Sunday 17 March 2019

ജനാധിപത്യം

ജനാധിപത്യം
മുൻപ് ജോലി ചെയ്തിരുന്ന കമ്പനി ആഗോളസാമ്പത്തികമാന്ദ്യവും, മറ്റു കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും ഒക്കെക്കൂടിയായപ്പോൾ കുറച്ചു നഷ്ടം നേരിടാൻ തുടങ്ങി. നഷ്ടം എന്നുവെച്ചാൽ ആകെ കടംകയറി മുടിഞ്ഞു എന്നല്ല; കഴിഞ്ഞ വർഷത്തെ ലാഭത്തേക്കാൾ ഒരു ആയിരം രൂപ ഇക്കൊല്ലം കുറഞ്ഞാൽ അംബാനി ആയാലും പറയില്ലേ ഇക്കൊല്ലം ആകെ നഷ്ടമാണ് ചിലവ് ചുരുക്കേണ്ടിവരും എന്ന്....ഏതാണ്ട് ആ ഒരു ലൈൻ.

ചെലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളിലെ തലവന്മാർക്കും ഇണ്ടാസ് കിട്ടി. തീരെ ഇഷ്ടമില്ലെങ്കിലും പല രാജ്യങ്ങളും ജീവനക്കാരുടെ എണ്ണം കുറക്കാൻ നിർബന്ധിതരായി. നിലനിർത്തുന്നവരുടെ ജോലിഭാരം കൂട്ടുകയും ചെയ്തു. ജോലിഭാരം കൂട്ടുക എന്നതിനുള്ള ഓമനപ്പേരാണ് 'കാര്യക്ഷമത കൂട്ടുക' എന്നത്. ഇന്ത്യക്കു വെളിയിലുള്ള ഓഫീസുകളിലെല്ലാം രാവിലെ എട്ടു മണിയോടെ ജോലിക്കു ഹാജരാകുമെങ്കിലും വൈകിട്ട് കൂടിയാൽ മൂന്നുമണി വരെ മാത്രം ഓഫീസിലിരുന്നു ശീലിച്ച സായിപ്പുമാർ കാര്യക്ഷമത കൂട്ടുന്നതിന്റെ ഭാഗമായി നാലുമണി വരെ ഓഫീസിൽ  ഇരിക്കാൻ നിർബന്ധിതരായി. അതിന്റെ ബുദ്ധിമുട്ടുകളെപ്പറ്റി അവർ പറയുമ്പോൾ, ചുരുങ്ങിയത് പത്തുമണിക്കൂർ ഓഫീസിൽ ചിലവഴിക്കുകയും, അതുകഴിഞ്ഞു അത്യാവശ്യമുണ്ടെങ്കിൽ വീട്ടിൽ നിന്ന് കണക്ട് ചെയ്യുകയും ചെയ്യുന്ന ശരാശരി ഇന്ത്യൻ ജീവനക്കാർ 'ഓ ദാറ്റ്സ് റിയലി ടഫ്' എന്നുപറഞ്ഞു സായിപ്പിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.

