Monday 7 November 2022

കാദു

കാദു

നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരുടേയും ഉള്ളിൽ ആരോടും പറയാത്ത എന്തെന്തു കഥകൾ ഉറങ്ങിക്കിടക്കുന്നുണ്ടാകും എന്ന് ഞാനെപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. എന്റെ വീടുപണിക്ക് സ്ഥിരമായി വന്നിരുന്ന ഒരു ബംഗാളിയുണ്ട്. 'കാദു' എന്ന് എല്ലാവരും വിളിക്കുന്ന, എപ്പോഴും പ്രസന്നവദനനായി കാണപ്പെടുന്ന, സംസാരപ്രിയനായ - എന്നാൽ മലയാളം സംസാരിക്കാൻ അറിയാത്ത - ഒരുകഥാപാത്രം. ഹെൽപ്പർ ആയിട്ടാണ് കോൺട്രാക്ടർ കണക്കാക്കുന്നതെങ്കിലും താൻ ഒരു 'ആധാ മേസൻ' ആണെന്നാണ് പുള്ളി പറയാറുള്ളത്. കുറച്ചു ദിവസം മുൻപ് ഒരു ചെറിയ പണിക്കുവേണ്ടി കാദു വീണ്ടും വീട്ടിൽ വന്നിരുന്നു. കുറേ നാളിനുശേഷം കാണുന്നതുകൊണ്ട് കണ്ട ഉടനെ കുശലാന്വേഷണങ്ങളെല്ലാം നടത്തി, ഏൽപ്പിച്ച പണി തുടങ്ങി. പണിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ കോൺട്രാക്ടർ വന്നപ്പോൾ അവന്റെ മുന്നിൽ വെച്ച് ഞങ്ങൾ മലയാളത്തിൽ സംസാരിച്ച കാര്യങ്ങൾ കോൺട്രാക്ടർ പോയിക്കഴിഞ്ഞ് ഞാൻ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്താൻ തുടങ്ങിയപ്പോൾ, കാദു എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു 

"മേം ഭീ പഠാ ലിഖാ ഹൂ സാർ, പൂരാ സമച്ച് ഗയാ"

കേട്ടാൽ മനസ്സിലാകുമെങ്കിൽ നീയെന്താ മലയാളം സംസാരിക്കാത്തതെന്നു  ചോദിച്ചപ്പോൾ അടുത്തതവണ കാണുമ്പോൾ "ഹം മലയാളം മേം ബാത് കരേംഗേ" എന്നുപറഞ്ഞൊരു ട്രേഡ് മാർക്ക് ചിരിയും പാസ്സാക്കി. 'മലയാളം മാത്രമല്ല എനിക്ക് ഇംഗ്ലീഷും കുറച്ചൊക്കെ അറിയാം; കാരണം ഞാൻ പ്ലസ് ടു പാസ്സായതാണ്'. കാദുവിന്റെ ഈ പറച്ചിൽ കേട്ടപ്പോൾ, ഒരു ടിപ്പിക്കൽ മലയാളി ആകാംക്ഷയോടെ  "അങ്ങനെയാണെങ്കിൽ പിന്നെ നീയെന്തിനാ ഈ പണിക്ക് വന്നത്? വേറെ ജോലികൾക്ക് ശ്രമിക്കാമായിരുന്നില്ലേ" എന്ന്  ചോദിച്ചു. അപ്പോൾ അവനൊരു കഥപറഞ്ഞു. പ്ലസ് ടു കഴിഞ്ഞു തുടർന്നു പഠിപ്പിക്കാൻ വീട്ടുകാർക്ക് കഴിവില്ലാത്തതുകൊണ്ട് കാദു പട്ടാളത്തിൽ ചേരാൻ പോയി. പക്ഷെ പഠിക്കുന്ന കാലത്തെപ്പോഴോ കളിക്കിടയിൽ പറ്റിയ പരുക്ക് കാരണം വലത്തേ കയ്യിന്റെ ചൂണ്ടുവിരൽ പൂർണ്ണമായി മടക്കാനാകില്ല. ചൂണ്ടുവിരൽ മടങ്ങാതെ നിനക്കെങ്ങനെ തോക്കിന്റെ കാഞ്ചിവലിക്കാൻ പറ്റുമെന്നു ചോദിച്ച്, അവനെ അയോഗ്യനാക്കി. പിന്നീട് ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപ കൊടുത്താൽ എല്ലാം ശരിയാക്കിത്തരാം എന്നുപറഞ്ഞു ഏതോ ഏജന്റ് സമീപിച്ചത്രേ. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവന്റെ കയ്യിൽ ലക്ഷങ്ങളുടെ നീക്കിയിരുപ്പ് എവിടുണ്ടാകാൻ.... അതുകൊണ്ട് പട്ടാളമോഹമുപേക്ഷിച്ച് കൂട്ടുകാർക്കൊപ്പം കേരളത്തിലേക്ക് വണ്ടികയറി. ഇക്കഥ കേട്ടപ്പോൾ എവിടെയോ ചെറിയൊരു നീറ്റൽ. അന്ന് കളിച്ചപ്പോൾ പറ്റിയ പരുക്ക് കാരണമല്ലേ ഇങ്ങനെയായത് നിനക്ക് അതോർക്കുമ്പോൾ ഇപ്പോൾ സങ്കടമുണ്ടോ എന്ന് ഞാൻ ചോദിച്ചു.

 "സങ്കടമൊന്നുമില്ല.... അന്ന് സെലക്ഷൻ കിട്ടാത്തതുകൊണ്ട് നിങ്ങളുടെ നാട്ടിൽ നല്ല ഭംഗിയുള്ള ഒരുപാട് വീടുകൾ പണിയാൻ കഴിഞ്ഞില്ലേ?"

 എന്നൊരു മറുപടിയും തന്ന് അതേ ചിരിയുമായി സിമന്റ്ചട്ടിയുമെടുത്ത് കാദു പൊരിവെയിലത്തേക്ക്  നടന്നു. ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ നമ്മെ പഠിപ്പിക്കുന്നത്  തടിച്ച പുസ്തകങ്ങളോ, നിറഞ്ഞ ക്ലാസ്സ്മുറികളോ അല്ല; നമ്മൾ എപ്പോഴോ എവിടെയൊക്കെയോ വെച്ച് പരിചയപ്പെടുന്ന ഏതാനും മനുഷ്യരാണ് എന്ന് വെറുതേ ഒരിക്കൽക്കൂടി   ഓർത്തുപോയി.