Tuesday 9 January 2018

കാന്തേ നീയുംവരൂ....തൃശ്ശൂർ കലാപൂരം കാണാൻ....

അങ്ങനെ വീണ്ടുമൊരു കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനത്ത് തിരിതെളിഞ്ഞു. പൂര നഗരി ഇനി ഉറങ്ങിയുണരാൻ  പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവം സമ്മാനിക്കുന്ന മായക്കാഴ്ചകളിലേക്കാണ്. ഇനിയേതാനുംനാൾ  ഒരു നഗരത്തിലെ ഓരോ ഹൃദയവും ചില കുഞ്ഞുപാദങ്ങളുടെ ചടുലതാളങ്ങളിൽ പ്രകമ്പനം കൊള്ളും, ലാസ്യവിസ്മയങ്ങളിൽ മതിമറന്ന മിഴികൾ ഈ കാഴ്ച തീരരുതേ എന്നാശിക്കും, കാതിനിമ്പമായി ഉള്ളൂരും,വള്ളത്തോളും മുതൽ റഫീഖ് അഹമ്മദ് വരെ കടന്നുവരും. കല എപ്പോളും അങ്ങനെയാണല്ലോ; ജീവിതനദികളിലെ ഒഴുക്കുപോലും അതു പിടിച്ചുനിർത്തും. പഞ്ചേന്ദ്രിയങ്ങളേയും അനുഭൂതികളുടെ അനുവാച്യതലങ്ങളിൽ അമ്മാനമാടിച്ച ഈ കലോത്സവം ഓരോ വർഷത്തെ പൂരവുംപോലെ ഒടുക്കം ഉപചാരംചൊല്ലി വിടപറയും. നഷ്ടപ്രണയത്തിന്റെ ഭൂതകാലങ്ങളിൽ ജീവിക്കുന്നതുപോലെ, കണ്ട കാഴ്ചകളുടെ മധുരങ്ങൾ ഓർമ്മചെപ്പിലടച്ചുവെച്ച് നാമോരോരുത്തരും ജീവിതത്തിന്റെ തിരക്കുകളിൽ അലിഞ്ഞുചേരും.

ഓരോ കലോത്സവവാർത്തകളും, ഓർമകളുടെ കുന്നിൻചെരിവുകളിലേക്കാണ് എന്നെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നത്. ഒട്ടും നിറംമങ്ങാത്ത ഓർമ്മചിത്രത്തിന്റെ ഫ്രെയിമുകളിൽ ചെറുതും വലുതുമായ പല കലോത്സവവേദികളും ദീപ്തമായി നിൽക്കുന്നു. വേദികളും നഗരങ്ങളുമേ മാറുന്നുള്ളൂ; കാഴ്ചകളിന്നും പഴയതുതന്നെ. അച്ഛനമ്മമാരുടെ, അല്ലെങ്കിൽ അവരേക്കാൾ പ്രിയപ്പെട്ട അധ്യാപകരുടെ കൈപിടിച്ച് രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നതും, അഭിമാനത്തോടെ ചെസ്റ്റ്നമ്പർ സേഫ്റ്റിപിൻ ചേർത്തുകുത്തുന്നതും, ഗ്രീൻറൂമുകളിൽ ക്ഷമയോടെ ചായമിടാൻ നിന്നുകൊടുക്കുന്നതും, വേദിക്കുപുറകിൽ തന്റെ ഊഴവുംകാത്ത് പരിശീലിച്ചുതെളിഞ്ഞതെല്ലാം ഒരിക്കൽക്കൂടി ഉരുവിട്ടുകൊണ്ട് കാത്തുനിൽക്കുന്നതും വെറുതെ ഓർത്തുപോയി. പൊങ്ങുന്ന കർട്ടനൊപ്പം ഉയരുന്ന ഹൃദയമിടിപ്പിനെ പണിപ്പെട്ടു നിയന്ത്രിച്ച് മുന്നിലിരിക്കുന്ന നൂറുകണക്കിനുപേരുടെ മുഖത്ത് തെളിയുന്നത് ആനന്ദമോ, അഭിനന്ദനമോ അതോ പുച്ഛമോ എന്ന ആശങ്കയോടെ, മാസങ്ങളായുള്ള സപര്യയുടെ പരിപൂർണ്ണമായ ആവിഷ്കാരത്തിനായി മനസ്സും ശരീരവും സമർപ്പിക്കുന്നതും, ആട്ടവും പാട്ടുമവസാനിക്കുമ്പോൾ അംഗീകാരത്തിന്റെ കരഘോഷങ്ങളുടെ അകമ്പടിയിൽ വേദിക്കുപിന്നിൽ നിന്നാരോ നീട്ടിയ തൂവാലയിൽ സന്തോഷത്തിന്റെ, ആത്മനിർവൃതിയുടെ, ആശ്വാസത്തിന്റെ വിയർപ്പുകണങ്ങൾ തുടച്ചെറിഞ്ഞത് എങ്ങനെയാണ് മറക്കുക? ഉദ്വേഗത്തോടെ മത്സരഫലം എന്താകുമെന്നറിയാൻ ഉച്ചഭാഷിണിക്ക് കാതോർത്തതും, ആദ്യം കലോത്സവവേദിയിലും പിന്നീട് സ്കൂൾ അസംബ്ലിയിലും സമ്മാനങ്ങൾ അഭിമാനത്തോടെ ഏറ്റുവാങ്ങിയതും ഇന്നലെയാണെന്ന് തോന്നിപ്പോകുന്നു. ആഹ്ലാദമധുരങ്ങളും, കണ്ണുനീരുപ്പും കലർന്നതാണ് ഭൂതകാലത്തിന്റെ ഈ കുളിരോർമ്മകൾ.

മത്സരത്തിന്റെ തീക്ഷ്ണതയിൽ വെന്തുരുകാതെ ഊഷ്മളമായ സൗഹൃദങ്ങൾ ഈ വേദികളിൽ അന്ന് തളിരിട്ടിരുന്നു. സമ്മാനമൊന്നും കിട്ടിയില്ലെന്നറിഞ്ഞു വിങ്ങിപ്പൊട്ടിയ ബാലചാപല്യങ്ങളെ ചേർത്തുപിടിച്ച് ഇതൊന്നും സാരമില്ലെന്നും, നീ ചെറുതല്ലേ ഇനിയെത്ര വേദികൾ കാത്തിരിക്കുന്നു എന്നും പറഞ്ഞത് ഒന്നാംസമ്മാനക്കാരനായിരുന്നു, കണ്ണീരുനിർത്താൻ കുഞ്ഞുമിട്ടായികൾ കൈക്കൂലിയായിത്തന്ന അദ്ധ്യാപിക എന്റെ സ്കൂളിൽ നിന്നായിരുന്നില്ല, അനന്തമായി നീളുന്ന മത്സരത്തിൽ ഊഴവും കാത്തിരുന്നു തളർന്നവന് കുടിവെള്ളം കൊണ്ടുതന്നത് കൂടെ മത്സരിക്കേണ്ടവൻ തന്നെയാണ്. ദുഃഖകരമായൊരു കാര്യം ഈ വേദികളിലെ മിന്നും താരങ്ങളായ പലരെയും പിന്നീട് കലയുമായി ബന്ധപ്പെട്ട യാതൊരു മേഖലയിലും പിന്നീട് കാണാനേ കിട്ടുന്നില്ല എന്നതാണ്. ഓരോ പോയിന്റിനും ഇഞ്ചോടിഞ്ചു പൊരുതിയ ഒരു കൂട്ടുകാരിയെ പിന്നീടൊരിക്കൽ ഒരു ചാനലിലെ ചെറിയൊരു പരിപാടിയുടെ അവതാരികയായിക്കണ്ടു. ജീവിതത്തിലിന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച നാടോടിനൃത്തത്തിന് പാദങ്ങൾ ചലിപ്പിച്ചവളെ വീണ്ടും ഇത്തരുണത്തിൽ കാണുമ്പോൾ തോന്നുന്നത് വേദനയോ സന്തോഷമോ എന്നറിയുന്നില്ല.

ഓരോദിവസവും പത്രത്തിൽവരുന്ന വാർത്തകൾ പക്ഷേ വേദനിപ്പിക്കുന്നു. അപ്പീലുകളുടെ പ്രളയംമുതൽ, വിധിനിർണയത്തിലെ കോഴകൾ വരെയാണ് ഇന്ന് അരങ്ങുവാഴുന്നത്. രക്ഷിതാക്കളേ നിങ്ങളോട് ചോദിക്കാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ് - എന്തിനാണ് ഈ കുഞ്ഞുമനസ്സുകളിൽ നിങ്ങൾ നഞ്ചുകലക്കുന്നത്? നിങ്ങളെന്താണ് ഇതിലൂടെ നേടുന്നത്? പണം നുരയുന്ന ക്ലബ്ബുകളിലെ പൊങ്ങച്ചചർച്ചകളിൽ നിങ്ങളുടെ മക്കളുടെ പേര് ഉയർന്നു കേൾപ്പിക്കാനോ? അർഹതയില്ലാത്ത അംഗീകാരങ്ങളുടെ ഭാണ്ഡവും പേറി ആരും ഒരുപാടൊന്നും മുന്നോട്ടുപോകില്ല; ജീവിതപരീക്ഷകളിൽ അവർ തോറ്റുപോകുകയേ ഉള്ളൂ. ഒരുനിമിഷം ഒന്നോർക്കുക നിങ്ങളുടെ ഇത്തരം പ്രവൃത്തികൾ ചവിട്ടിയരച്ചുകളയുന്നത് നാളെ വിടർന്നു സുഗന്ധം പരത്തേണ്ട ഏതാനും കുഞ്ഞുപൂക്കളെയാണ്. നാമെല്ലാംചേർന്ന് മുതിർന്നവരുടെ ലോകം വൃത്തികെട്ട കിടമത്സരങ്ങളുടെ വിളനിലമാക്കി. അവശേഷിക്കുന്ന പ്രതീക്ഷ ഈ കുഞ്ഞുങ്ങളാണ്. അവരെയുംകൂടി എല്ലാത്തിലും വലിച്ചിഴക്കണോ? ഭൂമിയെന്ന ഈ ആരാമത്തിൽ വിരിഞ്ഞ ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങളല്ലേ അവർ? അവരെ സ്വാഭാവികമായി വിടർന്നു സുഗന്ധംപരത്താൻ വിടൂ ദയവായി!

എത്ര സ്വയം നിഷേധിച്ചിട്ടും ഞാൻ തിരിച്ചറിയുന്നു - ഈ വേദികളിൽ മറ്റാരെയുമല്ല ഞാനെന്നെത്തന്നെയാണ് കാണുന്നത്. നഷ്ടപ്പെട്ടുപോയ ഒരു നല്ലകാലത്തിന്റെ, ആടിത്തീരാത്ത ഒരുചുവടിന്റെ, പാടാൻ വിട്ടുപോയൊരു ശീലിന്റെയൊക്കെ മയിൽപ്പീലിത്തുണ്ടുകൾ ഈ ഹൃദയത്തിന്റെ ഏതോ കോണുകളിലിരുന്നു ഓർമ്മചിത്രങ്ങൾ കോറിയിട്ടുകൊണ്ടേയിരിക്കുന്നു. ഇനിയൊരുകാലത്ത് ഓർമ്മകൾ നഷ്ടപെട്ടുപോകുന്ന രോഗത്തിനടിമയായാൽപോലും അവസാനമായി മായുന്ന ഓര്മകളിലൊന്നായ് ഈ കലോത്സവവേദികൾ നിലനിൽക്കും. അതിലത്ഭുതമില്ല; വേരുകൾ ഇപ്പോളും മണ്ണിൽത്തന്നെ തറഞ്ഞുനിൽക്കുന്നു.

നേരമൊരുപാട് വൈകിയിരിക്കുന്നു; വരൂ നമുക്കൊരുമിച്ചുപോകാം ഈ വേദികളിലേക്ക്. എന്നിട്ട് ഈ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാം, അവരുടെ വിജയങ്ങളിലും പരാജയങ്ങളിലും ഒന്നുചേരാം. അപരിചിതത്വത്തിന്റെ അതിർവരമ്പുകൾ സ്നേഹത്തിന്റെ ഊഷ്മളതകൊണ്ട് അലിയിച്ചുകളയാം.

അനുജന്മാരേ, അനുജത്തിമാരെ, നിങ്ങൾ സധൈര്യം ചുവടുപിഴക്കാതെ, കണ്ഠമിടറാതെ മുന്നോട്ടുപോകുക ഞങ്ങളുണ്ടുകൂടെ - നിങ്ങൾക്കുമുമ്പേ നടന്നിട്ടും പാതിവഴിയിൽ നിന്നുപോയവർ, കാലരഥത്തിന്റെ ചക്രങ്ങൾ പിന്നോട്ടുരുട്ടാൻ കഴിയുമെങ്കിൽ ഈ വഴി ഒരിക്കൽകൂടി നടക്കണമെന്നാഗ്രഹിക്കുന്നവർ.

നിങ്ങൾ ഞങ്ങളെപ്പോലാകാതിരിക്കുക!

നിങ്ങൾ

കലകൊണ്ടു കലഹിക്കുക...

കലകൊണ്ടു പ്രണയിക്കുക....

കലകൊണ്ടു ജീവിക്കുക.....

കാരണം വർത്തമാനകാലം അത്രമേൽ നിങ്ങളെ ആവശ്യപ്പെടുന്നു.

0 Please Share a Your Opinion.: