Tuesday, 28 April 2020

നഷ്ടപ്പെട്ടുപോകുന്ന ആകാശങ്ങൾ


"അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ.... 
അന്നൊക്കെ നാം നമ്മിലുണ്ടായിരുന്നപോൽ...."
- മുരുകൻ കാട്ടാക്കടയുടെ കവിതയിൽ നിന്ന്


ലോക്ക്ഡൌൺ കാലത്തു കേട്ട ഒരു നല്ലവാർത്ത ലോകത്തെ ഏറ്റവുമധികം വായുമലിനീകരണം ഉള്ള നഗരം എന്ന് കുപ്രസിദ്ധി നേടിയ ഡൽഹിയുടെ ആകാശം എത്രയോ കാലങ്ങൾക്കുശേഷം ഒന്ന് തെളിഞ്ഞുകണ്ടു എന്നതാണ്. ഇത് വായിച്ചപ്പോൾ ഞാൻ എപ്പോഴാണ് തെളിഞ്ഞുനിൽക്കുന്ന ആകാശത്തെ അവസാനം കണ്ടതെന്ന് വെറുതെ ഒന്നാലോചിച്ചുനോക്കി. ടീവിയുടെയും, ലാപ്ടോപ്പിന്റെയും, മൊബൈലിന്റേയുമെല്ലാം ഇത്തിരിവട്ടങ്ങളിൽ ഒതുങ്ങിപ്പോയതിനുശേഷം ആകാശത്തെ മാത്രമല്ല മഴയെയും, നക്ഷത്രങ്ങളേയും ഒന്നും കണ്ട നാളുകൾ ഓർത്തെടുക്കാനാകുന്നില്ല.

ബാംഗ്ളൂരിൽ (ഒരുപക്ഷേ ഒരു നഗരത്തിലും) ആകാശം എന്നൊന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ആകെ ഉള്ളത് ഒരുപാട് ചുമരുകളാണ്. വീടിനകത്തെ നാലു ചുമരുകൾക്കുള്ളിൽ നമ്മുടെ സന്തോഷങ്ങളെയും, സങ്കടങ്ങളെയും, ആഗ്രഹങ്ങളെയും, പ്രതീക്ഷകളെയും, നിരാശകളേയും കെട്ടിയിടുന്നു. ഒന്നാഞ്ഞു കൈയെത്തിച്ചാൽ തൊടാവുന്ന അകലമേ കാണൂ അടുത്ത കെട്ടിടത്തിലേക്ക്. ആ കെട്ടിടങ്ങളുടെ പുറംചുമരുകൾക്കിടയിലെ ഇത്തിരി അകലത്തിലൂടെയാണ് മഴയും, മഞ്ഞും, സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഞങ്ങളുടെ വീടുകളിൽ വിരുന്നെത്തുന്നതും, കണ്ടു കൊതിതീരും മുൻപേ യാത്ര പറഞ്ഞുപോകുന്നതും. 

ചെന്നൈയിൽ ജീവിച്ചിരുന്നപ്പോൾ, കണ്ണുകളിൽ നിന്ന് വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന ഉറക്കത്തെ നിർദാക്ഷിണ്യം ഓടിച്ച് അതിരാവിലെതന്നെ വിളിച്ചുണർത്തുന്ന ചങ്ങാതിയായിരുന്നു സൂര്യൻ. അതുകൊണ്ടുതന്നെ സൂര്യനെ മറയ്ക്കുന്ന കറുത്ത മഴക്കാറുകളെ ഇത്രകണ്ട് സ്നേഹിച്ച ഒരു കാലമുണ്ടായിട്ടില്ല ജീവിതത്തിൽ. അവിടത്തെ ജീവിതത്തിലെ ആദ്യ ദീപാവലിപ്പിറ്റേന്ന് ഉറക്കത്തിൽനിന്നു പുലരിയിലേക്ക്  കൺതുറന്നപ്പോൾ പുതിയൊരു ആകാശമാണ് വരവേൽക്കുന്നത് എന്നുതോന്നിപ്പോയി. അതിതീക്ഷ്ണമായ പ്രകാശം വെളിച്ചത്തിന്റെ ധാരാളിത്തം നിറക്കാറുള്ള എന്റെ മുറിയിൽ അന്ന് 'പണ്ടത്തെ ബാംഗ്ളൂരിലെ' മഞ്ഞുകാല പുലരികളെ ഓർമ്മിപ്പിച്ചുകൊണ്ട് ജനൽച്ചില്ലിലൂടെ വെളിച്ചം ഒളിച്ചുകളിക്കുന്നു. മുറിക്കുള്ളിൽ ചൂടിന് വലിയ കുറവില്ലെങ്കിലും പുറംകാഴ്ചകൾ അവ്യക്തമാക്കുംവിധം മൂടൽമഞ്ഞു തങ്ങിനിൽക്കുന്നു. കാണുന്നത് സ്വപ്നമല്ലല്ലോ എന്ന് സ്വയം ചോദിച്ചുകൊണ്ട്
അമ്പരപ്പോടെ വാതിൽ തുറന്നൊന്നു പുറത്തിറങ്ങി. മണ്ണിലിറങ്ങിയ മേഘമോ, മൂടൽമഞ്ഞോ തീർത്ത വികൃതിയല്ല ഇതെന്ന് മൂക്കിനെ എരിച്ചുകൊണ്ടു ശ്വാസകോശത്തിലേക്ക് കയറിയ വെടിമരുന്നുകളുടെ ഗന്ധം ഓർമ്മിപ്പിച്ചു. ദീപാവലി ആഘോഷിക്കാൻ തലേരാത്രി പൊട്ടിച്ചുതീർത്തതിന്റെയെല്ലാം പുക കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻകഴിയാതെ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നതാണ്. അതായത് വലിയൊരാകാശത്തിനു കീഴിൽ നമ്മൾ തീർത്ത അഹങ്കാരത്തിന്റെ മറ്റൊരാകാശം കൂടി. 

കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തിൽ പോകുമ്പോളെല്ലാം കുടജാദ്രിയിലും കൂടി പോകുക എന്നൊരു പതിവുണ്ട്. കൊല്ലൂരിൽനിന്ന് ഏതാനും കിലോമീറ്ററുകൾ നീളുന്ന ഒരു ജീപ്പ് യാത്രവേണം കുടജാദ്രിയിലെത്താൻ. പാറയും പൊടിമണ്ണും നിറഞ്ഞ വഴിയിലൂടെ ശരീരത്തിലെ എല്ലാ സന്ധികളും ഇളക്കിവിടുന്ന ആ യാത്ര അവസാനിക്കുന്ന ഇടത്തുനിന്നും സർവജ്ഞപീഠത്തിലേക്ക് കാൽനടയായിമാത്രം നടന്നുകയറാവുന്ന ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം വരുന്ന ഒരു കയറ്റമുണ്ട്. നടപ്പാതയുടെ ഒരുവശം കൊക്കയാണെങ്കിലും സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതിനാൽ മലകളെ പിരിയാൻ മടിച്ചുനിൽക്കയാണോ എന്ന് തോന്നുംവിധം വെളുത്ത പുകപോലെ മഞ്ഞ് എപ്പോഴും അവിടെയെല്ലാം തങ്ങിനിൽക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ കൊക്കയുടെ ഭീകരതയൊന്നും ഒരിക്കലും അനുഭവപ്പെടാറില്ല. മറിച്ച് മുന്നോട്ടുവെക്കുന്ന ഓരോ പടിയിലും ഒരു പുതിയ ഊർജ്ജമാണ് തോന്നാറുള്ളത്. ചാറ്റൽമഴയുടെ അകമ്പടിയോടെ അത്തരമൊരു സർവജ്ഞപീഠം യാത്രയിലാണ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ചുറ്റും മൂടൽമഞ്ഞ് (അതോ മേഘം തന്നെയോ) പരന്നത്. കുട്ടികൾ, ചെറുപ്പക്കാർ, ഒരു സഹായത്തിന് ഊന്നുവടി കുത്തിയവർ, കാഷായവസ്ത്രധാരികൾ അങ്ങനെ മുന്നിലും പിന്നിലുമായി ഒരുപാടുപേർ നടന്നിരുന്ന ആ നീണ്ട വഴിയിൽ ഒരു നിമിഷാർദ്ധം കൊണ്ട് തൊട്ടുമുന്നിൽ നടന്നിരുന്ന ആളെപ്പോലും കാണാനാകാത്ത അവസ്ഥയായി. സ്വപ്നത്തിൽ നിന്നു കേൾക്കുന്നപോലെ അവിടവിടെ കേൾക്കുന്ന കുട്ടികളുടെ ശബ്ദവും, കാറ്റിന്റെ ചൂളംവിളിയും മാത്രം കൂട്ടിനുവന്നു. മുന്നോട്ടുപോകണോ, തിരിച്ചിറങ്ങണോ എന്നറിയില്ല, കാലൊന്നു തെറ്റിയാലോ, കയറുകയോ, ഇറങ്ങുകയോ ചെയ്യാൻ ശ്രമിക്കുന്ന ആരെങ്കിലും ശരീരത്തിൽ അറിയാതെ തട്ടിയാലോ ഒരുപക്ഷേ കൊക്കയിലേക്ക്. ശരിക്കും ജീവന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നൂൽപ്പാലത്തിൽ നിൽക്കുന്ന അവസ്ഥ. അതേസമയംതന്നെ ലോകത്തെ ഏറ്റവും നനുത്ത, ഏറ്റവും നിർമലമായ തണുത്ത വായുവിൽ ശരീരം അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നപോലൊരു തോന്നൽ. ആകാശം ഭൂമിയിലിറങ്ങി വന്നതാണോ അതോ ഒരു അപ്പൂപ്പൻതാടി പോലെ പൊങ്ങിപ്പൊങ്ങി എല്ലാവരും ആകാശത്തെത്തിയോ എന്നുപോലും തോന്നിപ്പോയി. എന്തായാലും അധികം വൈകാതെ തന്നെ ആകാശം തെളിഞ്ഞു. മഞ്ഞിന്റെ മറനീക്കി മെല്ലെമെല്ലെ നീലാകാശം കണ്ണിനുമുന്നിൽ തെളിഞ്ഞുവരുന്ന ഒരു കാഴ്ചയുണ്ട് - പിറന്നുവീണ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നമ്മൾ നോക്കിനിന്നുപോകുന്ന ആ കാഴ്ചയുടെ ഭംഗി എഴുതി ഫലിപ്പിക്കാൻ എനിക്ക് സാധിക്കില്ല. പക്ഷേ, ഇനിയൊരിക്കൽകൂടി ജീവിതത്തിൽ വന്നുചേർന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഇത് തീർച്ചയായും ഉണ്ടാകുമെന്നുറപ്പ്.

ഒരു പുഴയിലും നമ്മൾ രണ്ടുതവണ ഇറങ്ങുന്നില്ല എന്ന് പറയാറുണ്ട്; കാരണം പുഴ ഒഴുകിക്കൊണ്ടേ ഇരിക്കുകയാണല്ലോ. അതുപോലെ ഒരാകാശവും ഒരുപക്ഷെ നമ്മൾ രണ്ടുതവണ കാണുന്നുണ്ടാകില്ല. സത്യത്തിൽ നമ്മുടെ ആകാശങ്ങളെ നമ്മൾതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ലോക്ക്ഡൌൺ കാലം വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രകൃതിയുടെ ഒരു തിരിച്ചുപോക്കുകൂടിയാണ്. അതുകൊണ്ട് മനഃപൂർവം സമയമുണ്ടാക്കി ആകാശവും, നക്ഷത്രവും, സൂര്യോദയവുമൊക്കെ വെറുതെ ഒന്ന് കാണുക. വേറൊന്നിനുമല്ല എത്ര നല്ല കാഴ്ചകൾ നമുക്ക് നഷ്ടപ്പെട്ടുപോകുന്നുണ്ട് എന്ന് തിരിച്ചറിയാൻവേണ്ടി....

പിന്നെ..... നേട്ടങ്ങൾ വെട്ടിപ്പിടിക്കാനായി ഓടുന്ന ചലിക്കുന്ന യന്ത്രങ്ങൾ മാത്രമല്ല, ജീവനുള്ള മനുഷ്യർ കൂടിയാണ് നമ്മൾ എന്ന് നമ്മളെത്തന്നെ ഒന്നോർമ്മിപ്പിക്കാൻ വേണ്ടി....

13 comments:

  1. മനുഷ്യർ പുറത്തിറങ്ങാത്ത ഈ അടച്ചു പൂട്ടൽ
    കാലത്ത് ഭൂമിയും ആകാശവും കടലുമൊക്കെ അതി
    ശാന്തമായിരിക്കുകയാണെന്ന് പറയുന്നു ...
    അതെ  കാലം വല്ലപ്പോഴും മാത്രം സംഭവിക്കുന്ന
    പ്രകൃതിയുടെ ഒരു തിരിച്ചുപോക്കുകൂടിയാണ്. അതുകൊണ്ട്
    തീർച്ചയായും മനഃപൂർവം സമയമുണ്ടാക്കി ആകാശവും, നക്ഷത്രവും,
    സൂര്യോദയവുമൊക്കെ വെറുതെ ഒന്ന് കണ്ടിരിക്കുമ്പോഴുള്ള ആ  നല്ല കാഴ്ചകൾ
    നമുക്ക് ഒരിക്കലും നഷ്ടപ്പെട്ടുപോകരുത് ...
    ആ തിരിച്ചറിവുകൾക്ക്  ഒരു ചൂണ്ടു പാലകയാണ് ഈ കുറിപ്പുകൾ ....
    Well Done ..My Boy

    ReplyDelete
    Replies
    1. Thank you മുരളിയേട്ടാ... കുറേനാളായി അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോൾ വന്ന തോന്നലാണ് എഴുതിയത്... :-) വേണമെന്നുവെച്ചാൽ ഒഴിവാക്കാവുന്ന തിരക്കുകൾ എത്രയുണ്ടെന്നും ഈ കാലം ഓർമ്മിപ്പിച്ചു..

      Delete
  2. ഞാൻ FB യിൽ വായിച്ചു. അർത്ഥവത്തായക്കുറിപ്പ്. മനുഷ്യന്മാ മാനസ്സാന്തരം വന്ന് നന്മ വിളയാടുന്ന പുതിയ ആകാശവും, പുതിയ ഭൂമിയും ഉണ്ടാവട്ടേ!
    ആശംസകൾ

    ReplyDelete
    Replies
    1. അതെ നന്മയുടെ പുതിയ ആകാശവും ഭൂമിയും പുലരട്ടെ എന്ന് വെറുതെയെങ്കിലും നമുക്ക് ആശിക്കാം
      വായനക്ക് നന്ദി തങ്കപ്പൻ സാർ..

      Delete
  3. പ്രകൃതിക്ക് ശുഭസൂചകമായ ഒരു മാറ്റം വന്നിരിക്കുന്നു എന്നത് സത്യവും സന്തോഷകരവുമായ ഒരു കാര്യമാണ്. ഒപ്പം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അതിലേറെ ആശങ്കയും ഉണ്ട്. ഒരു കാര്യം ഉറപ്പാണ്.. മനുഷ്യർ പ്രകൃതിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ആഘാതം ഇനിയെങ്കിലും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.. അതാണ് ഈ ദുരന്തം മനുഷ്യരെ ഓർമ്മിപ്പിക്കുന്നത്.. കാലോചിതമായ പോസ്റ്റ്..

    ReplyDelete
    Replies
    1. ഒരു പരിധി കനടന്നപ്പോൾ പ്രകൃതി ഒരു സ്വയം തിരുത്തൽ നടത്തിയതാണെന്നു തോന്നിപ്പോകുന്നു - ഒരുപാട് മനുഷ്യരുടെ കാര്യം കഷ്ടത്തിലായെങ്കിലും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം അധികം വൈകാതെ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കാം

      Delete
  4. പ്രകൃതി സന്തോഷത്തോടെ എന്നും മഴ തന്നു കൊണ്ടിരിക്കുന്നു. മനുഷ്യർ നല്ല പാഠങ്ങൾ ഉൾക്കൊണ്ട് ഇനി ജീവിച്ചാൽ നമുക്കെന്നും പുതിയ ആകാശവും പുതിയ നദിയും ആസ്വദിക്കാം.

    ReplyDelete
    Replies
    1. ശരിയാണ് മാഷേ.. പക്ഷെ പാഠങ്ങൾ നമ്മൾ പഠിക്കുമോ എന്നതിലെ ഉള്ളു സംശയം

      മറുപടി വൈകിയതിൽ ക്ഷമിക്കണം. മാസങ്ങൾ കൂടി ഇന്നാണ് ബ്ലോഗ് ഒന്ന് തുറന്നത്.

      Delete
  5. Dear Mahesh , very good article
    if you dont mind can i get your mobile no ? please send me 9840951277

    thanks
    baiju george.

    ReplyDelete
  6. കൊറോണക്കാലം തിരിച്ചറിവുകളുടെ കൂടി കാലമാണെന്ന് ഓർമിപ്പിക്കുന്ന എഴുത്ത്. മനുഷ്യന്റെ ഓട്ടത്തിനിത്തിരി സ്പീഡ് കുറഞ്ഞാലും ലോകം അവസാനിക്കില്ലെന്ന് കൊറോണ മനസിലാക്കിത്തന്നു. കൊറോണാനന്തര ലോകത്ത് ആ തിരിച്ചറിവുകൾ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
    Replies
    1. അങ്ങനെ തിരിച്ചറിവുകൾ പ്രതിഫലിക്കുന്ന ഒരു നല്ല കാലം പിറക്കട്ടെ...

      മറുപടി വൈകിയതിൽ ക്ഷമിക്കണം കൊച്ചൂ.. മാസങ്ങളായി ബ്ലോഗ് തുറന്നിട്ട്..

      Delete
  7. ഇന്നാണ് സമാധാനത്തോടെ ഒന്ന് വായിക്കാൻ കഴിഞ്ഞത് ..സത്യം മണ്ണും വെള്ളവുമൊക്കെ അശുദ്ധമായിക്കഴിഞ്ഞു.ഇത് ഒരു ശുദ്ധീകരപ്രക്രീയയായിട്ടേ കരുതാൻ കഴിയുക ഉള്ളു ..നല്ല ചിന്തകൾ

    ReplyDelete
    Replies
    1. എല്ലാം ഒന്ന് കലങ്ങിത്തെളിഞ്ഞ് ശുദ്ധമാകട്ടെ എന്ന് ആഗ്രഹിക്കാം....

      മറുപടി വൈകിയതിൽ ക്ഷമിക്കണം ചേട്ടാ.. മാസങ്ങളായി ബ്ലോഗ് തുറന്നിട്ട്..

      Delete