Thursday, 21 December 2017

പടവലങ്ങയുടേതും ഒരു വളർച്ചയല്ലേ?

കഴിഞ്ഞദിവസം യാദൃശ്ചികമായി കവി ശ്രീ. പാലായെപ്പറ്റി  ഒരു ലേഖനത്തിൽ പരാമർശിച്ചത് വായിക്കാനിടയായി. നാമെല്ലാം അദ്ദേഹത്തെ ഓർക്കുന്നത് പ്രസിദ്ധമായ  'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍' എന്ന വരികളിലൂടെയാണല്ലോ! വരികളുടെ ഇഴനാരിടകീറി അർത്ഥം വ്യാഖാനിക്കാനറിയാത്തൊരാളെന്ന നിലക്ക് അത്തരമൊരു സാഹസത്തിന് മുതിരുന്നില്ല. പക്ഷേ കേരളത്തിൽ ജനിച്ചു വളരുകയും, ഉപജീവനാർത്ഥം അന്യദേശത്തുവന്നിട്ടും ദിവസത്തിൽ പലവട്ടം കേരളത്തിൽ പോയിവരുകയും ചെയ്യുന്ന (മനസ്സിന്റെ യാത്രയാണ് ഉദ്ദേശിച്ചത്)  ഒരാളെന്ന നിലക്ക് കേരളത്തിന്റെ വളർച്ചയെ സ്വന്തം കണ്ണുകൊണ്ട് ഒന്ന് കാണാൻ ശ്രമിക്കുകയാണ്.

ഓർമയുടെ ചിറകിലേറി പിന്നോട്ടുപറക്കാൻ ശ്രമിക്കുമ്പോൾ
തിരശീല നീക്കി വ്യക്തമായ ഫ്രെയിമിൽ എത്തിനോക്കുന്നത് വീടിനോടു ചേർന്നുള്ള പറമ്പുകളിലും, അമ്പലത്തോടു ചേർന്നുമെല്ലാം ഉണ്ടായിരുന്ന വലിയ 'കുള'ങ്ങളാണ്. അവയിലാണ്  ബാല്യത്തിൽ ആശങ്കകളേതുമില്ലാതെ   അവധിക്കാലം മുഴുവൻ തിമിർത്തുകുളിച്ചത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകിയപ്പോൾ കൗതുകത്തോടെ നോക്കിനിന്നതും, കളികളുടെയും, കൊച്ചുകൊച്ചു അടിപിടികളുടെയും ബാക്കിത്തുകകളായ പരുക്കുകൾ മീൻ കൊത്താൻ പാകത്തിൽ കഴുത്തറ്റം വെള്ളത്തിൽനിന്നതും, എത്രയൊക്കെ കള്ളംപറഞ്ഞാലും ചുവന്നുകലങ്ങിയ കണ്ണുകൾ പറഞ്ഞ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ, വാങ്ങിക്കൂട്ടിയ അടികളും, ഇന്നലെയെന്നതുപോലെ ഓർമയിൽ പച്ചപിടിച്ചുകിടക്കുന്നു. കേരളത്തിന്റെ വളർച്ചക്കൊപ്പം ആ കുളങ്ങൾ നികന്നെങ്കിലെന്താ പായലിന്റെ പച്ചപ്പിനു പകരം മനോഹരമായ ടൈൽ വിരിച്ച നീന്തൽക്കുളങ്ങൾ പകരം വന്നല്ലോ! വെളിച്ചെണ്ണയുടെയും സോപ്പിന്റെയും പിന്നെ എന്തെല്ലാമിന്റെയോ ഒക്കെ മണമായിരുന്നു കുളത്തിലെ വെള്ളത്തിന്; ഇപ്പോൾ അതിന് ബദലായി ക്ലോറിൻ സുഗന്ധം മാത്രം പരത്തുന്ന വെള്ളം ടാങ്കറിൽകൊണ്ടു നിറക്കുന്നുണ്ട്.

