Sunday 18 October 2020

ഓർമ്മകളുടെ യാത്രകൾ


സ്വപ്നത്തിൽ ഞാനൊരു യാത്രപോയി - പണ്ടെങ്ങോ നടന്നുതീർത്ത വഴികളിലൂടെ.
പച്ചപ്പായൽ അരഞ്ഞാണം ചാർത്തിയ കുളത്തിൽ മുങ്ങാംകുഴിയിട്ട് ഒരു പൊടിമീനെ കൈക്കുമ്പിളിലെടുത്തോമനിച്ചാണ് യാത്ര തുടങ്ങിയത്. അവിടെനിന്നും നനഞ്ഞ കാലടികൾ അമർത്തി നടന്ന മൺവഴികളുടെ ചാരെ ചോരനിറമാർന്ന മഞ്ചാടിക്കുരുക്കളും, കണ്ണെഴുതി സുന്ദരിമാരായ കുന്നിക്കുരുക്കളും വീണു കിടന്നിരുന്നു. കൊതിതീരുംവരെ കുപ്പായക്കീശകളിൽ അതെല്ലാം വാരിനിറച്ച്, ചേമ്പിലയിൽ ഒരു മഞ്ഞുതുള്ളി തീർത്ത വൈഡൂര്യശോഭയിൽ മനം മയങ്ങി, വാനിൽ പാറിയ അപ്പൂപ്പൻതാടികളുടെ പിന്നാലെയോടുമ്പോൾ ലാങ്കിയുടെയും, ചെമ്പകപ്പൂവിന്റെയും ഗന്ധത്തിൽ മനം മയങ്ങിപ്പോയി. 

വേനൽവെയിലിന്റെ ചുംബനമേറ്റു തുടുത്ത കിളിച്ചുണ്ടൻ മാങ്ങയൊരെണ്ണം കല്ലെറിഞ്ഞു വീഴ്ത്തി, 'അണ്ണാറക്കണ്ണാ, തൊണ്ണൂറുമൂക്കാ' എന്ന് കൂട്ടുകാർക്കൊപ്പം ആർത്തുവിളിച്ച്, മാവിൽ വലിഞ്ഞു കയറി തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് പുതിയൊരു ലോകത്തെ കണ്ടു. പിന്നെ പുല്ലിൽ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൊണ്ടു കണ്ണെഴുതി, മണ്ണിരയെ കോർത്തൊരു ചൂണ്ടയിട്ട് മീൻപിടിച്ച് തിരികെ നടക്കുമ്പോഴാണ് വേനൽമഴ പെയ്തത്. പുതുമഴയിൽ തരളിതയായ മണ്ണിന്റെ മാദകഗന്ധം നുകർന്ന്, കൊതി തീരുംവരെ ആ മഴ നനഞ്ഞ്, മഴ തോർന്നു കഴിഞ്ഞപ്പോൾ മരം പെയ്തതും കൂടി നനഞ്ഞു നടന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു കുങ്കുമച്ചെപ്പു തട്ടിമറിഞ്ഞപ്പോൾ ചെളിമണം പേറുന്ന കാറ്റിനൊപ്പം തവളകളുടെ കച്ചേരി കേട്ടിരുന്നു. പിന്നീട്  കരിമ്പടച്ചൂടിൽ  അമൃതാഞ്ജൻ മണമുള്ള പുട്ടിൻകുടത്തിൽ നിന്നുയർന്ന ആവിയിൽ മുഖംപൂഴ്ത്തി വിരുന്നുവരാൻ ശ്രമിച്ച ജലദോഷത്തെ കുടഞ്ഞെറിഞ്ഞു. ഒടുവിൽ ആയിരം കാന്താരികൾ പൂത്തിറങ്ങിയ രാവിൽ അമ്മൂമ്മച്ചൂടിൽ ഉറക്കത്തിലേക്ക് വഴുതിവീണു. 'ഇരുട്ടുകണ്ണിയും മക്കളും' പേടിപ്പിക്കാതിരിക്കാനായിരിക്കണം എന്റെ ജനൽപ്പാളികളുടെ ഇത്തിരി വിടവിലൂടെ അകത്തുകടന്ന  മിന്നാമിന്നികൾ വെളിച്ചത്തിന്റെ ഒരായിരം സ്വർണത്തരികൾ തെളിച്ചത്.  

ഒടുവിൽ സ്വപ്നത്തിന്റെ ആ മഴവില്ല്  മാഞ്ഞുപോയി. പക്ഷെ എനിക്കിനിയും കൊതി തീർന്നിരുന്നില്ല. ഒരു ഉന്മാദിയായി നടന്നുതീർക്കാൻ വഴികളൊരുപാട് ബാക്കിയായിരുന്നു. ഉത്സവപ്പറമ്പിലെ തിരക്കിലൂടെ കപ്പലണ്ടി കൊറിച്ചുകൊണ്ട് ആൾക്കൂട്ടത്തിൽ ആരുമല്ലാതെ അലിഞ്ഞലിഞ്ഞ് പോകണം. ചാക്കിൽ നിറച്ചുവെച്ചിരിക്കുന്ന പൊരിയും ഈന്തപ്പഴവും വാങ്ങണം, തോക്കിലിട്ടു പൊട്ടാസ് പൊട്ടിക്കണം, മത്തങ്ങാ ബലൂണും, കുരങ്ങൻ ബലൂണും വാങ്ങണം, ദീപാരാധന തൊഴണം, നടയടച്ച് കഴിഞ്ഞിട്ടും കൽവിളക്കിൽ കെടാതെ കത്തുന്ന തിരികൾ ഊതിക്കെടുത്തി ആ മണം മൂക്കിൽ വലിച്ചുകയറ്റണം. രാത്രിയാകുമ്പോൾ വെറും മണലിൽ കുത്തിയിരുന്ന് ബാലെയും, നാടകവും കാണണം, ചില്ലുഗ്ലാസ്സിൽ പകർന്ന കട്ടൻകാപ്പികളിൽ ഉറക്കത്തെ ഒരു പടിക്കപ്പുറെ നിർത്താൻ ശ്രമിച്ച് പരാജയപ്പെട്ട് ആ മണലിൽ തന്നെ കിടന്നുറങ്ങണം. പൂരം കഴിഞ്ഞു പോകാൻ നിൽക്കുന്ന പാപ്പാനോട് ആനവാൽ ഒരെണ്ണം തരുമോ എന്ന്  കെഞ്ചണം. ഉറക്കംതൂങ്ങുന്ന കണ്ണുകളോടെ പിറ്റേന്ന് സ്കൂളിൽ പോകണം. ഒളിച്ചുകൊണ്ടുപോയ ലെൻസ് കൊണ്ടൊരു പേപ്പർ കത്തിക്കണം, എണ്ണമയമില്ലാത്ത തലമുടിയിൽ തെരുതെരെ സ്കെയിൽ ഉരച്ച് ഒരു പേപ്പർതുണ്ടിനെ നൃത്തം വെപ്പിച്ച് കൂട്ടുകാർക്കിടയിൽ വലിയ ആളാകണം, ഇടവേളകളിൽ ഗോലി കളിക്കണം, പല്ലൊട്ടിയും 'ബോംബെ പൂട'യും തിന്നണം. വാട്ടിയ ഇലയിൽ കെട്ടിക്കൊണ്ടുപോയ ചമ്മന്തിയും, മുട്ട പൊരിച്ചതും ചോറും ചേർത്ത് ഊണുകഴിക്കണം, വൈകുന്നേരങ്ങളിൽ പട്ടമടൽ ബാറ്റുകൊണ്ടു ക്രിക്കറ്റ് കളിക്കണം, കുയിലിന്റെ പാട്ടു കേൾക്കണം, കറന്റ് പോകുന്ന സന്ധ്യകളിൽ എല്ലാവരും ചേർന്ന് വട്ടമിട്ടിരുന്ന് അന്താക്ഷരി കളിക്കണം, ട്രാൻസ്‌പോർട്ട് ബസിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചുനിന്നു യാത്ര ചെയ്യണം, രാധാകൃഷ്ണയിൽ നിന്നൊരു മസാല ദോശയും, സഫയറിൽ നിന്നൊരു ബിരിയാണിയും കഴിക്കണം, ജോസേട്ടന്റെ കടയിലെ ഉപ്പുസോഡ കുടിക്കണം. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളുടെ വഴികൾ പരന്നുകിടക്കുന്നു പിന്നെയും. 

ഒടുവിൽ ആളൊഴിഞ്ഞ ബീച്ചിൽ കൈപ്പടം തലയണയാക്കിക്കിടന്ന് മനസ്സിനെ കെട്ടഴിച്ചു മേയാൻ വിടണം. എന്നിട്ട് സുഖമുള്ള ഈ ഓർമ്മകളുടെ  മയിൽപ്പീലിത്തുണ്ടുകൾ പെറുക്കിയെടുത്ത് ഒരു മണിച്ചെപ്പിൽ അടച്ചുവെക്കണം. 

എന്തിനെന്നോ? 

ആരും കാണാതെ ഇതുപോലെ ഇടക്കെടുത്തോമനിക്കാൻ. 



10 comments:

  1. ഓരോരുത്തരും പോകുന്നുണ്ടാകും സ്വപ്നവഴികളിലൂടെ അവനവന്റെ കുട്ടിക്കാലം തിരഞ്ഞ്.. ഇത് വായിക്കുമ്പോൾ അക്ഷരങ്ങളിലൂടെ അവിടം എത്തുന്നു.അത്ര മനോഹരം..

    ReplyDelete
    Replies
    1. അതെ ആ ഒരു നല്ലകാലം തിരഞ്ഞ് ഓർമകളിലൂടെ അങ്ങനെ ഒരു യാത്ര പോകുകയാണ്..

      Delete
  2. ബാലിശമാണ് ബാലാ.... ബാല്യം തിരിച്ചു വരില്ല.

    ന്നാലും ഓരോന്നെഴുതും മൻഷ്യനെ െകാതിപ്പിക്കാനായിട്ട്..

    ബാല്യത്തിന് ഇങ്ങനെയൊരു നേർച്ചിത്രമുള്ള നമ്മളല്ലേ ഭാഗ്യവാന്മാർ

    ReplyDelete
    Replies
    1. വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും നമുക്ക് വെറുതെ ഇങ്ങനെ മോഹിച്ചുകൊണ്ടിരിക്കാമല്ലോ ചേട്ടാ...

      Delete
  3. എല്ലാവർക്കും കൊതിയാണ് സാധ്യമല്ലാത്ത ഈ യാത്രക്ക് ... ഇഷ്ടം മഹേഷ്  :)

    ReplyDelete
    Replies
    1. സാധ്യമല്ലെന്നറിഞ്ഞിട്ടും ആഗ്രഹിക്കുന്നതിന്റെ സുഖമൊന്നു വേറെയാണല്ലോ...😊

      സ്നേഹം മുബിച്ചേച്ചീ ❤

      Delete
  4. നടക്കാത്ത മോഹങ്ങള് ഇങ്ങനേ സ്വപ്നം കണ്ടിരുന്നു സന്തോഷിക്കാം ... നല്ല ഓർമ്മകൾ മഹേഷ് ... fbyil വായിച്ചു . ആശംസകൾ ട്ടോ

    ReplyDelete
    Replies
    1. പ്രത്യേകിച്ചൊന്നും ചെയ്യാൻ പറ്റാത്ത കാലമായതുകൊണ്ട് സ്വപ്നം കണ്ടെങ്കിലും നമുക്ക് സന്തോഷിക്കാം ചേച്ചീ

      Delete
  5. കിനാവിലാണെങ്കിലും ആരും
    കൊതിക്കുന്ന യാത്ര തന്നെയാണിത് കേട്ടോ ഭായ്.

    ReplyDelete
    Replies
    1. ആ ഒരു യാത്രയുടെ സുഗന്ധത്തിൽ അങ്ങനെ മതിമറക്കുന്നതും ഒരു സുഖം മുരളിയേട്ടാ... ❤

      Delete