ചിത്രത്തിനു കടപ്പാട്: പ്രിയപത്നി ലക്ഷ്മി |
ചിത്തിര കാല്‍നാട്ടി ചേലുള്ള പന്തലില്‍.. ചെത്തിയും ചെമ്പകം പിച്ചകം താമര...."
വീണ മീട്ടി ഈണത്തിൽ നാവൂറ് പാടുകയാണ് പുള്ളുവത്തി. അമ്മയുടെ മടിയിലാണ് ഇരുപ്പെങ്കിലും ഒരൽപ്പം പേടി തോന്നുന്നുണ്ട്. പുള്ളുവത്തികൾക്ക് പക്ഷികൾ പറയുന്നത് മനസ്സിലാക്കാനും ഭാവി പ്രവചിക്കാനും കഴിയുമത്രേ! കാണെക്കാണെ, പുള്ളുവത്തിയുടെ വീണ ഒരു മണിനാഗമായി മാറി എന്റെ നേരെ ഇഴഞ്ഞുവരാൻ തുടങ്ങി. ആ മണിനാഗം ഇപ്പോൾ എന്നെ വരിഞ്ഞുമുറുക്കുകയാണ്. ഇനി ഒരൊറ്റ നിമിഷം മതി അത് ദംശിക്കാൻ. ഉറക്കെ കരയണമെന്നുണ്ട്; പക്ഷെ നിലവിളി തൊണ്ടയിൽ കുരുങ്ങുകയാണ്.
പാട്ട് ഉച്ചസ്ഥായിലായി....
"മണിചിത്രകൂടത്തില്‍ വിളയാടാനാടിവാ
മാണിക്യക്കല്ലിന്റെ ദീപം തെളിച്ചുവാ
നൂറും പാലമൃതുണ്ണാന്‍ നാഗങ്ങളേ വരിക
നൂറു ദോഷങ്ങളകലാന്‍ തെളിയുക..."
ഇനി രക്ഷയില്ല; ഏഴു ജന്മങ്ങളുടെ പകയുമായി മണിനാഗത്തിന്റെ നാവ് തന്റെ നെറ്റിത്തടം ലക്ഷ്യമാക്കി വരികയാണ്. എല്ലാം ഇവിടെ അവസാനിക്കുന്നു...........
ആകാശത്ത് ഒരു വെള്ളിടി വെട്ടി!
***********************************************************************************************************
ഞെട്ടിയുണർന്നു ചുറ്റുംനോക്കി. നേരം സന്ധ്യയായതോ, മാനം മൂടിക്കെട്ടി നിൽക്കുന്നതോ എന്നറിയില്ല. മുറിയിലും പുറത്തും ഇരുട്ടാണ് - മനസ്സിലും.
നന്നായി വിയർത്തിരിക്കുന്നു. കണ്ടത് മുഴുവൻ വെറും സ്വപ്നമായിരുന്നെന്നോ? കാലുകൾ വല്ലാതെ കടയുന്നു; വാതത്തിന്റെ തുടക്കമാണ്, മരുന്നു മുടക്കരുതെന്നു വൈദ്യർ പറഞ്ഞതാണ്... പക്ഷേ.....
കൈയ്യെത്തിച്ചു ലൈറ്റിന്റെ സ്വിച്ചിട്ടു. ഏഴുമണി ആകുന്നതേയുള്ളൂ. വെറുതേ ഓരോന്നാലോചിച്ചു കിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോയി. രാത്രിയിൽ ഉറക്കമൊരു വിരുന്നുകാരനായിട്ട് കാലമേറെയായി. ഈ സന്ധ്യമയക്കം കൂടി ആയതുകൊണ്ട്, ഇന്നു നേരം വെളുപ്പിക്കാൻ പതിവിലേറെ കഷ്ടപ്പെടേണ്ടിവരുമെന്നു തോന്നുന്നു. മനസ്സിന്റെ മുള്ളുവേലികളിലുടക്കിക്കിടന്ന ഓർമ്മകളെ കെട്ടഴിച്ചു മേയാൻവിട്ടു.
ഈ നഗരത്തിലെ അവസാന രാത്രിയാണിന്ന്. കുട്ടികളുടെ അച്ഛനുമൊത്ത് സ്കൂൾ വെക്കേഷനാണ് ആദ്യമായി ഇവിടെ വരുന്നത്. പല കടകൾ കയറി കൈനിറയെ തുണിത്തരങ്ങളും, മധുരപലഹാരങ്ങളും വാങ്ങി ഒരു സിനിമയും കൂടി കണ്ടതിന് ശേഷമാണ് തിരിച്ചുപോയത്. പിന്നെ അതുപോലെ എത്രയോ തവണ വീണ്ടും വന്നിരിക്കുന്നു. നഷ്ടസ്വപ്നങ്ങളുടെ മാറാപ്പുംപേറി അലഞ്ഞുതിരിയാൻ എന്നെ ഒറ്റക്കു വിട്ടിട്ട് അദ്ദേഹം ജനിമൃതികളുടെ കെട്ടുപാടുകളില്ലാത്ത മറ്റൊരു ലോകത്തേക്കുപോയി; ആഗ്രഹങ്ങളുടെ ചിറകുകൾക്ക് ബലംവെച്ചപ്പോൾ കടലുകൾതാണ്ടി മക്കളും.
ഒരുപാടു വർഷങ്ങൾക്കു ശേഷം വീണ്ടുമിവിടെ വരുമ്പോഴേക്കും നഗരം ഒരുപാട് മാറിയിരുന്നു. ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ് വരവേറ്റത്. "ആ കുഗ്രാമത്തിൽ അമ്മ ഒറ്റക്ക് എത്ര നാളെന്നുവെച്ചാ കഴിയുക" എന്ന ചോദ്യത്തിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ശരിയാണ്, വീട് അടിച്ചുതുടക്കാൻപോലും ഒരാളെ കിട്ടാനില്ല, രാത്രി ഒരു ഇലയനങ്ങുന്ന ശബ്ദംപോലും പേടിപ്പിക്കുന്നു, കാഴ്ച മങ്ങുകയും, കൈകാലുകൾക്ക് ബലം കുറയുകയും ചെയ്യുന്നു, ഒരുദിവസം എവിടെയെങ്കിലും വീണുപോയാൽ ഒരാളുമില്ല സഹായിക്കാൻ. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മകളുറങ്ങുന്ന ഈ മണ്ണും, ഹരിക്കുട്ടനും, ശ്യാമയും ഓടിക്കളിച്ച ഈ വീടും വിട്ടു എങ്ങനെപോകുമെന്നുള്ള ഹൃദയത്തിന്റെ വടംവലികളെ, മക്കളുടെ നിർബന്ധത്തിനുമുൻപിൽ അടിയറവു വെക്കേണ്ടിവന്നു. വീടും പറമ്പും വിറ്റുകിട്ടിയ തുകയും, ബാങ്കിലെ കുറച്ചു ഡെപ്പോസിറ്റുകളും ചേർത്താണ് നഗരത്തിനു തൊട്ടടുത്തുള്ള ഈ 'ലക്ഷ്വറി ഫ്ലാറ്റ്' സ്വന്തമാക്കുന്നത്. ഒരു മുറ്റമോ, പൂന്തോട്ടമോ, പോലുമില്ലാത്ത നാലു ചുവരുകൾക്കുള്ളിലെ ഈ ജയിലിനാണോ ഇത്രയും വലിയൊരു തുക ചിലവാക്കുന്നത് എന്ന് ചോദിക്കാൻ പലകുറി ആലോചിച്ചതാണ്. പക്ഷെ എല്ലാം മനസ്സിലടക്കിയതേ ഉള്ളൂ. പണ്ടും ഞാൻ അങ്ങനെയായിരുന്നല്ലോ ആദ്യം അച്ഛനോട്, പിന്നെ അദ്ദേഹത്തോട്, ഇപ്പോൾ മക്കളോട് ഒരുതരം വിധേയത്വം കലർന്ന അനുസരണാശീലം രക്തത്തിലലിഞ്ഞുപോയി. എന്തായാലും ഔപചാരികതകൾ എല്ലാം വേഗത്തിൽ കഴിഞ്ഞു. പ്രതീക്ഷിച്ചതിലും കുറഞ്ഞവിലയിൽ ഫ്ലാറ്റ് വാങ്ങാൻ പറ്റിയതിന്റെ ഒരു പുഞ്ചിരി ഹരിക്കുട്ടന്റെ മുഖത്തു തെളിഞ്ഞു കാണാനുണ്ടായിരുന്നു. കച്ചവടത്തിൽ നിനച്ചിരിക്കാതെ അൽപ്പം ലാഭംകിട്ടുമ്പോൾ അവന്റെ അച്ഛന്റെ മുഖത്ത് എത്രയോവട്ടം താൻ കണ്ടിട്ടുള്ള അതേ ചിരി. പാലുകാച്ചലും നടത്തി, ഒരു ജോലിക്കാരിയെക്കൂടി ഏർപ്പാടാക്കിയതിനു ശേഷമാണ് മക്കൾ മടങ്ങിയത്.
നാട്ടിൻപുറത്തുനിന്നും നഗരത്തിലേക്കുള്ള പറിച്ചുനടൽ എളുപ്പമായിരുന്നില്ല. ഒരു നിമിഷം ഇരിക്കാൻപോലും സമയമില്ലാതെ വീട്ടിലും പറമ്പിലുമായി ഓടിനടന്ന ദിനചര്യയിൽ നിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുക എന്നതിലേക്കുള്ള മാറ്റം കഠിനമായിരുന്നു. എല്ലാവർക്കും എപ്പോഴും തിരക്കാണ്; തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെപ്പോലും ശരിക്കൊന്നു കണ്ടിട്ടില്ല ഇതുവരെ. പകൽ മുഴുവൻ അലസമായി കഴിച്ചുകൂട്ടുന്നതുകൊണ്ടാണോ, അതോ സ്ഥലം മാറിയതുകൊണ്ടാണോ എന്നറിയില്ല, ഇവിടെ വന്നതിൽപ്പിന്നെ ഉറക്കം പതിയെ പതിയെ എന്നെ വിട്ടുപോകാൻ തുടങ്ങി. അല്ലെങ്കിലും രാത്രിയിൽ വാതിലുകളും, ജനലുകളും എത്ര ചേർത്തടച്ചാലും ഇവിടെ സൂര്യൻ അസ്തമിക്കാറേയില്ല എന്ന പ്രതീതിയുളവാക്കി വെളിച്ചത്തിന്റെ ചില തുണ്ടുകൾ മുറിയിലേക്ക് കടന്നുവരും. അവ ചുവരിൽ വരയ്ക്കുന്ന നിഴൽചിത്രങ്ങൾ നോക്കിയിരിക്കുമ്പോൾ ചിമ്മിനിവിളക്കിന്റെ വെട്ടത്തിൽ കൈവിരലുകൾകൊണ്ട് മാനിനെയും, മയിലിനെയുമെല്ലാം ഉണ്ടാക്കിക്കളിച്ചിരുന്ന പാവാടക്കാരിയെ ഓർമ്മവരും. ഒടുവിൽ ഒന്ന് മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴായിരിക്കും ഒരു വാഹനത്തിന്റെ ഹോൺ കേട്ട് ഞെട്ടിയുണരുക. പിന്നീട് തിരിഞ്ഞും, മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കും.
ജീവിതം തട്ടിയും തടഞ്ഞും പുതിയ വഴികളിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോളാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഹരിക്കുട്ടനും, ശ്യാമയും പറന്നെത്തിയത്. മനസ്സ് മഴവില്ലുകണ്ട മയിലിനെപ്പോലെ നൃത്തം വെക്കുകയായിരുന്നു. കുട്ടികളെക്കൂടി കൊണ്ടുവരാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ 'അവർക്കു സ്കൂളില്ലേ അമ്മേ' എന്നായിരുന്നു മറുപടി. എന്തോ ആകട്ടെ തിരക്കിനിടയിലും അമ്മക്കൊപ്പം കുറച്ചുദിവസം വന്നു നിൽക്കാൻ തോന്നിയല്ലോ അതുതന്നെ വലിയ കാര്യം. പക്ഷേ വീട്ടിൽ അമ്മക്കൊപ്പം ഒന്നിരിക്കാൻ പോലും വയ്യാത്തവിധം എന്താണാവോ ഇത്ര വലിയ തിരക്ക്? രണ്ടാളും രാവിലെ പോയാൽ വൈകിട്ട് തളർന്ന മുഖത്തോടെയാണ് തിരിച്ചുവരുന്നത്. എന്താണ് കാര്യമെന്നു ചോദിച്ചാൽ ഒന്നുമില്ല എന്നുപറയും. അച്ഛന്റെ മുൻശുണ്ഠി അതേപടി ഹരിക്കുട്ടനും കിട്ടിയിട്ടുണ്ട്. അതുകൊണ്ടു കൂടുതൽ ചോദിക്കാൻ നിന്നില്ല. ഒരാഴ്ചയിലേറെയായി കേടായിക്കിടക്കുന്ന കേബിൾ കണക്ഷൻ ഒന്ന് ശരിയാക്കണം എന്ന് ഓർമ്മിപ്പിച്ചതിന് അവൻ എന്നെപ്പിടിച്ചു തിന്നില്ല എന്നേയുള്ളൂ. ആ പത്രക്കാരനെയും ഈയിടെയായി കാണാറില്ല. എന്തോ ആവട്ടെ; മക്കൾ രണ്ടുപേരും അടുത്തുള്ളപ്പോൾ മറ്റൊന്നിനും വലിയ പ്രാധാന്യമില്ലല്ലോ!
പതിവിനു വിപരീതമായി അന്ന് ഹരികുട്ടനും ശ്യാമയും രാവിലെ പുറത്തുപോയില്ല. പക്ഷെ മുറി അടച്ചിരുന്നു എന്തൊക്കെയോ അടക്കം പറയുന്നത് കേൾക്കാമായിരുന്നു. ചേച്ചിക്കും അനിയനും എന്തൊക്കെ പറയാനുണ്ടാകും എന്നുകരുതി അതിനു വലിയ പ്രാധാന്യമൊന്നും കൽപ്പിച്ചില്ല. ഉച്ചയൂണിനു രണ്ടുപേരും ഉണ്ടാകുമെന്നതിനാൽ അടുക്കളയിൽ പിടിപ്പതു പണിയായിരുന്നു. വെക്കേഷനുകളിൽ ചെയ്യാറുള്ളതുപോലെ രണ്ടുപേർക്കും ഇഷ്ടപെട്ട വിഭവങ്ങൾക്കൊപ്പം ഒരു പായസംകൂടി ഉണ്ടാക്കി. ഉച്ചയൂണും മയക്കവുമെല്ലാം കഴിഞ്ഞു ബാൽക്കണിയിൽ എല്ലാവരുംകൂടി കായലിന്റെ ഭംഗിയും ആസ്വദിച്ച് കാറ്റ് കൊണ്ടിരിക്കുകയായിരുന്നു. അസുഖകരമായ ഒരു മൗനം അന്തരീക്ഷത്തിൽ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു, അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിലൊരു വേവലാതിയും; ഒരുപക്ഷേ പ്രായം കൂടുന്നതിന്റെ ലക്ഷണമാകാം!
"അമ്മക്ക് ഫ്ലാറ്റ് ജീവിതവുമായി തീരെ ഒത്തുപോകാനാവുന്നില്ല അല്ലേ?" ഹരിക്കുട്ടൻ മൗനം ഭഞ്ജിച്ചു.
പെട്ടെന്നുള്ള ആ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയാതെ പതറിപ്പോയി.
"നാട്ടിലെ അമ്പലവും, അയൽവക്കവുമെല്ലാം അമ്മക്ക് വല്ലാതെ മിസ് ചെയ്യുന്നില്ലേ?" - ശ്യാമയാണ്.
ശരിയാണ്, പക്ഷേ ഇതൊക്കെ ഇപ്പോൾ ചോദിക്കുന്നതെന്തിന് എന്നു മനസ്സിലാകുന്നില്ല.
"ഞങ്ങളിനി പറയാൻ പോകുന്നത് അമ്മ ക്ഷമയോടെ കേൾക്കണം"
ഒന്നും പറഞ്ഞില്ല. ശക്തിയായി മിടിക്കുന്ന ഹൃദയം ഇപ്പോൾ പൊട്ടുമെന്നു തോന്നിപ്പോയി. എന്തിനാണാവോ ഇത്ര വലിയൊരു മുഖവുര?
"ഞങ്ങൾക്ക് ജോലിയും കളഞ്ഞ് കുറേദിവസം ഇവിടെ നിൽക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടു നാളെ വൈകിട്ട് തിരിച്ചുപോകും. ഇവിടത്തെ സാധനങ്ങൾ നാട്ടിലേക്കു കൊണ്ടുവരാൻ ഒരു പാക്കേഴ്സ് ആൻഡ് മൂവേഴ്‌സിനെ ഏൽപ്പിച്ചിട്ടുണ്ട്. അവർ വേണ്ടത് ചെയ്‌തോളും, അമ്മ ബുദ്ധിമുട്ടേണ്ട. നമ്മുടെ തറവാട്, വാടകക്ക് തരാമെന്നു അത് വാങ്ങിയ ആൾ സമ്മതിച്ചിട്ടുണ്ട്. അമ്മ അങ്ങോട്ടു ചെന്നാൽ മാത്രം മതി അവിടെ എല്ലാം റെഡി ആയിരിക്കും."
അവൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ ഒരുപാടു സമയമെടുത്തു. എന്താണാവോ പെട്ടെന്ന് ഇങ്ങനെയൊക്കെ തോന്നാൻ? എന്തായാലും നേരിട്ടു പറയാതെ തന്നെ ഈ ചുവരുകൾക്കുള്ളിലെ അമ്മയുടെ ശ്വാസംമുട്ടൽ അവർ മനസ്സിലാക്കിയല്ലോ... വല്ലാത്തൊരു ആനന്ദം ഉള്ളിൽ നിറഞ്ഞു. ഇത് അവർ നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ വീട് വിൽക്കാതിരിക്കാമായിരുന്നു.
ഹരിക്കുട്ടനും ശ്യാമയും മിനിയാന്ന് തിരിച്ചുപോയി. പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ് കമ്പനിക്കാർ ഇന്നലെവന്നു സാധനങ്ങളെല്ലാം കൊണ്ടുപോയി. നാട്ടിലെ വീട് ഒന്ന് വൃത്തിയാക്കിയിടാനും, വരുന്ന സാധനങ്ങൾ യഥാസ്‌ഥാനത്ത് ക്രമീകരിക്കാനും ഗോപിയേട്ടനോട് വിളിച്ചു പറഞ്ഞിരുന്നു. ഇന്ന് മനപ്പൂർവം പോകാതിരുന്നതാണ്. വെറുതെ അങ്ങനെ അടച്ചുപൂട്ടി പോകാനൊക്കില്ലല്ലോ. അമ്മ ഒന്നിനും നിൽക്കണ്ട എന്ന് രണ്ടുപേരും പലകുറി പറഞ്ഞെങ്കിലും, സാധനങ്ങൾ കൊണ്ടുപോകാൻ വന്നവർ ചവിട്ടികൂട്ടി വൃത്തികേടാക്കിയ ഫ്‌ളാറ്റിനെ അങ്ങനെയങ്ങു വിട്ടിട്ടുപോകാൻ തോന്നിയില്ല. ഒന്ന് തൂത്തു തുടച്ചു വൃത്തിയാക്കിയിട്ടു പോകാമെന്നു കരുതി പണിക്കാരിപ്പെണ്ണിനോടു വരാൻ പറഞ്ഞു.
ഇവിടേക്കു താമസം മാറിയ അന്നുമുതൽ ജോലിക്കു വരുന്നവളാണ്. വായാടിയാണെങ്കിലും ഒരു പാവമാണ്. ഇവിടെത്തന്നെ പത്തോളം ഫ്ളാറ്റുകളിലെ വീട്ടുപണിയും, പകൽ ഏതോ കമ്പനിയിൽ ജോലിക്കുപോകുന്നതുകൊണ്ടു കിട്ടുന്ന തുച്ഛമായ ശമ്പളവും കൊണ്ടാണ് അച്ഛനില്ലാത്ത രണ്ടുകുട്ടികളെ അവൾ വളർത്തുന്നത്. ആ കുട്ടികൾ നന്നായി പഠിച്ചാൽ മതിയായിരുന്നു എന്ന് എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ഇവിടെത്തന്നെ കൂടുതൽ ഫ്ലാറ്റുകളിൽ താമസക്കാരെത്തുമ്പോൾ അവിടത്തെ ജോലികൾ കൂടി ഏറ്റെടുക്കണം, എന്നിട്ടുവേണം ഇപ്പോഴത്തെ ഒറ്റമുറി വീട്ടിൽനിന്ന് ഒരൽപ്പംകൂടി സൗകര്യമുള്ള വാടകവീട്ടിലേക്ക് മാറാൻ എന്ന് എപ്പോഴും പറയും. ജീവിതം എന്നത് എത്ര വിരോധാഭാസമാണ്; അവൾ വീട്ടിൽ ഒരിഞ്ചു സ്ഥലത്തിനുവേണ്ടി കഷ്ടപ്പെടുന്നു; ഞാനാകട്ടെ ഈ വലിയ ഫ്ലാറ്റിൽ ഒറ്റയ്ക്കും.
സാധാരണ ജോലിക്കുവന്നാൽ ഒരു നിമിഷം പോലും വായ് പൂട്ടാതെ സംസാരിക്കുന്ന പെണ്ണാണ്. പലപ്പോഴും ഞാൻ വേറെന്തോ ചിന്തകളിൽ മുഴുകി വെറുതേ മൂളിക്കൊണ്ടിരിക്കാറാണ് പതിവ്. ഇന്നെന്തോ ആകെ സങ്കടത്തിലാണ്; ഇടക്കിടക്ക് സാരിത്തുമ്പുകൊണ്ട് കണ്ണുതുടക്കുന്നതു കാണാമായിരുന്നു. എന്തുപറ്റി എന്നുചോദിച്ചപ്പോഴൊക്കെ ഒന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. ഒടുക്കം അടുക്കളയിൽ പിടിച്ചിരുത്തി നിർബന്ധമായി ചോദിച്ചപ്പോൾ ദുഃഖം അണപൊട്ടിയൊഴുകി. കരയട്ടെ, കരയുന്നത് മനസ്സിന്റെ ഭാരം കുറക്കുമെന്നല്ലേ? ഞാൻ കരയാൻ പോലും മറന്നിട്ടു നാളുകളെത്രയായി. കരച്ചിലിന് ഒരു ശമനം കിട്ടിയപ്പോൾ അവൾ പറഞ്ഞു; നാളെമുതൽ ഇവിടെ ജോലിയില്ല അതോർക്കാൻകൂടി പറ്റുന്നില്ല എന്ന്. ആദ്യം അങ്ങോട്ട് ശരിക്കും മനസ്സിലായില്ല; നാട്ടിലേക്ക് പോകുന്നതുകൊണ്ടാണ് അവളോട് വരേണ്ടെന്ന് പറഞ്ഞത്, വേറെയും ചില ഫ്ലാറ്റുകാർ കഴിഞ്ഞ ദിവസങ്ങളിൽ ഒഴിഞ്ഞു പോകുന്നതു കണ്ടിരുന്നു. പക്ഷേ അതുകൊണ്ട് അവളുടെ ജോലി പൂർണ്ണമായി നഷ്ടപ്പെടുന്നത് എങ്ങനെ? ഒരുകൂട്ടർ പോയാൽ വേറാരെങ്കിലും വരുമല്ലോ നീ ഇങ്ങനെ വിഷമിക്കാതിരിക്കൂ എന്നുപറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കണ്ണീരിന്റെ അകമ്പടിയോടെ, ഇടയ്ക്കു മുറിഞ്ഞു പോകുന്ന വാക്കുകളോടെ അവൾ പറഞ്ഞതെല്ലാം
ഇടിത്തീ പോലെയാണ് കേട്ടത്. ഈ ഫ്ലാറ്റുകൾ നിയമപ്രകാരമല്ല പണിതിരിക്കുന്നതത്രെ! അതുകൊണ്ട് അതുപൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. പത്തുദിവസമായിരുന്നു ഒഴിയാനായി സർക്കാർ അനുവദിച്ചിരുന്നത്. അത് നാളെ വൈകിട്ടു തീരുകയാണ്. അവളുടെ സ്വപ്നങ്ങളുടെ മഴവില്ല് പെട്ടെന്നൊരു വെയിലിൽ മാഞ്ഞുപോകുന്നത് കണ്ടുനിൽക്കാനാകാതെ സ്വയം പെയ്തുതോർന്നതാണ്.
ഇപ്പോൾ എല്ലാം വ്യക്തമായി. അമ്മയോട് വെറുതെ തോന്നിയൊരു സ്നേഹത്തിന്റെ പുറത്തല്ല മക്കൾ പറന്നെത്തിയത്. മറിച്ച് സ്വത്ത് കൈവിട്ടുപോകുന്നതിന്റെ ആവലാതിയിലാണ്. രണ്ടുപേരും പ്രതീക്ഷനിറഞ്ഞ മുഖത്തോടെ രാവിലെ പോവുകയും നിരാശയോടെ വൈകിട്ട് വന്നുകയറുകയും ചെയ്യുന്നതിന്റെ കാരണവും ഇതുതന്നെ. കേബിൾ കേടായതും, പത്രക്കാരൻ വരാതായതും ഒന്നും യാദൃശ്ചികമായിരുന്നില്ല; അമ്മയെ ഒന്നും അറിയിക്കാതിരിക്കാൻ മക്കൾ കാണിച്ച അതിബുദ്ധി. കുറച്ചുദിവസങ്ങളായി ആളുകൾ കൂടുന്നയിടത്തെല്ലാം പതിഞ്ഞ ശബ്ദത്തിൽ ഇതേവിഷയത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരുന്നു. അന്നൊന്നും ഇത്ര ഭയാനകമായിരിക്കും ഇതിന്റെ പരിണാമം എന്നൂഹിച്ചതുപോലുമില്ല. എന്തായാലും ഇന്നലെ പോകാഞ്ഞത്തു നന്നായി. മണ്ണോടു ചേരുന്നതിനു മുൻപായി ഒരു രാത്രികൂടെ ഇവിടെ തങ്ങാമല്ലോ. ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞാൽ ഈ ചുവരുകളോട് മാത്രമല്ല ഈ നഗരത്തോടുതന്നെ വിടചൊല്ലണം - എന്നെന്നേക്കുമായി! ആലോചിക്കുമ്പോൾ ചങ്കു പൊടിയുകയാണ്. ഉറുമ്പ് അരിമണികൾ കൂട്ടുന്നതുപോലെ ഞാനും, കുട്ടികളുടെ അച്ഛനുംകൂടി നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സമ്പാദ്യമാണ് വെറുമൊരു ഓർമ്മയായി മാറാൻ പോകുന്നത്.
വീണ്ടും ആകാശത്ത് ഒരിടി വെട്ടി. ഓർമ്മകളുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് പുറത്തുവരാൻ അത് സഹായിച്ചു. കണ്ണുകൾ ഒരൽപ്പം നിറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, കാഴ്ചകൾ വ്യക്തമല്ല. ഇനിയും ഓരോന്ന് ആലോചിച്ചുകൂട്ടണ്ട എന്നുകരുതി കണ്ണട നന്നായൊന്നു തുടച്ച്, ആർക്കുംവേണ്ടാതെ ഷെൽഫിൽ കിടന്നിരുന്ന 'ഖസാക്കിന്റെ ഇതിഹാസം' എടുത്ത് മറിച്ചുനോക്കി.
ആദ്യത്തെ വരി വായിച്ചു - "കൂമൻകാവിൽ ബസ് ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല......."
കൂടുതൽ വായിക്കാൻ തോന്നിയില്ല. പുസ്തകം മടക്കിവെച്ചു.
എനിക്കുപക്ഷെ നാളെ ബസ് ഇറങ്ങുന്നതുമുതൽ കിടപ്പാടമില്ലാത്തവളായി, സ്വന്തം വീട്ടിൽ വാടകക്കാരിയായി താമസിക്കുന്നതുൾപ്പെടെയുള്ള എല്ലാം അപരിചിതമായിരിക്കും.......
ഒരു വേദന എവിടെനിന്നോ ഉത്ഭവിച്ച് ഹൃദയത്തിന്റെ അറകളിൽ ചെന്നവസാനിച്ചു.
പതിവിനു വിപരീതമായി അന്നുരാത്രി ഞാൻ സുഖമായുറങ്ങി. പിറ്റേന്ന് പോലീസുകാർ വന്നു തണുത്ത ശരീരത്തെ ആംബുലൻസിൽ കയറ്റുംവരെ.
മഹേഷ് വളരെ ഇഷ്ടപ്പെട്ടു.....
ReplyDeleteകുറേ നാൾ മലയാളി കൊണ്ടാടിയ ഫ്ലാറ്റ് വിഷയത്തിൽ വേറിട്ട വഴിയിലെ ചിന്ത ഗംഭീരമായി.
ഏറിയ കൂറും സ്വത്തിന് വേണ്ടി സ്വത്വത്തെ വിറ്റു കൃത്രിമത്വം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ വൃദ്ധരായ മാതാപിതാക്കളെ ഭാരമായി മാത്രം കാണുന്നു.വളരെ ലളിതമായ ഭാഷയിൽ നല്ലൊരു കഥയിലേക്ക് കൈപിടിച്ച് നടത്തിയ മഹേഷ്, നല്ലെഴത്തിന് നന്മകൾ നേരുന്നു
നന്ദി വിനോദേട്ടാ, നമ്മൾ ഒരാഘോഷം പോലെ കൊണ്ടാടിയ ഈ സംഭവത്തിനുപിന്നിൽ ഇങ്ങനത്തെ അറിയാത്ത എത്ര കഥകൾ കാണുമല്ലേ...
Deleteഒരുപാട് പറഞ്ഞു പഴകിയ, എന്നാലിപ്പോഴും വേണ്ട വിധത്തിൽ പരിഗണിക്കപ്പെടാത്ത ഒരു വിഷയമാണ് വാർദ്ധക്യത്തിലെ പരാധീനതകൾ. മാറിയ കാലത്തിനനുസരിച്ചു മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക ക്ഷേമത്തിന് ഉതകുന്ന സജ്ജീകരണങ്ങൾ ഇപ്പോഴും കാതങ്ങൾ അകലെയാണ്. സ്വാർത്ഥരായിത്തീരുന്ന ദേശാടനക്കിളികൾ പോലുള്ള മക്കൾ ഒരു സ്വാഭാവിക പ്രതിഭാസം ആയിത്തീർന്നിരിക്കുന്നു. ജീവിച്ചിരിക്കെ സ്വന്തം സമ്പാദ്യം മൊത്തമായി മക്കൾക്ക് എഴുതിക്കൊടുക്കുന്നത് കുറ്റകരമാക്കിയാൽ കുറെയേറെ ചൂഷണങ്ങൾ ഒഴിവാക്കാം. സർക്കാരിന്റെ ഉത്തരവാദിത്തം ആകണം വൃദ്ധ ജനങ്ങളുടെ പരിരക്ഷ.
ReplyDeleteപുള്ളുവൻ പാട്ടിലൂടെ തുടങ്ങി, സ്വാഭാവികമായ ജീവിതാവസ്ഥകളിലൂടെ ഊളിയിട്ട്, അവസാനം അനിവാര്യമായ സ്നേഹ നിരാസത്തിൽ നിർത്തുകയാണെന്ന് കരുതിയപ്പോഴാണ് , തികച്ചും സമകാലികമായൊരു വിഷയത്തെ ചെന്നു സ്പർശിച്ചത്. നല്ലെഴുത്ത്. അതിസാധാരണമായ ജീവിത യാഥാർഥ്യങ്ങൾ പോലും എഴുത്തുകാരന്റെ സൂക്ഷ്മമായ കാഴ്ചയുടെ ചില്ലിലൂടെ നോക്കുന്ന വായനക്കാരന് കൂടുതൽ അനുഭവവേദ്യമാകുന്നു. ഇവിടെയും അത് കാണാം. ആ അമ്മയുടെ നോവിന്റെ ഒരു തരി എന്നിലും അവശേഷിക്കുന്നു.
വായനക്ക് ഒരുപാട് നന്ദി സ്നേഹം..
Deleteചെറുപ്പക്കാരിലധികവും ജോലി തേടി വിദേശത്തുപോകുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, ഇത്തരം ഒറ്റപ്പെട്ട വാർദ്ധക്യങ്ങൾ തുടർക്കഥയാകുകയാണ്. ചേച്ചി പറഞ്ഞതുപോലെ, ഈ വിഷയത്തിൽ ഉപരിപ്ലവമായ ചർച്ചകൾ നടക്കുന്നു എന്നല്ലാതെ, അതിന്റെ സാമൂഹ്യാഘാതം എന്താണെന്നോ, ഇതിനു പ്രതിവിധി എന്താണെന്നോ സർക്കാരോ, സമൂഹമോ ഗൗരവകരമായി ചിന്തിച്ചുതുടങ്ങിയിട്ടില്ല എന്നതാണ് ദുഃഖകരം.
വല്ലാത്ത അവസ്ഥ തന്നെ. നന്നായി എഴുതി. മക്കൾ വലുതാകും വരെ അമ്മയും അച്ഛനും അനുസരിപ്പിക്കും.മക്കൾ വലുതായാൽ മക്കൾ മാതാ പിതാക്കന്മാരെ അനുസരിപ്പിക്കും . നമ്മുടെ എല്ലാ ബന്ധങ്ങളിലും ഈ പവർ റിലേഷൻസ് ആണ് പ്രവർത്തിക്കുന്നത് എന്ന് തോന്നാറുണ്ട്. കാലാകാലങ്ങളായി നമ്മൾ ഇത് മാത്രം പഠിച്ച് ഉറച്ചു പോയൊരു ജീൻ ആണെന്ന് തോന്നുന്നു. എന്നും ഓർക്കുന്ന ഒരു വിഷയമാണ് .. ഇതിൽ വായിച്ചപ്പോൾ വീണ്ടും ഓർമ്മ വന്നു
ReplyDeleteഎല്ലാ മക്കളും അങ്ങനെയാണെന്നല്ല; എന്നാലും തങ്ങളുടെ സുഖസൗകര്യങ്ങൾക്കായി അച്ഛനുമമ്മയും എല്ലാം ത്യജിക്കണം എന്ന് നിർബന്ധിക്കുന്ന മക്കളുടെ എണ്ണം കൂടി വരുകയാണ് എന്നതാണ് വാസ്തവം.
Deleteവായനക്ക് നന്ദി സ്നേഹം <3
പലരും പറഞ്ഞ് പഴകിയ വിഷയമാണങ്കിലും വളരെ മനോഹരമായി പുതിയ പശ്ചാത്തം ത്തിൽ അവതരിപ്പിച്ചു . നല്ല വായനാസുഖം നൽകുന്ന എഴുത്ത്. വായിച്ച് കഴിഞ്ഞാലും മനസ്സിൽ അവശേഷിപ്പിക്കണ നോമ്പരങ്ങൾ.
ReplyDeleteആശംസകൾ
അടുത്തിടെ വല്ലാതെ വാർത്താപ്രാധാന്യം നേടിയ ഒരു സംഭവമാണല്ലോ എന്നുകരുതിയാണ് ഈ പശ്ചാത്തലം തെരഞ്ഞെടുത്തത്. വായനക്കും നല്ല വാക്കുകൾക്കും ഒരുപാടു നന്ദി ചേട്ടാ... <3
Deleteനല്ല കഥ. നല്ല ആഖ്യാനം.
ReplyDeleteഇടക്ക് ഫ്ലാറ്റ് പൊളിപ്പും സുപ്രീം കോടതി വിധിയും എടുത്തിട്ടത് അത്ര ഭംഗിയായി തോന്നിയില്ല. കാരണം കഥയുടെ മുഖ്യ വിഷയവുമായി ബന്ധമില്ലാത്തൊരു വിഷയം.
