Friday, 19 July 2019

ഒരു ഈന്തപ്പഴക്കഥ


'പീക്കിരി' എന്നു വിളിക്കാവുന്ന പ്രായത്തിലുള്ള കുട്ടികളേക്കാളും ഒരുപാട് അറിവ് കൂടുതലുണ്ടെന്ന അഹങ്കാരം എനിക്ക് പണ്ടേയുണ്ട്. ഒരു കുട്ടിയുടെ അച്ഛനായതോടെ അത് ക്രമാതീതമായി കൂടുകയും ചെയ്തു. ചിലപ്പോഴൊക്കെ മൂന്നു വയസ്സുകാരനായ പുത്രനെ 'അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്' എന്നൊക്കെ ഉപദേശിച്ചു വെറുപ്പിക്കാറുമുണ്ട്. ഈ അദ്ധ്യയനവർഷം മുതൽ പുത്രൻ നഴ്‌സറിയിൽ പോയിത്തുടങ്ങി.  രാവിലെ 8.30 മുതൽ ക്ലാസ് തുടങ്ങുന്നതുകൊണ്ട്, ഇടക്കു കഴിക്കാൻ എന്തെങ്കിലും 'സ്‌നാക്‌സ്' കൊടുത്തുവിടാറുണ്ട്.  മിക്കവാറും പ്രാതലിന് ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ, പുട്ട് അങ്ങനെ എന്തെങ്കിലുമാകും സ്‌നാക്‌സ്. ഇടക്കു വല്ല പഴവർഗങ്ങളും, അപൂർവ്വമായി ബ്രഡ് ജാം എന്നിവയും പതിവുണ്ട്.

12.30 ആകുമ്പോൾ നഴ്സറിക്കാരൻ ക്ലാസ്സെല്ലാം കഴിഞ്ഞു വീട്ടിലെത്തും. ഓഫീസിൽ വൈകിപ്പോകുന്ന ദിവസമോ, അതല്ലെങ്കിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ദിവസമോ ആണെങ്കിൽ ഉച്ചയൂണു കഴിക്കുന്നതിനു മുൻപോ, കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലോ സ്കൂൾ വിശേഷങ്ങൾ ചോദിക്കുന്ന പതിവുണ്ട്. പലതിനും വാലും തുമ്പുമൊന്നും കാണില്ലെങ്കിലും, തന്നെക്കൊണ്ടാകുന്നവിധത്തിൽ വള്ളി പുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ വിവരിക്കാൻ പുത്രനും ശ്രമിക്കാറുണ്ട്. 

അങ്ങനെ ഒരു ദിവസം പുള്ളിക്കാരന് സ്‌നാക്‌സ് ആയി കൊടുത്തുവിട്ടത് ഈന്തപ്പഴം (Dates) ആയിരുന്നു. വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ 'ഇന്ന് സ്‌നാക്‌സ് മുഴുവൻ കഴിച്ചോ?' എന്നും ചോദിച്ചു. പൊതുവേ ഈന്തപ്പഴം അവന് ഇഷ്ടമായതുകൊണ്ടു 'ഉവ്വ്' എന്നൊരു ഉത്തരമാണ് പ്രതീക്ഷിച്ചത്. എന്നാൽ എന്റെ പ്രതീക്ഷകൾ പൂർണമായും തെറ്റിച്ചുകൊണ്ട്, 'മുഴുവനും കഴിച്ചില്ല അച്ഛാ' എന്നാണ് മറുപടി കിട്ടിയത്. കിട്ടിയ അവസരം വെറുതെ കളയേണ്ട എന്നുകരുതി 'അച്ഛനുമമ്മയും എത്ര കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഓരോ സാധനങ്ങൾ വാങ്ങുന്നത്, എത്ര കുട്ടികൾ ഭക്ഷണം കിട്ടാതെ കഷ്ടപെടുന്നുണ്ട്, ഭക്ഷണം മുഴുവൻ കഴിക്കാതിരുന്നാൽ അമ്പാട്ടി കോപിക്കും' എന്നതടക്കമുള്ള ഒരു ലോഡ് ഉപദേശവും 'ഇങ്ങനെയാണെങ്കിൽ നാളെ മുതൽ സ്‌നാക്‌സ് തന്നുവിടുന്നില്ല' എന്ന് പൊടിക്ക് ഭീഷണിയും അങ്ങു വാരിവിതറി. ഇതുമുഴുവൻ അവന്റെ കുഞ്ഞു തലയിൽ കയറുമെന്നു കരുതിയിട്ടല്ല; എന്നാലും ഇത്തരം ഉപദേശങ്ങൾ പാരമ്പര്യസ്വത്ത് പോലെയാണല്ലോ. അപ്പൂപ്പന്മാരും അമ്മൂമ്മമാരും അത് നമ്മുടെ അച്ഛനമ്മമാർക്ക് കൈമാറി, അവരിൽ നിന്ന് നമ്മളിലേക്ക്, ഇനി നമ്മളിൽനിന്ന് അടുത്ത തലമുറയിലേക്ക് അത് കൈമാറേണ്ടത് ഒരു ചരിത്രപരമായ കടമയാണ്. എന്തായാലും അച്ഛനെന്താണാവോ ഈ പറയുന്നത് എന്നാലോചിച്ച് തല പുണ്ണാക്കാതെ പുത്രൻ തന്റെ ജോലി തുടർന്നു. 

തൊണ്ടയിലെ വെള്ളം മുഴുവൻ വറ്റുന്നതുവരെ ഉപദേശിച്ചിട്ടും പുത്രൻ മൈൻഡ് ചെയ്യാത്തതുകൊണ്ട് ക്ഷീണിതനായ ഞാൻ, എന്തായാലും വിവരങ്ങൾ ഒന്നുകൂടി വിശദമായി ചോദിച്ചറിഞ്ഞിട്ടാകാം ബാക്കി ഉപദേശം എന്നുകരുതി. 

"മോനേ ശരിക്കും പറയൂ നീ ഈന്തപ്പഴം മുഴുവൻ കഴിച്ചില്ലേ അതോ ബാക്കിവെച്ചോ?"

"ഞാൻ മുഴുവൻ കഴിച്ചില്ല അച്ഛാ" 

"എന്താ നീ മുഴുവൻ കഴിക്കാഞ്ഞത്? വീട്ടിൽവെച്ചു തരുമ്പോ കഴിക്കാറുണ്ടല്ലോ?"

........... (മൗനം)

"എന്താ കഴിക്കാഞ്ഞതെന്നു പറയൂ..."

"കുരു ഒരു ടേസ്റ്റില്ല അച്ഛാ......"

.............. (മൗനം. ഇത്തവണ എന്റേതാണെന്നു മാത്രം)

അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ പതിയാൻ ഒരു നിമിഷമെടുത്തു. അപ്പോൾ അതാണ് കാര്യം; ഈന്തപ്പഴത്തിന്റെ 'കുരു' (മാത്രം) ബാക്കിവെച്ചതുകൊണ്ടാണ് 'മുഴുവനും കഴിച്ചില്ല' എന്ന് പുത്രൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഒരു പഴത്തിന്റെ 'പൂർണ്ണത' അതിന്റെ അകത്തുള്ള കുരു കൂടി ഉൾപ്പെടുന്നതാണ് എന്ന് മനസ്സിലാക്കാതെയാണ്  ഇത്രയുംനേരം ഞാൻ ഉപദേശിച്ചുകൊണ്ടിരുന്നത്. കൂടുതൽ നാണംകെടേണ്ട എന്നുകരുതി ഉപദേശങ്ങൾ തൽക്കാലത്തേക്ക് ചുരുട്ടിക്കൂട്ടി കീശയിൽവെച്ചുകൊണ്ട് ഞാൻ സ്ഥലം കാലിയാക്കി.

എന്തായാലും അന്നത്തോടെ രണ്ടുകാര്യങ്ങൾ മനസ്സിലായി.

1) കുറച്ച് ഓണം അധികം ഉണ്ടു എന്നത് ബുദ്ധി കൂടാനുള്ള ഒരു യോഗ്യതയല്ല

2) 'Child is the father of man' എന്ന് വില്ല്യം വേർഡ്‌സ്‌വർത്ത് പറഞ്ഞത് വെറുതെയല്ല!

18 comments:

 1. ഹാ ഹ ഹാ.പാവം കുട്ടി.അഹങ്കാരിയായ അച്ഛനെ ഒരു പാഠം പഠിപ്പിച്ചുകളഞ്ഞു.

  ReplyDelete
  Replies
  1. അതെ അതെ... ഒന്നൊന്നര പാഠം ആയിപ്പോയി..

   Delete
 2. nishkalanka naaya kunj,...nannayittund

  ReplyDelete
 3. കുഞ്ഞു കുരു തിന്നാഞ്ഞത് ഭാഗ്യം ട്ടാ :) ആ അവസാനം പറഞ്ഞ കാര്യങ്ങൾ കറക്ടാ

  ReplyDelete
  Replies
  1. ടേസ്റ്റ് ഇല്ലാത്ത ഒരു ഐറ്റവും തിന്നുന്ന ആളല്ല ;-)

   ഈ വഴി വന്നതിൽ ഒരുപാട് സന്തോഷം... ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നു..

   Delete
 4. കൊച്ചുകുഞ്ഞെങ്കിലും അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു മനസ്സിലായില്ലേ ...പിള്ളമനസ്സിൽ കള്ളമില്ലല്ലോ ....

  ReplyDelete
  Replies
  1. സത്യം... അവരെപ്പോലെ നേർവഴിക്കു ചിന്തിക്കാൻ കഴിയുന്നില്ല മുതിർന്നവർക്ക് എന്നുമാത്രം

   ഈ വഴി വന്നതിൽ സന്തോഷം ചേച്ചീ..

   Delete
 5. കുട്ടികൾ നിഷ്കളങ്കരാണ്.ഓരോ കുട്ടിയും ശുദ്ധ പ്രകൃതിയോട് കൂടിയാണ് ജനിച്ചു വീഴുന്നത്.

  ReplyDelete
  Replies
  1. അതെ പിന്നെ നമ്മളെല്ലാവരുംകൂടി അവരെ വഴിതെറ്റിക്കും ;-)

   ഉനൈസ് ഭായ് സന്തോഷം ഈ വഴി വന്നതിന്
   . ഞാൻ തിരിച്ചങ്ങോട്ടും വരുന്നുണ്ട് ഉടനെത്തന്നെ!

   Delete
  2. മിടുക്കൻ!
   അല്ലെങ്കിലും കുട്ടികൾ അങ്ങനെയാണ്. നമ്മുടെ വമ്പൊക്കെ ഒരു നിമിഷം കൊണ്ട് തീർത്തു തരും.

   Delete
  3. സത്യം ചേച്ചീ.. കുട്ടികളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്ന് പഠിച്ചു :-)

   Delete
 6. ചരിത്രപരമായ ഉപദേശവും കൊണ്ട് ഇനി മേലാല്‍ കൊച്ചിന്റെ അടുത്തു പോയേക്കരുത് . കേട്ടല്ലോ ? ഹും .. നന്നായോള്ളൂ :)))

  ReplyDelete
  Replies
  1. ഇനി മേലാൽ ഒരുപദേശവും കൊണ്ട് ഒരു കുട്ടിയുടെ അടുത്തും പോകില്ല എന്ന് ആന്നേ തീരുമാനിച്ചു 😁😁

   Delete
 7. പാവം കൊച്ചുങ്ങൾ.പൊട്ടിയ സാധനങ്ങൾ വേസ്റ്റ് പിന്നിൽ ഇടാനുള്ളതാണ് എന്നുപദേശിച്ച ഒരു അപ്പാ ഉണ്ടിവിടെ.. സ്വര്ണകമ്മൽ പൊട്ടിയപ്പോൾ മോൾ അപ്പോൾ തന്നെ വേസ്റ്റിൽ ഇട്ട് മാതൃക കാണിച്ചു

  ReplyDelete
  Replies
  1. എന്റമ്മേ...അതൊക്കെ വെച്ചുനോക്കുമ്പോൾ ഇതൊക്കെ ചെറീത്..... ;-)

   Delete
 8. കാരണം അറിയാൻ കാത്തുനിന്നത് നന്നായി. അല്ലെങ്കിൽ ദേഷ്യം തീർ ത്തേനേ, ക്ഷമയില്ലാത്തവരാണെങ്കിൽ ....
  ആശംസകൾ

  ReplyDelete