനം കണ്ടിരുന്ന എന്റെ ഹൃദയം 100-120 വേഗതയിൽ ഇടിച്ചുകൊണ്ടിരുന്നു - വേറൊന്നുംകൊണ്ടല്ല; അറിയാവുന്ന വിഷയങ്ങളൊക്കെ ഓരോന്നായി തീർന്നുവരുന്നു. ഇനി എനിക്കെങ്ങാൻ 'ഗാട്ട് കരാറും ഇന്ത്യൻ കർഷകരും' പോലുള്ള വല്ല കടുകട്ടി വിഷയവും കിട്ടുമോ എന്നുകരുതി.

എന്തായാലും ദൈവം കരുണയുള്ളവനായിരുന്നു എനിക്ക് കിട്ടിയത് 'പ്രോഗ്രസ്സ് ഓഫ് കേരള' എന്ന വിഷയമായിരുന്നു. 100% സാക്ഷരത, ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങി അറിയാവുന്ന എല്ലാ വാക്കുകളും കൂട്ടിച്ചേർത്ത് അഞ്ചുമിനിറ്റ് മാനേജരെ പുളകം കൊള്ളിച്ചു.

പറയാൻ വിട്ടുപോയി - ഇതിനിടയിൽ നാല് ഗ്ലാസ് കൊക്കകോളയും ബണ്ണിന്റെ നടുവിൽ എന്തൊക്കെയോ കുത്തിക്കേറ്റിയ പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു സാധനവും (അതിന്റെ പേര് ബർഗർ എന്നാണെന്ന് പിന്നീട് മനസ്സിലായി) വരികയും, വന്നതിലും വേഗത്തിൽ അപ്രത്യക്ഷമാകുകയും ചെയ്തു.

അങ്ങനെ മൂന്നുപേരുടെ പ്രകടനങ്ങൾ കണ്ട് ത്രസിച്ചിരുന്ന നാലാമന്റെ ഊഴമായി. തൊണ്ട ശരിയാക്കി, കാതുകൂർപ്പിച്ചു മുന്നോട്ടാഞ്ഞിരുന്ന അദ്ദേഹത്തിന് ലഭിച്ച വിഷയം 'റിവേഴ്‌സ് ഓഫ് കേരള' - കേട്ടിരുന്ന ഞങ്ങളും ഒന്നാശ്വസിച്ചു. 44 നദികളിൽ ഒന്നോ രണ്ടോ എണ്ണത്തിനെപ്പറ്റി പറയുമ്പോളേക്കും തന്നെ അഞ്ചുമിനിറ്റ് തീർന്നോളും.

അവനും ആശ്വാസം. 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം' എന്നമട്ടിലാണ് ഇരുപ്പ്. സംസാരം കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി, പൂട്ടിപ്പോയ പല ഫാക്ടറികളിലേക്കുവരെ സഞ്ചരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയക്കാരെപ്പോലെ ബന്ധമില്ലാത്ത വിഷയങ്ങളെല്ലാം ആമുഖമായിപ്പറഞ്ഞ് പതുക്കെ 'നദി'കളിലേക്കു വരാനുള്ള ഒരു സൈക്കോളജിക്കൽ മൂവായിരിക്കും എന്നാദ്യം കരുതിയെങ്കിലും നദികളെപ്പറ്റി ഒരക്ഷരം മിണ്ടാതെ അവന്റെ സംസാരം തുടർന്നപ്പോൾ എന്തോ ഒരു വശപ്പിശക് ഫീൽ ചെയ്തു. ഇനിയൊരുപക്ഷേ ഞാൻ കേട്ടത്  തെറ്റിപ്പോയതായിരിക്കുമോ എന്ന സംശയത്തിൽ ബാക്കിയുള്ള രണ്ടുപേരെ ഞാനൊന്ന് നോക്കി; അവരെന്നെയും നോക്കി. നാൽപ്പതുപേരും ശിഷ്യന്മാരുമില്ലാത്തതുകൊണ്ടു ഞങ്ങൾ പരസ്പരം ഒന്നുകൂടിനോക്കി അഡ്ജസ്റ്റ് ചെയ്തു. മാനേജരാണെങ്കിൽ അവനെ പ്രോത്സാഹിപ്പിച്ച് കൂടുതൽ സംസാരിപ്പിക്കുന്നുമുണ്ട്. അതോടെ ഒരുകാര്യം ഉറപ്പായി. ഞങ്ങൾ മൂന്നാൾക്കും ജോലികിട്ടില്ല; നാലാമന് ജോലിയുടെ കാര്യം ഏകദേശം തീർച്ചയായി.

അരമണിക്കൂർ പുറത്ത് കാത്തിരുന്നാൽ ഫലം കൈയോടെ അറിയാം. ഞങ്ങൾ മൂന്നുപേർ എന്തായാലും ജോലി കിട്ടില്ലെന്നുറപ്പായതുകൊണ്ട് നിരാശ പുറത്തുകാട്ടാതെ  'അല്ലെങ്കിലും ഈ എച്ചിലെടുക്കുന്ന ജോലിയൊന്നും ഞങ്ങൾക്ക് പറ്റിയതല്ലെന്ന്' പ്രഖ്യാപിക്കുകയും നാലാമൻ ' 7000-8000 രൂപയൊക്കെ ഒരുമാസം കിട്ടിയാൽ അടിച്ചുപൊളിക്കാമല്ലേ എന്ന ചോദ്യത്തോടെ അതേ നിരാശയുടെ മുറിവിൽ ഒരുകിലോ മുളകുപൊടി വാരിയെറിയുകയും ചെയ്തു.

റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻവന്നവരുടെ  മേശപ്പുറത്ത് ഒരുപാട് കോഴിക്കാലുകൾ അമിതവണ്ണത്തോടെ വരുകയും, സ്ലിം ബ്യൂട്ടികളായി തിരിച്ചുപോകുകയും ചെയ്തുകൊണ്ടിരുന്നു. ഉറപ്പായും അതിലൊരു വലിയവിഭാഗം ആളുകൾ 'ആരുടെ കൊതിപറ്റിയതാണോ ആവോ' എന്ന ആത്മഗതത്തോടെ പിറ്റേദിവസം സിക്ക്‌ലീവ് എടുത്തുകാണുമെന്നുറപ്പ്.

ഒടുവിൽ ആ ശുഭമുഹൂർത്തം വന്നെത്തി; വീണ്ടും അതേ മുറിയിൽ അതേ മാനേജരുടെ മുന്നിൽ. വിധി ഇപ്രകാരം - നാലാമനൊഴികെ എല്ലാവരും ഇന്റർവ്യൂ പാസ്സായി. താല്പര്യമുണ്ടെങ്കിൽ നാളെത്തന്നെ സർട്ടിഫിക്കറ്റ് കൊണ്ടുചെന്നു ജോയിൻ ചെയ്യാം. ഞങ്ങൾ മൂന്നുപേരും തലയിൽ ലൈറ്റ് കത്തുന്ന സ്പീഡനുസരിച്ച് ഇടവിട്ടിടവിട്ട് ഞെട്ടി. നാലാമനാകട്ടെ, പവർകട്ട് സമയത്ത് കറന്റ് കമ്പിയിൽ വെറുതേ കാറ്റുകൊണ്ടിരിക്കുമ്പോ പെട്ടെന്ന് 11 KV കറന്റ് ഒന്ന് കടന്നുപോയ കാക്കയുടെ അവസ്ഥയിലും.

"എനിക്ക് അയാൾ എന്തോ കാരണംകൊണ്ട് പണി തന്നതാടാ",

"നിങ്ങളും കേട്ടതല്ലേ....സംസാരിച്ചപ്പോൾ ഞാൻ പൊരിച്ചതല്ലേ?"

"ആ പൊട്ടന് ഇംഗ്ലീഷറിയാത്തതുകൊണ്ടായിരിക്കും"

എന്നിങ്ങനെയുള്ള ഡയലോഗുകൾ കൊണ്ട് നാലാമൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ,

"ആ...സാലറിയൊക്കെ കിട്ടീട്ടു വേണം ഒരു മൊബൈലും, ബൈക്കുമൊക്കെ വാങ്ങാൻ" എന്ന കോർണർകിക്കിലൂടെ  നേരത്തെ വാങ്ങിക്കൂട്ടിയ ഗോൾ മൂവരും ചേർന്ന് തിരിച്ചടിച്ചു. അങ്ങനെ മത്സരം സമനിലയിൽ കലാശിച്ചു.

രാത്രി വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ വിഡ്ഢിത്തമാണെന്നു തോന്നിയാലും സാരമില്ല, സംശയം തീർത്തേക്കാം എന്നുകരുതി ഞങ്ങൾ നാലാമനോട് ചോദിച്ചു എന്തുകൊണ്ടാണ് വിഷയം 'റിവേഴ്‌സ് ഓഫ് കേരള' ആയിട്ട് നദികളെപ്പറ്റി സംസാരിക്കാഞ്ഞതെന്ന്.

അപ്പോളാണ് അവൻ ആ വിശ്വവിഖ്യാതമായ മറുപടി തന്നത്. റിവേഴ്‌സ് (Reverse) ഓഫ് കേരളയെപ്പറ്റി സംസാരിക്കാൻ പറഞ്ഞാൽ എന്തിനാടാ പൊട്ടന്മാരേ നദികളെ (Rivers) കുറിച്ച് സംസാരിക്കുന്നതെന്ന്!!!!

ഒരുപാട് മണിക്കൂറുകളായി അലട്ടിയ ആ സമസ്യക്ക് അങ്ങനെ പരിഹാരമായി. വെറുതെയല്ല പെരിയാറിനും ഭാരതപ്പുഴക്കുമെല്ലാം പകരം  കേരളത്തെ റിവേഴ്‌സ് ഗിയറിൽ കയറ്റിയ അനാവശ്യ രാഷ്ട്രീയവും, കമ്പനികളുടെ ലോക്ക് ഔട്ടും മുതൽ ഹർത്താൽ വരെ അവനെടുത്ത് വാരിവിതറിയത്.

എന്തായാലും ഞങ്ങൾ ഒന്നും തിരുത്താൻപോയില്ല.

ബ്രിട്ടീഷ് അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും ബാക്കിപത്രമാണ് ഇംഗ്ലീഷ് എന്ന് ഞങ്ങൾക്കറിയാം..

അല്ലെങ്കിലും രണ്ടുവാക്കുകൾ ഒരേപോലെ ഉച്ചരിക്കുന്ന ഈ വൃത്തികെട്ട ഭാഷ നമ്മളെന്തിനാണ് പഠിക്കുന്നത്....

ഇംഗ്ലീഷ് വിദ്യാഭ്യാസം നിർബന്ധമാക്കിയ മെക്കാളെ പോയി തുലയട്ടെ!

*******************************************************************************************************

പിൻകുറിപ്പ്:-

"ജോലി ....

അറിയുംതോറും അകലംകൂടുന്ന മഹാസാഗരം... പിന്നെയും അലഞ്ഞിട്ടുണ്ട് അതുതേടി.

വെറുതേ വീട്ടിലെ പായയിൽ ഈച്ചയാട്ടിക്കിടക്കുന്നവന് ഇടക്കൊരു വെളിപാടുണ്ടാകുന്നു....

എന്താ? നേരെ  ഓരോ കമ്പനികളിലേക്ക്  വെച്ച് പിടിക്കാൻ..

എന്തിനാ? പണി വല്ലതും കിട്ടുമോ എന്നന്വേഷിക്കാൻ.....

ഇന്റർവ്യൂവിനെപ്പറ്റി അറിയാൻ എല്ലായ്‌പ്പോഴും ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ.. ഉസ്താദ് HR ഖാൻ..

ആവശ്യമറിയിച്ചു - ദക്ഷിണ വെക്കാൻ പറഞ്ഞു. ജോലി തെണ്ടുന്നവന്റെ ഓട്ടകീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല....

ഇന്റർവ്യൂവിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ഗൂഗിളിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഇംഗ്ലീഷിൽ ഒരു സെൽഫ് ഇൻട്രൊഡക്ഷൻ അങ്ങട്ട് അലക്കി...

പലപ്പോളും പറഞ്ഞു മുഴുമിക്കാൻ വിട്ടില്ല....നേരെ ഇന്റർവ്യൂ നടക്കുന്ന റൂമിലേക്ക്  കയറ്റിയങ്ങുവിട്ടു .......HR ഫ്‌ളാറ്റ്.....

പിന്നെ ബാഗിൽ റെസ്യൂമെയും വായിൽ സെൽഫ് ഇൻട്രൊഡക്ഷനുമായി സമയമൊരുപാട്....

ഒടുവിൽ നിധിപോലെ കിട്ടിയ ഒരു അപ്പോയിൻമെന്റ് ലെറ്ററിൽ ഒപ്പു വാരിവലിച്ചിട്ട് ഇതേ നഗരത്തിൽക്കൂടി ഈ യാത്ര തുടരുന്നു........ഇന്നും തീരാത്ത പ്രവാസം....

അല്ലെങ്കിലും......

സഫറോം കി സിന്ദഗി ജോ കഭി നഹി ഖത്തം ഹോ ജാത്തീ ഹേ......! "

Tuesday 9 January 2018

കാന്തേ നീയുംവരൂ....തൃശ്ശൂർ കലാപൂരം കാണാൻ....

അങ്ങനെ വീണ്ടുമൊരു കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനത്ത് തിരിതെളിഞ്ഞു. പൂര നഗരി ഇനി ഉറങ്ങിയുണരാൻ  പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവം സമ്മാനിക്കുന്ന മായക്കാഴ്ചകളിലേക്കാണ്. ഇനിയേതാനുംനാൾ  ഒരു നഗരത്തിലെ ഓരോ ഹൃദയവും ചില കുഞ്ഞുപാദങ്ങളുടെ ചടുലതാളങ്ങളിൽ പ്രകമ്പനം കൊള്ളും, ലാസ്യവിസ്മയങ്ങളിൽ മതിമറന്ന മിഴികൾ ഈ കാഴ്ച തീരരുതേ എന്നാശിക്കും, കാതിനിമ്പമായി ഉള്ളൂരും,വള്ളത്തോളും മുതൽ റഫീഖ് അഹമ്മദ് വരെ കടന്നുവരും. കല എപ്പോളും അങ്ങനെയാണല്ലോ; ജീവിതനദികളിലെ ഒഴുക്കുപോലും അതു പിടിച്ചുനിർത്തും. പഞ്ചേന്ദ്രിയങ്ങളേയും അനുഭൂതികളുടെ അനുവാച്യതലങ്ങളിൽ അമ്മാനമാടിച്ച ഈ കലോത്സവം ഓരോ വർഷത്തെ പൂരവുംപോലെ ഒടുക്കം ഉപചാരംചൊല്ലി വിടപറയും. നഷ്ടപ്രണയത്തിന്റെ ഭൂതകാലങ്ങളിൽ ജീവിക്കുന്നതുപോലെ, കണ്ട കാഴ്ചകളുടെ മധുരങ്ങൾ ഓർമ്മചെപ്പിലടച്ചുവെച്ച് നാമോരോരുത്തരും ജീവിതത്തിന്റെ തിരക്കുകളിൽ അലിഞ്ഞുചേരും.

ഓരോ കലോത്സവവാർത്തകളും, ഓർമകളുടെ കുന്നിൻചെരിവുകളിലേക്കാണ് എന്നെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നത്. ഒട്ടും നിറംമങ്ങാത്ത ഓർമ്മചിത്രത്തിന്റെ ഫ്രെയിമുകളിൽ ചെറുതും വലുതുമായ പല കലോത്സവവേദികളും ദീപ്തമായി നിൽക്കുന്നു. വേദികളും നഗരങ്ങളുമേ മാറുന്നുള്ളൂ; കാഴ്ചകളിന്നും പഴയതുതന്നെ. അച്ഛനമ്മമാരുടെ, അല്ലെങ്കിൽ അവരേക്കാൾ പ്രിയപ്പെട്ട അധ്യാപകരുടെ കൈപിടിച്ച് രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നതും, അഭിമാനത്തോടെ ചെസ്റ്റ്നമ്പർ സേഫ്റ്റിപിൻ ചേർത്തുകുത്തുന്നതും, ഗ്രീൻറൂമുകളിൽ ക്ഷമയോടെ ചായമിടാൻ നിന്നുകൊടുക്കുന്നതും, വേദിക്കുപുറകിൽ തന്റെ ഊഴവുംകാത്ത് പരിശീലിച്ചുതെളിഞ്ഞതെല്ലാം ഒരിക്കൽക്കൂടി ഉരുവിട്ടുകൊണ്ട് കാത്തുനിൽക്കുന്നതും വെറുതെ ഓർത്തുപോയി. പൊങ്ങുന്ന കർട്ടനൊപ്പം ഉയരുന്ന ഹൃദയമിടിപ്പിനെ പണിപ്പെട്ടു നിയന്ത്രിച്ച് മുന്നിലിരിക്കുന്ന നൂറുകണക്കിനുപേരുടെ മുഖത്ത് തെളിയുന്നത് ആനന്ദമോ, അഭിനന്ദനമോ അതോ പുച്ഛമോ എന്ന ആശങ്കയോടെ, മാസങ്ങളായുള്ള സപര്യയുടെ പരിപൂർണ്ണമായ ആവിഷ്കാരത്തിനായി മനസ്സും ശരീരവും സമർപ്പിക്കുന്നതും, ആട്ടവും പാട്ടുമവസാനിക്കുമ്പോൾ അംഗീകാരത്തിന്റെ കരഘോഷങ്ങളുടെ അകമ്പടിയിൽ വേദിക്കുപിന്നിൽ നിന്നാരോ നീട്ടിയ തൂവാലയിൽ സന്തോഷത്തിന്റെ, ആത്മനിർവൃതിയുടെ, ആശ്വാസത്തിന്റെ വിയർപ്പുകണങ്ങൾ തുടച്ചെറിഞ്ഞത് എങ്ങനെയാണ് മറക്കുക? ഉദ്വേഗത്തോടെ മത്സരഫലം എന്താകുമെന്നറിയാൻ ഉച്ചഭാഷിണിക്ക് കാതോർത്തതും, ആദ്യം കലോത്സവവേദിയിലും പിന്നീട് സ്കൂൾ അസംബ്ലിയിലും സമ്മാനങ്ങൾ അഭിമാനത്തോടെ ഏറ്റുവാങ്ങിയതും ഇന്നലെയാണെന്ന് തോന്നിപ്പോകുന്നു. ആഹ്ലാദമധുരങ്ങളും, കണ്ണുനീരുപ്പും കലർന്നതാണ് ഭൂതകാലത്തിന്റെ ഈ കുളിരോർമ്മകൾ.

മത്സരത്തിന്റെ തീക്ഷ്ണതയിൽ വെന്തുരുകാതെ ഊഷ്മളമായ സൗഹൃദങ്ങൾ ഈ വേദികളിൽ അന്ന് തളിരിട്ടിരുന്നു. സമ്മാനമൊന്നും കിട്ടിയില്ലെന്നറിഞ്ഞു വിങ്ങിപ്പൊട്ടിയ ബാലചാപല്യങ്ങളെ ചേർത്തുപിടിച്ച് ഇതൊന്നും സാരമില്ലെന്നും, നീ ചെറുതല്ലേ ഇനിയെത്ര വേദികൾ കാത്തിരിക്കുന്നു എന്നും പറഞ്ഞത് ഒന്നാംസമ്മാനക്കാരനായിരുന്നു, കണ്ണീരുനിർത്താൻ കുഞ്ഞുമിട്ടായികൾ കൈക്കൂലിയായിത്തന്ന അദ്ധ്യാപിക എന്റെ സ്കൂളിൽ നിന്നായിരുന്നില്ല, അനന്തമായി നീളുന്ന മത്സരത്തിൽ ഊഴവും കാത്തിരുന്നു തളർന്നവന് കുടിവെള്ളം കൊണ്ടുതന്നത് കൂടെ മത്സരിക്കേണ്ടവൻ തന്നെയാണ്. ദുഃഖകരമായൊരു കാര്യം ഈ വേദികളിലെ മിന്നും താരങ്ങളായ പലരെയും പിന്നീട് കലയുമായി ബന്ധപ്പെട്ട യാതൊരു മേഖലയിലും പിന്നീട് കാണാനേ കിട്ടുന്നില്ല എന്നതാണ്. ഓരോ പോയിന്റിനും ഇഞ്ചോടിഞ്ചു പൊരുതിയ ഒരു കൂട്ടുകാരിയെ പിന്നീടൊരിക്കൽ ഒരു ചാനലിലെ ചെറിയൊരു പരിപാടിയുടെ അവതാരികയായിക്കണ്ടു. ജീവിതത്തിലിന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച നാടോടിനൃത്തത്തിന് പാദങ്ങൾ ചലിപ്പിച്ചവളെ വീണ്ടും ഇത്തരുണത്തിൽ കാണുമ്പോൾ തോന്നുന്നത് വേദനയോ സന്തോഷമോ എന്നറിയുന്നില്ല.

ഓരോദിവസവും പത്രത്തിൽവരുന്ന വാർത്തകൾ പക്ഷേ വേദനിപ്പിക്കുന്നു. അപ്പീലുകളുടെ പ്രളയംമുതൽ, വിധിനിർണയത്തിലെ കോഴകൾ വരെയാണ് ഇന്ന് അരങ്ങുവാഴുന്നത്. രക്ഷിതാക്കളേ നിങ്ങളോട് ചോദിക്കാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ് - എന്തിനാണ് ഈ കുഞ്ഞുമനസ്സുകളിൽ നിങ്ങൾ നഞ്ചുകലക്കുന്നത്? നിങ്ങളെന്താണ് ഇതിലൂടെ നേടുന്നത്? പണം നുരയുന്ന ക്ലബ്ബുകളിലെ പൊങ്ങച്ചചർച്ചകളിൽ നിങ്ങളുടെ മക്കളുടെ പേര് ഉയർന്നു കേൾപ്പിക്കാനോ? അർഹതയില്ലാത്ത അംഗീകാരങ്ങളുടെ ഭാണ്ഡവും പേറി ആരും ഒരുപാടൊന്നും മുന്നോട്ടുപോകില്ല; ജീവിതപരീക്ഷകളിൽ അവർ തോറ്റുപോകുകയേ ഉള്ളൂ. ഒരുനിമിഷം ഒന്നോർക്കുക നിങ്ങളുടെ ഇത്തരം പ്രവൃത്തികൾ ചവിട്ടിയരച്ചുകളയുന്നത് നാളെ വിടർന്നു സുഗന്ധം പരത്തേണ്ട ഏതാനും കുഞ്ഞുപൂക്കളെയാണ്. നാമെല്ലാംചേർന്ന് മുതിർന്നവരുടെ ലോകം വൃത്തികെട്ട കിടമത്സരങ്ങളുടെ വിളനിലമാക്കി. അവശേഷിക്കുന്ന പ്രതീക്ഷ ഈ കുഞ്ഞുങ്ങളാണ്. അവരെയുംകൂടി എല്ലാത്തിലും വലിച്ചിഴക്കണോ? ഭൂമിയെന്ന ഈ ആരാമത്തിൽ വിരിഞ്ഞ ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങളല്ലേ അവർ? അവരെ സ്വാഭാവികമായി വിടർന്നു സുഗന്ധംപരത്താൻ വിടൂ ദയവായി!

