Sunday, 12 May 2019

ഒരു ഇന്റർവ്യൂ അപാരത


ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയെല്ലാം കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയത്ത് പ്രത്യേകിച്ച്  പണിയൊന്നുമില്ലാത്തതുകൊണ്ട് ഇടക്കിടക്ക് കോളേജിൽ പോകാറുണ്ട്. കൂട്ടുകാർക്കൊപ്പം വെറുതേ വാചകമടിച്ചിരിക്കുക, സിനിമക്കു പോകുക അങ്ങനെ സമയം കളഞ്ഞ് വൈകിട്ടോടെ വീട്ടിലെത്തുക എന്നതായിരുന്നു പല ദിവസങ്ങളിലേയും പ്രധാന കാര്യപരിപാടി. പോസ്റ്റ് ഗ്രാജുവേഷന് പെൺകുട്ടികൾ കുത്തകയാക്കിവെച്ചിരിക്കുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒന്നുപോലും കിട്ടില്ല എന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഒന്നുകിൽ തമിഴ്‌നാട്ടിലേയോ, കർണാടകയിലേയോ ഏതെങ്കിലും സ്വാശ്രയകോളേജുകളിൽ ചേരുക, അല്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് PSC/ബാങ്ക് കോച്ചിങ്ങിനു ചേരുക, ഏതെങ്കിലുമൊരു സർക്കാർ സഹികെട്ട് ഒരു ജോലി തരുന്നതുവരെ എല്ലാ പരീക്ഷകളും എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു പ്ലാനിലാണ് ഞാൻ നടന്നിരുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത അന്യസംസ്ഥാന കോളേജുകളെയും കോഴ്സുകളെയും കുറിച്ചുള്ള  പത്രപരസ്യങ്ങളും, 'മത്സരവിജയി' പോലുള്ള പ്രസിദ്ധീകരണങ്ങളും 'പ്രയോറിറ്റി ലിസ്റ്റിൽ' ഇടം പിടിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു ദിവസം വെറുതേ മരത്തണലിൽ അംഗിരസ്, ചിന്തു, ശ്രീജിത്ത് എന്നിവർക്കൊപ്പം ഇരിക്കുമ്പോളാണ് ഇനിയെന്തു ചെയ്യണം എന്ന വളരെ സീരിയസായ ഒരു ചോദ്യം ചർച്ചയായത്. അപ്പോഴാണ് അംഗിരസ്സും, ശ്രീജിത്തും ബാംഗ്ലൂർ പോകാനാണ് പ്ലാൻ എന്നറിഞ്ഞത്. ബാംഗ്ലൂർ പോകുക, അവിടെ ചെന്ന് ആറുമാസം നീളുന്ന ഒരു കോഴ്‌സ് ചെയ്യുക, കോഴ്‌സ് കഴിഞ്ഞാൽ പഠിപ്പിക്കുന്ന സ്ഥാപനം തന്നെ നമുക്ക് എവിടെയെങ്കിലും ഒരു ജോലിയും ശരിയാക്കിത്തരും. കോഴ്സ് ഫീ അത്ര വലുത് എന്ന് പറയാനൊക്കില്ല, താമസത്തിനാണെങ്കിൽ അംഗിരസ്സിന്റെ പരിചയത്തിലുള്ള ഒരു ചേട്ടന്റെ റൂം ഉണ്ടുതാനും. കേട്ടപ്പോൾത്തന്നെ ആകെ പുളകിതനായിപ്പോയി. ഞാനാണെങ്കിൽ അക്കാലംവരെ തൃശ്ശൂരിനു പുറത്ത് ഒറ്റക്കെവിടേയും താമസിച്ചിട്ടില്ല, അതുകൊണ്ടുതന്നെ സിനിമയിലൊക്കെ കണ്ടുകൊതിച്ചിട്ടുള്ള ബാംഗ്ലൂർ പോലൊരു വലിയ സിറ്റിയിൽപ്പോയി താമസിക്കുക - അതും അടുത്ത കൂട്ടുകാർക്കൊപ്പം, വെറും ആറുമാസംകൊണ്ട് ജോലിക്കാരനാകുക, ജോലി കിട്ടി രണ്ടോ മൂന്നോ മാസത്തെ ശമ്പളംകൊണ്ടുതന്നെ കൊടുത്ത ഫീസ് മുതലാക്കുക അങ്ങനെ ആലോചിച്ചപ്പോൾ മൊത്തം പോസിറ്റീവായ കാര്യങ്ങൾ മാത്രം. കൂടുതലൊന്നും ആലോചിക്കാതെ വീട്ടിൽനിന്ന് അനുവാദംവാങ്ങി ഞാനും കൂടാം എന്നുറപ്പുകൊടുത്താണ് അന്ന് പിരിഞ്ഞത്. വീട്ടിലേക്കുള്ള മടക്കയാത്രയിൽ മുഴുവൻ "എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നേ" എന്ന അശരീരിയായിരുന്നു മനസ്സുമുഴുവൻ. 

ആദ്യമായി ബാംഗ്ലൂരെത്തിയതും, കോഴ്സ് തീരുന്നതുവരെ എല്ലാവരുമൊരുമിച്ചുള്ള ഒരുപാടു തമാശകളും, മണ്ടത്തരങ്ങളുമെല്ലാം എഴുതാൻ ഒരുപാടുണ്ട്. അതുകൊണ്ട് തൽക്കാലം അതിനു മുതിരുന്നില്ല. എന്തായാലും കോഴ്സ് തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾത്തന്നെ ആദ്യം വിചാരിച്ചതുപോലല്ല, ജോലി വേണമെങ്കിൽ സ്വയം കണ്ടുപിടിക്കേണ്ടിവരും എന്ന് മനസ്സിലായി. പഠിച്ചത് മുഴുവൻ മലയാളം മീഡിയത്തിൽ ആയതുകൊണ്ട് സ്വാഭാവികമായും ഇംഗ്ലീഷിൽ എന്തെങ്കിലും കുറച്ചു സംസാരിക്കാൻതന്നെ പേടിയുള്ള കാലം. ഒരു ഇന്റർവ്യൂ മുഴുവനായി ഇംഗ്ലീഷിൽ അറ്റൻഡ് ചെയ്യുന്നത് ആലോചിക്കുന്നതിനും അപ്പുറമായിരുന്നു. ദിവസവും ഇംഗ്ലീഷ് പത്രം വായിച്ചാൽമതി, ബിബിസി പോലുള്ള ഇംഗ്ലീഷ് ചാനലുകൾ കണ്ടാൽമതി എന്നിങ്ങനെയുള്ള പല ഉപദേശങ്ങളും പിന്തുടരാൻ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. കൂടെ പഠിക്കുന്നവർ അന്യസംസ്ഥാനക്കാരായതുകൊണ്ടും, ഹിന്ദിയും, കന്നഡയും, തെലുങ്കുമൊന്നും അൽപ്പംപോലും വശമില്ലാത്തതുകൊണ്ടും തീരെ നിവൃത്തിയില്ലാതെ തട്ടിയും മുട്ടിയും കുറച്ചൊക്കെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചുതുടങ്ങി. 

എന്തായാലും ഇന്റർവ്യൂ പേടി മാറാനുള്ള ഏകവഴി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക എന്നതുമാത്രമാണ് എന്ന് മനസ്സിലായി. അതിനുള്ള ആദ്യ കടമ്പ നല്ലൊരു റെസ്യൂമെ ഉണ്ടാക്കുക എന്നതായിരുന്നു. ഭാഗ്യത്തിന് അടുത്തുള്ള ഇന്റർനെറ്റ് കഫെയിലെ കംപ്യൂട്ടറിൽനിന്ന് ആരുടെയോ ഒരു റെസ്യുമെയുടെ കോപ്പി കിട്ടി. ആവശ്യമായ വെട്ടിത്തിരുത്തലുകൾ നടത്തി അങ്ങനെ നാലുപേരും റെസ്യൂമെ ഉണ്ടാക്കി. 'ഒൻപതുപേരവർ കൽപ്പണിക്കാർ..... ഓരമ്മപെറ്റവരായിരുന്നു'  എന്നുപറഞ്ഞതുപോലെ, നാലു റെസ്യൂമേകളും ഒരേപോലെ തോന്നിച്ചു. അന്ന് ആകെ ശ്രീജിത്തിനുമാത്രമാണ് മൊബൈൽഫോൺ ഉള്ളത്. അതുകൊണ്ട്, കോണ്ടാക്ട് നമ്പർപോലും റെസ്യൂമേകളിൽ മാറ്റമില്ലായിരുന്നു.

കൂട്ടത്തിലെ ഏറ്റവും ഉത്സാഹിയായ ചിന്തു എന്നും രാവിലെ പത്രത്തിൽനിന്ന് അന്ന് പോകാനുള്ള ഇന്റർവ്യൂ ലിസ്റ്റ് ഉണ്ടാക്കും. കമ്പനി ചെറുതോ, വലുതോ എന്നുനോക്കാതെ കാണുന്ന എല്ലാ ഇന്റർവ്യൂവും  അറ്റൻഡ് ചെയ്യുക എന്നതായിരുന്നു അന്നത്തെ ഒരു ലൈൻ. ജോലിക്കെടുത്തില്ലെങ്കിലും ആളുകളെ ഫേസ് ചെയ്യുക, ഇംഗ്ലീഷിൽ സംസാരിക്കുക, എന്തുതരം ചോദ്യങ്ങളാണ് ചോദിക്കുക എന്നു മനസ്സിലാക്കുക ഇതൊക്കെയായിരുന്നു ഉദ്ദേശം. ആദ്യമാദ്യം കിട്ടിയതെല്ലാം തീരെ ചെറിയ കമ്പനികളിലെ ഇന്റർവ്യൂകൾ ആയിരുന്നു. അതിൽ മിക്കവാറും എണ്ണം കന്നഡ അറിയില്ല എന്ന് പറഞ്ഞപ്പോൾത്തന്നെ സമയം കളയേണ്ട സ്ഥലം വിട്ടോളൂ എന്നുപറഞ്ഞു. വേറെ ചിലതൊക്കെ ആദ്യംതന്നെ കൺസൾട്ടൻസിക്ക് പണംകൊടുക്കണം എന്നുപറഞ്ഞപ്പോൾ ഞങ്ങളും വേണ്ടെന്നുവെച്ചു.

അങ്ങനെ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ ഇരിക്കുമ്പോളാണ് ബുധനാഴ്ചയിലെ പത്രപരസ്യത്തിൽ ഒരു BPO ഇന്റർവ്യൂവിന്റെ പരസ്യം കണ്ടത്. ഐ ടി കമ്പനിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു 'വോയിസ് പ്രോസസ്സ്' ആണ്. എന്നുവെച്ചാൽ അമേരിക്കയിലുള്ള സായിപ്പ് ഫോണിൽവിളിച്ച് പറയുന്ന ചീത്ത മുഴുവൻ യാതൊരു ഉളുപ്പുമില്ലാതെ കേട്ട്, ഇംഗ്ലീഷിൽ മണിമണിയായി താങ്കൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു (പണ്ടു ദൂരദർശനിൽ ചിത്രഗീതം കണ്ടുകൊണ്ടിരിക്കുമ്പോൾ 'രുക്കാവത്ത് കേ ലിയേ ഖേദ് ഹേ' എന്നെഴുതിക്കാണിക്കുന്നപോലെ) എങ്ങനെയാണ് ഞങ്ങൾക്ക് താങ്കളെ സഹായിക്കാൻ കഴിയുക എന്നു ചോദിച്ച് സായിപ്പിന്റെ ഉള്ള ടെമ്പർ കൂടി തെറ്റിച്ച് ബാക്കിയുള്ള ചീത്തകൂടി വാങ്ങിക്കൂട്ടുക, ഒടുക്കം സഹികെട്ട് എന്താണ് വേണ്ടതെന്ന് സായിപ്പ് പറഞ്ഞുകഴിയുമ്പോൾ അല്ലയോ മഹാനുഭാവാ താങ്കളെ (ഇതുപോലെ) തുടർന്നും സഹായിക്കുന്നതിന്  ആദ്യമായി ക്രെഡിറ്റ് കാർഡ് നമ്പർ തന്നാലും എന്നുപറഞ്ഞ് അതും വാങ്ങിയെടുത്ത് സംസാരിച്ച ഓരോ മിനുറ്റിനും നല്ലൊരു ബില്ലടിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് പണി. 

പരസ്യം  കണ്ടപ്പോൾ ആദ്യം മടിയാണ് തോന്നിയത്. ഒന്നാമത് കാൾ സെന്റർ, BPO പോലുള്ള ജോലികൾ ചെയ്യാൻ ഞങ്ങൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല (അല്ലാതെ ഇത്തരം കമ്പനികൾ ഞങ്ങളെ ജോലിക്ക് എടുക്കാത്തതുകൊണ്ടല്ല), പിന്നെ ഇന്റർവ്യൂ നടക്കുന്ന സ്ഥലം ഒരുപാടു ദൂരെയുമാണ്. എന്തായാലും ആദ്യമായി ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഇന്റർവ്യൂ കിട്ടുന്നതാണ് അത് വേണ്ടെന്നുവെച്ചാൽ അഹങ്കാരമായിപ്പോകില്ലേ എന്നൊരു ശങ്കയും, വരുന്നതുവരട്ടെ നമുക്ക് പോയിനോക്കാമെന്ന ആത്മവിശ്വാസവും ചേർന്നപ്പോൾ പോകാമെന്ന് തീരുമാനമായി. രാവിലെ കയ്യിൽകിട്ടിയ ഷർട്ടും പാന്റ്സും എടുത്തിട്ട് കോളേജിൽ പോകാറുള്ളതുപോലെയല്ല; ഒരു ഇന്റർവ്യൂ ആകുമ്പോൾ അതിന്റേതായ സ്റ്റൈലിൽവേണം പോകാൻ എന്നാണല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും ഇസ്തിരിയിട്ടു കുട്ടപ്പനാക്കിയ ഷർട്ടും, പാന്റ്സും പളപളാ തിളങ്ങുന്ന മട്ടിൽ പോളിഷ് ചെയ്ത ഷൂസും, ശിവാജിനഗറിൽനിന്ന് ഒന്നെടുത്താൽ രണ്ട്‌, രണ്ടെടുത്താൽ മൂന്ന് എന്ന ഓഫറിൽ വാങ്ങിയ ബെൽറ്റും വലിച്ചുകയറ്റി റെസ്യൂമേയുടെയും, സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോകോപ്പികൾ, പാസ്പോർട്ട്സൈസ് ഫോട്ടോകൾ, പേന, ഐഡന്റിറ്റി പ്രൂഫ് എന്നിവ ഒരു ബാഗിലും എടുത്ത് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.

കമ്പനിയുടെ ഗേറ്റ് കടന്നപ്പോൾത്തന്നെ ധൈര്യം ആവിയായി. പല നിലകളുള്ള, കണ്ണാടിക്കൂടാരം പോലെയുള്ള ഒരു ഗമണ്ടൻ ഓഫീസ്, ഒരു ഫുട്ബോൾ കളിക്കാൻ വലുപ്പമുള്ള റിസപ്ഷൻ, വിലകൂടിയ കസേരകൾ, ശബ്ദമില്ലാതെ വെച്ചിരിക്കുന്ന ടി വി, എന്നിങ്ങനെ ആകപ്പാടെ പണ്ടെപ്പോഴോ കാസിനോ ഹോട്ടലിൽ കയറിയപ്പോൾ തോന്നിയ അതേ ഫീൽ. ബോംബ് വെക്കാൻ വേഷംമാറിവന്ന ബിൻലാദനോ മറ്റോ ആണോ എന്ന സംശയമുള്ളതുകൊണ്ടാണോ എന്നറിയില്ല, അടിമുടി പരിശോധനയെല്ലാം കഴിഞ്ഞാണ് അകത്തേക്ക് കടത്തിവിട്ടത്. പതിവനുസരിച്ച് അകത്തുകയറിയ ഉടനെ ആദ്യം കണ്ട ആളുടെനേരെ റെസ്യുമെ എടുത്തു നീട്ടിയെങ്കിലും തൽക്കാലം അതെല്ലാം കൈയിൽത്തന്നെ വെച്ചിട്ട്, വന്നകാലിൽ നിൽക്കാതെ അകത്തെ മുറിയിൽ കയറിയിരിക്കാൻ പറഞ്ഞു. അകത്തുകയറിയപ്പോളാകട്ടെ ഒരു പൂരത്തിനുള്ള ആളുണ്ട്. ഉള്ള കസേരകൾ നിറഞ്ഞതുകൊണ്ട് പുതിയ കസേരകൾകൊണ്ടിട്ടു. കിട്ടിയ ഗ്യാപ്പിൽ ഭാഗ്യത്തിന് ഞങ്ങളും സീറ്റ് ഒപ്പിച്ചു. അതും നിറഞ്ഞതുകൊണ്ട് പിന്നീട് വന്നവരോട് തല്ക്കാലം വേറൊരു റൂമിൽ പോയിരിക്കാനും ഈ ഇരിക്കുന്നവരുടെ കാര്യം ഒരു തീരുമാനമാക്കിയതിനു ശേഷം നിങ്ങളെ വിളിക്കാമെന്നും ആരോ പറയുന്നത് കേട്ടു. അതോടെ രണ്ടു കാര്യങ്ങൾ ബോധ്യമായി. ഒന്ന് ഇന്ത്യയിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്നും, രണ്ട്‌ നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന - അറ്റ് ലീസ്റ്റ് അങ്ങനെ വിശ്വസിക്കുകയെങ്കിലും ചെയ്യുന്ന - ഒരുപാടാളുകൾ ബാംഗ്ലൂർ ഉണ്ടെന്നും.

ഇത്രയും ആളുകളുള്ളതുകൊണ്ട് ജോലി കിട്ടില്ല എന്ന് ഏകദേശം ഉറപ്പായി. പോയ ആത്മവിശ്വാസം അതോടെ തിരിച്ചുവന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എന്ത് ടെൻഷൻ? എന്തായാലും ഫസ്റ്റ്റൗണ്ട് ഇന്റർവ്യൂ എടുക്കാതെ വിടില്ലല്ലോ, അപ്പോൾ അത് അടിപൊളിയാക്കുക, ചോദ്യങ്ങൾ മനസ്സിലാക്കുക, എന്നിട്ടു ഹാപ്പിയായി തിരിച്ചുപോകുക, ഈ അനുഭവം വെച്ച് അടുത്ത ഇന്റർവ്യൂവിന് കുറച്ചുകൂടി നന്നായി തയ്യാറെടുക്കുക എന്ന് മനസ്സിലുറപ്പിച്ചു. അധികസമയം കാത്തിരിക്കേണ്ടിവന്നില്ല, രണ്ടു ചെറുപ്പക്കാരികൾ വരികയും ഉപവിഷ്ടരാകുകയും ചെയ്തു. ഇംഗ്ലീഷ് സിനിമകളിൽ സ്ഥിരം കാണാറുള്ള ഒരു രംഗമുണ്ട്‌. കടിച്ചാൽ പൊട്ടാത്ത എന്തൊക്കെയോ ഡയലോഗ് ചറപറാ ഒറ്റശ്വാസത്തിൽ പറഞ്ഞതിനുശേഷം ഒരു സെക്കന്റിന്റെ ഗ്യാപ് ഇട്ടിട്ട് നായകൻ 'ഫയർ' എന്ന് അലറുന്നത്. അതുവരെ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും, ആ 'ഫയർ' കേട്ടാൽ ഇനിയങ്ങോട്ട് ടമാർ പടാർ ആയിരിക്കുമെന്നറിയാം. അത് കഴിഞ്ഞുള്ള അഞ്ചോ പത്തോ മിനുട്ട് ആണ് സിനിമ ശരിക്കും ആസ്വദിക്കുന്നത്. ഏതാണ്ട് അതേ മോഡലിൽ വന്ന രണ്ടുപേരും വായ നിറയെ അമേരിക്കൻ ആക്‌സെന്റ്‌ ഇട്ടുകൊണ്ട്‌ എന്തൊക്കെയോ പറഞ്ഞു. എന്തായാലും 'ഓക്കേ സ്റ്റാർട്ട്' എന്ന് പറയുന്നതും, ഒരുത്തൻ ചാടിയെഴുന്നേറ്റ് അവനെപ്പറ്റി എന്തൊക്കെയോ വച്ചുകാച്ചുന്നതും കണ്ടു. അപ്പോളാണ് മനസ്സിലായത് സംഗതി സെൽഫ്‌ ഇൻട്രൊഡക്ഷൻ അഥവാ സ്വയം പരിചയപ്പെടുത്തൽ (ആത്മപ്രശംസ എന്നും വേണമെങ്കിൽ പറയാം) ആണെന്ന്. കാര്യം സിംപിളാണ് - പണ്ട് കുതിരവട്ടം പപ്പു പറഞ്ഞതുപോലെ, താനാരാണെന്നു തനിക്കറിയാൻ മേലാത്തതുകൊണ്ടു നമ്മൾ പറഞ്ഞുകൊടുക്കണം ഞാനാരാണെന്നും, താനാരാണെന്നും. അതുകഴിഞ്ഞാൽ അവർ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് കൊണ്ടുപോകും. 

എന്തായാലും കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ ഊഴവുമെത്തി. "മൈ നെയിം ഈസ് ......., അയാം ഫ്രം കേരള..." എന്നുതുടങ്ങി ജാതകമടക്കമുള്ള എല്ലാകാര്യങ്ങളും ഉണർത്തിച്ചു. ഇത്രവലിയൊരു കമ്പനി, ഇത്രയധികം ആളുകൾ, അവരുടെ മുന്നിൽവെച്ച് ആത്മവിശ്വാസത്തോടെ നമ്മളെപ്പറ്റി പറയുക അതുകഴിഞ്ഞ് കസേരയിലിരിക്കുമ്പോൾ തോന്നുന്ന ഒരു ഫീൽ ഉണ്ട്. ഒരുപക്ഷേ കഷ്ടപ്പെട്ട് ഒരു പാറയുരുട്ടി മലയുടെ മുകളിലെത്തിച്ചുകഴിഞ്ഞ് അതു താഴേക്കിട്ടു കഴിയുമ്പോൾ നാറാണത്തുഭ്രാന്തനു തോന്നിയിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു ആശ്വാസമില്ലേ ഏതാണ്ട് അതിനു തുല്ല്യം എന്നുവേണമെങ്കിൽ പറയാം. എല്ലാവരുടേയും ഊഴം കഴിഞ്ഞപ്പോൾ 'ആഷ്‌പോഷ്‌' ഇംഗ്ലീഷ് പാർട്ടികൾ  എല്ലാവരോടും കാത്തിരിക്കാൻ പറഞ്ഞ് സ്ഥലംവിട്ടു. പിന്നെ കുറേനേരം ഒരു കാത്തിരിപ്പായിരുന്നു - ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് വരാനുള്ള വിളിയും കാത്തുള്ള ഇരിപ്പ്. കോഴ്സിൽനിന്നു പഠിച്ചതും, ഇന്റർനെറ്റിൽ നിന്ന് കിട്ടിയതും എല്ലാം ഒരുവട്ടംകൂടി മനസ്സിൽ ഉരുവിട്ടുനോക്കി. എന്തുവന്നാലും ഫസ്റ്റ് റൗണ്ടിൽ ദയനീയപരാജയം അടയരുത് എന്നുള്ള നിശ്ചയദാർഢ്യം അങ്ങനെ തിളച്ചുനിൽക്കുകയാണ്. അപ്പോളാണ് വാതിൽതുറന്ന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി അവർ വീണ്ടുമെത്തിയത്. വന്ന ഉടനെ ഒരു പേപ്പർ കൈയിലെടുത്ത് കുറച്ചു പേരുകൾ വായിക്കാൻ തുടങ്ങി; അതിൽ ഞങ്ങളുടേതും ഉണ്ടായിരുന്നു. ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ആദ്യബാച്ച് പേരുകാർ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ, സഹതാപത്തിന്റെ ഒരു നേർത്ത ലാഞ്ഛനപോലും തോന്നിപ്പിക്കാതെ അവർ പറഞ്ഞു ഈ പറഞ്ഞ പേരുകാർക്ക് വീട്ടിൽ പോകാമെന്ന്.  അതിന്റെ അർത്ഥം ദഹിക്കാൻ കുറച്ചു സമയമെടുത്തു. സ്കൂളും, കോളേജുമെല്ലാം ഒരുവിധം മോശമല്ലാത്ത മാർക്കോടെയാണ് പാസ്സായത് എന്ന ആത്മവിശ്വാസം എന്നും കൈമുതലായി കൊണ്ടുനടക്കാറുള്ള ഞങ്ങൾ, ഒരു കമ്പനിയുടെ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിനുപോലും യോഗ്യരല്ലാത്തവിധം ദയനീയമായി പുറത്താക്കപ്പെട്ടിരിക്കുന്നു. ചുളിയാതെയും, ചെളി പുരളാതെയും ഫയലിൽ സൂക്ഷിച്ചുകൊണ്ടുവന്ന റെസ്യൂമെ പോലും പുച്ഛത്തോടെ ചിരിക്കുന്നതുപോലെ തോന്നി. തല താഴ്ത്തിപ്പിടിച്ചാണ് പുറത്തുകടന്നത്. പുറമേക്കു കാണിച്ചില്ലെങ്കിലും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് ജോലി കിട്ടാത്തതിൽ വിഷമമില്ല. ഇതുപക്ഷേ ഇന്റർവ്യൂവിനുപോലും യോഗ്യനല്ലാതെ മടങ്ങേണ്ടിവരുന്ന അനുഭവം ആദ്യമായിരുന്നു .

ഗുരുത്വം കൊണ്ടോ, ദൈവാനുഗ്രഹംകൊണ്ടോ എന്നറിയില്ല പിന്നീട് ഇതിലും വലിയ കമ്പനിയിൽ അഞ്ചു റൗണ്ട് നീണ്ട ഇന്റർവ്യൂ പാസ്സായിട്ടാണ് ആദ്യത്തെ ജോലി കിട്ടുന്നതും, 'ശ്രീപത്മനാഭന്റെ ചക്രം'  കൈയിൽ വന്നുതുടങ്ങുന്നതും. വർഷങ്ങളൊരുപാട്‌ കഴിഞ്ഞെങ്കിലും അന്നു മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നുപഠിച്ച ഒരുപാട് പാഠങ്ങളോ, സർട്ടിഫിക്കറ്റുകളിലെ മാർക്കുകളോ മാത്രം ആരെയും എവിടെയും എത്തിക്കുകയില്ല. കാരണം പലപ്പോഴും എഴുതി ജയിച്ച പരീക്ഷകളേക്കാൾ വലിയ പരീക്ഷണങ്ങൾ ജീവിതത്തിൽ കാത്തിരിക്കുന്നതേയുണ്ടാവുകയുള്ളൂ....

അതുപോലെ ഒരിക്കൽ പരാജയപ്പെടുന്നത് ഒന്നിന്റേയും അവസാനമല്ല. മറിച്ച് അതൊരു തുടക്കം മാത്രമാകാം.... വരാനിരിക്കുന്ന മധുരമേറിയ ഒരുപാടു വിജയങ്ങളുടെ തുടക്കം.

എസ് എസ് എൽ സി, പ്ലസ് ടു ഫലങ്ങൾ വന്നുകഴിഞ്ഞു. മുഴുവൻ എ+ വാങ്ങിയവർ ആഘോഷിക്കപ്പെടുകയാണ്. അവരുടെ നേട്ടങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു; അവരെ അഭിനന്ദിക്കുന്നു. പക്ഷേ താൻ ചെയ്തതൊരു മഹാപരാധമാണെന്ന ചിന്തയോടെ, ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഒഴിഞ്ഞുമാറി, അപകർഷതാബോധത്താൽ കുനിഞ്ഞ തലയുമായി നടക്കുന്ന ഒരുപാട് കുഞ്ഞനുജന്മാരും, അനുജത്തിമാരുമുണ്ട്. എന്റെ മനസ്സും പ്രാർത്ഥനകളും അവർക്കൊപ്പംകൂടിയാണ്.

ഹെൻറി ഫോർഡിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ; "പരാജയമെന്നത് നിങ്ങൾക്ക്  കരുത്തോടെ തിരിച്ചുവരാനുള്ള അവസരമാണ്"  

അതുകൊണ്ടുതന്നെ ഈ പരീക്ഷകളിലെ പരാജയങ്ങൾ അവസാനമെന്നു കരുതാതിരിക്കുക

മറിച്ച് അവ ഭാവിയിലെ വിജയങ്ങളിലേക്ക് പടപൊരുതാനുള്ള രാസത്വരകങ്ങളാകട്ടെ....

പരാജയങ്ങളെ മഹത്വവൽക്കരിക്കുകയല്ല.. പക്ഷേ നടന്നുതീർക്കാനുള്ള വഴികളും നനഞ്ഞുതീരാനുള്ള മഴകളും ഇനിയുമൊരുപാടുണ്ടെന്ന് ഒന്നോർമ്മിപ്പിക്കുന്നു എന്നുമാത്രം.... 

Saturday, 27 April 2019

ഒരാൾ എടുത്തിട്ടലക്കിയ കഥ


പണ്ടുമുതലേ ശനിയാഴ്ചകളിലെ പ്രധാന പരിപാടികളിലൊന്നാണ് ഒരാഴ്ചത്തെ തുണികൾ ഒരുമിച്ച് കഴുകുക എന്നത്. കുടുംബസ്ഥനായപ്പോൾ ആ പണിയുടെ സിംഹഭാഗവും വാഷിംഗ് മെഷീൻ ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഇതൊരു ഭാരമായി തോന്നാറേയില്ല. പക്ഷേ ബാച്ച്ലർ ജീവിതകാലത്തെ ഒരു സംഭവം ഇടക്കിടക്ക് മനസ്സിൽ എത്തിനോക്കുകയും ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് മടങ്ങിപ്പോകുകയും ചെയ്യാറുണ്ട്.

ബാംഗ്ലൂർ മെയിൽ എന്ന വിഭാഗത്തിൽ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ, കോളേജിലെ സഹപാഠികളായ ചിന്തു, അംഗിരസ്, ശ്രീജിത്ത്, എന്നിവരും ഷിനോ, ഷജിത്ത് എന്നീ രണ്ടു ചേട്ടന്മാരും, ഞാനും കൂടി ചേർന്ന ഒരു 'കൊച്ചു'കുടുംബമായിരുന്നു ബാംഗ്ലൂരിൽ ഞങ്ങളുടേത്. അക്കാലത്ത് ബാംഗ്ലൂരിൽ പൊതുവേ ചൂടുകുറവായതുകൊണ്ട് നാട്ടിലെപോലെ വിയർക്കുന്ന പ്രശ്നമില്ല, പിന്നെ സ്വാഭാവികമായുള്ള മടി, അത്യാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഷർട്ടുകൾ മാറിയിടാനുള്ള സൗകര്യം ഇതെല്ലാം കാരണം  ആഴ്ചയിലൊരിക്കൽ മാത്രമാണ് അലക്കൽ എന്ന മഹാമഹം നടന്നിരുന്നത്. ആഴ്ചയിലൊരിക്കൽ തന്നെ അലക്കുന്നത് വലിയൊരപരാധമായി കാണുന്ന മറ്റു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

പഠിക്കുന്ന സമയത്ത്, പഠനം കുറവും വിശ്രമം കൂടുതലും എന്ന ലൈൻ ആയതുകൊണ്ട് ഇതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. പക്ഷെ പിന്നീട് എല്ലാവർക്കും ജോലിയും അതിൽ ചിലർക്ക് നൈറ്റ് ഷിഫ്റ്റും ഒക്കെ ആയപ്പോൾ തുണിയലക്കുക എന്നത് കഷ്ടപ്പെട്ടു ചെയ്തുതീർക്കേണ്ട ഒരു ജോലിയായി മാറി. രാത്രിമുഴുവൻ ജോലിചെയ്ത് രാവിലെ കുത്തിയിരുന്ന് തുണിയലക്കൽ എന്നത് അത്ര എളുപ്പമല്ല എന്ന് അനുഭവസ്ഥർക്കറിയാം. അതുമാത്രമല്ല, എല്ലാവർക്കും ജോലിയെല്ലാം കിട്ടി പൊതുവെയുള്ള സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിന്റെ ഫലമായി റൂമിൽ പുതിയ ചവിട്ടികൾ, കർട്ടനുകൾ, മേശവിരികൾ അങ്ങനെ പലതും ഞങ്ങൾ വാങ്ങിയിടുകയും ചെയ്തു. സ്വന്തം വസ്ത്രമലക്കാൻ തന്നെ മടി പിടിച്ചിരിക്കുന്ന അവസ്ഥയിൽ ഇതെല്ലാം ആര് അലക്കുമെന്ന ചോദ്യം ചില്ലറ തർക്കങ്ങൾക്കും വഴിവെച്ചു.

അങ്ങനെയിരിക്കുമ്പോളാണ് റൂമിലെ സീനിയറായ ഷിനോച്ചേട്ടൻ ഒരു ആശയം പറഞ്ഞത്. തുണിയലക്കാനും, വീട് തൂത്തുതുടക്കാനുമായി ആഴ്ചയിലൊരിക്കൽ ഒരാളെ ഏൽപ്പിക്കുകയും അതിനു ചിലവാകുന്ന തുക കോമൺ എക്സ്പെൻസിൽ എഴുതുകയും ചെയ്യാമെന്ന്. പുള്ളിക്കാരൻ തന്നെ പറ്റിയ ഒരാളെ കണ്ടെത്തുകയും ചെയ്തു - അവിടെ അടുത്തുതന്നെയുള്ള 'വെങ്കടേഷ് ഗൗഡ'. ഈ ഗൗഡ ഒരു നാല്പതിനോടടുത്തു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, മാതൃഭാഷയല്ലാതെ മറ്റൊന്നും സംസാരിക്കാനോ,മനസ്സിലാക്കാനോ കഴിയാത്ത ഒരു കർണ്ണാടകക്കാരൻ ആയിരുന്നു. കന്നഡ ഭാഷ ഞങ്ങൾക്ക് പിടിതരാത്ത കാലമാണ്. ആകെ ആത്മവിശ്വാസത്തോടെ പറയുന്നത് 'കന്നഡ ഗൊത്തില്ലാ' (കന്നഡ അറിയില്ല) എന്നും, ബസ്സിൽ കയറുന്നതിനു മുൻപ് കണ്ടക്ടറോട് പോകേണ്ട സ്ഥലത്തിന്റെ പേരു പറഞ്ഞ് 'ഹോഗത്താ' എന്നു ചോദിക്കുന്നതുമാണ് - ഉദാഹരണത്തിന് 'മാറത്തഹള്ളി ഹോഗത്താ?' (മാറത്തഹള്ളി പോകുമോ?). കണ്ടക്ടർ കന്നഡയിൽ പറയുന്ന മറുപടിയുടെ അർത്ഥം മനസ്സിലായില്ലെങ്കിലും അയാളുടെ മുഖഭാവം, ബോഡിലാംഗ്വേജ് എന്നിവവെച്ച് ഉത്തരം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് മനസ്സിലാക്കാൻ ഞങ്ങൾ പഠിച്ചിരുന്നു. 

അങ്ങനെ ഗൗഡാജി റൂമിൽ അവതരിക്കുകയും, അതിവേഗം തന്റെ കരവിരുത് പ്രകടമാക്കുകയും ചെയ്തു. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചായ തിളപ്പിക്കാനുപയോഗിക്കുന്ന ഒരു സ്റ്റീൽ പാത്രം കാണും. കുറേനാളുകൾ കഴിയുമ്പോൾ മിക്കവാറും ഈ പാത്രത്തിന്റെ ഉൾവശത്ത് നടുവിൽ മാത്രം സ്റ്റീൽ കളർ തെളിഞ്ഞുകാണുകയും, അരികുകൾ ചായക്കറയുടെ ഫലമായി ഒരു ബ്രൗൺ നിറത്തോടെ കാണപ്പെടുകയും ചെയ്യാറുണ്ട്. ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു ഞങ്ങളുടെ കുളിമുറിയും. മുൻപ് താമസിച്ചിരുന്നവരുടെ അവധാനത കൊണ്ടോ, കുഴൽക്കിണറിലെ കട്ടികൂടിയ വെള്ളത്തിന്റെ പ്രശ്‍നംകൊണ്ടോ എന്നറിയില്ല, എത്ര കഴുകിയാലും നടുവിലെ ഒരു വട്ടമൊഴിച്ച് ബാക്കി ഭാഗത്തെ ടൈലുകളെല്ലാം കറുത്തോ, ബ്രൗൺ നിറത്തിലോ കാണപ്പെടും. ഹാർപ്പിക്, സോപ്പ്പൊടി എന്നിവ പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ടു. ആദ്യമായി വീട്ടിൽ വന്ന് ഇൻസ്പെക്ഷൻ നടത്തിയ ഉടനെ കുളിമുറി ക്ലീൻചെയ്യാൻ എന്തോ വാങ്ങണമെന്ന് പറഞ്ഞ് ഗൗഡ പണവും വാങ്ങിപ്പോവുകയും അഞ്ചു മിനിറ്റിൽ തിരിച്ചെത്തുകയും ചെയ്തു. വീടു വൃത്തിയാക്കൽ, അലക്കൽ തുടങ്ങിയ പണികൾ കഴിഞ്ഞ് താൻ വാങ്ങിക്കൊണ്ടുവന്ന ആ സാധനവുമായി നമ്മുടെ ഗൗഡാജി കുളിമുറിയിൽ കയറി വാതിലടക്കുകയും ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞു പ്രത്യക്ഷനാകുകയും ചെയ്തു. വിജയ് നായകനായ സിനിമയിൽ അദ്ദേഹത്തെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരു തെരുവിൽ ദീപാവലിയോ, മറ്റെന്തെങ്കിലും കാരണത്താലോ തുരുതുരാ പടക്കങ്ങൾ പൊട്ടുന്നു, അതവസാനിക്കുന്നതോടെ ആ പുകപടലങ്ങൾക്കിടയിലൂടെ അണ്ണനിതൊക്കെ വെറും ചീള് കേസ് എന്ന മട്ടിൽ സ്‌ലോമോഷനിൽ നടന്നോ, ബൈക്ക് ഓടിച്ചോ വിജയ് പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് ഇതേ മൂഡാണ് കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ ഞങ്ങൾക്കും തോന്നിയത്. മൊത്തം പുകയിൽനിന്ന് പതുക്കെ പതുക്കെ ഗൗഡയുടെ കൈകൾ, കാലുകൾ ബാക്കി ശരീരഭാഗങ്ങൾ എന്നിവ പ്രത്യക്ഷമായി. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട്, ഒരിക്കലും മറക്കാൻ പറ്റാത്ത ആ 'ലാബ് മണം' വന്നപ്പോൾത്തന്നെ അണ്ണൻ വാങ്ങിക്കൊണ്ടുവന്നത് എന്താണെന്ന് പെട്ടെന്ന് മനസ്സിലായി - മറ്റൊന്നുമല്ല നല്ല ഉഗ്രൻ ആസിഡ് തന്നെ (ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ് എന്നൊരു സംഭവം ഉണ്ടെന്ന് അക്കാലത്ത് അറിയില്ലായിരുന്നു). പുകയെല്ലാം മാറി കുളിമുറി കണ്ട എല്ലാവരും ഞെട്ടി - കാൽകഴുകി ചവിട്ടാൻ തോന്നുന്ന അത്രയും ഭംഗി. എന്തായാലും അതോടെ ഞങ്ങൾ ഗൗഡ അണ്ണന്റെ കട്ട ഫാൻസ്‌ ആയി മാറുകയും എല്ലാ ആഴ്ചയിലും ഏതെങ്കിലുമൊരു ദിവസം അണ്ണൻ ജോലി ചെയ്യാൻ ഞങ്ങളുടെ റൂമിൽ വരുകയും പതിവായി.

ഗൗഡയുടെ പെരുമാറ്റത്തിലെ ചില അസ്വാഭാവികതകൾ ചെറിയ മാനസികാസ്വാസ്ഥ്യം ഉള്ളതുകൊണ്ടാണെന്ന് അടുത്തുള്ള കടക്കാരനിൽ നിന്ന് പിന്നീടറിയാൻ കഴിഞ്ഞു. എന്തായാലും വാങ്ങുന്ന പണത്തിന് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആളായതുകൊണ്ടും, ഞങ്ങൾ തമ്മിലുള്ള സംസാരം ആംഗ്യഭാഷയിൽമാത്രം ആയതുകൊണ്ടും വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കടന്നുപോയി. ഒരാഴ്ച ഗൗഡ വരാമെന്നേറ്റത് ചിന്തു മാത്രം വീട്ടിലുള്ള ദിവസമാണ്. രാവിലെത്തന്നെ ഞങ്ങൾ കർട്ടനുകൾ, ചവിട്ടികൾ, പുതപ്പുകൾ, കിടക്കവിരികൾ, മേശവിരികൾ എന്നിവ സോപ്പ്പൊടിയിൽ മുക്കിവെക്കുകയും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞുവന്ന ചിന്തുവിനെ എല്ലാം പറഞ്ഞേൽപ്പിച്ച് ഓഫീസിൽ പോകുകയും ചെയ്തു. വൈകിട്ടു തിരിച്ചുവന്നപ്പോൾ കുറച്ചൊരു അസ്വാഭാവികത തോന്നി. കുളിമുറിക്കൊന്നും സാധാരണ ഉണ്ടാകാറുള്ള വൃത്തിയില്ല, തറ തുടച്ചിട്ടുണ്ടെങ്കിലും ചില മൂലകളിലെ അഴുക്കൊന്നും പോയിട്ടില്ല, കിടക്കവിരികൾ, പുതപ്പുകൾ മിക്കവയും ശരിക്ക് ഉണങ്ങിയിട്ടില്ല, ചിലതിൽ സോപ്പ്പൊടിയുടെ പാടുകൾ, പിന്നെ മിക്കതിനും ഒരുപാടുനേരം വെള്ളത്തിൽ മുക്കിവെച്ചതിന്റെ ഒരു മണവും. രാത്രിഭക്ഷണമെല്ലാം കഴിഞ്ഞ് ഞങ്ങൾ കൂട്ടംകൂടിയിരുന്ന് ഗൗഡയെ കുറ്റം പറയാൻ തുടങ്ങി. എന്തുകൊണ്ടോ ചിന്തു മാത്രം ഈ കുറ്റംപറയലിൽ പങ്കുചേരാതെ ക്ഷീണിതനായി ഇരിക്കുകയായിരുന്നു. സ്വാഭാവികമായും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞുവന്നു പകൽ ഗൗഡ വന്നതുകാരണം ഉറക്കം ശരിയാകാത്തതിന്റെ ബുദ്ധിമുട്ടായിരിക്കും എന്നുകരുതി. ഒടുക്കം കാശുംവാങ്ങി ഇങ്ങനത്തെ ഉഴപ്പുപണി എന്തുകൊണ്ടു ചെയ്തു എന്ന് എങ്ങനെയെങ്കിലും ഗൗഡയോട് ചോദിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോളാണ് ചിന്തു ആ കഥ പറഞ്ഞത്.

വരാമെന്നേറ്റ പത്തുമണിയും കഴിഞ്ഞു ഏതാണ്ട് പതിനൊന്നൊരയോടെയാണ് ഗൗഡ അന്ന് ജോലിക്ക് വന്നത്. പതിവുപോലെ ഒരു റൌണ്ട് അടിച്ചുവാരലെല്ലാം കഴിഞ്ഞ് തറ തുടക്കാൻ തുടങ്ങി. ഒരു അടിയുറച്ച കമ്യൂണിസ്റ്റുകാരനും, തൊഴിലാളികളോട്‌ വളരെ മാന്യമായി പെരുമാറുകയും ചെയ്യുന്ന ഒരാളാണ് ചിന്തു. എങ്കിലും, രാത്രി മുഴുവൻ ഉറങ്ങാതെ, ഉഗ്രൻ പ്രെഷറിൽ ജോലിചെയ്തു വന്നിട്ട്, രാവിലെ ഒന്നു മയങ്ങാമെന്നുകരുതി കണ്ണടക്കുമ്പോളേക്കും കോളിങ്ബെൽ അടിക്കുമ്പോൾ ആർക്കും തോന്നുന്ന ഒരു ദേഷ്യമില്ലേ അത് അന്ന് ചിന്തുവിനും തോന്നി. അറിയാവുന്ന കന്നഡയും ബാക്കി ആംഗ്യഭാഷയുമെല്ലാം വെച്ച് ഒരു മുതലാളിയെപ്പോലെ തറ തുടച്ചത് വൃത്തിയായില്ലെന്നും വീണ്ടും തുടക്കണമെന്നും ആവശ്യപ്പെട്ടു (അഥവാ ഗർജ്ജിച്ചു). ഗൗഡയിലും തൊഴിലാളിയുടെ അവകാശബോധങ്ങൾ കത്തിജ്വലിച്ചതുകൊണ്ടാണോ, അതോ ചിന്തു പറഞ്ഞ കന്നഡയുടെ അർത്ഥം മറ്റുവല്ലതുമായി മനസ്സിലായതുകൊണ്ടാണോ എന്നറിയില്ല, കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ വായിൽവന്ന ചീത്ത മുഴുവൻ വിളിച്ചുപറഞ്ഞ് ഗൗഡ സ്ഥലംവിട്ടു. ചിന്തുവിന്റെ തർജ്ജമപ്രകാരം 'എനിക്ക് നിങ്ങളുടെ ചീത്ത കേട്ടു ജോലിചെയ്യേണ്ട ആവശ്യമൊന്നുമില്ല, അത്ര ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾ തന്നെ ചെയ്‌തോ എല്ലാ പണിയും' എന്നായിരിക്കണം ഗൗഡ പറഞ്ഞത്.

സിനിമയിൽ, കിട്ടുണ്ണി ഇട്ടിട്ടുപോയപ്പോളും ജോലി ചെയ്യാൻ നന്ദിനി ഉണ്ടായിരുന്നതുകൊണ്ട് ജഡ്ജിയേമാൻ കാര്യമായി ബുദ്ധിമുട്ടിയില്ല. പക്ഷേ ആസിഡ് ഒഴിച്ചിട്ടിരിക്കുന്ന കുളിമുറി, നാലോ അഞ്ചോ ബക്കറ്റ് നിറയെ കട്ടികൂടിയ തുണികൾ, അത്യാവശ്യം വലുപ്പമുള്ള ഒരു വീട് എന്നിങ്ങനെ കീഴടക്കാനൊരു എവറസ്റ്റ് കൊടുമുടി തന്നെയാണ് ചിന്തുവിനെ കാത്തിരുന്നത്. എന്തായാലും വെറുമൊരു കർണാടകക്കാരന്റെ മുന്നിൽ തോറ്റുകൊടുക്കാൻ ആത്മാഭിമാനം അനുവദിക്കാത്തതുകൊണ്ടും, ജോലി കഴിഞ്ഞുവരുന്ന ഞങ്ങൾ അഞ്ചു ദുഷ്ടന്മാരുടെ ആക്രമണം സഹിക്കാൻ കഴിയാത്തതുകൊണ്ടും, അതിനേക്കാളെല്ലാമുപരി രാത്രി കിടക്കയിൽ വിരിക്കാനോ, പുതക്കാനോ ഒരു ഷീറ്റുപോലും ബാക്കിയില്ല എന്ന യാഥാർത്ഥ്യം പല്ലിളിച്ചതുകൊണ്ടും ചിന്തു ഒറ്റക്കുതന്നെ ഒരൽപ്പംപോലും ഉറങ്ങാതെ എല്ലാ പണികളും പൂർത്തിയാക്കി.

നനഞ്ഞാൽ ഒരു കരിങ്കല്ലിന്റെ ഭാരം തോന്നിപ്പിക്കുന്ന കമ്പിളി പുതപ്പുകൾ കഴുകാനും ഉണക്കാനും ഒറ്റക്കു കഷ്ടപ്പെടേണ്ടിവന്ന ചിന്തുവിനെ കുറിച്ചാലോചിക്കുമ്പോൾ ഇപ്പോൾ സഹതാപം തോന്നുന്നുണ്ടെങ്കിലും അന്നും അതുകഴിഞ്ഞുള്ള ഒരുപാടവസരങ്ങളിലും ചിരി സമ്മാനിച്ച ഒരോർമ്മയാണിത്. പിന്നീടാലോചിച്ചപ്പോളാണ് തോന്നിയത് ഇതിപ്പോ കുറച്ച് തുണിയലക്കേണ്ടിവന്നു എന്നല്ലേയുള്ളൂ, മറിച്ച് അയാൾ ദേഷ്യംകൊണ്ട് ചിന്തുവിനെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇതൊരു സങ്കടപോസ്റ്റായി എഴുതേണ്ടിവന്നേനെ. എന്തായാലും, അതിനുശേഷം ഗൗഡ സേവനം അവസാനിപ്പിക്കുകയും അലക്കൽ പൂർവ്വാധികം ശക്തിയോടെ ഞങ്ങളുടെ തലയിൽത്തന്നെ വന്നുചേരുകയും ചെയ്തു - മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ.

ഇത് വായിക്കുമ്പോൾ ഇതിത്ര വലിയ പോസ്റ്റായി ഇടാൻ മാത്രമുള്ള സംഗതി ഉണ്ടോ എന്നു സ്വാഭാവികമായും തോന്നാം. പക്ഷേ ഓർമ്മകളെപ്പറ്റി എഴുതുന്നതാണ് ഏറ്റവും ആനന്ദകരം. കാരണം ഓർമ്മകൾ പലപ്പോഴും ആർദ്രമായൊരു ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്. അല്ലെങ്കിൽ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ബുദ്ധിയുടെ പ്രായോഗികതയും തിരിച്ചുപോകണമെന്ന ഹൃദയത്തിന്റെ ചാപല്യവും തമ്മിലുള്ളൊരു ഏറ്റുമുട്ടൽ. പുറമെനിന്ന് നോക്കുമ്പോൾ ബാലിശമായി തോന്നുന്ന പലതിനെയും ഓർത്തെടുത്തു താലോലിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ പലപ്പോഴും ഇന്നിൽനിന്നുകൊണ്ട് ഇന്നലെകളിലേക്കു നോക്കാറുണ്ട്, ആ ഓർമ്മകളുടെ കൽക്കണ്ടമധുരം നുണയാറുമുണ്ട്. നടന്നുതീർത്ത വഴികളിലെവിടെയോ നിന്ന് പറ്റിപ്പിടിച്ച മണൽത്തരികളെപ്പോലെ,  നനഞ്ഞുതീർത്ത മഴ തോർന്നുകഴിഞ്ഞിട്ടും അടർന്നുവീഴാൻ മടിച്ച് ശരീരത്തിലെവിടെയോ പറ്റിപ്പിടിച്ചുനിൽക്കുന്ന നീർത്തുള്ളികളെപ്പോലെ അവ പലപ്പോഴും നമ്മെ കൊതിപ്പിച്ചു കടന്നുപോകുന്നു.

ശ്രീ N. N. കക്കാട് സഫലമീ യാത്രയിൽ പറയുന്നതുപോലെ 

"ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം...
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം...."

*********************************************************************************

അപ്പോൾ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ ഇന്ന് ശനിയാഴ്ചയാണ്. കാര്യം വാഷിംഗ്‌മെഷീൻ ഉണ്ടെങ്കിലും എങ്ങാനും കറന്റ് പണിപറ്റിച്ചാൽ അടുത്ത ആഴ്ച നായകനെ മാറ്റി ഏകദേശം ഇതേ സബ്ജക്ട് പോസ്റ്റ് ചെയ്യേണ്ടിവരും. അതുകൊണ്ട് എല്ലാവർക്കും നല്ലൊരു വീക്കെൻഡ് ആശംസിച്ചുകൊണ്ട് ഗുഡ്ബൈ....

Thursday, 8 February 2018

"ആരാടാ ഈ മീശമാധവൻ?...........ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ? "


"ഒരു ടി വി വാങ്ങണം നമുക്ക്"

ഒരു ഞായറാഴ്ച - രാവിലെ പള്ളിയിലെ ഹാജർ ഒപ്പുവെച്ച്, കേരളാമെസ്സിലെ അപ്പവും മുട്ടക്കറിയും അകത്താക്കി, കൊച്ചിൻ ഹനീഫയെ തോൽപ്പിക്കുന്ന വിധത്തിലൊരു തുണിയലക്കലും കഴിഞ്ഞ്, ദിനംതോറും മികച്ച പുരോഗതി കൈവരിക്കുന്ന വയറിനെനോക്കി, എല്ലാ വർഷവും പുതുക്കുന്ന 'ഡയറ്റ് കൺട്രോൾ' പ്രതിജ്ഞയുടെ പാവനസ്മരണകൾക്ക് മുമ്പിൽ ഒരു ദീർഘനിശ്വാസംകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് ഷിനോച്ചേട്ടൻ എല്ലാവരുടെയും മുന്നിൽ ആ പ്രമേയം അവതരിപ്പിച്ചു.

"ശരിയാ ചേട്ടായീ, ശനീം ഞായറും ലാലേട്ടന്റെ പഴയ സിനിമകളൊക്കെ വരുമ്പോ കാണാലോ"

എന്നത്തെയുംപോലെ ഒരുമണിക്കൂർ നീണ്ട കുളികഴിഞ്ഞ്, മുടിയിലെ വെള്ളം ഇറ്റിറ്റു തറയിൽ വീഴിച്ചുകൊണ്ട് കുളിമുറിയുടെ വാതിൽ തുറന്നുവന്ന ഷജിത്തേട്ടൻ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. അനന്തരം അദ്ദേഹം വീടിന്റെ പുറത്തേക്കുപോകുകയും 'ഒരു പറക്കുംതളിക'യിലെ ബസ്സിനെ അനുസ്മരിപ്പിക്കുംവിധം ഓരോ ഇഞ്ച് സ്ഥലത്തും ഷിനോച്ചേട്ടന്റെ വസ്ത്രങ്ങൾ ഉണങ്ങാനിട്ടിരിക്കുകയാണെന്നു കണ്ടു വിജൃംഭിതനാകുകയും, ഒടുക്കം അവിടെ പാർക്ക് ചെയ്തുവെച്ചിരിക്കുന്ന ഏതോ നിർഭാഗ്യവാന്റെ ബൈക്കിന്റെ ഹാൻഡിലിൽ തന്റെ നനഞ്ഞ കളസം തൂക്കിയിടുകയും തോർത്ത് സീറ്റിൽ വിരിച്ചിടുകയും ചെയ്തു.

"ഇയാളെക്കൊണ്ടു തോറ്റു... എന്താ മമ്മൂട്ടീടേം ജയറാമിന്റേം ഒന്നും പടം വന്നാൽ കാണില്ലേ? ...... ബിബിസി കണ്ടിട്ടുവേണം വൊക്കാബുലറി ഒന്ന് റെഡിയാക്കാൻ. വീണ്ടും ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങണ്ടതാ"

കൂട്ടത്തിലെ ചിന്തിക്കുന്നവനും, ഒരുപാട് സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവുമായ  'ചിന്തു' ഭാവിയെക്കുറിച്ച് വാചാലനായി.

"മ്മക്ക് പൊരിക്കാം സയിത്തേട്ടാ.... പൈസ തൽക്കാലം നിങ്ങളെല്ലാരുംകൂടി ഷെയർ ചെയ്താമതി... ഇപ്പൊ ഇത്തിരി ടൈറ്റാ... ഒന്ന് സെറ്റപ്പായിക്കോട്ടെ...അതുകഴിഞ്ഞിട്ട് ഞാൻ ഷെയർ ഇടാം"

(തൃശ്ശൂരുകാർക്ക് പരിചയം കൂടിവരുമ്പോൾ 'ഷജിത്തേട്ടൻ' ആദ്യം 'സജിത്തേട്ടൻ' ആയും പിന്നീട് 'സയിത്തേട്ടൻ' ആയും രൂപാന്തരപ്പെടും എന്ന സത്യം ഓർമിപ്പിച്ചുകൊള്ളുന്നു) 

വിനോദവും വിശ്രമവുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും കലവറയില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്ന ശ്രീജിത്ത് പതിവുതെറ്റിച്ചില്ല. തീർക്കാനുള്ള ഒരുപാട് കണക്കുകളുടെ കൂട്ടത്തിൽ ഇതുകൂടി ഉൾപ്പെടുത്തേണ്ടിവരുമെന്ന കാര്യം ധനകാര്യമന്ത്രിയെ ഓർമിപ്പിക്കാനും മറന്നില്ല!

"ഷിനോ ചേട്ടന് ബോണസ് കിട്ടാറായീന്നു തോന്നുന്നുണ്ടല്ലോ.. അല്ലെങ്കിൽ  ഇങ്ങനത്തെ ഐഡിയകളൊന്നും വരാൻ വഴിയില്ലല്ലോ?"

നിയമസഭാ സ്‌പീക്കറെപ്പോലെ ഭരണപക്ഷത്തിനൊപ്പമാണോ പ്രതിപക്ഷത്തിനൊപ്പമാണോ എന്ന് ഉറപ്പിക്കാൻ വയ്യാത്തൊരു റൂളിംഗ് നൽകി ഞാനെന്റെ കടമയും നിർവഹിച്ചു.

"വാങ്ങാണെങ്കി വേഗം വാങ്ങണം. അടുത്തമാസം തൊട്ടു ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങാ അതുകഴിഞ്ഞാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റും ഉണ്ട്...."

നാട്ടിൽനിന്നു കൊണ്ടുവന്ന 'മോഹൻലാൽ' മാഗസിനിൽ മുഴുകിയിരുന്ന അംഗിരസ് തലയുയർത്തി അർത്ഥശങ്കക്കിടയില്ലാത്തവണ്ണം നിലപാട് വ്യക്തമാക്കി മോഹൻലാലിലേക്കു തിരിച്ചുപോയി. ഇനി ഈ ബുക്കിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെപ്പറ്റി ഷജിത്തേട്ടനും ഇവനുംകൂടിയുള്ള ഒരുപാട് ചർച്ചകൾക്ക് ഈ മുറി സാക്ഷിയാകാനുള്ളതാണ് (ഉദാഹരണം: ഗ്രോസ് കളക്ഷൻ, ഹൗസ്‌ഫുൾ ഷോകളുടെ എണ്ണം, വരാനുള്ള റിലീസുകൾ, ഏട്ടന്റെ വണ്ണം, ആക്ഷൻ, പൊളിഞ്ഞ മമ്മൂട്ടിപ്പടങ്ങളുമായുള്ള താരതമ്യം)  അതുകൊണ്ട് ഒരു പോയിന്റുപോലും വായിക്കാൻ വിട്ടുപോകരുതല്ലോ !

എന്തായാലും കൂടുതൽ ചർച്ചകൂടാതെ പ്രമേയം പാസ്സാക്കി. നമ്മുടെ ധനകാര്യമന്ത്രിമാരുടെ മാതൃക പിന്തുടർന്ന് പല ഫണ്ടുകൾ വകമാറ്റി വിഭവസമാഹരണം നടത്തി.

ഒരുപാട് കടകൾ കയറിയിറങ്ങി പത്തുരൂപക്കുവരെ വിലപേശി ഒടുക്കം 'ഫിലിപ്സ്' തറവാട്ടിൽ പിറന്ന ഒരു സുന്ദരിക്കുട്ടിയെ കണ്ടു. മോഡലിംഗ് താൽപ്പര്യമുള്ള 'എൽ സി ഡി', 'എൽ ഇ ഡി' സഹോദരിമാരെപ്പോലെ സ്ലിം ആയിരുന്നില്ലെങ്കിലും കാണാൻപോയ ഞങ്ങൾ നാലാൾക്കും നന്നേ ബോധിച്ചതുകൊണ്ട് ആകെ ചോദിച്ചത് ഇത്രമാത്രം

"പോരുന്നോ ഞങ്ങളുടെ കൂടെ?"

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കല്യാണപ്പെണ്ണ് ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതുപോലെ അത്യാവശ്യം ലഗേജും കൂടെപ്പോന്നു - ഒരു സ്റ്റെബിലൈസർ, താങ്ങാനൊരു മേശ, മേശയിലിടാനൊരു കവർ, ഉപയോഗിക്കാത്തപ്പോൾ ടി വി പൊടിപിടിക്കാതെ മൂടിയിടാൻ ഒരു ടവൽ. 'കുളിയില്ലെങ്കിലും ഇന്ത്യൻ ടൈ പുരപ്പുറത്തു കാണണം' എന്ന വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു ആഘോഷമായിത്തന്നെ എല്ലാം നടന്നു.

വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ കേബിൾകാരനെ വിളിച്ചു കണക്ഷനും എടുത്തു. ആദ്യമായി ടി വി യിൽ ചിത്രം തെളിഞ്ഞപ്പോൾ പിറക്കാതെപോയ മകനെ നേരിട്ടുകണ്ട സന്തോഷമായിരുന്നു എല്ലാവർക്കും.

പുത്തനച്ചി പുരപ്പുറം തൂക്കണമെന്നാണല്ലോ പ്രമാണം. അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ വിശ്രമിക്കാനാവസരം കൊടുക്കാതെ ഞങ്ങളവളെ പണിയെടുപ്പിച്ചുകൊണ്ടേയിരുന്നു.

മംഗലശ്ശേരി നീലകണ്ഠനും, ചന്തക്കാട് വിശ്വനും, രമണനും, Mr.പോഞ്ഞിക്കരയുമെല്ലാം ഞങ്ങൾക്കൊപ്പം ഉച്ചയൂണും അത്താഴവും കഴിച്ചു. സ്വീകരണമുറിയുടെ കോർണറിൽ നിന്ന് റൊണാൾഡീഞ്ഞോ ഇലപൊഴിയും കിക്കുകൾ തൊടുത്തു, സച്ചിന്റെ സിക്സറുകൾ സ്ക്രീനും കടന്നു പുറത്തേക്കുവന്നു, ചാനലുകൾ മാറ്റുമ്പോൾ ഇടക്കു പുഞ്ചിരിക്കാറുള്ള ബിബിസിയെ ഒടുക്കം ചിന്തു മൊഴിചൊല്ലി.

ന്യൂസ് ചാനലുകൾ പ്രധാനമായും റെയിൽവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ മാത്രമാണ് കാണാറുള്ളത്. മിക്കവാറും ഒരേ വാർത്തയാണ് പതിവും.

"ഈ വർഷവും ബാംഗ്ളൂരിലേക്ക് പുതിയ ട്രെയിനൊന്നുമില്ല"

അമർത്തിവിട്ട ദീർഘനിശ്വാസത്തിലെ നീരാവി മേഘങ്ങളിലേക്കുയർന്നു ഘനീഭവിച്ച് മഴയായി താഴോട്ടു നിപതിച്ചു.

തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ടി വി കറന്റ് പോകുന്ന അപൂർവം അവസരങ്ങളിൽ ദീർഘനിശ്വാസത്തോടെ ഒന്ന് നടുനിവർത്തി ദയനീയതയോടെ നോക്കാറുണ്ടായിരുന്നു.

ഇതിനിടയിൽ ഞാനും അംഗിരസും MBA കോഴ്‌സിനു ചേർന്നിരുന്നു (വിദൂര വിദ്യാഭ്യാസം). അങ്ങനെ ആദ്യ സെമസ്റ്റർ പരീക്ഷ വരവായി. പഠന ദിനങ്ങളിൽനിന്ന് പരീക്ഷയിലേക്കുള്ള അകലം കുറഞ്ഞുവരുംതോറും പേടി കൂടിക്കൂടിവന്നു. ഡിഗ്രിക്ക്  കെമിസ്ട്രി പഠിച്ചവന്മാരെ നോക്കി അക്കൗണ്ടൻസിയും സ്റ്റാറ്റിസ്റ്റിക്‌സും കണ്ണുരുട്ടി. വലിച്ചു കയറ്റിയ വയ്യാവേലി ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് പരീക്ഷ എഴുതാൻതന്നെ തീരുമാനിച്ചു. ആദ്യപടിയായി ടി വി കാണൽ ഏതാണ്ട് കുറക്കുകയും ആ സമയം പഠനത്തിന് മാറ്റിവെക്കുകയും ചെയ്തു.

അക്കൗണ്ടൻസി പരീക്ഷയുടെ തലേന്ന് റൂമിൽ ചെറിയൊരു 'ആഘോഷം' ഉണ്ടായിരുന്നു. ഇത്തരം ആഘോഷങ്ങളിൽ എന്റെയും അംഗിരസ്സിന്റെയും റോൾ മറ്റുള്ള നാലുപേരുടേതിൽനിന്നു വ്യത്യസ്തമാണ്. കൂർക്കയിട്ടു വെച്ച പോർക്ക് അല്ലെങ്കിൽ കായയിട്ടുവെച്ച ബീഫ് എന്നിവ അതിവേഗം ബഹുദൂരം തിന്നുതീർക്കുക, എരിവ് മാറ്റാനായി 'സ്പ്രൈറ്റ്' ഇടക്കിടക്ക് കുടിച്ചുകൊണ്ടിരിക്കുക, കപ്പലണ്ടി വേഗം വേഗം വായിലേക്കിടുക എന്നീ കലാപരിപാടികളിലാണ് ഞങ്ങൾ ഡോക്ടറേറ്റ് എടുത്തിരുന്നത്. ഒടുക്കം വെറും വെള്ളമൊഴിച്ച് ഗ്ളാസ്സിന്റെ പകുതി നിറക്കേണ്ടി വരികയും, വിശപ്പടക്കാൻ ബാക്കിയുള്ള ബ്രഡ് വെറുതെ തിന്നേണ്ടിവരുകയും ചെയ്യുന്ന നാല് ആത്മാക്കളുടെ ശാപം എന്നും ഞങ്ങളുടെ തലക്കുമുകളിൽ തങ്ങിനിൽക്കാറുണ്ട്. പിറ്റേന്നുരാവിലെ തെറ്റ് ആവർത്തിക്കില്ലെന്ന് ആണയിട്ടു പറയുകയും അടുത്ത ആഘോഷംവരെ മാത്രം ആ വാക്കുപാലിക്കുകയും ചെയ്യാറുണ്ട് രണ്ടുപേരും. ഞങ്ങളും മനുഷ്യരല്ലേ!

"ഫുഡ് ഒരുപാട് ലോഡായാൽ പെട്ടെന്ന് ഉറക്കംവരും. ഇത്തവണ നിങ്ങൾ തകർക്ക്"

പിറ്റേന്ന് പരീക്ഷയായതുകൊണ്ട് പതിവിൽനിന്നു വ്യത്യസ്തരായി ഞങ്ങളിരുവരും വേഗം രംഗത്തുനിന്ന് വിടവാങ്ങി പഠനത്തിലേക്ക് ഊളിയിട്ടു.

"ഇത്രയും നാളായിട്ട് ആദ്യമായിട്ടാ തിന്നാനുള്ളത് തീർന്നു പോകുമെന്ന ടെൻഷനില്ലാതെ ഇവിടെ ഇരിക്കാൻ പറ്റുന്നത്. ഇടക്കിടക്ക് ഓരോ പരീക്ഷ വന്നിരുന്നെങ്കിൽ നമ്മൾ രക്ഷപ്പെട്ടാനേ അല്ലേടാ ചിന്തു? "

പണ്ടത്തെ MBA ക്കാരൻ കൂടിയായ ഷിനോച്ചേട്ടൻ ഞങ്ങളെ പുച്ഛിച്ചതാണ്. സാരമില്ല അടുത്ത തവണ പകരംവീട്ടാം എന്നുറപ്പിച്ച് അവഗണിച്ചു.

എന്തായാലും അക്കൗണ്ടൻസി കുറച്ചു വായിച്ചപ്പോളേക്കും കിളികൾ പറന്നതിനാൽ ഇനി നാളെരാവിലെ നേരത്തെ എഴുന്നേറ്റിട്ടാകാം പഠനം എന്ന തീരുമാനം എടുത്തതും ഉറങ്ങി താഴെവീണതും ഏതാണ്ട് ഒരുമിച്ചായിരുന്നു.

ഉറക്കത്തിലേക്കു പൂർണമായും വഴുതിവീഴുന്നതിനു മുൻപ് ചിന്തു പതിവുപോലെ വെല്ലുവിളിക്കുന്നത് കേൾക്കാമായിരുന്നു. തൊട്ടുമുൻപ് 'മീശമാധവൻ' സിനിമ കണ്ടതിന്റെ ആവേശം മുഴുവനുമുണ്ട് ആ ശബ്ദത്തിൽ.

"ആരാടാ ഈ മീശമാധവൻ?

ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ?

ഈ ചിന്തു ഇവിടുള്ളപ്പോ ഒരുത്തനും ഈ പടികടന്നു വരില്ല..."

ഇത്തരം ചില സന്ദർഭങ്ങളിൽ ആവേശത്തിന്റെയും ധൈര്യത്തിന്റെയും ആൾരൂപമാകുന്നത് ചിന്തുവിന്റെ പതിവാണ്. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചില്ല.

ജീവിതത്തിൽ അതുവരെകണ്ട പ്രഭാതങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആ പ്രഭാതം - ആദ്യമായി MBA പരീക്ഷ എഴുതാൻ പോകുന്ന ദിവസം. നേരം നാലുമണിയായി എന്നറിയിച്ച അലാം ക്ലോക്കിന്റെ തലക്കുതട്ടി എണീറ്റുവന്നു ഹാളിലെ ലൈറ്റിട്ടു. പെട്ടെന്ന് വെളിച്ചം കണ്ണിലടിച്ചതുകൊണ്ട് കാഴ്ച്ചക്കൊരു മങ്ങൽപോലെ. ടി വി ഇരുന്നയിടത്തേക്കു നോക്കിയപ്പോൾ സ്വന്തം പേഴ്സിന്റെ അവസ്ഥ പോലെ - ആകെയൊരു ശൂന്യത .

കണ്ണുകൾ കണ്ടത് അപ്പാടെ പോയി തലച്ചോറിൽ റിപ്പോർട്ട് ചെയ്തു. പക്ഷേ കേട്ടത് വിശ്വസിക്കാനാകാതെ തലച്ചോർ "ഒന്നുകൂടി മര്യാദക്കുപോയി നോക്കീട്ടുവാടാ" എന്നുപറഞ്ഞു വന്ന സ്പീഡിൽ കണ്ണിനെ തിരിച്ചയച്ചു.

ഓൺ ചെയ്ത് കുറേനേരത്തെ പൊട്ടലിനും ചീറ്റലിനും ശേഷം മാത്രം
"ആകാശവാണി..... വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ" എന്ന് ക്ലിയറായി പറയുന്ന പഴയ റേഡിയോ പോലെ, ബുദ്ധിക്കും കുറച്ചു പതുക്കെയാണെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി.

ആദ്യം കരുതിയത് ഓവർടൈം പണിയെടുപ്പിച്ചതിന്റെ പ്രഷർ താങ്ങാനാകാതെ ഉള്ള ജീവൻ രക്ഷിക്കാൻ ടി വി എങ്ങോട്ടെങ്കിലും ഒളിച്ചോടിയതാണെന്നാണ്. എന്നും പൊടിതുടച്ചു മൂടിയിടും എന്ന് വാഗ്ദാനം ചെയ്തു അതിനുവേണ്ടി വാങ്ങിയ ടവൽ മേശയുടെ ഒരു മൂലയിൽ ആദ്യദിനം മുതൽ സമാധിയിരുന്നു പൊടിയടിച്ച് വാല്മീകി മോഡൽ ആയിട്ടുണ്ടായിരുന്നു. ആരുടേയും മനസ്സ് തകരാൻ ഇതുതന്നെ ധാരാളമല്ലേ. എന്തായാലും വാത്മീകി സ്വസ്ഥാനത്ത് അങ്ങനെതന്നെ ഇരിക്കുന്നുണ്ട് കൊണ്ടുപോകാൻ ആരുമില്ലാതെ!

"എടാ അംഗീ നമ്മുടെ ടി വി കാണാനില്ല"

"പിന്നേ പരീക്ഷേടെ അന്ന് രാവിലെ ടി വി കാണാത്തതിനെ ഒരു കൊറവേ ഉള്ളൂ"

ഇതുംപറഞ്ഞ് കണ്ണുംതിരുമ്മി കോട്ടുവായിട്ടുകൊണ്ടുവന്ന അംഗിരസ് ആ വായ അടക്കാൻ മറന്നു അങ്ങനെ നിന്നുപോയി.

എന്തായാലും സമാധാനം എന്റെ കണ്ണിനു കുഴപ്പമൊന്നുമില്ല എന്നുറപ്പായി.

"ഇനീപ്പോ എന്തുചെയ്യും?"

"എന്തായാലും അവരെക്കൂടി എഴുന്നേൽപ്പിക്കാം"

രണ്ടുവിളിയും രണ്ടുതൊഴിയും കിട്ടിയപ്പോൾ എല്ലാവരും ഉണർന്നു. കാര്യം പറഞ്ഞു.

"അടിച്ചത് നമ്മളാണെങ്കിലും പറ്റായത് ഇവന്മാരാണല്ലോ"

"പഠിച്ച് പഠിച്ച് രണ്ടെണ്ണത്തിനും വട്ടായെന്നാ തോന്നുന്നേ"

"ഓരോ സ്വപ്നങ്ങളും കണ്ടു എണീറ്റുവന്നോളും രാവിലെതന്നെ"

ഇങ്ങനെയുള്ള ഗോളുകൾ അടിച്ചുകൊണ്ട് എല്ലാവരും എണീറ്റു വന്നു, കണ്ടു കീഴടങ്ങി.

രണ്ടുപേർ കുത്തനെ നിന്നും, ക്ഷീണമുള്ള മൂന്നുപേർ ചുമരിൽ ചാരിയും, തീരെ വയ്യാത്തൊരാൾ വെറുംനിലത്തിരുന്നും ഹരിച്ചും ഗുണിച്ചും നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു.

"ടി വി മോഷണം പോയിരിക്കുന്നു! ഇന്നലെ വാതിലടക്കാൻ മറന്നുകാണും"

അപ്പോ സംഗതി ഒളിച്ചോട്ടമല്ല, കിഡ്‌നാപ്പിംഗാണ്.

ഷെർലക്ക്ഹോംസും, സേതുരാമയ്യരുമൊക്കെയായി എല്ലാവരും തിടുക്കത്തിൽ വീടാകെ ഒന്നുപരതി. സന്തോഷമായി; ടി വി ഒറ്റക്കുപോകുമ്പോ ബോറടിക്കണ്ട ഇനി വല്ല വെള്ളമോ ചായയോ കുടിക്കാൻ സഹായം വേണ്ടിവന്നാലോ എന്നുകരുതി ഒരു കമ്പനിക്കുവേണ്ടി മൂന്നു പേഴ്‌സുകളും കൂടെപ്പോയിട്ടുണ്ട്. എന്തായാലും മാസാവസാനമായതുകൊണ്ട് അതൊരു വിഷയമായി തോന്നിയതേയില്ല.

വാതിൽ തുറന്ന് നോക്കാമെന്നു തീരുമാനിച്ചു.

"ഇനി കള്ളൻ പുറത്തെങ്ങാനും നിൽക്കുന്നുണ്ടെങ്കിലോ?"

ആദ്യത്തെ ആത്മവിശ്വാസത്തിനു തെല്ലിടിവ് സംഭവിച്ചെങ്കിലും വേണ്ടിവന്നാൽ ഒരാക്രമണം നേരിടാൻ തയ്യാറായി കൈയ്യിൽകിട്ടിയ മാരകായുധങ്ങളായ ചൂൽ, ചപ്പാത്തിക്കോൽ, വെള്ളംനിറച്ച കുപ്പി എന്നിവയുമായി അഞ്ചുപേർ വാതിലിനിരുവശവുമായി നിൽക്കുകയും ഒരാൾ വാതിൽ തുറക്കാൻ പോകുകയും ചെയ്തു.

ഒന്നാമൻ വാതിലിന്റെ പിടിയിൽ ആഞ്ഞ് വലിച്ചു വാതിൽ തുറക്കുന്നതോടെ പിന്നോട്ടുമാറുകയും, ആ ഗ്യാപ്പിൽ ഞങ്ങൾ അഞ്ചുപേർ ഒറ്റയടിക്ക് ആയുധങ്ങളുമായി മുന്നോട്ട് കുതിച്ച് കള്ളനെ അടിക്കുകയും ചെയ്യുക അതാണ് മാസ്റ്റർപ്ലാൻ.

"ഡാ തുറക്കുമ്പോ മുഖത്തേക്ക് വല്ല മുളക് സ്പ്രേ അടിക്കാണ്ട് ശ്രദ്ധിച്ചോട്ടാ"

മുന്നറിയിപ്പ് കേട്ട് വാതിൽ തുറക്കാൻപോയ ആൾ ഒന്ന് ഞെട്ടി ഒരടി പിന്നോട്ടുചാടി, ചമ്മൽ മറക്കാൻ രണ്ടടി മുന്നോട്ടും ചാടി. ചാട്ടം പിഴച്ചതിനാൽ വാതിലിന്റെ പിടിയിൽചെന്ന് തലയിടിച്ച് സത്യനെപ്പോലെ 'അമ്മേ' എന്ന് വിളിച്ചു പിന്നോട്ടുവീഴുകയും അടിക്കാൻ തയ്യാറായിനിന്ന ഐവർസംഘം 'അയ്യോ കള്ളൻ' എന്ന് പറഞ്ഞു  മാർഗംകളി മോഡലിൽ പല സ്റ്റെപ്പുകൾ വെക്കുകയും ചെയ്തു.

എല്ലാവരും 'ബാക്ക് ടു പൊസിഷൻ' ആയി വീണ്ടും.

" റെഡി വൺ...ടൂ...ത്രീ.. പിടിച്ചോ"

ഒന്നാമൻ പ്ലാൻപ്രകാരം വാതിൽ ആഞ്ഞുവലിച്ചു, മറ്റുള്ളവർ കള്ളനെ ലാക്കാക്കി ഒരുമിച്ച് താളത്തിൽ ആഞ്ഞടിച്ചു.

"എടാ *$#*$#**##$.... എന്നെ കൊന്നേനെ നിങ്ങൾ"

ഒരു നിമിഷത്തെ മന്ദിപ്പിനു ശേഷമാണ് മനസ്സിലായത്. ഞങ്ങൾ തലേദിവസം മറന്നൊരു കാര്യം കള്ളൻ മറന്നില്ലെന്ന് - വാതിൽ കുറ്റിയിട്ടിരിക്കുന്നു - പുറത്തുനിന്നാണെന്നൊരു വ്യത്യാസം മാത്രം. ആഞ്ഞുവലിച്ചവന് വാതിൽ തുറക്കാൻ പറ്റിയില്ല. അപ്പോൾ ഞങ്ങളുടെ അടികൊണ്ടത്????

മുകളിൽ താമസിക്കുന്ന മലയാളിയെ മൊബൈലിൽ വിളിച്ചു. ചില ഡയലോഗുകളുടെ ആവർത്തനത്തിനുശേഷം അദ്ദേഹം വന്നു വാതിൽ തുറന്നുതന്നു. ഉപേക്ഷിച്ചനിലയിൽ പേഴ്‌സുകൾ അവിടെ കിടന്നുകിട്ടി. അധികം അകലെയല്ലാതെ ATM കാർഡുകളും. നന്നായി; ആ കാർഡുകൾ എങ്ങാനും കൊണ്ടുപോയെങ്കിൽ കള്ളനു വെറുതെ ചീത്തപ്പേരുമാത്രം ബാക്കിയായേനെ! ആട് കിടന്നിടത്തു പൂടപോലുമില്ല എന്ന് പറഞ്ഞതുപോലെ ടി വി കിടന്നിടത്ത് ഒരു സീരിയൽ പോലുമില്ലായിരുന്നു!

"നീ വാതിൽ ലോക്ക് ചെയ്തിരുന്നില്ലേ?"

നാലുപേർ പരസ്പരം ഈ ചോദ്യം ചോദിച്ചു. നോട്ടങ്ങൾ കൂട്ടിമുട്ടി എങ്ങും തീപ്പൊരിചിതറി.

"പോകാനുള്ളത് പോയി. എന്തായാലും ഒരു കട്ടൻ കുടിച്ചാൽ ഒരുഷാർ കിട്ടും"

കട്ടൻ കാപ്പിയുടെ ചൂടിൽ തലേദിവസത്തെ സംഭവങ്ങൾ ഓർത്തെടുക്കാൻ അവർ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും പണ്ട് VCR ൽ കാസെറ്റ് ഇടുമ്പോൾ വരാറുള്ളതുപോലെ രാത്രി പതിനൊന്നുമണിക്കു ശേഷമുള്ള ഓർമ്മ എല്ലാവർക്കും മൊത്തം ഗ്രെയിൻസ് പിടിച്ചപോലാണ് അനുഭവപ്പെട്ടതത്രേ.

"എന്തായാലും ആരെയും കള്ളൻ ഉപദ്രവിച്ചില്ലല്ലോ എന്ന് സമാധാനിക്ക്. അല്ലെങ്കിലും അവന് പേടി കാണും "

ചിന്തു ഒരു സിക്സറിലൂടെ റൺറേറ്റ് ഉയർത്താൻനോക്കി.

"ബുദ്ധിയില്ലാത്ത രണ്ടെണ്ണം ഒരു മുറിയിലും ബോധമില്ലാത്ത നാലെണ്ണം മറ്റേ മുറിയിലും കിടക്കുന്നതുകണ്ടപ്പോ പാവം തോന്നി ഒന്നും ചെയ്യാതെ വിട്ടതാകും"

വാതിൽ തുറന്നുതന്ന സുഹൃത്ത് ബൗണ്ടറിക്ക് തൊട്ടരികിൽവെച്ച് ക്യാച്ചെടുത്തു ആ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. കൂടുതൽ അവസരംകൊടുത്താൽ മാൻ ഓഫ് ദി മാച്ച് സമ്മാനം അടിച്ചെടുത്താലോ എന്നുകരുതി അദ്ദേഹത്തെ ഞങ്ങൾ വേഗം പറഞ്ഞയച്ചു.

ഒരുപാടുകാലം ജീവിതത്തിന്റെ ഒരു ഭാഗമായി ഉണ്ടായിരുന്ന ആ ടി വി ഇപ്പോളെവിടെയോ സമാധാനത്തോടെ അധികം ജോലിയെടുക്കാതെ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് കരുതുന്നു.

ഭഗവദ് ഗീതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

"ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമമാണ്"

അതുകൊണ്ടു ഇതൊന്നും അത്ര കാര്യമാക്കേണ്ട എന്നുകരുതി മറന്നുകളഞ്ഞു. പോലീസ് സ്റ്റേഷൻ, പരാതി, കൈക്കൂലി, കള്ളൻ, ഇടി എന്നീ വാക്കുകൾ ഏതാനും ദിവസം അന്തരീക്ഷത്തിൽ തങ്ങിനിന്നു പിന്നെ ടാറ്റാ പറഞ്ഞ് എങ്ങോട്ടോ പോയിമറഞ്ഞു.

എന്നാലും ഒരു സങ്കടം ബാക്കിനിൽക്കുന്നു. ആ കള്ളൻ എന്തിനാണാവോ അക്കൗണ്ടൻസി പരീക്ഷയുടെ അന്നുതന്നെ അവിടെ കയറിയത്? അതുകൊണ്ടല്ലേ - അതുകൊണ്ടു മാത്രമല്ലേ - ആ പരീക്ഷ ആദ്യ ശ്രമത്തിൽ ഞങ്ങൾ രണ്ടാളും തോറ്റുപോയത്? റാങ്ക് വാങ്ങേണ്ട രണ്ടു വിദ്യാർത്ഥികളുടെ ശാപം കള്ളൻ എന്നെങ്കിലും തല മൊട്ടയടിക്കുമ്പോൾ കല്ലുമഴയായി പെയ്യാതിരിക്കില്ല.

വാൽകഷ്ണം: ഈ സംഭവാനന്തരം ഞങ്ങൾ ഒരു അന്വേഷണകമ്മീഷനെ നിയമിക്കുകയും 'വാതിൽ കുറ്റിയിട്ടില്ല' എന്ന കുറ്റത്തിന് നാലുപേരും ഒരുപോലെ അപരാധികളാണെങ്കിലും 'അനാവശ്യമായി കള്ളനെ വെല്ലുവിളിച്ചു' എന്ന പ്രേരണാകുറ്റം കൂടുതലായി ചെയ്തതുകൊണ്ട് ചിന്തുവിനെ ഒന്നാം പ്രതിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും അതിനുശേഷം ആ വീട്ടിലെ എന്തുതന്നെ കാണാതായാലും അതെല്ലാം ചിന്തുവിന്റെ അശ്രദ്ധമൂലമാണ് എന്ന ആരോപണം സഹിക്കാൻവയ്യാതെ ചിന്തു ബാംഗ്ളൂർ വിടുകയും, മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ച് ഒടുക്കം കേരളത്തിലെ പ്രശസ്തമായൊരു നിയമ കലാലയത്തിൽ LLBക്കു ചേർന്ന് പഠനം തുടരുകയും ചെയ്യുന്നു. സംഭവിച്ചതൊന്നും താൻ കാരണമല്ല എന്ന് വാദിച്ചു തെളിയിക്കാൻ പോലീസിന്റെ ഇന്ററഗേഷനും വക്കീലിന്റെ സ്പെക്കുലേഷനും കൊണ്ട് കറുത്ത കോട്ടുമിട്ട് അവൻ ഒരിക്കൽകൂടി ബാംഗ്ളൂർ വന്നുകൂടായ്കയില്ല!

എന്തായാലും 'ചിന്തുവിന്റെ വെല്ലുവിളിപോലെ' എന്ന പ്രയോഗം ഞങ്ങൾ കൂട്ടുകാർക്കിടയിൽ സമ്മാനിക്കാൻ ഈ സംഭവം നിമിത്തമായി എന്ന് ഈയവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.

അകാലത്തിൽ ഞങ്ങളെ വേർപിരിഞ്ഞുപോയ ടി വി എന്ന സുഹൃത്തിന് റിയാലിറ്റിഷോകൾ കൊണ്ടുണ്ടാക്കിയ ഒരു റീത്തും സമർപ്പിക്കുന്നു.

ഗുണപാഠം: അക്കൗണ്ടൻസി നന്നായി പഠിച്ചെങ്കിൽ മാത്രമേ പാസ്സാകൂ!

Thursday, 18 January 2018

മെക്കാളെയുടെ ചതിയിൽ പാളിപ്പോയ ഒരു ഇന്റർവ്യൂ

വിണ്ണിലെ താരത്തെ മണ്ണിൽവെച്ചു കണ്ടതിന്റെ ആവേശമെല്ലാം കെട്ടടങ്ങി. 'ക്ലാസ്സ് മേറ്റ്‌സ്' സിനിമ നൂറുദിവസം തികച്ചോടിയ സമയം. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട് മനസിനുള്ളിൽ പലതവണ അതിലെ പൊടിമീശക്കാരനും, എന്റെ ഖൽബിലെ വെണ്ണിലാവ് നീ പാട്ടുകാരനുമൊക്കെയായി ഓർമ്മകളിൽ ഫ്ലാഷ്ബാക്കുകൾ മിന്നിച്ച് ദിവസങ്ങൾ അങ്ങനെ കടന്നുപോയി. വീട്ടിൽനിന്നയക്കുന്ന പണം മാസാദ്യം പേഴ്സിനെ ഗർഭിണിയാക്കുമെങ്കിലും പത്താം തീയതിക്കുള്ളിൽ വാടക, ഫീസ്, ബസ് പാസ്  ഇത്യാദി കാര്യങ്ങൾ കഴിയുമ്പോളേക്കും തന്നെ പ്രസവമൊഴിയും. ഒടുക്കം കാര്യംകഴിഞ്ഞപ്പോൾ കാമുകനുപേക്ഷിച്ച കാമുകിയെപ്പോലെ ഗതകാലസ്മരണകളും അയവിറക്കി അതൊരു മൂലയിൽ അങ്ങനെ കിടക്കും. മാസാദ്യം നേരിട്ടുള്ള ബസ് വരാത്ത ദിവസങ്ങളിൽ അടുത്ത ബസ്റ്റോപ് വരെ തലയൊന്നിന് പത്തുരൂപ വീതം കൊടുത്ത് ഷെയർ ആട്ടോയിൽ പോകാറാണ് പതിവ്. എന്നാൽ പത്താം തീയതിക്കുശേഷം ഒഴിഞ്ഞ പോക്കറ്റിനെനോക്കി ശക്തമായൊരു നെടുവീർപ്പിട്ടുകൊണ്ടു രണ്ടു കിലോമീറ്റർ ആഞ്ഞുനടക്കുക എന്ന വഴിയേ മുന്നിലുണ്ടാകാറുള്ളൂ. പണിയെടുത്തു ശീലമില്ലാത്തതിനാൽ ഇത്തരം നടത്തങ്ങൾ വിയർപ്പിന്റെ അസുഖത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചു. നടക്കാനുള്ള ആരോഗ്യത്തിനുവേണ്ടി രാവിലെയും, നടന്നതിന്റെ ക്ഷീണം മാറ്റാൻ ഉച്ചക്കും  കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കൂട്ടേണ്ടിവന്നതിനാൽ, ഓട്ടോചാർജിലെ ലാഭം പലചരക്കുകടക്കാരന്റെ പെട്ടിയിലേക്ക് എന്ന അവസ്ഥയാകുകയും ചെയ്തു.

മേൽപ്പറഞ്ഞ ചെറിയ പ്രശ്നങ്ങൾ ക്ഷമിക്കാമെന്നു വെച്ചെങ്കിലും ഒരു പ്രതിസന്ധി ഞങ്ങൾ നാലുപേരെയും ഗുരുതരമായി അലട്ടി - അത് മറ്റൊന്നുമല്ല - വെയിൽകൊണ്ടുള്ള നടത്തം സൗന്ദര്യത്തിനേൽപ്പിക്കുന്ന ആഘാതം! ചിന്തു എന്ന സഹമുറിയൻ സ്വന്തമായി വികസിപ്പിച്ചെടുത്ത സിദ്ധാന്തപ്രകാരം നിറമില്ലാത്തവരെയാണ് പൊതുവേ 'വെളുത്തവർ' എന്ന് സമൂഹം വിളിക്കുന്നത്. ആ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചു നോക്കിയാൽ ഞങ്ങൾ നാലുപേരും ദൈവാനുഗ്രഹത്താൽ കുറച്ച് നിറമുള്ളവരായിരുന്നു. തുടർച്ചയായുള്ള നടത്തം നിറം പിന്നേയും കൂട്ടിക്കൊണ്ടിരുന്നു; നിറം ഒരുപാടുകൂട്ടി അഹങ്കാരത്തെ വിളിച്ചുവരുത്താൻ ഞങ്ങൾക്ക് അശേഷം താല്പര്യമില്ലായിരുന്നുവെങ്കിലും.

'നമുക്ക് പണമില്ലെങ്കിലെന്താ, ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെങ്കിലെന്താ  സൗന്ദര്യം മതിയല്ലോ' എന്ന 40 വാട്‍സ് ട്യൂബ് ലൈറ്റിന്റെ പ്രഭ ചൊരിഞ്ഞിരുന്ന ആത്മവിശ്വാസം (ആത്മപ്രശംസ എന്ന് അസൂയക്കാർ പറയും) പതുക്കെ സീറോ വാട്‍സ് ബൾബിന്റെ മങ്ങിയ വെളിച്ചത്തിലേക്കു മാറിത്തുടങ്ങി. ആട്ടോക്കു പോകാനുള്ള കാശ് സംഘടിപ്പിച്ചേ പറ്റൂ, അതല്ലാതെ വേറെ നിവൃത്തിയില്ല എന്ന അവസ്ഥയായതുകൊണ്ട് ഒരു ദിവസം ഉച്ചമയക്കത്തിനുശേഷം,  അഫ്‌ഗാനിസ്ഥാനിൽ ബോംബിടണോ എന്ന് ഒബാമ ആലോചിക്കുന്നതിനേക്കാൾ ഗൗരവത്തോടെ എല്ലാവരുംകൂടി കൂലങ്കുഷമായി ചിന്തിച്ചു. ചിന്തക്ക് കരുത്തു പകരാൻ മിക്സ്ചർ, ബിസ്‌കറ്റ്, കട്ടൻകാപ്പി എന്നിവ വിശ്രമമില്ലാതെ ആമാശയത്തിലേക്കു ചാടി ആത്മഹത്യ ചെയ്യുകയും അവയുടെ ആത്മാവ് തലച്ചോറിലേക്ക് സഞ്ചരിച്ചു ആശയങ്ങളായി വായിലൂടെ പുനർജനിക്കുകയും ചെയ്തു.

'നമുക്ക് കോഴ്സ് നിർത്തി നാട്ടിൽപോയാലോ?' എന്നമട്ടിലുള്ള ഉഗ്രൻ ആശയങ്ങൾക്ക് ആദ്യം നല്ല പിന്തുണ ലഭിച്ചെങ്കിലും ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ച ഭാരതത്തിന്റെ ഭാവിവാഗ്ദാനങ്ങളായ നാലുപേരുടെ കാല് വീട്ടുകാർ ഒരേസമയത്ത് തല്ലിയൊടിച്ചു എന്ന അപൂർവ റെക്കോർഡിനുടമകളാകേണ്ട എന്ന് കരുതി ആ ആശയത്തെ തൽക്കാലത്തേക്ക് എടുത്തു പെട്ടിയിൽവെച്ചു. അല്ലെങ്കിലും ഒരു രണ്ടോ മൂന്നോ മാസം കൂടി കഴിഞ്ഞാൽ സ്ഥിരമായി  നാട്ടിലോട്ടുതന്നെയല്ലേ തിരിച്ചു പോകാനിരിക്കുന്നത് എന്ന യാഥാർത്ഥ്യം പല്ലിളിച്ചുകാട്ടി സമാധാനിപ്പിച്ചു.

"നമുക്കൊരു പാർട് ടൈം ജോലിക്കു പോയാലോ?"

പെട്ടെന്നാണ് ഉസൈൻബോൾട്ടിന്റെ ഓട്ടംപോലെ ഈയൊരു സാധ്യത മറ്റെല്ലാ സാധ്യതകളേയും ബഹുദൂരം പിന്നിലേക്കു തള്ളി ഒന്നാമനായത്. പണിക്കുപോകാനോ, അതും നമ്മൾ? എന്ന ആശങ്ക അൽപ്പം ദഹനക്കേട് സൃഷ്ടിച്ചെങ്കിലും, മൂന്നോ നാലോ മണിക്കൂർമാത്രം ജോലി ചെയ്താൽ കൈ നിറയെ പണം, വെയിൽ കൊള്ളാതെ എന്നും ഓട്ടോയിൽ പോകാനുള്ള അവസരം എന്നീ സാദ്ധ്യതകളുടെ ആകർഷണം എല്ലാവരെയും ഈ തീരുമാനത്തിൽത്തന്നെ കൊണ്ടുചെന്നെത്തിച്ചു.

തീരുമാനത്തോളം എളുപ്പമായിരുന്നില്ല മുന്നോട്ടുള്ള കാര്യങ്ങൾ. റെസ്യുമേ, സെൽഫ് ഇൻട്രൊഡക്ഷൻ അങ്ങനെ കടിച്ചാൽപൊട്ടാത്ത ഒരുപാട് കടമ്പകൾ. ഇന്റർനെറ്റ് കഫെയിൽ നിന്നുകിട്ടിയ ഫോർമാറ്റിൽ റെസ്യൂമെയും, ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർക്കാവുന്ന ഒരു സെൽഫ് ഇൻട്രൊഡക്ഷനും ഒരുവിധം ഒപ്പിച്ചു.

നാലു പേരുടെയും റെസ്യൂമെ ഒറ്റപ്രസവത്തിൽ പിറന്ന രണ്ടുജോഡി ഇരട്ടക്കുട്ടികളെപ്പോലെ തോന്നിച്ചെങ്കിലും 'കവിളിൽ മറുകുള്ളവൻ അച്ചു' എന്നുപറയുന്നപോലെ റെസ്യൂമേയുടെ തുടക്കത്തിലെ ഞങ്ങളുടെ 'പേര്' മാത്രം മാറ്റമുണ്ടായിരുന്നു. അത് ഭാഗ്യമായി ഇല്ലെങ്കിൽ റെസ്യൂമെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾക്കുതന്നെ മാറിപ്പോയേനെ.

കൂട്ടത്തിൽ ഉത്സാഹിയായ ചിന്തു ദിവസേന പത്രം അരിച്ചുപെറുക്കി ഇന്റർവ്യൂവിനു പോകാനുള്ള സ്ഥലങ്ങൾ നോക്കിവെക്കാൻ തുടങ്ങി. മണിച്ചിത്രത്താഴ്, ചിത്രം, വന്ദനം തുടങ്ങിയ നല്ല സിനിമകൾ ടി വിയിൽ ഉള്ള ദിവസം ഇന്റർവ്യൂവിന് പോകണ്ട എന്ന ശ്രീജിത്തിന്റെ സ്വകാര്യബിൽ ലോക്‌സഭ വോട്ടിനിട്ട് തള്ളി.  

ഗണപതിക്കുടച്ച തേങ്ങകളെല്ലാം കാക്കകൾ കൊണ്ടുപോയ്‌ക്കൊണ്ടിരുന്നു. ഒന്നുകിൽ കന്നഡഭാഷ അറിയാത്തതുകൊണ്ട് അല്ലെങ്കിൽ പ്രവൃത്തിപരിചയം ഇല്ലാത്തതുകൊണ്ട് അതുമല്ലെങ്കിൽ ജോലിസമയത്തിന്റെ പ്രശ്‍നംകൊണ്ട് ഇന്റർവ്യൂകളിൽ ഒന്നിൽപോലും ഞങ്ങൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചതേയില്ല. അങ്ങനെയിരിക്കുമ്പോളാണ് ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ജോലിയുടെ ഏകദേശ വിവരണം താഴെ

സംഭവം : മക്‌ഡൊണാൾഡ്‌സ് (ആഗോളകുത്തക....ഹും...പോട്ടെ )
സ്ഥലം : കോറമംഗല (കുഴപ്പമില്ല)
തസ്‌തിക : ഫ്ലോർ സൂപ്പർവൈസർ (കേൾക്കാനൊരു സ്റ്റൈലുണ്ട്)

യോഗ്യതകൾ 
1 . ഇംഗ്ലീഷ് പരിജ്ഞാനം
(ഹൗ ഫാർ ഈസ് മയാമി ബീച്ച് ഫ്രം വാഷിംഗ്‌ടൺ ഡി സി...കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്... അതല്ലേ....ഇതൊക്കെ ചെറീത്...)

2 . ആകർഷകമായ വ്യക്തിത്വം  (അതല്ലേ ഉള്ളൂ നമ്മുടെ കൈയിൽ...)

3 . ജോലി ചെയ്യാനുള്ള സന്നദ്ധത (ഒട്ടുമില്ല...പിന്നെ നിവൃത്തിയില്ലാത്തോണ്ട് ശ്രമിക്കാം..)

മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല എന്ന് തീരുമാനമായി. അതിൻപ്രകാരം ഒരുദിവസം ഉച്ചക്ക് ക്ലാസ് കഴിഞ്ഞു നേരെ കോറമംഗലക്ക് വച്ചുപിടിച്ചു. സംഭവം വിചാരിച്ചപോലല്ല, മക്‌ഡൊണാൾഡ്‌സ് കാണാൻ നല്ല ലുക്കൊക്കെയുണ്ട്. അകത്തേക്ക് കയറിയപ്പോളാകട്ടെ നല്ല 'പൊരിച്ച കോയീന്റെ മണം....'.

കൗണ്ടറിലിരുന്ന ചേച്ചി നാലാളെയും നേരെ മാനേജരുടെ മുറിയിലെത്തിച്ചു. എണ്ണയിലേക്കിടാൻ  തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജികളെപ്പോലെ, കറങ്ങുന്ന കസേരയിൽ നട്ടെല്ലുവളക്കാതെ തലയുയർത്തി നാലുപേരും മാനേജരെയും കാത്തിരിപ്പായി. ഏതാണ്ട് പത്തുനിമിഷം കഴിഞ്ഞപ്പോൾ മാനേജർ പ്രത്യക്ഷപ്പെട്ടു. ജോസ് പ്രകാശ് മുതൽ റിസബാവ വരെയുള്ള പലരേയും മാനേജർ സ്ഥാനത്ത് മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ടിരുന്നെങ്കിലും വന്നത് ഇന്ദ്രൻസിനെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതിയോടു കൂടിയ ഒരു പാവം മനുഷ്യനാണ്.

മൂന്നര മണിയോടടുത്ത ആ നേരത്ത് 'ഗുഡ് മോർണിംഗ്....സോറി....ഗുഡ് ആഫ്റ്റർനൂൺ...സോറി....ഗുഡ് ഈവനിംഗ്' എന്നിങ്ങനെ മൂന്നും ഒന്നിനുപിന്നാലെ ഒന്നായി പറഞ്ഞുകൊണ്ട് മാനേജരെ ആദ്യം തന്നെ ഒന്ന് ഞെട്ടിച്ചു. ഞെട്ടൽ പൂർണമാകുന്നതിനു മുൻപേ ആദ്യം കൊടുക്കുന്ന ആൾക്ക് സമ്മാനമുണ്ടോയെന്നു സംശയം ജനിപ്പിക്കുംവിധം തിക്കിത്തിരക്കി ഒരേപോലുള്ള നാല് റെസ്യൂമേകൾ മേശപ്പുറത്തുവച്ചു ഒന്നുകൂടി ഞെട്ടിച്ചു. ഇങ്ങനെ തുടർച്ചയായി ഞെട്ടിയാൽ ഒരുപക്ഷേ തനിക്കെന്തുകൊണ്ട് ഈ ചെറുപ്രായത്തിലേ ഹൃദയാഘാതം വന്നുവെന്നാലോചിച്ച് തന്റെ വീട്ടുകാർ ഞെട്ടേണ്ടിവരും എന്ന് മനസ്സിലാക്കിയ ആ മാനേജർ നാലാളെയും അൽപ്പം മാറ്റിയിരുത്തി.

ആദ്യമായി ജോലിയെപ്പറ്റി മാനേജർ വിശദീകരിച്ചു. അത് തർജ്ജമചെയ്താൽ ഇപ്രകാരമാണ് - ഞങ്ങൾ നിങ്ങളെ പണിയെടുപ്പിച്ചുകൊല്ലും, കണ്ടതെല്ലാം വെട്ടിവിഴുങ്ങാമെന്നു കരുതേണ്ട, തറ തുടക്കുന്നതും, മേശ വൃത്തിയാക്കുന്നതും അടക്കമുള്ള ജോലികൾ ശരിയായി ചെയ്യുന്നുണ്ടോ എന്ന് ഇടക്കിടക്ക് നോക്കണം, അഥവാ അതിന് ഉത്തരവാദിത്വപ്പെട്ടവർ അത് ശരിയായി ചെയ്തിട്ടില്ലെങ്കിൽ മുന്നിട്ടിറങ്ങി അത് ചെയ്യാൻ ഒരു മടിയും വിചാരിക്കേണ്ട, എന്തെങ്കിലും കുഴപ്പം കണ്ടാൽ ശമ്പളം കട്ട് ചെയ്യും, ചിലപ്പോൾ കടയിൽ വരുന്നവർ അച്ഛനും അമ്മക്കും വരെ വിളിക്കുമ്പോൾ ചിരിച്ചുകൊണ്ട് അതെങ്ങനെ കേൾക്കാമെന്നും എന്ത് മറുപടി പറയണമെന്നുമുള്ള കാര്യങ്ങൾ കമ്പനി പഠിപ്പിച്ചുതരും. നന്നായി ജോലി ചെയ്താൽ പ്രമോഷൻ (?) കിട്ടാൻ സാധ്യതയുണ്ട്, എന്തായാലും ഇന്റർവ്യൂ കഴിഞ്ഞേ നിങ്ങളെ എടുത്തോ ഇല്ലയോ എന്ന് പറയാനൊക്കൂ - ഇത്രയും കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ തലയിൽനിന്ന് ഒരു ഡസൻ കിളികൾ ഒരുമിച്ചു പറക്കുകയും മുറിക്കു വലിപ്പം കുറവായതിനാൽ പരസ്പരം കൂട്ടിയിടിച്ചു ഒന്നുരണ്ടെണ്ണം താഴെ വീഴുകയും ചെയ്തു.

ഇന്റർവ്യൂ അങ്ങനെ ആരംഭിച്ചു. മാനേജർ പറയുന്ന വിഷയത്തെപ്പറ്റി അഞ്ചുമിനിറ്റ് സംസാരിക്കണം ആകെ അത്രയേ ഉള്ളൂ ഇന്റർവ്യൂ.

ആദ്യത്തെ നറുക്കു വീണവന് കിട്ടിയ വിഷയം 'ഓണം' - 'ഓണം ഈസ് കേരളാസ് മെയിൻ ഫെസ്റ്റിവൽ' എന്ന് തുടങ്ങി കോമ്പോസിഷനിൽ പഠിച്ചത് മൊത്തം എടുത്തു അവൻ മിന്നിച്ചു.

അടുത്തവന് കിട്ടിയത് 'ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് ഓഫ് കേരള' - അവനും മോശമാക്കിയില്ല; കോവളത്തുനിന്നു തുടങ്ങി കുമരകം എത്തിയപ്പോളേക്കും മാനേജർ നിർബന്ധിച്ച് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യിച്ചു. ഇല്ലെങ്കിൽ അതിരപ്പിള്ളിയൊക്കെ എത്തുമ്പോളേക്കും നേരം വെളുത്തേനെ.

ഇവന്മാരുടെ പ്രകടനം കണ്ടിരുന്ന എന്റെ ഹൃദയം 100-120 വേഗതയിൽ ഇടിച്ചുകൊണ്ടിരുന്നു - വേറൊന്നുംകൊണ്ടല്ല; അറിയാവുന്ന വിഷയങ്ങളൊക്കെ ഓരോന്നായി തീർന്നുവരുന്നു. ഇനി എനിക്കെങ്ങാൻ 'ഗാട്ട് കരാറും ഇന്ത്യൻ കർഷകരും' പോലുള്ള വല്ല കടുകട്ടി വിഷയവും കിട്ടുമോ എന്നുകരുതി.

എന്തായാലും ദൈവം കരുണയുള്ളവനായിരുന്നു എനിക്ക് കിട്ടിയത് 'പ്രോഗ്രസ്സ് ഓഫ് കേരള' എന്ന വിഷയമായിരുന്നു. 100% സാക്ഷരത, ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങി അറിയാവുന്ന എല്ലാ വാക്കുകളും കൂട്ടിച്ചേർത്ത് അഞ്ചുമിനിറ്റ് മാനേജരെ പുളകം കൊള്ളിച്ചു.

പറയാൻ വിട്ടുപോയി - ഇതിനിടയിൽ നാല് ഗ്ലാസ് കൊക്കകോളയും ബണ്ണിന്റെ നടുവിൽ എന്തൊക്കെയോ കുത്തിക്കേറ്റിയ പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു സാധനവും (അതിന്റെ പേര് ബർഗർ എന്നാണെന്ന് പിന്നീട് മനസ്സിലായി) വരികയും, വന്നതിലും വേഗത്തിൽ അപ്രത്യക്ഷമാകുകയും ചെയ്തു.

അങ്ങനെ മൂന്നുപേരുടെ പ്രകടനങ്ങൾ കണ്ട് ത്രസിച്ചിരുന്ന നാലാമന്റെ ഊഴമായി. തൊണ്ട ശരിയാക്കി, കാതുകൂർപ്പിച്ചു മുന്നോട്ടാഞ്ഞിരുന്ന അദ്ദേഹത്തിന് ലഭിച്ച വിഷയം 'റിവേഴ്‌സ് ഓഫ് കേരള' - കേട്ടിരുന്ന ഞങ്ങളും ഒന്നാശ്വസിച്ചു. 44 നദികളിൽ ഒന്നോ രണ്ടോ എണ്ണത്തിനെപ്പറ്റി പറയുമ്പോളേക്കും തന്നെ അഞ്ചുമിനിറ്റ് തീർന്നോളും.

അവനും ആശ്വാസം. 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം' എന്നമട്ടിലാണ് ഇരുപ്പ്. സംസാരം കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി, പൂട്ടിപ്പോയ പല ഫാക്ടറികളിലേക്കുവരെ സഞ്ചരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയക്കാരെപ്പോലെ ബന്ധമില്ലാത്ത വിഷയങ്ങളെല്ലാം ആമുഖമായിപ്പറഞ്ഞ് പതുക്കെ 'നദി'കളിലേക്കു വരാനുള്ള ഒരു സൈക്കോളജിക്കൽ മൂവായിരിക്കും എന്നാദ്യം കരുതിയെങ്കിലും നദികളെപ്പറ്റി ഒരക്ഷരം മിണ്ടാതെ അവന്റെ സംസാരം തുടർന്നപ്പോൾ എന്തോ ഒരു വശപ്പിശക് ഫീൽ ചെയ്തു. ഇനിയൊരുപക്ഷേ ഞാൻ കേട്ടത്  തെറ്റിപ്പോയതായിരിക്കുമോ എന്ന സംശയത്തിൽ ബാക്കിയുള്ള രണ്ടുപേരെ ഞാനൊന്ന് നോക്കി; അവരെന്നെയും നോക്കി. നാൽപ്പതുപേരും ശിഷ്യന്മാരുമില്ലാത്തതുകൊണ്ടു ഞങ്ങൾ പരസ്പരം ഒന്നുകൂടിനോക്കി അഡ്ജസ്റ്റ് ചെയ്തു. മാനേജരാണെങ്കിൽ അവനെ പ്രോത്സാഹിപ്പിച്ച് കൂടുതൽ സംസാരിപ്പിക്കുന്നുമുണ്ട്. അതോടെ ഒരുകാര്യം ഉറപ്പായി. ഞങ്ങൾ മൂന്നാൾക്കും ജോലികിട്ടില്ല; നാലാമന് ജോലിയുടെ കാര്യം ഏകദേശം തീർച്ചയായി.

അരമണിക്കൂർ പുറത്ത് കാത്തിരുന്നാൽ ഫലം കൈയോടെ അറിയാം. ഞങ്ങൾ മൂന്നുപേർ എന്തായാലും ജോലി കിട്ടില്ലെന്നുറപ്പായതുകൊണ്ട് നിരാശ പുറത്തുകാട്ടാതെ  'അല്ലെങ്കിലും ഈ എച്ചിലെടുക്കുന്ന ജോലിയൊന്നും ഞങ്ങൾക്ക് പറ്റിയതല്ലെന്ന്' പ്രഖ്യാപിക്കുകയും നാലാമൻ ' 7000-8000 രൂപയൊക്കെ ഒരുമാസം കിട്ടിയാൽ അടിച്ചുപൊളിക്കാമല്ലേ എന്ന ചോദ്യത്തോടെ അതേ നിരാശയുടെ മുറിവിൽ ഒരുകിലോ മുളകുപൊടി വാരിയെറിയുകയും ചെയ്തു.

റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻവന്നവരുടെ  മേശപ്പുറത്ത് ഒരുപാട് കോഴിക്കാലുകൾ അമിതവണ്ണത്തോടെ വരുകയും, സ്ലിം ബ്യൂട്ടികളായി തിരിച്ചുപോകുകയും ചെയ്തുകൊണ്ടിരുന്നു. ഉറപ്പായും അതിലൊരു വലിയവിഭാഗം ആളുകൾ 'ആരുടെ കൊതിപറ്റിയതാണോ ആവോ' എന്ന ആത്മഗതത്തോടെ പിറ്റേദിവസം സിക്ക്‌ലീവ് എടുത്തുകാണുമെന്നുറപ്പ്.

ഒടുവിൽ ആ ശുഭമുഹൂർത്തം വന്നെത്തി; വീണ്ടും അതേ മുറിയിൽ അതേ മാനേജരുടെ മുന്നിൽ. വിധി ഇപ്രകാരം - നാലാമനൊഴികെ എല്ലാവരും ഇന്റർവ്യൂ പാസ്സായി. താല്പര്യമുണ്ടെങ്കിൽ നാളെത്തന്നെ സർട്ടിഫിക്കറ്റ് കൊണ്ടുചെന്നു ജോയിൻ ചെയ്യാം. ഞങ്ങൾ മൂന്നുപേരും തലയിൽ ലൈറ്റ് കത്തുന്ന സ്പീഡനുസരിച്ച് ഇടവിട്ടിടവിട്ട് ഞെട്ടി. നാലാമനാകട്ടെ, പവർകട്ട് സമയത്ത് കറന്റ് കമ്പിയിൽ വെറുതേ കാറ്റുകൊണ്ടിരിക്കുമ്പോ പെട്ടെന്ന് 11 KV കറന്റ് ഒന്ന് കടന്നുപോയ കാക്കയുടെ അവസ്ഥയിലും.

"എനിക്ക് അയാൾ എന്തോ കാരണംകൊണ്ട് പണി തന്നതാടാ",

"നിങ്ങളും കേട്ടതല്ലേ....സംസാരിച്ചപ്പോൾ ഞാൻ പൊരിച്ചതല്ലേ?"

"ആ പൊട്ടന് ഇംഗ്ലീഷറിയാത്തതുകൊണ്ടായിരിക്കും"

എന്നിങ്ങനെയുള്ള ഡയലോഗുകൾ കൊണ്ട് നാലാമൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ,

"ആ...സാലറിയൊക്കെ കിട്ടീട്ടു വേണം ഒരു മൊബൈലും, ബൈക്കുമൊക്കെ വാങ്ങാൻ" എന്ന കോർണർകിക്കിലൂടെ  നേരത്തെ വാങ്ങിക്കൂട്ടിയ ഗോൾ മൂവരും ചേർന്ന് തിരിച്ചടിച്ചു. അങ്ങനെ മത്സരം സമനിലയിൽ കലാശിച്ചു.

രാത്രി വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ വിഡ്ഢിത്തമാണെന്നു തോന്നിയാലും സാരമില്ല, സംശയം തീർത്തേക്കാം എന്നുകരുതി ഞങ്ങൾ നാലാമനോട് ചോദിച്ചു എന്തുകൊണ്ടാണ് വിഷയം 'റിവേഴ്‌സ് ഓഫ് കേരള' ആയിട്ട് നദികളെപ്പറ്റി സംസാരിക്കാഞ്ഞതെന്ന്.

അപ്പോളാണ് അവൻ ആ വിശ്വവിഖ്യാതമായ മറുപടി തന്നത്. റിവേഴ്‌സ് (Reverse) ഓഫ് കേരളയെപ്പറ്റി സംസാരിക്കാൻ പറഞ്ഞാൽ എന്തിനാടാ പൊട്ടന്മാരേ നദികളെ (Rivers) കുറിച്ച് സംസാരിക്കുന്നതെന്ന്!!!!

ഒരുപാട് മണിക്കൂറുകളായി അലട്ടിയ ആ സമസ്യക്ക് അങ്ങനെ പരിഹാരമായി. വെറുതെയല്ല പെരിയാറിനും ഭാരതപ്പുഴക്കുമെല്ലാം പകരം  കേരളത്തെ റിവേഴ്‌സ് ഗിയറിൽ കയറ്റിയ അനാവശ്യ രാഷ്ട്രീയവും, കമ്പനികളുടെ ലോക്ക് ഔട്ടും മുതൽ ഹർത്താൽ വരെ അവനെടുത്ത് വാരിവിതറിയത്.

എന്തായാലും ഞങ്ങൾ ഒന്നും തിരുത്താൻപോയില്ല.

ബ്രിട്ടീഷ് അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും ബാക്കിപത്രമാണ് ഇംഗ്ലീഷ് എന്ന് ഞങ്ങൾക്കറിയാം..

അല്ലെങ്കിലും രണ്ടുവാക്കുകൾ ഒരേപോലെ ഉച്ചരിക്കുന്ന ഈ വൃത്തികെട്ട ഭാഷ നമ്മളെന്തിനാണ് പഠിക്കുന്നത്....

ഇംഗ്ലീഷ് വിദ്യാഭ്യാസം നിർബന്ധമാക്കിയ മെക്കാളെ പോയി തുലയട്ടെ!

*******************************************************************************************************

പിൻകുറിപ്പ്:-

"ജോലി ....

അറിയുംതോറും അകലംകൂടുന്ന മഹാസാഗരം... പിന്നെയും അലഞ്ഞിട്ടുണ്ട് അതുതേടി.

വെറുതേ വീട്ടിലെ പായയിൽ ഈച്ചയാട്ടിക്കിടക്കുന്നവന് ഇടക്കൊരു വെളിപാടുണ്ടാകുന്നു....

എന്താ? നേരെ  ഓരോ കമ്പനികളിലേക്ക്  വെച്ച് പിടിക്കാൻ..

എന്തിനാ? പണി വല്ലതും കിട്ടുമോ എന്നന്വേഷിക്കാൻ.....

ഇന്റർവ്യൂവിനെപ്പറ്റി അറിയാൻ എല്ലായ്‌പ്പോഴും ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ.. ഉസ്താദ് HR ഖാൻ..

ആവശ്യമറിയിച്ചു - ദക്ഷിണ വെക്കാൻ പറഞ്ഞു. ജോലി തെണ്ടുന്നവന്റെ ഓട്ടകീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല....

ഇന്റർവ്യൂവിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച ഗൂഗിളിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഇംഗ്ലീഷിൽ ഒരു സെൽഫ് ഇൻട്രൊഡക്ഷൻ അങ്ങട്ട് അലക്കി...

പലപ്പോളും പറഞ്ഞു മുഴുമിക്കാൻ വിട്ടില്ല....നേരെ ഇന്റർവ്യൂ നടക്കുന്ന റൂമിലേക്ക്  കയറ്റിയങ്ങുവിട്ടു .......HR ഫ്‌ളാറ്റ്.....

പിന്നെ ബാഗിൽ റെസ്യൂമെയും വായിൽ സെൽഫ് ഇൻട്രൊഡക്ഷനുമായി സമയമൊരുപാട്....

ഒടുവിൽ നിധിപോലെ കിട്ടിയ ഒരു അപ്പോയിൻമെന്റ് ലെറ്ററിൽ ഒപ്പു വാരിവലിച്ചിട്ട് ഇതേ നഗരത്തിൽക്കൂടി ഈ യാത്ര തുടരുന്നു........ഇന്നും തീരാത്ത പ്രവാസം....

അല്ലെങ്കിലും......

സഫറോം കി സിന്ദഗി ജോ കഭി നഹി ഖത്തം ഹോ ജാത്തീ ഹേ......! "

Thursday, 7 December 2017

ഒരു ബസ്റ്റോപ് പുരാണം


'പഠനം അഥവാ ഉഴപ്പ്' എന്ന പോസ്റ്റിൽ പറഞ്ഞതുപോലുള്ള ഒരുപാടു ദിവസങ്ങൾ ബസ് പിടിച്ച് കടന്നുപോയി. ഭക്ഷണവും ഉറക്കവും മാത്രം ശരിക്കു നടക്കുന്നുണ്ട്.  സഹമുറിയൻ (പേര് വെളിപ്പെടുത്തുന്നില്ല) രാവിലത്തെ മല്പിടിത്തത്തിലൂടെ പ്രാതൽ ഇനി ഒരു തരിപോലും അകത്തേക്ക് കയറാത്ത വിധത്തിൽ തൊണ്ടവരെ അടിച്ചുകയറ്റിയാണ് ഞങ്ങൾക്കൊപ്പം ക്ളാസ്സിനു വരുന്നത്. ബസ് ഒരു ഗട്ടർ ചാടിയാൽ ഇതെല്ലാംകൂടെ പുറത്തേക്കു വരുമോ എന്നു ഞങ്ങൾ എന്നും ടെൻഷനാകാറുണ്ട്. ഇത്രയുമൊക്കെ ബുദ്ധിമുട്ടിയതിന്റെ അഹങ്കാരം ലവലേശമില്ലാതെ ക്ലാസ്സിൽ കയറുന്നതിനു മുൻപായി 'ലൈറ്റ്' ആയി രണ്ട് ഉഴുന്നുവട കൂടി അകത്താക്കി, അത് ആമാശയത്തിൽ എത്തുമെന്നുറപ്പാക്കാൻ ഒരു കാപ്പി കൊണ്ട് കുതിർക്കുക എന്നത് അദ്ദേഹം ഒരു ദിനചര്യയാക്കി മാറ്റി. ഇപ്രകാരം തൊഴിൽ നിയമങ്ങൾ എല്ലാംതന്നെ കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തം വയറിനെ വിശ്രമിയ്ക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കുന്ന ആ പ്രകടനം കാണുന്ന ഞങ്ങളാകട്ടെ, LED ടിവിയെപ്പോലും നാണിപ്പിക്കുംവിധം 'ഫ്ലാറ്റ്' ആയ സ്വന്തം വയറിലേക്കുനോക്കി നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരുന്നു.  അല്ലെങ്കിലും ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ!

ഫീസ് കൊടുത്ത കാശാണെങ്കിൽ  ഭണ്ഡാരത്തിൽ ഇട്ടതുപോലെ - ഒരു രൂപ പോലും തിരിച്ചെടുക്കാൻ ഓപ്ഷൻ നഹി ഹേ. അങ്ങനെ ആകെമൊത്തംടോട്ടൽ ബോറടിച്ച്, കൈയിൽ കാശുമില്ലാതെ ബാംഗ്ലൂരിന് ഭാരമായി നടക്കുന്ന കാലം. ഒരു ദിവസം ക്ലാസ് കഴിഞ്ഞ്, 'മിനിമം ബാലൻസ്' നിയമം എങ്ങാനും ബാങ്ക് പരിഷ്കരിച്ചിരിക്കുമോ, ആരെങ്കിലും തെറ്റായി നമ്മുടെ അക്കൗണ്ടിൽ കാശ് ഇട്ടുകാണുമോ എന്നെല്ലാം അറിയാമെന്നു കരുതി, ഞാൻ നേരെ ATM കൗണ്ടറിലേക്കു പോയി. സഹമുറിയർ മൂന്നുപേരും ആസ് യൂഷ്വൽ പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ബസ്റ്റോപ്പിലെ ഗ്രാനൈറ്റ് ബെഞ്ചിലും പുറകിലുള്ള അരമതിലിലുമായി ഉപവിഷ്ടരായി.

അക്കൗണ്ടിൽ പണമില്ലാത്തവന് ATM കാർഡിട്ടാൽ പണം ലഭിക്കില്ല എന്ന കൊളോണിയൽ രീതികളെ തച്ചുടക്കാൻ ഒരു നക്സലൈറ്റായി മാറണോ, അതോ വല്ല പാർട്ടൈം ജോലിക്കുപോയി ഈ നവലിബറൽ ആശയങ്ങളോട് സമരസപ്പെടണോ എന്നുള്ള ചിന്താഭാരവുമായി ATM കൗണ്ടറിൽനിന്ന് തിരിച്ചു നടന്നുകൊണ്ടിരുന്ന എന്റെ കണ്ണ് അകലെനിന്നേ ബസ്റ്റോപ്പിലെ ഒരു കാഴ്ചയിലുടക്കി - മറ്റൊന്നുമല്ല ഒരു സുന്ദരമായ മുഖം. അമ്പെയ്യാൻ പോകുമ്പോൾ പക്ഷിയുടെ കണ്ണുമാത്രം കണ്ട അർജുനനെ വരെ തോൽപ്പിക്കുന്ന ഏകാഗ്രതയോടെ ആ മുഖം മാത്രം ലക്ഷ്യമാക്കി നടത്തിന് വേഗം കൂട്ടി. സ്റ്റോപ്പ് എത്തിയപ്പോളാണ് ശ്രദ്ധിച്ചത് കൂട്ടുകാർ മൂന്നുപേർ പിന്നിലെ മതിലിൽ തന്നെ ഇരിക്കുന്നുണ്ടെന്നും അവരുടെ കണ്ണുകൾ മറ്റെങ്ങുമല്ലെന്നും. അത് അവളായിരുന്നു - 'നമ്മൾ' സിനിമയിലെ നായിക രേണുക മേനോൻ! പണ്ട് 'നിറം' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഞാൻ പഠിച്ച കോളേജിൽ വെച്ച് ശാലിനിയെ നേരിൽ കണ്ടതിൽപിന്നെ ഒരു നടിയെപ്പോലും ഇത്ര അടുത്ത് കണ്ടിട്ടില്ല. ആശ്ചര്യത്താൽ (ആക്രാന്തം എന്ന വാക്ക് അന്ന് നിഘണ്ടുവിൽ ഇല്ല) തുറന്ന വായ, വീടില്ലാത്ത ഈച്ചകൾ ഹൗസിംഗ് കോളനി കെട്ടാനുള്ള സ്ഥലമായി തെറ്റിദ്ധരിക്കണ്ട എന്ന് കരുതി അടച്ചുവെച്ചു.

'വാടാ നമുക്കുപോയി പരിചയപ്പെടാം' എന്നു പറഞ്ഞിട്ട് മൂന്നുപേർക്കും ഒരു താല്പര്യവും ഇല്ലാത്തപോലെ. ആകെ വരുന്ന മറുപടി 'അവൾക്കു ഭയങ്കര പോസാ നമ്മൾ നാണം കെടാൻ നിൽക്കണ്ട' എന്നാണ്. ഈ പറഞ്ഞ നാണം എന്ന സാധനം മരുന്നിനുപോലും കൈയിൽ ഇല്ലാത്തതുകൊണ്ട് വരുന്നതുവരട്ടെ എന്തായാലും ഒന്നു ശ്രമിച്ചുനോക്കാം എന്ന് ഞാനും കരുതി. ഇനി അഥവാ സംഗതി ഏറ്റില്ലെങ്കിലും ഉള്ള ചീത്തപ്പേര് പോകാതെ സൂക്ഷിച്ചു എന്ന് അഭിമാനിക്കാമല്ലോ!

അർജുനൻ, ഫൽഗുനൻ, പാർത്ഥൻ എന്നീ ബ്രദേഴ്സിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, പെണ്ണുകാണാൻ വന്ന ചെക്കനോട് വീട്ടുകാരുടെ നിർബന്ധം സഹിക്കാതെ പെൺകുട്ടി എന്തെങ്കിലും ചോദിക്കുന്നപോലെ ഞാനും ചോദിച്ചു ഒരു സിമ്പിളായ ചോദ്യം - "രേണുകാമേനോൻ അല്ലേ?". ഉത്തരമൊന്നും വരാത്തതുകൊണ്ട് ആ ചോദ്യം ആവർത്തിച്ചത് കൂടാതെ, ഗുണ്ടിനു പിന്നാലെ മാലപ്പടക്കം എന്ന കണക്കിൽ കുറച്ചു ഉപചോദ്യങ്ങളുംഫിറ്റ് ചെയ്തു. രേണുക നിശബ്ദയായിരിക്കുന്ന ഓരോ സെക്കന്റിലും, 5 കശ്‌മലർ ചേർന്ന് എന്നെ കളിയാക്കികൊല്ലുന്ന ആക്ഷൻ സിനിമ മനസ്സിന്റെ 70mm സ്‌ക്രീനിൽ ഓടിക്കൊണ്ടിരുന്നു. ഒടുക്കം, തലക്കുചുറ്റും തുടർച്ചയായി മൂളിപ്പറന്ന കൊതുകിനെ എങ്ങനെയെങ്കിലും ഓടിക്കണമല്ലോ എന്ന ഭാവത്തെ അനുസ്മരിപ്പിക്കുംവിധം ഉത്തരം വന്നു "അതെ". സൂചി കയറ്റാൻ ഇടം നോക്കിയിരുന്നവന് ആനന്ദലബ്ധിക്കിനിയെന്തുവേണം? 'എവിടേക്കാ, എന്താ ഇവിടെ, ഷൂട്ടിങ്ങാണോ, എത്രനാൾ ഉണ്ടാകും, പുതിയ പടം ഏതാണ്' എന്നിങ്ങനെ തുരുതുരാ ചോദ്യങ്ങളുമായി കളം നിറഞ്ഞു കളിയ്ക്കാൻ തുടങ്ങി.

ഇതേസമയം രേണുക മേനോൻ ഒരു ചോദ്യം തിരിച്ചു ഇങ്ങോട്ടും ഇട്ടു. "സിനിമാനടി ആയതുകൊണ്ടു മാത്രമല്ലേ നിങ്ങൾ ഇങ്ങനെ കളിയാക്കുന്നത്?". ഞാൻ ഇതുവരെ ചോദിച്ച ഏതു ചോദ്യമാണാവോ കളിയാക്കലായിത്തോന്നിയത് എന്നറിയാതെ, മഗ്രാത്തിന്റെ ബൗൺസർ കൊണ്ട നെഹ്‌റയെപ്പോലെ ഒരു നിമിഷം നിന്നെങ്കിലും, Mr. നിഷ്കളങ്കു ആയി 'ഞാനെപ്പോളാ കളിയാക്കിയത്' എന്ന പോയിന്റിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു. രേണുകയുടെ ചൂണ്ടിയ വിരലിന്റെ തുമ്പത്ത് നോക്കിയപ്പോളാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്! 'നിങ്ങൾ' എന്നത് ബഹുമാനത്തോടെ എന്നെ വിളിച്ചതല്ല, മറിച്ച് എന്റെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചിട്ടുള്ള - അഭിമാനം വിട്ടു കളിക്കരുതെന്ന്  എന്നെ ഉപദേശിച്ച - എന്റെ കൂട്ടുക്കാരെയാണ്  ഉദ്ദേശിച്ചതെന്ന്. അപ്പോൾ അതാണ് കാര്യം, ഞാൻ ഇല്ലാത്ത സമയത്ത് ഇവന്മാർ രേണുകയെ എന്തോ പറഞ്ഞു കളിയാക്കി. വെറുതെയല്ല ഒരുത്തരം കിട്ടാൻ ഞാൻ നിന്ന് വിയർക്കേണ്ടിവന്നത്. ദുഷ്ടന്മാർ! മനസ്സിനുള്ളിൽ ഞാൻ ഒരു 'ഹൾക്' ആയി മാറുകയും രേണുകാമേനോനു വേണ്ടി ഈ അല്പപ്രാണികളെ പലവട്ടം പപ്പടംപോലെ പൊടിക്കുകയും ചെയ്തു. നാക്കിന്റെ ശക്തി അപാരം തന്നെ - ഏതാനും നിമിഷങ്ങളിലെ സംഭാഷണംകൊണ്ടു മലപോലെ വന്നത് എലിപോലെ പോയി. തുടർന്ന് ബസ് വരുന്നതുവരെ ഒരു സിനിമാനടി എന്ന ജാഡ ഒന്നുമില്ലാതെ വളരെ സൗഹൃദത്തോടെ രേണുകാമേനോൻ സംസാരിച്ചു. 'കലാപക്കാതലൻ' എന്ന പുതിയ റിലീസ് എല്ലാവരും കാണണം എന്ന് പറഞ്ഞപ്പോൾ 'ഫ്രീ ടിക്കറ്റ് തരുമോ' എന്ന 100 കോടി വിലയുള്ള ചോദ്യം ചോദിച്ച് ഒരുത്തൻ ഞങ്ങളുടെ നിലവാരത്തിന്റെ അടിത്തറ രേണുകാമേനോന്റെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു.

ആ സംഭവം നടന്നതിന് ശേഷം കുറേദിവസം ജീവിതത്തിൽ ഒരിക്കൽപോലും ഫോണിൽ വിളിക്കാത്ത കൂട്ടുകാരെവരെ വിളിക്കുകയും സംഭാഷണത്തിൽ തികച്ചും യാദൃശ്ചികമായി 'രേണുകാമേനോൻ കഥ'  പറഞ്ഞുപോവുകയും ചെയ്തു. പിന്നീട് എപ്പോളൊക്കെ ഡോംളൂർ വഴി പോകേണ്ടിവന്നപ്പോളും അറിയാതെ നോട്ടം ആ ഗ്രാനൈറ്റ് ബെഞ്ചിലേക്ക് നീളാറുണ്ട്.

വാൽകഷ്ണം: തിരിച്ചു റൂമിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തുവന്നു. തങ്ങൾ ചിരിച്ചപ്പോൾ രേണുകാമേനോൻ തിരിച്ചു ചിരിക്കാത്തതുകൊണ്ടു, പിന്നിലിരുന്നു കളിയാക്കി പ്രതികാരം ചെയ്യുകയായിരുന്നത്രെ നമ്മുടെ നായകർ. കളിയാക്കലിന്റെ ചില സാംപിൾസ് ഇങ്ങനെ - 'ഇവൾക്ക് ഓട്ടോ പിടിച്ചുപോകാൻ കാശില്ലാത്തതുകൊണ്ടാണ് ബസ്റ്റോപ്പിൽ വന്നിരിക്കുന്നത്', 'പാവം ഒരു കന്നഡക്കാരൻ പോലും ഇവളെ തിരിച്ചറിയുന്നില്ല', 'സിനിമ ഒന്നുമില്ലാത്ത നാണക്കേട് നാട്ടിലറിയണ്ട എന്നുകരുതി ബാംഗ്ളൂർ വന്നു നിൽക്കുകയാണ്' - രേണുകയുടെ കയ്യും ഞങ്ങളുടെ കവിളുകളും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടാകാഞ്ഞതിന് ദൈവത്തിനു നന്ദി പറഞ്ഞുപോയി.

Tuesday, 5 December 2017

പഠനം അഥവാ ഉഴപ്പ്


ഡോംലൂർ  - HP, IBM മുതൽ  മൈക്രോസോഫ്ട് വരെ ഓഫീസ് തുറന്നു വെച്ചിട്ടുള്ള സ്ഥലം. അവിടെയാണ് ഒടുക്കം ഞങ്ങൾ നാൽവർ സംഘം എത്തിപ്പെട്ടത്. ഇവിടെ ആകപ്പാടെ സെറ്റപ്പ് തരക്കേടില്ല - ആകെ 10 മണി മുതൽ 12 മണി വരെ മാത്രമേ ക്ലാസ്സുള്ളൂ. രാവിലെ 9 മണിയുടെ നേരിട്ടുള്ള ബസ് പിടിച്ചാൽ 9. 45 ആകുമ്പോളേക്കും അങ്ങെത്താം. 15 മിനുറ്റ്  വായ്നോട്ടവും കഴിഞ്ഞു നേരെ ക്ലാസ്സിൽ കയറാം. ക്ലാസ് കഴിഞ്ഞു ബസ്റ്റോപ്പിൽ ഇരുന്നു നേരം കളഞ്ഞു ആടിപ്പാടി എത്തിയാലും 2 മണിക്കുള്ളിൽ വീട്ടിലെത്താം. ഊണ് കഴിഞ്ഞു സുഖമായി ഉച്ചമയക്കവും നടത്താൻ തടസ്സമില്ല. കാര്യങ്ങളുടെ കിടപ്പു ഇങ്ങനെ ആയതുകൊണ്ട്  കൂടുതൽ ആലോചിച്ചില്ല അഡ്മിഷനും എടുത്തു, കാശും കൊടുത്തു.

ദിവസങ്ങൾ പലതു കഴിഞ്ഞു. ഇസ്തിരിയിട്ട വസ്ത്രങ്ങൾ ധരിച്ചു, പോളിഷ് ചെയ്തു മിനുക്കിയ ഡിസ്‌കൗണ്ട് ഷൂവും (മനസ്സിലായില്ലേ? മജെസ്റ്റിക്കിലെ വില തുച്ഛം ഗുണം മെച്ചം സാധനം തന്നെ) ഇട്ടു, ഒരേപോലത്തെ ബാഗും തൂക്കി 4 പേർ 'അച്ഛൻ പറഞ്ഞു കൊച്ചിക്കു പോകാൻ ഏറ്റത്തിനു അങ്ങോട്ട് ഇറക്കത്തിന് ഇങ്ങോട്ടു' മോഡലിൽ പോയി വരുന്നു എന്നല്ലാതെ, എന്താണ് പഠിപ്പിക്കുന്നത് എന്ന് ഒരൽപ്പംപോലും മനസ്സിലാകുന്നില്ല. ക്ലാസ്സിൽ ആകെ ചെയ്യുന്നത് ഓരോ 5 മിനിട്ടിലും കോട്ടുവായ ഇട്ടു ശ്വാസകോശത്തിൽ ആവശ്യത്തിന് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നു എന്നതാണ്. പലപ്പോളും കോട്ടുവാ മറച്ചുപിടിക്കാൻ ശ്രമിച്ചു മുഖം ജഗതി ശ്രീകുമാർ കാണിച്ചപോലെ പുതിയ രസങ്ങൾ പ്രതിഫലിപ്പിക്കുന്നുമുണ്ട്. മരുന്നിനു പോലും ഒരു പെൺതരി ക്ലാസ്സിൽ ഇല്ല എന്നത് ഉറങ്ങാനുള്ള മറ്റൊരു പ്രചോദനം. എന്തായാലും ഡിഗ്രി കഴിഞ്ഞാൽ പിന്നെ എന്ത് പഠിക്കാൻ പോയാലും അത് വളരെ സീരിയസ് ആയിപഠിക്കും എന്ന പ്രതിജ്ഞയുടെ സ്റ്റാർട്ടിങ് തീയതി ഒരു കൊല്ലംകൂടെ മുന്നോട്ടു നീക്കാൻ തീരുമാനിച്ചു.

പിന്നെ ആകെ ഒരാശ്വാസം രാവിലത്തെ ബസ് യാത്രയാണ്. ദൊഡ്ഡനെകുണ്ടി ഭൂമിയുടെ അറ്റം ആയതുകൊണ്ട് ബസിന്റെ സ്റ്റാർട്ടിങ് പോയിന്റ് നമ്മുടെ സ്റ്റോപ്പ് ആണ്. ബസ് നിർത്തുന്നതിനു മുൻപ് ചാടിക്കയറുക, സ്ത്രീകളുടെ റിസെർവ്‌ഡ്‌ സീറ്റിന്റെ അവസാന വരിയുടെ തൊട്ടുപിന്നിലുള്ള ജനറൽ സീറ്റ് കയ്യടക്കുക, നമുക്ക് ശേഷം ബസിൽ കയറുന്നവരെ പുച്ഛത്തോടെ നോക്കുക, ബാഗിന്റെ ഭാരം കൊണ്ടു വിഷമിക്കുന്ന ചെറുപ്പക്കാരികളുടെ ബാഗ് വാങ്ങിപ്പിടിച്ചു സഹായിക്കുക തുടങ്ങിയ കാൽപ്പനിക കലാരൂപങ്ങളിൽ, നാട്ടിൽനിന്ന് തന്നെ 'ഗപ്പ്‌' വാങ്ങിയിട്ടുള്ളതുകൊണ്ട് ഇവിടെയും മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞു. ഇത്തരം പ്രകടനങ്ങൾ ഇമേജ് വർധിപ്പിക്കുകയും, തൽഫലമായി 'പ്രായം ചെറുപ്പം, ചാപല്യം സഹജം' വകുപ്പിൽപ്പെട്ട ചില കരിമിഴികൾ പതിവുള്ള അപരിചിതഭാവം മാറ്റി പാതി വിരിഞ്ഞ ചില പുഞ്ചിരികളും, ശബ്ദം പുറത്തുവരാതെ ചുണ്ടു മാത്രം അനക്കി ചില 'ഹായ് ' എന്നിവ നൽകുകയും, ബസിൽ കയറിയാൽ കൃത്യമായി നമ്മുടെ സീറ്റിന്റെ മുന്നിലെ സീറ്റിൽ തന്നെ വന്നിരിക്കുകയും ഒക്കെ ചെയ്യാൻ തുടങ്ങി.

ആന്റിക്ലൈമാക്സ്: ഏറ്റവും നന്നായി ചിരിച്ചവൾ സ്ഥലത്തെ പ്രമുഖ റെഡ്‌ഡിയുടെ മകളാണെന്നും അയാളുടെ ശിങ്കിടികളുടെ കൈയിലെ മസിലിന്റെ വലിപ്പം പോലും നമ്മുടെ വിരിഞ്ഞ നെഞ്ചിനു ഇല്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ ബസ്സിലെ സാഹസങ്ങൾ ഒഴിവാക്കുകയും നമ്രശിരസ്കനായി പിന്നിലെ സീറ്റിലേക്ക് മാറുകയും ചെയ്തു. 'പെൺമണിമാരുടെ കരിമിഴി കണ്ടാൽ നെഞ്ചിനകത്തൊരു തരികിടതാളം' എന്ന ലൈനിൽ നിന്ന് 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം' എന്നത് ആസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തി.