Saturday, 31 January 2026

സ്ലീപ്പർ

സ്ലീപ്പർ

കുട്ടികളൊക്കെ ആയതിനുശേഷം പൊതുവെ കാറിലാണ് ബാംഗ്ലൂരിൽനിന്നു നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ. നാട്ടിൽനിന്നു വരുമ്പോൾ ചക്ക, മാങ്ങ, തേങ്ങ, വെളിച്ചെണ്ണ ഇത്യാദികൾ കുത്തിനിറച്ചാണ് വരവ്. 'ഞാനൊരു പിക്കപ്പ് വാനല്ല എന്ന സത്യം മുതലാളി മറക്കുന്നു' എന്ന് കാർ ഇടക്കിടക്ക് എന്നെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും 'അതുപിന്നെ ചക്ക, മാങ്ങ, അച്ചാറുകൾ, പലഹാരങ്ങൾ..... ഞാനും ഒരു മനുഷ്യനല്ലേ..' എന്ന് ഇന്നസെന്റ് മോഡലിൽ കാറിനെ സമാധാനിപ്പിക്കാറാണ് പതിവ്. 

എനിക്ക് ഏറ്റവുമിഷ്ടം ട്രെയിൻ യാത്രകളാണ്. അടുത്തിരിക്കുന്നവരെ പരിചയപ്പെട്ട് കുറച്ചുനേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നു, മുകളിലെ ബർത്തിൽ  വലിഞ്ഞുകയറി നീണ്ടുനിവർന്നുകിടക്കുമ്പോളുള്ള ഒരു സുഖം പറഞ്ഞറിയിക്കാനാകില്ല. പിന്നെ പാതിമയക്കത്തിൽ 'പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന അനൗൺസ്‌മെന്റ് കേൾക്കുമ്പോളും, ജനലിനപ്പുറം ഓടിമറയുന്ന പച്ചപുതച്ച നെൽപ്പാടങ്ങൾ കാണുമ്പോഴും, മഴപെയ്തു കുതിർന്നുകിടക്കുന്ന  നാടുകാണുമ്പോഴും ഉള്ളിന്റെയുള്ളിൽ നിന്നുവരുന്ന വല്ലാത്തൊരു നൊസ്റ്റാൾജിയ യാത്രയുടെ ബോണസാണ്. 

ബാച്‌ലർ ആയിരുന്നപ്പോൾ തമിഴ്നാട് സർക്കാരിന്റെ  ലോക്കൽബസ്സിൽ കയറി സേലത്തിറങ്ങി, അവിടുന്ന് കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിങ്ങനെ പല ബസ്സുകൾ മാറിക്കയറിയൊക്കെ വീട്ടിൽ പോകാറുണ്ട്. ആ യാത്രകൾ ബഹുരസമായിരുന്നു. ബസ്സിൽ രണ്ടുവശത്തും ടീവിയൊക്കെ വെച്ച് സത്യരാജിന്റെയും, വിജയകാന്തിന്റെയുമെല്ലാം പഴയ സിനിമകൾ ഫുൾ ശബ്ദത്തിൽവെച്ച് ഒരു കാരണവശാലും നമ്മളെ ഉറങ്ങാൻ സമ്മതിക്കാതെ അങ്ങെത്തിക്കും. 

ഇപ്പോഴും കാറിലും, ട്രെയിനിലും പോകാൻപറ്റാത്ത അപൂർവ്വം അവസരങ്ങളിൽ സ്ലീപ്പർ ബസ്സുകളെ ആശ്രയിക്കാറുണ്ട്. സ്ലീപ്പറിലെ യാത്ര- പ്രത്യേകിച്ചും അപ്പർ ബർത്താണെങ്കിൽ - എനിക്ക് വല്ലാത്ത വെല്ലുവിളിയാണ്. സീറ്റിൽ ചാരിയിരുന്നു ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നാൽ കുറച്ചുകഴിയുമ്പോൾ എന്തൊക്കെയോ ഒരസ്വസ്ഥതതോന്നും. കൂടുതൽ ആലോചിച്ച് ബസ്സിൽ 'വാൾ'പ്രയോഗം നടത്തേണ്ടല്ലോ എന്നുകരുതി വേഗം കിടക്കും. 

കിടന്നുകഴിഞ്ഞാലാണ് കൂടുതൽ രസം. ബസ് വളയുമ്പോഴും, തിരിയുമ്പോഴുമെല്ലാം ഞാനിപ്പോൾ ഉരുണ്ടു താഴെവീഴുമോ എന്ന സംശയമായിരിക്കും മനസ്സുമുഴുവൻ. സൈഡിലെ കമ്പിയിൽ തട്ടി തടഞ്ഞുനിന്നോളും എന്ന് ബുദ്ധി ഉപദേശിക്കുമ്പോൾ സമാധാനമാകും. കൂടുതൽ ചിന്തിച്ചു മെനക്കെടേണ്ട എന്നുകരുതി കുറച്ചുനേരത്തെ പരിശ്രമത്തിനുശേഷം ഒന്നുറങ്ങും. 

ഉറക്കംപിടിച്ചാൽ, ബസ്സിലെ ഒരു സാദാ യാത്രക്കാരൻ എന്ന ലെവലിൽനിന്ന് തലച്ചോർ എന്നെ വേറെ എവിടെയൊക്കെയോ എത്തിക്കും. കൊക്കകളോട് ചേരുന്ന വീതിയില്ലാത്ത കൊടുംവളവുകളിൽ വീശിയൊടിച്ചുപോകുന്ന ജീപ്പുകളിലോ, വില്ലൻവെച്ച ബോംബ് പൊട്ടാതിരിക്കാൻ നായകൻ അതിവേഗതയിലോടിക്കുന്ന 'സ്‌പീഡ്‌' സിനിമയിലെ ബസ്സിന്റെ ഉള്ളിലോ, റേസിംഗ് ട്രാക്കുകളിൽ ഷുമാക്കറും, ഹാമിൽട്ടണുമോടിക്കുന്ന കാറുകളിലെ സഹയാത്രികനായോ ഒക്കെ എന്നെയങ്ങു പ്രതിഷ്ഠിക്കും. പിന്നെ ഈ അപകടങ്ങളെയെല്ലാം 'താമരശ്ശേരി ചുരമിറങ്ങി വരുമ്പോളുണ്ടല്ലോ എന്റെ മുത്തശ്ശീ...' മോഡലിൽ തരണംചെയ്തു ഞെട്ടിയെഴുന്നേൽക്കും. ഉണർന്നുകഴിഞ്ഞാൽ ശേ ഞാൻ അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലായിരുന്നു എന്നൊരു കുറ്റബോധമാണ് കുറെനേരത്തേക്ക്. 

ഈ വെല്ലുവിളികളെല്ലാം മറികടന്നു വീണ്ടും ഒരുവിധത്തിൽ ഉറക്കംപിടിക്കുമ്പോഴാകും ക്ലീനറുടെ "സാർ ടീ, കോഫി, വാഷ്‌റൂം..." എന്ന അനൗൺസ്‌മെന്റ്. വഴിയിൽവെച്ച് ശങ്കയൊന്നും തോന്നാതിരിക്കാൻ ദാഹിച്ചാൽപ്പോലും വെള്ളംകുടിക്കാതെയാണ് യാത്രയെങ്കിലും, വാഷ്‌റൂം എന്ന് കേൾക്കുമ്പോൾ മനസ്സ്  ഒന്നവിടംവരെ പോയിവരൂ എന്ന് നിർബന്ധിക്കും. അതോടെ ഉറക്കത്തിന്റെ കാര്യം ഒരു തീരുമാനമാകും. പലപ്പോഴും അവന്റെ അമ്മയുടെ വീടിന്റെ തൊട്ടടുത്താ എന്റെ വീട്. എന്നിട്ടും അവനെന്തിനാ എന്നെയിങ്ങനെ വിളിച്ചുണർത്തുന്നത്.... എന്ന് മനസ്സിൽപറഞ്ഞുപോകാറുണ്ട്. 

ഉത്സവസമയത്തെ കമ്പനികളുടെ ഫ്രീ ഓഫറുകൾപോലെ ചില യാത്രകളിൽ ഫ്രീയായി കിട്ടുന്ന ഒന്നുണ്ട് - അതാണ് ഭംഗിയായി കൂർക്കം വലിക്കാൻ കഴിയുന്ന ഒരാളെ തൊട്ടടുത്ത ബർത്തിൽ കിട്ടുക എന്നത്. അങ്ങനെയൊരു സൗഭാഗ്യംകൂടി ലഭിച്ചാൽ യാത്ര വളരെയധികം ആവേശകരമാകും. പക്ഷേ ഒരു ഗുണമുണ്ട്; വേണ്ടാത്ത ചിന്തകളിലേക്കു മനസ്സ് കടക്കുമ്പോൾ തൊട്ടടുത്തുള്ള ആ സംഗീതത്തിൽ മനസ്സിനെ കേന്ദ്രീകരിക്കാം. ഹൈ പിച്ചിലും, ലോ പിച്ചിലും അതിനിടയിലുള്ള പലതരം പിച്ചുകളിലും മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം തന്റെ ശ്വാസത്തെ കടത്തിവിട്ട് ഒരു സംഗീതധാര കാതിനോട് ചേർന്നൊഴുകുമ്പോൾ മനസ്സിലുണ്ടാകുന്ന പരമാനന്ദസുഖത്തെ പറവതിലെളുതാമോ... 

ഇതെല്ലാംകഴിഞ്ഞു ഉറക്കംതൂങ്ങുന്ന കണ്ണുകളുമായി വീട്ടിലെത്തുമ്പോൾ രാത്രിമുഴുവൻ ബസ്സിൽ കിടന്നുറങ്ങിയിട്ട് എന്താ ഇത്ര വലിയ ഉറക്കക്ഷീണം എന്ന വീട്ടുകാരുടെ ചോദ്യംകേൾക്കുമ്പോഴാണ് ഞാൻ പൂർണ്ണമായും തകർന്നുപോകുന്നത്. 

ചുരുക്കിപ്പറഞ്ഞാൽ, ഉറങ്ങാതിരിക്കാനായി 'സ്ലീപ്പർ' ബസ്സിൽ ടിക്കറ്റെടുക്കുന്ന അപൂർവ്വം യാത്രക്കാരനായിരിക്കും ഞാൻ എന്നാണ് എന്റെ ഒരു ഇത്..

പക്ഷെ അതിനൊരു മറുവശമുണ്ട്.... 

സ്ലീപ്പറിൽ കയറി ഉറങ്ങാനൊക്കെ എല്ലാവർക്കുംപറ്റും. പക്ഷേ ഉറങ്ങാനുള്ള എല്ലാ സൗകര്യവുമുണ്ടായിട്ടും ഉറങ്ങാതെ പിടിച്ചുനിൽക്കുന്നവനാണ് യഥാർത്ഥ ഹീറോ...

ഷമ്മി ഹീറോയാടാ........ ഹീറോ..


ഹല്ലപിന്നെ !!



















ഒരു തുള്ളി മഷിയും ഒരു കുടന്ന സ്നേഹവും

ഒരു തുള്ളി മഷിയും ഒരു കുടന്ന സ്നേഹവും

ബർത്ത്‌ഡേ ഗിഫ്റ്റായും, റിട്ടേൺ ഗിഫ്റ്റായുമെല്ലാം കുട്ടികൾക്ക് മിക്കപ്പോഴും കിട്ടുന്നത് പേന, പെൻസിൽ ഇത്യാദികളാണ്. അതുകൊണ്ടുതന്നെ 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം കൂർത്ത പെൻസിലുകൾ മാത്രം' എന്ന അവസ്ഥയാണ് വീട്ടിൽ. 'കിടക്കയിലാണോടാ പെൻസിലിടുന്നത്? സോഫയിലാണോടാ പെൻസിലിടുന്നത്?' എന്നൊക്കെ ദുർബലമായി ഞാൻ അലറാറുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. ഒരു സെക്കന്റിന്റെ അശ്രദ്ധമൂലം മറവത്തൂർ കനവിലെ ശ്രീനിവാസന്റെ അവസ്ഥയാകേണ്ടല്ലോ എന്നോർത്ത് ഈയിടെയായി ഇരിക്കുന്നതിനും, കിടക്കുന്നതിനും മുൻപ് പരിസരം സുരക്ഷിതമാണെന്ന് ഞാൻ ഉറപ്പുവരുത്താറുണ്ട്. 

"നിന്റെയൊക്കെ പ്രായത്തിൽ ഞങ്ങൾക്ക്..." എന്നമട്ടിൽ ഒരുപദേശമൊക്കെ കൊടുക്കാമെന്നാലോചിക്കും. പിന്നെ നമ്മളൊരു പഴഞ്ചനാകേണ്ടല്ലോ എന്നുകരുതി വേണ്ടെന്നുവെക്കും. പക്ഷെ ഇടക്കൊക്കെ ഞാൻ എന്റെ കുട്ടിക്കാലം ആലോചിച്ചുപോകാറുണ്ട്. 

നാലാംക്ലാസ്സ് വരെ സ്ലേറ്റ് മാത്രമായിരുന്നു ആശ്രയം. പുതിയ സ്ലേറ്റ് പെൻസിൽ ഗമയിൽ ക്ലാസ്സിലേക്ക് കൊണ്ടുപോകുമെങ്കിലും വൈകിട്ട് വരുമ്പോളേക്കും അത് രണ്ടോ മൂന്നോ കഷണങ്ങളായിട്ടുണ്ടാകും. പിന്നീട് കൈയിൽ പിടിക്കാൻ പറ്റാത്തത്രയും ചെറുതാകുംവരെ അതുവെച്ചാണ് എഴുത്തുമുഴുവനും. അതിനിടയിൽ എപ്പോഴോ ചോക്ക് പെൻസിൽ രംഗപ്രവേശം ചെയ്തു. അത് കയ്യിലുള്ളവനായിരുന്നു അക്കാലത്ത് ക്ലാസ്സിലെ ഹീറോ. തീർന്നുപോയാൽ പുതിയത് കിട്ടാനെളുപ്പമല്ലാത്തതുകൊണ്ട് ഒന്നുരണ്ടു ചോക്ക് പെൻസിലുകൾ ഒരിക്കൽപ്പോലുമെഴുതാതെ ഞാൻ ബോക്സിൽത്തന്നെ സൂക്ഷിച്ചുവെക്കാറുണ്ട്. 

അഞ്ചാംക്ലാസ്സിലാണ് ആദ്യമായി നടരാജിന്റെയോ, ക്യാമലിന്റെയോ മറ്റോ ഒരു  'ബ്രാൻഡഡ്' പെൻസിലും, വേണമെങ്കിൽ പട്ടിയെ എറിയാൻ ഉപയോഗിക്കാവുന്നത്രയും കട്ടിയുള്ള റബ്ബറും സ്വന്തമാകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ പെൻസിലിന്റെ തലയിലും ഒരു കുഞ്ഞു റബ്ബർ ഫിറ്റ് ചെയ്തിട്ടുണ്ടാകും. ക്ലാസ്സിലെ ചില വിരുതന്മാർ ബോറടി മാറ്റാൻ അതിനെ അത്യാവശ്യം സ്നാക്ക്‌സ് പോലെ കടിച്ചുതിന്നാറുമുണ്ട്. 

ഒരു വിരലിന്റെപോലും നീളമില്ലാത്ത അവസ്ഥ എത്തിയാലേ പുതിയൊരു പെൻസിൽ വാങ്ങുന്നതിനെപ്പറ്റി ആലോചിക്കാൻപോലും പറ്റൂ എന്നതുകൊണ്ട് പെൻസിൽ ഒരു നിധിപോലെയാണ് എപ്പോഴും കൊണ്ടുനടക്കാറുള്ളത്.  

ആ സമയത്താണ് കൂട്ടുകാരന്റെ അച്ഛൻ ഗൾഫിൽനിന്നു അവനൊരു വെളുത്തനിറമുള്ള, മൃദുവായ റബ്ബർ കൊണ്ടുകൊടുത്തത്. പിറ്റേദിവസംമുതൽ ക്ലാസ്സിൽ എല്ലാവർക്കും അവന്റെ റബ്ബർ കടംവാങ്ങലായി പരിപാടി. അങ്ങനെ ഒരാഴ്ചകൊണ്ട് ആ റബ്ബർ മുഴുവൻ മായ്ച്ചുതീർത്ത് കട്ടിയുള്ള റബ്ബറിന്റെ 'സമത്വം' ഞങ്ങൾ പുനഃസ്ഥാപിച്ചു. 

പിന്നെയും മുതിർന്ന ക്ലാസ്സിലെത്തിയപ്പോഴാണ് പേന ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചത്. പച്ചയും, നീലയും, ചുവപ്പുമടക്കമുള്ള കടുംനിറവും, മഞ്ഞനിറത്തിലുള്ള ഞെക്കുന്ന സ്വിച്ചും ചേർന്ന Stic Eazy ആയിരുന്നു ആദ്യത്തെ പേന. റീഫിൽ തീരാറാകുമ്പോളേക്കും മഷിയുടെ കട്ടികൂടിവരുന്ന ആ പേനയിൽനിന്ന് പതുക്കെ ഞാൻ Reynolds-ന്റെ ലോകത്തേക്ക് മാറി. എത്രയെഴുതിയാലും ഒരു പരിധിയിൽകൂടുതൽ തെളിച്ചം വരാത്ത 045, നല്ല തെളിച്ചമുള്ള 040 അങ്ങനെ രണ്ടു മോഡലുകളാണ് ഒരുപാടുകാലം എന്റെ സന്തതസഹചാരികളായിരുന്നത്. 

പിന്നീടെപ്പോഴോ 'ലിഖ്തേ ലിഖ്തേ ലവ് ഹോ ജായെ' എന്നുപറഞ്ഞുകൊണ്ടു രവീണ ടാണ്ടൻ വന്നു. എന്നാപ്പിന്നെ കുറച്ചു ലവ് ആയിക്കോട്ടെ എന്നുകരുതി 'Rotomac'-ലേക്ക് ചാടി. കൈയക്ഷരം നന്നാകാൻ മഷിപ്പേന അത്യുത്തമം എന്ന ഉപദേശം സ്വീകരിച്ച് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല ശശിയെ...എന്നുപറഞ്ഞ് ബാൾപേനകളോട് വിടചൊല്ലി, സ്വർണ്ണനിറത്തിലുള്ള നിബ്ബുള്ള ഒരു മഷിപ്പേനയെ സ്വന്തമാക്കി. 

Brilliant എന്ന വാക്കിനെ ഒളിപ്പിച്ചുവെച്ച  Bril എന്ന പേരിലും, Chellaram കുടുംബവും Parker കമ്പനിയും ചേർന്നുനിർമ്മിച്ച Chelpark എന്ന പേരിലുമുള്ള രണ്ടു മഷിക്കുപ്പികളായിരുന്നു ഈ പേനകൾക്കാവശ്യമായ ഇന്ധനം നൽകിയിരുന്നത്. സ്റ്റൈലിൽ പോക്കറ്റിൽ കുത്തിക്കൊണ്ടുപോകുകയും, എന്നാൽ സ്കൂളെത്തുംമുൻപേ ഷർട്ടിലാകെ മഷിപടർന്നു നാണക്കേടാകുകയും ചെയ്തുതുടങ്ങിയതോടെ ആ പേന ഞാനുപേക്ഷിച്ചു. അപ്പോഴേക്കും നനുത്ത ശരീരമുള്ള സുന്ദരിയായ ഹീറോ പേന എന്റെ മനം കവർന്നിരുന്നു എന്നതും സത്യം. 

പിന്നീടൊരുപാടുകാലം ഹീറോ പേനയായിരുന്നു എന്റെ ജീവിതത്തിലെ ഹീറോ. ഒരു ഹീറോ പേനയുമായി പ്രണയത്തിലായാൽ പിന്നീടൊരിക്കലും അതിൽനിന്നൊരു മോചനമില്ല എന്ന യാഥാർത്ഥ്യത്തെ അക്കാലത്താണ് ഞാൻ തിരിച്ചറിഞ്ഞത്. ഒരിക്കൽപ്പോലും ഷർട്ടിൽ ഒരു തുള്ളി മഷിക്കറ പുരളാതെ അഭിമാനത്തോടെ ഒരുപാടുകാലം പോക്കറ്റിൽ കുത്തിക്കൊണ്ടുനടന്നിരുന്നു. മഷിക്കു പകരം ഉജാല നിറച്ചും, മഷിയും, ഉജാലയും പല അളവിൽ ചേർത്ത് പുതിയ നിറക്കൂട്ടുകളുണ്ടാക്കിയും വർണ്ണാഭമായ ഒരുകാലത്തെ മനസ്സിന്റെ ക്യാൻവാസിൽ എഴുതിച്ചേർത്തു. 

എഴുത്തിന്റെ പാതിവഴികളിലെവിടെയോ ഒരു പേനത്തുമ്പിൽനിന്നും മറ്റൊരു പേനത്തുമ്പിലേക്ക് പകർന്നുനൽകിയ മഷിത്തുള്ളികളുടെ ഇനിയും വീട്ടിയിട്ടില്ലാത്ത കടങ്ങൾ ബാക്കിയുള്ളവരായിരിക്കും നമ്മളിൽ പലരും.  സ്നേഹവും, സൗഹൃദവുംനിറഞ്ഞ അത്തരം കൊടുക്കൽ വാങ്ങലുകൾ വിദൂരതകളിലെവിടെയോ കണ്ടൊരു സ്വപ്നംപോലെയാണ് ഇപ്പോൾ തോന്നാറുള്ളത്.  

പിന്നീട് കാലം അതിവേഗമോടി. പഠനമെല്ലാംകഴിഞ്ഞു ജോലിയിലേക്കു പ്രവേശിച്ചതോടെ കീബോർഡിന്റെ താളത്തിൽ കമ്പ്യൂട്ടറിന്റെ ഹൃദയത്തിലേക്കായി എഴുത്തുകൾ മുഴുവൻ. അതോടെ പേന എന്നത് അത്യാവശ്യമില്ലാത്ത ഒരു വസ്തുവായി. 

പക്ഷേ എന്റെ ഷെൽഫിൽ ഇപ്പോഴുമുണ്ട് മഷിവറ്റിയതും, എഴുത്തുനിലച്ചതുമായ ഒരുപാട് പേനകൾ...

ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾപോലെ......

****************************************************

എന്തും ആവശ്യത്തിലധികമായിക്കിട്ടുന്ന ഇക്കാലത്ത്, ഇത്തരം സെന്റിമെന്റ്സ് പുതുതലമുറയ്ക്ക് ചിരിക്കാനുള്ള വക മാത്രമാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷേ കടലാസിൽ നിബ്ബ് ഉരയുന്നതിന്റെ പരുത്ത ശബ്ദം ആസ്വദിച്ചിരുന്ന, ഡെസ്കിൽ വീണ ഒരുതുള്ളി മഷിയെ പേനയുടെ നിബ്ബ്‌ വലിച്ചെടുക്കുന്നത് കൗതുകത്തോടെ നോക്കിനിന്നിരുന്ന, മഷിതീർന്നുപോയ പേനയിലേക്ക് സൗഹൃദത്തോടെ ഇറ്റിച്ചുതന്ന ഒരു തുള്ളിമഷിയിൽ പരീക്ഷയുടെ അവസാനചോദ്യത്തിന്റെ ഉത്തരമെഴുതിത്തീർത്ത ഒരുകാലം മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചുകിടപ്പുണ്ട്.....

ഒരു കവിതയിലെ വരികളാണ് ഓർമ്മവരുന്നത്  

അക്കാലമാണു ഞാനുണ്ടായിരുന്നതെ-

ന്നിക്കാലമത്രേ തിരിച്ചറിയൂ…

നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…


അല്ലെങ്കിലും ഓർമ്മകളാണല്ലോ നമ്മളെ നമ്മളാക്കുന്നത് അല്ലേ...?