Tuesday 28 April 2020

നഷ്ടപ്പെട്ടുപോകുന്ന ആകാശങ്ങൾ


"അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ.... 
അന്നൊക്കെ നാം നമ്മിലുണ്ടായിരുന്നപോൽ...."
- മുരുകൻ കാട്ടാക്കടയുടെ കവിതയിൽ നിന്ന്


ലോക്ക്ഡൌൺ കാലത്തു കേട്ട ഒരു നല്ലവാർത്ത ലോകത്തെ ഏറ്റവുമധികം വായുമലിനീകരണം ഉള്ള നഗരം എന്ന് കുപ്രസിദ്ധി നേടിയ ഡൽഹിയുടെ ആകാശം എത്രയോ കാലങ്ങൾക്കുശേഷം ഒന്ന് തെളിഞ്ഞുകണ്ടു എന്നതാണ്. ഇത് വായിച്ചപ്പോൾ ഞാൻ എപ്പോഴാണ് തെളിഞ്ഞുനിൽക്കുന്ന ആകാശത്തെ അവസാനം കണ്ടതെന്ന് വെറുതെ ഒന്നാലോചിച്ചുനോക്കി. ടീവിയുടെയും, ലാപ്ടോപ്പിന്റെയും, മൊബൈലിന്റേയുമെല്ലാം ഇത്തിരിവട്ടങ്ങളിൽ ഒതുങ്ങിപ്പോയതിനുശേഷം ആകാശത്തെ മാത്രമല്ല മഴയെയും, നക്ഷത്രങ്ങളേയും ഒന്നും കണ്ട നാളുകൾ ഓർത്തെടുക്കാനാകുന്നില്ല.

ബാംഗ്ളൂരിൽ (ഒരുപക്ഷേ ഒരു നഗരത്തിലും) ആകാശം എന്നൊന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ആകെ ഉള്ളത് ഒരുപാട് ചുമരുകളാണ്. വീടിനകത്തെ നാലു ചുമരുകൾക്കുള്ളിൽ നമ്മുടെ സന്തോഷങ്ങളെയും, സങ്കടങ്ങളെയും, ആഗ്രഹങ്ങളെയും, പ്രതീക്ഷകളെയും, നിരാശകളേയും കെട്ടിയിടുന്നു. ഒന്നാഞ്ഞു കൈയെത്തിച്ചാൽ തൊടാവുന്ന അകലമേ കാണൂ അടുത്ത കെട്ടിടത്തിലേക്ക്. ആ കെട്ടിടങ്ങളുടെ പുറംചുമരുകൾക്കിടയിലെ ഇത്തിരി അകലത്തിലൂടെയാണ് മഴയും, മഞ്ഞും, സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഞങ്ങളുടെ വീടുകളിൽ വിരുന്നെത്തുന്നതും, കണ്ടു കൊതിതീരും മുൻപേ യാത്ര പറഞ്ഞുപോകുന്നതും. 

ചെന്നൈയിൽ ജീവിച്ചിരുന്നപ്പോൾ, കണ്ണുകളിൽ നിന്ന് വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന ഉറക്കത്തെ നിർദാക്ഷിണ്യം ഓടിച്ച് അതിരാവിലെതന്നെ വിളിച്ചുണർത്തുന്ന ചങ്ങാതിയായിരുന്നു സൂര്യൻ. അതുകൊണ്ടുതന്നെ സൂര്യനെ മറയ്ക്കുന്ന കറുത്ത മഴക്കാറുകളെ ഇത്രകണ്ട് സ്നേഹിച്ച ഒരു കാലമുണ്ടായിട്ടില്ല ജീവിതത്തിൽ. അവിടത്തെ ജീവിതത്തിലെ ആദ്യ ദീപാവലിപ്പിറ്റേന്ന് ഉറക്കത്തിൽനിന്നു പുലരിയിലേക്ക്  കൺതുറന്നപ്പോൾ പുതിയൊരു ആകാശമാണ് വരവേൽക്കുന്നത് എന്നുതോന്നിപ്പോയി. അതിതീക്ഷ്ണമായ പ്രകാശം വെളിച്ചത്തിന്റെ ധാരാളിത്തം നിറക്കാറുള്ള എന്റെ മുറിയിൽ അന്ന് 'പണ്ടത്തെ ബാംഗ്ളൂരിലെ' മഞ്ഞുകാല പുലരികളെ ഓർമ്മിപ്പിച്ചുകൊണ്ട് ജനൽച്ചില്ലിലൂടെ വെളിച്ചം ഒളിച്ചുകളിക്കുന്നു. മുറിക്കുള്ളിൽ ചൂടിന് വലിയ കുറവില്ലെങ്കിലും പുറംകാഴ്ചകൾ അവ്യക്തമാക്കുംവിധം മൂടൽമഞ്ഞു തങ്ങിനിൽക്കുന്നു. കാണുന്നത് സ്വപ്നമല്ലല്ലോ എന്ന് സ്വയം ചോദിച്ചുകൊണ്ട്
അമ്പരപ്പോടെ വാതിൽ തുറന്നൊന്നു പുറത്തിറങ്ങി. മണ്ണിലിറങ്ങിയ മേഘമോ, മൂടൽമഞ്ഞോ തീർത്ത വികൃതിയല്ല ഇതെന്ന് മൂക്കിനെ എരിച്ചുകൊണ്ടു ശ്വാസകോശത്തിലേക്ക് കയറിയ വെടിമരുന്നുകളുടെ ഗന്ധം ഓർമ്മിപ്പിച്ചു. ദീപാവലി ആഘോഷിക്കാൻ തലേരാത്രി പൊട്ടിച്ചുതീർത്തതിന്റെയെല്ലാം പുക കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻകഴിയാതെ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നതാണ്. അതായത് വലിയൊരാകാശത്തിനു കീഴിൽ നമ്മൾ തീർത്ത അഹങ്കാരത്തിന്റെ മറ്റൊരാകാശം കൂടി. 

കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തിൽ പോകുമ്പോളെല്ലാം കുടജാദ്രിയിലും കൂടി പോകുക എന്നൊരു പതിവുണ്ട്. കൊല്ലൂരിൽനിന്ന് ഏതാനും കിലോമീറ്ററുകൾ നീളുന്ന ഒരു ജീപ്പ് യാത്രവേണം കുടജാദ്രിയിലെത്താൻ. പാറയും പൊടിമണ്ണും നിറഞ്ഞ വഴിയിലൂടെ ശരീരത്തിലെ എല്ലാ സന്ധികളും ഇളക്കിവിടുന്ന ആ യാത്ര അവസാനിക്കുന്ന ഇടത്തുനിന്നും സർവജ്ഞപീഠത്തിലേക്ക് കാൽനടയായിമാത്രം നടന്നുകയറാവുന്ന ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം വരുന്ന ഒരു കയറ്റമുണ്ട്. നടപ്പാതയുടെ ഒരുവശം കൊക്കയാണെങ്കിലും സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതിനാൽ മലകളെ പിരിയാൻ മടിച്ചുനിൽക്കയാണോ എന്ന് തോന്നുംവിധം വെളുത്ത പുകപോലെ മഞ്ഞ് എപ്പോഴും അവിടെയെല്ലാം തങ്ങിനിൽക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ കൊക്കയുടെ ഭീകരതയൊന്നും ഒരിക്കലും അനുഭവപ്പെടാറില്ല. മറിച്ച് മുന്നോട്ടുവെക്കുന്ന ഓരോ പടിയിലും ഒരു പുതിയ ഊർജ്ജമാണ് തോന്നാറുള്ളത്. ചാറ്റൽമഴയുടെ അകമ്പടിയോടെ അത്തരമൊരു സർവജ്ഞപീഠം യാത്രയിലാണ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ചുറ്റും മൂടൽമഞ്ഞ് (അതോ മേഘം തന്നെയോ) പരന്നത്. കുട്ടികൾ, ചെറുപ്പക്കാർ, ഒരു സഹായത്തിന് ഊന്നുവടി കുത്തിയവർ, കാഷായവസ്ത്രധാരികൾ അങ്ങനെ മുന്നിലും പിന്നിലുമായി ഒരുപാടുപേർ നടന്നിരുന്ന ആ നീണ്ട വഴിയിൽ ഒരു നിമിഷാർദ്ധം കൊണ്ട് തൊട്ടുമുന്നിൽ നടന്നിരുന്ന ആളെപ്പോലും കാണാനാകാത്ത അവസ്ഥയായി. സ്വപ്നത്തിൽ നിന്നു കേൾക്കുന്നപോലെ അവിടവിടെ കേൾക്കുന്ന കുട്ടികളുടെ ശബ്ദവും, കാറ്റിന്റെ ചൂളംവിളിയും മാത്രം കൂട്ടിനുവന്നു. മുന്നോട്ടുപോകണോ, തിരിച്ചിറങ്ങണോ എന്നറിയില്ല, കാലൊന്നു തെറ്റിയാലോ, കയറുകയോ, ഇറങ്ങുകയോ ചെയ്യാൻ ശ്രമിക്കുന്ന ആരെങ്കിലും ശരീരത്തിൽ അറിയാതെ തട്ടിയാലോ ഒരുപക്ഷേ കൊക്കയിലേക്ക്. ശരിക്കും ജീവന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നൂൽപ്പാലത്തിൽ നിൽക്കുന്ന അവസ്ഥ. അതേസമയംതന്നെ ലോകത്തെ ഏറ്റവും നനുത്ത, ഏറ്റവും നിർമലമായ തണുത്ത വായുവിൽ ശരീരം അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നപോലൊരു തോന്നൽ. ആകാശം ഭൂമിയിലിറങ്ങി വന്നതാണോ അതോ ഒരു അപ്പൂപ്പൻതാടി പോലെ പൊങ്ങിപ്പൊങ്ങി എല്ലാവരും ആകാശത്തെത്തിയോ എന്നുപോലും തോന്നിപ്പോയി. എന്തായാലും അധികം വൈകാതെ തന്നെ ആകാശം തെളിഞ്ഞു. മഞ്ഞിന്റെ മറനീക്കി മെല്ലെമെല്ലെ നീലാകാശം കണ്ണിനുമുന്നിൽ തെളിഞ്ഞുവരുന്ന ഒരു കാഴ്ചയുണ്ട് - പിറന്നുവീണ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നമ്മൾ നോക്കിനിന്നുപോകുന്ന ആ കാഴ്ചയുടെ ഭംഗി എഴുതി ഫലിപ്പിക്കാൻ എനിക്ക് സാധിക്കില്ല. പക്ഷേ, ഇനിയൊരിക്കൽകൂടി ജീവിതത്തിൽ വന്നുചേർന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഇത് തീർച്ചയായും ഉണ്ടാകുമെന്നുറപ്പ്.

ഒരു പുഴയിലും നമ്മൾ രണ്ടുതവണ ഇറങ്ങുന്നില്ല എന്ന് പറയാറുണ്ട്; കാരണം പുഴ ഒഴുകിക്കൊണ്ടേ ഇരിക്കുകയാണല്ലോ. അതുപോലെ ഒരാകാശവും ഒരുപക്ഷെ നമ്മൾ രണ്ടുതവണ കാണുന്നുണ്ടാകില്ല. സത്യത്തിൽ നമ്മുടെ ആകാശങ്ങളെ നമ്മൾതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ലോക്ക്ഡൌൺ കാലം വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രകൃതിയുടെ ഒരു തിരിച്ചുപോക്കുകൂടിയാണ്. അതുകൊണ്ട് മനഃപൂർവം സമയമുണ്ടാക്കി ആകാശവും, നക്ഷത്രവും, സൂര്യോദയവുമൊക്കെ വെറുതെ ഒന്ന് കാണുക. വേറൊന്നിനുമല്ല എത്ര നല്ല കാഴ്ചകൾ നമുക്ക് നഷ്ടപ്പെട്ടുപോകുന്നുണ്ട് എന്ന് തിരിച്ചറിയാൻവേണ്ടി....

പിന്നെ..... നേട്ടങ്ങൾ വെട്ടിപ്പിടിക്കാനായി ഓടുന്ന ചലിക്കുന്ന യന്ത്രങ്ങൾ മാത്രമല്ല, ജീവനുള്ള മനുഷ്യർ കൂടിയാണ് നമ്മൾ എന്ന് നമ്മളെത്തന്നെ ഒന്നോർമ്മിപ്പിക്കാൻ വേണ്ടി....

Wednesday 22 April 2020

അൽ പെണ്ണുകാണൽ...അൽ പോസ്റ്റിടൽ (ഒരു ബ്ലോഗ്ഗറുടെ ധർമ്മസങ്കടക്കഥ)


ബ്രേക്കിംഗ് ന്യൂസ്: മലയാളത്തിലെ ഒരു പ്രമുഖ ബ്ലോഗറുടെ വീട്ടിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ  വഴിയോരകാഴ്ചകൾ എക്സ്ക്ലൂസീവായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ ബ്ലോഗ്ഗർ ആര്, ഈ സംഭാഷണ സമയത്ത് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചിരുന്നോ എന്ന കാര്യങ്ങൾ വിശദമായി അന്വേഷിച്ചറിയാൻ സർക്കാർ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.


പ്രിയപ്പെട്ട സുഹൃത്തുക്കളേ,

പോസ്റ്റ് ഓഫ് ദി ഡേ - സീസൺ ത്രീയിൽ പങ്കെടുക്കാം എന്ന് സമ്മതിച്ചതാണെങ്കിലും അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ എനിക്ക് പങ്കെടുക്കാൻ സാധിക്കുകയില്ല എന്ന് ദുഖത്തോടെ അറിയിക്കുന്നു. മറ്റൊരവസരത്തിൽ കാണും വരെ ചെറിയ ഒരു ഇടവേള എടുക്കുന്നു.
*******************************************************************************************

"എന്താ ഇപ്പൊ ഇങ്ങനെയൊരു മെസ്സേജ് അയക്കാൻ പോണേ?"
ഭാര്യയുടേതാണ് ചോദ്യം.

"അല്ല ഒരു മൂഡ് കിട്ടിയില്ല എഴുതാൻ. അതാ..."

"എന്തായിരുന്നു വിഷയം?"

"ഓ... ഒന്നുമില്ല. അതൊക്കെ ഇനി പറഞ്ഞിട്ടെന്തിനാ? "

"എന്നാലും പറയെന്നേ..."

"പെണ്ണുകാണൽ.."

"..........." (മൗനം)

"എന്തേ മിണ്ടാതായത്..."

"ഓഹോ വെറുതെയല്ല മൂഡ് വരാഞ്ഞത്... ഇപ്പൊ എല്ലാം മനസ്സിലായി"

"എന്ത് മനസ്സിലായെന്ന്?"

"വല്ല പഴയ പൊളിഞ്ഞ പ്രേമകഥയെപ്പറ്റി ആണെങ്കിൽ ആദ്യം തന്നെ ചാടിപ്പിടിച്ച് എഴുതിയേനെ..."

"എന്റെ പൊന്നോ എന്തൊക്കെയാണ് ഈ പറഞ്ഞു വരുന്നത്...?"

"ഇനി പൊന്നൂ, ചക്കരെ എന്നൊന്നും വിളിക്കണ്ട. ഇതൊക്കെ ഞാൻ കുറെ കാലമായിട്ട് കാണുന്നതാ..."

"അല്ല അത് പിന്നെ ഞാൻ.....മാത്രമല്ല...അവരും കൂടെ ഉണ്ടായിരുന്നു"

"എന്ത്?..."

"ഒന്നുമില്ല... ഞാൻ വെറുതെ എന്തോ പറഞ്ഞുപോയതാ.."

"വിഷയം മാറ്റാൻ പണ്ടേ  മിടുക്കനാണല്ലോ...."

"അല്ല ഇതൊക്കെ പറയാൻ മാത്രം എന്തുണ്ടായി?"

"ഒന്നും പറയണ്ട... എന്നെപ്പറ്റി നല്ല വാക്ക് എഴുതാൻ മടി. അതങ്ങു തുറന്നു സമ്മതിച്ചാമതി. ശരി ഞാനിനി ഒന്നും ചോദിക്കുന്നില്ല... ഇങ്ങട് വാടാ ചെക്കാ ഒരു കാര്യം എത്രതവണ പറയണം നിന്നോട്....."

(അടികിട്ടിയ പുത്രന്റെ കരച്ചിൽ പശ്ചാത്തലത്തിൽ)

"അല്ല എന്താ ഇപ്പൊ നിന്റെ പ്രശ്നം?"

"എനിക്കൊരു പ്രശ്നവുമില്ല.. ഭാവന വരാത്തതുകൊണ്ട് എഴുതാൻ പറ്റാത്ത പ്രശ്നമൊക്കെ വേറെ ചിലർക്കല്ലേ..."

"അയ്യോ ഏതുനേരത്താണോ സുധിക്കും, ദിവ്യക്കും ഈ വിഷയം തെരഞ്ഞെടുക്കാൻ തോന്നിയത്...."

"ഓഹോ ഇപ്പൊ അവരുടെ കുഴപ്പമായി അല്ലേ.."

"ശരി ശരി ഇപ്പൊ എന്താ വേണ്ടത്? നിന്നെ പെണ്ണുകണ്ടതിനെപ്പറ്റി എഴുതണം അത്രയല്ലേ വേണ്ടൂ?"

"എനിക്കുവേണ്ടി ആരും ഒന്നും എഴുതണ്ട..."

"ശരി ആർക്കുംവേണ്ടിയല്ല എനിക്കുവേണ്ടി എഴുതാമല്ലോ..."

"....." (മൗനം)

"ഇതൊന്നു വായിച്ചു നോക്കൂ. തുടക്കം ഇങ്ങനെ ആയാലോ?

"ഓ വേണ്ട... എഴുതണില്ല എന്നുപറഞ്ഞ ആളല്ലേ...."

"എന്നാൽ ഞാനതൊന്നു വായിക്കാം. കേട്ടിട്ട് എങ്ങനെ ഉണ്ടെന്നു പറ

വാതിലിന്റെ പിന്നിൽ പാതിമറഞ്ഞ് ഒളികണ്ണാലെ എന്നെ നോക്കിയ ആ പച്ചച്ചുരിദാറിട്ട പെൺകുട്ടിയുടെ വിടർന്ന കണ്ണുകളിൽ ഒരായുസ്സു മുഴുവൻ കുടിച്ചുവറ്റിച്ചാലും തീരാത്ത സ്നേഹം അലയടിക്കുന്നതായി എനിക്കു തോന്നി...

ഇങ്ങനെ തുടങ്ങിയാലോ എന്നാ ആലോചന.... കൊള്ളാമോ?"

"ഇത് കൊഞ്ചം ഓവർ അല്ലെ? എന്നാലും ഞാൻ അന്ന് പച്ചച്ചുരിദാർ ആണ് ഇട്ടത് എന്നൊക്കെ ഇപ്പോഴും ഓർമ്മയുണ്ടല്ലേ?"

"പിന്നെ അതൊക്കെ മറക്കാൻ പറ്റുമോ?"

"വേറെന്തൊക്കെ ഓർമ്മയുണ്ട്? കേൾക്കട്ടെ"

"അന്നുതന്നെ ഓറഞ്ച് ജ്യൂസിൽ മധുരം കുറവായിരുന്നു. പിന്നെ പഴംപൊരി വല്ലാതെ തണുത്തുപോയി...പിന്നെ..."

"മതി മതി തൃപ്തിയായി..."

"ഞാനൊരു തമാശ അടിക്കാൻ നോക്കിയതല്ലേ. സീരിയസ് ആയി പറഞ്ഞാൽ ആ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികൾ ഓർമ്മയുണ്ട്, സ്കൂളിൽ പഠിക്കുമ്പോൾ കലാപ്രതിഭ ആയിട്ടുണ്ട് എന്നുപറഞ്ഞത് ഓർമ്മയുണ്ട്, പാട്ടു പാടുമെന്ന് പറഞ്ഞത് ഓർമ്മയുണ്ട്, രണ്ടു ദിവസം ലീവ് കിട്ടിയാൽ അപ്പൊ നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞത് ഓർമ്മയുണ്ട്.. അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ..."

"ശോ.. ഇത്രയും ഓർമ്മയുണ്ടായിട്ടാണ് ഇതൊന്നും എഴുതാത്തത് അല്ലേ..."

"അതുപിന്നെ നീയിങ്ങനെ അടുത്തിന്നിരുന്നാലല്ലേ എന്റെ ഭാവന വിടരൂ.... "

"കാര്യം നുണയാണെങ്കിലും കേൾക്കാൻ നല്ല രസം"

"നുണയോ.. കളരി പരമ്പര ദൈവങ്ങളാണേ, ലോകനാർക്കാവിലമ്മയാണേ...."

"മതി മതി ഓവർ ആക്കണ്ട.. വല്ലതും എഴുതി പോസ്റ്റ് ചെയ്യാൻ നോക്ക്. എന്തായാലും ഇത്രയൊക്കെ സുഖിപ്പിച്ചതിനു നാളെ ഞാനൊരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കി തരുന്നുണ്ട്. റെസിപ്പി ഒക്കെ നോക്കിവെച്ചിട്ടുണ്ട്"

"ബിരിയാണി എങ്ങാനും ആണോ?"

"ഏയ് ഇത് അതുക്കും മേലെ.."

"അതെന്താ?....സസ്പെൻസ് ഇടാതെ പറ പറ പറ.. ഡാൽഗോണ കാപ്പി? "

"അല്ല..."

"എന്നാൽ ഞാൻ തോറ്റു"

"ചക്കക്കുരു കട്ട്ലറ്റ്"

"എന്റെ 'വായു'ഭഗവാനേ........"



# Blog_Post_of_the_day
#Season_3
#പെണ്ണുകാണൽ