എന്തായാലും എത്ര കഷ്ടപ്പെട്ടാണെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാവിലെ സൈക്കിളുമായി പുറത്തിറങ്ങൽ ഒരു ശീലമാക്കി. പക്ഷേ ഒറ്റക്കായതുകൊണ്ട്, കുറച്ചുദൂരം ചവിട്ടുമ്പോളേക്കും ഒരു മടിയും, മടുപ്പുമെല്ലാം പിടികൂടും; എന്നാൽ വല്ല സൈക്കിൾ ക്ലബ്ബിലും പോയി ചേരാനുള്ള ആത്മവിശ്വാസമില്ലതാനും! അങ്ങനെ ഒരുദിവസം കഷ്ടപ്പെട്ട് സൈക്കിൾ ചവിട്ടിപ്പോകുമ്പോൾ അതാ എതിർദിശയിൽ ഒരാൾ സൈക്കിളിൽ പാഞ്ഞുപോകുന്നു. ഹെൽമെറ്റും, ഷോർട്സും അടക്കമുള്ള വേഷഭൂഷാദികൾ കണ്ടപ്പോൾ ഉറപ്പിച്ചു; ഇത് പാൽ/പത്രം വിതരണക്കാരൊന്നുമല്ല ലക്ഷണമൊത്ത ഒരു സൈക്ലിസ്റ്റ് തന്നെ. ഈ പഞ്ചായത്തിൽ എന്നെക്കൂടാതെ വേറൊരു സൈക്ലിസ്റ്റോ എന്നാൽ പരിചയപ്പെട്ടിട്ടുതന്നെ ബാക്കികാര്യം എന്നുറപ്പിച്ച് യൂ ടേൺ എടുത്ത് ആൾ പോയ വഴിയേ വച്ചുപിടിച്ചു. നല്ല വേഗതയിൽ പോകുന്ന ഒരാളെ സൈക്കിളിൽ ചേസ് ചെയ്തുപിടിക്കുക എന്നത് എളുപ്പമല്ലെന്ന് മനസ്സിലായെങ്കിലും ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെടാനുള്ള ആവേശത്തിൽ ഒരുകണക്കിന് ഒപ്പമെത്തി. ശ്വാസമെടുക്കാൻ കഷ്ടപ്പെട്ട് ഇന്നസെൻറ് ശൈലിയിൽ "ഹെന്താ പേര്?......" എന്നുചോദിച്ചു. താടിയും മുടിയുമെല്ലാം നീട്ടിവളർത്തിയ, ഏതാണ്ടൊരു നന്ദനം സിനിമയിലെ പൃഥ്വിരാജ് ലുക്കുള്ള ആ മനുഷ്യൻ, അത്യാവശ്യം ബാസ്സുള്ള ശബ്ദത്തിൽ "എന്റെ പേര് സുമേഷ്" എന്ന മറുപടി തന്നു. പിന്നെ സൈക്കിളിൽ ഒരു ലൈറ്റ്, റിഫ്ലക്ടർ എന്നിവ വെക്കണം, നാളെമുതൽ രാവിലെ ഒരു അഞ്ചരയോടെ ഇറങ്ങണം; എന്നാലേ നമുക്ക് കൊടകര വരെപോയി വേഗം തിരിച്ചെത്താൻ പറ്റൂ എന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും ബോണസായി കിട്ടി. ഞാനാണെങ്കിൽ ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെട്ട ആവേശത്തിൽ നാളെ മുതൽ ഒറ്റച്ചക്രത്തിൽ വേണം സൈക്കിൾ ചവിട്ടാൻ എന്നുപറഞ്ഞാലും തലകുലുക്കി സമ്മതിച്ചുകൊടുക്കാനുള്ള മൂഡിലും ആയിരുന്നു.
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്ന പോലെ, പിന്നീടുള്ള പ്രഭാതങ്ങളെ പുളകം കൊള്ളിച്ച് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം രണ്ടുപേർ സൈക്കിൾസഞ്ചാരം തുടങ്ങി. ഹെൽമെറ്റും, ഗ്ലൗസും, ഷോർട്സുമെല്ലാം ധരിച്ച ആ യാത്രികരെ കണ്ടവർ അത്ഭുതത്തോടെ നോക്കി. ഒരു ചായ കുടിച്ച് ആൽത്തറയിലും, കലുങ്കിലുമിരുന്ന് ആഗോളപ്രശ്നങ്ങളേപ്പറ്റി ആകാംക്ഷപ്പെട്ടിരുന്ന ചിലർ ആ യാത്രയെനോക്കി മൂക്കിൽ വിരൽവെച്ച് ഇപ്രകാരം മൊഴിഞ്ഞുവത്രേ....!
"ഒരു പണിയുമില്ലാതെ രാവിലെ രണ്ടെണ്ണം ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല പത്രമിടാൻ പോയെങ്കിൽ വീട്ടുകാർക്കെങ്കിലും ഉപകാരമുണ്ടായേനെ...."
ReplyDeletewaiting for the upcoming post
Thank you Shajitha chechi.
ReplyDeleteമഹേഷേ..... അസൂയ തോന്നുന്ന എഴുത്താ. ഗർ..... ഞാനും എഴുതാനും സൈക്കിൾ ചവിട്ടാനും തുടങ്ങുന്ന ലക്ഷണമാണ്. 😜🙏🙏🥰🥰
ReplyDelete