കോപ്പിയടിച്ചുവെന്ന ആരോപണത്തെ തുടർന്ന് കൊല്ലം ഫാത്തിമ കോളേജിലെ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന വാർത്ത വായിച്ചു.
സംശയാതീതമായി തെളിഞ്ഞ ഒരു കുറ്റത്തിന്റെ പേരിലല്ല ഈ ആത്മഹത്യ
ശിക്ഷാനടപടികൾ നേരിട്ട് ഏതെങ്കിലും തരത്തിലുള്ള ധനനഷ്ടമോ, മാനഹാനിയോ സംഭവിച്ചിട്ടുമില്ല
പത്രത്തിലോ ടി വിയിലോ പടവും വാർത്തയും വന്ന് സമൂഹമദ്ധ്യത്തിൽ അപമാനിതയായതിനുമല്ല
എന്നിട്ടും ഭൂമിയിൽ പ്രഭചൊരിയേണ്ട ഒരു പുഷ്പം വിടരുംമുമ്പേ ഞെട്ടറ്റുവീണുപോയി
എവിടേക്കാണ് നാം നമ്മെ നയിക്കുന്നത് എന്നോർത്ത്അത്ഭുതം തോന്നുന്നു. കോപ്പി അടിച്ചത് എന്നുമുതലാണ് സ്വയം വധശിക്ഷ വിധിക്കേണ്ട കുറ്റമായി മാറിയത്?
'കോപ്പി' എന്ന ആംഗലേയ പദത്തിന്റെ മലയാളം വ്യാഖ്യാനം തിരഞ്ഞാൽ 'പകർത്തൽ' അല്ലെങ്കിൽ 'അനുകരണം' എന്നാണ് കിട്ടുക.
ജീവിതത്തിൽ ഒരിക്കലെങ്കിലും കോപ്പി അടിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ?
നമ്മുടെയൊക്കെ ജീവിതം കോപ്പിയടികളുടെ ഒരു ആകെത്തുകയല്ലേ?
മറ്റുള്ളവരെ കോപ്പി ചെയ്തല്ലേ കുഞ്ഞായിരുന്ന നമ്മൾ നടക്കാനും, ചിരിക്കാനും, സംസാരിക്കാനും പഠിച്ചത്?
ഏറ്റവും ഇഷ്ടപെട്ടതും ഒട്ടും ഇഷ്ടപ്പെടാത്തതുമായ ടീച്ചർമാരുടെ സംസാരവും, നടത്തവും എന്തിന് ചില മാനറിസങ്ങൾ പോലും കോപ്പി ചെയ്തവരാണ് നമ്മൾ.
സച്ചിനെ, ഗാംഗുലിയെ, മറഡോണയെ, റൊണാൾഡോയെ എല്ലാം നമ്മൾ കോപ്പി ചെയ്തിട്ടുണ്ട്.
അപ്പാച്ചെ ഇന്ത്യനെപ്പോലെ മുടി വെട്ടിയവരുണ്ട്, ലാലേട്ടനെപ്പോലെ മീശ പിരിച്ചവരുണ്ട്, ധോണിയെപ്പോലെ മുടി നീട്ടിയവരുണ്ട്, യേശുദാസിനെപ്പോലെ പാടാൻ ശ്രമിച്ചവരുണ്ട്
നമുക്കിഷ്ടപ്പെട്ടവരെ അല്ലെങ്കിൽ ആരാധിക്കുന്നവരെ നമ്മൾ കോപ്പി ചെയ്തുകൊണ്ടേ ഇരിക്കുകയല്ലേ ഓരോ നിമിഷവും.
ചില പകർത്തിയെഴുത്തുകളും അനുകരണങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിന്റെ ഗതിതന്നെ മറ്റൊന്നായേനേ
പക്ഷെ
മറ്റൊരാൾ കഷ്ടപ്പെട്ടു പഠിച്ചത് യാതൊരു കുറ്റബോധവുമില്ലാതെ നോക്കിയെഴുതി ഉയർന്ന മാർക്ക് വാങ്ങുന്നത് നീതികരിക്കാവുന്ന ഒന്നാണ് എന്നല്ല പറഞ്ഞു വന്നത്.
