"മാതാ പിതാ ഗുരു ദൈവം"
ആദ്യാക്ഷരം പഠിച്ച നാൾ മുതൽക്കേ പലകുറി ആവർത്തിച്ചുകേട്ട ആപ്തവാക്യം. ദേവാലയത്തിൽ പോയി കൃത്യമായ അകലം പാലിച്ച് ഭയഭക്തി ബഹുമാനങ്ങളോടെ കുമ്പിട്ടു വണങ്ങുന്ന ദൈവത്തിനും മുകളിലാണ് ഗുരുവിന്റെ സ്ഥാനം എന്ന അറിവ് സത്യത്തിൽ ആദ്യമൊരു അമ്പരപ്പാണ് ഉളവാക്കിയത്. എന്നാൽ പിന്നീടങ്ങോട്ട് ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള അദ്ധ്യാപകർ അതെന്തുകൊണ്ടാണ് അങ്ങനെ എന്നു ശരിക്കും മനസ്സിലാക്കിത്തന്നു.
ഇപ്പോൾ ഇതോർക്കാൻ ഒരു കാരണമുണ്ട്. കുറച്ചുദിവസം മുൻപേ യാദൃശ്ചികമായി ഒരു വാർത്ത വായിക്കാൻ ഇടയായി. തൃശ്ശൂർ ജില്ലയിലെ ഒരു വിദ്യാലയത്തിൽ ഗുരുപൂജ നടത്തി എന്ന 'കുറ്റത്തിന്' അധ്യാപകർക്കെതിരെ ചില രക്ഷിതാക്കൾ കേസ് കൊടുക്കാൻ പോവുകയാണത്രേ! ഗുരുവിന്റെ പാദങ്ങൾ ശിഷ്യർ സ്പർശിച്ചതോടെ മതേതരത്വം ആകെ തകർന്നടിഞ്ഞുപോയതാണ് കാരണം. അതിലും അതിശയകരമായി തോന്നിയത് ഈ വാർത്ത ഒരു 'പ്രമുഖ' അദ്ധ്യാപിക പങ്കുവെക്കുകയും ഇതെല്ലാം 'തെറ്റായ' കീഴ്വഴക്കങ്ങളാണെന്ന് ചരിത്രത്തിലെ ചില ഉദാഹരണങ്ങൾ നിരത്തി സമർത്ഥിക്കുകയും ചെയ്തതാണ്.
ഗുരുവിനെ പൂജിക്കുന്നത് നിന്ദ്യമായി മാറിയൊരു കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നു.
യാഥാസ്ഥിതികനായതുകൊണ്ടാകാം; അധ്യാപകരോട് എന്നും ആദരവുകലർന്ന സ്നേഹം മാത്രമേ ഉണ്ടായിട്ടുള്ളൂ ഇതുവരെ.
അദ്ധ്യാപകർക്കൊപ്പം തോളിൽ കൈയിട്ടുനടക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടുമില്ല; അത്തരം സ്വാതന്ത്ര്യങ്ങൾ അവർ അനുവദിച്ചുതന്നിട്ടുമില്ല.
അദ്ധ്യാപനം കേവലം ശമ്പളത്തിനുവേണ്ടി മാത്രം ചെയ്യുന്ന മറ്റേതൊരു തൊഴിലുംപോലെയാണ് എന്നൊരിക്കലും തോന്നിയിട്ടില്ല അല്ലെങ്കിൽ അങ്ങനെ തോന്നിക്കാനുള്ള അവസരം ഇതുവരെക്കണ്ട അദ്ധ്യാപകർ ആരുംതന്നെ ഉണ്ടാക്കിയിട്ടില്ല
സ്കൂളിൽ നല്ല ചൂരൽക്കഷായം കിട്ടിയപ്പോളെല്ലാം സങ്കടവും, ദേഷ്യവും അപമാനവും തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കലും വെറുപ്പിന്റെ ഒരു കണികപോലും തോന്നിയിട്ടില്ല.
ഇതൊക്കെ കാണുമ്പോൾ തോന്നുന്നു പുണ്യം ചെയ്തവരായിരുന്നു ഞങ്ങളുടെ തലമുറ എന്ന്
പാഠം വായിച്ചുതീർക്കുക എന്നതിലും പ്രധാനം അറിവ് പകരുക എന്നതാണ് എന്നു വിശ്വസിച്ചിരുന്ന അദ്ധ്യാപകരുടെ മുന്നിലിരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്
വായിക്കാൻ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു തന്നവരുണ്ട്
വീട്ടിൽ പോകാനിറങ്ങുമ്പോളും സംശയങ്ങളുമായി വന്നവരോട് കാലുഷ്യം അൽപ്പംപോലും കലരാതെ ക്ഷമയോടെ വീണ്ടും വീണ്ടും ഒരേ ഭാഗങ്ങൾ പറഞ്ഞുതന്നവരുണ്ട്
പലപ്പോളും സ്വന്തം കൈയിൽനിന്നു പണമെടുത്ത് ഭക്ഷണം വാങ്ങിത്തന്നവരുണ്ട്
ചെറുതായെന്തെങ്കിലും കുത്തിക്കുറിച്ചത് മുഴുവനായി വായിച്ച് തെറ്റുതിരുത്തി തന്നു ഇനിയുമെഴുതണമെന്ന് പ്രോത്സാഹിപ്പിച്ചവരുണ്ട്
അങ്ങനെ ഒരുപാടൊരുപാട് ദീപ്തമായ ഓർമ്മകൾ സമ്മാനിച്ചവർ
ഇതൊക്കെയാണെങ്കിലും ഉത്തരം പറയാത്തവരുടെ ചെവി പൊന്നാക്കാൻ അവരാരെയും ഭയപ്പെട്ടില്ല
ചൂരലെടുത്ത് രണ്ടുകൊടുക്കാൻ അവരാരോടും ചോദിച്ചിരുന്നില്ല
(സ്കൂളിൽനിന്ന് സമ്മാനമായിക്കിട്ടിയ ചൂരൽപ്പാടുകണ്ട് എന്തു കുരുത്തക്കേടാണ് ഒപ്പിച്ചതെന്നു ചോദിച്ചു വീട്ടിൽനിന്നു ബോണസായി അടി വാങ്ങിയവർ നിരവധി)
അവരെ മഹത്വവൽക്കരിക്കാനല്ല ശ്രമിക്കുന്നത്
സത്യമാണ്, അവർ എല്ലാം തികഞ്ഞവരായിരുന്നില്ല
ഫേസ്ബുക്കിൽ നെടുനീളൻ ലേഖനങ്ങൾ എഴുതാനും, വാട്സാപ്പിൽ തമാശകൾ അയക്കാനും, അവർക്കറിയില്ലായിരുന്നു
ഏതിനെയും രാഷ്ട്രീയക്കണ്ണോടെ കാണാൻ അവർക്കറിയില്ലായിരുന്നു
പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കാൻ അവർക്കു മടിയായിരുന്നു
പക്ഷേ
എപ്പോളെങ്കിലും കാണുമ്പോൾ 'സുഖമാണോ' എന്ന് ആത്മാർത്ഥതയോടെ ചോദിക്കാൻ അവർ മറക്കാറില്ല
ജോലി കിട്ടിയെന്നും സുഖമായിരിക്കുന്നെന്നും പറയുമ്പോൾ ആ കണ്ണുകളിൽ കണ്ട സംതൃപ്തിയുടെ തിളക്കത്തോളം തീക്ഷ്ണമായി മറ്റൊന്നും കണ്ടിട്ടില്ല
ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടി എന്ന് തോന്നുന്ന അപൂർവം നിമിഷങ്ങളാണ് അവയൊക്കെ
വിറയാർന്ന ആ വിരലുകളിൽ പിടിക്കുമ്പോൾ ഇപ്പോളുമൊരു കൊച്ചുകുട്ടിയാണെന്നു തോന്നാറുണ്ട്
വിജയം ഉറപ്പില്ലാത്ത എന്തെങ്കിലും ചെയ്യാൻ തുടങ്ങുംമുൻപേ 'ഗുരു'കാരണവന്മാരേ രക്ഷിക്കണേ എന്നാണ് എപ്പോഴും പ്രാർത്ഥിക്കാറുള്ളത്.
പഠിപ്പിച്ച അധ്യാപകരെ കാണുമ്പോൾ മുണ്ട് മടക്കിക്കുത്തിയത് അഴിച്ചിടാതെ എഴുന്നേറ്റുനിൽക്കാൻ ഇന്നും വളർന്നിട്ടില്ല
ഇനിയുമെത്ര ഉയരം കൂടിയാലും അധ്യാപകരെ കാണുമ്പോൾ നട്ടെല്ല് ഒരൽപം വളഞ്ഞു തന്നെയേ നിൽക്കൂ.
മാതാവിന്റെയും പിതാവിന്റെയും ദൈവത്തിന്റേയും കാൽതൊട്ടുവന്ദിക്കാൻ ഒരിക്കലും മടി തോന്നിയിട്ടില്ല
അതുകൊണ്ടുതന്നെ ഗുരുക്കൻമാരുടെ പാദത്തിൽ സാഷ്ടാംഗം വീഴാൻ അഭിമാനമേയുള്ളൂ.
അത് വിധേയത്വത്തിന്റെ അപകർഷതകൊണ്ടല്ല; ഇരുളിൽനിന്ന് വെളിച്ചത്തിലേക്കുള്ള നേർവഴി കാണിച്ചുതന്നവരോടുള്ള ആദരവിന്റെ ആർദ്രതകൊണ്ടാണ്.
പിന്തിരിപ്പനെന്നു മുദ്ര കുത്തപ്പെടുന്നതിൽ വിരോധമില്ല
പുതിയലോകം വിഭാവനം ചെയ്യുന്ന പുരോഗതിക്കൊപ്പം പോകാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് മനഃപൂർവം മാറിനിൽക്കുന്നത്
അധ്യാപകരെപ്പറ്റി മോശമായി എന്തെങ്കിലും പറയുകയോ, അവരോടു തർക്കുത്തരം പറയുകയോ ചെയ്താൽ മാപ്പു പറയുംവരെ ശിക്ഷിച്ചിരുന്ന രക്ഷിതാക്കൾ വളർത്തിയ തലമുറയുടെ പ്രതിനിധിയാണ്
കണ്ണടച്ച് ഇരുട്ടാക്കുന്നില്ല.... നാട് പുരോഗമിക്കുന്നത് അറിയാതിരിക്കുന്നുമില്ല
നിങ്ങളാഗ്രഹിക്കുന്ന പുതിയലോകത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി
അദ്ധ്യാപകരുടെ കാൽതൊട്ട് വന്ദിക്കരുതെന്നു നിങ്ങളിനിയും പറയണം
തെറ്റുകൾക്ക് ശിക്ഷിച്ചാൽ കേസ് കൊടുക്കാൻ പഠിപ്പിക്കണം
ക്ലാസ്സിൽ കയറിയില്ലെങ്കിലും ഫേസ്ബുക്കിൽ ലൈക്കടിപ്പിക്കാൻ മറക്കരുത്
എതിരഭിപ്രായം പറയുന്നവൻ ശത്രുവാണെന്ന് ആവർത്തിച്ചുറപ്പിക്കണം
അല്ലെങ്കിൽ
നാളെയൊരിക്കൽ പ്രധാനാദ്ധ്യാപികക്ക് ശവമഞ്ചമൊരുക്കുമ്പോൾ അവരുടെ കൈ ചിലപ്പോൾ വിറച്ചേക്കും
ഒരു സരസ്വതീക്ഷേത്രത്തിൽ സരസ്വതിയെ നഗ്നയായി വരക്കുമ്പോൾ അപമാനഭാരത്താൽ മുഖം താഴ്ന്നുപോയേക്കാം
'ബീഫ് ഫെസ്റ്റ്' നടത്തുമ്പോൾ ആളു കുറഞ്ഞുപോയേക്കാം
മറുവശത്ത് നിങ്ങൾ സൃഷ്ടിക്കുന്നതോ ?
കൊച്ചുകുട്ടിയെ പട്ടിക്കൂട്ടിലടക്കുന്നവരെയും
ജിഷ്ണു പ്രണോയിമാരുടെ ചോര കുടിക്കുന്നവരെയും
എന്തുവേണമെങ്കിലും ആയിക്കോളൂ
പക്ഷേ കുറച്ചുകഴിഞ്ഞ് ഒന്നു തിരിഞ്ഞുനോക്കാൻ മറക്കരുത്
വേറൊന്നിനുമല്ല
തിരക്കുപിടിച്ച് നിങ്ങൾ എല്ലാവരേയും ഓടിച്ചത് മുന്നിലേക്കാണോ പിന്നിലേക്കാണോ എന്നറിയാൻവേണ്ടി മാത്രം.
എന്തുവേണമെങ്കിലും ആയിക്കോളൂ
ReplyDeleteപക്ഷേ കുറച്ചുകഴിഞ്ഞ് ഒന്നു തിരിഞ്ഞുനോക്കാൻ മറക്കരുത്
വേറൊന്നിനുമല്ല
തിരക്കുപിടിച്ച് നിങ്ങൾ എല്ലാവരേയും
ഓടിച്ചത് മുന്നിലേക്കാണോ പിന്നിലേക്കാണോ
എന്നറിയാൻവേണ്ടി മാത്രം.
വായനക്ക് നന്ദി ഭായ്..
Deleteഒരാൾ സ്വയം ഗുരുവിനെ വണങ്ങുന്നതും ഒരു പ്രത്യേക ദിവസം തീരുമാനിച്ച് കസേരയിട്ടിരുന്ന് അവരുടെ 'പൂജ' ഏറ്റുവാങ്ങി 'അനുഗ്രഹം' കൊടുക്കുന്നതും തമ്മിൽ ഒരു വ്യത്യാസവും തോന്നുന്നില്ലേ സുഹൃത്തേ? ഗുരുവിനോട് ബഹുമാനം ഒരല്പം പോലും കുറയില്ലെങ്കിലും കാൽതൊട്ടു വണങ്ങാൻ താല്പര്യമില്ലാത്ത ഒരു കുട്ടിയെ നിർബന്ധിക്കുന്നതിൽ ഒന്നും തോന്നുന്നില്ലേ? പരീക്ഷ അടുക്കുമ്പോൾ കുട്ടികളെ വിളിച്ചു വരുത്തി പൂജ ചെയ്യിച്ച് നിർവൃതിയടയുന്ന ഒരു വ്യക്തി ഒരു നല്ല ഗുരുവല്ല എന്ന് ഞാൻ പറയും.
ReplyDeleteഫാദേഴ്‌സ് ഡേ, മദേഴ്‌സ് ഡേ, വാലെന്റൈൻസ് ഡേ അങ്ങനെ എല്ലാത്തിനും പ്രത്യേക ദിവസമുള്ള നാടല്ലേഅപ്പൊ അധ്യാപകർക്കും ഒരു ദിവസം ഉണ്ടാകുന്നത് സ്വാഭാവികം. പരീക്ഷ അടുക്കുമ്പോൾ കുട്ടികളെ വിളിച്ചുവരുത്തി പൂജ ചെയ്യുന്നത് പരീക്ഷക്ക് തൊട്ടുമുൻപ് പ്രൈവറ്റ് ടൂഷൻ എടുക്കുന്ന പോലൊരു ശരിയല്ലാത്ത ഏർപ്പാടാണ് എന്നതിൽ ഞാനും യോജിക്കുന്നു.നിർബന്ധിച്ച് ആരെയെങ്കിലും ചെയ്യിച്ചെങ്കിൽ അതും തെറ്റുതന്നെ. പക്ഷേ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നു എന്നതിൽ എതിർപ്പുള്ള വിദ്യാർത്ഥികൾ അത് അച്ഛനമ്മമാരോട് പറയുകയും അവർ അത് സ്കൂൾ മാനേജ്മെന്റിനോട് നേരത്തെ പറഞ്ഞ് ഒഴിവാകുകയും ആയിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ അധ്യാപകർക്കെതിരെ കേസ് ഒക്കെ കൊടുക്കുക എന്നത് കുറച്ചു കടന്ന കൈയായിപ്പോയി എന്നാണ് വാർത്ത വായിച്ചപ്പോൾ എനിക്ക് തോന്നിയത്. മതപരമായ ആചാരങ്ങൾ വിദ്യാലയങ്ങളിൽ നടക്കുന്നത് കേരളത്തിൽ ആദ്യമായൊന്നുമല്ലല്ലോ എന്ന് xx കോളേജിനോടനുബന്ധിച്ചുള്ള പള്ളിയുടെ പെരുന്നാളിന് ഒരു മണിക്കൂറോളം പള്ളിയുടെ അകത്ത് നിർബന്ധപൂർവം നിൽക്കേണ്ടിവന്നിട്ടുള്ള ഞാൻ ;-)
Delete