Monday, 30 October 2017

പ്രയാണം

അങ്ങനെ ആ ദിവസം വന്നെത്തി. ഒരുപാടു ആലോചനകൾക്കും, ചർച്ചകൾക്കും, ആശങ്കകൾക്കും ഒടുവിൽ ബാംഗ്ലൂരിലേക്കു പോകുക എന്ന ആഗ്രഹം സാക്ഷാൽക്കരിക്കപ്പെടുന്ന ദിവസം. ആദ്യ സീൻ ആരംഭിക്കുന്നത് തൃശ്ശൂരിലെ KSRTC സ്റ്റാൻഡിൽ നിന്നാണ്. ഇപ്പോൾ ഞാൻ അച്ഛനോടൊപ്പം ഒരു ഗമണ്ടൻ പെട്ടിയുമായി അവിടെ നില്ക്കുകയാണ്. അച്ഛന്റെ മുഖത്ത് ആശങ്കയോ വിഷമമോ എന്നു വേർതിരിച്ചറിയാൻ ആകുന്നില്ല. പക്ഷേ എന്റെ മുഖഭാവം വളരെ വ്യക്തം - പുറമേക്ക് ഞാൻ ഇതെത്ര കണ്ടതാ എന്നാ ധൈര്യം, അകത്ത് ഉദ്യാനങ്ങളുടേയും, സുന്ദരികളുടേയും നാട്ടിലേക്കു പോകുന്നതിന്റെ ആവേശം, ഇംഗ്ലീഷ് കാര്യമായി സംസാരിക്കാനറിയാതെ അവിടെ പിടിച്ചു നിൽക്കാനാകുമോ എന്ന ആശങ്ക, ഒന്നുമില്ലെങ്കിലും ഒരു കൊല്ലം കഴിഞ്ഞു തിരിച്ചു വരാമെന്ന ആത്മവിശ്വാസം. പശ്ചാത്തലത്തിൽ കൂട്ടിനുള്ളത് ശ്രീജിത്ത്‌ - സ്വതവേ ധൈര്യവാനായ, ബാംഗ്ലൂർ മുൻപ് വന്നു പരിചയമുള്ള, സദ്യകൾക്കു പാചകം ചെയ്തു നല്ല അനുഭവജ്ഞാനമുള്ള - കഴിഞ്ഞ 3 വർഷങ്ങൾ കലാലയത്തിൽ ഒരുമിച്ച് പഠിച്ച ഒരു ത്രിശ്ശൂർക്കാരൻ നമ്പൂതിരി.

അംഗിരസ്സും ചിന്തുവും (മറ്റു രണ്ടു സഹപാഠികൾ) ബാംഗ്ലൂരിൽ രണ്ടു ദിവസം മുൻപേ തന്നെ എത്തി. അതുകൊണ്ടു തന്നെ ഞങ്ങൾക്കു പോകാൻ ആത്മവിശ്വാസം കൂടുതലാണ്. അവരുടെ രണ്ടു പേരുടെ കൈയിലും മൊബൈൽ ഇല്ലാത്തതു കൊണ്ട് 'ഷിനോ' എന്ന ചേട്ടന്റെ നമ്പർ ആണ് എഴുതി വെച്ചിരിക്കുന്നത്. ഒന്നുകൂടി തപ്പി നോക്കി - വഴിയും നമ്പറും എഴുതി വെച്ച കടലാസ് പേഴ്സിൽ ഭദ്രമായുണ്ട്. അതാ വെളുത്ത നിറമുള്ള ഒരു ബസ്‌ വരുന്നു - ഞങ്ങൾക്ക് പോകാൻ സമയമായി എന്ന് പശ്ചാത്തലത്തിലെ അറിയിപ്പ് ഓർമിപ്പിച്ചു. ഇത് സാധാരണ ഞാൻ കയറാറുള്ള പാട്ട വണ്ടി അല്ല - പുഷ് ബാക്ക് സീറ്റ്‌ ഉണ്ടത്രേ, നല്ല വേഗത്തിൽ പോകുമത്രേ, ബാംഗ്ലൂരിൽ മജെസ്റ്റിക് എന്ന സ്ഥലത്ത് നിർത്തുമത്രെ - ഇങ്ങനത്തെ ഒരുപാട് 'അത്രേ'കൾ മനസ്സിൽ ഓർത്തുകൊണ്ട്‌ ഞങ്ങൾ പെട്ടി സാമാനങ്ങൾ ബസ്സിൽ കയറ്റി, എല്ലാവരോടും യാത്രയും പറഞ്ഞു. അതെ എല്ലാ സിനിമകളിലും കാണാറുള്ള പോലെ കുറച്ചു വികാരനിർഭരമായ രംഗങ്ങൾ പശ്ചാത്തലത്തിൽ അരങ്ങേറാതിരുന്നില്ല! ഐതിഹ്യമാലയിൽ പറയുന്ന പോലെ 'വിസ്താരഭയം മൂലം ചുരുക്കുന്നു'.

അങ്ങനെ ബസ്‌ പുറപ്പെടുകയായി. അപ്പുറത്തെ സീറ്റിലെ ആളുകൾ ചെയ്യുന്നത് അനുകരിച്ച് സീറ്റ്‌ നല്ലപോലെ പുറകോട്ടാക്കി ഇരുപ്പു സുഖമാക്കി. തുറന്ന ജാലകത്തിലൂടെ ഇടയ്ക്കിടയ്ക്ക് വഴിവിളക്കുകളുടെ പ്രകാശം മുഖത്തേക്ക് വീഴുന്നതൊഴിച്ചാൽ ബാക്കി എല്ലാം സുഖം. നാളെ നേരം പുലരുമ്പോൾ  ഉദ്യാന നഗരിയിൽ. തണുത്ത കാറ്റ് മുഖത്ത് തഴുകുമ്പോൾ കണ്ണുകൾ താനേ അടഞ്ഞു പോകുന്നു. ഉണർവിൽ നിന്ന് ഉറക്കത്തിലേക്കു വഴുതി വീഴുന്ന ഇടവേളയിൽ എപ്പോഴോ ഒരു പാതി പുഞ്ചിരി മുഖത്ത് തത്തി കളിച്ചിരുന്നുവോ....

പ്രയാണം ഇവിടെ തുടങ്ങുന്നു......

0 Please Share a Your Opinion.: