Monday 12 June 2023

മാമനോടൊന്നും തോന്നല്ലേ മക്കളേ

ബാർബർ ഷോപ്പിൽ സ്ഥിരം കാണുന്ന ഒരു കാഴ്ചയുണ്ട്. പുറത്തുനിന്നു ആരെങ്കിലും വരുന്നു, തല നല്ല വൃത്തിയിൽ ഇരിക്കുകയാണെങ്കിലും കണ്ണാടിയിൽ നോക്കി വെറുതെ മുടി ഒന്ന് ശരിയാക്കുന്നു, എന്തെങ്കിലും രണ്ടു വർത്തമാനം പറയുന്നു, ഇറങ്ങിപ്പോകുന്നു.  ഒരിക്കൽ എന്റെ ഊഴവും കാത്തിരിക്കുമ്പോൾ ഇതുപോലൊരാൾ കയറി വന്നിട്ട് മുടി വെട്ടിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനോട് "എടാ നീ പെണ്ണുകാണാൻ പോയിട്ട് എന്തായി?" എന്നൊരു ചോദ്യം. "ഓ അത് സെറ്റായില്ല ചേട്ടാ" എന്ന് മറുപടി കൊടുത്തപ്പോൾ "നമ്മുടെ സുരേഷ് പെണ്ണുകാണാൻ പോയപോലെ അല്ലല്ലോ അല്ലേ" എന്നും പറഞ്ഞു ബാർബറും ഇവർ രണ്ടുപേരും കൂടി ചിരിയോടു ചിരി; ഞാനാണെങ്കിൽ കഥയറിയാതെ മിഴുങ്ങസ്യാ എന്ന ഇരുപ്പും. എന്നാൽപ്പിന്നെ ഇതൊന്നു അറിഞ്ഞിട്ടുതന്നെ കാര്യം എന്നുകരുതി ഞാൻ എന്താ സംഭവം എന്ന് ചോദിച്ചു.  

നമ്മുടെ കഥാനായകൻ സുരേഷ് പലതരം ജോലികൾക്കു പോകുക, കൈയിൽ കാശ് വന്നാൽ വൈകിട്ട് നന്നായി മിനുങ്ങുക, കാശ് തീർന്നാൽ വീണ്ടും പണിക്കുപോകുക അങ്ങനെ ലോകകാര്യങ്ങളെക്കുറിച്ച് തല പുണ്ണാക്കാതെ  വളരെ ലളിതമായ ജീവിതം നയിക്കുന്ന കല്യാണപ്രായമായ ഒരു യുവാവാണ്. സുരേഷിന് ഒരു മാമനുണ്ട്. ആയകാലത്ത് കാര്യമായി പണിക്കൊന്നും പോയിട്ടില്ലെങ്കിലും എനിക്ക് പ്രായമായി ഇനി പണിയെടുക്കാനൊന്നും വയ്യ എന്ന് പ്രഖ്യാപിച്ച് സ്വയം പെൻഷൻ പറ്റിയിരിക്കുന്ന ഒരാൾ. എന്നാലും വിശ്രമജീവിതം കർമ്മനിരതമായി നിലനിർത്തുന്നതിന്റെ ഭാഗമായി വെറുതെ തെക്കുവടക്ക് നടക്കുക, ആരാന്റെ കാര്യത്തിൽ അഭിപ്രായം പറയുക, വൈകിട്ട് സുരേഷിന്റെ ചെലവിൽ മിനുങ്ങാൻ കൂടുക എന്ന ചിട്ടയായ ജീവിതം നയിക്കുന്നയാളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സുരേഷിന്റെ പ്രധാന കമ്പനി ഈ മാമനാണ്. ഒരു നല്ലകാര്യത്തിന് പോകുന്നതല്ലേ എന്നുകരുതി മാമൻ രാവിലെത്തന്നെ രണ്ടെണ്ണം വീശിയിട്ടാണ് സുരേഷ് പെണ്ണുകാണാൻ പോകുമ്പോൾ കൂട്ടുപോകുക. മാമൻ അകത്തേക്കു കയറിവരുമ്പോഴുള്ള സുഗന്ധം കാരണം രണ്ടോ മൂന്നോ കേസുകൾ പെൺവീട്ടുകാർ വേണ്ടെന്നുവച്ചപ്പോൾ അടുത്ത പെണ്ണുകാണലിന് ഡീസന്റ് ആയിവരണം എന്ന് സുരേഷ് കട്ടായം പറഞ്ഞു. 

മരുമോന്റെ ആഗ്രഹമല്ലേ എന്നുകരുതി അടുത്ത പെണ്ണുകാണലിന് മാമൻ 'പച്ചക്ക്' കൂടെപ്പോയി. പെൺകുട്ടിയുടെ വീട്ടിൽ ചെന്നപ്പോൾ അമ്മാവന്മാരും, അമ്മായിമാരും, അയൽവക്കക്കാരും ഒക്കെയായി വീടുനിറച്ചും ആളുകൾ. ചായയും, പലഹാരങ്ങളും  കൊണ്ടുവെച്ച് കുശലാന്വേഷണങ്ങളൊക്കെ നടത്തി, "എന്നാപ്പിന്നെ ചെക്കനും പെണ്ണും തനിച്ചൊന്നു സംസാരിക്കട്ടെ" എന്നുംപറഞ്ഞ് സുരേഷിനെയും പെൺകുട്ടിയേയും അപ്പുറത്തേക്ക് വിട്ടു. മാമനാണെങ്കിൽ പെണ്ണിന്റെ അച്ഛനും, അമ്മാവന്മാരും എത്ര നിർബന്ധിച്ചിട്ടും ചായയും കുടിക്കുന്നില്ല, പലഹാരവും കഴിക്കുന്നില്ല. എന്തെങ്കിലും ഇഷ്ടപ്പെടാത്തതുകൊണ്ടാണോ എന്ന് ചോദിച്ചപ്പോൾ ഷുഗർ കൂടുതലാണ്, ഒന്നും വിചാരിക്കരുത് എന്നുപറഞ്ഞ് മാമൻ ഒഴിഞ്ഞുമാറി.  'പലഹാരം വേണ്ടെങ്കിൽ വേണ്ട; ഈ മധുരമില്ലാത്ത ചായ കുടിക്കാമല്ലോ' എന്നുപറഞ്ഞു പെൺകുട്ടിയുടെ അമ്മ പ്രത്യേകം ചായ തയ്യാറാക്കിക്കൊണ്ടുവന്നു. ഒഴിഞ്ഞുമാറാൻ പറ്റാത്ത വേഗത്തിൽ വരുന്ന ബൗൺസറിന്റെ മുന്നിൽപ്പെട്ട ബാറ്റ്സ്‌മാന്റെ അവസ്ഥയായതുകൊണ്ട് മാമൻ രണ്ടും കൽപ്പിച്ച് ചായക്കപ്പ് എടുത്തതും, അത് താഴെവീണു പൊട്ടിയതും ഒരുമിച്ചായിരുന്നു. ഇത്രയും ആളുകളുടെ മുന്നിൽ നാണംകെട്ടല്ലോ എന്നാലോചിച്ചുനിൽക്കുന്ന മാമനോട് 'കയ്യൊക്കെ വിറക്കുന്നുണ്ടല്ലോ. അബദ്ധമൊക്കെ ആർക്കും പറ്റാവുന്നതല്ലേ അതിനിത്ര വിഷമിക്കാനെന്തിരിക്കുന്നു. നീ വേഗം വേറൊരു ചായ എടുത്തിട്ടുവന്നേ...' എന്നു പെൺകുട്ടിയുടെ അച്ഛൻ. 'അയ്യോ ഇനി ചായ വേണ്ട എനിക്ക് ഷുഗർ മാത്രമല്ല ഞരമ്പിന്റെ അസുഖവുംകൂടി ഉള്ളതുകൊണ്ടാണ് ഇങ്ങനെ കൈ വിറക്കുന്നത്' എന്നുപറഞ്ഞ് എങ്ങനെയെങ്കിലും ഇവിടുന്നു രക്ഷപ്പെട്ടാൽ മതിയെന്ന ആലോചനയിൽ മാമൻ ഇരിക്കുമ്പോഴാണ് സംസാരമെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ സുരേഷ് സ്വീകരണമുറിയിലേക്ക് വരുന്നത്. 'എന്നാലും മോനേ മാമൻ സുഖമില്ലാത്ത ആളാണെങ്കിൽ നേരത്തെ പറയണ്ടേ' എന്ന ബന്ധുക്കളുടെ ചോദ്യവും, പൊട്ടിയ ചായക്കപ്പും, കൈവിറച്ചു നിൽക്കുന്ന മാമന്റെ മുഖഭാവവും കണ്ട സുരേഷ് അറിയാതെ ചിരിച്ചുപോയത്രേ. അതുകണ്ടതും എല്ലാ നിയന്ത്രണവും വിട്ടു  'എടാ #*%$ മോനേ രാവിലെ രണ്ടെണ്ണം അടിച്ചിട്ട് വന്നെങ്കിൽ ഞാൻ ഇതുപോലെ നാണം കെടുമായിരുന്നോ. എന്നിട്ടു നീ നിന്ന് ഇളിക്കുന്നോ?...' എന്ന ഒറ്റ ചോദ്യത്തിലൂടെ തങ്ങളുടെ സംസ്ക്കാരവും, തറവാട്ടുമഹിമയും പെൺകുട്ടിയേയും, ബന്ധുക്കളേയും അറിയിച്ചുകൊണ്ട് മാമൻ തന്റെ അവതാരോദ്ദേശ്യം പൂർത്തിയാക്കി. ചുരുക്കത്തിൽ ഏതാണ്ടൊരു 'ഏഴു സുന്ദരരാത്രികൾ...' പാട്ടുപാടാൻ പറ്റിയ മൂഡിൽ സ്വീകരണമുറിയിലേക്ക് വന്ന സുരേഷ് 'ദൈവമേ എനിക്കെന്തിനീ വിധി..' പാടിയാണ് സ്ഥലം കാലിയാക്കിയതത്രേ! 

എന്തായാലും അതിനുശേഷം മാമനെയുംകൊണ്ട് പെണ്ണുകാണാൻപോക്ക് നിർത്തി എന്നാണ് പറയപ്പെടുന്നത്. 2 comments:

  1. അതെ. മാമൻ വരുത്തിവെക്കുന്ന ഓരോ പൊല്ലാപ്പുകൾ 😀

    ReplyDelete