ശരിയാണ് ചേട്ടാ, എനിക്കും ഒരു പൊരുത്തക്കേടുപോലെ തോന്നിയിരുന്നു. എങ്കിലും ആ അമ്മക്ക് സഹിക്കാൻ കഴിയാത്തവിധം വിഷമമുണ്ടാകുന്ന ഒരു കാരണം എന്തായിരിക്കണമെന്നുള്ള ഒരു ഭാവനാപരമായ പ്രതിസന്ധി നേരിട്ടപ്പോൾ അടുത്തിടക്ക് വാർത്താപ്രാധാന്യം നേടിയൊരു വിഷയമെന്ന നിലക്ക് അത് ഉപയോഗിച്ചെന്നേയുള്ളൂ.. തുടക്കക്കാരന്റെ ഒരു കൈയടക്കത്തിന്റെ കുറവും ആണെന്ന് പറയാം :-)
Deleteചേട്ടനെപ്പോലെ ഒരുപാട് സീനിയറായ ഒരു ബ്ലോഗ്ഗർ ആദ്യമായി ഇവിടെ വന്നതിലും, വായിച്ചതിലും, അഭിപ്രായം, രേഖപ്പെടുത്തിയതിലും ഒരുപാട് സന്തോഷം...സ്നേഹം <3
മികച്ച നിരീക്ഷണങ്ങളിലും വരച്ചിടലുകളിലും തുടങ്ങി. ഫ്ലാറ്റ് പൊളിക്കൽ ഒരു ഘടകമായി ആദ്യമായാണ് ഒരു കഥ വായിക്കുന്നത്. മനോഹരം. ഭാവുകങ്ങൾ.
ReplyDeleteഅടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നൊരു വിഷയത്തെ പശ്ചാത്തലമാക്കാൻ ഒരു ശ്രമം നടത്തിയതാണ്. വായനക്കും നല്ല വാക്കുകൾക്കും ഒരുപാട് സന്തോഷം, സ്നേഹം രാജ്... <3
Deleteചിത്രം നന്നായി എന്ന് പ്രത്യേകം പറയട്ടെ!
ReplyDeleteതീർച്ചയായും.. അഭിനന്ദനങ്ങൾ അങ്ങോട്ടറിയിച്ചപ്പോൾ പെരുത്ത് നന്ദി ഇങ്ങോട്ടും അറിയിക്കാൻ പറഞ്ഞിട്ടുണ്ട് :-)
Deleteഅമ്മമനസിന്റെ വേവറിയുന്ന ഒരെഴുത്തുകാരനുണ്ടല്ലോ ഇതിൽ 🥰 നന്നായിരിക്കുന്നു മഹേഷ്.. ഇനിയും കഥകളുണ്ടാവട്ടെ... കഥകൾക്കിതുപോലെ മനോഹര ചിത്രങ്ങളും 😍😍
ReplyDeleteനന്ദി സൂര്യാ.... അത്രക്കൊന്നുമില്ല, പിന്നെ ഓരോ ആഗ്രഹത്തിന്റെ പേരിൽ എഴുതാൻ ശ്രമം നടത്തുന്നതല്ലേ... ;-)
Deleteചിത്രം മനോഹരമെന്നു ഒരു ചിത്രകാരി തന്നെ പറഞ്ഞതിന് തിരിച്ചൊരു ലോഡ് നന്ദി അറിയിക്കാൻ പറഞ്ഞിട്ടുണ്ട്.
വേറൊരു പ്രത്യേക അറിയിപ്പ്:ജിപ്സി പെൺകൊടിയുടെ പടം വരക്കുന്നവർ നല്ല ചിത്രങ്ങൾ വരച്ചുതന്നാലും സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് :-D
നല്ല കഥ... ഒരു പക്ഷേ ഇത് പോലെ ഒന് ശരിക്കും നടന്നിട്ടുണ്ടായിരിക്കാം. മാതൃത്വം, സ്നേഹം, സങ്കടം, എല്ലാം സമമായി ചേർത്തത് കൊണ്ട് വായനക്ക് ഒരു പ്രത്യേക സുഖമായിരുന്നു.
ReplyDeleteചിത്രം നന്നായിരുന്നു എന്ന് പറഞ്ഞേക്ക്ട്ടോ.
ഇഷ്ടം,
ആശംസകൾ.
ഒരുപാട് സന്തോഷം, സ്നേഹം ആദി... <3 <3
Deleteഇതുപോലെ നമ്മളറിയാതെ എത്രയെത്രയോ കഥകൾ ഉണ്ടായിട്ടുണ്ടാകാം എന്ന് ഒരു നെടുവീർപ്പോടെ ഓർക്കാൻ മാത്രമല്ലേ നമ്മളെക്കൊണ്ടു കഴിയൂ...
അഭിനന്ദനം ചിത്രം വരച്ച ആളെ അറിയിച്ചിട്ടുണ്ട്. തിരിച്ചു സ്നേഹവും നന്ദിയും അറിയിക്കുന്നു..
മഹേശാ...
ReplyDeleteനിന്റെ മോശപ്പെട്ട സൃഷ്ടി.
"
ചിമ്മിനിവിളക്കിന്റെ വെട്ടത്തിൽ കൈവിരലുകൾകൊണ്ട് മാനിനെയും, മയിലിനെയുമെല്ലാം ഉണ്ടാക്കിക്കളിച്ചിരുന്ന പാവാടക്കാരിയെ ഓർമ്മവരും"
ഈ ഇടത്തിലല്ലാതെ എന്റെ മനസ്സ് വേറെങ്ങും ഉടക്കിയില്ല.
ഉടച്ചുകളഞ്ഞ ഫലാറ്റിന്റെ പിന്ബലമില്ലാതെ തന്നെ ഗംഭീരമായി വരച്ചിടാവുന്നൊരു നഷ്ടമുണ്ടായിരുന്നു ഇതിൽ.
ആകാശവവും മണ്ണും ആർദ്രതയും അവശേഷിക്കാത്ത ഒരു ശൂന്യസ്ഥലിയിൽ
ആ അമ്മയെ മഹു അർഹിക്കുന്ന വിധം പരിഗണിക്കാതെ വിട്ടു..
എന്നാലും നിനക്ക് ഒരു കട്ട സലാം
മണ്ണിലുള്ളതെല്ലാം വിറ്റ് ആകാശത്തൊരു കൂടുവെക്കുക, ഒടുവിൽ ഒരു ആ കൂട് ഒരു മഴവില്ലുപോലെ മാഞ്ഞുപോകുക അതിനു സാക്ഷിയാകേണ്ടിവന്ന ഒരമ്മയുടെ ദുഖമാണ് പറയാൻ ശ്രമിച്ചത്. അത് അത്രക്കങ്ങ് ഏശിയില്ല അല്ലേ.. സാരമില്ല അടുത്തതിൽ ആഞ്ഞുപിടിക്കാം... :-)
Deleteടാ പറയാൻ വിട്ടു....ആ ചിത്രം ഒരു രക്ഷയുമില്ല ട്ടാ.
ReplyDeleteഅത്രക്ക് ഇഷ്ടായി.
സലാം വെച്ചു
അഭിനന്ദനങ്ങൾ അങ്ങോട്ടറിയിച്ചപ്പോൾ പെരുത്ത് നന്ദി ഇങ്ങോട്ടും അറിയിക്കാൻ പറഞ്ഞിട്ടുണ്ട് :-)
Deleteതകർന്നുവീഴുന്ന ഫ്ലാറ്റുകളുടെ ദൃശ്യങ്ങൾ ഓർമ്മയിൽത്തെളിയുന്നോടൊപ്പം ഹതഭാഗ്യരുടെ മുഖങ്ങളും...... നല്ല രചന
ReplyDeleteആശംസകൾ
നമ്മളുടെ കാണാമറയത്ത് അങ്ങനെ ഹതഭാഗ്യരായ എത്രയോ മുഖങ്ങൾ... :-(
Deleteനന്ദി തങ്കപ്പൻ സാർ...
മരടിനെ ഒരു കഥയാക്കി ഇല്ലേ... ചില വരികൾ മനസ്സിൽ തട്ടി... ആശംസകൾ...
ReplyDeleteഅടുത്തയിടക്ക് വാർത്തകളിൽ നിറഞ്ഞുനിന്ന സംഭവമല്ലേ അതിനുപിന്നിൽ എത്ര കാണാക്കഥകൾ കാണും എന്ന ചിന്തയിൽ നിന്നൊരു ശ്രമം...
Deleteനന്ദി, സ്നേഹം വിനുവേട്ടാ... <3
കൊള്ളാം.. കഥ ഈ വിഷയം ആണ് കൈകാര്യം ചെയ്യുന്നത് എന്നൊരു സൂചനയും ഇല്ലാതിരുന്നത് കൊണ്ട് വായന പുരോഗമിക്കുംതോറും മനസ്സിൽ ഓരോ ക്ളീഷേ ക്ളൈമാക്സ് സങ്കല്പിച്ചുണ്ടാക്കിയ ഞാൻ വിഡ്ഢി . ഈ കഥ ഇപ്പോഴുള്ളതിന്റെ പകുതി വാക്കുകളിലേക്ക് ചുരുക്കിയാൽ എങ്ങനെയിരിക്കും എന്നാണ് ഞാൻ ഇപ്പൊ aalochikkunnathആലോചിക്കുന്നത്.
ReplyDeleteനന്ദി...സ്നേഹം വായനക്ക്.. <3
Deleteഈ കമന്റ് വായിച്ചുകഴിഞ്ഞപ്പോൾ അതേ ചിന്ത തന്നെ എനിക്കും.... അടുത്തതവണ ചുരുക്കാം :-)
ഫ്ലാറ്റ് പൊളിക്കൽ പശ്ചാത്തലമായി ആദ്യമായാണ് ഒരു കഥ വായിച്ചത്. ഇമ്മാതിരി ഭൂകമ്പം ഉണ്ടാക്കിയ ഒരു സംഭവം, അവിടുത്തെ ഒരു ഫ്ലാറ്റിന്റെ ഉടമസ്ഥ, അവസാന നിമിഷം വരെ അറിഞ്ഞില്ല എന്നു പറയുന്നത് അതിശയോക്തിയാണ്. എങ്കിലും മൊത്തത്തിൽ കഥയും ചിത്രവും നന്നായി. ആശംസകൾ.
ReplyDeleteസത്യത്തിൽ അതിശയോക്തി തന്നെയാണ്. പിന്നെ കഥയിൽ ചോദ്യമില്ല എന്നൊരു മുടന്തൻ ന്യായത്തോടെ ഞാൻ എസ്‌കേപ്പ് ആകുന്നു... :-)
Deleteഎന്നാലും ആകെ മൊത്തം ടോട്ടൽ നോക്കിയപ്പോൾ കൊച്ചുവിന് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം... :-)
ആദ്യം തന്നെ , വളരെ മനോഹരമായ ചിത്രം … കഥയുടെ തുടക്കം വളരെ ഇഷ്ട്ടപ്പെട്ടു , വായിച്ചു അവസാനം എത്താറായപ്പോഴേക്കും എവിടെയോ വെച്ച് ആ എഴുത്തിന്റെ ഒഴുക്ക് പോയോ എന്നൊരു സംശയം !! ചിലപ്പോൾ എന്റെ തോന്നലാകാം …. സമീപകാലത്തെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെടുത്തി ഇങ്ങനൊരു കഥ പുതുമയായി തോന്നി … എന്റെ ആശംസകൾ..
ReplyDeleteഷഹീം ഭായ്, കുറേനാളുകൂടി ഇവിടെ കണ്ടതിൽ വളരെ സന്തോഷം. <3
Deleteചിത്രത്തിന്റെ അഭിനന്ദനം അങ്ങോട്ടു കൊടുത്തപ്പോൾ, ഒരുപാടു നന്ദി ഇങ്ങോട്ടും തരാൻ പറഞ്ഞിട്ടുണ്ട് :-)
എഴുത്തിന്റെ ഒഴുക്ക് പോയെന്നുതോന്നിയത് തോന്നലാണ് എന്റെ പരിചയക്കുറവിന്റെ പ്രശ്നമാകാം. അടുത്തതിൽ തീർച്ചയായും കുറച്ചുകൂടി നന്നാക്കാൻ നോക്കാം..
ഹൃദ്യമായ ഒരു കഥ പറഞ്ഞ മഹേഷിന് അഭിനന്ദനങ്ങൾ. മനുഷ്യ ജീവിതത്തിലെ നഷ്ടപ്പെടലുകളുടെ വൈവിദ്ധ്യം എഴുതി വെച്ചതിലൂടെ കഥ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു.
ReplyDeleteനന്ദി ചേട്ടാ.. ഇവിടെപ്പറഞ്ഞ നല്ല വാക്കുകൾക്കും, നേരിട്ട് പറഞ്ഞ എഴുത്ത് മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങൾക്കും.. അതെല്ലാം ശ്രദ്ധിച്ച് കുറച്ചുകൂടി മെച്ചമായ ഒരെണ്ണവുമായി ഇനിയും വരാം.. :-)
Deleteമനോഹരമായിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് വായിച്ച ആദ്യ കഥ.
ReplyDeleteആ അമ്മയ്ക്ക് ഫ്ലാറ്റ് പൊളിക്കുന്ന കാര്യം പൂർണമായി അറിയില്ലായിരുന്നു എന്നത് കല്ലുകടിയായി നിന്നുവെങ്കിലും ആകമാന വായനയിൽ കുഴപ്പമില്ല .
ചിത്രകാരിയ്ക്ക് അഭിനന്ദനങ്ങൾ..
മികച്ച മറ്റൊരു കഥയിൽ വീണ്ടും കാണാം.
സന്തോഷം സുധീ....
Deleteഅങ്ങനെ ഒരു കല്ലുകടി തോന്നി അല്ലേ? സാരമില്ല ഒന്നുകൂടി ഊർജിതമായി ശ്രമിച്ച് നമുക്ക് അടുത്തതിൽ ശരിയാക്കാം.
ചിത്രകാരിക്കുള്ള അഭിനന്ദനം കൊടുത്തിട്ടുണ്ട്. തിരിച്ച് ഒരുപാട് സ്നേഹവും, നന്ദിയും അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. <3
മഹേഷ്ട്ടാ... ഇങ്ങളെ കഥയ്ക്ക് എപ്പോഴുമൊരു പ്രത്യേക അനുഭവം ഉണ്ട്... വായിക്കുമ്പോൾ ഞാനും അതേ സാഹചര്യത്തിൽ അതേ അവസ്ഥയിൽ എത്തിപ്പെടുന്നു. പറഞ്ഞു പഴകിയ കഥാതന്തു തന്നെയാണെങ്കിലും ഇപ്പോഴുള്ള സാഹചര്യവുമായി ബന്ധപ്പെടുത്തി നല്ലപോലെ എഴുതിയിട്ടുണ്ട്. പല എഴുത്തുകാരുടെയും പുസ്തകങ്ങളിൽ കണ്ടിട്ടുള്ള.. അല്ലെങ്കിൽ എന്റെ മനസിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ കണ്ടു വരുന്ന കഥകളുടെ സ്വാദ് എനിക്ക് നിങ്ങളുടെ കഥകളിൽ കാണാൻ കഴിയുന്ന. ഞാൻ എഴുതുമ്പോൾ എനിക്ക് കിട്ടാത്തതും അത് തന്നെയാണ്.. സുഖകരമായ വായനനുഭവമെങ്കിലും കഥ പഴേത് തന്നെയാണെന്നത് ഒരു പോരായ്മയായി തോന്നി.
ReplyDeleteഇത്ര നല്ല ഒരു കമന്റ് കാണുമ്പോൾ പാൽപ്പായസം കുടിച്ച സുഖമാണ് :-)
Deleteശരിയാണ് കഥ ഇത്തിരി പഴയതാണ്. നമുക്ക് അടുത്തതിൽ കുറച്ചുകൂടി മെച്ചപ്പെടുത്താം ;-)
സ്വന്തം വീട്ടില്‍ വാടകക്ക് താമസിക്കുന്നതിനെക്കാളും നല്ലത് ശവമാകുന്നത് തന്നെയാ.
ReplyDeleteശരിയാണ് മാഷേ... സ്വന്തം വീട്ടിലെ വാടകജീവിതം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയാണ് :-(
Deleteനന്നായി..
ReplyDeleteവായനക്ക് സന്തോഷം അജിത്തേ...<3
Deleteകൊട്ടിഘോഷിച്ച ഫ്ലാറ്റുപൊളിക്കൽ
ReplyDeleteകഥാതന്തുവായി വരുന്നുണ്ടെങ്കിലും -
അച്ഛന്റെ മരണശേഷം ഞങ്ങൾ മക്കളെ
നല്ലനിലയിൽ വളർത്തിയ അമ്മയുടെ മുഖമാണ്
ഈ നിദ്രയുടെ വായനയിൽ എന്നിൽ മുഴച്ച് നിന്നത് .
ശേഷം കൊല്ലത്തിൽ ഒന്നോ രണ്ടോ തവണമാത്രം മക്കളെയും
മരുമക്കളെയും പേരക്കുട്ടികളേയും മതിവിവരുവോളം കാണാതെ
അവരെല്ലാം തിരിച്ചുപോകുമ്പോൾ തറവാട്ടുവീട്ടിൽ രണ്ടുദശകത്തോളം ഏകാന്തജീവിതം അനുഷ്ഠിച്ച് ഞങ്ങളെയെല്ലാം വിട്ടുപോയ ഞങ്ങളുടെ പ്രിയപ്പെട്ട ആ വ്യദ്ധ മാതാവിനെ ...!
വായിച്ചിരുന്നു മുരളിയേട്ടാ... ദൈവംപോലൊരു അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊട്ടെഴുതിയ ബിലാത്തിപ്പട്ടണത്തിലെ ആ കുറിപ്പ്... നേരിട്ട് കണ്ടിട്ടില്ലെങ്കിലും എഴുത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു ആ അമ്മയെക്കുറിച്ച് !
Deleteമഹേഷ് !!
ReplyDeleteആദ്യം തന്നെ ആ ചിത്രത്തിന് ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ!!!
നല്ല കഥയാണ് .. ഒട്ടേറെ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. അതുകൊണ്ട് തന്നെ കഥയുടെ കെട്ടുറപ്പിന് ഒരു ഒതുക്കക്കുറവ് ഫീൽ ചെയ്യുന്നുമുണ്ട്. എന്നിരുന്നാലും ഈ കഥ എഴുതാനുള്ള മഹേഷിന്റെ പരിശ്രമം അഭിനന്ദനാർഹം തന്നെയാണ്.
മഹേഷ് തമാശ എഴുതിയത് വായിക്കാനാണ് എനിക്കേറെയിഷ്ടം ..!!
അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. തിരിച്ച് നന്ദി അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. ആഗ്രഹത്തിന്റെ പേരിലുള്ള ശ്രമമല്ലേ അതിന്റെ പോരായ്മകൾ ആണ്. ഇനിയൊരെണ്ണം എഴുതുകയാണെങ്കിൽ തീർച്ചയായും കൂടുതൽ നന്നാക്കാൻ ശ്രമിക്കാം...
Deleteഅപ്പൊ ഇങ്ങ കഥേഴുതണ ആളാ ലെ????? എനിക്ക് മിനിഞ്ഞാന്ന് വായിച്ച കഥയാണ് ഇഷ്ടായെ. ഇതും കൊഴപ്പല്യ ന്നാലും അയിന്റത്ര അങ്ങട് വന്നില്യ തോന്നാ.
ReplyDeleteഅങ്ങനെയൊന്നുമില്ല ഉമേച്ചീ, ഓരോ ആഗ്രഹത്തിന്റെ പേരിലുള്ള ശ്രമങ്ങൾ എന്ന് കണക്കാക്കിയാൽ മതി :-)
Deleteമഹേഷ് എന്ത് എഴുതിയാലും വായിക്കാൻ രസമാണ്.. ഈ കഥ വായിച്ചപ്പോൾ സ്വന്തം ജീവിത്തിലെ ഒട്ടേറെ സംഭവങ്ങൾ മനസ്സിലൂടെ കടന്നുപോയി.. ഒരു എഴുത്ത് വിജയിക്കുന്നത് അത് വായിക്കുന്ന ആൾക്ക് അത് സ്വന്തം ജീവിതവുമായി സാംശീകരിക്കുവാൻ കഴിയുമ്പോൾ ആണ്. അഭിനന്ദനങ്ങൾ മഹേഷ്..
ReplyDeleteനല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, സ്നേഹം ചേട്ടാ.. <3
Deleteമഹേഷ്, കാലിക പ്രസക്തമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടു പോയ ഒരമ്മമനസ്സിനെ കഥയിലൂടെ നന്നായി അവതരിപ്പിക്കാൻ ശ്രമിച്ചു. കുറച്ചൊന്ന് വെട്ടിയൊതുക്കിയിരുന്നെങ്കിൽ കൂടുതൽ ഉഷാറാക്കാമായിരുന്നു... ഇടയ്ക്കു വിഷയത്തിന്റെ മൂർച്ച കുറഞ്ഞത് പോലെ തോന്നിച്ചു. എന്നാലും നല്ല കഥയാണ്. അഭിനന്ദനങ്ങൾ!! ഒപ്പം ലക്ഷ്മിക്കും...
ReplyDeleteവായനക്ക് നന്ദി മുബിച്ചേച്ചീ.. ഒരു ആഗ്രഹത്തിന്റെ പുറത്തുള്ള ശ്രമമായതുകൊണ്ടുള്ള പോരായ്മകൾ ആയിരിക്കണം. അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കാം :-)
Deleteവളരെ ഹൃദ്യമായി കഥ. പക്ഷേ അവസാനം സങ്കടം വന്നു.
ReplyDeleteവായനക്ക് നന്ദി ചേച്ചീ :-)
Delete