Thursday 14 June 2018

മഴയോർമ്മ.. ഒരു സ്കൂൾ ഓർമ്മ!അവധി കഴിഞ്ഞു സ്കൂൾ തുറന്നല്ലോ!

അറിയാതെ മനസ്സ് പുറകോട്ടോടുന്നു.

നടന്നുതീർത്ത ചില വഴികളിലേക്ക്...

ഓർമ്മകളുടെ ബാല്യകാലത്തേക്ക്....

എല്ലാവരും പറയും 'ഇന്നത്തെ കാലമല്ല പണ്ടത്തെ കാലമാണ് രസകര'മെന്ന്.

ഇത് അതുപോലൊരു പറച്ചിലല്ല.

അന്ന്  ഞങ്ങൾ 'കുട്ടിത്തമുള്ള' കുട്ടികളായിരുന്നു....

രണ്ടുമാസത്തെ അവധിക്ക് കാണാൻ കൊച്ചു ടി വി ചാനൽ ഉണ്ടായിരുന്നില്ല

കളിക്കുന്ന 'ഗെയിം' പാടത്തോ പറമ്പിലോ മാത്രമായിരുന്നു

തോട്ടിലേയും കുളത്തിലേയും വെള്ളവും, കമ്മ്യൂണിസ്റ്റുപച്ചയും ആയിരുന്നു മുറിവുണക്കുന്ന ഏറ്റവും വലിയ 'ആന്റിസെപ്റ്റിക് ലിക്വിഡ്'

പന്തിനു വേണ്ടിയും ആദ്യം ബാറ്റുചെയ്യാൻ വേണ്ടിയും ഞങ്ങൾ തല്ലു കൂടാറുണ്ട്. പക്ഷെ വൈകിട്ട് ഒരുമിച്ച് തോളിൽ കൈയിട്ടാണ് വീട്ടിൽ പോകാറുള്ളത്.

ചക്കയോ മാങ്ങയോ ചാമ്പക്കയോ അങ്ങനെ കൈയിലുള്ള എന്തും പങ്കിട്ടേ കഴിക്കാറുള്ളൂ.

മിക്കവാറും മുത്തശ്ശന്റെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു അവധിക്കാലം മുഴുവൻ.

അവർ ഞങ്ങൾക്കായി സൂക്ഷിച്ചു വെച്ച 'മാങ്ങാത്തിര'കളുടെ ഓർമ്മ ഇപ്പോളും നാവിൽ മധുരം കിനിക്കുന്നു.

ഉറങ്ങാൻ നേരം അവരുടെ കഥകളിൽ പഞ്ചതന്ത്രവും, ഈസോപ്പും, ജാതക കഥകളും കയറി വന്നിരുന്നു. അങ്ങനെ ഞങ്ങളറിയാതെ അവർ ഞങ്ങളിൽ സാമൂഹ്യബോധത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വിത്തുകൾ വിതച്ചു.

അപൂർവമായി കിട്ടുന്ന പോക്കറ്റ് മണി കൂട്ടിവെച്ച് വാങ്ങിയ ബാലരമയും പൂമ്പാറ്റയുമായിരുന്നു ഞങ്ങളെ വായനയുടെ ലോകത്തേക്ക് പിച്ചവെപ്പിച്ചത്.

ഒടുവിൽ വേനലവധി കഴിഞ്ഞു കൂട്ടിക്കൊണ്ടുപോകാൻ അച്ഛനുമമ്മയും വരുന്ന ദിവസമാകും.

പോകുന്ന നേരം ചേർത്തുപിടിച്ചു നെറുകയിൽ കിട്ടിയിരുന്ന ഒരു മുത്തമുണ്ട്. എല്ലാ നിയന്ത്രണവും വിട്ട് 'തിരിച്ചുപോകേണ്ട' എന്നുറക്കെ കരഞ്ഞുപോകുന്ന ആ നിമിഷം.

പിന്നെ സ്കൂൾ തുറക്കുന്ന ദിവസമെത്തും.....

നീല വള്ളികളുള്ള വെളുത്ത ലൂണാർ/പാരഗൺ റബ്ബർ ചെരുപ്പു തലേന്നുതന്നെ കഴുകി ഉണക്കി വെച്ചിട്ടുണ്ടാകും.

എല്ലാ വർഷവും സ്കൂളുകാർ യൂണിഫോം മാറ്റുന്ന രീതിയില്ലാതിരുന്നതുകൊണ്ട് ഒരു ജോഡി മാത്രമേ പുതിയത് വാങ്ങാറുള്ളൂ. ആ ജോഡി ഇസ്തിരിയിട്ടു വടിപോലെ ഉണ്ടാകും.

ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പുതുമണം മാറാത്ത പുസ്തകങ്ങളുണ്ടാകും

ആവി പറക്കുന്ന ചോറും മെഴുക്കുപുരട്ടിയും പകർത്തിയ സ്റ്റീൽ ചോറുപാത്രമുണ്ടാകും.

ഒരു പേന, ഒരു പെൻസിൽ, റബ്ബർ ഇത്രയുമുണ്ടാകും പെൻസിൽബോക്സിൽ.

തലേന്ന് പറ്റെ വെട്ടിയ തലമുടിയിൽ കുളിച്ചിട്ടും പോകാതെ ബാക്കിയായ ഒരു കുടം വെളിച്ചെണ്ണയുണ്ടാകും.

മുടി ഒരു വശത്തേക്ക് വകഞ്ഞു വെച്ചിട്ടുണ്ടാകും

ഹൈ സ്കൂൾ ആകുന്നതു വരെ ട്രൗസറാണ് മിക്കവർക്കും. അത് കഴിഞ്ഞാൽ നേരെ മുണ്ടിലേക്ക് പ്രൊമോഷൻ. പാന്റ്സ് ഒരു അപൂർവ്വതയായിരുന്നു.

അവധിക്കാല കളികളുടെ ബാക്കിയായ ഏതാനും അടയാളങ്ങൾ കാൽമുട്ടിൽ ബാക്കിയുണ്ടാകും.

പഴയ കൂട്ടുകാരോട് പറയാൻ കുളത്തിൽ കുളിച്ചതിന്റെയും, മൃഗശാലയിൽ പോയതിന്റെയും, മാവിൽ കയറിയതിന്റെയും, ചുവന്ന ടെന്നീസ് ബോൾ വെച്ച് ക്രിക്കറ്റ് കളിച്ചതിന്റെയുമെല്ലാം കഥകൾ  ഹൃദയത്തിൽ നിറച്ചുവെച്ചിട്ടുണ്ടാകും.

ശീല നരച്ചു തുടങ്ങിയ ഒരു കറുത്ത കുടയുണ്ടാകും കൈയിൽ.

വീട്ടിൽനിന്നു പുറത്തേക്ക് ഒരു കാലെടുത്തുവെക്കുമ്പോളേക്കും തുള്ളിക്കൊരുകുടം മഴയെത്തും.

അമ്മയുടെ കണ്ണിൽ നിന്ന് മറയുന്നതുവരെ ഒറ്റയടിവെച്ച് വെള്ളത്തിൽ ചവിട്ടാതെ നടക്കും.

പിന്നെയങ്ങോട്ട് ഒരോട്ടമാണ്...

പറന്നുപോകാൻ ശ്രമിക്കുന്ന കുടയെ ഒറ്റക്കയ്യിൽ പിടിച്ചുകൊണ്ട് ചെളിവെള്ളത്തിലൂടെ....

ഓട്ടത്തിന്റെ ബാക്കി ചെറിയ പുള്ളിക്കുത്തുകളായി ഷർട്ടിൽ  ബാക്കിയുണ്ടാകും.

'നീയെന്താ പുലികളിക്ക് പോയിരുന്നോ?' എന്ന് സ്നേഹത്തോടെ ശാസിച്ചിരുന്ന ടീച്ചർമാർ ഉണ്ടായിരുന്നു.

അടുത്ത ക്ലാസ്സിലേക്ക് ജയിച്ചവരുടെ പേരുകൾ ഉറക്കെ വിളിക്കും

കൊല്ലപ്പരീക്ഷയിൽ തോറ്റവരോട് ഇന്റർവെൽ ആകുമ്പോ കാണാം എന്ന് പറഞ്ഞു അവർ യാത്ര ചൊല്ലി പിരിയും

ടീച്ചറുടെ ക്ലാസ് വിട്ടു പോകണമല്ലോ എന്നോർത്ത് പലരും കരഞ്ഞിട്ടുണ്ട്.

പുതിയ ക്ലാസ്സിന്റെ ചാർജ് അധികം ചൂരൽപ്രയോഗമില്ലാത്ത ഏതെങ്കിലും മാഷിന്/ടീച്ചർക്ക് ആകണേ എന്ന ഒറ്റ പ്രാർത്ഥനയേ ഉണ്ടാകാറുള്ളൂ.

സ്കൂൾ തുറക്കുന്ന ദിവസം നേരത്തെ വീട്ടിൽപോരാം.

പിന്നീടുള്ള ദിവസങ്ങളാണ് കൂടുതൽ രസം.

ക്ലാസ് ലീഡറെ തിരഞ്ഞെടുക്കണം, ക്ലാസ്സ്മുറി അടിച്ചു വാരാൻ ചൂൽ വാങ്ങണം, കുടിവെള്ളം കൊണ്ടുവെക്കാൻ കുടം വാങ്ങണം, ബോർഡിൽ മഷിയിടണം, ഡസ്റ്റർ ഇടക്കിടക്ക് പുറത്തുകൊണ്ടുപോയി ചോക്കുപൊടി കളഞ്ഞു വെക്കണം... അങ്ങനെ നൂറ് ഉത്തരവാദിത്തങ്ങൾ ഓരോരുത്തർക്കും.

ചോദ്യം ചോദിക്കൽ കഴിഞ്ഞുള്ള ചൂരൽക്കഷായം മിക്കവാറും ഹോൾസെയിൽ ആയി ക്ലാസ്സിലെ 'സീനിയേഴ്സ്' ഏറ്റെടുക്കും.

ഉച്ചയൂണ് എല്ലാവരും ഒരുമിച്ചേ കഴിക്കാറുള്ളൂ.

സ്റ്റീൽ ചോറുപാത്രം ഡെസ്കിന്റെ അരികിൽ മുട്ടി തുറക്കുന്ന ഒരു വിദ്യയുണ്ട്.

ചിലർ വാട്ടിയ വാഴയിലയിലാണ് ചോറ് കൊണ്ടുവരുക. അത്  തുറക്കുമ്പോൾ ഒരു സുഗന്ധമുണ്ട്.. ഇലയടക്കം തിന്നാൻ തോന്നിപ്പോകും.

ഊണു കഴിഞ്ഞുള്ള ബാക്കി സമയത്താണ് പുതിയ ക്ലാസ്സിലെ ഡെസ്കിനു മുകളിൽ ബ്ലേഡ് കൊണ്ട് ചുരണ്ടി സ്വന്തം പേരെഴുതി വെക്കാറുള്ളത്.

അവസാന പീരീഡ് കഴിയാൻ അഞ്ചു നിമിഷമുള്ളപ്പോൾ ഒരു ഒറ്റബെൽ മുഴങ്ങും. ഉടനെ അറ്റെൻഷനായി നിൽക്കണം കാരണം ദേശീയഗാനം ഉടൻ തുടങ്ങും.

എങ്കിലും ടീച്ചറുടെ കണ്ണുവെട്ടിച്ച് പതുക്കെ പുസ്തകങ്ങൾ ബാഗിലാക്കും.

കൂട്ടമണി അടിക്കുമ്പോൾ ആദ്യം ഓടി ഗേറ്റിനടുത്ത് എത്തുന്നവനാണ് യഥാർത്ഥ ജേതാവ്.

സ്കൂൾ പിരിയുമ്പോൾ നാളെത്തൊട്ട് ഇനി പഠിക്കണമല്ലോ എന്ന വേവലാതി ഉണ്ടെങ്കിലും, അത് വീട്ടിലെത്തി ബാഗ് ഒരു മൂലയിലേക്കിടുന്നത് വരെയേ നീണ്ടു നിൽക്കാറുള്ളൂ.

അന്ന് സ്കൂൾ ബസ്സുകൾ ഇല്ലായിരുന്നു. സൈക്കിളിൽ ഡബിൾസും ട്രിപ്പിൾസും വെക്കാനും, കൈവിട്ടു ഓടിക്കാനും പഠിച്ചത് ഇത്തരം സ്കൂൾ യാത്രകളിലായിരുന്നു.

പറയാനാണെങ്കിൽ ഇനിയുമേറെയുണ്ട്.

പക്ഷേ എല്ലാ ഓർമ്മകളും അങ്ങനെ പറയാനുള്ളതല്ലല്ലോ

ചിലതൊക്കെ അങ്ങനെ ഉള്ളിൽത്തന്നെ കിടക്കണം

പുസ്തകത്താളുകളിൽ വെച്ച ചില മയിൽ‌പ്പീലികൾ പോലെ...

മറ്റൊന്നിനുമല്ല.......

ഇടക്ക് ആരും കാണാതെ ഒന്നെടുത്തു നോക്കാൻ...

ഒരു വ്യത്യാസം മാത്രം

മയിൽപ്പീലികൾ കാലം കഴിയുമ്പോൾ ദ്രവിച്ചുപോകും

ഓർമകൾക്ക് ചെറുപ്പം കൂടുകയേ ഉള്ളൂ....