Thursday 7 November 2019

കൊളോണിലെ കാഴ്ചകൾ

ഒരു ജർമ്മനി യാത്രയുടെ ഓർമ്മ
****************************************************************************************
ഞാൻ താമസിച്ചിരുന്ന  സ്ഥലത്തുനിന്ന് കുറച്ചകലെയായി കൊളോൺ (Cologne) എന്നൊരു സ്ഥലമുണ്ട്. പേരുകേട്ടപ്പോൾ പണ്ട് ഗൾഫിൽനിന്ന് ആരെങ്കിലുംവരുമ്പോൾ കൊണ്ടുവരാറുള്ള യൂഡി കൊളോൺ സെന്റാണ് ഓർമ്മ വന്നത്.  കാര്യം പേരു ചെറുതാണെങ്കിലും യൂറോപ്പിലെ പ്രധാന നദികളിലൊന്നായ റയിൻ (Rhine) നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ളൊരു നഗരമാണ് ഈ കൊളോൺ. കേരളത്തിൽ തൃശൂർ എന്നുപറയുന്നതുപോലെ വേണമെങ്കിൽ ഒരു സാംസ്‌കാരിക തലസ്ഥാനമെന്നൊക്കെ വിളിക്കാവുന്ന കെട്ടും മട്ടുമൊക്കെ കൊളോണിനും ഉണ്ട്. എന്നാൽപ്പിന്നെ കണ്ടിട്ടുതന്നെ കാര്യം എന്നുകരുതി അങ്ങോട്ട് വച്ചുപിടിച്ചു.

കൊളോണിൽ ഏറ്റവും പ്രധാന ആകർഷണം വലിയൊരു കത്തീഡ്രൽ (അഥവാ പള്ളി) ആണ്. സ്റ്റേഷനിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ ആകാശം മുട്ടിനിൽക്കുന്ന ഗോപുരം കാണാം. അതുകൊണ്ടു വഴിയൊന്നും അന്വേഷിച്ചു കഷ്ടപ്പെടേണ്ടതില്ല.
കൊളോൺ കത്തീഡ്രൽ 
157 മീറ്റർ ഉയരമുള്ള ഒരു യമണ്ടൻ പള്ളി. കണ്ടാൽത്തന്നെ നമ്മൾ വിജൃംഭിതരായിപ്പോകും. ഈ കത്തീഡ്രൽ പണിതു തീരാൻ 600 വർഷമെടുത്തു എന്നാണ് ചരിത്രം. കാശില്ലാത്തതുകൊണ്ടു ഇടക്കുവെച്ചു പണിയെങ്ങാൻ നിർത്തിയതുകൊണ്ടാണോ ഇത്രയും സമയമെടുത്തത് എന്നൊന്നും എനിക്കറിയില്ല. സംഭവം യുനെസ്കോയുടെ പൈതൃകപട്ടികയിലൊക്കെ ഉള്ളതാണ്.
പക്ഷെ ഇതൊന്നുമല്ല രസകരമായ കാര്യം, രണ്ടാംലോക മഹായുദ്ധകാലത്ത് വിമാനത്തിൽനിന്ന് ഒരു പതിനാലു ബോംബും, പിന്നെ അവിടെയും ഇവിടെയും ഒക്കെയായി കരയിൽനിന്ന് ഒരു എഴുപതുബോംബും വന്നുപതിച്ചിട്ടും വലിയ കുഴപ്പങ്ങളൊന്നും പറ്റാതെ 'എന്നോടോ ബാലാ' എന്നുചോദിച്ചു പുല്ലുപോലെ നിന്നതാണത്രേ. എന്തായാലും നമ്മൾ പാലാരിവട്ടം പാലം പണിതപോലല്ല. അതുകൊണ്ടുതന്നെ ഇതുപണിത എഞ്ചിനീയർമാർക്ക് ഒരു സല്യൂട്ട്.
കത്തീഡ്രലിന്റെ പുറംകാഴ്ച്ച 
കത്തീഡ്രലിന്റെ ഉൾഭാഗത്തെ ജനലുകൾ മുഴുവൻ മനോഹരമായ  ചിത്രപ്പണികളാണ്. ഒരു കുർബാന നടക്കുന്ന സമയത്താണ് ഞാൻ അകത്തുകയറിയത്. അച്ചന്മാരൊക്കെ നല്ല ഇംഗ്ലീഷ് സിനിമയിലെ നായകന്മാരെപ്പോലെ ബ്ലൂടൂത്ത് സ്‌പീക്കറും മൈക്കും ഒക്കെവെച്ചു കിടിലൻ സെറ്റപ്പിലാണ് നടത്തം. കുർബാന ജർമൻ ഭാഷയിലായതുകൊണ്ടു ഒന്നും മനസ്സിലായില്ല. പിന്നെ 'യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലാ'ത്തതുകൊണ്ടു കാര്യങ്ങൾ ഏകദേശം ഊഹിച്ചു.
എന്തായാലും രസകരമായ ഒരു കാഴ്ച കണ്ടു. അത്യാവശ്യം വേണ്ടഭാഗങ്ങൾ മാത്രം മറച്ച ഒരു ടോപ്പ് ഇട്ടുവന്ന മദാമ്മയെയും, മൊത്തം കീറിയ ജീൻസ്‌ ഇട്ടുവന്ന ഒരു യൂത്തൻ പയ്യനെയും അച്ചൻ കണ്ടംവഴി ഓടിച്ചു. പെട്ടെന്ന് ഓർമവന്നത് നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കിൽ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തലായി, ഫാസിസമായി, ചാനലുകളിൽ അന്തിചർച്ചയായി അങ്ങനെ ആകെ ജഗപൊക ആയേനെ.
എന്തായാലും രണ്ടുകാര്യങ്ങൾ മനസ്സിലായി എന്തൊക്കെ പരിഷ്ക്കാരം പറയുന്ന സായിപ്പിന്റെ നാടായാലും ഓരോ സന്ദർഭത്തിനും അനുയോജ്യമായ 'ഡ്രസ്സ് കോഡ്' മാനിക്കപ്പെടുന്നുവെന്നും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകൾ സമൂഹത്തിന്റെ ചട്ടക്കൂടിന്റെ ഉള്ളിൽമാത്രമേ നിൽക്കുന്നുള്ളൂവെന്നും.
കത്തീഡ്രൽ ദർശനം കഴിഞ്ഞ് അതിനടുത്തുള്ള ഓൾഡ് ടൌൺ കാണാൻ പോയി. ഓൾഡ് ടൌൺ അത്ര സംഭവമൊന്നുമല്ല, ധാരാളം കടകൾ നിറഞ്ഞ ബാംഗ്ളൂരിലെ കൊമേർഷ്യൽ സ്ട്രീറ്റ് പോലെയോ, ചെന്നൈയിലെ ടി നഗർ പോലെയോ ഒക്കെയുള്ള ഒരുപാട് ആളുകളുള്ള ഒരു തെരുവ്. പക്ഷെ ഒരു വ്യത്യാസമുണ്ട്. ഇത്രയും ആളുകൾ വന്നിട്ട് ഒരുതുണ്ടു കടലാസുപോലും റോഡിൽ കാണാനുണ്ടായിരുന്നില്ല. ഓൾഡ് ടൗണിലേക്ക് പോകുന്ന വഴിയിൽ ഒരു 'മിനി ചൈന' തന്നെ കാണാൻപറ്റി.
ചൈനയിലേക്ക് സ്വാഗതം 
നിറയെ ചൈനീസ് കൊടികൾ, ചുവന്ന മേൽക്കൂരയുള്ള ടെന്റുകൾ/ഷാമിയാനകൾ, ആകാശത്തു പറക്കുന്ന ഹൈഡ്രജൻ നിറച്ച ചൈനീസ് വ്യാളീരൂപമുള്ള ബലൂണുകൾ, അങ്ങനെ മൊത്തം ചൈനാമയം.
എങ്ങും ചൈന മാത്രം 
വഴിതെറ്റി ഇനി വേറെ വല്ലയിടത്തും ചെന്നെത്തിയോ എന്ന് അന്തംവിട്ടിരിക്കുമ്പോളാണ് ഒരു വലിയ സ്റ്റേജും അതിൽ കുറെ ചൈനക്കാരെയും കണ്ടത്. സംഗതി വേറൊന്നുമല്ല ചൈന-കൊളോൺ ഫെസ്റ്റിവൽ ആണ്. സ്റ്റേജിൽ ഉഗ്രൻ കുങ്ഫൂ നടക്കുന്നു. അതുംകണ്ടു കുറച്ചുനേരം നിന്നു.
ലോകം മുഴുവൻ വിഴുങ്ങാൻ ആഗ്രഹിക്കുന്ന ചൈനീസ് വ്യാളി 
കൊളോൺ നഗരം മുഴുവൻ ഒരു ബോട്ടിൽ കൊണ്ടുനടന്നു കാണിക്കുന്ന ഒരു പരിപാടിയുണ്ട്.  ബോട്ട് എന്നുവെച്ചാൽ മൂന്നുനിലയുള്ള പടുകൂറ്റൻ ബോട്ടാണ്. അതിൽ ഒരു റൗണ്ടടിച്ചു.
ബോട്ട് യാത്രക്കിടയിലെ നഗര ദൃശ്യങ്ങൾ...

 ഇതെന്താ ഇങ്ങനെയൊരു രൂപം എന്ന് ഒരു പിടിയുമില്ല  
അതിനു ശേഷം ഒരു ചോക്ലേറ്റ് മ്യൂസിയം കാണാൻ പോയി. ഇവിടത്തെ വലിയൊരു ബ്രാൻഡ് ആയ ലിൻഡ് (Lindt) കമ്പനിയുടെ പഴയൊരു ഫാക്ടറി ആണ് ഈ മ്യൂസിയം ആക്കിമാറ്റിയിരിക്കുന്നത്. അകത്തുകയറാൻ കൊടുത്ത കാശ് വെച്ചുനോക്കിയാൽ  ഉടായിപ്പ് സെറ്റപ്പാണ് എന്നുപറയാം. പ്രധാനമായും ചോക്ലേറ്റ് വിൽപ്പനയാണ് ലക്ഷ്യം. എന്തായാലും അതിനകത്തൊരു ചോക്ലേറ്റ് ഫൗണ്ടൻ എന്നൊരു സംഭവം കണ്ടു. അതുമാത്രം കൊള്ളാം.

ചോക്ലേറ്റ് ഫൗണ്ടൻ 
ആ ഒഴുകിവരുന്നതാണ് ഒന്നാംതരം ചോക്ലേറ്റ് 
ആ ചേച്ചിയുടെ കൈയിലിരിക്കുന്നതിൽ നിന്ന് ഒന്നെനിക്കും കിട്ടി 
ഇങ്ങനെ അന്നത്തെ കറക്കമെല്ലാം അവസാനിച്ച് റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ തിരിച്ചുപോകാനുള്ള ട്രെയിൻ ക്യാൻസലായി എന്ന അറിയിപ്പുകണ്ടത്. അതുവരെ ഉണ്ടായ ഇമ്പ്രെഷൻ എല്ലാം അതൊടെപോയി. കാര്യം കുറച്ചു ലേറ്റ് ആയി ഓടിയാലും ഇന്ത്യൻ റെയിൽവേ അങ്ങനെ ട്രെയിൻ ഒന്നും പൊതുവെ ക്യാൻസൽ ചെയ്യാറില്ല. പിന്നെ കിട്ടിയ ട്രെയിനിൽ കയറി ഒരുകണക്കിന് ഹോട്ടലിലെത്തി.

കണ്ട കാഴ്ചകൾ മഹത്തരം എന്നൊന്നും പറയാൻ വയ്യ. പക്ഷെ അതിനേക്കാളെല്ലാം മനസ്സിനെ ആകർഷിച്ചത് നൂറുകണക്കിനോ, ആയിരക്കണക്കിനോ ആളുകൾ വരുന്ന സ്ഥലമായിട്ടും നിയമങ്ങൾ പാലിക്കുന്നതിലുള്ള ആളുകളുടെ കണിശതയാണ്. വൃത്തിയുള്ള നടപ്പാതകളും, സിഗ്നലും, ലൈനും പാലിച്ച് ഓടുന്ന വണ്ടികളും, നാറ്റമടിക്കാത്ത ചവർവീപ്പകളുമെല്ലാം കണ്ടപ്പോൾ, ഒരു പൗരൻ എന്നനിലയിൽ നമുക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്ന് ഒരുനിമിഷം ആലോചിച്ചുപോയി. നമ്മുടെ രാജ്യത്തും കാക്കത്തൊള്ളായിരം നിയമങ്ങളെങ്കിലും കാണും. ആരാലും നിർബന്ധിക്കപ്പെടാതെ അതിലെത്രയെണ്ണം പാലിക്കപ്പെടുന്നു എന്നതാണ് ഒരു ജനത എന്ന നിലയിൽ നമ്മുടെ പൗരബോധത്തെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുന്നത്. എന്തുകൊണ്ടോ നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അർത്ഥത്തോടെ ആസ്വദിക്കാൻ നമ്മളിനിയും വളർന്നിട്ടില്ല എന്നുതോന്നുന്നു.

വഴിയിൽ കണ്ട മറ്റുചില കാഴ്ചകൾ 
അന്തസ്സുള്ള പിച്ചക്കാരൻ 
സംഭവം എന്താണെന്നു മനസ്സിലായോ? പിച്ചക്കാരൻ വരച്ച ചിത്രമാണ്. പിച്ചച്ചട്ടിയും കാണാം. ആ പല്ലു പുറത്തേക്കിട്ടിരിക്കുന്ന ആളാണ് സാക്ഷാൽ 'ഡ്രാക്കുള'.
ബുദ്ധിയുള്ള പിച്ചക്കാരൻ കാര്യം പിച്ചക്കാരനാണെങ്കിലും പറഞ്ഞിരിക്കുന്ന കാര്യം എത്ര സത്യമാണല്ലേ? - "നമുക്ക് വ്യത്യസ്തങ്ങളായ മതങ്ങളും, ഭാഷകളും, തൊലിയുടെ നിറങ്ങളും എല്ലാം ഉണ്ടാകാം. പക്ഷേ നമ്മളെല്ലാവരും ഒരേ മനുഷ്യരാശിയിൽ പെടുന്നു" 

ഒരുചാൺ വയറിനുവേണ്ടിയുള്ള ട്രപ്പീസ് കളിയാണ് ജീവിതം......

തലതിരിഞ്ഞ ലോകത്തെ നേരെ നോക്കിക്കാണുന്നവർ.... 

ചൈനീസ് സുന്ദരിക്കുട്ടികളുടെ ഡാൻസിനിടയിൽ നിന്നും...

ഒരു നോവായി ഹോങ്കോങ്...... (കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം)

എന്താ സംഭവമെന്ന് ഒരു പിടിയുമില്ല.

കുമിളകൾ....കുമിളകൾ...


ഏതു രാജ്യത്താണെങ്കിലും റോക്കറ്റ് പോകുന്നത് ഒരേപോലെയാണെന്നു മനസ്സിലായി 
ജർമ്മനിയിലെ മാർത്താണ്ഡവർമ്മ പാലം 

Saturday 2 November 2019

രണ്ടു 'തള്ള്' കഥകൾ

മുന്നറിയിപ്പ്: ദുർബലഹൃദയർ, ഗർഭിണികൾ എന്നിവർ ഇത് വായിക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം.  'തള്ള്' സഹിക്കാൻ കഴിയാതെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് മണവാളൻ ആൻഡ് മണവാളൻ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല  🙃🙃

ആദ്യത്തെ കഥ....
എനിക്ക് തോന്നുന്നു കേരളത്തിന് വെളിയിൽ പോയാൽ മലയാളി ആദ്യം ചെയ്യുന്ന കാര്യം ലുങ്കി മാറ്റി ബർമുഡ അല്ലെങ്കിൽ ഷോർട്സ് ആക്കുക എന്നതാണ്. രണ്ടാമത്തേത് ഏതെങ്കിലും ഒരു കേരള സമാജത്തിൽ അംഗമാകുക എന്നതും. ആദ്യത്തെ കാര്യത്തിന് ഞാനൊരപവാദമാണ് എന്നുമാത്രമല്ല "ദേ ഈ മുണ്ടിങ്ങനെ മടക്കിക്കുത്താനും അറിയാം ഈ ജോസഫിന്....." മോഡലിൽ സമാനചിന്താഗതിക്കാരും സഹമുറിയന്മാരുമായ നാലു കൂട്ടുകാർക്കൊപ്പം രാത്രി  നടന്നുവരുമ്പോൾ ഇവിടത്തെ ചില റെഡ്‌ഡിമാരുടെ വായിലിരുന്നത് കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. എന്തായാലും രണ്ടാമത്തെ കാര്യത്തിൽ റിബലൊന്നും ആകാൻ നിൽക്കാതെ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഏതെങ്കിലും ഒരു സമാജത്തിൽ അംഗത്വം എടുക്കാറുണ്ട്. അങ്ങനെ ഏതാനും മാസങ്ങൾക്കു മുൻപ് ബാംഗ്ലൂരിലെ നല്ല എണ്ണംപറഞ്ഞ കേരള സമാജങ്ങളിൽ ഒന്നായ കുന്ദലഹള്ളി കേരള സമാജം (KKS) അംഗത്വം എടുത്തിരുന്നു.
ആങ്കറിങ്ങിലെ ഒരു നിമിഷം 
കെ കെ എസ്സിന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 27 ഞായറാഴ്ചയായിരുന്നു. കെ കെ എസ്സിന്റെ ഓണാഘോഷത്തിൽ മുൻപ് പങ്കെടുത്തിട്ടില്ലെങ്കിലും മുൻവർഷങ്ങളിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ കണ്ടിട്ടുള്ളതുകൊണ്ട് നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന വമ്പൻ സംഭവമാണ് എന്നറിയാമായിരുന്നു. എന്തിനാണ് ഞാൻ ഇത്ര വലിയ ബിൽഡപ്പ് ഒക്കെ കൊണ്ടുവരുന്നത് എന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ വേറൊന്നിനുമല്ല ഈ ഓണാഘോഷത്തിൽ ആങ്കറിങ് ചെയ്തത് ഞാനാണ് എന്നുപറയാനുള്ള ഒരു സൈക്കിളോടിക്കൽ മൂവ് ആയിരുന്നു. എന്തുകൊണ്ട് ഈ പണി എന്നെ ഏൽപ്പിച്ചു എന്നുചോദിച്ചാൽ ഒന്നുകിൽ എത്ര വലിയ അസോസിയേഷനായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന വിധിനിയമം ബാധകമായതുകൊണ്ട് അല്ലെങ്കിൽ ഇതെന്നെക്കൊണ്ടു കഴിയും എന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നതുകൊണ്ട് എന്ന് സിമ്പിളായി പറയാം. പിന്നെ മഹാലക്ഷ്മി ഓട്ടോറിക്ഷ പിടിച്ചുവരുമ്പോൾ വാഹനബന്ദ് പ്രഖ്യാപിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി എന്നോട് ചോദിച്ച ഉടനെത്തന്നെ ഞാൻ സമ്മതിച്ചിരുന്നു (അല്ലാതെ ഇത്രയുമധികം ആളുകളുടെ മുന്നിൽ 'എന്റെ തല, എന്റെ ഫിഗർ' മട്ടിൽ ഷൈൻ ചെയ്യാനുള്ള അവസരം എന്ന് കരുതിയിട്ടൊന്നുമല്ല എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ😉). പൊന്നാട, ജെണ്ട്, റീത്ത്, ഹാരം, നോട്ടുമാല, നാരങ്ങ എന്നിവയൊക്കെ നൽകി സ്നേഹം കൊണ്ട് ആരുമെന്നെ വീർപ്പുമുട്ടിച്ചില്ലെങ്കിലും തക്കാളി, ചീമുട്ട, ചെരുപ്പ് എന്നിവ ആർക്കും ചിലവാക്കേണ്ടിവരാത്ത വിധത്തിൽ ഏൽപ്പിച്ച കാര്യം ഒരുവിധം ഭംഗിയായി ചെയ്യാൻ പറ്റി എന്നാണ് എന്റെ വിശ്വാസം.

