Thursday, 6 March 2025

ഉത്രാളിക്കാവിലെ കാഴ്ചകൾ

ഒരുപാടു പൂരങ്ങളും, ഉത്സവങ്ങളും കണ്ടുനടന്ന ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. പിന്നീട് വലുതായപ്പോഴും അങ്ങനെ എല്ലാ ഉത്സവങ്ങളും അതിന്റെ പൂർണ്ണതയിൽ കണ്ടാസ്വദിച്ച സന്ദർഭങ്ങൾ കുറവായിരുന്നു എന്നുവേണം പറയാൻ. പിന്നീട് നാട്ടിൽനിന്നു സ്വയം പറിച്ചുനട്ടപ്പോഴാണ് കാണാതെപോയ എന്തൊക്കെയോ കാഴ്ചകളുടെ നഷ്ടബോധം ഉള്ളിൽ തോന്നാൻ തുടങ്ങിയത്. അങ്ങനെ കൈവിട്ടുകളഞ്ഞ കാഴ്ചകളിൽ ഒന്നായിരുന്നു ഉത്രാളിക്കാവ് പൂരം. 

പതിനാലും, പതിനഞ്ചും മണിക്കൂറുകൾ നീളുന്ന ജോലിയായിരുന്നു കുറച്ചുനാളുകളായി. അതിനിടയിലൊരു ദിവസമാണ് രാവിലത്തെ സൈക്കിൾ സവാരിക്കിടയിൽ, "ഈയാഴ്ച നാട്ടിലുണ്ടല്ലോ അപ്പോ രാത്രി ഉത്രാളിക്കാവിലെ മേളം കാണാൻ പോകണ്ടേ?" എന്ന് സുമേഷിന്റെ ചോദ്യം. അതോടെ ഉള്ളിലെ നഷ്ടബോധം വീണ്ടും തലപൊക്കി. എത്ര കഷ്ടപ്പെട്ടായാലും ഇത്തവണ കണ്ടിട്ടുതന്നെ കാര്യം എന്നുകരുതി. ഭാര്യയോട് "ഞാൻ രാത്രി മേളം കേൾക്കാൻ പോയാലോ എന്നൊരാലോചന" എന്ന് പറഞ്ഞപ്പോൾ "സുമേഷിനെ കൂടാതെ വേറെ ആരെങ്കിലുമുണ്ടോ?" എന്ന ചോദ്യത്തിലൂടെ പരോക്ഷസമ്മതവും കിട്ടി. അങ്ങനെ രാത്രി പത്തോടെ ബൈക്കിൽ രണ്ടാളും ഉത്രാളിയിലേക്കു പുറപ്പെട്ടു. 

പൂരപ്പറമ്പുകൾ ശരിക്കും വേറൊരു ലോകമാണ് - പെട്ടിക്കടകളും, തട്ടുകടകളും, ചായയും ബജ്ജികളും, രാത്രിയെ പകലാക്കുന്ന ലൈറ്റുകളും, വഴിവാണിഭക്കാരും,  തുമ്പിക്കൈയിൽ പട്ടയുമേന്തി നടന്നുപോകുന്ന ആനകളും, ദുഖങ്ങളെ തെല്ലൊന്നുമറന്നു സന്തോഷം തേടി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രായത്തിലുമുള്ള മനുഷ്യരുംനിറഞ്ഞ ഒരു പാരലൽ യൂണിവേഴ്‌സ്. ഒരു പരിധിക്കപ്പുറം ആനകൾ എന്നെ ആകർഷിക്കാറേയില്ല. പക്ഷേ മേളങ്ങൾ അങ്ങനെയല്ല; ഒരർത്ഥത്തിൽ മേളത്തിന്റെ താളങ്ങൾ തേടിയാണ് ഞാനും സുമേഷും ഏതൊരുത്സവത്തിനും പോകാറുള്ളത്. 