ഇടക്കിടക്ക് വന്നുപോകുന്ന ജലദോഷമാണ്  വെള്ളത്തിൽക്കളികളുടെ ഓർമ്മകൾ പുതുക്കാറുള്ളത്. അന്ന് അമൃതാഞ്ജന്റെ മണമുള്ള പുട്ടുകുറ്റിയിൽ നിന്നുയരുന്ന ആവിയിൽ  മുഖംചേർത്ത് കരിമ്പടത്തിന്റെ അകമ്പടിയോടെ ഇരുപ്പുറപ്പിച്ചാണ് ഈ അതിഥിയെ വന്നവഴി തിരിച്ചയക്കാറുള്ളത്. ഇപ്പോൾ മൂന്നുമുതൽ അഞ്ചുദിവസംവരെ നീളുന്ന ആന്റിബയോട്ടിക് പ്രയോഗമാണ് പഥ്യം. വെട്ടുമ്പോൾ കടുംവെട്ടുതന്നെ ആകട്ടേന്നുവെച്ചു!

കറ്റമെതിക്കൽ, നെല്ലുണക്കൽ, പുഴുങ്ങൽ, അത് മില്ലിൽ കൊണ്ടുപോയി കുത്തൽ, അരി തരംതിരിച്ച് മരപ്പെട്ടിയിലിട്ടുവെക്കൽ തുടങ്ങി വീട്ടിലുള്ള മുതിർന്നവരുടെ ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങളുടെ ഈ തലമുറ 'റെഡിമെയ്‌ഡ്' അരി എന്ന സൂത്രംകൊണ്ട് ഒഴിവാക്കിക്കൊടുത്തു. വെറുതെ തരിശ്ശിടേണ്ടല്ലോ എന്നുകരുതി ആ പാടത്ത് അപ്പുറത്തെ കുന്നിടിച്ച കുറച്ചു മണ്കുകൊണ്ടിട്ടു നിരപ്പാക്കി, നിരപ്പായ തറക്കൊരു അലങ്കാരമായി ഒരു വലിയ കെട്ടിടവും വെച്ചു. ആ കെട്ടിടത്തിന്റെ താഴെനിലയിലുള്ള മെഡിക്കൽസ്റ്റോറിൽനിന്നാണ് അദ്ധ്വാനമില്ലാതെ 'ഫ്രീ' ആയി ഇരിക്കുന്ന വീട്ടിലെ മുതിർന്നവർക്കുള്ള ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ മരുന്ന് ഞങ്ങൾ വാങ്ങിക്കൊടുക്കാറ്.

ബ്ളാക്ക് ഓക്‌സൈഡ് തേച്ചുമിനുക്കിയ തറയിൽനിന്ന് ഗ്രാനൈറ്റിന്റെ തറയിലേക്കുമാറിയപ്പോൾ ബോണസ്സായി ഒരു കാൽവേദന കൂടെക്കിട്ടി. ചെരുപ്പിടാതെ മണ്ണിൽ ചവിട്ടി കുറച്ചുനടന്നുനോക്കാൻ തല നരച്ചവർ ഉപദേശിച്ചെങ്കിലും, തറയിലും, പ്ലേറ്റിലും മുതൽ മറ്റൊരാൾ ഉപയോഗിച്ച സോപ്പിലുംവരെ ബാക്ടീരിയയുണ്ടെന്ന് ടി.വി.യിൽ നിന്ന് മനസ്സിലാക്കിയതുകൊണ്ട് ഹാൻഡ് വാഷും ലെഗ് വാഷുമെല്ലാം ഇട്ടു കൈകാലുകൾ നന്നായൊന്നുകഴുകി അനങ്ങാതിരുന്നു. ആ വെള്ളം മണ്ണിലൂടെ  ഊർന്നിറങ്ങി അതിലടങ്ങിയിരിക്കുന്നതെല്ലാം നാളെ എന്റെ തീൻമേശയിലെ വിഭവങ്ങളിലൂടെ എനിക്കുതന്നെ തിരിച്ചുകിട്ടും. എൻഡോസൾഫാൻ എന്നുകേട്ടിട്ടു പേടിക്കാത്ത നമ്മളോടാണോ കളി അല്ലേ?

ഈ തലമുറ കിലോമീറ്ററുകൾ നടന്നുകൂട്ടിയ കഥകൾ മക്കളോട് പറയാറില്ല. കാരണം നടക്കാൻ ഞങ്ങൾ മറന്നുപോയിരിക്കുന്നു. 'ഹോം ഡെലിവെറി' തുടങ്ങിയതിൽപ്പിന്നെ കടയിൽപ്പോയി ഭാരം ചുമന്ന് തളരാറില്ല. അടുത്തെവിടെയെങ്കിലും പോകണമെങ്കിലും വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന ഇരുചക്ര/നാലുചക്ര വാഹനത്തിലേക്കാണ് നോട്ടം പോകാറുള്ളത്. അല്ലെങ്കിലും എന്തു ചൂടാണ്? പത്തടി വെക്കുമ്പോളേക്കും തളർന്നുപോകുന്നു. ചൂട് ക്രമാതീതമായി കൂടാൻകാരണം 'ആഗോളതാപന'മാണെന്നും വാഹനപ്പെരുപ്പം അതിനൊരു കാരണമാണെന്നുമൊക്കെ ഇടയ്ക്കു പാത്രത്തിൽ വായിക്കാറുണ്ട്. 'ഹരിതഗൃഹപ്രഭാവം' എന്ന വിഷയമൊക്കെ ഇപ്പോളും കുട്ടികൾ ഇമ്പോസിഷൻ എഴുതാറുണ്ടോ ആവോ! നടത്തം കുറച്ചു കുറവാണെങ്കിലും ഓട്ടത്തിൽ പിന്നോക്കം നിൽക്കാറില്ല - അതു ജിംനേഷ്യത്തിലെ ട്രെഡ്മില്ലിൽ ആയത് ഒരു കുറവായിക്കാണേണ്ട ആവശ്യമുണ്ടോ?

നാട്ടിലെ പലരേയും പരിചയപ്പെട്ടത് ആൽത്തറയിലെ സായാഹ്നചർച്ചകളിലും, യൂത്ത് ക്ലബ്ബിലെ  മത്സരങ്ങൾക്കിടയിലും, അമ്പലത്തിലെ ഉത്സവത്തിനും, അമ്പുപെരുന്നാളിനുമൊക്കെയായിരുന്നു. അങ്ങനെ പരിചയപ്പെട്ടവരിൽ പലരുമാണ് പഞ്ചായത്ത് ലൈബ്രറിയിലെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തുതന്നത്. വിവാഹമോ, മരണമോ  പാലുകാച്ചലോ, പേരിടലോ എന്തുമായിക്കോട്ടെ, കസേര പിടിച്ചിടലും, സദ്യ വിളമ്പലും തുടങ്ങി പന്തൽപൊളിച്ച് വണ്ടിയിൽ കയറ്റുന്നതുവരെയുള്ള ഉത്തരവാദിത്തം നമ്മൾ നാട്ടുകാർക്കാണ് എന്ന് പഠിപ്പിച്ചതും വേറാരുമല്ല. ജോലികഴിഞ്ഞു വൈകിവന്ന സഹോദരിമാരെ ഇരുട്ടത്ത് വീടുവരെ ഒറ്റക്കുപോകാൻവിട്ടിട്ട് എന്തെങ്കിലും അപകടം സംഭവിച്ചാൽ പിന്നെ നാട്ടുകാരെന്നുപറഞ്ഞു ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നോർമ്മിപ്പിച്ചതും അവരിലാരോക്കെയോ ആയിരുന്നു. ഇന്നും സൗഹൃദകൂട്ടായ്മകൾ സജീവമായുണ്ട്, അത്തരം കൂട്ടായ്മകളിൽ ഞങ്ങൾ കാര്യങ്ങൾ 'ഷെയർ' ചെയ്യാറുണ്ട്, ഇഷ്ടപ്പെട്ടാൽ 'ലൈക്ക്' അടിക്കാറുണ്ട്, എല്ലാത്തിനുമുപരി ക്യാമറയുടെ ഒളിച്ചുനോട്ടത്തിൽ കിട്ടിയ സ്വന്തം സഹോദരിയുടെ കുളി മുതൽ മനുഷ്യനെ പച്ചക്കു കത്തിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ 'വൈറൽ' ആക്കാറുമുണ്ട്. എല്ലാത്തിനുംമുമ്പ് ഒരു # കൊണ്ട് മുദ്രണം ചെയ്യുന്നതത്രെ ഇന്നിന്റെ ശരി!

44 നദികൾ നൽകുന്ന ജലസമൃദ്ധിയിൽ അഹങ്കരിച്ചിരുന്ന ഒരു യൗവ്വനകാലം കേരളത്തിനുണ്ടായിരുന്നു. ഇന്ന് കുടിവെള്ളടാങ്കറുകൾ തലങ്ങും വിലങ്ങും പായുന്ന അവസ്ഥയിലേക്ക് നമ്മുടെ നഗരങ്ങൾ മാറിയെങ്കിലും, വെള്ളവുമായി ബന്ധപ്പെട്ട മറ്റൊരു മേഖലയിൽ നമ്മൾ അതിവേഗം വളർന്നുകൊണ്ടേ ഇരിക്കുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ചില പ്രത്യേക വിശേഷാവസരങ്ങളിൽമാത്രം - അതും കുട്ടികൾ കാണാതെ - ചിലപ്പോൾ തലയിൽ മുണ്ടിട്ട്, അല്ലെങ്കിൽ രഹസ്യകേന്ദ്രത്തിൽ ഒത്തുകൂടി മാത്രം കഴിച്ചിരുന്ന ഒന്നായ മദ്യം ഇന്ന് സാമൂഹികമായ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് എല്ലാ ചടങ്ങുകളിലേയും വിശിഷ്ടാതിഥിയായി മാറിക്കഴിഞ്ഞു. മദ്യത്തിന്റെ സാമ്പത്തികശാസ്ത്രം നന്നായറിയുന്ന എല്ലാ സർക്കാരുകളും ഈ അതിഥിക്ക് പട്ടുപരവതാനി വിരിക്കുകയും ചെയ്യുന്നു. സ്കൂളിൽനിന്ന് തുടങ്ങി, ആശുപത്രികിടക്കയിലോ ഡീ-അഡിക്ഷൻ സെന്ററിലോ ആണ് ഈ ശീലം ചെന്നവസാനിക്കുന്നത്. ചിലർ 'അതുക്കും മേലെ' ഒരുനുള്ള് പൊടിയിലോ ഒരു പുകയിലോ ഭ്രാന്തമായ, ചരടുകളില്ലാത്ത ആനന്ദത്തെ പുൽകുന്നു. ഉയരുന്ന ഇത്തരം ആസക്തികളും, കെട്ടുപൊട്ടുന്ന കുടുംബബന്ധങ്ങളും തമ്മിലൊരു ഏണിയും പാമ്പും കളി തുടങ്ങിയിട്ടൊരുപാടുനാളായി. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികമാർ വരെ കാമഭ്രാന്തിനിരയാക്കപ്പെടുന്ന സമൂഹത്തെനോക്കി ഉയരുന്ന  പുകച്ചുരുളുകൾക്കപ്പുറം ഒരുകൂട്ടം ചെറുപ്പക്കാർ ചിരിച്ചുകൊണ്ടേ ഇരിക്കുന്നു. മുൻ തലമുറ അവരെ ഹിപ്പികളെന്നു വിളിച്ചു. ഇന്നിന്റെ വിളിപ്പേര് എന്താണോ എന്തോ?

ജനങ്ങളുടെ പ്രതികരണശേഷി എന്നത് ആരോഗ്യമുള്ളൊരു സമൂഹത്തിന്റെ അളവുകോലാണ്. ഇന്നലെയുടെ പ്രതികരണശേഷി സ്കൂളിൽ നിന്നു മുങ്ങി സിനിമക്കുകയറിയ കുട്ടികളെ തിരിച്ചു ഹെഡ്മാഷുടെ അടുത്തെത്തിച്ചതിലും, കൈക്കൂലി വാങ്ങിച്ച ഓഫീസറെ ചെരുപ്പുമാല അണിയിച്ചതിലും, കുളിക്കടവിൽ ഒളിഞ്ഞുനോക്കിയവനെ കൈകാര്യം ചെയ്തതിലും ഒതുങ്ങിയെങ്കിൽ, ഇന്നിന്റെ യുവത്വം അതിന്റെ പതിന്മടങ്ങു ശേഷിയോടെയാണ് പ്രതികരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്നുപറഞ്ഞ മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് ആക്രമിക്കാനും, പാർവതി-കസബ-ജൂഡ് പോലുള്ള അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടാനും, ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയുമെല്ലാം തിരഞ്ഞെടുപ്പുവിഷയങ്ങളിൽ ആധികാരികതയോടെ പ്രതികരിക്കാനും വേണ്ടി സൈബർലോകം ഒരു പോർമുറിയാക്കി മാറ്റുകയാണ്. അതിരില്ലാത്ത അവകാശങ്ങൾക്കായി നടുറോട്ടിൽ ചുംബനസമരം നടത്തി ഭരണകൂടങ്ങളെ പ്രകമ്പനം കൊള്ളിക്കുവാനും കഴിഞ്ഞു. ഇത്രയും വലിയ വിഷയങ്ങളിൽ ഇടപെടുന്ന തിരക്കിൽ  ജിഷ,സൗമ്യ, നിർഭയ തുടങ്ങിയ മുഖമില്ലാത്ത ചില പേരുകൾ മറന്നുപോകുന്നത് തികച്ചും സ്വാഭാവികം മാത്രം.

അതെ നമ്മൾ വളരുകയാണ്; 'ആറുകളൊഴുക്കു തിരയുകയും, ആവണികൾ കുളിരുതിരയുക'യും ചെയ്യുന്ന ഒരു കറുത്ത കാലത്തിലേക്ക്!  സഹ്യന്റെ ശിഖരം തകർത്തും, ഭൂമിയുടെ മാറുപിളർന്നും, നിളയെ മണലാരണ്യവും, പെരിയാറിനെ കാളിന്ദിയുമാക്കിയും പടവലങ്ങയെപ്പോലെ നേരെ കീഴോട്ട്. ഇരുട്ടിൽനിന്നും കൂരിരുട്ടിലേക്കുള്ള ഈ വളർച്ചയുടെ വേഗം നമ്മളെ ഭ്രാന്തുപിടിപ്പിക്കാതിരിക്കട്ടെ! നാളെയുടെ തലമുറ നമ്മെ ശപിക്കാതിരിക്കട്ടെ.

പിൻകുറിപ്പ്: ബ്ലോഗിന്റെ കാണാമറയത്തിരുന്ന്  ആശങ്കകൾ വെർച്വൽ ലോകത്ത് പങ്കുവെക്കുന്ന ലേഖകനും ഈ പറഞ്ഞ വളർച്ചയുടെ ഉപോല്പന്നംതന്നെ എന്നത് നിഷേധിക്കുന്നില്ല!

2 comments:

 1. സോഫാ ഗ്‌ളൂ പ്രതികരണ ശേഷിയിൽ പ്രാപ്‌തി കൈവന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയുടെ ഒരു ക്ളീഷേ കുറിപ്പുകൾ ...!

  ReplyDelete
  Replies
  1. പരമമായ സത്യം!!!

   കൊറോണ വന്നപ്പോൾ സോഫ ഗ്ലൂ സിൻഡ്രോം അധികരിച്ചു

   Delete