ഇനി രണ്ടാമത്തെ കഥ....
കോളേജിൽ പഠിക്കുന്ന സമയത്ത് ഏറ്റവും മോഹിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു 'മൂകാഭിനയം (Mime)'. ഒരു വാക്കുപോലും സംസാരിക്കാതെ ഒരു ആശയത്തെ കാണികൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ആ കലയോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു. അന്നുകണ്ടിട്ടുള്ള മൈം എല്ലാം 'ജാവ' പോലെ സിംപിൾ ആണെന്ന് ഒറ്റക്കാഴ്ചയിൽ തോന്നിയാലും പവർഫുൾ ആയ കാര്യങ്ങളെ നമ്മുടെ മനസ്സിലേക്ക് കടത്തിവിട്ടിരുന്നു. ക്രൈസ്റ്റ് കോളേജിലും കേരളവർമ്മയിലും പുലികളുടെ ബഹളമായിരുന്നതുകൊണ്ട് അധികം ആ വഴി ശ്രമിച്ചിട്ടില്ല. മൈം എന്ന മോഹം ഒരു മോഹമായിത്തന്നെ ഉള്ളിൽ കിടക്കുകയായിരുന്നു എക്കാലവും. അപ്പോഴാണ് ഓണാഘോഷത്തിന് ഒരു മൈം അവതരിപ്പിക്കാമെന്ന ആശയം അവസാനനിമിഷം പൊന്തിവരുന്നതും കിട്ടിയ നേരം കൊണ്ട് ഒരു സ്ക്രിപ്റ്റും, സംഗീതവുമെല്ലാം ഒപ്പിക്കുന്നതും.
ഗ്രീൻ റൂം തമാശകൾ 
ഇത്രവലിയൊരു വേദിയുടെ മുന്നിൽ വെറും മൂന്നുമണിക്കൂർ റിഹേഴ്സലിന്റെ ബലത്തിൽ ഈ മൈം അവതരിപ്പിച്ചത് ആത്മവിശ്വാസത്തിനുമപ്പുറം ഒരു ആഗ്രഹത്തിന്റെ പേരിലാണ് എന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല. സ്കൂൾ കലോത്സവ നാളുകൾക്കുശേഷം പ്രസംഗവേദികൾ ഒഴിച്ചുനിർത്തിയാൽ പിന്നീട് 'തട്ടിൽ' കയറിയിട്ടേയില്ല. അത്രയും നീണ്ട ഒരു ഇടവേളക്കുശേഷം ഇത്ര വലിയൊരു വേദി ലഭിക്കുന്നതിനെ മഹാഭാഗ്യം എന്ന് വിളിക്കാമെങ്കിൽ അങ്ങനെയൊരു വേദിയിൽ കയറാനായി മുഖത്തു ചായം തേച്ചു തന്നത് കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രഗത്ഭനായ ഓട്ടൻതുള്ളൽ കലാകാരൻ ശ്രീ. കലാമണ്ഡലം  പ്രഭാകരൻ അവർകളെ പോലെ ഒരാൾ ആകുന്നു എന്നതിനെ എന്താണ് വിളിക്കേണ്ടത്? പുണ്യമെന്നോ, മുജ്ജന്മ സുകൃതമെന്നോ?
ശ്രീ കലാമണ്ഡലം പ്രഭാകരൻ അവർകൾ, മകൻ പ്രവീൺ, ഐ ടി എഞ്ചിനീയർ കൂടിയായ തുള്ളൽ കലാകാരൻ അരുൺ എന്നിവർക്കൊപ്പം

വേദിയോട് വിടപറയും മുൻപുള്ള ആ ഒരു അവസാന സെക്കൻഡ്...   
ഇതൊക്കെ ഇത്ര വലിയ കാര്യമായി വലിച്ചുവാരി എഴുതാനുണ്ടോ എന്ന് ഇത് വായിക്കുമ്പോൾ ന്യായമായും തോന്നാം. പക്ഷെ എന്നും രാവിലെ പത്രം വായിക്കുമ്പോഴും, അതുമല്ലെങ്കിൽ വാർത്താചാനലുകൾ കാണുമ്പോഴും തോന്നാറുണ്ട് ഈ ലോകവും നമ്മുടെ ജീവിതവുമെല്ലാം ആകെ ഇരുൾനിറഞ്ഞ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ 'യൗവ്വനതീക്ഷ്ണവും പ്രണയസുരഭിലവുമായി'രിക്കേണ്ട മനസ്സ് അതോടെ ആകെ ശോകമൂകവും സംഘർഷഭരിതവുമാവുകയും ചെയ്യും. അങ്ങനെയിരിക്കുമ്പോൾ ജീവിതത്തിലേക്ക് ഇത്തരം കുഞ്ഞുസന്തോഷങ്ങൾ കടന്നുവരികയും ഇനിയൊരുപാടുകാലം ഓർമ്മകളിൽ സുഗന്ധം പരത്താനുള്ളത്രയും കുടമുല്ലപ്പൂക്കൾ വാരിവിതറി കടന്നുപോവുകയും ചെയ്യുന്നു. അപ്പോൾ അത്തരം കാര്യങ്ങളെപ്പറ്റി എഴുതാതിരിക്കുന്നതെങ്ങനെ?

വാൽക്കഷ്ണം:-
മൈം (Mime) മുഴുവനായി കാണാൻ മനക്കരുത്തുള്ള എല്ലാവർക്കുമായി ലിങ്ക് താഴെ ചേർത്തിരിക്കുന്നു 😉
'ആശാനും ശിഷ്യന്മാരും' ടീം അവതരിപ്പിച്ച മൈം 

അതേപോലെ ഓണാഘോഷത്തിന്റെ മൂന്നര മിനിറ്റ് മാത്രം നീളമുള്ള ഒരു പ്രൊഫഷണൽ വിഡിയോയുടെ ലിങ്കും ചേർക്കുന്നു
KKS ഓണാഘോഷം 2019