Tuesday, 16 July 2019

'പോസ്റ്റി'ൽ പോസ്റ്റാകുമ്പോൾ

തിങ്കൾമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ അലാറം അടിക്കുമ്പോൾ ചുരുങ്ങിയത് ഒരു പതിനഞ്ച് മിനിറ്റ് കൂടെ കിടന്നിട്ട് ഹോ ഇത്രപെട്ടെന്ന് നേരം വെളുത്തല്ലോ എന്ന സങ്കടത്തോടെയാണ് എഴുന്നേറ്റുവരാറുള്ളത്. പക്ഷെ ചില ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, അലാറം പോലുമില്ലാതെ നേരത്തെ തന്നെ ഉറക്കമുണരും. പിന്നെ എന്തുചെയ്താലും ഉറക്കമൊട്ടു വരികയുമില്ല. അപ്പോൾ ആദ്യത്തെ ചിന്ത കുറച്ചുദൂരം നടക്കാൻ പോകാം എന്നാണ്. പിന്നെ കരുതും, നടക്കാൻപോകാൻ ഇനിയും ദിവസങ്ങളുണ്ടല്ലോ, കുറെനാളായില്ലേ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ട് അതുകൊണ്ട് ഇന്നൊരെണ്ണം അങ്ങോട്ട് വെച്ചുകാച്ചിയേക്കാമെന്ന് (ബ്ലോഗാണ് കൂടുതലിഷ്ടമെങ്കിലും വഴിതെറ്റിയെങ്ങാനും ആരെങ്കിലും വരുന്നതല്ലാതെ പൊതുവെ വരൾച്ചക്കാലമായതുകൊണ്ട് ആദ്യം ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്യാറുള്ളത് ഈയിടെയായി). പോസ്റ്റ് ഇട്ട ഉടനെ നൂറുകണക്കിനാളുകൾ വായിക്കാൻ ക്യൂ ഒന്നും നിൽക്കുകയല്ലെങ്കിലും ഓരോരോ ആചാരങ്ങളാകുമ്പോൾ നമ്മൾ പാലിക്കാതെ പറ്റില്ലല്ലോ. തന്നെയുമല്ല ആളുകളുടെ സ്വകാര്യവിവരങ്ങൾ കിട്ടിയ പൈസക്ക് തൂക്കിവിറ്റു എന്ന 'ചെറിയൊരു' കുറ്റത്തിന് ഫൈനടച്ച് ഡിപ്രെഷൻ അടിച്ചിരിക്കുന്ന സാക്ഷാൽ സുക്കറണ്ണന്  ഇനിയിപ്പോ എന്റെയൊരു പോസ്റ്റ് കണ്ടില്ലെന്നു കരുതി കൂടുതൽ വിഷമമാകണ്ട. ആഫ്റ്ററാൾ, ഭാവിയിൽ കൂടുതൽ തൂക്കിവിൽപ്പനകൾക്ക് നമ്മുടെ ഒരു എളിയ സംഭാവന ആയിക്കോട്ടെ!

അങ്ങനെ നിറഞ്ഞു തുളുമ്പുന്ന ആവേശത്തോടെയും, ആത്മവിശ്വാസത്തോടെയും പോസ്റ്റിടാൻ ലാപ്ടോപ്പ് തുറന്നുവെച്ച് ഒറ്റയിരിപ്പാണ്. അത് വെറുമൊരു ഇരിപ്പല്ല - ആദ്യം എന്തിനെപ്പറ്റി പോസ്റ്റിടണം എന്നങ്ങോട്ടു കൂലങ്കുഷമായി ചിന്തിക്കും. നാട്ടിൽ നടന്ന/നടക്കുന്ന ഏതെങ്കിലും സംഭവത്തെപ്പറ്റി എന്റെ 'വ്യക്തവും ശക്തവുമായ...' അഭിപ്രായം രേഖപ്പെടുത്തിയാലോ എന്നാദ്യം കരുതും. ചില 'അവലോസുണ്ട'കൾപോലെ അത് കടിച്ചാൽപൊട്ടാത്ത  ഐറ്റമായിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട് അതങ്ങു വേണ്ടെന്നുവെക്കും. എന്നാൽപ്പിന്നെ ഒന്ന് മാറ്റിപ്പിടിക്കാം; ഏതെങ്കിലും രസകരമായ അനുഭവങ്ങളെപ്പറ്റി എഴുതാം, അതാകുമ്പോൾ എഴുതുന്ന ആൾക്കും, വായിക്കുന്ന ആൾക്കും സുഖം. അങ്ങനെ ആലോചിച്ചു കാടുകയറുമ്പോളാണ് മനസ്സിലാകുക പലതിനെപ്പറ്റിയും എഴുതാൻനിന്നാൽ മിക്കവാറും പോസ്റ്റിനും 'അനുഭവങ്ങൾ പാളിച്ചകൾ - ഭാഗം ഒന്ന്, രണ്ട്, മൂന്ന്' എന്ന് തലവാചകം എഴുതേണ്ടിവരുമെന്ന്. ബാക്കിയുള്ളതിനാകട്ടെ 'എന്റെ തല എന്റെ ഫിഗർ' മോഡൽ ഒരു ആത്മപ്രശംസയുടെ ഭാവം വരികയും ചെയ്യും. അപ്പോപ്പിന്നെ അതും രക്ഷയില്ല.

അപ്പോൾ ബാക്കിയുള്ള ഓപ്ഷൻ 'ഭാവന' മാത്രമാണ്. മാസാവസാനമാകുമ്പോളുള്ള ബാങ്ക് അക്കൗണ്ട്പോലെ അത് മിക്കവാറും കാലിയായിരിക്കും. എന്നാലും ഏതെങ്കിലും പൊട്ടും പൊടിയും ബാക്കിയുണ്ടോ എന്ന് അരിച്ചുപെറുക്കലാണ് ആദ്യത്തെ ജോലി. ഏകദേശം ഇത്രയുമാകുമ്പോഴേക്കും 'പാൽപാക്കറ്റ്' എത്തിക്കാണും. ഭാവന വിടരാൻ ചായ ഉത്തമമായതിനാൽ ഒരു ചായ കുടിച്ചിട്ടാകാം എഴുത്ത് എന്ന് തീരുമാനമാകും. കട്ടനാണ് ഭാവന വിടർത്താൻ ഉത്തമമെങ്കിലും ഒരു പരിധിയിൽകൂടുതൽ എന്റെ തല താങ്ങില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ പാൽച്ചായ വെച്ച് അഡ്ജസ്റ്റ് ചെയ്യും (അല്ലാതെ കട്ടൻ എനിക്കിഷ്ടമല്ലാത്തതുകൊണ്ടല്ല). ചായകുടി കഴിഞ്ഞിട്ടും ഭാവന വിചാരിച്ച രീതിയിൽ അങ്ങോട്ട് വിടരുന്നില്ലെങ്കിൽ ഇനി എങ്ങാനും 'വാസ്തു' പ്രശ്നമാണെങ്കിൽ മാറിക്കോട്ടെ എന്നുകരുതി കിഴക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും വടക്കോട്ടും എന്നുവേണ്ട വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് അടക്കം എല്ലാ ദിശയിലേക്കും തിരിഞ്ഞിരുന്നുനോക്കും. അതോടൊപ്പം ബെഡ്‌റൂം, ഡ്രോയിങ് റൂം, ഡൈനിങ്ങ് റൂം എന്നിങ്ങനെ പല സ്ഥലങ്ങളും മാറിനോക്കും. ഇതുകൊണ്ടൊന്നും പിടിതരാതെ 'ഞാനിതെത്ര കണ്ടിരിക്കുന്നു' എന്നമട്ടിൽ ഭാവന ഒഴിഞ്ഞുമാറിക്കൊണ്ടേയിരിക്കും. ഇതിനിടയിൽ മൂളിപ്പാട്ടും പാടിക്കൊണ്ട് കറങ്ങുന്ന ഏതാനും കൊതുകുകൾ, ആരാടാ രാവിലെത്തന്നെ ലൈറ്റ് ഇട്ടു ശല്യപ്പെടുത്തുന്നത് എന്നറിയാൻ ഓടിവരുന്ന ഒന്നോ രണ്ടോ പാറ്റകൾ എന്നിവരെ ഞാൻ യാതൊരു ദാക്ഷിണ്യവുമില്ലാതെ കാലപുരിക്കയച്ചുകാണും - ഭാവനക്ക് യാതൊരു തടസ്സവും വരാൻ പാടില്ലല്ലോ!

ഏകദേശം ഇത്രയുമാകുമ്പോളേക്കും പത്രം വരും. പത്രത്തിൽ നിന്നെങ്ങാനും വല്ല വിഷയവും കിട്ടിയാലോ എന്ന സാധ്യതയെ മുൻനിർത്തി പത്രം അരിച്ചുപെറുക്കും. ഒരു ശരാശരി മലയാളിയെപ്പോലെ ചായകുടിയും 'മ' പത്രം വായനയും കഴിഞ്ഞാൽ ഒരു 'വിളി' വരും. അതെല്ലാം കഴിഞ്ഞിട്ടാകട്ടെ ഇനി പോസ്റ്റ് തയ്യാറാക്കൽ എന്ന തീരുമാനമേ സ്വാഭാവികമായും സാധിക്കുകയുളളൂ. അങ്ങനെ അതെല്ലാം കഴിഞ്ഞ് വീണ്ടും ലാപ്ടോപ്പിന് മുൻപിൽ 'ഓം പോസ്റ്റായ നമഃ....' എന്ന് നൂറുതവണ ഉരുവിട്ട് വീണ്ടും ഇരുന്നുനോക്കും. വായ്‌പൊളിച്ച് അനന്തമായി കാത്തിരിന്നു ബോറടിക്കുന്ന നൂറുകണക്കിന് കുടങ്ങളെ  ഇടക്ക് 'ശൂ..ശൂ' എന്നൊരു ശബ്ദത്തോടെ ദേ ഇപ്പോവരും വെള്ളം എന്നുപറഞ്ഞു പറ്റിക്കുന്ന കോർപ്പറേഷൻ പൈപ്പുകളെപ്പോലെ, തലച്ചോറും ഇടക്കോരോ മിന്നലാട്ടങ്ങൾ നടത്തുമെന്നല്ലാതെ മിക്കവാറും ഭാവനയുടെ വരൾച്ച തന്നെയാണ് പതിവ്. സമയം ഇത്രയുമാകുമ്പോളേക്കും പ്രിയതമ എഴുന്നേറ്റുവരികയും 'ആഹാ ഇന്ന് പോസ്റ്റ് ഇടുന്നുണ്ടോ' എന്ന് ചോദിക്കുകയും, 'ഏകദേശം റെഡിയായി. എന്നാലും വിചാരിച്ച അത്രക്കങ്ങട് ആയില്ല. ഒന്നുകൂടി ഒന്ന് സെറ്റപ്പാക്കീട്ട് വേണം ഇടാൻ' എന്നുപറഞ്ഞുകൊണ്ട് എന്നെനോക്കി പല്ലിളിക്കുന്ന ഫേസ്ബുക്കിലെയോ, ബ്ലോഗിലെയോ ഒരക്ഷരം പോലുമെഴുതാത്ത 'ബ്ലാങ്ക് പേജ്' അതിവിദഗ്ദ്ധമായി ക്ലോസ് ചെയ്ത്, ലോഗൗട്ട് ചെയ്ത് ലാപ്ടോപ്പും അടച്ചുവെച്ച് 'ഇന്ന് മീൻ വാങ്ങിയാലോ' എന്നതുപോലുള്ള അധികം ഭാവനവേണ്ടാത്ത ചോദ്യങ്ങളുമായി 'പോസ്റ്റ്മുതലാളി'ക്കുപ്പായം അഴിച്ചുവെച്ച് ഉത്തമനായ കുടുംബസ്ഥന്റെ റോൾ ഏറ്റെടുക്കും.

'ഇത്ര ഗ്യാപ്പ് ഇടാതെ ഇടക്കോരോ പോസ്റ്റ് ഇട്ടൂടേ' എന്ന് സ്നേഹത്തോടെ ചോദിക്കാറുള്ള ചിലരുണ്ട്. അവരോടൊക്കെ 'ദിപ്പോ ശര്യാക്കിത്തരാം......' എന്നുപറഞ്ഞു മുങ്ങാറാണ് പതിവ്. വേറൊന്നുംകൊണ്ടല്ല; ഇപ്പൊ മനസ്സിലായില്ലേ 'ഷാനീ ഇത് ചെറിയ കളിയല്ല.....' എന്ന്  ;-)

വാൽക്കഷ്ണം: 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയിൽ സംയുക്ത വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഭാവന വളർത്തുന്ന ഒരു യന്ത്രം വിൽക്കുന്നുണ്ട്. അത്തരമൊരു യന്ത്രം ആമസോണിലോ, ഫ്ലിപ്‌കാർട്ടിലോ കിട്ടാനുണ്ടോ എന്ന് നോക്കട്ടെ. എങ്ങാനും കിട്ടിയാൽ പിന്നെ പോസ്റ്റുകളുടെ ഒരു പ്രളയമായിരിക്കും ഇനിയങ്ങോട്ട് :-D

16 comments:

 1. സത്യമായ കാര്യം.

  യന്ത്രം വരുത്തുമ്പോൾ ഒരെണ്ണം കൂടുതൽ വരുത്തിക്കോ.

  ReplyDelete
 2. അതെ ഇതൊരു സത്യകഥയാണ്.. യന്ത്രം കിട്ടിയാൽ തീർച്ചയായും രണ്ടെണ്ണം വാങ്ങാം :-D

  ReplyDelete
 3. ശ്രീമാൻ,എനിയ്ക്കൊരു മെയിൽ അയച്ചേ വേഗം

  ReplyDelete
 4. ശരിക്കും അങ്ങനെയൊരു യന്ത്രമുണ്ടോ. . ഈ ഭാവന തലയിലോട്ട് കയറ്റിവിടുന്ന.. . എന്നാപ്പിന്നെ എത്രയെളുപ്പം ല്ലേ ... നർമ്മം രസകരം. ആശംസകൾ.

  ReplyDelete
  Replies
  1. അങ്ങനെയൊരു യന്ത്രമുണ്ടെന്നതു തന്നെ ഒരു ഭാവനയല്ലേ :-D

   Delete
 5. യന്ത്രം കയ്യിലും ഭാവന മനസ്സിലും ഉണ്ട് എന്ന് ഈ പോസ്റ്റിൽ നിന്ന് മനസ്സിലായി.

  ReplyDelete
  Replies
  1. യന്ത്രം തരുന്ന ഭാവന വെച്ച് ഓരോന്ന് പടച്ചുവിടുന്നതല്ലേ :-D

   Delete
 6. seriya, njayarazhcha pettenunarum, atha enteyum vishamam, nanayitund kto

  ReplyDelete
  Replies
  1. തുല്യദുഃഖിതരായ ആളുകളെ കണ്ടുമുട്ടുന്നത് ഒരു സന്തോഷം തന്നെയാണ് ;-)

   Delete
 7. റൈറ്റേഴ്സ് ബ്ലോക്കിനെ അങ്ങോട്ട് ബ്ലോക്ക് ചെയ്തേക്കു' എല്ലാം ശരിയാവും

  ReplyDelete
  Replies
  1. 'റൈറ്റേഴ്‌സ് ബ്ലോക്ക്' ഒരു വല്ലാത്ത ബ്ലോക്ക് തന്നെയാണ് എന്ന് അനുഭവത്തിലൂടെ പഠിച്ചു :-)

   Delete
 8. അങ്ങനെ വരുത്താനായി മനപ്പൂര്‍വ്വം എന്റെ കൊച്ച് കച്ച കെട്ടി ഇരിയ്ക്കണ്ടാന്നെ.. അക്ഷരങ്ങളെ അതിന്റെ വഴിയ്ക്ക് വിട്ടേരെ..അങ്ങനെ മനപ്പൂര്‍വ്വം കരുതിക്കൂട്ടി വിളിച്ചാലോന്നും അവര്‍ വരില്ല. കുറെ വായനയിലേയ്ക്ക് പോകൂ .. വായനയുടെ കാണാത്തീരങ്ങളില്‍ നിന്നാണ് ഭാഷയുടെ യാത്ര ആരംഭിയ്ക്കുന്നത്. വായനയ്ക്കിടയില്‍ ഭാവന തനിയെ വിടര്‍ന്നോളും. ബ്ലോക്ക് മാറാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് അത് :)

  ReplyDelete
  Replies
  1. സത്യം... ശിവേച്ചി പണ്ടും എന്നോട് പറഞ്ഞിട്ടുള്ള കാര്യം ഇത്തവണ ഞാൻ പാലിച്ചു. കുറച്ചുനാളായി ഇപ്പോൾ വായനയുടെ ലോകത്താണ്. കുറച്ചുനാളായി ഇവിടെ വരവില്ലാത്തതുകൊണ്ട് ഇങ്ങനത്തെ നല്ല കാര്യങ്ങൾ പറഞ്ഞുതരാൻ ആളില്ലായിരുന്നു. ഇപ്പോൾ വീണ്ടും വന്നപ്പോൾ വളരെ സന്തോഷം ശിവേച്ചീ... 😊😊

   Delete
 9. ഇതാണ് തള്ളേ തള്ള്... ഒരു പോസ്റ്റെഴുതാൻ നോക്കിയിട്ട് ഭാവന വരാത്തതീന്റെ വൈക്ലബ്യം...

  ReplyDelete
  Replies
  1. 'വീണത് വിദ്യയാക്കുക' എന്നതാണല്ലോ അതിന്റെ ഒരു രീതി....... 😁

   Delete