Tuesday 5 December 2017

പഠനം അഥവാ ഉഴപ്പ്


ഡോംലൂർ  - HP, IBM മുതൽ  മൈക്രോസോഫ്ട് വരെ ഓഫീസ് തുറന്നു വെച്ചിട്ടുള്ള സ്ഥലം. അവിടെയാണ് ഒടുക്കം ഞങ്ങൾ നാൽവർ സംഘം എത്തിപ്പെട്ടത്. ഇവിടെ ആകപ്പാടെ സെറ്റപ്പ് തരക്കേടില്ല - ആകെ 10 മണി മുതൽ 12 മണി വരെ മാത്രമേ ക്ലാസ്സുള്ളൂ. രാവിലെ 9 മണിയുടെ നേരിട്ടുള്ള ബസ് പിടിച്ചാൽ 9. 45 ആകുമ്പോളേക്കും അങ്ങെത്താം. 15 മിനുറ്റ്  വായ്നോട്ടവും കഴിഞ്ഞു നേരെ ക്ലാസ്സിൽ കയറാം. ക്ലാസ് കഴിഞ്ഞു ബസ്റ്റോപ്പിൽ ഇരുന്നു നേരം കളഞ്ഞു ആടിപ്പാടി എത്തിയാലും 2 മണിക്കുള്ളിൽ വീട്ടിലെത്താം. ഊണ് കഴിഞ്ഞു സുഖമായി ഉച്ചമയക്കവും നടത്താൻ തടസ്സമില്ല. കാര്യങ്ങളുടെ കിടപ്പു ഇങ്ങനെ ആയതുകൊണ്ട്  കൂടുതൽ ആലോചിച്ചില്ല അഡ്മിഷനും എടുത്തു, കാശും കൊടുത്തു.

ദിവസങ്ങൾ പലതു കഴിഞ്ഞു. ഇസ്തിരിയിട്ട വസ്ത്രങ്ങൾ ധരിച്ചു, പോളിഷ് ചെയ്തു മിനുക്കിയ ഡിസ്‌കൗണ്ട് ഷൂവും (മനസ്സിലായില്ലേ? മജെസ്റ്റിക്കിലെ വില തുച്ഛം ഗുണം മെച്ചം സാധനം തന്നെ) ഇട്ടു, ഒരേപോലത്തെ ബാഗും തൂക്കി 4 പേർ 'അച്ഛൻ പറഞ്ഞു കൊച്ചിക്കു പോകാൻ ഏറ്റത്തിനു അങ്ങോട്ട് ഇറക്കത്തിന് ഇങ്ങോട്ടു' മോഡലിൽ പോയി വരുന്നു എന്നല്ലാതെ, എന്താണ് പഠിപ്പിക്കുന്നത് എന്ന് ഒരൽപ്പംപോലും മനസ്സിലാകുന്നില്ല. ക്ലാസ്സിൽ ആകെ ചെയ്യുന്നത് ഓരോ 5 മിനിട്ടിലും കോട്ടുവായ ഇട്ടു ശ്വാസകോശത്തിൽ ആവശ്യത്തിന് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നു എന്നതാണ്. പലപ്പോളും കോട്ടുവാ മറച്ചുപിടിക്കാൻ ശ്രമിച്ചു മുഖം ജഗതി ശ്രീകുമാർ കാണിച്ചപോലെ പുതിയ രസങ്ങൾ പ്രതിഫലിപ്പിക്കുന്നുമുണ്ട്. മരുന്നിനു പോലും ഒരു പെൺതരി ക്ലാസ്സിൽ ഇല്ല എന്നത് ഉറങ്ങാനുള്ള മറ്റൊരു പ്രചോദനം. എന്തായാലും ഡിഗ്രി കഴിഞ്ഞാൽ പിന്നെ എന്ത് പഠിക്കാൻ പോയാലും അത് വളരെ സീരിയസ് ആയിപഠിക്കും എന്ന പ്രതിജ്ഞയുടെ സ്റ്റാർട്ടിങ് തീയതി ഒരു കൊല്ലംകൂടെ മുന്നോട്ടു നീക്കാൻ തീരുമാനിച്ചു.

പിന്നെ ആകെ ഒരാശ്വാസം രാവിലത്തെ ബസ് യാത്രയാണ്. ദൊഡ്ഡനെകുണ്ടി ഭൂമിയുടെ അറ്റം ആയതുകൊണ്ട് ബസിന്റെ സ്റ്റാർട്ടിങ് പോയിന്റ് നമ്മുടെ സ്റ്റോപ്പ് ആണ്. ബസ് നിർത്തുന്നതിനു മുൻപ് ചാടിക്കയറുക, സ്ത്രീകളുടെ റിസെർവ്‌ഡ്‌ സീറ്റിന്റെ അവസാന വരിയുടെ തൊട്ടുപിന്നിലുള്ള ജനറൽ സീറ്റ് കയ്യടക്കുക, നമുക്ക് ശേഷം ബസിൽ കയറുന്നവരെ പുച്ഛത്തോടെ നോക്കുക, ബാഗിന്റെ ഭാരം കൊണ്ടു വിഷമിക്കുന്ന ചെറുപ്പക്കാരികളുടെ ബാഗ് വാങ്ങിപ്പിടിച്ചു സഹായിക്കുക തുടങ്ങിയ കാൽപ്പനിക കലാരൂപങ്ങളിൽ, നാട്ടിൽനിന്ന് തന്നെ 'ഗപ്പ്‌' വാങ്ങിയിട്ടുള്ളതുകൊണ്ട് ഇവിടെയും മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞു. ഇത്തരം പ്രകടനങ്ങൾ ഇമേജ് വർധിപ്പിക്കുകയും, തൽഫലമായി 'പ്രായം ചെറുപ്പം, ചാപല്യം സഹജം' വകുപ്പിൽപ്പെട്ട ചില കരിമിഴികൾ പതിവുള്ള അപരിചിതഭാവം മാറ്റി പാതി വിരിഞ്ഞ ചില പുഞ്ചിരികളും, ശബ്ദം പുറത്തുവരാതെ ചുണ്ടു മാത്രം അനക്കി ചില 'ഹായ് ' എന്നിവ നൽകുകയും, ബസിൽ കയറിയാൽ കൃത്യമായി നമ്മുടെ സീറ്റിന്റെ മുന്നിലെ സീറ്റിൽ തന്നെ വന്നിരിക്കുകയും ഒക്കെ ചെയ്യാൻ തുടങ്ങി.

ആന്റിക്ലൈമാക്സ്: ഏറ്റവും നന്നായി ചിരിച്ചവൾ സ്ഥലത്തെ പ്രമുഖ റെഡ്‌ഡിയുടെ മകളാണെന്നും അയാളുടെ ശിങ്കിടികളുടെ കൈയിലെ മസിലിന്റെ വലിപ്പം പോലും നമ്മുടെ വിരിഞ്ഞ നെഞ്ചിനു ഇല്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ ബസ്സിലെ സാഹസങ്ങൾ ഒഴിവാക്കുകയും നമ്രശിരസ്കനായി പിന്നിലെ സീറ്റിലേക്ക് മാറുകയും ചെയ്തു. 'പെൺമണിമാരുടെ കരിമിഴി കണ്ടാൽ നെഞ്ചിനകത്തൊരു തരികിടതാളം' എന്ന ലൈനിൽ നിന്ന് 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം' എന്നത് ആസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തി. 

0 Please Share a Your Opinion.: