ഒരു അഭിമന്യുവിനെപ്പറ്റി നമ്മൾ വായിച്ചിട്ടുണ്ട് ....
അർജുനന്റെയും, സുഭദ്രയുടേയും പ്രിയപുത്രൻ...
വിടരുംമുൻപേ കൊഴിഞ്ഞു വീണ പുഷ്പം...
എന്നാൽ ഈ കുറിപ്പ് ആ അഭിമന്യുവിനെപ്പറ്റിയല്ല.
ഇത് വേറൊരു അഭിമന്യുവാണ്.
ഇവൻ രാജകുടുംബത്തിൽ ജനിച്ചവനായിരുന്നില്ല, യുദ്ധവീരനായിരുന്നില്ല.
മറിച്ച് അത്താഴപട്ടിണിക്കാരനായിരുന്നു
ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയായിരുന്നു
അവനു പഠനം തുടരാനായി സ്വന്തം സഹോദരൻ പഠിപ്പു നിർത്തിയത് നിസ്സഹായതയോടെ കണ്ടു നിന്നവനാണ്
കോളേജിൽ പോകാൻ പണമില്ലാത്തതുകൊണ്ട് അന്യന്റെ എച്ചിൽപ്പാത്രം കഴുകേണ്ടി വന്നവനാണ്
ഒടുവിൽ വിധിയോട് പടപൊരുതി മഹാരാജാസ് കോളേജിൽ പ്രവേശനം നേടി.
ഒരു ശാസ്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ചു
പത്തൊൻപതു വയസ്സേ ഉണ്ടായിരുന്നുള്ളൂ
എന്നിട്ടും അവരവനെ കൊന്നുകളഞ്ഞു....ഒരൊറ്റക്കുത്തിന്...
അവന്റെ പിടച്ചിൽ അവർ കണ്ടില്ല
അവന്റെ നിലവിളി അവർ കേട്ടില്ല
ചുറ്റും പരന്നൊഴുകി കട്ടപിടിക്കുന്ന ചോരയുടെ ഗന്ധം അവർക്ക് മനംപുരട്ടൽ ഉണ്ടാക്കിയില്ല
കാരണം അവർ കൊന്ന് അറപ്പുതീർന്നവരായിരുന്നു
അഭിമന്യുവിനെ കുറിച്ചോർത്തു സങ്കടപ്പെടുന്ന ഓരോ വിദ്യാർത്ഥിയോടും ഒരു ചോദ്യം.
കേവലമൊരു പോസ്റ്ററിന്റെ പേരിലാണ് അവന്റെ പച്ചമാംസത്തിൽ അവർ കത്തി കയറ്റിയത് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
പോസ്റ്ററുകളുടെ ഭംഗി കണ്ടു വോട്ട് ചെയ്യാൻമാത്രം പ്രബുദ്ധതയില്ലാത്തവരാണോ കേരളത്തിലെ വിദ്യാർത്ഥികൾ?
ഇത് വെറുമൊരു രാഷ്ട്രീയകൊലപാതകമാണെന്ന നുണ അവർ ആരെയാണ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്?
എന്തായാലും ഒരു വിദ്യാർത്ഥിയുടെ മരണം എന്നതിലപ്പുറമുള്ള വിശാലമായ ലക്ഷ്യം അവർ നിറവേറ്റി.
ഇനി ഇതിനു തിരിച്ചടിയായി ക്യാമ്പസുകൾ കത്തും, ഒരുപക്ഷേ ഇനിയും ജീവനുകൾ പൊലിയും.
ഈയൊരു സംഭവത്തിന്റെ പേരിൽ കലാലയരാഷ്ട്രീയം പാടേ നിരോധിക്കണമെന്ന് ആവശ്യങ്ങളുയരും, കോടതിയിൽ ഹർജികൾ വരും,
ഒടുവിൽ ഒരുപക്ഷേ കലാലയരാഷ്ട്രീയം പൂർണമായും നിരോധിക്കപ്പെട്ടേക്കാം.
പിന്നെ അവരുടെ കാലമാണ്.
അപ്പോൾ കൺസഷൻ ചാർജ് കൊടുത്തതിന്റെ പേരിൽ ബസ്സിൽ നിന്ന് നമ്മുടെ സഹോദരിമാരെ ഇറക്കിവിടാം....
'കിളി'കളുടെ സ്പർശനസുഖങ്ങൾക്ക് ഇരയായവരെ മൂകകളാക്കാം.
റാഗിങ്ങ് എന്ന ഓമനപ്പേരിൽ ആരെയും ഉപദ്രവിക്കാം
ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ച് മാറ്റിനിർത്താം
പണമില്ലാത്തതിന്റെ പേരിൽ അർഹതപ്പെട്ട അവസരങ്ങൾ തട്ടിയെറിയാം
അംഗപരിമിതരായവരെയും, ശബ്ദമുയർത്താനറിയാത്തവരെയും പാർശ്വവൽക്കരിക്കാം
ഒടുവിൽ അവരാഗ്രഹിച്ചതുപോലെ മതമൗലികവാദത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വിദ്യാർത്ഥികളെ വേർതിരിക്കാം
ലഹരിവ്യാപാരത്തിന്റെ അനന്തസാധ്യതകൾ തുറക്കാം
കലാലയങ്ങൾ പിടിച്ചടക്കുക എന്നതിനർത്ഥം ഒരു ജനതയുടെ ഭാവിയിലെ ബൗദ്ധികസമ്പത്ത് കൈപ്പിടിയിലൊതുക്കുക എന്നതാണ്.
അത് നടന്നുകഴിഞ്ഞാൽ വിദ്യാർത്ഥികളെക്കൊണ്ട് അവർക്ക് ഇഷ്ടംപോലെ ചുടുചോറു വാരിച്ചു രസിക്കാം.
കാരണം, ഇതൊന്നും ചോദ്യം ചെയ്യാൻ ആരും ഉണ്ടാകില്ലെന്നതുതന്നെ!
അന്നും ഇന്നത്തെപ്പോലെ അവർ സുരക്ഷിതരായിരിക്കും.
അവരുടെ കൂലിയെഴുത്തുകാർ വേട്ടക്കാരനെ ഇരയായിമാറ്റുന്ന മാദ്ധ്യമവാർത്തകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും, അവരുടെ (മാത്രം) മനുഷ്യാവകാശങ്ങൾക്കായി ശബ്ദങ്ങളുയരും, അവർ വീരന്മാരും ആരാധനാപാത്രങ്ങളുമാകുന്ന കഥകൾ എഴുതപ്പെടും.
നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ അന്നും എല്ലാത്തിനെയും ഒറ്റപ്പെട്ട സംഭവങ്ങളായി മുദ്രകുത്തി നിസ്സാരവൽക്കരിക്കും.
ഇടതും, വലതും, നടുക്കും നിന്നുകൊണ്ട് ലാഭത്തിന്റെ കണക്കുകൾ കൂട്ടും.
സാംസ്കാരിക സിംഹങ്ങൾ വാൽചുരുട്ടി മാളത്തിലൊളിക്കും
ഒടുവിൽ അഭിമന്യുമാർ തുടർക്കഥയാകും
അതാണോ നമുക്ക് വേണ്ടത്?
ഉപരിപ്ലവമായി വിദ്യാർത്ഥിരാഷ്ട്രീയത്തെ മാത്രം പഴിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല
അങ്ങനെയെങ്കിൽ രോഗഗ്രസ്തമല്ലാത്ത ഏതു സാമൂഹിക വ്യവസ്ഥിതിയാണ് ഈ നാട്ടിലുള്ളത്?
പുഴുക്കുത്തുകൾ ഇല്ലെന്നു പറയുന്നില്ല.
പുഴുക്കുത്തു മാറ്റാൻ മരം കടക്കുവെച്ചു വെട്ടരുതെന്നേ പറഞ്ഞുള്ളൂ.
കണ്ണടച്ച് ഇരുട്ടാക്കി, കാണേണ്ട കാഴ്ചകൾ കാണാതിരിക്കരുത്.
കാരണം ഈ കൃത്യം ചെയ്തവർ ആഗ്രഹിക്കുന്നത് അതാണ്.
അവർക്കു വേണ്ടത് നമ്മൾ നമ്മുടെ വേലിക്കെട്ടുകൾക്കകത്തിരിക്കുക എന്നതാണ്
ചോദ്യങ്ങൾ ഉയരാതിരിക്കുന്നിടത്തോളം അവർ സുരക്ഷിതരാണ്
ഒരു പുനർവിചിന്തനത്തിനു സമയമായി.
ബൗദ്ധിക നിലവാരത്തിലും, മതേതര മൂല്യങ്ങളിലും മുന്നിൽ നിൽക്കുന്നു എന്നഹങ്കരിക്കുന്ന നമ്മുടെ ചെകിടടച്ചാണ് അടി കിട്ടിയിരിക്കുന്നത്.
പ്രത്യയശാസ്ത്രത്തിന്റെയും, കൊടിയുടെ നിറത്തിന്റെയും പേരിൽ പരസ്പരം തല്ലുകൂടാൻ നമുക്കിനിയും അവസരങ്ങളുണ്ട്.
ഇത് അതിനുള്ള സമയമല്ല.
മറിച്ച് നമ്മുടെ സമൂഹത്തെ ഒന്നടങ്കം തകർക്കാനൊരുങ്ങുന്നവർക്കെതിരെ ഒരുമിച്ച് പടപൊരുതേണ്ട സമയമാണ്.
രോഗ ലക്ഷണങ്ങൾ നാം അവഗണിച്ചു.. ഇപ്പോൾ രോഗം നമ്മളെ കാർന്നുതിന്നു തുടങ്ങി.
ഈ വേദനകൾ മറികടന്നേ പറ്റൂ..
ചോദ്യങ്ങൾ ചോദിക്കേണ്ട സമയമാണിത്... നട്ടെല്ലു വളയാതെ നിവർന്നു നിൽക്കേണ്ട സമയം..
വർഷങ്ങളുടെ പോരാട്ടങ്ങൾകൊണ്ട് നമ്മുടെ സമൂഹം നേടിയെടുത്തത് അവധാനതകൊണ്ട് നശിപ്പിച്ചുകളയരുത്
ആയുധങ്ങൾ വലിച്ചെറിഞ്ഞു ആശയങ്ങൾകൊണ്ടു പോരാടേണ്ട സമയമാണിത്.
അല്ലെങ്കിൽ നാളെയുടെ സമൂഹം നിങ്ങളോരോരുത്തരെയും കുറ്റവാളികൾ എന്നുവിളിക്കും.
ഓർക്കുക
പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്നവരേയും, ശവമഞ്ചമൊരുക്കുന്നവരെയുമല്ല ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്നത്.
ഒരുപാട് അനിയന്മാരും, അനിയത്തിമാരും ഇനിയും കലാലയങ്ങളിൽ വരാനുള്ളതാണ്. അവർക്ക് സുരക്ഷിതകവചമൊരുക്കാൻ വർത്തമാനകാലം നിങ്ങളോടാവശ്യപ്പെടുന്നു.
അഭിമന്യുവിനെ ഒരുപക്ഷെ നമ്മൾ മറന്നുപോകും.
പക്ഷേ ദേഹി വിട്ടകന്ന ദേഹത്തെ കെട്ടിപ്പിടിച്ചുറക്കെ കരയുന്ന, ഈ വർഷമത്രയും അവൻ അച്ഛനെന്നും അമ്മയെന്നും വിളിച്ച ഒരു പുരുഷന്റേയും സ്ത്രീയുടെയും ചിത്രം ഇനിയുമൊരുപാടുകാലം മനസ്സിലൊരു നൊമ്പരമായി നിലനിൽക്കും.
സത്യത്തിൽ ഒന്നല്ല മൂന്നു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത് - അഭിമന്യുവിന്റെയും, അവന്റെ മാതാപിതാക്കളുടെ സ്വപ്നങ്ങളുടേയും.
രക്തസാക്ഷികളുടെ കണക്കുപുസ്തകത്തിൽ ഏറ്റവും പുതുതായി അഭിമന്യുവിന്റെ പേരും എഴുതിച്ചേർത്തിരിക്കുന്നു....
പക്ഷെ അവസാനപേര് ഇതാകാൻ വഴിയില്ല. ഭൂമിയിൽ കണക്കുകൂട്ടലുകൾ നടക്കുന്നതേയുള്ളൂ; പേരുകൾ ഇനിയും വരും.
ഈ പുസ്തകം എന്നെന്നേക്കുമായി അടച്ചുവെപ്പിക്കാൻ നിങ്ങൾ വിചാരിച്ചാലേ കഴിയൂ
കണ്ണിനു പകരം കണ്ണെടുക്കാൻ നിന്നാൽ ഈ ലോകം മുഴുവൻ അന്ധരെക്കൊണ്ട് നിറയുകയേ ഉള്ളൂ
ആരും കാംക്ഷിക്കുന്നത് അന്ധതയല്ല മറിച്ച് ആശയങ്ങളുടെ തെളിച്ചമാണ്.... അറിവിന്റെ പ്രകാശമാണ്....
അതിനു വേണ്ടി നിങ്ങൾ പോരാട്ടം തുടരുമോ?
എങ്കിൽ ഒരുപാടുപേരുണ്ടാകും നിങ്ങളുടെ പിന്നിൽ
പിൻകുറിപ്പ്:-
ഒരു പഴമൊഴിയുണ്ട്...
"ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും... നാമതിൽനിന്നൊരു പാഠം പഠിക്കുന്നതുവരെ"
പഠിക്കാൻ ഒരുപാടുവൈകി ഇപ്പോൾത്തന്നെ.....
അവരുടെ കൂലിയെഴുത്തുകാർ വേട്ടക്കാരനെ ഇരയായിമാറ്റുന്ന മാദ്ധ്യമവാർത്തകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും, അവരുടെ (മാത്രം) മനുഷ്യാവകാശങ്ങൾക്കായി ശബ്ദങ്ങളുയരും, അവർ വീരന്മാരും ആരാധനാപാത്രങ്ങളുമാകുന്ന കഥകൾ എഴുതപ്പെടും.
ReplyDeleteനമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ അന്നും എല്ലാത്തിനെയും ഒറ്റപ്പെട്ട സംഭവങ്ങളായി മുദ്രകുത്തി നിസ്സാരവൽക്കരിക്കും.
ഇടതും, വലതും, നടുക്കും നിന്നുകൊണ്ട് ലാഭത്തിന്റെ കണക്കുകൾ കൂട്ടും.
സാംസ്കാരിക സിംഹങ്ങൾ വാൽചുരുട്ടി മാളത്തിലൊളിക്കും
ഒടുവിൽ അഭിമന്യുമാർ തുടർക്കഥയാകും
വായനക്ക് നന്ദി ഭായ്..
Delete