23 - മെയ് - 2019
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണയന്ത്രം അടുത്ത അഞ്ചു വർഷത്തേക്ക് ആരു തിരിക്കുമെന്ന് എല്ലാവരെയുംപോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനി ഏതാനും മണിക്കൂറുകൾ കൂടി മതി ഫലസൂചനകൾ വന്നുതുടങ്ങാൻ. മുൻകൂറായിത്തന്നെ വിജയിച്ചവർക്ക് ആശംസകളും, പരാജയപ്പെട്ടവർക്ക് അടുത്ത മത്സരത്തിന് ശുഭാശംസകളും നേരുന്നു. MLA സ്ഥാനത്തിരിക്കുമ്പോൾ മത്സരിക്കുന്നവരാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഭാഗ്യവാൻമാർ; പരാജയപ്പെട്ടാലും ജനപ്രതിനിധി എന്ന പദവി പോകില്ലല്ലോ.
സംസ്ഥാനത്തിലും കേന്ദ്രത്തിലുമായി ഒറ്റകക്ഷിഭരണവും, കൂട്ടുമുന്നണിഭരണവും, ഇടതുഭരണവും, വലതുഭരണവും എല്ലാം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു പാർട്ടി ഭരണത്തിൽ വരുന്നതിലും അമിതമായ ആവേശമോ, നിരാശയോ ഇല്ല. പക്ഷേ ഞാൻ ചിന്തിക്കുന്നത് ഈ രാജ്യത്തെ ഒരു സാധാരണ പൗരൻ എന്നനിലയിൽ എന്റെയും ഞാനുൾപ്പെടുന്ന ഈ സമൂഹത്തിന്റെയും സ്ഥിതിയിൽ എന്തു മാറ്റമാണ് ഈ ഭരണമാറ്റങ്ങൾ കൊണ്ടുവരുന്നതെന്നാണ്. ബന്ധുക്കളോ, സുഹൃത്തുക്കളോ വഴി രാഷ്ട്രീയത്തിൽ അൽപ്പംപോലും സ്വാധീനശേഷിയില്ലാത്ത ഒരു സാദാ പ്രജയാണ് ഞാൻ - ജനാധിപത്യത്തിലെ രാജാവാണ് ജനമെന്നൊക്കെ പറയുന്നത് കേൾക്കാനൊരു സുഖമാണെങ്കിലും രാജഭരണത്തിലെ പ്രജയേക്കാൾ ഒട്ടും മെച്ചമാണ് ജനാധിപത്യത്തിലെ പ്രജയുടെ സ്ഥിതി എന്ന് കരുതുന്നില്ല; അതുകൊണ്ട് മനപൂർവ്വമാണ് പ്രജ എന്ന പദം ഉപയോഗിച്ചത്.
ഒരു രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, അതിർത്തികൾ സുരക്ഷിതമാക്കുക അങ്ങനെ ഒരുപാട് പണച്ചിലവുള്ള കാര്യങ്ങൾ എല്ലാ സർക്കാരുകൾക്കും ചെയ്യാനുണ്ട് എന്നറിയാം. അതിന്റെയൊന്നും പ്രാധാന്യത്തെ കുറച്ചുകാണുന്നില്ല. പക്ഷേ ജോലി കിട്ടിയ അന്നുമുതൽ കൃത്യമായി ടാക്സ് അടക്കുകയും, തിരഞ്ഞെടുപ്പുകളിൽ കൃത്യമായി വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു പൗരനെന്ന നിലക്ക് ചില അത്യാഗ്രഹങ്ങളും എന്നും മനസ്സിൽ തോന്നാറുണ്ട്. ഒരിക്കലെങ്കിലും കുഴികളില്ലാത്ത റോഡുകളിലൂടെ പതിനഞ്ചുകൊല്ലത്തെ റോഡ് ടാക്‌സും, ഹരിത സെസ്സും മുൻകൂറായി അടച്ചുവാങ്ങിയ വണ്ടി ടോൾ കൊടുക്കാതെ ഓടിക്കണമെന്നും, ഭാഷയറിയാത്തതിന്റെ പേരിൽ സ്വന്തം രാജ്യത്തിലെ മറ്റൊരു സംസ്ഥാനത്ത് അന്യവൽക്കരിക്കപ്പെട്ടു പോകരുതെന്നും, വിദേശരാജ്യങ്ങളിൽ കണ്ടിട്ടുള്ളതുപോലെ വീതിയേറിയ, കാനകളിലേക്കോടിഞ്ഞുതൂങ്ങിക്കിടക്കുന്ന സ്ലാബുകളില്ലാത്ത ഫുട്ട് പാത്തുകളിലൂടെ എതിരെവരുന്ന ഇരുചക്രവാഹനങ്ങളെ പേടിക്കാതെ നടക്കണമെന്നും, പൊടിയും പുകയും കൊണ്ട് ശ്വാസംമുട്ടിക്കാത്ത വായു ശ്വസിക്കണമെന്നും, ഒരു ലിറ്റർ വെള്ളത്തിന് ഒരു ലിറ്റർ പാലിനേക്കാൾ വിലകൊടുക്കേണ്ടതില്ലാത്ത, പണംകൊടുത്ത് ഒരു വസ്തുവോ, സേവനമോ വാങ്ങുന്നവനെ ശത്രുവായി കാണാത്ത ഒരു ഉപഭോക്‌തൃസംസ്കാരത്തിന്റെ ഭാഗമാകണമെന്നും, ന്യൂനപക്ഷ/ഭൂരിപക്ഷ വോട്ടുബാങ്കുകൾ എന്ന് മുദ്രകുത്തപ്പെടാതെ ഒരു പൗരനെന്നനിലയിൽ ബഹുമാനിക്കപ്പെടുന്ന സംസ്കാരത്തിന്റെ ഭാഗമാകണമെന്നും .... അങ്ങനെ പറഞ്ഞാലൊടുങ്ങാത്ത ഒരുപാടാഗ്രഹങ്ങൾ. മാറിവരുന്ന ഏതെങ്കിലുമൊരു സർക്കാരിലൂടെ ഇതിൽ ചിലതെങ്കിലും സാക്ഷാൽക്കരിക്കപ്പെടുമെന്ന് ദിവാസ്വപ്നവും കാണാറുണ്ട്.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഗ്രഹങ്ങളെപ്പറ്റി വലിച്ചുവാരി എഴുതുന്നത് രാജ്യത്തെ വൈദ്യുതി ഉൽപ്പാദനം റെക്കോർഡ് ഉയരത്തിലെത്തിയിട്ടും രാത്രി മുഴുവൻ നീണ്ട പവർകട്ടിനുശേഷമുള്ള പ്രഭാതത്തിലാണ് എന്നതാണ് ഏറ്റവും വലിയ തമാശ.
വരാൻപോകുന്നത് ഏതു സർക്കാരായാലും, ഈ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായിത്തന്നെ അവശേഷിക്കുമെന്നറിയാം എന്നാലും കഴുതക്കാമം കരഞ്ഞുതീർക്കുകയെങ്കിലും ചെയ്യാമല്ലോ എന്നുകരുതി!
പിന്നെ എല്ലാം ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോളാണ് ഒരാശ്വാസം!
എല്ലാവരെയുംപോലെ ടി വിയുടെ മുന്നിൽ കണ്ണുനട്ടിരിക്കാൻ സമയമായതിനാൽ വിട...
പ്രതീക്ഷകൾ...
ReplyDeleteപ്രതീക്ഷകളാണല്ലോ മുന്നോട്ടു നയിക്കുന്നത്...
ReplyDeleteഹോ! വെല്യ പുള്ളിയാ ല്ലേ? എന്റെ കുഞ്ഞു തലയില്‍ ഇങ്ങനത്തെ വെല്യ കാര്യങ്ങളൊന്നും ഇരിയ്ക്കൂല. കുഞ്ഞിത് വല്ലോം ഒണ്ടോന്നു നോക്കട്ടെ :) :)))
ReplyDeleteഇതത്ര വല്ല്യ കാര്യങ്ങളാണോ... എപ്പോഴും കുഞ്ഞുകാര്യങ്ങളെപ്പറ്റി മാത്രം എഴുതുമ്പോ ഇടക്കൊരു ചേഞ്ചിന് മാറ്റിപ്പിടിക്കുന്നതല്ലേ ;-)
Delete