മറ്റുള്ളവർ തേങ്ങ ഉടക്കുമ്പോൾ ഒരു ചിരട്ടയെങ്കിലും ഉടക്കണം എന്ന തത്വത്തിന്റെ അന്തസത്ത മനസ്സിലാക്കി ഇന്ത്യയിലെ ഓഫീസുകളും വെറുതെയിരുന്നില്ല. ഇപ്പോഴുള്ള എല്ലാവരുംകൂടി ആഞ്ഞുപിടിച്ചിട്ടുതന്നെ പണികളൊന്നും തീരാത്ത അവസ്ഥയായതുകൊണ്ട് 'തലവെട്ടൽ' കാര്യമായി ഉണ്ടായില്ല. അല്ലെങ്കിലും ഇവിടത്തെ ശമ്പളസ്കെയിൽ വെച്ച് നോക്കുമ്പോൾ എത്ര ആളെ കുറച്ചാലും അമേരിക്കക്കാർ പെപ്സി കുടിക്കുന്ന കാശേ ആകുന്നുള്ളൂ എന്നത്  വേറൊരു പരമാർത്ഥം. എന്തായാലും ടിഷ്യൂ പേപ്പർ, പേപ്പർ കപ്പ്, വൈകിട്ടുള്ള ഫ്രീ സ്‌നാക്‌സ്, രാത്രി ഷിഫ്റ്റിൽ ഉള്ളവർക്കു ലഭിക്കുന്ന ഫ്രീ ക്യാബ് സർവീസ്, ഫ്രീ ഡിന്നർ, വർഷത്തിലൊരിക്കൽ കിട്ടുന്ന ടീം ലഞ്ച്, ഫോൺ അലവൻസ്, ഇന്റർനെറ്റ് അലവൻസ് തുടങ്ങി ഉള്ള പൊട്ടും പൊടിയുമെല്ലാം ഒരു ഫുൾസ്റ്റോപ്പിലൂടെ ഒഴിവാക്കി. കൊടിപിടിക്കലും മുദ്രാവാക്യം വിളിക്കലും ഒന്നും ശീലമില്ലാത്തതുകൊണ്ട്  ഇത്തരം കടുത്ത നടപടികളോടുള്ള പ്രതിഷേധം ഓഫീസിനു പുറത്തെ പെട്ടിക്കടകളിലെ 'ചായ് പേ ചർച്ച'കളിൽ ഒതുക്കി.

പ്രത്യേകതകളൊന്നുമില്ലാതെ അങ്ങനെ പോയിരുന്ന ഒരു ദിവസമാണ് പുതിയൊരു അറിയിപ്പുണ്ടാകുന്നത്. ഒരു സായിപ്പ് അടുത്ത മാസം മുതൽ  കുറച്ചു നാളേക്ക് ഞങ്ങളുടെ ടീമിനൊപ്പം ഉണ്ടാകുമെന്ന്. ആദ്യം കേട്ടപ്പോൾ അതിനിപ്പോ നമ്മളെന്തു വേണം എന്ന് തോന്നിയെങ്കിലും, പിന്നീടാലോചിച്ചപ്പോൾ ചെറിയൊരു പേടി പിടികൂടി. വരവിന്റെ ഉദ്ദേശം എന്താണെന്നറിയില്ല; ഇനി നമ്മൾ ചെയ്യുന്ന ജോലിയിലെ കുറ്റം കണ്ടുപിടിച്ച് എല്ലാംകൂടി ഫിലിപ്പീൻസിലേക്ക് മാറ്റിയാലോ? എന്തായാലും വാർത്ത അറിഞ്ഞതോടെ എല്ലാവരും ആത്മാർത്ഥതയുടെ ആൾരൂപങ്ങളായി മാറി വർദ്ധിതവീര്യത്തോടെ ജോലിയെടുക്കാൻ തുടങ്ങി.

അങ്ങനെ കാത്തുകാത്തിരുന്ന - അഥവാ പേടിച്ചിരുന്ന - ദിവസമെത്തി. സായിപ്പ് ഓഫീസിൽ കാലുകുത്തി. യൂറോപ്പിലെ 'ഫിൻലൻഡ്‌' എന്ന സ്ഥലത്തു നിന്നാണ് പുള്ളിയുടെ വരവ്. വെറും അമ്പത്തഞ്ചു ലക്ഷം ജനസംഖ്യയുള്ള, പത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ജീവിതനിലവാരം, ആളോഹരി വരുമാനം  തുടങ്ങിയ ഒരുപാട് സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, 'നോക്കിയ' മൊബൈൽഫോണിന്റെ ജന്മഗൃഹമായ ഒരു കൊച്ചുരാജ്യമാണ് ഫിൻലാൻഡ്. ഭയപ്പെട്ടതു പോലെ ഒന്നുമില്ലായിരുന്നു കാര്യങ്ങൾ എന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മനസ്സിലായി. പുതുതായി വരുന്ന ഒരു പ്രൊജക്റ്റ് ഇന്ത്യയിൽനിന്ന് തുടങ്ങുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ മാത്രമായിരുന്നു വരവിന്റെ ഉദ്ദേശം.

വളരെ സൗഹാർദ്ദപരമായി ഇടപെടുകയും ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സായിപ്പ് കുറച്ചു ദിവസങ്ങൾകൊണ്ടുതന്നെ എല്ലാവരേയും കയ്യിലെടുത്തു. ഇതേസമയം ചെലവ് കുറക്കാൻ കമ്പനി മറ്റൊരു മാർഗവും പരീക്ഷിക്കുന്നുണ്ടായിരുന്നു. വലിയ നഗരങ്ങളിലെ ഓഫീസുകൾ താരതമ്യേന കെട്ടിടവാടക കുറവുള്ള പ്രാന്തപ്രദേശങ്ങളിലേക്കോ അല്ലെങ്കിൽ ചെറുപട്ടണങ്ങളിലേക്കോ മാറ്റിക്കൊണ്ടിരുന്നു. നഗരത്തിനു വെളിയിലേക്കു കടന്നാൽ റോഡ് മുതൽ വൈദ്യുതിവരെ ഒരു വെല്ലുവിളിയായതുകൊണ്ട് ഇന്ത്യയിൽ ഇത്തരം പരീക്ഷണങ്ങൾക്ക് ആരും മുതിർന്നില്ല. പക്ഷേ യൂറോപ്പിലെങ്ങും ഈ നടപടികൾ അതിവേഗം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഇത്തരം മാറ്റങ്ങളുടെ പ്രതിഫലനമെന്നോണം ഒരുപാടുപേർ അത്തരം രാജ്യങ്ങളിൽ കമ്പനി വിടുകയും അതിൽ പല ജോലികളും ഇന്ത്യയിലേക്കു വരുകയും ചെയ്തുകൊണ്ടിരുന്നു.

നമ്മുടെ കഥാനായകനായ സായിപ്പിന്റെ ഓഫീസ് ഫിൻലൻഡിന്റെ തലസ്ഥാനമായ 'ഹെൽസിങ്കി' നഗരത്തിലായിരുന്നു. ആദ്യമുയർന്ന ചർച്ചകളിൽ മുഴങ്ങിക്കേട്ടിരുന്ന ഒന്നായിരുന്നു ഈ ഓഫീസും. പക്ഷേ പിന്നീടെന്തുകൊണ്ടോ ഹെൽസിങ്കി ആ ലിസ്റ്റിന് പുറത്തായി. സായിപ്പാണെങ്കിൽ ഇന്ത്യ വിട്ടുപോകുന്നതിന്റെ തലേദിവസം, ഏതെങ്കിലും കാലത്ത് ഫിൻലൻഡ്‌ വരേണ്ട ഔദ്യോഗികാവശ്യമുണ്ടായാൽ ഹെൽസിങ്കിയിൽ വെച്ച് വീണ്ടും കാണാമെന്നു നല്ല ആത്മവിശ്വാസത്തോടെ പറയുകയും ചെയ്തു. മടിച്ചുമടിച്ചാണെങ്കിലും ഇത്രയും നാളത്തെ പരിചയത്തിന്റെ പിൻബലത്തിൽ എങ്ങനെയാണ് ഹെൽസിങ്കി ഓഫീസ് അടച്ചുപൂട്ടലിൽനിന്ന് രക്ഷപ്പെട്ടത് എന്ന് ചോദിച്ചു. അപ്പോളാണ് സായിപ്പ് ആ കഥ പറഞ്ഞത്.

ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം മുൻകൂറായിത്തന്നെ ഞങ്ങളുടെ കമ്പനി ഹെൽസിങ്കി കോർപ്പറേഷൻ ഓഫീസിൽ അറിയിച്ചിരുന്നു. അറിയിപ്പു കിട്ടിയ ഉടനെ കോർപ്പറേഷൻ മേയർ,കൗൺസിലർമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ ഒരു സംഘം ചർച്ചകൾക്കായി ഞങ്ങളുടെ കമ്പനി ഓഫീസ് സന്ദർശിച്ചു. എന്തുകൊണ്ട് കമ്പനി അടച്ചുപൂട്ടുന്നു, അതൊഴിവാക്കാൻ കോർപ്പറേഷന് എന്തുചെയ്യാൻ കഴിയും എന്നറിയുകയായിരുന്നു ലക്ഷ്യം. കമ്പനിയുടെ ചെലവുചുരുക്കൽ നയത്തിന്റെ ഭാഗമായാണ് ഈ അടച്ചുപൂട്ടലെന്നും, ഈ ഓഫീസ്  നിലനിർത്തിയാൽ കമ്പനിക്കു വരുന്ന നഷ്ടം എത്രയാണെന്നും കണക്കുസഹിതം വന്നവർക്കു മുന്നിൽ അവതരിപ്പിക്കപ്പെടുകയും, വന്നവർ പിരിഞ്ഞുപോവുകയും ചെയ്തു. ജീവനക്കാർക്ക് നോട്ടീസ് കൊടുക്കൽ അടക്കമുള്ള പരിപാടികളുമായി കമ്പനി മുന്നോട്ടുപോവുകയും ചെയ്തു.

ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഇതേ പ്രതിനിധിസംഘം ഒരിക്കൽക്കൂടി കമ്പനിയുടെ ഓഫീസിലെത്തി - വെറും കൈയോടെയല്ല, ഒരു ഉഗ്രൻ ഓഫറുമായി! പ്രവർത്തനച്ചിലവ് എന്ന ഒറ്റ കാരണംകൊണ്ടു മാത്രമാണ് ഓഫീസ് അടച്ചുപൂട്ടുന്നതെങ്കിൽ, അതൊഴിവാക്കാനായി അടുത്ത രണ്ടു വർഷത്തേക്കുള്ള എല്ലാ നികുതികളും, കെട്ടിടവാടകയും കോർപ്പറേഷൻ വഹിക്കും. പകരമായി ഒരാൾക്കുപോലും തൊഴിൽ നഷ്ടപ്പെടുന്നില്ല എന്ന് കമ്പനി ഉറപ്പുകൊടുക്കണം എന്നതായിരുന്നു ഓഫർ. അതിനുപുറമേ, പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്ക് കൂടുതൽ ഇളവുകളും കോർപ്പറേഷൻ നൽകും. സ്വാഭാവികമായും, കമ്പനി ആ ഓഫർ സ്വീകരിക്കുകയും ഓഫീസ് അടച്ചുപൂട്ടലിൽനിന്ന് പിന്തിരിയുകയും ചെയ്തു. രാഷ്ട്രീയഭേദമില്ലാതെ കമ്പനികൾക്ക് ഇളവുകൾ കൊടുക്കുന്ന രീതി നമ്മുടെ നാട്ടിലും വ്യാപകമായതുകൊണ്ട് ഇതുകേട്ടപ്പോൾ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല.

കോർപ്പറേഷൻ ഇങ്ങനെയൊരു ഓഫർ മുന്നോട്ടുവെച്ചതിന്റെ കാരണമാണ് ഏറ്റവും ആകർഷണീയമായി തോന്നിയത്. തന്റെ കാലയളവിൽ എത്ര തൊഴിലവസരം സൃഷ്ടിക്കാൻ സാധിക്കും എന്നതിന്റെ കൃത്യമായ കണക്കുപറഞ്ഞാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഓരോ കൗൺസിലറും വോട്ടുപിടിക്കുന്നത്. കാലയളവ് കഴിയുമ്പോൾ അതെത്രമാത്രം ലക്ഷ്യം കണ്ടു എന്നത് വോട്ടർമാരുടെ മുന്നിൽ ബോധിപ്പിക്കുകയും വേണം. ജാതി, മതം, ബന്ധങ്ങൾ എന്നിങ്ങനെ മറ്റെന്തൊക്കെ അനുകൂല ഘടകങ്ങളുണ്ടായാലും വാക്കുപാലിക്കാൻ സാധിക്കാത്തവർ ആ നാട്ടിലെ ചരിത്രമനുസരിച്ച് തുടർ തെരഞ്ഞെടുപ്പുകളിൽ ജയിക്കാറില്ല. മാത്രവുമല്ല, തങ്ങളുടെ കാലയളവിൽ ഒരു തൊഴിലവസരം ഇല്ലാതാകുന്നത് ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും അഭിമാനക്ഷതമായാണ് കണക്കാക്കുക.

ഇപ്പോൾ ഈ കഥ ഓർക്കാനൊരു കാരണമുണ്ട്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായ തെരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. പാർട്ടികളുടെ പ്രകടനപത്രികകൾ അവസാന മിനുക്കുപണികളിലാണെങ്കിലും, വാർത്താമാധ്യമങ്ങളിൽ വരുന്ന വിവരങ്ങളനുസരിച്ച് നമുക്ക് ലഭിക്കുന്ന അഥവാ ലഭിക്കാൻപോകുന്ന വിഭവങ്ങൾ ഇതൊക്കെയാണ് - ന്യൂനപക്ഷ/ ഭൂരിപക്ഷ സംവരണം, അമ്പലം/പള്ളി, സൗജന്യ ഭൂമി/വൈദ്യുതി/വെള്ളം അങ്ങനെ നീളുന്നു ആ ലിസ്റ്റ്; കഴിഞ്ഞുപോയ എല്ലാ തെരഞ്ഞെടുപ്പുകളേയും പോലെ.

ജനാധിപത്യത്തിൽ ജനമാണ് രാജാവ് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിലെ രാജാക്കന്മാരായ നമ്മൾ ഇത്രമാത്രമേ അർഹിക്കുന്നുള്ളോ?

എന്നാണ് നമ്മൾ തിരഞ്ഞെടുത്തു വിട്ടവരോട് 'എന്തു ചെയ്തു' എന്നും 'എന്താണ് ചെയ്യാൻ പോകുന്നത് 'എന്നും ചോദിക്കാനുള്ള ധൈര്യം നാം പ്രകടിപ്പിക്കുക? ജാതിക്കും മതത്തിനുമപ്പുറം എന്റെയും ഞാനുൾപ്പെടുന്ന സമൂഹത്തിന്റെയും സ്ഥിതിയിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുന്നവരെയാണ് ഞങ്ങൾക്കുവേണ്ടത് എന്നുറക്കെ വിളിച്ചുപറയുക?

ഓർക്കുക, മാറ്റം നമ്മളിൽനിന്നാണ് തുടങ്ങേണ്ടത്.

പണാധിപത്യത്തിന്റെയും, മതാധിപത്യത്തിന്റെയും, കുടുംബാധിപത്യത്തിന്റെയും ഒരുപാട് ദുർഗന്ധം പേറിയവരാണ് നമ്മൾ.

മതി എന്നുപറയാൻ സമയമായിരിക്കുന്നു.

ഇനിയെങ്കിലും ശരിയായ ചോദ്യങ്ങൾ ചോദിക്കാൻ നമ്മൾക്ക് കഴിയണം. ശരിയായ ഉത്തരങ്ങൾ നമ്മുടെ അവകാശമാണ്. അതേപോലെ നമ്മുടെ ശരിയായ അഭിപ്രായങ്ങൾ മാനിക്കപ്പെടുകയും വേണം.

അങ്ങനെയെങ്കിൽ മാത്രമേ യഥാർത്ഥ ജനാധിപത്യം വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ സുഗന്ധം നാമോരോരുത്തരുടെയും പടികടന്നുവരികയുള്ളൂ.

തീർച്ചയായും നമ്മൾ അത്രയെങ്കിലും അർഹിക്കുന്ന ഒരു ജനതയാണ്!