ബ്രേക്കിംഗ് ന്യൂസ്: മലയാളത്തിലെ ഒരു പ്രമുഖ ബ്ലോഗറുടെ വീട്ടിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ വഴിയോരകാഴ്ചകൾ എക്സ്ക്ലൂസീവായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഈ ബ്ലോഗ്ഗർ ആര്, ഈ സംഭാഷണ സമയത്ത് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചിരുന്നോ എന്ന കാര്യങ്ങൾ വിശദമായി അന്വേഷിച്ചറിയാൻ സർക്കാർ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
പോസ്റ്റ് ഓഫ് ദി ഡേ - സീസൺ ത്രീയിൽ പങ്കെടുക്കാം എന്ന് സമ്മതിച്ചതാണെങ്കിലും അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ എനിക്ക് പങ്കെടുക്കാൻ സാധിക്കുകയില്ല എന്ന് ദുഖത്തോടെ അറിയിക്കുന്നു. മറ്റൊരവസരത്തിൽ കാണും വരെ ചെറിയ ഒരു ഇടവേള എടുക്കുന്നു.
*******************************************************************************************
"എന്താ ഇപ്പൊ ഇങ്ങനെയൊരു മെസ്സേജ് അയക്കാൻ പോണേ?"
ഭാര്യയുടേതാണ് ചോദ്യം.
"അല്ല ഒരു മൂഡ് കിട്ടിയില്ല എഴുതാൻ. അതാ..."
"എന്തായിരുന്നു വിഷയം?"
"ഓ... ഒന്നുമില്ല. അതൊക്കെ ഇനി പറഞ്ഞിട്ടെന്തിനാ? "
"എന്നാലും പറയെന്നേ..."
"പെണ്ണുകാണൽ.."
"..........." (മൗനം)
"എന്തേ മിണ്ടാതായത്..."
"ഓഹോ വെറുതെയല്ല മൂഡ് വരാഞ്ഞത്... ഇപ്പൊ എല്ലാം മനസ്സിലായി"
"എന്ത് മനസ്സിലായെന്ന്?"
"വല്ല പഴയ പൊളിഞ്ഞ പ്രേമകഥയെപ്പറ്റി ആണെങ്കിൽ ആദ്യം തന്നെ ചാടിപ്പിടിച്ച് എഴുതിയേനെ..."
"എന്റെ പൊന്നോ എന്തൊക്കെയാണ് ഈ പറഞ്ഞു വരുന്നത്...?"
"ഇനി പൊന്നൂ, ചക്കരെ എന്നൊന്നും വിളിക്കണ്ട. ഇതൊക്കെ ഞാൻ കുറെ കാലമായിട്ട് കാണുന്നതാ..."
"അല്ല അത് പിന്നെ ഞാൻ.....മാത്രമല്ല...അവരും കൂടെ ഉണ്ടായിരുന്നു"
"എന്ത്?..."
"ഒന്നുമില്ല... ഞാൻ വെറുതെ എന്തോ പറഞ്ഞുപോയതാ.."
"വിഷയം മാറ്റാൻ പണ്ടേ മിടുക്കനാണല്ലോ...."
"അല്ല ഇതൊക്കെ പറയാൻ മാത്രം എന്തുണ്ടായി?"
"ഒന്നും പറയണ്ട... എന്നെപ്പറ്റി നല്ല വാക്ക് എഴുതാൻ മടി. അതങ്ങു തുറന്നു സമ്മതിച്ചാമതി. ശരി ഞാനിനി ഒന്നും ചോദിക്കുന്നില്ല... ഇങ്ങട് വാടാ ചെക്കാ ഒരു കാര്യം എത്രതവണ പറയണം നിന്നോട്....."
(അടികിട്ടിയ പുത്രന്റെ കരച്ചിൽ പശ്ചാത്തലത്തിൽ)
"അല്ല എന്താ ഇപ്പൊ നിന്റെ പ്രശ്നം?"
"എനിക്കൊരു പ്രശ്നവുമില്ല.. ഭാവന വരാത്തതുകൊണ്ട് എഴുതാൻ പറ്റാത്ത പ്രശ്നമൊക്കെ വേറെ ചിലർക്കല്ലേ..."
"അയ്യോ ഏതുനേരത്താണോ സുധിക്കും, ദിവ്യക്കും ഈ വിഷയം തെരഞ്ഞെടുക്കാൻ തോന്നിയത്...."
"ഓഹോ ഇപ്പൊ അവരുടെ കുഴപ്പമായി അല്ലേ.."
"ശരി ശരി ഇപ്പൊ എന്താ വേണ്ടത്? നിന്നെ പെണ്ണുകണ്ടതിനെപ്പറ്റി എഴുതണം അത്രയല്ലേ വേണ്ടൂ?"
"എനിക്കുവേണ്ടി ആരും ഒന്നും എഴുതണ്ട..."
"ശരി ആർക്കുംവേണ്ടിയല്ല എനിക്കുവേണ്ടി എഴുതാമല്ലോ..."
"....." (മൗനം)
"ഇതൊന്നു വായിച്ചു നോക്കൂ. തുടക്കം ഇങ്ങനെ ആയാലോ?
"ഓ വേണ്ട... എഴുതണില്ല എന്നുപറഞ്ഞ ആളല്ലേ...."
"എന്നാൽ ഞാനതൊന്നു വായിക്കാം. കേട്ടിട്ട് എങ്ങനെ ഉണ്ടെന്നു പറ
വാതിലിന്റെ പിന്നിൽ പാതിമറഞ്ഞ് ഒളികണ്ണാലെ എന്നെ നോക്കിയ ആ പച്ചച്ചുരിദാറിട്ട പെൺകുട്ടിയുടെ വിടർന്ന കണ്ണുകളിൽ ഒരായുസ്സു മുഴുവൻ കുടിച്ചുവറ്റിച്ചാലും തീരാത്ത സ്നേഹം അലയടിക്കുന്നതായി എനിക്കു തോന്നി...
ഇങ്ങനെ തുടങ്ങിയാലോ എന്നാ ആലോചന.... കൊള്ളാമോ?"
"ഇത് കൊഞ്ചം ഓവർ അല്ലെ? എന്നാലും ഞാൻ അന്ന് പച്ചച്ചുരിദാർ ആണ് ഇട്ടത് എന്നൊക്കെ ഇപ്പോഴും ഓർമ്മയുണ്ടല്ലേ?"
"പിന്നെ അതൊക്കെ മറക്കാൻ പറ്റുമോ?"
"വേറെന്തൊക്കെ ഓർമ്മയുണ്ട്? കേൾക്കട്ടെ"
"അന്നുതന്നെ ഓറഞ്ച് ജ്യൂസിൽ മധുരം കുറവായിരുന്നു. പിന്നെ പഴംപൊരി വല്ലാതെ തണുത്തുപോയി...പിന്നെ..."
"മതി മതി തൃപ്തിയായി..."
"ഞാനൊരു തമാശ അടിക്കാൻ നോക്കിയതല്ലേ. സീരിയസ് ആയി പറഞ്ഞാൽ ആ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികൾ ഓർമ്മയുണ്ട്, സ്കൂളിൽ പഠിക്കുമ്പോൾ കലാപ്രതിഭ ആയിട്ടുണ്ട് എന്നുപറഞ്ഞത് ഓർമ്മയുണ്ട്, പാട്ടു പാടുമെന്ന് പറഞ്ഞത് ഓർമ്മയുണ്ട്, രണ്ടു ദിവസം ലീവ് കിട്ടിയാൽ അപ്പൊ നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞത് ഓർമ്മയുണ്ട്.. അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ..."
"ശോ.. ഇത്രയും ഓർമ്മയുണ്ടായിട്ടാണ് ഇതൊന്നും എഴുതാത്തത് അല്ലേ..."
"അതുപിന്നെ നീയിങ്ങനെ അടുത്തിന്നിരുന്നാലല്ലേ എന്റെ ഭാവന വിടരൂ.... "
"കാര്യം നുണയാണെങ്കിലും കേൾക്കാൻ നല്ല രസം"
"നുണയോ.. കളരി പരമ്പര ദൈവങ്ങളാണേ, ലോകനാർക്കാവിലമ്മയാണേ...."
"മതി മതി ഓവർ ആക്കണ്ട.. വല്ലതും എഴുതി പോസ്റ്റ് ചെയ്യാൻ നോക്ക്. എന്തായാലും ഇത്രയൊക്കെ സുഖിപ്പിച്ചതിനു നാളെ ഞാനൊരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കി തരുന്നുണ്ട്. റെസിപ്പി ഒക്കെ നോക്കിവെച്ചിട്ടുണ്ട്"
"ബിരിയാണി എങ്ങാനും ആണോ?"
"ഏയ് ഇത് അതുക്കും മേലെ.."
"അതെന്താ?....സസ്പെൻസ് ഇടാതെ പറ പറ പറ.. ഡാൽഗോണ കാപ്പി? "
"അല്ല..."
"എന്നാൽ ഞാൻ തോറ്റു"
"ചക്കക്കുരു കട്ട്ലറ്റ്"
"എന്റെ 'വായു'ഭഗവാനേ........"
# Blog_Post_of_the_day
#Season_3
#പെണ്ണുകാണൽ
കട്ൽലറ്റിന് ശേഷം സ്വരകന്യകമാർ വീണ മീട്ടുമോ എന്ന പേടിയിൽ പ്രശസ്തബ്ലോഗർ 🤣🤣🤣🤣🤣
ReplyDeleteഅതെ അതാണ് പേടി... കണ്ടുതന്നെ അറിയണം ആ ബ്ലോഗറുടെ അവസ്ഥ എന്തായെന്ന് 🤣🤣
Deleteഹ ഹ ചക്കക്കുരു കട്ലറ്റ് കിട്ടിയോ എന്നിട്ട് . നല്ലൊരു പെണ്ണ് കാണൽ കഥ പ്രതീക്ഷിച്ച് വന്നതാ. എന്നാലും ചിരിക്കാൻ പറ്റി. പാവം ഭാര്യ
ReplyDeleteഇത് അതിനു മലയാളത്തിലെ ഏതോ ബ്ലോഗറുടെ കഥയല്ലേ... ആത്മകഥയല്ലല്ലോ. ഞാൻ എന്തായാലും അദ്ദേഹത്തോട് ചോദിച്ചുനോക്കാം!!!
Deleteഅല്പം കൂടി പൊലിപ്പിക്കണമായിരുന്നു.
ReplyDeleteഇതിനൊരു രണ്ടാം ഭാഗം വേണം. എന്നിട്ട്
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു എന്ന പാട്ട് പശ്ചാത്തലത്തിൽ.. യേത്!
അടുത്തതവണ ആകട്ടെ കുറച്ചുകൂടി പൊലിപ്പിച്ചേക്കാം...
Deleteഇലഞ്ഞിപ്പപ്പൂമണത്തിനു പകരം 'ഇവിടെ കാറ്റിനു സുഗന്ധം...." ആയാലും ഒപ്പിക്കാം അല്ലെ
ഹ ഹ ഹാ .. മഹേഷേ ... പോസ്റ്റ് വെറൈറ്റി ആയിട്ടുണ്ട് ട്ടോ .. ചിരിപ്പിച്ചു..!!
ReplyDeleteലക്ഷ്മി ഇതൊക്കെ അറിഞ്ഞതാണോ...???
നന്ദി കല്ലോലിനി... ചിരി ആയുസ്സു കൂട്ടും എന്നാണല്ലോ...
Deleteഇത് ഏതോ ബ്ലോഗറുടെ കഥയല്ലേ അതോണ്ട് ലക്ഷ്മി അറിഞ്ഞിട്ടില്ല.. ഒരു സാമൂഹിക അകലം പാലിച്ചുകൊണ്ട് വായിക്കാൻ പറയുന്നതാകും ബുദ്ധി അല്ലെ ;-)
ഭാര്യെയെ എഴുതിയത് വായിച്ച് കേൾപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ Blogger മാർക്കും ഇതൊരു പാഠമാവട്ടെ.
ReplyDeleteകലക്കി മേഹേഷ്
നന്ദി ചേട്ടാ.... ഇനി ഭാര്യമാരൊക്കെ കൂടി എനിക്കെതിരെ തിരിയാതിരുന്നാൽ മതിയായിരുന്നു 🤣🤣🤣
Deleteനല്ല പാതി ഇങ്ങെനെയായിരിക്കണം! ഭാവന ഉത്തേജിപ്പിക്കാനുള്ള ആ കുട്ടിയുടെ പ്രോത്സാഹനവും, ഉത്തേജനവും അഭിനന്ദനീയം!
ReplyDeleteഎഴുത്ത് മനോഹരം!
നന്മകൾ... ആശംസകൾ
നന്ദി തങ്കപ്പൻ സാർ... ഈ കമന്റ് വായിച്ച് ഇനി ഒരടി പൊങ്ങി നടക്കുമോ എന്നുമാത്രമേ അറിയാനുള്ളൂ....
Deleteഇങ്ങനെ ഉത്തേജനം തരുന്ന ഭാര്യയെ പെണ്ണുകാണാൻ പോയ കഥ പറയാൻ ന്താ.. ത്ര... മടീ ...?
ReplyDeleteഅശോകേട്ടാ അതുപിന്നെ ഞാൻ വേറൊരു പോസ്റ്റിൽ പറഞ്ഞുപോയി അതുകൊണ്ടാ. അല്ലാതെ ഞാൻ എഴുതാതിരിക്കുമോ......നിരപരാധിയായ എന്നെ തെറ്റിദ്ധരിച്ചില്ലല്ലോ അല്ലെ.. ;-)
Deleteഇതൊരു നിർദ്ദോഷ കഥ ആയി കാണാൻ കഴിയില്ല. ഏതോ ദീകര പെണ്ണു കാണൽ ഒതുക്കാൻ നടത്തിയ ശ്രമം. അതിന് പച്ച ചുരിദാറിൻ്റെ സഹായം കൂടി തരമാക്കി.
ReplyDeleteനന്നായി എഴുത്ത്.
അങ്ങനെ ഭീകര കഥയൊന്നുമില്ല ചേട്ടാ...
Deleteപിന്നെ പച്ച ചുരിദാർ ഓർമ്മയുണ്ടായിരുന്നതു കൊണ്ടാണ് കഷ്ടി ജീവൻ രക്ഷപ്പെട്ടത് ... :-D
രസകരമായ, തീർത്തും മുഷിപ്പിക്കാത്ത അവതരണം. ആശംസകൾ
ReplyDeleteവായനക്ക് നന്ദി ചേച്ചീ.. :-)
Deleteബ്ലോഗ്ഗറിന്റെയും വാമഭാഗത്തിന്റെയും ദൈനംദിന ജീവിതത്തിന്റെ ഒരു കൊച്ചു ചീന്ത്! നല്ല അവതരണം!നന്നായിട്ടുണ്ട് മഹേഷ്. ഭാവന വിടർന്നുകൊണ്ടേയിരിക്കട്ടെ !
ReplyDeleteനന്ദി സൂര്യാ...
Deleteഓരോ വരിയിലും ഹാസ്യം, എഴുതി വന്നതോ ഒരു ലൈവ് മാതിരി ശൈലിയിൽ ആദ്യാവസാനം പുതുമയും തമാശയും നിലനിർത്തി.അവതരിപ്പിച്ച രീതി അഭിനന്ദനാർഹം തന്നെയാണ്.
ReplyDeleteഈ പെണ്ണുകാണൽ പോസ്റ്റുകൾ ഓരോന്നും പുതുമയും വൈവിധ്യവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു..വന്നത് ഓരോന്നും ഒന്നിനൊന്ന് മെച്ചം.. അപ്പോൾ ഇനി വരാനുള്ളതോ..
ഇത്ര വിശദമായ കമന്റിന് നന്ദി :-) ശരിയാണ് ഓരോരുത്തരും കൂടുതൽ രസകരമായി പല ശൈലിയിൽ എഴുതുന്നു. സീസൺ തുടങ്ങിയല്ലേ ഉള്ളൂ... നല്ല പോസ്റ്റുകൾ ഇനിയും വരട്ടെ
Deleteകലക്കി 😃👌👍
ReplyDeleteനന്ദി ഉട്ടോ... :-)
Deleteഎന്താ വേറെയ്റ്റി അല്ലെ..(സുരാജ്.jpg)..🤣🤣
ReplyDeleteപശുവിനെ വിവരിച്ചു അവസാനം കെട്ടിയ തെങ്ങിൽ എത്തിയ പോലുണ്ട്..എന്തായാലും കിടിലം ആയിക്ക്..
എന്താ ഇങ്ങനെ സിമ്പിൾ ആയി പോസ്റ്റിടുന്നവരെ ബ്ലോഗ്ഗർമാർക്ക് ഇഷ്ടമല്ലേ... ഡോണ്ട് ദേ ലൈക്ക്? (ജഗദീഷ്.jpg) ;-)
Deleteകോമ്പോസിഷൻ പണ്ടേ എന്റെ വീക്നെസ്സാ ആനന്ദേ :-D
ഇല്ലത്ത് നിന്ന് പോരും ചെയ്‌തു ..
ReplyDeleteഎന്നാ അമ്മാത്തൊ ത്ത് എത്തീം ..ല്ലാ
ശരിക്കും ആ ഒറിജിനൽ
പെണ്ണുകാണലിൽ എന്തോ അക്കിടി പറ്റിയിട്ടുണ്ട് ...!
അല്ലാതെ എഴുത്തിന് ഇത്ര പ്രോത്സാഹനം കൊടുക്കുന്ന
ആ പെർമനന്റ് ഗെഡിച്ചിക്ക് മുന്നിൽ നിന്ന് അക്കഥ എഴുതുവാൻ
ഇത്ര പതറില്ലല്ലോ ..അല്ലെ ഭായ്
അയ്യോ അങ്ങനെയൊന്നുമില്ല മുരളിയേട്ടാ... പിന്നെ കണ്ട ഉടനെ ഞാൻ "എനിക്ക് ഈ പച്ച
Deleteചുരിദാറുകാരിയെ വേണം....നിങ്ങളെനിക്ക് ഇവളെ തരണം... ഇവളെ ഞാനിങ്ങെടുക്കുവാ.." എന്നൊക്കെ പറഞ്ഞു എന്നൊരു വെറും അപവാദം അക്കാലത്തൊക്കെ പരന്നിരുന്നു ;-)
ഇത് വല്യ കഷ്ടായല്ലോ മഹേഷ് .. പെണ്ണുകാണല് രംഗം കാണാൻ വന്നിട്ടു നിരാശപ്പെടുത്തി. എന്നാലും പച്ചച്ചുരിദാറുകാരിയെ ആദ്യായി കണ്ടത് ഇച്ചിരി
ReplyDeleteപറയാമായിരുന്നു .
വേറെ ഒരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് ചേച്ചീ അതാ ഇവിടെ ആവർത്തിക്കാഞ്ഞത്. ഈ ലിങ്ക് നോക്കിയാൽ മതി https://vazhiyorakaazhchakal.blogspot.com/2019/08/blog-post_23.html
Deleteഹാ ഹാ ഹാ ....മഹ്..പെണ്ണ് കാണൽ പോസ്റ്റിന്റെ പ്രേരണ കിടുക്കി.ചക്കക്കുരു സസ്പെൻസ് അടിപൊളി.
ReplyDeleteമാധവേട്ടാ നന്ദി... ചക്കക്കുരുവാണല്ലോ ഇപ്പോളത്തെ താരം ;-)
Deleteഅടിപൊളി എഴുത്ത്! നല്ലപാതിയാണ് താരം!
ReplyDeleteനന്ദി കൊച്ചൂ..
Deleteനല്ലപാതി തന്നെയാണ് താരം (ലോക്ക് ഡൗൺ ആയതുകൊണ്ട് അത് അങ്ങനെയല്ല എന്ന് വെറുതെപോലും പറയാൻ ഉള്ള ധൈര്യം എനിക്കില്ല)
കൊറോണയും കൊറോണക്കാലവിഭവം ചക്കക്കുരുവും കോർത്തിണക്കിയ അടിപൊളി പെണ്ണുകാണൽ കഥ.
ReplyDeleteനന്ദി മാഷേ... ചക്കക്കുരുവിനെ പറ്റി രണ്ടക്ഷരം പറഞ്ഞില്ലെങ്കിൽ മോശമല്ലേ :-)
Deleteഇത് സാങ്കൽപ്പിക കഥ ആണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ലാട്ടോ... നല്ലപാതിയുടെ ഡയലോഗുകൾക്ക് അത്ര ഒറിജിനാലിറ്റി... :)
ReplyDeleteഅതുപിന്നെ വിനുവേട്ടാ, കഥയിൽ അൽപ്പം ആത്മകഥാംശം ഉള്ളപ്പോഴാണല്ലോ... 'തികച്ചും സാങ്കൽപ്പികം' എന്ന് നമ്മളൊരു മുൻകൂർ ജാമ്യമെടുക്കുക.. ;-)
Deleteഅമ്പട മിടുക്കാ... അങ്ങനെ വരട്ടെ... ;-)
Delete