അത് തെറ്റ് തന്നെയാണ്. പക്ഷെ തിരുത്താനുള്ള വഴി ഇതല്ല എന്നുമാത്രം.
കാരണം
നീ നിന്നെ മാത്രമല്ലല്ലോ കൊന്നത്... അതിനോടൊപ്പം നിന്നെ സ്നേഹിച്ച ഒരുപാടുപേരെക്കൂടിയല്ലേ?
ആത്മഹത്യ എന്നത് താൽക്കാലികമായൊരു പ്രശ്നത്തിന്റെ സ്ഥിരമായൊരു പരിഹാരമല്ല.
പ്രശ്നം നിന്റേതു മാത്രമല്ല.. ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും, സാമൂഹ്യ വ്യവസ്ഥിതിയുടെയും കൂടിയാണ്
പ്രായോഗിക ജീവിതത്തിൽ വലിയ സ്വാധീനമൊന്നും ചെലുത്താൻ സാധിക്കാത്ത പാഠപുസ്തകങ്ങൾ മാത്രം വായിക്കുന്ന പുസ്തകപ്പുഴുക്കളായാണ് നിങ്ങളെ വളർത്തുന്നത്
മറിച്ച് നിങ്ങൾക്കു വായിക്കാൻ കയ്യിൽ തരേണ്ടിയിരുന്നത് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളായിരുന്നു
കിരൺ മജൂംദാർ ഷായുടെയും, അരുന്ധതി ഭട്ടാചാര്യയെയുടെയും, സുധ മൂർത്തിയുടെയും പോലുള്ള ഒരുപാടാളുകളുടെ ജീവചരിത്രങ്ങളായിരുന്നു നിങ്ങൾ പഠിക്കേണ്ടിയിരുന്നത്
പരാജയപ്പെടുമ്പോളെല്ലാം ആത്മഹത്യ എന്ന എളുപ്പവഴി അവരുടെ മുന്നിലും ഉണ്ടായിരുന്നു
അതു തിരഞ്ഞെടുക്കാതെ മുന്നോട്ടുപോയതിനാണ് അവരെ നാം എപ്പോഴും ആദരവോടെ നോക്കുന്നത്
ഓർക്കുക
ചരിത്രം വിജയിക്കുന്നവരുടേതു മാത്രമാണ്!!
ഭീരുത്വം നിറഞ്ഞ ഓരോ പ്രവൃത്തിയും കാലത്തിന്റെ ചവറ്റുകുട്ടകളിലാണ് സ്ഥാനം പിടിക്കുക.
നിന്റെ മരണവാർത്ത പത്രത്തിന്റെ ഉൾപ്പേജിലെവിടെയോ ഒതുങ്ങിക്കഴിഞ്ഞു.
ഇതെഴുതിയ ഞാനും ഇത് വായിച്ചവരും നിന്നെ വേഗം മറന്നുപോകും.
പക്ഷേ
നിന്റെ മാതാപിതാക്കൾ ഇനിയും തോരാത്ത മിഴികൾകൊണ്ട് കണ്ണീരുപ്പുചേർത്ത് നിന്റെ ഓർമകൾക്ക് തർപ്പണം ചെയ്തുകൊണ്ടേ ഇരിക്കും കാലാകാലത്തോളം..
അതെങ്കിലും നീ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു!
'കോപ്പി' എന്ന ആംഗലേയ പദത്തിന്റെ മലയാളം വ്യാഖ്യാനം തിരഞ്ഞാൽ 'പകർത്തൽ' അല്ലെങ്കിൽ 'അനുകരണം' എന്നാണ് കിട്ടുക.
ReplyDeleteജീവിതത്തിൽ ഒരിക്കലെങ്കിലും കോപ്പി അടിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ?
നമ്മുടെയൊക്കെ ജീവിതം കോപ്പിയടികളുടെ ഒരു ആകെത്തുകയല്ലേ?
മറ്റുള്ളവരെ കോപ്പി ചെയ്തല്ലേ കുഞ്ഞായിരുന്ന നമ്മൾ നടക്കാനും, ചിരിക്കാനും, സംസാരിക്കാനും പഠിച്ചത്?
വായനക്ക് നന്ദി ഭായ്..
ReplyDelete