Saturday, 2 November 2019

രണ്ടു 'തള്ള്' കഥകൾ

മുന്നറിയിപ്പ്: ദുർബലഹൃദയർ, ഗർഭിണികൾ എന്നിവർ ഇത് വായിക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം.  'തള്ള്' സഹിക്കാൻ കഴിയാതെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് മണവാളൻ ആൻഡ് മണവാളൻ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല  🙃🙃

ആദ്യത്തെ കഥ....
എനിക്ക് തോന്നുന്നു കേരളത്തിന് വെളിയിൽ പോയാൽ മലയാളി ആദ്യം ചെയ്യുന്ന കാര്യം ലുങ്കി മാറ്റി ബർമുഡ അല്ലെങ്കിൽ ഷോർട്സ് ആക്കുക എന്നതാണ്. രണ്ടാമത്തേത് ഏതെങ്കിലും ഒരു കേരള സമാജത്തിൽ അംഗമാകുക എന്നതും. ആദ്യത്തെ കാര്യത്തിന് ഞാനൊരപവാദമാണ് എന്നുമാത്രമല്ല "ദേ ഈ മുണ്ടിങ്ങനെ മടക്കിക്കുത്താനും അറിയാം ഈ ജോസഫിന്....." മോഡലിൽ സമാനചിന്താഗതിക്കാരും സഹമുറിയന്മാരുമായ നാലു കൂട്ടുകാർക്കൊപ്പം രാത്രി  നടന്നുവരുമ്പോൾ ഇവിടത്തെ ചില റെഡ്‌ഡിമാരുടെ വായിലിരുന്നത് കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. എന്തായാലും രണ്ടാമത്തെ കാര്യത്തിൽ റിബലൊന്നും ആകാൻ നിൽക്കാതെ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഏതെങ്കിലും ഒരു സമാജത്തിൽ അംഗത്വം എടുക്കാറുണ്ട്. അങ്ങനെ ഏതാനും മാസങ്ങൾക്കു മുൻപ് ബാംഗ്ലൂരിലെ നല്ല എണ്ണംപറഞ്ഞ കേരള സമാജങ്ങളിൽ ഒന്നായ കുന്ദലഹള്ളി കേരള സമാജം (KKS) അംഗത്വം എടുത്തിരുന്നു.
ആങ്കറിങ്ങിലെ ഒരു നിമിഷം 
കെ കെ എസ്സിന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 27 ഞായറാഴ്ചയായിരുന്നു. കെ കെ എസ്സിന്റെ ഓണാഘോഷത്തിൽ മുൻപ് പങ്കെടുത്തിട്ടില്ലെങ്കിലും മുൻവർഷങ്ങളിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ കണ്ടിട്ടുള്ളതുകൊണ്ട് നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന വമ്പൻ സംഭവമാണ് എന്നറിയാമായിരുന്നു. എന്തിനാണ് ഞാൻ ഇത്ര വലിയ ബിൽഡപ്പ് ഒക്കെ കൊണ്ടുവരുന്നത് എന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ വേറൊന്നിനുമല്ല ഈ ഓണാഘോഷത്തിൽ ആങ്കറിങ് ചെയ്തത് ഞാനാണ് എന്നുപറയാനുള്ള ഒരു സൈക്കിളോടിക്കൽ മൂവ് ആയിരുന്നു. എന്തുകൊണ്ട് ഈ പണി എന്നെ ഏൽപ്പിച്ചു എന്നുചോദിച്ചാൽ ഒന്നുകിൽ എത്ര വലിയ അസോസിയേഷനായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന വിധിനിയമം ബാധകമായതുകൊണ്ട് അല്ലെങ്കിൽ ഇതെന്നെക്കൊണ്ടു കഴിയും എന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നതുകൊണ്ട് എന്ന് സിമ്പിളായി പറയാം. പിന്നെ മഹാലക്ഷ്മി ഓട്ടോറിക്ഷ പിടിച്ചുവരുമ്പോൾ വാഹനബന്ദ് പ്രഖ്യാപിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി എന്നോട് ചോദിച്ച ഉടനെത്തന്നെ ഞാൻ സമ്മതിച്ചിരുന്നു (അല്ലാതെ ഇത്രയുമധികം ആളുകളുടെ മുന്നിൽ 'എന്റെ തല, എന്റെ ഫിഗർ' മട്ടിൽ ഷൈൻ ചെയ്യാനുള്ള അവസരം എന്ന് കരുതിയിട്ടൊന്നുമല്ല എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ😉). പൊന്നാട, ജെണ്ട്, റീത്ത്, ഹാരം, നോട്ടുമാല, നാരങ്ങ എന്നിവയൊക്കെ നൽകി സ്നേഹം കൊണ്ട് ആരുമെന്നെ വീർപ്പുമുട്ടിച്ചില്ലെങ്കിലും തക്കാളി, ചീമുട്ട, ചെരുപ്പ് എന്നിവ ആർക്കും ചിലവാക്കേണ്ടിവരാത്ത വിധത്തിൽ ഏൽപ്പിച്ച കാര്യം ഒരുവിധം ഭംഗിയായി ചെയ്യാൻ പറ്റി എന്നാണ് എന്റെ വിശ്വാസം.

ഇനി രണ്ടാമത്തെ കഥ....
കോളേജിൽ പഠിക്കുന്ന സമയത്ത് ഏറ്റവും മോഹിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു 'മൂകാഭിനയം (Mime)'. ഒരു വാക്കുപോലും സംസാരിക്കാതെ ഒരു ആശയത്തെ കാണികൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ആ കലയോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു. അന്നുകണ്ടിട്ടുള്ള മൈം എല്ലാം 'ജാവ' പോലെ സിംപിൾ ആണെന്ന് ഒറ്റക്കാഴ്ചയിൽ തോന്നിയാലും പവർഫുൾ ആയ കാര്യങ്ങളെ നമ്മുടെ മനസ്സിലേക്ക് കടത്തിവിട്ടിരുന്നു. ക്രൈസ്റ്റ് കോളേജിലും കേരളവർമ്മയിലും പുലികളുടെ ബഹളമായിരുന്നതുകൊണ്ട് അധികം ആ വഴി ശ്രമിച്ചിട്ടില്ല. മൈം എന്ന മോഹം ഒരു മോഹമായിത്തന്നെ ഉള്ളിൽ കിടക്കുകയായിരുന്നു എക്കാലവും. അപ്പോഴാണ് ഓണാഘോഷത്തിന് ഒരു മൈം അവതരിപ്പിക്കാമെന്ന ആശയം അവസാനനിമിഷം പൊന്തിവരുന്നതും കിട്ടിയ നേരം കൊണ്ട് ഒരു സ്ക്രിപ്റ്റും, സംഗീതവുമെല്ലാം ഒപ്പിക്കുന്നതും.
ഗ്രീൻ റൂം തമാശകൾ 
ഇത്രവലിയൊരു വേദിയുടെ മുന്നിൽ വെറും മൂന്നുമണിക്കൂർ റിഹേഴ്സലിന്റെ ബലത്തിൽ ഈ മൈം അവതരിപ്പിച്ചത് ആത്മവിശ്വാസത്തിനുമപ്പുറം ഒരു ആഗ്രഹത്തിന്റെ പേരിലാണ് എന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല. സ്കൂൾ കലോത്സവ നാളുകൾക്കുശേഷം പ്രസംഗവേദികൾ ഒഴിച്ചുനിർത്തിയാൽ പിന്നീട് 'തട്ടിൽ' കയറിയിട്ടേയില്ല. അത്രയും നീണ്ട ഒരു ഇടവേളക്കുശേഷം ഇത്ര വലിയൊരു വേദി ലഭിക്കുന്നതിനെ മഹാഭാഗ്യം എന്ന് വിളിക്കാമെങ്കിൽ അങ്ങനെയൊരു വേദിയിൽ കയറാനായി മുഖത്തു ചായം തേച്ചു തന്നത് കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രഗത്ഭനായ ഓട്ടൻതുള്ളൽ കലാകാരൻ ശ്രീ. കലാമണ്ഡലം  പ്രഭാകരൻ അവർകളെ പോലെ ഒരാൾ ആകുന്നു എന്നതിനെ എന്താണ് വിളിക്കേണ്ടത്? പുണ്യമെന്നോ, മുജ്ജന്മ സുകൃതമെന്നോ?
ശ്രീ കലാമണ്ഡലം പ്രഭാകരൻ അവർകൾ, മകൻ പ്രവീൺ, ഐ ടി എഞ്ചിനീയർ കൂടിയായ തുള്ളൽ കലാകാരൻ അരുൺ എന്നിവർക്കൊപ്പം

വേദിയോട് വിടപറയും മുൻപുള്ള ആ ഒരു അവസാന സെക്കൻഡ്...   
ഇതൊക്കെ ഇത്ര വലിയ കാര്യമായി വലിച്ചുവാരി എഴുതാനുണ്ടോ എന്ന് ഇത് വായിക്കുമ്പോൾ ന്യായമായും തോന്നാം. പക്ഷെ എന്നും രാവിലെ പത്രം വായിക്കുമ്പോഴും, അതുമല്ലെങ്കിൽ വാർത്താചാനലുകൾ കാണുമ്പോഴും തോന്നാറുണ്ട് ഈ ലോകവും നമ്മുടെ ജീവിതവുമെല്ലാം ആകെ ഇരുൾനിറഞ്ഞ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ 'യൗവ്വനതീക്ഷ്ണവും പ്രണയസുരഭിലവുമായി'രിക്കേണ്ട മനസ്സ് അതോടെ ആകെ ശോകമൂകവും സംഘർഷഭരിതവുമാവുകയും ചെയ്യും. അങ്ങനെയിരിക്കുമ്പോൾ ജീവിതത്തിലേക്ക് ഇത്തരം കുഞ്ഞുസന്തോഷങ്ങൾ കടന്നുവരികയും ഇനിയൊരുപാടുകാലം ഓർമ്മകളിൽ സുഗന്ധം പരത്താനുള്ളത്രയും കുടമുല്ലപ്പൂക്കൾ വാരിവിതറി കടന്നുപോവുകയും ചെയ്യുന്നു. അപ്പോൾ അത്തരം കാര്യങ്ങളെപ്പറ്റി എഴുതാതിരിക്കുന്നതെങ്ങനെ?

വാൽക്കഷ്ണം:-
മൈം (Mime) മുഴുവനായി കാണാൻ മനക്കരുത്തുള്ള എല്ലാവർക്കുമായി ലിങ്ക് താഴെ ചേർത്തിരിക്കുന്നു 😉
'ആശാനും ശിഷ്യന്മാരും' ടീം അവതരിപ്പിച്ച മൈം 

അതേപോലെ ഓണാഘോഷത്തിന്റെ മൂന്നര മിനിറ്റ് മാത്രം നീളമുള്ള ഒരു പ്രൊഫഷണൽ വിഡിയോയുടെ ലിങ്കും ചേർക്കുന്നു
KKS ഓണാഘോഷം 2019 

30 comments:

  1. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ 'യൗവ്വനതീക്ഷ്ണവും പ്രണയസുരഭിലവുമായി'രിക്കേണ്ട മനസ്സ് അതോടെ ആകെ ശോകമൂകവും സംഘർഷഭരിതവുമാവുകയും ചെയ്യും.

    nalla dialogue, ithil comdedy undu oppam nagnamaaya yadhaardyavum

    ReplyDelete
    Replies
    1. കഴിഞ്ഞ പോസ്റ്റ് ഇട്ടപ്പോൾ തൊട്ടു വിചാരിക്കുന്നതാണ് ഷജിതയെ ഈ വഴി കണ്ടില്ലല്ലോ എന്ന്... :-)
      നന്ദി ഷജിത വായനക്കും ഈ നല്ല വാക്കുകൾക്കും... ❤

      Delete
  2. Sathyam. Sathyam mathram. Vaayikkan ottum thalparyamillathathu onnundengil athu news paper aanu

    ReplyDelete
    Replies
    1. മോശം വാർത്തകൾ മാത്രം പ്രാധാന്യത്തോടെ പറയുകയും, നല്ല വാർത്തകൾ പറയാതിരിക്കുകയും ചെയ്യുമ്പോൾ അതങ്ങനെയാകാനല്ലേ തരമുള്ളൂ....ഒരുപാട് സന്തോഷം സൂര്യയെ ഈ വഴി കണ്ടതിൽ... ❤

      Delete
  3. രണ്ടു 'തള്ള്' കഥകൾ...
    തള്ള് കേൾക്കാൻ ഇഷ്ടപ്പെടാത്തവർ കുറവാണ്. തള്ള് എന്ന് കൊടുത്തത് കൊണ്ട് ഫുൾ വായിച്ചു.

    നന്നായി എഴുതി.
    ഇഷ്ടം

    by :- ആദി

    ReplyDelete
    Replies
    1. അതുപിന്നെ വായിച്ചു കഴിഞ്ഞിട്ട് 'എന്റെ പൊന്നോ എന്തൊരു തള്ള്..." എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കുന്നതിലും ഭേദമല്ലേ ഞാൻ തന്നെ ആദ്യമേ സമ്മതിക്കുന്നത് എന്നുകരുതി ;-)

      Delete
  4. നിസാര സംഭവം പറയുന്ന പോലെ വന്നു, കൂട്ടത്തിൽ വലിയൊരു ബോംബ് കൂടെ ഇട്ടു.. ബഷീറിന്റെ ഡയലോഗ്‌ and മാധ്യമത്തിന്റെ കാര്യം..

    ReplyDelete
    Replies
    1. മാധ്യമങ്ങൾ എന്നും നമ്മുടെ തലയിൽ ഇടുന്ന ബോംബുകൾ വെച്ചുനോക്കുമ്പോൾ...ഇതൊക്കെ ചെറീത്...അല്ലെ ആനന്ദേ ;-)

      Delete
  5. മഹേഷേ...നാടകീയമായ ആങ്കറിങ് ഫോട്ടോ കിടുക്കി... ആരാധികമാരുടെ കാര്യത്തിൽ കോളാമ്പി സുധിക്ക് ഒരു വെല്ലുവിളി സൃഷ്ടിക്കാൻ പോന്ന പടം.
    പിന്നെ മൈം...ഇതിൽ മഹേഷിനെങ്കിലും മുഖത്ത് ചായം തേക്കാത്ത തരം റോൾ ബുദ്ധി പൂർവ്വം തിരഞ്ഞെടുക്കാമായിരുന്നു.
    ഇതിൽ ഇപ്പൊ ആരാണ് ആർ എന്ന സത്യം ആരാണ് മനസിലാക്കുക?
    എന്തായാലും തള്ളു കഥ കൊള്ളാം.
    മൈമത്തെ കണ്ടിട്ടില്ല ഇനി അത് കാണട്ടെ

    ReplyDelete
    Replies
    1. സുധിയൊക്കെ വേറെ ലെവൽ അല്ലെ..... നമ്മളൊന്നും ഒരു ഇരയല്ല :-D മുഖത്തു ചായം തേച്ചത് പിന്നെ ആരാണ് ആർ എന്നാർക്കും മനസ്സിലാകാതിരിക്കാനാണ്. അടി പാർസലായി വന്നാൽ 'സൂക്ഷിച്ചു നോക്കേണ്ടെടാ ഉണ്ണീ..... ഇത് ഞാനല്ല' എന്ന് പറയാമല്ലോ ;-)

      Delete
  6. മൈമവും,ഓണം പ്രമോ യും കണ്ടു.പ്രമാദമായിട്ടുണ്ട് കേട്ടോ.
    ഉദ്ഘാടകാനുൾപ്പെടെ എല്ലാവരും മിനിമം 2 മൊബൈൽ വച്ച് ഉപയോഗിക്കുന്ന വേളയിൽ മൈമം അതിന്റെ കടമ നിർവഹിച്ചു

    ReplyDelete
    Replies
    1. സാധാരണ എല്ലാവരും "തീർച്ചയായും കാണാം ട്ടാ..." എന്നുപറഞ്ഞ് ഒരു മുങ്ങു മുങ്ങിയാൽ പിന്നെ ഒരുപാട് കാലം കഴിഞ്ഞേ പൊങ്ങാറുള്ളൂ... ഇങ്ങളൊരു സംഭവമാണ് ഭായ്.. കാണുക മാത്രമല്ല അത് കഴിഞ്ഞ് ഒരു കമന്റും ഇട്ടിരിക്കുന്നു.. പെരുത്തിഷ്ടം.. ❤❤❤❤

      Delete
  7. Enthinanu thallu katha ennuparanjathu. Jeevithathile chila sundharanimishangal athokke koottukarkkukoodi pankuvaykkunnathil thettilla.
    Ashamsakal

    ReplyDelete
    Replies
    1. ഒരുപാട് സ്നേഹം ഗീതചേച്ചി..❤ ആത്മപ്രശംസ എന്ന് തോന്നേണ്ടല്ലോ എന്നുകരുതി ചുമ്മാ പറഞ്ഞതാ... 😊😊

      Delete
  8. സകലകലാ വല്ലഭൻ.

    ReplyDelete
    Replies
    1. അയ്യോ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവ് എന്നു പറയാനുള്ള വകയെ ഉള്ളൂ.. 😊❤

      Delete
  9. ഈ പ്രതിഭയെ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോന്നാ...

    ReplyDelete
    Replies
    1. വ്യത്യസ്തനാമൊരു ബാർബറാം ബാലൻ ഒന്നുമല്ല വെറുമൊരു മുറിമൂക്കൻ രാജാവ് 😂😂😂...
      മുബിച്ചേച്ചീ ആദ്യമായി ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ.. ❤ ചേച്ചിയുടെ യാത്രാവിവരണങ്ങളുടെ ഒരു കട്ട ഫാൻ ആണ് ഞാൻ.. 😊😊

      Delete
  10. തള്ളി തള്ളി എവിടം വരെ പോകും..? ഏതായാലും സംഭവം തകർത്തു..ഒരു വെറും നന്ദി വക്കിൽ ഒതുക്കാതെ വല്ല ബിരിയാണിയോ പരിപ്പുവടയോ തരാമായിരുന്നു.. :-)

    ReplyDelete
    Replies
    1. തള്ളിപ്പോകാവുന്നിടത്തോളം അങ്ങ് പോവട്ടെന്നെ അജിത്തേ...😁😁
      പരിപ്പുവട എന്തായാലും വാങ്ങിത്തരുന്നുണ്ട് ❤❤

      Delete
  11. എൻ്റെ കൊച്ചുമക്കൾ കളികൾക്കിടയിൽ "തള്ള് തള്ള്"എന്നവാക്കുപയോഗിച്ചുക്കേൾക്കാറുണ്ട്.ഒരുദിവസം ഞാനവരോടു ചോദിച്ചു."ന്താ ദിനർത്ഥം കുട്ട്യോളേ".അവർ ചിരിച്ചോണ്ട് പറഞ്ഞു."അച്ഛാച്ചാ ഇത് വീമ്പിളക്കണേന്ന് പറേണതാ.."ഞാൻ അതിശയപ്പെട്ടു!ഭാഷയിൽ വരുന്ന പരിഷ്ക്കാരങ്ങളേ!!
    പക്ഷേ,ഈ തള്ള് അങ്ങനെയല്ല.സന്തോഷമുണ്ട്.ഏൽപ്പിച്ചക്രുത്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചതിലുള്ള സന്തോഷം!
    വായനാസുഖമുള്ള 'തള്ള്'സമ്മാനിച്ചതിലും അഭിനന്ദനങ്ങൾ.
    ആശംസകൾ

    ReplyDelete
    Replies
    1. പുതുതലമുറ മലയാളം പഴയ മലയാളത്തെ പടികടത്തുമോ എന്നുമാത്രമേ അറിയാനുള്ളൂ :-) ഒരു ആത്മപ്രശംസപോലെ തോന്നേണ്ട എന്നുകരുതി 'തള്ള്' എന്ന് ഞാൻ തന്നെ പറഞ്ഞെന്നേയുള്ളൂ. ഒരുപാടുസന്തോഷം തങ്കപ്പൻ സാർ വരവിനും വായനക്കും. :-)

      Delete
  12. തള്ള് തള്ള്... ഇനിയും വരാം ഈ വഴി

    ReplyDelete
    Replies
    1. ഒരുപാടു സന്തോഷം ഇവിടെ വന്നതിൽ..... ❤❤

      തള്ള് മാത്രമല്ല കേട്ടോ എഴുതാറുള്ളത്.ഒട്ടും തള്ളാതെ ഒരു യാത്രയെപ്പറ്റി ഇന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സമയംപോലെ വായിക്കണേ....

      Delete
  13. നന്നായി എഴുതി
    വെറും തള്ളായി തോന്നിയില്ല
    ഒരു രസമൊക്കെ ണ്ട്.. ഇഷ്ടായി

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം മാഷേ..... വന്നതിനും വായനക്കും ❤❤❤

      Delete
  14. ഞാൻ ഗർഭിണി അല്ലാത്തത് കൊണ്ട് കാര്യമായി ഏറ്റില്ല...മലയാളി സമാജം ഇല്ലാത്ത നാടില്ല ല്ലേ.. മലയാളി എവിടെ ഉണ്ടോ അവിടെ സമാജം ഉണ്ട്..

    ReplyDelete
    Replies
    1. പിന്നെ സമാജമില്ലാത്ത കളിയില്ല... ഇവിടൊരു ചൊല്ലുണ്ട് 'രണ്ടു മലയാളി വന്നാൽ ഒരു സമാജം ഉണ്ടാകും. നാലു മലയാളി ആയാൽ അത് രണ്ടു സമാജമാകും' എന്ന്... 😁

      ഒരുപാട് സന്തോഷം..... വന്നതിനും വായനക്കും ❤❤❤

      Delete
  15. ഈ രണ്ടു തള്ളുകളും ഇപ്പോൾ മാത്രമെ കണ്ണിൽ പെട്ടുള്ളൂ .
    എന്തായാലും ഒട്ടും ഉന്ത് വേണ്ടാത്ത തള്ളുകളാണിത് കേട്ടോ ഭായ്

    ReplyDelete
    Replies
    1. വല്ലപ്പോഴും വന്നുകിട്ടുന്ന പുണ്യങ്ങൾ എന്നേ കരുതുന്നുള്ളൂ മുരളിയേട്ടാ...

      Delete