എത്ര സ്വയം നിഷേധിച്ചിട്ടും ഞാൻ തിരിച്ചറിയുന്നു - ഈ വേദികളിൽ മറ്റാരെയുമല്ല ഞാനെന്നെത്തന്നെയാണ് കാണുന്നത്. നഷ്ടപ്പെട്ടുപോയ ഒരു നല്ലകാലത്തിന്റെ, ആടിത്തീരാത്ത ഒരുചുവടിന്റെ, പാടാൻ വിട്ടുപോയൊരു ശീലിന്റെയൊക്കെ മയിൽപ്പീലിത്തുണ്ടുകൾ ഈ ഹൃദയത്തിന്റെ ഏതോ കോണുകളിലിരുന്നു ഓർമ്മചിത്രങ്ങൾ കോറിയിട്ടുകൊണ്ടേയിരിക്കുന്നു. ഇനിയൊരുകാലത്ത് ഓർമ്മകൾ നഷ്ടപെട്ടുപോകുന്ന രോഗത്തിനടിമയായാൽപോലും അവസാനമായി മായുന്ന ഓര്മകളിലൊന്നായ് ഈ കലോത്സവവേദികൾ നിലനിൽക്കും. അതിലത്ഭുതമില്ല; വേരുകൾ ഇപ്പോളും മണ്ണിൽത്തന്നെ തറഞ്ഞുനിൽക്കുന്നു.

നേരമൊരുപാട് വൈകിയിരിക്കുന്നു; വരൂ നമുക്കൊരുമിച്ചുപോകാം ഈ വേദികളിലേക്ക്. എന്നിട്ട് ഈ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാം, അവരുടെ വിജയങ്ങളിലും പരാജയങ്ങളിലും ഒന്നുചേരാം. അപരിചിതത്വത്തിന്റെ അതിർവരമ്പുകൾ സ്നേഹത്തിന്റെ ഊഷ്മളതകൊണ്ട് അലിയിച്ചുകളയാം.

അനുജന്മാരേ, അനുജത്തിമാരെ, നിങ്ങൾ സധൈര്യം ചുവടുപിഴക്കാതെ, കണ്ഠമിടറാതെ മുന്നോട്ടുപോകുക ഞങ്ങളുണ്ടുകൂടെ - നിങ്ങൾക്കുമുമ്പേ നടന്നിട്ടും പാതിവഴിയിൽ നിന്നുപോയവർ, കാലരഥത്തിന്റെ ചക്രങ്ങൾ പിന്നോട്ടുരുട്ടാൻ കഴിയുമെങ്കിൽ ഈ വഴി ഒരിക്കൽകൂടി നടക്കണമെന്നാഗ്രഹിക്കുന്നവർ.

നിങ്ങൾ ഞങ്ങളെപ്പോലാകാതിരിക്കുക!

നിങ്ങൾ

കലകൊണ്ടു കലഹിക്കുക...

കലകൊണ്ടു പ്രണയിക്കുക....

കലകൊണ്ടു ജീവിക്കുക.....

കാരണം വർത്തമാനകാലം അത്രമേൽ നിങ്ങളെ ആവശ്യപ്പെടുന്നു.