ഒരു തീവണ്ടിപ്പാത അതിരിടുന്ന; താഴ്വരയിലെ പാടങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഉത്രാളിക്കാവിലേക്കു തിരക്കിനിടയിലൂടെ നടക്കുമ്പോൾ, അകലെനിന്നേ പഞ്ചവാദ്യത്തിന്റെ അലയൊലികൾ കേൾക്കാമായിരുന്നു. അമ്പലത്തിനകത്തുകടന്നു മേളക്കാരുടെ തൊട്ടുപിന്നിൽ നിലയുറപ്പിച്ചു.  തിമിലയുടെ മുഴക്കത്തിലും, മദ്ദളത്തിന്റെ പെരുക്കത്തിലും, ഇടക്കയുടെ താളത്തിലും, കൊമ്പുവിളിയിലും, ഇലത്താളത്തിന്റെ കൊട്ടിക്കയറലുകളിലും അലിഞ്ഞു പിന്നീടങ്ങോട്ട് ഏതാനും മണിക്കൂറുകൾ പോയതറിഞ്ഞില്ല. ഏതൊരു മേളവും ഉച്ചസ്ഥായിയിലെത്തുമ്പോൾ കണ്ണുകളടച്ചു നിന്നാസ്വദിക്കുന്ന ഒരു പതിവുണ്ടെനിക്ക്. അതൊരു വല്ലാത്ത അനുഭൂതിയാണ്. ഒരേതാളത്തിൽ ഒരുമിച്ചുയരുന്ന നാദധാരക്കിടയിലും ഓരോ വാദ്യത്തിന്റെയും ശബ്ദവീചികൾ പ്രത്യേകമായി ചെവിയിൽനിന്നും ഹൃദത്തിലേക്കൊഴുകുന്ന അനുഭവം. അത്തരം നിമിഷങ്ങളിൽ ശരീരം, ആത്മാവ്, ആകാശം, ഭൂമി ഇവയെല്ലാം ഒന്നുചേർന്ന് ആ താളപ്രപഞ്ചത്തിൽ ലയിച്ചു വേർപിരിക്കാനാകാത്തവിധം ഒന്നാകുന്നപോലെ തോന്നാറുണ്ട്.  

മേളം കഴിഞ്ഞാൽ പിന്നീട് പ്രധാനം വെടിക്കെട്ടാണ്.വെടിക്കെട്ട് നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലത്തെത്തി  രാവിലെ നാലുമണിയോടെ നിലയുറപ്പിച്ചു. വെടിക്കെട്ടിനായി അക്ഷമയോടെ കാത്തിരിക്കുമ്പോൾ, അകമ്പടിക്കാർക്കൊപ്പം ഓരോ ആനകൾ തങ്ങളുടെ വിശ്രമസ്ഥലത്തേക്കു പോകുന്നത് കാണാമായിരുന്നു. ഒടുവിൽ ആ നിമിഷമെത്തി; കണ്ണും കാതും ഒരുപോലെ നിറക്കുന്ന ഉത്രാളിക്കാവ് വെടിക്കെട്ടിന്റെ നിമിഷം. അതുവരെ കേട്ടറിവ് മാത്രമുള്ളതിനെ , അന്നുമുതൽ അനുഭവത്തിന്റെ കണക്കുപുസ്തകത്തിലേക്ക് ചേർത്ത് ഞങ്ങൾ മടങ്ങി. 

കിഴക്കൻ ചക്രവാളം ചുവന്നുതുടങ്ങിയിരുന്നു, ഉത്രാളിയുടെ പാടങ്ങളെ ചുറ്റിവരുന്ന തണുത്തകാറ്റേറ്റു മുന്നോട്ടു നടക്കുമ്പോഴും, മനസ്സ് പുറകോട്ടു വലിക്കുന്നുണ്ടായിരുന്നു; എത്രകണ്ടാലും കൊതിതീരാത്ത ഉത്സവക്കാഴ്ചകളിലേക്ക്.....🥰
.
.
.
ചില കാഴ്ചകളെ ബാക്കിവെച്ചാണ് മടങ്ങുന്നത്; ഇനിയുമൊരിക്കൽ കണ്ടു കൺനിറക്കാനായി.......❣️


0 Please Share a Your Opinion.: