Tuesday 12 December 2017

ചില 'സ്വച്ഛ്ഭാരത്' ആശങ്കൾ


അടുത്തിടെ ഒരു ടിവി ചർച്ചയിൽ ഒരു നേതാവ് ആവേശത്തോടെ പറയുന്നതുകണ്ടു 'സ്വച്ഛ്ഭാരത്' പദ്ധതി സമ്പൂർണപരാജയമാണെന്ന്. പദ്ധതി പ്രഖ്യാപിച്ചവരുടെയോ, അതിനെ എതിർക്കുന്നവരുടെയോ  രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യാനല്ല വഴിയോരക്കാഴ്ചകൾ ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത് എന്നാദ്യമേ പറയട്ടെ.  മറിച്ച് ഈ രാജ്യത്തെ ഒരു പൗരൻ എന്ന നിലയിലെ ആശങ്കകൾ പങ്കുവെക്കുകയാണ്.

പൗരബോധമില്ലാത്ത ഒരു ജനതയും, അഴിമതിയിൽ കുളിച്ച ഒരു രാഷ്ട്രീയ/ഉദ്യോഗസ്ഥ സംവിധാനവുമുള്ള ഈ രാജ്യത്ത്, ഒരുപാട് പദ്ധതികളുടെ പരാജയങ്ങൾ നമ്മലെല്ലാവരും കണ്ടുമടുത്തതാണ്. പക്ഷേ വൃത്തിയുള്ള ഭാരതം എന്നത് ഒരു പദ്ധതിക്കപ്പുറം - മത, രാഷ്ട്രീയ, ആശയ ഭിന്നതകൾ മാറ്റിനിർത്തി ചിന്തിച്ചാൽ  - നമ്മുടെയെല്ലാം സ്വപ്നവും, അവകാശവും, പ്രതീക്ഷയുമൊക്കെയല്ലേ? അങ്ങനെയെങ്കിൽ ഈ പദ്ധതി പരാജയപ്പെട്ടു എന്ന് സന്തോഷത്തോടെ ഉദ്‌ഘോഷിക്കുന്നവരുടെയുംകൂടി സ്വപ്നങ്ങളല്ലേ കരിഞ്ഞുപോകുന്നത്? സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കുമപ്പുറം, മൂക്കുപൊത്താതെ നടന്നുപോകാൻ കഴിയാത്ത ഒരു തെരുവുപോലും നമ്മുടെ നഗരങ്ങളിലില്ലെന്നത് ലജ്ജയാൽ താഴ്ന്ന ശിരസ്സുമായേ നമുക്കാലോചിക്കാൻ കഴിയൂ.

എന്തുകൊണ്ടാണ് നമുക്കുമാത്രം ഇത് സാധിക്കാത്തതെന്ന് വഴിയോരക്കാഴ്ചകൾ അല്പം ഉറക്കെ ചിന്തിച്ചുനോക്കി. ആ ചിന്തയുടെ കെട്ടുപൊട്ടിച്ചുകൊണ്ട് അതാ പറന്നുവരുന്നു ഒരു പ്ലാസ്റ്റിക്ബാഗ് - ഒരു ബൈക്ക് യാത്രികൻ നല്ല ഉന്നമെടുത്ത് ഒരു മാലിന്യക്കൂമ്പാരം ലക്ഷ്യമാക്കി ആഞ്ഞെറിഞ്ഞതാണ്. ആ ബാഗ് നിറയെ ഖരവും, ദ്രാവകവും മുതൽ ഇ-മാലിന്യങ്ങൾ വരെ അടങ്ങിയിരിക്കും. കുട്ടിക്കാലത്ത് കേട്ട ഒരു കഥയാണ് ഓർമവന്നത്. ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിമാരെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അതിൻപ്രകാരം എല്ലാ മന്ത്രിമാരോടും, കൊട്ടാരത്തിലെ ഒരു ഇരുട്ടുമുറിയിൽ വെച്ചിരിക്കുന്ന ഒഴിഞ്ഞ ഭരണിയിൽ ഒരു പാത്രം നിറയെ പാൽ കൊണ്ടൊഴിക്കാൻ ആവശ്യപ്പെട്ടു.  'രാജശാസന കല്ലേപ്പിളർക്കും'  എന്നാണല്ലോ ചൊല്ല്! മറിച്ചൊരു വാക്കുപോലും ഉരിയാടാതെ മന്ത്രിമാർ രാജശാസന ശിരസ്സാവഹിച്ചു. തന്റെ ഉത്തരവിന്റെ ഫലപ്രാപ്തി നേരിട്ടറിയാൻ പിറ്റേന്ന് രാവിലെ ഭരണി തുറന്ന രാജാവിന് കാണാൻകഴിഞ്ഞത് വെറും പച്ചവെള്ളം മാത്രം! എന്തായാലും മറ്റെല്ലാവരും പാൽ ഒഴിക്കുമ്പോൾ ഞാനൊരാൾ മാത്രം ഒരു പാത്രം വെള്ളമൊഴിച്ചാൽ രാജാവെങ്ങനെ അറിയാനാ എന്ന് ഓരോ മന്ത്രിയും ചിന്തിച്ചു. ഇതുതന്നെയല്ലേ നമ്മുടെ അടിസ്ഥാനപരമായ പ്രശ്നവും? നാമോരോരുത്തരും ഇതുപോലെ മാലിന്യസംസ്കരണമെന്നത് നമ്മുടെയൊഴിച്ച് ബാക്കിയെല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കരുതുന്നു. മറ്റുള്ളവരുടെ ആ ഉത്തരവാദിത്തത്തിലേക്ക് നമ്മുടെ ഒരു കൂട മാലിന്യംകൂടെ വന്നാൽ എന്തുണ്ടാകാനാ അല്ലെ?

ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും മുതൽ അമ്മയുടെ മുലപ്പാൽവരെ വിഷമയമായ ഈ അവസ്ഥയെ പാടെ വിസ്മരിച്ചുകൊണ്ട് നമ്മൾ മതത്തെയും, രാഷ്ട്രീയത്തെയും, അന്യന്റെ അപഥസഞ്ചാരത്തേയും കുറിച്ചു ചർച്ചചെയ്തു, ഫ്രീ ഡാറ്റാ പാക്കിനുവേണ്ടി ക്യൂ നിന്നു, സെൽഫികൾ തുരുതുരാ എടുത്തുകൂട്ടി. കടയിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൈയിൽ കരുതുന്നതും, പാർസൽ വാങ്ങാനൊരു പാത്രം കൊണ്ടുപോകുന്നതും അന്തസ്സിനു മോശമായി കണ്ടുതുടങ്ങിയ നമ്മുടെ തലമുറയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.  ഓർക്കുക; നമ്മളൊരുപാട് വൈകിക്കഴിഞ്ഞു ഇപ്പോൾത്തന്നെ. ഒരു 'ഓഖി' ഒന്ന് കടന്നുപോയപ്പോൾ കടലിൽനിന്ന് കരയിലേക്ക് കൊണ്ടുവന്നിട്ടത് 'വെറും' എൺപതുടൺ  മാലിന്യമാണ്, പൂർണമായി നിർമാർജ്ജനം ചെയ്തെന്നു കരുതിയ രോഗങ്ങൾ പലതും തലപൊക്കുന്നു, ഒരു ചുമ വന്നാൽപോലും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ആന്റിബയോട്ടിക് പ്രയോഗം മാത്രമേ അത് ശമിപ്പിക്കുന്നുള്ളൂ. ദൃഷ്ടാന്തങ്ങൾ വ്യക്തമാണ്; അതിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടകളിലായിരിക്കും. മറക്കരുത് ഈ ഭൂമി നമ്മുടെ വരുംതലമുറകൾക്കുകൂടി അവകാശപ്പെട്ടതാണ്!

സ്വച്ഛഭാരതം സത്യത്തിൽ തുടങ്ങേണ്ടത് നമ്മുടെ തെരുവുകളിൽനിന്നല്ല നാം ഓരോരുത്തരുടെയും മനസ്സുകളിൽനിന്നാണ്. വലിച്ചെറിയുന്ന മാലിന്യത്തിനൊപ്പം നാം വലിച്ചെറിയുന്നത് സമൂഹത്തോടുള്ള നമ്മുടെ കടമകൾ കൂടിയാണ് എന്ന് തിരിച്ചറിയുക. നാം വലിച്ചെറിയുന്ന ഈ മാലിന്യങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന അസുഖങ്ങൾ നമ്മുടെ വീട്ടിലേക്കുതന്നെയാണ് ക്ഷണംകൂടാതെ കടന്നുവരുന്നത്. ഈ മാലിന്യങ്ങൾ തിന്നുകൊഴുത്ത തെരുവുനായ്ക്കളാണ് നമ്മുടെ പിഞ്ചോമനകളെ കടിച്ചുകീറുന്നത്, എല്ലാത്തിലുമുപരി, ആവശ്യമില്ലാത്തതെന്തും വലിച്ചെറിയണമെന്ന ചിന്ത തന്നെയല്ലേ കൂണുപോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങൾ നമ്മോടു പറയുന്നത്? ഡെങ്കുവും, മലേറിയയും മുതൽ പന്നിപ്പനി വരെയുള്ള പുതിയതും പഴയതുമായ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആഗോളഭീമന്മാരുടെ പുതിയ മരുന്നുകൾ പരീക്ഷിക്കപെടുന്നത് നമ്മുടെ ഓരോരുത്തരുടെയും ദേഹത്തുതന്നെയാണെന്ന് നാമെന്തേ മറന്നുപോകുന്നു?

ഞാൻമൂലം ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്വം എനിക്കാണെന്നും, മറ്റെല്ലാ അവകാശങ്ങളെയുംപോലെ ശുചിത്വമുള്ള പരിസരം എന്റെ അവകാശമാണെന്നും, മറ്റുള്ളവർക്ക് ശുചിത്വമുള്ള പരിസരം ഉണ്ടാക്കികൊടുക്കേണ്ടത് എന്റെ കടമയാണെന്നും ഉറച്ചുവിശ്വസിക്കുന്ന ഒരു സംസ്കാരം ഇവിടെ പൈജാതമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിലേക്കുള്ള ചെറിയ ചുവടുകൾ നമുക്കൊരുമിച്ചു വെക്കാം. മലിനീകരണത്തിന്റെ കെട്ടുപാടുകളിൽനിന്ന്, വൃത്തിയുടെ സ്വതന്ത്രമായ ആകാശത്തിലേക്ക് ഉയർന്നുപറക്കാൻ നമ്മുടെ ചിറകുകൾക്ക് കരുത്തുണ്ടാകട്ടെ!


0 Please Share a Your Opinion.: