Tuesday 2 April 2019

ഒരുവട്ടംകൂടി....


അങ്ങനെ നീണ്ട പതിനാലുവർഷത്തെ ഇടവേള കഴിഞ്ഞ് ഒരിക്കൽക്കൂടി ഒത്തുകൂടി - കേരളവർമ്മയിൽ!

കളികളിൽ ചിലതു കാണാനോ കാണിച്ചുകൊടുക്കാനോ വേണ്ടിയല്ല.

വെറുതേ ആ മരത്തണലുകളിൽ ഒന്നിരിക്കാൻ, ആ വഴികളിലൂടൊന്ന് നടക്കാൻ, ക്ലാസ്റൂമിന്റെ ജനലുകളിൽ നിന്ന് കാലു പുറത്തേക്കിട്ടിരുന്നു കലപില പറഞ്ഞുകൊണ്ടിരിക്കാൻ....

ഒറ്റക്കല്ല വന്നത്. മൂന്നുവർഷം എന്തിനും ഏതിനും കൂടെ നിന്നവർക്കൊപ്പമാണ്.

ഭംഗിയുള്ള കൈപ്പടയിൽ നോട്ട്സ് എഴുതിത്തന്നവർ

റെക്കോർഡിൽ ചിത്രം വരച്ചുതന്നവർ

ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും അഞ്ചും പത്തുമായി പലതവണ കടം തന്നവർ

ക്ലാസ്സിൽ കയറാതെ ഒരുമിച്ച് മുങ്ങിയവർ

പത്തുരൂപക്ക് പെട്രോൾ അടിച്ചേക്കാമെന്നു പറഞ്ഞ് ബൈക്ക് എടുത്തുകൊണ്ടുപോയി കഷ്ടിച്ച് അടുത്ത പെട്രോൾപമ്പ് വരെ മാത്രം പോകാനുള്ള പെട്രോൾ ബാക്കിവെച്ച് യാതൊരു സങ്കോചവുമില്ലാതെ നടന്നുപോയവർ

എല്ലാകൊല്ലത്തേയും പൂരത്തിന് വീട്ടിലേക്ക് സ്നേഹം കലർന്ന നിർബന്ധത്തോടെ കൊണ്ടുപോയവർ

സിനിമ റിലീസ് ആയ ദിവസംതന്നെ ഇടികൂടി ടിക്കറ്റ് എടുത്തുതന്നവർ

കോളേജിൽ അടി നടക്കുമ്പോൾ നൂറു മൈൽ സ്പീഡിൽ കൂടെ ഓടിയവർ

ചെറിയ നേട്ടങ്ങൾക്കുപോലും നിറഞ്ഞ മനസ്സോടെ കൈയടിച്ചവർ

കറി വാങ്ങാൻ പണമില്ലാത്തതുകൊണ്ട് ഒരു പ്ലേറ്റ് പൊറോട്ട പങ്കിട്ടു സാമ്പാറിൽ മുക്കി കഴിച്ചവർ

ജോസേട്ടന്റെ കടയിലെ ഉപ്പുസോഡ പങ്കിട്ടു കുടിച്ചവർ

ഗ്രൗണ്ടിന്റെ മതിലിൽ ഒപ്പമിരുന്ന് കോളേജ് ക്രിക്കറ്റ് ടീമിനുവേണ്ടി ആർപ്പുവിളിച്ചവർ

സ്റ്റഡി ലീവ് സമയത്ത് രാവിലെ നാലുമണിക്കും, അഞ്ചുമണിക്കുമെല്ലാം അലാറമിന് പകരമായി ലാൻഡ്‌ഫോണിലേക്ക് മിസ്സ്ഡ് കോൾ അടിച്ചു ഒടുക്കം വീട്ടുകാരുടെ ചീത്ത കേൾപ്പിച്ചവർ.

ഒരു മടിയുംകൂടാതെ സ്വന്തം ചോറുപാത്രത്തിൽ കയ്യിട്ടുവാരാൻ സമ്മതിച്ചവർ

ടൂർ പോയപ്പോൾ 'എല്ലാവരും എന്നെ പറ്റിക്കുകയാണെന്ന് എനിക്കറിയാം' എന്നുപറഞ്ഞുകൊണ്ടുതന്നെ എൻട്രി ടിക്കറ്റുകൾ എടുത്തുതന്നവർ

പിരിഞ്ഞുപോകുമ്പോൾ ഓട്ടോഗ്രാഫ് ഡയറിയുടെ പേജുകൾ എഴുതിനിറച്ചവർ

അങ്ങനെ ഒരുപാടുപേർ...

കാലം ഒരുപാടു മാറ്റങ്ങൾ വരുത്തി എല്ലാവരിലും!

അവസാനവർഷ പരീക്ഷ കഴിഞ്ഞപ്പോൾ ഡിഗ്രി പാസ്സാകുമോ എന്നുവരെ സംശയമാണ് എന്നുപറഞ്ഞു ആൺകുട്ടികൾക്കൊപ്പം ആകാംക്ഷയിൽ പങ്കുചേർന്ന 'കരിങ്കാലികൾ' പലരും ഇന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ ടീച്ചർമാരാണ്.

കോളേജ് ക്യാന്റീനിൽ നിന്ന് അഞ്ചുരൂപയുടെ ചായ മേടിച്ചുതരാൻപോലും പിശുക്കു പറയാറുള്ളവരാണ് ചോദിച്ചതിൽ കൂടുതൽ പണം ഈ പരിപാടിയുടെ ഫണ്ടിലേക്കു ഒരു മടിയുംകൂടാതെ എടുത്തുതന്നത്

അന്ന് പഷ്ണിക്കോലങ്ങൾ പോലെയിരുന്നവരാണ് ഇന്ന് തടികൂടാതെ കഷ്ടപ്പെട്ടാണ് പിടിച്ചുനിൽക്കുന്നത് എന്നു പറഞ്ഞത്

ലാബിലെ ആ മടുപ്പിക്കുന്ന മണം,  ഓർമ്മകളുടെ സുഗന്ധമായാണ് തോന്നിയത്

കയ്യിൽകിട്ടിയത് എടുത്തു ധരിച്ച്, മുടിപോലും ഒതുക്കിവെക്കാൻ മെനക്കെടാതെ വരാറുള്ള എല്ലാവരും ഇന്ന് നല്ല വസ്ത്രങ്ങളിഞ്ഞ്, സുന്ദരികളും സുന്ദരന്മാരുമായാണ് വന്നത്.

ലാസ്റ്റ് പീരിയഡ് ക്ലാസ്സില്ലെങ്കിൽ വീട്ടിലേക്കോടിയിരുന്നവരാണ് ഇത്തിരിനേരംകൂടി ഇവിടെയിരുന്നിട്ടു പോയാൽപോരേ എന്നു ചോദിച്ചത്

ബസ്റ്റോപ്പിൽ നിന്നു കോളേജിലേക്കും തിരിച്ചും രണ്ടുകിലോമീറ്റർ പൊരിവെയിലത്ത് നടന്നിരുന്ന ഞാനടക്കമുള്ള എല്ലാവരുമാണ് ഓട്ടോ കിട്ടുമോ, അല്ലെങ്കിൽ കാറിൽവന്ന ആരെങ്കിലുമൊന്നു ഡ്രോപ്പ് ചെയ്യണമെന്നു പറഞ്ഞത്

ഞങ്ങൾ മാത്രമല്ല വന്നത്

നേർവഴി കാണിച്ചുതന്ന അദ്ധ്യാപകരിൽ മിക്കവരുമെത്തി

ഒരിക്കൽപ്പോലും പഠിപ്പിച്ചിട്ടില്ലെങ്കിലും, വിളിച്ചപ്പോളേക്കും ഒരു മടിയുംകൂടാതെ വന്ന സി. ഇന്ദിരടീച്ചർ

കെമിസ്ട്രിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ശോഭടീച്ചർ

ഒരൊറ്റ തവണ കേട്ടാൽത്തന്നെ എല്ലാവരുടെയും പേരുകൾ ഹൃദിസ്ഥമാക്കുന്ന വി. ഇന്ദിരടീച്ചർ

സ്വാതന്ത്ര്യത്തോടെ എന്തും തുറന്നുപറയാവുന്ന ഗീതടീച്ചർ

എപ്പോളും ചിരിച്ചുമാത്രം കണ്ടിട്ടുള്ള, നിയുക്ത പ്രിൻസിപ്പൽ കൂടിയായ ഈശ്വരിടീച്ചർ

ഒരിക്കൽപോലും ഞങ്ങളോട് ദേഷ്യപ്പെടാത്ത രാധാകൃഷ്ണൻ സാർ

എല്ലാ തല്ലുകൊള്ളിത്തരങ്ങളേയും സഹിച്ച് ഞങ്ങളെ ഫൈനലിയറിൽ മേച്ചുനടന്ന, ഞങ്ങൾക്കൊപ്പം കുടുംബസമേതം ടൂർ വന്ന ഞങ്ങളുടെ സ്വന്തം ശിവദാസ് സാർ

പിന്നെ ഒരു സർപ്രൈസ് ആയി വന്നത് ഞങ്ങളെ ഒരിക്കൽപോലും കണ്ടിട്ടുപോലുമില്ലാത്ത ദിവ്യടീച്ചർ

വന്ന അദ്ധ്യാപകരിൽ ഞങ്ങളെ വഴക്കുപറഞ്ഞവരുണ്ട്, മുങ്ങിയതിന് കയ്യോടെ പൊക്കിയവരുണ്ട്, ക്ലാസ്സിൽ നിന്ന് പുറത്താക്കിയവരുണ്ട്, വലതുകൈ കൊടുത്തത് ഇടതുകൈ അറിയാതെ സഹായിച്ചവരുണ്ട്.

പക്ഷേ അന്ന് ഞങ്ങളെക്കാൾ സന്തോഷം അവർക്കാണെന്നു തോന്നി.

ആരും ടീച്ചർമാരെ കാണുമ്പോൾ പണ്ടത്തെപ്പോലെ പലവഴി ചിതറി ഓടിയില്ല; മറിച്ച് അവരുടെ മുന്നിൽ ചെന്നുപെടാൻ മത്സരമായിരുന്നു - 'എന്നെ ഓർക്കുന്നോ' എന്നൊന്നു ചോദിക്കാൻ, ടീച്ചർമാർ പേരു മറന്നിട്ടില്ലെന്നറിയുമ്പോൾ അഭിമാനത്തോടെ ഒന്നു തലയുയർത്തിപ്പിടിക്കാൻ.

പിന്നെ നീണ്ട താടിയുള്ള വിജയേട്ടനുണ്ടായിരുന്നു. കോളേജിൽ എപ്പോൾ പോയാലും ആദ്യം ഓടിക്കേറുന്നത് വിജയേട്ടന്റെ റൂമിലായിരുന്നു. വിജയേട്ടനും ഇത് വിരമിക്കൽ വർഷമാണ്. പക്ഷേ വിജയേട്ടനില്ലാത്ത കെമിസ്ട്രി ലാബിനെപ്പറ്റി ഓർക്കാൻപോലും കഴിയില്ല.

ഞങ്ങൾ ഞങ്ങളെപ്പറ്റി സംസാരിച്ചു; കുറെ ചിരിച്ചു, ചിലരുടെ കണ്ഠമിടറി, കണ്ണുനിറഞ്ഞു, പഴയകാര്യങ്ങൾ ഓർമിപ്പിച്ചു പരസ്പരം കളിയാക്കി സായൂജ്യമടഞ്ഞു.

ടീച്ചർമാരും, വിജയേട്ടനുമെല്ലാം ഞങ്ങളെപ്പറ്റി നല്ലതുമാത്രം പറഞ്ഞു. അതവരുടെ സ്നേഹം കൊണ്ടാണെന്നും അത്രയൊന്നും ഞങ്ങൾ അർഹിക്കുന്നില്ലെന്നും ഞങ്ങൾക്കറിയാം. പക്ഷെ സന്തോഷത്തോടെ ആ നല്ലവാക്കുകൾ ഞങ്ങൾ സ്വീകരിച്ചു.

കുറേ ഫോട്ടോകളുമെടുത്തു. പക്ഷെ ഏറ്റവും നല്ല ചിത്രങ്ങൾ മനസ്സിലാണ് പതിഞ്ഞത് എന്നുപറയാതെ വയ്യ.

എല്ലാ നല്ലകാര്യങ്ങൾക്കും ഒരവസാനമുണ്ടല്ലോ.... വെയിലാറും മുൻപേതന്നെ എല്ലാവരും കൂടണയാൻ പോയി.

ഒരു ദുഃഖം മാത്രം ബാക്കിയായി....

എല്ലാത്തിനും ഒരുമിച്ച് കൂടെനിന്നിട്ടും, ഞങ്ങളെ തനിച്ചാക്കി വേദനകളില്ലാത്ത വേറൊരു ലോകത്തേക്ക് യാത്രയായ ശ്രീജിത്ത് എന്ന കൂട്ടുകാരൻ.

എനിക്കുറപ്പുണ്ട് അദൃശ്യനായി അവന്റെ ആത്മാവ് ഓരോ നിമിഷവും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു - എന്നത്തേയുംപോലെ ഓരോ കഥകൾ പറഞ്ഞുകൊണ്ട്, പൊട്ടിച്ചിരിച്ചുകൊണ്ട്.

****************************************************************************************************
പെട്ടെന്നൊരാവേശത്തിൽ തട്ടിക്കൂട്ടിയ പരിപാടിയാണ്. പക്ഷേ അതു വിചാരിച്ചതിലും മനോഹരമായി പര്യവസാനിച്ചു

പക്ഷേ മനസ്സിപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്

മഴപെയ്തു തോർന്നിട്ടും മരം പെയ്യുന്നതുപോലെ!

അത്യാഗ്രഹമാണ് ഇപ്പോൾ തോന്നുന്നത്

ഈ ഒറ്റത്തവണകൊണ്ട് ഇതവസാനിക്കരുത്

നമുക്കിനിയും വരണം ഇതുപോലെ; ഇത്തവണ വരാൻ പറ്റാത്ത മറ്റുള്ളവരേയും കൂട്ടിക്കൊണ്ട്

കാരണം അവർകൂടിയില്ലാതെ നമ്മുടെ ഓർമ്മകൾ പൂർണ്ണമാകുന്നില്ലല്ലോ


ജയന്തൻ എപ്പോഴും പാടാറുള്ള പാട്ടിലെ വരികൾ ഓർമ്മവരുന്നു

"വിടപറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നൂ

മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ..."

ഈ ഓർമ്മകൾ ശരിക്കും ഒരു മയിൽപ്പീലിയാണ്.

എന്നെങ്കിലും പെരുകുമെന്ന പ്രതീക്ഷയോടെ മനസ്സിന്റെ  പുസ്തകത്താളുകളിലെവിടെയോ രഹസ്യമായി നമുക്കോരോരുത്തർക്കും അതു സൂക്ഷിച്ചുവെക്കാം.


30 comments:

  1. "വിടപറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നൂ

    മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ..."

    ഈ ഓർമ്മകൾ ശരിക്കും ഒരു മയിൽപ്പീലിയാണ്.

    ReplyDelete
    Replies
    1. നന്ദി ഭായ്... അതെ ഇരുന്നു പെരുകിയോ എന്ന് ഇടക്കിടക്ക് എടുത്തുനോക്കുന്ന ഒരു മയിൽ‌പ്പീലി...

      Delete
  2. ഓർമ്മയുടെ പുസ്തകത്താളിൽ സൂക്ഷിച്ചു വെച്ച മയിൽപ്പീലികൾക്കെന്തു സുഗന്ധം!
    ഹൃദ്യമായ എഴുത്ത്.
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സാർ. ഒരിക്കലും മറക്കാനാകാത്ത ഒരു സുഗന്ധം തന്നെയാണല്ലോ അത്

      Delete
  3. കവി പറഞ്ഞതു പോലെ.. ഓർമ്മകൾക്കെന്തു സുഗന്ധം!

    ReplyDelete
    Replies
    1. അതെ ആത്മാവിൻ നഷ്ടസുഗന്ധം.. വായനക്ക് നന്ദി സൂര്യ :-)

      Delete
  4. വിദ്യാലയ ഓർമ്മകൾ എല്ലാവർക്കും വളരെ ഹൃദ്യമായ ഒരു നല്ലകാലത്തിന്റെ അയവിറക്കലാണ്.. ഒരുകാലത്തും അത് ഒരു മടുപ്പാവില്ല..

    ReplyDelete
    Replies
    1. ശരിയാണ് വീണ്ടും വീണ്ടും പൊടിതട്ടിയെടുത്ത് ഓമനിക്കാവുന്ന ഓർമ്മകൾ <3 വായനക്ക് നന്ദി

      Delete
  5. കലാലയങ്ങൾ സമ്മാനിക്കുന്ന നനുത്ത ജീവിതമുഹൂർത്തങ്ങൾ പകരം വെക്കാൻ പറ്റാത്തതാണ്. അത് പൂർണതയോടെ ആസ്വദിക്കുന്നവർ ഭാഗ്യവാന്മാർ!

    "ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം
    ഓർമിക്കണം എന്ന വാക്കു മാത്രം...
    എന്നെങ്കിലും വീണ്ടുമെവിടെ വച്ചെങ്കിലും
    കണ്ടുമുട്ടാമെന്ന വാക്ക് മാത്രം..."

    ReplyDelete
    Replies
    1. ശരിയാണ് കൊച്ചു. ഒരുപക്ഷേ പൂർണ്ണമായും ഓർക്കാൻ പറ്റിയില്ലെങ്കിലും മറക്കാൻ കഴിയാത്ത ചിലതിനെയെങ്കിലും പൊടിതട്ടിയെടുത്ത് ഓമനിക്കുന്നതിന്റെ സുഖം ഒന്ന് വേറെതന്നെയാണല്ലോ <3

      'രേണുക'യിലെ വരികൾ എന്നെ മറ്റു ഈ വരികൾ ഓർമ്മിപ്പിച്ചു. "നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം" :-)

      Delete
  6. മഹൂ,നിന്റെയാണെങ്കിലും എന്റേതായി കൂടെ തോന്നി ഓരോ ഓർമ്മകളും,,അതിശയം തോന്നുന്നു ഓർമ്മകളായി തീരും വരെ ആസ്വദിക്കാൻ മറന്ന നിമിഷങ്ങളെക്കുറിച്ചോർത്ത്.സലാം ട്ടാ.നീ മനോഹരമായി എഴുതി.അവസാനത്തെ ഗാനശകലം കൂടി ആയപ്പോൾ പൂർണ്ണം...മാടി മാടി വിളിച്ചുകൊണ്ടിരിക്കുന്നു നൂറു നൂറു ഓർമ്മകളുടെ മായിൽപ്പീലികൾ...

    ReplyDelete
    Replies
    1. വ്യക്തികളും സന്ദർഭങ്ങളുമല്ലേ മാറുന്നുള്ളൂ.... അനുഭവങ്ങളുടെ വഴികൾ നമുക്കെല്ലാം ഒരുപോലെ തന്നെ :-)

      തിരിച്ചങ്ങോട്ടും ഒരു സലാം <3

      Delete
  7. സ്കൂളോർമ്മകൾ പഴയകാലം ഒരിക്കൽകൂടി മനസ്സിലേക്കോടിയെത്തി.പെട്ടെന്ന് എന്റെ ഉറ്റകൂട്ടുകാരൻ മനസ്സിൽ നിറഞ്ഞു.
    ഇത്ര നാളും എന്തേ ഓർത്തില്ലെന്നത് അത്ഭുതം തോന്നുന്നു. ഉച്ചയ്ക്ക് കൂട്ടുകാർ ഭക്ഷണം കഴിച്ചുതീരുന്നത് വരെ പുറത്ത് മതിലിനരികത്ത് എന്നോടൊപ്പം കാത്തിരിക്കുന്ന ആ പട്ടിണികൂട്ടുകാരനെ ഞാനെന്തേ മറന്നു പോയി..? തൊട്ടരികിലുള്ള ഐസ് ക്രീംകാരനെ നോക്കി വെള്ളമിറക്കി എന്നോടൊപ്പം കാത്തിരുന്ന, അവനും ഞാനും സങ്കടം സഹിക്കവയ്യാഞ്ഞ് വൈകുന്നേരം ബസ്സിനു പോകാൻ കരുതിവച്ചിരുന്ന പത്തു പൈസയെടുത്ത് രണ്ട് ഐസ്ക്രീം വാങ്ങിത്തിന്ന് മറ്റുള്ളവരെ കൊതിപിടിപ്പിച്ച ആ കാലം ഞാൻ മറന്നുപോയതെന്തേ ...?

    പിന്നീട് സ്കൂൾ വിട്ട് അഞ്ചു കിലോമീറ്റർ നടന്നു പോകുമ്പോൾ, ഉച്ചക്ക് ഐസ്ക്രീം വാങ്ങിക്കഴിക്കാൻ തോന്നിയ ആ നിമിഷത്ത് ശപിച്ചു കൊണ്ട് നടന്നത് ഒക്കെ പെട്ടെന്ന് ഓർമ്മയിലെത്തി. അവനെന്നെ ചക്രവർത്തിയെന്നാണ് വിളിച്ചിരുന്നത്. ഞാനവനെ PNR/100 എന്നും. കാരണം അവൻ P.N.Rajan എന്നായിരുന്നു പേര്.അതുകൊണ്ട് പലിശ കണക്കാക്കുന്ന ഫോർമുലയായ PNR/100 എന്നു ഞാനും വിളിച്ചിരുന്നു. ഇപ്പോളവൻ എവിടെയായിരിക്കും... അറിയില്ല.

    ഈ ഓർമ്മകൾ തിരിച്ചു തന്നതിന് നന്ദി മഹേഷ്.

    ReplyDelete
    Replies
    1. ഈ കമന്റ് തന്നെ ഒരു പോസ്റ്റിനുള്ള വകയുണ്ടല്ലോ അശോകേട്ടാ... പഴയ നല്ല കാര്യങ്ങളെ ഓർമ്മിപ്പിക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം :-) പോസ്റ്റ് ഇട്ടത് സാർത്ഥകമായി എന്നുതോന്നുന്നത് ഇത്തരം കമന്റുകൾ കാണുമ്പോഴാണ്..

      Delete
  8. വാക്കുകൾ കൂട്ടിച്ചേർക്കുമ്പോൾ മനോഹരങ്ങളായ ഗൃഹാതുരത്വങ്ങൾ സൃഷ്ടിയ്ക്കാൻ കഴിയുമെന്ന് അതിമനോഹരമായി എനിയ്ക്ക് തോന്നിയ അപൂർവ്വം ബ്ലോഗ് പോസ്റ്റുകളിലൊന്ന്.

    ഓർമകളിലൂടെ ഊയലാടി ഞാൻ എങ്ങോട്ടൊക്കെയോ പറന്നു പറന്നു പോയി .

    സുഖമായി വീട്ടിൽത്തന്നെ ഇരിക്കുന്നു എന്ന് കരുതുന്നു .

    ReplyDelete
    Replies
    1. സുഖമുള്ള ഓർമ്മകളുടെ ഊയലിൽ ആടിയാടി പോകാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      ഞാനും ഇങ്ങനെ ഓർമ്മകളും അയവിറക്കി വീട്ടിൽത്തന്നെ സുഖമായി ഇരിക്കുന്നു സുധീ... :-)

      Delete
  9. സംഗമങ്ങൾ രസകരമാണ്. കലാലയ സംഗമങ്ങളെക്കാളും ഹരം സ്കൂൾ സംഗമങ്ങളാണെന്നാണ് എൻ്റെ അനുഭവം.

    ReplyDelete
    Replies
    1. സ്കൂൾ കാലത്തെ കൂട്ടുകാരിൽ അധികം പേരുമായി സമ്പർക്കം ഇല്ലാത്തതുകൊണ്ട് സ്കൂൾ കൂട്ടായ്മ ഒന്നും ഇതുവരെ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.. വായിക്കാൻ വന്നതിൽ സന്തോഷം മാഷേ

      Delete
  10. നല്ലൊരോർമ്മ ചിത്രം. ഇത്തരം reunion കളിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും.☺️

    ReplyDelete
    Replies
    1. ഇനിയും വൈകിയിട്ടില്ല പഴയ കൂട്ടുകാരെ വിളിച്ചുകൂട്ടി ഒരെണ്ണം സംഘടിപ്പിക്കാവുന്നതാണ് :-) വായനക്ക് നന്ദി

      Delete
  11. ഒരുവട്ടംകൂടി. എന്റെയും പഴയ കോളേജിലും കൂട്ടുകാരെയും ഓർമിപ്പിച്ച ഒരു നല്ല പോസ്റ്റ് … എന്റെയും കൂട്ടുകാർക്കു മഹേഷ് ഭായ് ആദ്യം പോസ്റ്റിൽ എണ്ണി എണ്ണി പറഞ്ഞ അതെ ലക്ഷണങ്ങൾ ആയിരുന്നു !!

    ReplyDelete
    Replies
    1. എല്ലാവരുടെയും ഓർമ്മകൾ ഏകദേശം ഒരുപോലെയാണല്ലോ.. പഴയ നല്ല കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം :-)

      Delete
  12. ഓർമകൾ എന്നും മനസിൽ പച്ച പിടിച്ച് നിൽക്കും

    ReplyDelete
    Replies
    1. ശരിയാണ് ചേട്ടാ.. ഇത്തരം മങ്ങാത്ത ചില ഓർമ്മചിത്രങ്ങളുണ്ട്

      Delete

  13. //"വിടപറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നൂ

    മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ..."

    ഈ ഓർമ്മകൾ ശരിക്കും ഒരു മയിൽപ്പീലിയാണ്.//

    ശരിയാണ്.വായിച്ചുകൊണ്ടിരുന്നപ്പോൾ സമാനമായ സ്വന്തം അനുഭവങ്ങളിലൂടെ മനസ്സ് പായുകയായിരുന്നു. ഹൃദ്യം.

    ReplyDelete
    Replies
    1. നമ്മിൽ പലരുടെയും അനുഭവവഴികൾ സമാനമാണല്ലോ. വായനക്ക് നന്ദി രാജ്...

      Delete
  14. ഹായ് ... ആ കാലങ്ങൾ എത്ര സുന്ദരം ല്ലേ ..

    ReplyDelete
    Replies
    1. ശരിയാണ് ചേച്ചീ... മറക്കാനാകാത്ത അത്രയും സുന്ദരം :-)

      Delete
  15. വളരെ മനോഹരമായി കോറിയിട്ട മനോഹരമായ ഓർമ്മകൾ!!!
    വായനക്കാരെ ഓരോരുത്തരെയും അവരവരുടെ ആ മാഞ്ചുവട്ടിലേക്ക് കൊണ്ടുപോയി.!!!

    ReplyDelete
    Replies
    1. നന്ദി കല്ലോലിനീ... മറക്കാനാവാത്ത ഓർമ്മകൾ ആകുമ്പോൾ മധുരം കൂടുമല്ലോ :-)

      Delete